നബി(സ്വ)യും ‘ശവരതി’യാരോപണവും
വിമര്‍ശനം:
നബിജീവിതം വിശുദ്ധമായിരുന്നു എന്ന ധാരണ തെറ്റാണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഫാത്തിമ ബിന്‍ത് അസദ് എന്ന സ്ത്രീയുടെ മൃതദേഹത്തെ ഖബ്റില്‍ (ശവക്കുഴി) വെച്ച് ഭോഗിച്ച പ്രവാചക നടപടി. ശവരതിപോലും നടത്താന്‍ മടിയില്ലായിരുന്ന ഒരാളെയാണ് മുസ്‌ലിംകള്‍ മാര്‍ഗദര്‍ശകനായി ഉള്‍ക്കൊള്ളുന്നത് എന്നത് എത്രമാത്രം ലജ്ജാവഹമാണ്. രക്തബന്ധമോ കുടുംബബന്ധമോ പോലും പരിഗണിക്കാതെ ഏത് സ്ത്രീയെയും ഭോഗിക്കുവാന്‍ നബിക്ക് അല്ലാഹു അനുവാദം നല്‍കുന്നതിനു മുമ്പായിരുന്നു (ക്വുര്‍ആന്‍ 33:50) ഈ ശവരതി നടന്നതെന്നു കാണാം. സ്ത്രീകളെ കേവലം ലൈംഗിക ഉപഭോഗ വസ്തു മാത്രമായി കണ്ടിരുന്ന ഒരാള്‍ എങ്ങിനെയാണ് ദൈവദൂതനും മാര്‍ഗദര്‍ശകനുമാവുക!?.
മറുപടി:
പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ സ്റ്റോസ്നി (Steven Stonsy phD) ഓസ്‌കാര്‍ വൈല്‍ഡിന്റെ വാചകങ്ങള്‍ ഉദ്ദരിച്ചുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി ”ഓസ്‌കാര്‍ വൈല്‍ഡ് ഒരിക്കല്‍ പറഞ്ഞതുപോലെ ‘ആത്മകഥയുടെ വിശ്വസനീയമായ ഒരേയൊരു രൂപമാണ് നിരൂപണം’. ഒരു നിരൂപണം നിരൂപകന്‍ വിമര്‍ശിക്കുന്ന ആളുകളേക്കാള്‍ – അത് പുരുഷനാകട്ടെ സ്ത്രീയാകട്ടെ – കൂടുതല്‍ നിരൂപകന്റെ മനഃശാസ്ത്രത്തെയാണ് നമ്മോട് പറഞ്ഞു തരുന്നത്. ഒരാളുടെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ മാത്രം വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് വിമര്‍ശകന്റെ രോഗനിര്‍ണയ സിദ്ധാന്തം രൂപപ്പെടുത്താന്‍ കഴിയും” (www.spychologytoday.com)
സ്റ്റീവന്‍ സ്റ്റോസ്നി പറഞ്ഞതുപോലെ, പ്രവാചകനെതിരെയുള്ള ഈ ആരോപണം വാസ്തവത്തില്‍ അടിവരയിടുന്നത് ആരോപകരുടെ മനഃശാസ്ത്രത്തെയാണ്. എത്രമാത്രം നികൃഷ്ഠവും നിന്ദ്യവുമായ മനോവൈകൃതങ്ങള്‍ക്ക് അടിപ്പെട്ടവരാണ് നബിവിമര്‍ശകരെന്ന സത്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം ബോധ്യപ്പെടുത്തുന്നതാണ് ഈ വിമര്‍ശനം. തങ്ങളുടെ ഹൃദയങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്ന വൈകൃതങ്ങളുടെ ചഷകങ്ങളിലൂടെ പ്രവാചകജീവിതത്തെ തലതിരിഞ്ഞു നോക്കികാണുന്ന ഇത്തരം നബിനിന്ദകരില്‍ നിന്നും വസ്തു നിഷ്ഠമായ നിരൂപണങ്ങള്‍ പ്രതീക്ഷിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. തികഞ്ഞ അരാജകവാദികളും ജീവിത മൂല്യങ്ങളോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന നവനാസ്തിക ഞരമ്പുരോഗികളാണ് ഈ കഠിനമായ നബിനിന്ദ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കന്നതിന് മുഖ്യ കാര്‍മികത്വം വഹിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മനോവൈകൃതങ്ങള്‍ക്കനുസരിച്ച് അവര്‍ നബിജീവിതത്തെ ദുര്‍വ്യാഖ്യാനിച്ചും ദുഷിപ്പിച്ചും അവതരിപ്പിക്കുന്നു എന്നത് ആശ്ചര്യജനകമായ കാര്യമൊന്നുമല്ല. കാരണം അവര്‍ വിഭാവനം ചെയ്യുന്ന ഭോഗതൃഷ്ണാമയമായ കുത്തഴിഞ്ഞ ജീവിതാസ്വാധനങ്ങള്‍ക്കെതിരെ, ജീവിത വിശുദ്ധിയുടെ വഴിയടയാളങ്ങള്‍ ചൂണ്ടികാണിക്കുന്ന ഏറ്റവും കരുത്തുറ്റ വ്യക്തിത്വം മുഹമ്മദ് നബി(സ്വ)യാണ്. അതുകൊണ്ടു തന്നെ നബിജീവിതത്തെ അപകീര്‍ത്തിപ്പെടുത്താനും നുണകളിലൂടെ ആ വിശുദ്ധ ജീവിതത്തെ തമസ്‌കരിക്കാനും അവര്‍ അത്യാര്‍ത്തരാണ്; എന്നും എപ്പോഴും. മാനവികതക്ക് ജീവിത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ മഹാ മാനുഷികളുടെ ചരിത്രവും ജീവിതവും ദുര്‍വ്യാഖ്യാനിച്ച്, അവരെയും തങ്ങളെ പോലെ അരാജകത്വാസ്വാധകരും മൂല്യനിരാസ പ്രണയികളുമാക്കി ചിത്രീകരിക്കുക വഴി ജീവിത വിശുദ്ധിയുടെ പാഥേയത്തെ പ്രകാശ പൂരിതമാക്കുന്ന വഴിവിളക്കുകളെ കെടുത്തികളയാനാണ് അവര്‍ വെമ്പല്‍ കൊള്ളുന്നത്. നല്ലവരെയും നന്മയിലേക്ക് വിളിച്ചവരെയും ഇരുട്ടുകൊണ്ട് മറച്ചുപിടിക്കുക എന്നത് നവനാസ്തിക ഞരമ്പുരോഗികളുടെ പ്രഥമ അജണ്ടകളില്‍ പെട്ടതാണെന്ന് അവരെ അറിയുന്നവര്‍ക്കെല്ലാമറിയാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ മുഹമ്മദ് നബി (സ്വ) ഒരു ഖബ്‌റിന്നരികെ ഇരിക്കുന്ന സന്ദര്‍ഭം ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണുമ്പോഴേക്കും അതില്‍ നിന്നും ശവരതി വിഭാവനം ചെയ്യാനും, ക്രിസ്തുവിനരികെ മഗ്‌ദല മറിയം നില്‍ക്കുന്ന ചിത്രം കാണുമ്പോഴേക്കും അതില്‍ നിന്നും രഹസ്യവേഴ്ച്ചയുടെ ഇല്ലാ കഥകള്‍ മെനഞ്ഞെടുക്കാനും അവര്‍ നിതാന്ത പരിശ്രമത്തിലായിരിക്കും. കാരണം അവരുടെ മനോവൈകൃതം അത്രമേല്‍ കഠിനമാണ്; നിന്ദിതവും.
പക്ഷെ, അത്ഭുതകരമായ കാര്യം, മുഹമ്മദ് നബി(സ്വ)ക്കെതിരെയുള്ള ഹീനമായ ഈ നുണകഥ നവനാസ്തികരടക്കമുള്ള ഇസ്‌ലാംവിരോധികള്‍ക്കെല്ലാം വേവിച്ച് വിളമ്പിയത് ചില മിഷനറി അടുക്കളയിലാണെന്നതാണ്. ഒരു ശരാശരി ധാര്‍മികത പോലും പല മിഷനറി ഗ്രൂപ്പുകളില്‍ നിന്നും പ്രതീക്ഷിക്കാന്‍ സാധ്യമല്ലാതായിരിക്കുന്നു. മൂടുപടം മാറ്റിയത് മിഷനറിമാരുടെ ഇസ്‌ലാംവിരോധം മാത്രമല്ല, അവരുടെ മനോവൈകൃതങ്ങള്‍ കൂടിയാണ്. നിരൂപണങ്ങള്‍ നിരൂപകന്റെ മനഃശാസ്ത്രത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട് എന്ന മനഃശാസ്ത്ര നിരീക്ഷണം അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. അടുത്ത കാലത്തായി ചില മിഷനറിമാരുടെയും സുവിശേഷ വേലക്കാരുടെയും ഇസ്‌ലാംവിമര്‍ശനങ്ങള്‍ സഭ്യതയുടെ സകല സീമകളും ഉല്ലെങ്കിക്കുന്നതാണ്. മനോവൈകൃതങ്ങളുടെ തള്ളിച്ചക്കൊപ്പം ഇസ്‌ലാംവിരോധവും കെട്ടുപിണയുമ്പോള്‍, ചില മിഷനറി-സുവിശേഷ വേലക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ മേല്‍വിലാസമില്ലാത്ത ഇത്തരം നബിനിന്ദകള്‍ വിസര്‍ജിക്കുന്നത് ഒരു സ്ഥിരം ഏര്‍പ്പാടാക്കിയിട്ടുണ്ട്; എല്ലാവരുമല്ലെങ്കിലും ചിലര്‍ അല്ല പലരും. മഠങ്ങളിലും കോണ്‍വെന്റുകളിലും വര്‍ദ്ധിച്ചു വരുന്ന കന്യാസ്ത്രീ ‘അത്മഹത്യ’കള്‍ക്കു പിന്നില്‍ ഇത്തരം വൈകൃതംപേറികളുടെ തള്ളിച്ചകളാണോ എന്നാരെങ്കിലും സംശയിച്ചാല്‍, അത് തീര്‍ത്തും ഒരു ക്രൈസ്തവ വിരുദ്ധ നിലപാടുമാത്രമായി വിലയിരുത്താന്‍ എപ്പോഴും കഴിയില്ലല്ലോ!?.
