Thursday, September 26, 2024

കാഫിർ വിളിയിൽ* *മനം മടുത്ത് വഹാബികൾ*

 *കാഫിർ വിളിയിൽ* 

*മനം മടുത്ത് വഹാബികൾ*


ഒരു നൂറ്റാണ്ട് കാലമായി മുമ്പോട്ട് വെച്ച ആശയങ്ങൾക്കൊന്നും സമുദായത്തിൽ വേണ്ടതുപോലെ പ്രതികരണമില്ലാത്തതിലുള്ള മനമടുപ്പും മുസ്‌ലിംകളെ പച്ചക്ക് മുശ്രിക് കാഫിർ എന്ന് വിളിച്ചതിലുള്ള കുറ്റബോധവും നിറഞ്ഞുനിൽക്കുന്നതായിരുന്നു കെ എൻ എം പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനിയുടെ സംഘടനാ മുഖപത്രത്തിലെ അഭിമുഖം. 


ആത്മീയ വിദ്യാഭ്യാസവും പണ്ഡിതരോടുള്ള അനുസരണവും നിറഞ്ഞുനിന്ന ഒരു സമൂഹത്തിൽ അജ്ഞതയും അന്ധകാരവും ആരോപിച്ച് ആത്മീയത വറ്റി വരണ്ട ഇസ്‌ലാമിനെ പ്രചരിപ്പിക്കുകയെന്ന ബ്രിട്ടീഷുകാരുടെ അജണ്ടകൾക്ക് വെള്ളവും വളവും നൽകി വളർന്നുവന്ന മുജാഹിദ് പ്രസ്ഥാനത്തിന് മുഖ്യധാരാ മുസ്‌ലിംകളെ മുശ് രിക്കും കാഫിറുമാക്കുന്നതിന് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. എന്നല്ല കാഫിർ വിളി വലിയൊരു ദഅവാ പ്രവർത്തനമായി ഏറ്റെടുത്തവരായിരുന്നു മൗലവിമാരും അണികളും. സ്വന്തം മിനഞ്ഞുണ്ടാക്കുന്ന ആശയങ്ങളെ അംഗീകരിക്കാത്തവരെയെല്ലാം മൗലവിമാർ കാഫിർ എന്നാണ് വിളിക്കുക. മുജാഹിദ് തൗഹീദ് ഭിന്നിച്ചപ്പോൾ 'കാഫിർ' എന്ന് അവർക്കിടയിലും വിളിക്കപ്പെട്ടു. 


ഇപ്പോൾ ഇതിൽ നിന്നെല്ലാം ഒരു മാറ്റം കെ എൻ എം പ്രസിഡന്റിൽ പ്രകടമായതിനു പിന്നിൽ 

ചുഴലി മൗലവിയുടെ പുതിയ കാഫിർ പ്രഭാഷണമാണ്. മുഖ്യധാരാ മുസ്‌ലിംകൾ നജസാണെന്നും കാഫിറാണെന്നും അവരുടെ മഹല്ല് പള്ളികൾ അമ്പലങ്ങളാണെന്നും അവിടെവെച്ച്  നിസ്കരിക്കരുതെന്നും പച്ചയായി പറഞ്ഞു കൊണ്ടുള്ള  പ്രസംഗം വഹാബികളുടെ തീവ്രമുഖം വ്യക്തമാക്കുന്നതായിരുന്നു. സുന്നികളെ വിവാഹം ചെയ്യുന്നതും  അനന്തരം എടുക്കുന്നതും ഖബർസ്ഥാനിൽ മറവ് ചെയ്യുന്നതും നിഷേധിക്കപ്പെടുന്ന അർത്ഥതലങ്ങളിലേക്ക് ആ പ്രസംഗം വ്യാപിച്ചപ്പോൾ ചുഴലിയെ തള്ളാനും കാഫിർ ഫത്‌വകൾ നിഷേധിക്കാനും വഹാബികൾ തയ്യാറാകേണ്ടി വന്നു. 


