Sunday, October 1, 2023

നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (14=29)സമയവും എണ്ണവും**നിശ്ചയിക്കൽ ബിദ്അതോ

 https://m.facebook.com/story.php?story_fbid=pfbid0peMSotDmaVRngCXbgCgxhr6qvXG5zTV2THgcV2DFWPjUPmyWdyvbRXG1mYBJqDEpl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  29/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (14)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമയവും എണ്ണവും*

*നിശ്ചയിക്കൽ ബിദ്അതോ?*


പ്രത്യേക എണ്ണമോ സമയമോ നിശ്ചയിക്കപ്പെടാത്ത ഇബാദത്തുകൾക്ക് നമ്മൾ സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രേ.

നബിദിനാഘോഷം ബിദ്അത്ത് ആണെന്ന് പറയാൻ മൗലവിമാർക്കുള്ള ഒരു പ്രധാന രേഖയാണിത്.


"നിരുപാധികമായി പറയപ്പെട്ട മുത്വ് ലഖ് , ആമ്മ് (വ്യാപകവും പൊതുവായതുമായ)കാര്യങ്ങൾക്ക് നമ്മുടെ വക ഒരു ഉപാധിയും എണ്ണവും സമയവും വെക്കുന്നത് ബിദ്അത്താണ്. "

(ആരാണ് പുത്തൻ വാദികൾ

 ശാഫി സ്വലാഹി, പേജ് 40)


വിശ്വാസികൾ ചെയ്യുന്ന നന്മകളെ ഇല്ലാതാക്കാൻ ഇത്രത്തോളം നല്ല ഒരു തടസ്സം മറ്റൊന്നും ഉണ്ടാവില്ല. ഏത് നന്മകൾ മുടക്കാനും മൗലവിമാർക്ക് ഈ ഒരു തത്വം മതിയാകുന്നതാണ്.


എന്നാൽ മുജാഹിദിന്റെ സ്ഥാപക നേതാക്കൾക്ക് ഇങ്ങനെ ഒരു ഉസൂല് പരിചയമേയില്ല.

തിരുനബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ മാസത്തിൽ തന്നെ പ്രത്യേകം സംഘടിച്ചു പ്രവർത്തിക്കണമെന്നും അതിനാവശ്യമായ ഫണ്ടുകൾ സ്വരൂപിക്കണമെന്നും മൗലവിമാരുടെ  പ്രത്യേക നിർദ്ദേശമുണ്ട്.


"മർഹബൻ ബി മൗലിദി റസൂലില്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം വ അഹ് ലൻ വസഹ് ലൻ " എന്ന തലവാചകത്തിൽ അൽ മുർഷിദിൽ വന്ന വരികൾ കാണുക:


" ഈ റബീഉൽ അവ്വലിൽ തന്നെ സീറ പ്രചാരണ സംഘം എന്ന പേരിൽ അല്ലെങ്കിൽ ഇസ്ലാം മത സംരക്ഷണ സംഘം എന്ന പേരിൽ ദേശങ്ങൾ തോറും ഓരോ സംഘം രൂപീകരിക്കുക. അത് നമ്മുടെ തൗബയിലേക്കുള്ള പ്രവേശനം ആയിരിക്കട്ടെ. ആ സംഘത്തിൽ അംഗങ്ങളായി ചേരുന്ന ഓരോ പേരും അവനവന്റെ സ്ഥിതിയും നിലയും അനുസരിച്ച് സ്വന്തം വകയായി "സബീലുല്ലാഹ് ഫണ്ട് " എന്ന പേരിൽ ഒരു ഫണ്ട് ശേഖരിക്കുവാൻ യത്നിക്കണം. ഒരു ഖാസ്സായ പെട്ടി ഇതിനായി തയ്യാറാക്കണം. എല്ലാ റബീഉൽ അവ്വൽ മാസത്തിലും മൗലിദ് യോഗങ്ങൾ മുഖേന വേണ്ട മുശാവറ ചെയ്തുകൊണ്ട് ഈ ഫണ്ട് എങ്ങനെ ചെലവ് ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്യാം. ദേശങ്ങൾ തോറുമുള്ള യോഗങ്ങളെല്ലാം ഒരു മർകസി സംഘത്തിന് ഉത്തരവാദിത്തപ്പെട്ടതായിരിക്കുകയും വേണം. "

(അൽ മുർഷിദ് മാസിക

1935 ജൂൺ  പേജ് : 197)


മാത്രമല്ല, നിരുപാധികം കൽപ്പിക്കപ്പെട്ട ഏത് കാര്യവും ഒരു സമയവും എണ്ണവുമൊക്കെ നിശ്ചയിച്ചു കൊണ്ടാണല്ലോ നമ്മൾ ചെയ്യുക. ഉദാ: രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ്. മതപഠനം എന്നത് വ്യാപകമായി കല്പിക്കപ്പെട്ട കാര്യമാണല്ലോ.പക്ഷേ ഇതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയങ്ങളും ദിവസങ്ങളും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്ലാം വിലക്കിയ കാര്യമല്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്രസ സംവിധാനം തന്നെ ബിദ്അത്താന്നെന്ന് പറയേണ്ടിവരും. 


മൗലവിമാർ തന്നെ നിരുപാധികം ചെയ്യാൻ കൽപ്പിച്ച കാര്യങ്ങൾക്ക് സമയം, ദിവസം നിശ്ചയിക്കുന്നത് നോക്കൂ:


" ഇർഷാദുൽ അനാം മദ്രസ. കൊച്ചുകുട്ടികൾക്ക് മാത്രമല്ല രാത്രികളിൽ പ്രത്യേക സമയം നിശ്ചയിച്ച് മുതിർന്നവർക്കും മൗലവി അറിവിന്റെ വെളിച്ചം പകർന്നു നൽകി. "

(ശബാബ് വാരിക. 2008

നവംബർ 14 പേജ് 33)


" മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം കുറ്റിപ്പുറത്ത് നടന്നു.

5 വർഷം കൂടുമ്പോൾ സമ്മേളനം നടത്തുക എന്നത് ഫറോക്ക് സമ്മേളനത്തിലെ തീരുമാനമായിരുന്നു."

(വിചിന്തനം  വാരിക 

2022 ജൂൺ 10 പേജ് 34)


അപ്പോൾ പിന്നെ,നബിദിനാഘോഷത്തെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് പ്രത്യേക സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ല എന്ന ഉസൂല്. മൗലവിമാർ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സമയവും എണ്ണവും നിശ്ചയിച്ചു കൊണ്ടാണ്താനും.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....