ഇനി നമുക്കു പരിശോദിക്കുവാനുള്ളത് പ്രവാചകനെതിരെയുള്ള ‘ശവരതി’യാരോപണത്തിന്റെ നിജസ്ഥിതിയാണ്. ‘ഫാത്തിമ ബിന്‍ത് അസദ് എന്ന സ്ത്രീയുടെ മൃതദേഹത്തെ പ്രവാചകന്‍ ഖബ്റില്‍ വെച്ച് ഭോഗിച്ചു’ എന്നതാണ് ആരോപണം. എത്രമാത്രം കടുത്ത ദുരാരോപണം. കല്ലുവെച്ച നുണയല്ലാതെ മറ്റൊന്നുമല്ലിത്. പ്രസ്തുത ആരോപണത്തിന്റെ നിജസ്ഥിതി പരിശോദിക്കും മുമ്പ് ആരാണ് ഈ ‘ഫാത്തിമ ബിന്‍ത് അസദ്’ എന്ന് നാം അറിയേണ്ടിയിരിക്കുന്നു. നബി(സ്വ)യുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ ഭാര്യ. അഥവാ പ്രവാചകന്റെ പിതൃവ്യ. നബി(സ്വ)യുടെ മകള്‍ ഫാത്തിമ(റ)യുടെ ഭര്‍ത്താവ് അലി(റ)യുടെ മാതാവ്. ചെറുപ്രായത്തില്‍ തന്നെ മതാ-പിതാക്കള്‍ നഷ്ടപ്പെട്ട നബി(സ്വ)യെ എടുത്തു വളര്‍ത്തിയ, ഊട്ടിയ, ഉറക്കിയ പ്രിയ പോറ്റുമ്മ. പ്രവാചകന്‍ (സ്വ) അവരെ ‘ഉമ്മ’ എന്നാണ് തന്റെ മരണം വരെ സംബോധന ചെയ്തത്. അബൂത്വാലിബിനു ശേഷം നബി(സ്വ)യോട് ഏറ്റവുമധികം രക്തബന്ധപരിഗണന കാണിച്ച വ്യക്തി. ‘എന്റെ പെറ്റുമ്മക്കു ശേഷമുള്ള എന്റെ ഉമ്മ’ എന്നാണ്, ശവരതിയാരോപണത്തിനായി ഇസ്‌ലാംവിരോധികള്‍ ദുര്‍വ്യാഖ്യാനിക്കുന്ന നിവേദനത്തില്‍ പോലും പ്രവാചകന്‍ അവരെ സംബോധന ചെയ്തത്. പ്രവാചകനുമേല്‍ ശവരതിയാരോപിക്കുവാനായി ഇസ്‌ലാംവിദ്വേഷികള്‍ വളച്ചൊടിച്ച നിവേദനത്തില്‍ തന്നെ, നബി (സ്വ) അവരെ പറ്റി ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തപെട്ടിരിക്കുന്നു: ”എന്റെ ഉമ്മാ, നിങ്ങള്‍ക്ക് അല്ലാഹു കാരുണ്യം നല്‍കട്ടെ. നിങ്ങള്‍ എന്റെ ഉമ്മക്കു ശേഷം എന്റെ ഉമ്മയായിരുന്നു. നിങ്ങള്‍ വിശപ്പു സഹിക്കുകയും എന്നെ ഭക്ഷണം ഊട്ടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നിട്ടും എനിക്കു വസ്ത്രം നല്‍കിയിരുന്നു. വിശിഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളെന്നെ ഊട്ടുകയും നിങ്ങള്‍ക്കത് സ്വയം നിഷേധിക്കുകയും ചെയ്തിരുന്നു. അതു മൂലം നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു.” മാത്രമല്ല ”അബൂത്വാലിബിന്റെ വിയോഗാനന്തരം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ എന്നെ സംരക്ഷിച്ച സ്ത്രീയാണവര്‍” എന്നുകൂടി നബി (സ്വ) അവരെ പറ്റി അനുസ്മരിച്ചതും പ്രസ്തുത നിവേദനങ്ങളില്‍ തന്നെ കാണാവുന്നതാണ്. ഇത്രയെല്ലാം കണ്ടിട്ടും, പ്രവാചകന് അവരോടുണ്ടായിരുന്ന അളവറ്റ സ്നേഹവും വാത്സല്യവും കാരുണ്യവും ആദരവുമെല്ലാം തിരിച്ചറിഞ്ഞിട്ടും, പ്രസ്തുത നിവേദനങ്ങളില്‍ നിന്നും അതെല്ലാം അടര്‍ത്തിമാറ്റി ആ നിവേദനങ്ങളെ തന്നെയെടുത്ത് ക്രൂരമായി ദുര്‍വ്യാഖ്യാനിച്ച് അതില്‍ നിന്നും ശവരതി കണ്ടെടുത്തവരുടെ അന്തരംഗം എത്രമേല്‍ വൃത്തിഹീനമായിരിക്കും. ഏതു കുമ്പസാര കൂട്ടില്‍ കൊണ്ടുപോയി കഴുകികളയും ഈ നികൃഷ്ഠത!.
വൈകൃതാനുരാഗികള്‍ പ്രവാചകനെതിരെ ഉന്നയിച്ച ശവരതിയാരോപണത്തിന്റെ യാഥാര്‍ഥ്യമറിയാന്‍ പ്രസ്തുത നിവേദനങ്ങളും അവയുടെ സ്വീകാര്യതയും നമുക്ക് പരിശോദനാവിധേയമാക്കാം. ”അനസ് (റ) പറയുന്നു: അലി(റ)യുടെ മാതാവായ ഫാത്തിമ ബിന്‍ത് അസദ് ബ്നു ഹാശിം മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ അവരുടെ അടുത്തേക്ക് പ്രവേശിച്ചു. അവരുടെ (മൃതദേഹത്തിന്റെ) തല ഭാഗത്ത് അദ്ദേഹം ഇരുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു: എന്റെ ഉമ്മാ, നിങ്ങള്‍ക്ക് അല്ലാഹു കാരുണ്യം നല്‍കട്ടെ. നിങ്ങള്‍ എന്റെ ഉമ്മക്കു ശേഷം എന്റെ ഉമ്മയായിരുന്നു. നിങ്ങള്‍ വിശപ്പു സഹിക്കുകയും എന്നെ ഭക്ഷണം ഊട്ടുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നിട്ടും എനിക്കു വസ്ത്രം നല്‍കിയിരുന്നു. വിശിഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളെന്നെ ഊട്ടുകയും നിങ്ങള്‍ക്കത് സ്വയം നിഷേധിക്കുകയും ചെയ്തിരുന്നു. അതു മൂലം നിങ്ങള്‍ ഉദ്ദേശിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമായിരുന്നു. ശേഷം അവരുടെ മയ്യിത്ത് കുളിപ്പിക്കുവാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. മൂന്നുവട്ടം കഴുകുന്ന രീതിയിലാകണമെന്ന് നിര്‍ദ്ദേശിച്ചു. കര്‍പൂരം കലര്‍ത്തിയ വെള്ളമെത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് അതവരുടെ മേല്‍ ഒഴിച്ചു. ശേഷം പ്രവാചകന്‍ തന്റെ മേല്‍കുപ്പായം ഊരി. എന്നിട്ട് അവരുടെ വസ്ത്രത്തിന്റെ മുകളില്‍ പ്രവാചകന്‍ തന്റെ വസ്ത്രം കഫന്‍ ചെയ്തു. എന്നിട്ട് നബി (സ്വ) ഉസാമത്ത് ബ്നു സൈദ്, അബൂഅയ്യൂബുല്‍ അന്‍സാരി, ഉമ്മറിബ്നുല്‍ ഖത്താബ് എന്ന മൂന്നുപേരെ വിളിച്ചു. അവരുടെ കൂടെ കറുത്ത ഒരു ബാലനുമുണ്ടായിരുന്നു. എന്നിട്ടവരോട് കുഴി കുഴിക്കാന്‍ പറഞ്ഞു. അങ്ങനെ അവരുടെ ഖബ്ര്‍ അവര്‍ കുഴിച്ചു. അങ്ങനെ ലഹ്ദ് എത്തിയപ്പോള്‍ പ്രവാചകന്‍ തന്റെ കൈ കൊണ്ട് ലഹ്ദ് കുഴിച്ചു. എന്നിട്ടാ ലഹ്ദിന്റെ മണ്ണ് പ്രവാചകന്‍ തന്നെ തന്റെ കൈ കൊണ്ട് പുറത്തെടുത്തു. ശേഷം അതില്‍ നിന്നും വിരമിച്ചപ്പോള്‍ പ്രവാചകന്‍ ആ ലഹ്ദിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. എന്നിട്ടവിടെ കിടന്നു. എന്നിട്ട് പ്രവാചകന്‍ പ്രാർത്ഥിച്ചു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന, ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവേ, എന്റെ ഉമ്മയായ ഫാത്തിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കേണമേ, അവര്‍ക്കനുകൂലമായ പ്രമാണങ്ങള്‍ നീ അവര്‍ക്ക് നല്‍കേണമേ, അവരുടെ പ്രവേശന സ്ഥാനം നീ വിശാലമാക്കേണമേ, നിന്റെ നബിയുടെയും എനിക്കു മുമ്പുള്ള നിന്റെ മറ്റു പ്രവാചകന്മാരുടെയും അവകാശം കൊണ്ട് ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും നീ കാരുണ്യവാന്മാരില്‍ അങ്ങേയറ്റം കാരുണ്യവാനാണ്. ശേഷം പ്രവാചകന്‍ നാല് തവണ തക്ബീര്‍ ചൊല്ലി (മയ്യിത്ത് നമസ്‌കരിച്ചു) ശേഷം അവരെ (ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹം) നബി(സ്വ)യും അബ്ബാസും അബൂബഖറും ചേര്‍ന്ന് (റ)ഖബ്‌റിലേക്ക് പ്രവേശിപ്പിച്ചു.” (ത്വബ്റാനി, അല്‍ കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121).
ഇതാണ് പ്രവാചകനു മേല്‍ ശവരതിയാരോപിക്കുവാന്‍ നബിവൈരികള്‍ (ഹദീഥ് പൂര്‍ണരൂപത്തില്‍ കൊടുക്കാതെ ഹദീഥ് നമ്പര്‍ മാത്രം നല്‍കികൊണ്ട്) ഉദ്ദരിക്കുന്ന ‘തെളിവ്’. ഹദീഥിന്റെ സ്വീകാര്യത പരിശോദിക്കും മുമ്പ് അതില്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്കു വിശകലനം ചെയ്യാം.