ടി.പി അബ്ദുല്ലക്കോയ മദനിയുടെ അഭിമുഖത്തിൽ നിന്ന് :

" അല്ലാഹുവല്ലാത്ത പലരോടും വിളിച്ചു പ്രാർത്ഥിക്കുന്നവർ തൗഹീദിൽ പിഴച്ചവരാണ്. അക്കാര്യം ബോധ്യപ്പെടുത്തുക എന്നല്ലാതെ അത്തരം ആളുകളെ മുശ് രിക്ക് (ബഹുദൈവവിശ്വാസി) എന്ന് പറയാവതല്ല. നിരവധി നൂതനാചാരങ്ങൾ ഇസ്‌ലാമിന്റെ പേരിൽ ചാർത്തിക്കൊണ്ട് സുന്നത്തിൽ പിഴവ് പറ്റിയ വരെ അക്കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഇസ്‌ലാഹി പ്രസ്ഥാനം ചെയ്യുന്നത്. അവരെ 'ബിദ്അത്തുകാർ' എന്ന് വിളിക്കാറില്ല... എന്നാൽ അവരെ മുശ് രിക്ക് കാഫിർ എന്നിങ്ങനെ വിളിക്കാൻ പാടില്ല... ഇതല്ലാതെ അവരെ കാഫിർ എന്ന് ബ്രാൻഡ് ചെയ്യപ്പെടാൻ പാടില്ല. "

(വിചിന്തനം വാരിക 2024 സെപ്റ്റംബർ 13 പേജ് 9)


ഒരു കാലം കഴിഞ്ഞാൽ സമൂഹം എല്ലാം മറന്നു കളയുമെന്ന ഉത്തമബോധ്യമുള്ളതുകൊണ്ടാവണം നിലവിൽ ഒരു വഹാബിക്കും സംശയമില്ലാത്ത മുശ് രിക്, കാഫിർ പ്രയോഗത്തെ മൗലവി നിഷേധിച്ചു കളഞ്ഞത്. സുന്നികളെ കാഫിറും മുശ് രിക്കുമാക്കിയ ദശകണക്കിന് പുസ്തകങ്ങളും പ്രഭാഷണങ്ങളും ഇപ്പോഴും ലഭ്യമാണ്. ടി.പി യുടെകൂടെ  ഏറെക്കാലം കെ എൻ എമ്മിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും സംവാദങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വഹാബി നേതാവാണല്ലോ എ.പി അബ്ദുൽ ഖാദിർ മൗലവി. അദ്ദേഹത്തിന്റെ ദൈവ വിശ്വാസം ഖുർആനിൽ എന്ന പുസ്തകത്തിൽ സുന്നികളെ പരിചയപ്പെടുത്തുന്നത് നോക്കൂ.


" അതുകൊണ്ട് അവരെ(അറേബ്യൻ മുശ് രിക്ക്)നമുക്ക് പാർടൈം മുശ് രിക്കുകൾ എന്ന് വിളിക്കാമെങ്കിൽ നമ്മുടെ കാലഘട്ടത്തിലെ ഭൂരിപക്ഷം ഏകദൈവ വാദികളെയും ഫുൾടൈം മുശ് രിക്കുകൾ (ബഹുദൈവാരാധകർ) എന്ന് വിളിക്കേണ്ടിവരും."

(പേജ് : 41) 


മുഖ്യധാരാ മുസ്‌ലിംകളെ മുസ്‌ലിംകളായി കാണാൻ കെ എൻ എം സെക്രട്ടറിക്ക് സാധിച്ചിരുന്നില്ല. 


