https://www.facebook.com/share/1BbM6iu7LY/
1️⃣8️⃣6️⃣
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം
✍️aslam saquafi payyoli
➖➖➖➖➖➖➖➖➖➖➖
`ദൈവവിശ്വാസ പരിണാമങ്ങൾ-39`
*അല്ലാഹു എവിടെ?;*
*ചോദ്യം നിരർത്ഥകം.*
അല്ലാഹു ഏത് സ്ഥലത്താണ് നിൽക്കുന്നതെന്ന അർത്ഥത്തിൽ 'അല്ലാഹു എവിടെ ? 'എന്ന് ചോദിക്കുന്നത് അനിസ്‌ലാമികമാണ്. അല്ലാഹുവിനെ സംബന്ധിച്ച് ഇത്തരം ചോദ്യങ്ങൾ നിരർത്ഥകവുമാണ്. കാരണം ഒരു സ്ഥലത്ത് സ്ഥിതി ചെയ്യുക എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് വിരുദ്ധമാണ്.
എന്നാൽ വഹാബികൾ അല്ലാഹു ഏത് സ്ഥലത്താണെന്ന അർത്ഥത്തിൽ അല്ലാഹു എവിടെ എന്ന് ചോദിക്കുന്നവരും അല്ലാഹുവിന് ഇരിക്കാനുള്ള ഇടം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവരുമാണ്. അതിന് ചില ഹദീസുകളും സൂക്തങ്ങളും അവർ ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.
'അല്ലാഹു എവിടെ' എന്ന തലവാചകത്തിൽ അൽ മനാറിൽ വന്ന ഒരു ലേഖനം ശ്രദ്ധിക്കുക :
"അല്ലാഹുവിനെ മനസ്സിലാക്കുന്നതിൽ പെട്ടതു തന്നെയാണ് അവൻ എവിടെയാണെന്ന കാര്യം.
അല്ലാഹു അർശിനു മുകളിൽ.
അല്ലാഹു സിംഹാസനത്തിൽ ഉപവിഷ്ടനാണെന്നാണ് ഖുർആൻ സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെ സിംഹാസനം എവിടെയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അല്ലാഹു ആകാശത്തിലാണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയത്തുകൾ കാണാൻ സാധിക്കും."
(അൽമനാർ മാസിക 2005
ഏപ്രിൽ പേജ്:49)
"അല്ലാഹുവിന്റെ ഇരിപ്പിടമാണ് അർശ് എന്ന് ഖുർആനിൽ നിന്ന് വ്യക്തമാകുന്നു. അത് അല്ലാഹുവിന്റെ സൃഷ്ടിയാണ്."
(വിശ്വാസ കാര്യങ്ങൾ- അല്ലാഹു പേജ് : 158)
അല്ലാഹുവിന് ഇരിക്കാനുള്ള ഇരിപ്പിടവും സ്ഥലവുമെല്ലാം മൗലവിമാർ നിർണ്ണയിച്ചു കഴിഞ്ഞു. എന്നാൽ ഇതൊക്കെയും വസ്തുതാ വിരുദ്ധവും അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് യോജിക്കാത്തതുമാണ്. ആദ്യകാല മൗലവിമാർക്ക് പോലും ഈ പിഴച്ച ആശയങ്ങൾ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.
വക്കം മൗലവി എഴുതുന്നു :
" ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിന് ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്‌ലാം മതത്തിന്റെ മൂല തത്വങ്ങളിൽ പെട്ട സംഗതികളാകുന്നു."
(ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം. പേജ് : 46)
എല്ലാ സ്ഥലവും സൃഷ്ടിച്ച, ഒന്നിലേക്കും ആവശ്യമില്ലാത്ത സ്രഷ്ടാവായ റബ്ബ് അവന്റെ സൃഷ്ടിയെ ആശ്രയിക്കുന്നു എന്നു പറയുന്നത് അവന്റെ വിശേഷണങ്ങൾക്ക് നിരക്കാത്തതാണ്. ഒരു വസ്തുവിനെ കുറിച്ച്/ ഒരു വ്യക്തിയെക്കുറിച്ച് നാം അന്വേഷിക്കുമ്പോൾ അതിന്റെ വിശേഷങ്ങളാണ് ചോദിച്ചറിയുക. അല്ലാത്ത ചോദ്യങ്ങളത്രയും നിരർത്ഥകമായിരിക്കും. വാഹനം അന്വേഷിക്കുന്നവർ അതിന്റെ മൈലേജും, മോഡലും, എൻജിൻ വർക്കുകളും അന്വേഷിച്ചറിയും, എന്നാൽ അതേ കാര്യങ്ങൾ ജോലിക്ക് നിർത്താൻ ഉദ്ദേശിക്കുന്ന സ്റ്റാഫിനെ കുറിച്ച് ചോദിക്കില്ല.
അപ്പോൾ,'ഐനല്ലാഹ്' എന്ന് അടിമസ്ത്രീയോട് നബി(സ) ചോദിച്ചത് അല്ലാഹു ഏത് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എന്ന അർത്ഥത്തിലല്ല. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി(റ)വ്യക്തമാക്കിയത് പോലെ ഹദീസിന്റെ ബാഹ്യാർത്ഥം ഇവിടെ ഉദ്ദേശ്യമേയല്ല എന്ന മുൻഗാമികളുടെ നിലപാടാണ് ഇതിൽ സ്വീകരിക്കേണ്ടത്. അല്ലെങ്കിൽ പിൽക്കാല പണ്ഡിതന്മാർ വിശദീകരിച്ചതുപോലെ അതിനെ വ്യാഖ്യാനിച്ചു മനസിലാക്കണം. ബാഹ്യാർത്ഥം ഒരു നിലക്കും ഉദ്ദേശിക്കാനേ പാടില്ല.
ഇത്തരം സൂക്തങ്ങളെയും ഹദീസുകളെയും ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്ന വഹാബികളുടെ പിഴച്ച നിലപാട് തിരിച്ചറിയുകയും പണ്ഡിതന്മാരുടെ ശരിയായ നിലപാടിനോട് ചേർന്നുനിൽക്കുകയുമാണ് നാം ചെയ്യേണ്ടത്.
No comments:
Post a Comment