1, മരണപ്പെട്ടുപോയ തന്റെ പോറ്റുമ്മയോട് ഒരു മകനെന്ന നിലയില്‍ പ്രവാചകനുണ്ടായിരുന്ന അളവറ്റ ആദരവും സ്നേഹവും വാത്സല്യവും കാരുണ്യവും ആര്‍ദ്രതയുമെല്ലാം ഹദീഥില്‍ നിന്നും കാഴ്ചയുള്ള കണ്ണുകള്‍ക്കെല്ലാം വ്യക്തമായും കാണാവുന്നതാണ്. അതെല്ലാം കണ്ടിട്ടും, ആ മകനും മാതാവിന്നുമിടയിലെ വേര്‍പാടിന്റെ ദുഃഖം തളംകെട്ടിയ ചരിത്ര നിമിഷങ്ങളില്‍ നിന്നുപോലും അശ്ലീലതകള്‍ ചികഞ്ഞെടുക്കാന്‍ ലൈംഗിക വൈകൃതങ്ങള്‍കൊണ്ട് ഹൃദയം നുരുമ്പിച്ചവര്‍ക്കല്ലാതെ സാധ്യമല്ല.
2, പ്രവാചകന്‍ തന്റെ മേല്‍കുപ്പായം ഊരി ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹത്തെ അണിയിക്കുന്നത് അവരെ ഖബ്റില്‍ വെക്കുന്നതിനും എത്രയോ മുമ്പാണെന്ന് ഹദീഥില്‍ നിന്നും സുവ്യക്തമാണ്. അതും അവരെ മൂടിയ വസ്ത്രത്തിനു മീതെയായിരുന്നു എന്നതും ഹദീഥില്‍ കാണാം. ഖബ്‌റിലിറങ്ങി വസ്ത്രമുരിഞ്ഞ് ശവരതിയിലേര്‍പ്പെട്ടു എന്ന കല്ലുവെച്ച കളവ് ഞരമ്പുരോഗികളുടെ ഭാവനാ വിന്ന്യാസങ്ങള്‍ മാത്രമാണ്.
3, പ്രവാചകന്‍ കിടന്നത് ഖബ്‌റിലെ ലഹ്ദിലാണ്. അവിടുന്ന് തന്നെയാണ് ലഹ്ദ് കുഴിച്ചതും. എന്താണ് ലഹ്ദ്? ഖബ്റിന്റെ പാര്‍ശ്വം ഖിബ്‌ലയുടെ ഭാഗത്തേക്ക് തുരന്നുണ്ടാക്കുന്ന ഉള്‍ഖബ്‌റിനാണ് ലഹ്ദ് എന്നു പറയുക (ഫിഖ്ഹുസ്സുന്നഃ, ഭാഗം 4, പേജ്: 398). അഥവാ ലഹ്ദ് മയ്യിത്തിനെ മാത്രം ഉള്‍കൊള്ളാന്‍ പര്യാപ്തമായ ഖബ്‌റിന്റെ ഏറ്റവും താഴെ പാര്‍ശ്വം ഖിബ്‌ലയുടെ ഭാഗത്തേക്ക് തുരന്നുണ്ടാക്കുന്ന ഇടുങ്ങിയ ഉള്‍ഭാഗമാണ്. അവിടെ മയ്യിത്ത് വെക്കും മുമ്പാണ് പ്രവാചകന്‍ കിടന്നത്. ഖബ്‌റിന്റെ ആത്മീയവും ഭൗതികവുമായ ഇടുക്കത്തില്‍ നിന്നും തന്റെ പോറ്റുമ്മക്ക് വിശാലത ലഭിക്കാനായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മയ്യിത്തിനെ മാത്രം ഉള്‍കൊള്ളാന്‍ പര്യാപ്തമായ ഇടുങ്ങിയ ഉള്‍ഭാഗമായ ലഹ്ദില്‍ മയ്യിത്തിനൊപ്പം മറ്റൊരാള്‍ക്ക് കൂടി കിടക്കുവാന്‍ സാധ്യമല്ലെന്ന് ലഹ്ദ് കണ്ടിട്ടുള്ളവര്‍ക്കെല്ലാം അറിയാം. അത് കൃത്യമായി അറിയാവുന്നതു കൊണ്ടാണ് ശവരതിയാരോപകര്‍ നബി ലഹ്ദില്‍ കിടന്നു എന്നു പറയാതെ, ഖബ്‌റില്‍ കിടന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം ഹദീഥുകളില്‍ നബി (സ്വ) കിടന്നത് ലഹ്ദിലാണെന്ന് വ്യക്തമാക്കിയിട്ടും അതു മൂടിവെക്കുന്നത് ലഹ്ദ് എന്താണെന്നറിയുന്നവര്‍ക്കിടയില്‍ ശവരതിയാരോപണത്തിന്റെ കാറ്റുപോകുമെന്ന് കൃത്യമായ ധാരണയുള്ളതുകൊണ്ടു മാത്രമാണ്.
4, ലഹ്ദില്‍ കിടന്നതിന് ശേഷം അതില്‍ നിന്നും പുറത്തുവന്നതിനു ശേഷമാണ് നബി (സ്വ) ഫാത്തിമ ബിന്‍ത് അസദിന്റെ മയ്യിത്ത് നമസ്‌കരിക്കുന്നത്. അതിനും ശേഷമാണ് അവരുടെ മയ്യിത്ത്, അബ്ബാസിനോടും അബൂബഖറിനോടും ചേര്‍ന്ന് നബി (സ്വ) ഖബ്റിലെ ലഹ്ദിലേക്ക് ഇറക്കി വെക്കുന്നത്. അപ്പോള്‍ ഖബ്‌റില്‍ വെച്ച് പ്രവാചകന്‍ ശവരതി നടത്തിയെന്നത് കല്ലുവെച്ച കള്ളമാണെന്നര്‍ഥം.
5. എന്തിനാണ് പ്രവാചകന്‍ (സ) ലഹ്ദില്‍ അവരുടെ സ്ഥാനത്ത് കിടന്നത് എന്നതും സുവ്യക്തമാണ്.
‘അദ്ദേഹം കബ്‌റിന്റെ (ലഹ്ദില്‍) അതിരുകള്‍ തിക്കി. അത് വിശാലമാക്കുന്നതു പോലെ…’ (അല്‍ മുസ്തദ്‌റക്: ഹാകിം: 3/108?)
ഉമര്‍ ഇബ്‌നു ശബ്ബ: പറഞ്ഞു: ‘അദ്ദേഹം ലഹ്ദില്‍ കിടന്നു; അത് (അതിരുകള്‍ ഒതുക്കി) വിശാലമാക്കാനെന്ന പോലെ.’ (താരീഖുല്‍ മദീന: 1: 124)
ലഹ്ദില്‍ കിടന്നാല്‍ മാത്രമെ ലഹ്ദിന്റെ ഇടുക്കവും കുടുസ്സതയും ഒരു മയ്യിത്തിന് (മൃതശരീരം) എത്രയുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കു. അതുകൊണ്ട് ഫാതിമയുടെ മയ്യിത്ത് ലഹ്ദില്‍ വെക്കുന്നതിന് മുമ്പ് പ്രവാചകന്‍ ആ സ്ഥാനത്ത് കിടന്നു നോക്കി. എന്നിട്ട് ലഹ്ദില്‍ ഇടുങ്ങി നില്‍ക്കുന്ന അതിരുകള്‍ തിക്കി ഒതുക്കി. ലഹ്ദില്‍ വെക്കാന്‍ പോകുന്ന മയ്യിത്തിന് വേണ്ടി അത് വിശാലമാക്കി. ഇപ്രകാരം ഭൗതീകമായി, പ്രതീകാത്മായി ലഹ്ദ് വിശാലമാക്കുന്നതിലൂടെ കബ്‌റിലെ ആത്മീയ വാസത്തിലും ഫാതിമക്ക് ഈ വിശാലത അനുഭവപ്പെടാന്‍ വേണ്ടി ആ കര്‍മ്മത്തിലൂടെ അദ്ദേഹം പ്രാര്‍ത്ഥിച്ചു. കാരണം എല്ലാ മനുഷ്യരും കബ്‌റില്‍ ആത്മീയമായി ‘ഇടുക്കം’ അനുഭവിക്കുമെന്ന് പ്രവാചകന്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. (മുസ്‌നദു അഹ്‌മദ്: 24707, ശുഅ്ബുല്‍ ഈമാന്‍: 396)
‘അവളുടെ ഖബ്റില്‍ അവരോടൊപ്പം ഞാന്‍ കിടന്നത് അവള്‍ക്ക് ഖബ്‌റിന്റെ ഇടുക്കം ലളിതമാകാന്‍ വേണ്ടിയാണ്’ എന്ന് പറഞ്ഞതിന്റെ വിവക്ഷ ഇതാണ്. ലൈംഗിതയുമായി അയല്‍ബന്ധം പോലുമില്ലാത്ത, മാതാവിന്റെ പരലോക ജീവിതത്തെ സംബന്ധിച്ച് ഒരു മകന്റെ തീര്‍ത്തും നിഷ്‌കളങ്കമായ വ്യാകുലത മാത്രമാണ് ഈ ലഹ്ദിലെ കിടത്തം തെളിയിക്കുന്നത്.
6, സ്വാഭാവികമായും പകല്‍ വെളിച്ചത്ത്, പൊതുജന മധ്യത്തില്‍, മയ്യിത്തിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വെച്ചു നടന്ന മൃതദേഹ സംസ്‌കരണ ചടങ്ങായിരുന്നു അതെന്ന മിനിമം ബോധമില്ലാതെയല്ല ഈ ലൈംഗിക വൈകൃതാനുരാഗികള്‍ ഇത്തരം കള്ള പ്രചരണം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. അടങ്ങാത്ത നബിവൈര്യവും ഹൃദയത്തില്‍ കട്ടപിടിച്ചു കിടക്കുന്ന ലൈംഗിക വൈകൃതാനുരാഗവും കെട്ടുപിണഞ്ഞ മനോരോഗത്തെ ചികിത്സിക്കുവാനുള്ള കരുത്ത് അവരുടെയൊന്നും ശാസ്ത്രാവബോധത്തിനോ സുവിശേഷ ദര്‍ശനങ്ങള്‍ക്കോ സനാധന മൂല്യങ്ങള്‍ക്കോ അശേഷമില്ലാത്തതുകൊണ്ടാണ്.