ഇസ്തിഗാസ നടത്തുന്ന മുഖ്യധാരാ മുസ്‌ലിംകളെ കുറിച്ച് മുജാഹിദ് പണ്ഡിത സഭയുടെയും കെ എൻ എമ്മിന്റെയും സാരഥിയായിരുന്ന കെ കെ. ഉമർ മൗലവി എഴുതുന്നു :


" മുഹിയുദ്ദീൻ ശൈഖ് രക്ഷിക്കണേ എന്ന് തേടിയവൻ കാഫിറാകുന്നു. അങ്ങനെ തേടാൻ ഉപദേശിക്കുന്നവനും കാഫിറാകുന്നു. അതിനെ വിരോധമില്ലെന്ന് പറഞ്ഞവനും കാഫിറാകുന്നു. ആ വാദം ഉറപ്പിക്കാൻ വേണ്ടി ഖുർആൻ ആയത്ത് ദുർവ്യാഖ്യാനം ചെയ്തു തെളിവ് കൊടുത്തവൻ ആയിരം വട്ടം കാഫിറാകുന്നു. ഖുർആന്റെ അർത്ഥം പറയാൻ പാടില്ലെന്ന് പറഞ്ഞവൻ കാഫിറാകുന്നു. അങ്ങനെയുള്ളവരോട് 'അസ്‌ലം തസ്‌ലിം' എന്ന് പറയാൻ പാടില്ലെന്ന് പറഞ്ഞവനും കാഫിർ ആകുന്നു."

(സൽസബീൽ 1993 ഡിസംബർ പേജ്: 9 )


"... ഇവർ യഥാർത്ഥത്തിൽ ഇസ്‌ലാമിന്റെ ശത്രുക്കളായ മുശ് രിക്കുകൾ തന്നെയാണ് "

(സൽസബീൽ 1974 ഓഗസ്റ്റ് പേ : 9)


" പാവങ്ങളെ വഴിതെറ്റിക്കാൻ നടക്കുന്ന മുസ്‌ലിയാക്കന്മാർ അബൂ ജഹലിനെക്കാൾ കടുത്ത മുശ് രിക്കുകളാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല "

(സൽസബീൽ 1975 ഓഗസ്റ്റ് )


സുന്നികളുടെ നേതൃത്വത്തെ പേരെടുത്തു കൊണ്ട് തന്നെ കുഫ് റാരോപിച്ചിട്ടുണ്ട്.


" ഹസൻ മുസ്‌ലിയാരുടെ മതപ്രചരണവും വിശ്വാസ വ്യതിചലനവും അനാചാര കർമ്മ പ്രേരണയും ശരിക്കും ശ്രദ്ധിച്ചതിൽ നിന്നും എനിക്ക് ബോധ്യമായത് അദ്ദേഹം കാഫിറാണ് എന്നായിരുന്നു. "

(ഓർമ്മകളുടെ തീരത്ത് 338)


സമസ്ത പണ്ഡിത സഭയുടെ സാരഥികളെകുറിച്ച് ഉമർ മൗലവി എഴുതി :

" ശവം തിന്നുന്നത് അല്ലാഹു ഹറാം ആക്കി. അല്ലാഹുവല്ലാത്തവരുടെ പേരിൽ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി.

എന്നാൽ ഇത് രണ്ടും ഒരു കൂട്ടർ ഹലാലാക്കുകയും പിശാചിന്റെ ദുർബോധനം സ്വീകരിച്ച് തർക്കിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതുപോലെ തർക്കിച്ചു കൊണ്ടിരിക്കുന്ന കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കൂറ്റനാട് മുസ്‌ലിയാർ പോലുള്ളവർ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തർക്കക്കാർക്ക് നിങ്ങൾ വഴങ്ങി കൊടുത്താൽ നിങ്ങൾ മുശ് രിക്കുകൾ തന്നെ എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. "

(സൽസബീൽ 1985 ഡിസംബർ പേജ് 18 )

ഇങ്ങനെ സുന്നികളെ കുറിച്ച് കാഫിർ മുശ് രിക് എന്നെത്ര സ്ഥലങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്നെങ്ങിനെ വഹാബിസം കരകയറും.