ആരോപണ വിധേയമായ ഹദീഥിന്റെ ന്യൂനതകള്‍:
നബിവൈരികള്‍ പ്രവാചകനെതിരെ ഉന്നയിക്കുന്ന ശവരതിയാരോപണം കേവലം അവരുടെ മനോവൈകൃതങ്ങളുടെ ഭാവനാ വിന്ന്യാസങ്ങള്‍ മാത്രമാണെന്നു നാം മനസ്സിലാക്കി. ആരോപണം ആരോപിക്കപ്പെട്ട ഹദീഥുകളില്‍ ഭൂതകണ്ണാടി വെച്ചു തിരഞ്ഞാല്‍ പോലും കാണാനാവില്ലെന്ന വസ്തുത നിലനില്‍ക്കെ തന്നെ പ്രസ്തുത ഹദീഥുകളുടെ സ്വീകാര്യതയെ കൂടി നമുക്കു പഠനവിധേയമാക്കാം. ഹദീഥ്, സ്വീകാര്യതയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടതാണോ അല്ലയോ എന്ന് പരിശോദിക്കുക ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ? കാരണം സ്വീകാര്യയോഗ്യമായ ഹദീഥുകള്‍ക്ക് മാത്രമാണല്ലോ പ്രമാണപരതയുണ്ടാവുക. അല്ലാത്തവ മുസ്‌ലിംകള്‍ പ്രമാണമായി സ്വീകരിക്കാന്‍ പാടുള്ളതല്ലല്ലോ. അതുകൊണ്ടു തന്നെ ഉപര്യുക്ത ഹദീഥുകളുടെ സ്വീകാര്യത കൂടി നമുക്കന്വേഷണവിധേയമാക്കാം.
അഞ്ചു പരമ്പരകളിലൂടെയാണ് ഈ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.
1. (ത്വബ്റാനി: അല്‍കബീര്‍: 24/351, അല്‍ ഹില്‍യ: അബൂ നുഐം: 3/121)
നിവേദക പരമ്പര: അഹ്‌മദിബ്നു ഹമ്മാദ് അസ്സഗ്ബയില്‍ നിന്ന് – റൗഹിബ്നു സ്വലാഹ് നമ്മോട് പറഞ്ഞു – സുഫ്‌യാനു സൗരി നമ്മോട് പറഞ്ഞു – ആസ്വിം അല്‍ അഹ്‌വലില്‍ നിന്ന് – അനസില്‍ നിന്ന്….
പരമ്പരയിലെ റൗഹിബ്നു സ്വലാഹ് ദുര്‍ബലനാണെന്ന് ഹദീഥ് പണ്ഡിതനായ ഇബ്നുഅദിയ്യ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ ദുര്‍ബലമായ ഹദീഥുകള്‍ ഉദ്ധരിക്കാറുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇബ്നു മാകൂലാ പറയുന്നു: റൗഹിബ്നു സ്വലാഹിനെ ഹദീഥ് പണ്ഡിതന്മാര്‍ ദുര്‍ബലനായാണ് കാണുന്നത്. ഇബ്നു യൂനുസ് പറയുന്നു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. ദാറകുത്നി പറഞ്ഞു: ഹദീഥിന്റെ വിഷയത്തില്‍ ദുര്‍ബലന്‍. (അസ്സികാത്ത്: ഇബ്നുഹിബ്ബാന്‍: 8/ 244, അല്‍ കാമില്‍: 3/1006, മീസാന്‍: 2/58, അല്ലിസാന്‍: 2/465466)
കൂടാതെ ദുര്‍ബലനായ റൗഹിബ്നു സ്വലാഹ് മാത്രമാണ് സുഫ്‌യാനു സൗരിയില്‍ നിന്നും ഈ കഥ ഉദ്ധരിക്കുന്നത് എന്നതും റൗഹിബ്നു സ്വലാഹ് ഈജിപ്റ്റുകാരനും സുഫ്യാനു സൗരി കൂഫക്കാരനുമായതിനാല്‍ റൗഹിബ്നു സ്വലാഹ്, സുഫ്‌യാനു സൗരിയില്‍ നിന്ന് ഇങ്ങനെയൊരു കഥ കേള്‍ക്കാന്‍ സാധ്യതയില്ല എന്നതും നിവേദക പരമ്പരയുടെ മറ്റു ന്യൂനതകളായി ഹദീഥ് പണ്ഡിതര്‍ സൂചിപ്പിക്കുന്നുണ്ട്. (മുകദ്ദിമ സ്വഹീഹു മുസ്‌ലിം: 1/7, അല്‍ അവ്‌സത്: ത്വബ്റാനി: 1/153, അല്‍ ഹില്‍യ: 3/121, സില്‍സിലത്തു ദഈഫ: 1/32, അസ്സികാത്ത്: 8/244)
2. (മജ്‌മഉ സവാഇദ്:9/257, അവ്സത്ത്: ത്വബ്റാനി)
നിവേദക പരമ്പര: സഅ്ദാന്‍ ഇബ്നുല്‍ വലീദില്‍ നിന്ന് – അത്വാഅ് ഇബ്നു അബീ റബാഹില്‍ നിന്ന് – ഇബ്നു അബ്ബാസ് പറഞ്ഞു….
നിവേദക പരമ്പരയിലെ സഅ്ദാന്‍ ഇബ്നുല്‍ വലീദ് ‘മജ്ഹൂല്‍’ (വ്യക്തിത്വമോ വിശ്വസ്ഥതയോ അറിയപ്പെടാത്ത വ്യക്തി) ആണ്. (മജ്‌മഉ സവാഇദ്: 9/257)
3. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/124)
നിവേദക പരമ്പര: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി പറഞ്ഞു- അയാള്‍ തന്റെ പിതാമഹനില്‍ നിന്ന് – അയാള്‍ ജാബിറില്‍ നിന്ന്….
പരമ്പര വളരെ ദുര്‍ബലമാണ്. കാരണം കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി ഹദീഥ് നിവേദനത്തില്‍ പരിഗണനീയനേയല്ല എന്ന് സര്‍വ്വ ഹദീഥ് പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്. അബൂ ഹാതിം പറഞ്ഞു: കാസിം ഇബ്നു മുഹമ്മദുല്‍ ഹാശിമി, ‘മത്റൂക്’ (കളവ് പറയുന്നവനായി ആരോപിതന്‍) ആകുന്നു.
ഇമാം അഹ്‌മദ് പറഞ്ഞു: അയാള്‍ ഹദീഥിന്റെ വിഷയത്തില്‍ ഒന്നുമല്ല. അബൂ സര്‍അ പറഞ്ഞു: വിശ്വസ്ഥരായ നിവേദകര്‍ക്കെതിരായി വളരെ ദുര്‍ബലമായ ഹദീഥുകള്‍ അയാള്‍ ഉദ്ധരിക്കാറുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 3/379)
4. (താരീഖുല്‍ മദീന: ഇബ്നു ശബ്ബ: 1/123)
നിവേദക പരമ്പര: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി- അയാള്‍ അബ്ദുല്ലാഹിബ്നു ജഅ്ഫറില്‍ നിന്ന് – അയാള്‍ അംറിബ്നു ദീനാറില്‍ നിന്ന് – അദ്ദേഹം മുഹമ്മദിബ്നു അലിയില്‍ നിന്ന്….
പരമ്പര ദുര്‍ബലം: അബ്ദുല്‍ അസീസ് ഇബ്നു മുഹമ്മദ് അദ്ദുറാവര്‍ദി ദുര്‍ബലനാണ്. ഹൃദ്യസ്ഥ ശേഷി കുറവായതിനാല്‍ ധാരാളം അബദ്ധങ്ങള്‍ ഉദ്ധരിക്കാറുണ്ടെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍: 2/633634)
മാത്രമല്ല നിവേദക പരമ്പര ‘മുര്‍സല്‍’ ആകുന്നു അഥവാ പ്രവാചകനിലേക്കെത്താതെ കണ്ണി മുറിഞ്ഞതാകുന്നു. പ്രവാചക ശിഷ്യനല്ലാത്ത മുഹമ്മദുല്‍ ഹനഫിയ്യയാണ് കഥ പറയുന്നത്.
5. മുഹമ്മദിബ്നു ഉമറുബ്നു അലിയില്‍ നിന്ന് പരമ്പര മുറിഞ്ഞതാണ് മറ്റൊരു നിവേദനം. (ഉസ്ദുല്‍ ഗായ: 6/217)
നിവേദക പരമ്പര: ഇബ്നുല്‍ അസീറില്‍ നിന്ന്- അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു….
പരമ്പരയിലെ അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു ഉമറുബ്നു അലി തന്റെ പിതാമഹനായ അലിയില്‍ നിന്നും ഉദ്ധരിക്കുന്ന നിവേദനങ്ങളെല്ലാം പരമ്പര മുറിഞ്ഞവയാണെന്ന് ഹദീഥ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (അത്തക്‌രീബ്: ഇബ്നു ഹജര്‍: 6170). പിന്നെ എങ്ങനെ പ്രവാചകനില്‍ നിന്ന് അദ്ദേഹം നിവേദനം ചെയ്യും.?!
ഹദീഥുകളില്‍ നിന്നും വിമര്‍ശകന്മാര്‍ മുഹമ്മദിന്റെ മുഖമൂടി ഊരിയെടുക്കുമ്പോള്‍, അതിനു മുമ്പില്‍ കുടുങ്ങുന്ന വേളയില്‍ മുസ്‌ലിംകള്‍ പുറത്തെടുക്കുന്ന അവസാനത്തെ അടവാണ് ‘ഹദീഥ് ദുര്‍ബലമാക്കുന്നു’ എന്ന പ്രഖ്യാപനമെന്ന്, ഹദീഥ് നിദാനശാസ്ത്രത്തിന്റെ ബാല പാഠം പോലും കേട്ടിട്ടില്ലാത്ത ചില നാസ്തിക-മിഷനറി ഇസ്‌ലാം വിമര്‍ശകര്‍ തട്ടിവിടാറുണ്ട്. അവരോടു പറയട്ടെ, മുസ്‌ലിംകള്‍ ഹദീഥുകളെ കാണുന്നത് ദൈവിക വെളിപാടുകളായാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് അതിന്റെ പ്രാമാണികത കണ്ടെത്താന്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അത് പൗരാണിക കാലം തൊട്ടേ അവര്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമമാണ്. പൗരാണികരും ആധുനികരുമായ ലോക മുസ്‌ലിം പണ്ഡിതന്മാരെല്ലാം സര്‍വാംഗീകൃതമായി അംഗീകരിച്ചിരിക്കുന്ന ആ നിയമം നമുക്കും മനസ്സിലാക്കാം. ഒരു ഹദീഥ് തള്ളുന്നതും കൊള്ളുന്നതും എന്തിന്റെയടിസ്ഥാനത്തിലാണെന്ന് അപ്പോള്‍ ബോധ്യമാകും.
1, നിവേദക പരമ്പരയിലെ സര്‍വ്വ നിവേദകര്‍ക്കും അദാലത്ത് ഉണ്ടാവുക. അഥവാ നിവേദക പരമ്പരയിലെ സര്‍വ്വ നിവേദകരും വിശ്വസ്ഥരും നീതിമാന്മാരും ഭക്തരുമാവുക.
2, നിവേദക പരമ്പരയിലെ സര്‍വ്വ നിവേദകരുടേയും ഓര്‍മ്മശക്തി സമ്പൂര്‍ണമായിരിക്കുക.
3, നിവേദക പരമ്പര കണ്ണി ചേര്‍ന്നതാവുക; മുറിഞ്ഞതാവാതിരിക്കുക. അഥവാ പരമ്പരയിലെ നിവേദകര്‍ ഏത് നിവേദകരില്‍ നിന്നാണോ ഒരു ഹദീഥ് ഉദ്ധരിക്കുന്നത്, അവര്‍ പരസ്പരം കണ്ടുമുട്ടുകയും നേരിട്ട് ആ ഹദീഥ് കേള്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പുണ്ടാവുക.
4, നിവേദനത്തിന്റെ പരമ്പരയും (സനദ്), ഉള്ളടക്കവും (മത്നും) കൂടുതല്‍ വിശ്വസ്ഥരും ശ്രേഷ്ടരുമായ നിവേദകര്‍ക്കോ നിവേദനങ്ങള്‍ക്കോ എതിരാവാതിരിക്കുക.
5, നിവേദനം ഇല്ലത്ത് അഥവാ സൂക്ഷ്മമായ ന്യൂനതകളില്‍ നിന്ന് മുക്തമാകണം.
ഈ നിബന്ധനകള്‍ ഒത്ത ഹദീഥുകളെയാണ് ‘സ്വഹീഹ്’ എന്ന് മുസ്‌ലിംകള്‍ വിളിക്കുന്നത്.
മുകളില്‍ പ്രസ്ഥാവിച്ച അഞ്ച് നിബന്ധനകളില്‍ ഒന്നില്‍ ന്യൂനതകള്‍ ഉള്ളതായ ഹദീഥുകള്‍ ള്വഈഫ് (ദുര്‍ബലം) ആയ ഹദീഥുകളാകുന്നു. അവ ഇസ്‌ലാമില്‍ പ്രമാണമല്ല. പൗരാണികരും ആധുനികരുമായ ലോക മുസ്‌ലിം പണ്ഡിതന്മാരെല്ലാം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ സര്‍വാംഗീകൃതമായ നിയമമാണിത്. (അര്‍രിസാല: ശാഫിഈ: 370-371, നുസ്ഹത്തുന്നളര്‍: 52, നുഖ്ബത്തുല്‍ ഫികര്‍: ഇബ്നു ഹജര്‍: 30, ഉലൂമുല്‍ ഹദീസ്: 30, മുഖദ്ദിമത്തു ഇബ്നു സ്വലാഹ്: 8, അല്‍ മൂകിദ: ദഹബി: 24, തദ്രീബുര്‍ റാവി: സുയൂത്വി: 1/6875, 155, അല്‍ഫിയ്യ: 19, മന്‍ദൂമത്തുല്‍ ബൈകൂനി: 30, ഹാശിയത്തുല്‍ അജ്ഹുരി: 6, ഇഖ്തിസ്വാറു ഉലൂമുല്‍ ഹദീസ്: ഇബ്നു കസീര്‍: 22, അല്‍ മുക്നിഅ്: ഇബ്നു മുലകിന്‍: 1/42, അല്‍ ജാമിഅ്: ഖത്തീബുല്‍ ബഗ്‌ദാദി: 2/295, അല്‍ ഇക്തിറാഹ്: ഇബ്നു ദകീകുല്‍ ഈദ്: 215 – 216, മുകദ്ദിമത്തു മുസ്‌ലിം: ഇമാം നവവി , അത്തക്‌രീബ്: 105,മജ്‌മഉല്‍ ഫതാവാ ഇബ്നു തീമിയ്യ: 1/250, മആലിമുസ്സുനന്‍: ഖത്താബി: 1/10, ശര്‍ഹുല്‍ അല്‍ഫിയ: ഇറാകി: 1/111, സ്വഹീഹു തര്‍ഗീബു വതര്‍ഹീബ്: 1/4767)
ശവരതിയാരോപണത്തിന്റെ അവസാന പുകയും ഇവിടെ കെട്ടടങ്ങുകയാണ്. വിശുദ്ധിയുടെ വിസ്മയ പ്രകാശമായ നബിജീവിതത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള മിഷനറി-നവനാസ്തിക വൈകൃതാനുരക്തരുടെ എല്ലാ പരിശ്രമങ്ങളും പാഴ്‌വേലയായി പരിസമാപ്തി കുറിക്കപ്പെടുകയാണ് സ്ഥിരം പതിവ്. പ്രവാചകനെതിരെയുള്ള ശവരതിയാരോപണത്തിന്റെ ഊര്‍ദ്ധ്വശ്വാസവും ഇവിടെ നിലച്ചിരിക്കുന്നു. എങ്കിലും, എങ്ങനെയാണ് ഹദീഥുകളില്‍ നിന്നും – അവ പ്രബലമോ ദുര്‍ബലമോ എന്നു പോലും പരിഗണിക്കാതെ – പ്രവാചക വിരോധികള്‍ ദുരാരോപണങ്ങളും കള്ള കഥകളും മെനഞ്ഞെടുക്കുന്നതെന്ന് പഠിക്കുവാനുള്ള ഒരു സന്ദര്‍ഭമായി ഈ വിഷയസംബന്ധിയായ ചര്‍ച്ചയെ നാം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ ദുരാരോപണത്തിന്റെ, അഥവാ ശവരതിയാരോപണത്തിന്റെ നിര്‍മിതിയുടെ വഴിയിടങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി നമുക്കതു നിഷ്പ്രയാസം കണ്ടെത്താനാകും. പ്രവാചകനു മേല്‍ നികൃഷ്ഠമായ ഒരാരോപണം നിര്‍മിക്കുന്നതിനായി നബിവൈരികള്‍ ഹദീഥ് ഗ്രന്ഥങ്ങള്‍ തിരയുന്നു. നിര്‍മാതാക്കള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിപ്പെട്ടവരായതുകൊണ്ടു തന്നെ പ്രവാചകനെതിരെ ലൈംഗിക വൈകൃതം ആരോപിക്കുന്നതിലായിരിക്കും അവരുടെ ഉത്സാഹം മുഴുവനും. ഹദീഥ് ഗ്രന്ഥങ്ങള്‍ തിരഞ്ഞപ്പോള്‍ അവര്‍ക്കു കിട്ടിയത് ഫാത്തിമ ബിന്‍ത് അസദിന്റെ മൃതദേഹ സംസ്‌കരണത്തിന്റെ ഹദീഥുകള്‍. ഹദീഥുകള്‍ പരിശോദിച്ചപ്പോള്‍ എല്ലാം ദുര്‍ബലമായ നിവേദനങ്ങളാണെന്ന് കാണുന്നു. അതുകൊണ്ടു തന്നെ ഹദീഥുകളുടെ സമാഹാരങ്ങളും അവയിലെ ക്രമനമ്പറുകളും തെറ്റായി ചേര്‍ത്തുകൊണ്ട് തങ്ങളുടെ ദുര്‍വ്യാഖ്യാന അച്ചടിശാലകളില്‍ അച്ചുനിരത്തുന്നു. ശരിയായ നിലക്ക് അവ ഉദ്ദരിച്ചാല്‍ അവയുടെ ദുര്‍ബലതയും നിജസ്ഥിതിയും കൈയോടെ പെടുന്നനെ പിടിക്കപ്പെടുമെന്ന് അവര്‍ക്കറിയാം. സമാഹാരങ്ങളും ക്രമനമ്പറുകളും തെറ്റായി ചേര്‍ത്തവതരിപ്പിക്കുമ്പോള്‍ കൈക്രിയകള്‍ കണ്ടെത്താന്‍ ചെറിയ കാലതാമസം വരും. ആ ഹൃസ്വകാലയളവില്‍ മറുപടി പറയപ്പെടാതെ നില്‍ക്കുന്ന തങ്ങളുടെ കള്ള കഥകളെ സമൂഹ മധ്യത്തില്‍ വെല്ലുവിളികളോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുക. നബിവിരോധം അത്രയെങ്കിലും സജീവമാക്കുക.