ഈയടുത്ത കാലത്ത്  വഹാബിസത്തിൽ പിളർപ്പുണ്ടായപ്പോഴും മതത്തിൽ നിന്ന് അകത്താക്കലും പുറത്താക്കലുമല്ലേ സംഭവിച്ചത്. കെ ജെ യു മുഫ്തി എഴുതുന്നത് നോക്കൂ :

" ജിന്നുവാദികൾ ശിർക്ക് പ്രചാരകമായതുകൊണ്ട് തൗഹീദ് സംഘടനയിൽനിന്ന് പുറത്തു പോകേണ്ടി വന്നതാണ്. ഇരുട്ടും വെളിച്ചവും ഒരുമിച്ചു കൂടുകയില്ല. ജിന്ന്വാദികളുടെ വിഡ്ഢിത്തം നിറഞ്ഞ ചോദ്യങ്ങൾ ഭയങ്കരമാണെന്ന് അവർ സ്വയം മനസ്സിലാക്കുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്നാൽ അത് ചിലന്തിവലയെക്കാൾ ദുർബലമാണെന്ന് അറിഞ്ഞിരിക്കുക. അകത്തേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ 'ലാ ഇലാഹ' എന്ന് പറയുമ്പോൾ ബൗദ്ധിക ജിന്നായ ഇലാഹിനെയും കൂടി നിഷേധിച്ച് 'ഇല്ലല്ലാഹു' എന്നതിൽ വിശ്വസിക്കാൻ കഴിയുമെങ്കിൽ തൗഹീദ് സംഘടനയ്ക്ക് നിങ്ങളെ ഉൾക്കൊള്ളാൻ കഴിയും അല്ലെങ്കിൽ കഴിയുന്നതല്ല. "

(തൗഹീദ് പുത്തൻദുർവ്യാഖ്യാനങ്ങൾക്ക് മറുപടി. പേജ്: 74 )


'ചെയ്യുന്നത് കുഫറാണ് ചെയ്യുന്നവൻ കാഫിറല്ല' എന്ന പുതിയ കണ്ടെത്തൽ പറയുന്ന വിഷയങ്ങളിൽ നേതൃത്വത്തിനുള്ള വിശ്വാസക്കുറവ് വഹാബികൾക്കിടയിൽ ചർച്ചയാവുന്നുണ്ട്. ശിർക്ക് ചെയ്യുന്നവരെ മുശ് രിക്ക് എന്ന് പറയാൻ പറ്റില്ലെങ്കിൽ പിന്നെ ആരാണ് മുശ് രിക്? കുഫ്ർ ചെയ്യുന്നവൻ കാഫിറല്ലെങ്കിൽ  പിന്നെ ആരാണ് കാഫിർ? 

ഇതിനു മറുപടിയെന്നോണം ടി.പി അഭിമുഖത്തിൽ പറയുന്നുണ്ട് മുഹമ്മദ് നബി ആരെയും കാഫിറേ എന്ന് അഭിസംബോധന ചെയ്തിട്ടില്ലെന്ന്.


'കാഫിർ' എന്നത് ഒരു തെറി വിളിയല്ല. വിശ്വസിക്കാത്തവൻ എന്നാണർത്ഥം. മുഹമ്മദ് നബി(സ)കൊണ്ടുവന്ന ആദർശങ്ങൾ വിശ്വസിക്കാത്തവർ എന്നാശയം . ഖുർആനിലെ 109 ആം അധ്യായം ആരംഭിക്കുന്നത് "പറയുക, അവിശ്വാസികളെ.."എന്നാണ്.


ടി.പിയോട് ഒന്നേ പറയാനുള്ളൂ. ആത്മീയ സഹായം ആത്മീയരിൽ നിന്ന് തേടുന്നത് ശിർക്കല്ല ; അത് സ്വഹാബികൾ മുതൽ ചെയ്തുവരുന്ന കാര്യമാണ്. ഇനിയെങ്കിലും സുന്നികൾ ചെയ്യുന്ന ആത്മീയ പ്രവർത്തനങ്ങളെ ശിർക്കാണെന്ന് ആരോപിക്കാതെ മുഖ്യധാരാ മുസ്‌ലിംകളിൽ ചേർന്ന് പ്രവർത്തിക്കുക. സമുദായത്തിൽ ഭിന്നിപ്പിന്  അന്ത്യം കുറിക്കുക.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....