പ്രവാചകനെതിരെ ശവരതിയാരോപണമാണ് അവര്‍ ലക്ഷ്യം വെച്ചതെന്നതുകൊണ്ട് തന്നെ അതിനൊപ്പിച്ചു ദുര്‍വ്യാഖ്യാനം ചമക്കാനൊക്കുന്ന ചരിത്ര രംഗങ്ങള്‍ നിവേദനങ്ങളില്‍ ആദ്യം പരതുന്നു. അവിടെ നോക്കുമ്പോള്‍ ആകെ കൂടി കാണാന്‍ കഴിയുന്നത്, ഫാത്തിമ ബിന്‍ത് അസദ് മരണപ്പെടുന്നു. നബി (സ്വ) അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അവര്‍ നബിക്കു ചെയ്ത സേവനങ്ങള്‍ അനുസ്മരിക്കുന്നു. ശേഷം അവരെ കുളിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അനന്തരം അവരെ പൊതിഞ്ഞ വസ്ത്രത്തിനുമേല്‍ നബിയുടെ മേല്‍കുപ്പായമണിയിക്കുന്നു. അതിനു ശേഷം അവര്‍ക്കു വേണ്ടി ഖബ്ര്‍ കുഴിക്കാനാവശ്യപ്പെടുന്നു. ഖബ്‌റിന്റെ ലഹദ് എത്താറായപ്പോള്‍ അത് നബിതന്നെ കുഴിക്കുന്നു. അനന്തരം അവിടുന്ന് ഒരാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ലഹ്ദില്‍ കിടക്കുന്നു. പ്രാർത്ഥിക്കുന്നു. അതിനു ശേഷം തക്ബീര്‍ ചൊല്ലി മയ്യിത്ത് നമസ്‌കരിക്കുന്നു. അതിനും ശേഷം മറ്റുള്ളവരുടെ സഹായത്തോടെ മയ്യിത്ത് ഖബ്റിലെ ലഹദില്‍ വെക്കുന്നു. ജനങ്ങളും മയ്യിത്തിന്റെ ഉറ്റ ബന്ധുക്കളും പ്രസ്തുത ചടങ്ങുകള്‍ക്ക് സാക്ഷികളാകുന്നു. പക്ഷെ, കഥ ഇതല്ല അവര്‍ക്കുവേണ്ടത്. മയ്യിത്ത് നഗ്‌നമായി ഖബ്റില്‍ വെക്കുന്നു. അല്ലെങ്കില്‍ ഖബ്‌റില്‍ വെച്ച മയ്യിത്തില്‍ നിന്നും വസ്ത്രമുരിയുന്നു. എന്നിട്ട് തന്റെ വസ്ത്രമഴിക്കുന്നു. ശവഭോഗം ചെയ്യുന്നു. ശേഷം തന്റെ വസ്ത്രം മയ്യിത്തിനെ അണിയിക്കുന്നു. എന്നിട്ട് പ്രവാചകന്‍ പറയുന്നു: ‘ഞാന്‍ എന്റെ കുപ്പായം അവളെ അണിയിച്ചു. ഖബ്റിലെ വേദന അകറ്റുന്നതിന്’ ഇതാണ് അവരുടെ വൈകൃത ഭാവനകള്‍ മെനഞ്ഞെടുത്ത ചിത്രം. പക്ഷെ നബി തന്റെ വസ്ത്രം മയ്യിത്തിനെ അണിയിപ്പിച്ചത് മയ്യിത്ത് കുളിപ്പിച്ച ശേഷം, അതിനെ പൊതിഞ്ഞ പുടവക്കുമേല്‍. അവിടുന്ന് ലഹ്ദില്‍ കിടന്നത് മയ്യിത്ത് വെക്കും മുമ്പ്. അതിനു ശേഷം മയ്യിത്ത് നമസ്‌കരിക്കുന്നു. അതിനും ശേഷമാണ് മയ്യിത്ത് ഖബ്റിലെ ലഹദില്‍ വെക്കുന്നത്. കഥ ഒരു നിലക്കും ഭാവനകള്‍ക്കൊത്ത് ശരിയായി വരുന്നില്ല. അപ്പോള്‍ പിന്നെ തങ്ങളുടെ ഭാവനകള്‍ക്കൊത്ത് കഥ തിരുത്തിയെഴുതാന്‍ പറ്റിയ വല്ല വാചകങ്ങളും നിവേദനങ്ങളില്‍ നിന്നും (നിവേദനങ്ങളെല്ലാം ദുര്‍ബലമാണെങ്കിലും) അടര്‍ത്തിയെടുക്കാനുണ്ടോ എന്നതാണ് അടുത്ത റിസെര്‍ച്ച്. ഇതാ കിട്ടിപ്പോയി ത്വബ്റാനിയുടെ അല്‍ മുഅ്ജമുല്‍ ഔസത്ത്. അവിടെ 6935 മത്തെ നിവേദനത്തില്‍ നിന്നും ഒരു വാചകം മാത്രം അടര്‍ത്തിയെടുക്കാം. ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവരുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത്…). അത്രമാത്രം അങ്ങ് അടര്‍ത്തിയെടുത്ത് തങ്ങളുടെ ഭാവനകള്‍ക്കൊത്ത് കഥ തിരുത്തിയെഴുതുന്നു. ശേഷം ശവരതിയാരോപണം ദുര്‍വ്യാഖ്യാന അച്ചടിശാലകളില്‍ മഷിയുണക്കിയെടുക്കുന്നു. ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത്…) എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെട്ടത്?. അതൊരു പ്രയോഗം മാത്രമാണ്. ഇംഗ്ലീഷില്‍ “Think in her shoes’ എന്നു പറയുന്നതു പോലെ. അതിനാരെങ്കിലും ‘അവളുടെ ഷൂസില്‍ കയറി ചിന്തിക്കുക’ എന്നര്‍ഥം മനസ്സിലാക്കുമോ!. ‘അവളുടെ സ്ഥാനത്തു നിന്നു ചിന്തിക്കുക’ എന്നേ അതിനുദ്ധേശമുള്ളൂ. അതുപോലെ ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നു) എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് ‘ഫീ മൗള്വിഇഹാ’ അഥവാ ‘അവളുടെ സ്ഥാനത്ത് ഞാന്‍ കിടന്നു’ എന്നു മാത്രമാണ്. മാത്രമല്ല മറ്റു പല നിവേദനങ്ങളിലും വന്നിട്ടുള്ള പദം ‘വള്വ്ത്വജഅത്തു ഫീ ഖബ്രിഹാ’ (അവളുടെ ഖബ്‌റില്‍ ഞാന്‍ കിടന്നു) എന്നാണ്. (കന്‍സുല്‍ ഉമ്മാല്‍)
ഇനി, ‘വള്വ്ത്വജഅത്തു മഅഹാ ഫീ ഖബ്രിഹാ’ (അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത്…) എന്നു പറയപ്പെട്ട ത്വബ്റാനിയുടെ അല്‍ മുഅ്ജമുല്‍ ഔസത്തിലും സംഭവ വിവരണത്തിന് മേല്‍ പ്രസ്താവിക്കപ്പെട്ടതില്‍ നിന്നും യാതൊരു വ്യത്യാസവും കാണാനാകില്ല. ഫാത്തിമ ബിന്‍ത് അസദ് മരണപ്പെടുന്നു. നബി (സ്വ) അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അവര്‍ നബിക്കു ചെയ്ത സേവനങ്ങള്‍ അനുസ്മരിക്കുന്നു. ശേഷം അവരെ കുളിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അനന്തരം അവരെ പൊതിഞ്ഞ വസ്ത്രത്തിനുമേല്‍ നബിയുടെ മേല്‍കുപ്പായമണിയിക്കുന്നു. അതിനു ശേഷം ഖബ്ര്‍ കഴിക്കുന്നു. പിന്നെ ലഹ്ദ് നബി കുഴിക്കുന്നു. അതില്‍ കിടക്കുന്നു. പ്രാർത്ഥിക്കുന്നു. മയ്യിത്ത് നമസ്‌കരിക്കുന്നു. അതിനും ശേഷം മയ്യിത്ത് ഖബ്‌റിലെ ലഹ്ദില്‍ വെക്കുന്നു. സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായി മയ്യിത്തിന് ഇത്ര പരിചരണവും പ്രാര്‍ഥനയും നല്‍കിയതിന്റെ ഉദ്ദേശമെന്താണെന്ന സ്വഹാബാക്കളുടെ ചോദ്യത്തിന് മറുപടിയായി നബി(സ്വ) പറഞ്ഞു: ”ഞാനെന്റെ മേല്‍വസ്ത്രം അവളെ ധരിപ്പിച്ചു; സ്വര്‍ഗത്തിലെ പുടവ ധരിക്കപ്പെടാനുള്ള സൗഭാഗ്യം അവള്‍ക്കു ലഭിക്കാനായി. അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നു; അവള്‍ക്ക് ഖബ്‌റിന്റെ ഇടുക്കം ലളിതമാകാന്‍ വേണ്ടി. കാരണം, അബൂത്വാലിനു ശേഷം എന്നോട് ഏറ്റവും നന്നായി പെരുമാറുന്ന ആളായിരുന്നു അവര്‍”. ത്വബ്റാനിയുടെ അല്‍ മുഅ്ജമുല്‍ ഔസത്ത് 6935 മത്തെ നിവേദനത്തില്‍ നിന്നും ഇതിനപ്പിറം ഒന്നും തരപ്പെടില്ല. ഈ നിവേദനത്തില്‍ ‘അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നത് അവള്‍ക്ക് ഖബ്‌റിന്റെ ഇടുക്കം ലളിതമാകാന്‍ വേണ്ടി’ എന്നു പറഞ്ഞത് – മയ്യിത്ത് ഖബ്റിലെ ലഹദില്‍ വെക്കുന്നതിനും മയ്യിത്ത് നമസ്‌കരിക്കുന്നതിനും മുമ്പ് – നബി ലഹ്ദ് കുഴിച്ച് അതില്‍ കിടന്നു പ്രാർത്ഥിച്ച സംഭവത്തെ പറ്റി തന്നെയാണെന്ന് ആര്‍ക്കും ഒറ്റ വായനയില്‍ തന്നെ ബോധ്യമാകുന്ന കാര്യമാണ്. അപ്പോള്‍ ‘അവളുടെ ഖബ്റില്‍ അവളോടൊപ്പം ഞാന്‍ കിടന്നു’ എന്നു പറഞ്ഞതിന്റെ ഉദ്ദേശം ‘അവളുടെ സ്ഥാനത്ത് ഞാന്‍ കിടന്നു’ എന്നു മാത്രമാണെന്നു വ്യക്തം.
അല്ലാതെ ആഭാസന്മാരുടെ അശ്ലീല ഭാവനകള്‍ക്കൊത്ത് പ്രവാചക ജീവിതത്തെ വളച്ചൊടിക്കാനൊക്കുന്ന ഒന്നും ആ വിശുദ്ധ ജീവിതത്തില്‍ നിന്നും കിട്ടാന്‍ പോകുന്നില്ല. പക്ഷെ, കൂട്ടത്തില്‍ ഒന്നുകൂടി ഓര്‍മപ്പെടുത്തട്ടെ സംഭവം ദുര്‍ബലമായ നിവേദനമാണ്; തെളിവിനു കൊള്ളില്ല.
വിശുദ്ധിയുടെ നിതാന്ത പരിമളമയമായ ആ ജീവിതം ചരിത്രത്തിന്റെ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ്. അവിടെ എത്ര ഉരച്ചു നോക്കിയാലും ശവരതി പോയിട്ട് ഒരു പരസ്ത്രീ കരസ്പര്‍ശനത്തിന്റെ ചെറുതരികള്‍ പോലും കാണ്ടുകിട്ടില്ല. നൂറ്റാണ്ടുകളായി, എത്രയോ വമ്പന്‍ വിമര്‍ശകന്മാര്‍ ഉരക്കാന്‍ തുടങ്ങിയിട്ട്. ഉരക്കല്ലുകള്‍ തേഞ്ഞുതീര്‍ന്നിട്ടും അവര്‍ക്കൊന്നും മരുന്നിനുപോലും ഇന്നോളം ഒന്നും തരപ്പെട്ടിട്ടില്ല. പിന്നെയല്ലേ ഈ മനോരോഗികള്‍ ഉരച്ചിട്ട്!.
”ആഇശ (റ) പറയുന്നു: പ്രവാചകന്‍ ഒരിക്കലും ഒരു (അന്യ) സ്ത്രീയുടെയും കൈപ്പടം തൊട്ടിട്ടില്ല. അവരോട് ബൈഅത്ത് (പ്രതിജ്ഞ) എടുക്കാന്‍ പോകുന്ന സമയത്ത് പോലും അവരോട് പറയാറുണ്ട് നിങ്ങളോട് ഞാന്‍ എന്റെ സംസാരത്തിലൂടെ ബൈഅത്ത് ചെയ്തിരിക്കുന്നു.” (മുസ്‌ലിം: 1866)
”ഉമൈമഃ ബിന്‍ത് റക്വീക്വ (റ) പറഞ്ഞു: അവര്‍ നബി(സ്വ)ക്ക് കൈകൊടുത്ത സമയത്ത് നബി (സ്വ) അവരോട് പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ (അന്യ) സ്ത്രീകള്‍ക്ക് കൈകൊടുക്കയില്ല.” (നസാഈ: 4181, ഇബ്‌നു മാജ: 2874)
”മഅ്ക്വലുബ്നു യസാര്‍ നിവേദനം: നബി (സ്വ) പറഞ്ഞു: തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ അവന് ഉത്തമമായത് ഇരുമ്പാണി തലയില്‍ തറക്കുന്നതാണ്.” (ത്വബ്‌റാനി)
ഇതാണ് മുഹമ്മദ് നബി (സ്വ) വിശുദ്ധ ജീവിതത്തിന്റെ നിതാന്ത വിസ്മയം. ലൈംഗിക വൈകൃതം ഹൃദയങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്നവര്‍ക്ക് ആ ജീവിതവിശുദ്ധി ഉള്‍കൊള്ളാനാകില്ല; സമ്മതിച്ചു തരാനാകില്ല. ഈ രോഗാധുരമായ മനസ്സുകളില്‍ നിന്നു മാത്രമാണ് ഇത്തരം നീചവും നികൃഷ്ടവുമായ ദുരാരോപണങ്ങള്‍ ജന്മമെടുക്കുന്നത്. അവര്‍ പ്രവാചകനെ തെറി വിളിച്ചുകൊണ്ടേയിരിക്കും. അപകീര്‍ത്തിപ്പെടുത്തികൊണ്ടേയിരിക്കും. കാരണം പരിശുദ്ധരെയും പരിശുദ്ധിയിലേക്ക് മാനവികതയെ വിളിക്കുന്നവരെയും അവര്‍ക്ക് സഹിക്കാനാകില്ല; ഉള്‍കൊള്ളാനും. ഇഛാവൈകൃതങ്ങളുടെ ലോകം പടുത്തുയര്‍ത്താന്‍ അവര്‍ക്കു മുമ്പിലുള്ള ഏറ്റവും വലിയ തടസ്സം നബിയും അവിടുത്തെ ജീവിതവും സന്ദേശവുമാണ്. അതാണ് അവരില്‍ പലരുടെയും നബിവിരോധത്തിന്റെ മനഃശാസ്ത്രം.
അടുത്ത വിമര്‍ശനവും കൂടി നമുക്കൊന്ന് വിശകലനം ചെയ്യാം.
‘രക്തബന്ധമോ കുടുംബബന്ധമോ പോലും പരിഗണിക്കാതെ ഏത് സ്ത്രീയെയും ഭോഗിക്കുവാന്‍ നബിക്ക് അല്ലാഹു തന്നെ അനുവാദം നല്‍കുന്നതിനു മുമ്പായിരുന്നു (ക്വുര്‍ആന്‍ 33: 50) ഈ ശവരതി നടന്നതെന്നു കാണാം’. എന്താണ് ക്വുര്‍ആന്‍ 33: 50 ല്‍ പറയുന്നത്. ആദ്യം നമുക്ക് സൂക്തം ഒന്നു പരിശോദിക്കാം.
”നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”. (കുര്‍ആന്‍: 33: 50)
വിമര്‍ശകന്മാര്‍ ജല്‍പിക്കുന്നതു പോലെ പ്രവാചകന് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ അനുവദിക്കപ്പെട്ട സ്ത്രീജന ലിസ്റ്റ് അല്ലിത്. മറിച്ച് പ്രവാചകന് വിവാഹ ബന്ധത്തിലേര്‍പെടാന്‍ അനുവദിക്കപ്പെട്ട സ്ത്രീകള്‍ ആരൊക്കെ? വിവാഹം ചെയ്യാവുന്ന സ്ത്രീകള്‍ ആരൊക്കെ? പ്രവാചകന് മാത്രമായി അനുവദിക്കപ്പെട്ട വിവാഹ രീതി ഏത്? ഇതൊക്കെയാണ് സൂക്തം കൈകാര്യം ചെയ്യുന്ന വിഷയം. അതിനെയെല്ലാം ഒന്നിച്ച് ‘ലൈംഗികാനുവാദ’മെന്ന പായയില്‍ ചുരുട്ടികെട്ടിയതാണ് വിമര്‍ശകര്‍.
ആദ്യം പറഞ്ഞ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ അനുവദിക്കപ്പെട്ട സ്ത്രീകള്‍ ആരെല്ലാമാണ്. ഭാര്യമാരും സ്വന്തം അടിമസ്ത്രീകളും. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധം അനുവദിക്കുക മാനവിക വിരുദ്ധമല്ലേ? അടിമത്ത സമ്പ്രദായം നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളെ പറ്റി യാതൊരു ധാരണയുമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ സംശയം ഉണ്ടാകുന്നത്. അത് നിലനിന്നിരുന്ന ഭൂമികയില്‍ നിന്നും ആ സമ്പ്രദായത്തെ അടര്‍ത്തിയെടുത്ത്, ഇന്നത്തെ ലോകക്രമത്തില്‍ കൊണ്ടുവെച്ച് അതിനെ വിലയിരുത്തുമ്പോള്‍ അത് മാനവിക വിരുദ്ധമായി തോന്നാം. പക്ഷെ അതിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് ഇസ്‌ലാം അതിനെ സമീപിച്ച രീതിയെ പറ്റി വിലയിരുത്തുമ്പോഴാണ് പ്രസ്തുത മേഖലയില്‍ ഇസ്‌ലാം സ്വീകരിച്ച മാനവിക നിലപാട് നമുക്ക് മനസ്സിലാവുകയുള്ളൂ. ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് അത് ഇസ്‌ലാം കൊണ്ടുവന്ന സമ്പ്രദായമല്ല. പ്രവാചകന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അത് സമൂഹത്തില്‍ നിലനിന്നിരുന്നു എന്നതാണ്. അതുകൊണ്ടാണ് ബൈബിളില്‍ പോലും അടിമത്ത സമ്പ്രദായവുമായി ബന്ധപ്പെട്ട ധാരാളം പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയുന്നത്. (ലേവ്യ, 25: 44-46) ബൈബിളിലെ പല പ്രവാചകന്മാരും അടിമസ്ത്രീകളുള്ളവരോ, യുദ്ധങ്ങളില്‍ ബന്ധികളാക്കപ്പെട്ട സ്ത്രീകളെ അടിമകളായി സ്വീകരിച്ചവരോ അയിരുന്നെന്ന് കാണാനാകും. അബ്രഹാമും ദാവീദും മോശെയുമെല്ലാം ഉദാഹരണം. കേവലം ഒരു രാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രപരമായ നാലതിരുകള്‍ക്കുള്ളില്‍ അപൂര്‍വമായി കാണപ്പെട്ടിരുന്ന ഒറ്റപ്പെട്ട ഒരു സാമൂഹിക പ്രതിഭാസമായിരുന്നില്ല അടിമത്ത സമ്പ്രദായം. ആ കാലഘട്ടത്തില്‍ ലോകത്തിന്റെ തന്നെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ആഴത്തില്‍ വേരൂന്നിയ ഒരു സാമൂഹിക പ്രതിഭാസമായിരുന്നു അത്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, യുദ്ധരംഗങ്ങളില്‍ ബന്ധികളാക്കപ്പെടുന്നവര്‍ മോചിപ്പിക്കപ്പെടുന്നില്ലെങ്കില്‍ അടിമകളാക്കപ്പെടുകയെന്നത് അന്നത്തെ അന്താരാഷ്ട്ര നിയമമായിരുന്നു എന്നുപോലും വേണമെങ്കില്‍ പറയാവുന്നതാണ്. അത് അന്നത്തെ അന്താരാഷ്ട്ര നൈതികതക്കെതിരായിരുന്നില്ല. ആ കാലഘട്ടത്തിലെ ഒരു രാഷ്ട്രത്തിനോ സാമ്രാജ്യത്വത്തിനോ പോലും, ഒരൊറ്റ സുപ്രഭാതത്തില്‍ തുടച്ചു നീക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അതെന്ന് പൗരാണിക ചരിത്രത്തെ പറ്റി ശരാശരി അറിവെങ്കിലുമുള്ള എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ആ യാഥാര്‍ത്ഥത്തെ ഉള്‍കൊള്ളാതിരിക്കാന്‍ ഇസ്‌ലാമികസാമ്രാജ്യത്വത്തിനെന്നല്ല ഒരു സാമ്രാജ്യത്വത്തിനും സാധ്യമല്ല. അങ്ങനെ വന്നാല്‍ അത് ആ സാമ്രാജ്യത്വത്തിന്റെ നാശത്തിലായിരിക്കുമവസാനിക്കുക. കാരണം അത്രമേല്‍ അത് അന്നത്തെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമായിരുന്നു. പക്ഷെ മാനവികതയുടെ മതമായ ഇസ്‌ലാം ആ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ കഴിയുന്നത്ര മാനവികമായ പരിഷ്‌കരണങ്ങള്‍ പ്രസ്തുത രംഗത്ത് നടപ്പാക്കുകയാണുണ്ടായത്. ആ പരിഷ്‌കരണങ്ങളാകട്ടെ അടിമകള്‍ക്ക് സ്വതന്ത്ര തുല്ല്യമായ ആശ്വാസമാണ് പ്രദാനം ചെയ്തത്. ഇസ്‌ലാമികസാമ്രാജ്യം അടിമകള്‍ക്ക് ചരിത്രത്തില്‍ മറ്റൊരിടത്തുമില്ലാതിരുന്ന അസ്തിത്വവും വ്യക്തിത്വവും നല്‍കിയാദരിച്ചു. അവര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടായി. പിഴുതെടുക്കാന്‍ സമൂഹത്തിനു സാധ്യമല്ലാത്ത വിധം വേരും വിലാസവുമുണ്ടായവര്‍ക്ക്. ജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ടായവര്‍ക്ക്; അത് സ്വതന്ത്രനത്ര വന്നില്ലെങ്കില്‍ പോലും. കാരണം അവിടെ പരിധി നിശ്ചയിച്ചത് ഇസ്‌ലാമല്ല, സാമൂഹികാന്തരീക്ഷമായിരുന്നു. അവര്‍ക്ക് ഉടുക്കാനും ഉണ്ണാനും ഉറങ്ങാനും അവകാശമുണ്ടായി. ആകാശത്തിനു കീഴെ ഭൂമിക്കു മുകളില്‍ അവര്‍ക്കാദ്യമായി അന്തസ്സുണ്ടായി. ഈ ചരിത്ര പശ്ചാതലത്തില്‍ നിന്നു കൊണ്ട് വേണം അടിമസ്ത്രീയുമായുള്ള ലൈംഗിക ബന്ധത്തിന് ഉടമക്ക് അവകാശം നല്‍കുന്ന ഇസ്‌ലാമിക നിയമത്തെ നോക്കി കാണാന്‍.
പ്രവാചക കാലഘട്ടത്തിനു മുമ്പ് തന്നെ, അടിമ സ്ത്രീ എന്നത് ഉടമയുടെ സ്വകാര്യ വരുമാന സ്രോതസ്സുകൂടിയായിരുന്നു. അവളെ ഉടമ ലൈംഗികമായി ഭോഗിക്കുന്നതിനു പുറമെ ഗാര്‍ഹികവും സാമൂഹികവുമായ പല മേഖലകളിലും വരുമാന സ്രോതസ്സായി ഉപയോഗപ്പെടുത്തുകയും ചെയ്യും. അതില്‍ ഏറ്റവും അധികം അവളെ ഉപയോഗിച്ച് വരുമാനമുണ്ടാക്കിയിരുന്നത് വേശ്യാവൃത്തിയിലൂടെയാണ്. അതിലൂടെ പണമുണ്ടാക്കി ഉടമക്കെത്തിക്കണം. അവളുടെ ഉപജീവനമോ പരിചരണമോ അയാളുടെ ബാധ്യതയായിരുന്നില്ല. അതെല്ലാം അവള്‍ കണ്ടെത്തണം. ഉടമക്കു പുറമെ വേശ്യാവൃത്തിയിലൂടെയും അല്ലാതെ ഉടമയുടെ അഥിതി സല്‍ക്കാരത്തിന്റെ ഭാഗമായും അവള്‍ക്ക് ഒരുപാട് പുരുഷന്മാരോടൊപ്പം തന്റെ ശരീരം പങ്കുവെക്കേണ്ടി വരുമായിരുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഭോഗിക്കാവുന്ന ഒരു വില്‍പന ചരക്കായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇസ്‌ലാംമിനു മുമ്പുള്ള അടിമ സ്ത്രീ. അനവധി പുരുഷന്മാരുമായി ശരീരം പങ്കുവെക്കപ്പെടുന്നതു കൊണ്ടു തന്നെ അവള്‍ ഗര്‍ഭിണിയാവുകയോ പ്രസവിക്കുകയോ ചെയ്താല്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമുണ്ടാവില്ല. ഇനി കുഞ്ഞ് ആരുടേതാണ് എന്നു തിരിഞ്ഞാല്‍ പോലും ഏറ്റെടുക്കാന്‍ ആളുണ്ടാവില്ല. പിതൃത്വം ഒരാളിലേക്കും ചേര്‍ത്തിപറയാന്‍ അവള്‍ക്കവകാശമില്ല. കുഞ്ഞിനെ അവള്‍ തനിച്ചു വളര്‍ത്തണം. ആ കുഞ്ഞ് വലുതായാല്‍ അന്നത്തെ സാമൂഹിക രീതിയനുസരിച്ച് അതും അടിമയായി മാറും. പെണ്‍ കുഞ്ഞാണെങ്കില്‍ മാതാവിന്റെ ജീവിത വഴിയിടങ്ങളിലൂടെ തന്നെ അവളും സഞ്ചരിക്കേണ്ടി വരും; പലപ്പോഴും. വേരില്ല വിലാസമില്ല സ്വത്തില്ല സന്താനങ്ങള്‍ക്ക് തന്തയില്ല. ഇനി അവള്‍ ഭര്‍തൃമതിയാണെങ്കിലോ കാര്യമായ മാറ്റമൊന്നുമില്ല കുഞ്ഞിന്റെ പേരിനൊരു വാലുണ്ടായി എന്നു മാത്രം. ആരുടേതാണെങ്കിലും പിതൃകോളം ഭര്‍ത്താവിന്റെ പേരുകൊണ്ട് പൂരിപ്പിക്കുമെന്നര്‍ഥം.
അടിമ സ്ത്രീയുടെ ഈ ഖേദഘതിക്ക് ഇസ്‌ലാം അറുതി വരുത്തി. ഇസ്‌ലാം പറഞ്ഞു ആര്‍ക്കെങ്കിലും അടിമ സ്ത്രീയുണ്ടായാല്‍ ഒന്നുകില്‍ അവളെ മോചിപ്പിച്ച് നല്ല നിലയില്‍ വിവാഹം ചെയ്തുകൊടുക്കുക. അല്ലെങ്കില്‍ അവള്‍ക്കുമേലുള്ള അധികാരം (വിലായത്ത്) നിലനിര്‍ത്തികൊണ്ട്, പ്രായശ്ചിത്തമായോ പുണ്യകര്‍മമായോ അവളെ മോചിപ്പിക്കക. അതുമല്ലെങ്കില്‍ അവളുടെ ഉപജീവന-പരിചരണ ഉത്തരവാദിത്തമേറ്റെടുത്ത് ഉടമ മാത്രം അവളെ പ്രാപിക്കുക. അതു വഴി അവള്‍ക്ക് കുഞ്ഞുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തവും ഉടമക്കായിരിക്കും. അവന്റെ സ്വത്തില്‍ ആ കുഞ്ഞിന് അവകാശമുണ്ടായിരിക്കും. കുഞ്ഞിന്റെ സ്വത്തില്‍ സ്വാഭാവികമായും അമ്മക്കും ഒരവകാശമുണ്ടായിരിക്കും. വേശ്യാവൃത്തിയിലൂടെ അവളെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുകയും ഉടമയിലൂടെ മാത്രമായി അവള്‍ക്ക് ലൈംഗികവും ഗാര്‍ഹികവുമായ ഒരു ജീവിതം തുറന്നു കൊടുക്കുകയും ചെയ്തു ഇസ്‌ലാം. അവള്‍ക്കും അവളുടെ പരമ്പരകള്‍ക്കും വേരും വിലാസവും സ്വത്തും കുടുംബവും അവകാശവും സംരക്ഷണവും; അല്ല ജീവിതവും കൊടുത്തു ഇസ്‌ലാം. എത്ര മാനവികമായ ഇടപെടല്‍. ഒരേ സമയം ഇസ്‌ലാം, അവളെ ഉപഭോഗ വസ്തുവല്ലാതാക്കുകയും എന്നാല്‍ ഉടമയിലൂടെ അവളുടെ ലൈംഗിക മോഹങ്ങള്‍ക്ക് ഇടംകൊടുക്കുകയും ചെയ്തു. അതാണ് ഇസ്‌ലാമിലെ വലതുകൈ ഉടമപ്പെടുത്തിയ സ്ത്രീകള്‍ അഥവാ അടിമ സ്ത്രീകള്‍. ”നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും…” എന്നു പറഞ്ഞ സൂക്തത്തില്‍ മാനവിക വിരുദ്ധയില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ?.
ഇനി രണ്ടാമതായി സൂക്തം എണ്ണി പറയുന്നത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അനുവധിക്കപ്പെട്ട സ്ത്രീകളെ പറ്റിയല്ല. മറിച്ച് നബിക്ക് വിവാഹം ചെയ്യാന്‍ അനുവാദമുള്ള കുടുംബ ബന്ധുക്കളില്‍ ചിലരെ പറ്റിയാണെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഇമാം ത്വബ്‌രി ഉദ്ദരിക്കുന്നുണ്ട് (തഫ്‌സീറു ത്വബ്‌രി: 33:50 ന്റെ വ്യാഖ്യാനം). അതാരൊക്കെയാണ്. ”…നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.)…”. കുടുംബ ബന്ധുക്കളില്‍ നിന്നും നബി(സ്വ)ക്ക് വിവാഹം ചെയ്യാന്‍ പാടില്ലാത്തവരും പാടുള്ളവരും ആരൊക്കെയാണെന്ന് പഠിപ്പിക്കപ്പെടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം കുടുംബ ബന്ധത്തിലുള്ള സ്ത്രീകളെ വിവാഹം ചെയ്യാന്‍ എല്ലാ മുസ്‌ലിം പുരുഷന്മാര്‍ക്കും അനുവാദമുണ്ടെങ്കിലും പ്രവാചകന് പക്ഷെ ഹിജ്‌റക്കുശേഷം, അദ്ധേഹത്തോടൊപ്പം ഹിജ്‌റ ചെയ്ത കുടുംബ ബന്ധുക്കളെ മാത്രമേ -ബന്ധുക്കളില്‍ നിന്നും- വിവാഹം ചെയ്യാന്‍ പാടുള്ളൂ എന്ന് ഈ സൂക്തത്തിലുടെ പ്രത്യേകം നിയമമാക്കിയിരിക്കുന്നു എന്നു കുറിക്കുന്ന പല നിവേദനങ്ങളും തഫ്‌സീറുകളില്‍ കാണാം. (തഫ്‌സീറു ത്വബ്‌രി: 33:50 ന്റെ വ്യാഖ്യാനം നോക്കുക).
അപ്പോള്‍ ഹിജ്‌റക്കു ശേഷം കുടുംബ ബന്ധുക്കളില്‍ നിന്നും നബിക്ക് വിവാഹം ചെയ്യാവുന്നവരായി സൂക്തം എണ്ണി പറഞ്ഞത് ആരെയൊക്കെയാണ്. ‘നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ’ അമ്മാവന്റെയും അമ്മായിയുടെയും പിതൃവ്യന്റെയും മാതൃസഹോദരിമാരുടെയും പുത്രിമാര്‍. ‘പുത്രിമാര്‍’ എന്നത് തെറ്റാതെ പ്രത്യേകം പഠിച്ചുവെക്കണം. കാരണം ചില മിഷനറി അച്ചടിശാലകളില്‍ പലപ്പോഴും ‘പുത്രിമാര്‍’ എന്നത്, അച്ച് നഷ്ടപ്പെട്ടിട്ടാണോ അതല്ല അച്ചടിപ്പിശാച് പിടികൂടിയിട്ടാണോ എന്നറിയില്ല; വിട്ട് പോകാറുണ്ട് പലപ്പേഴും. അങ്ങനെ വിട്ടുപോയവ മാത്രം പ്രസിദ്ധീകരിക്കാന്‍, ഏറ്റവും ഉളുപ്പ് നഷ്ടപ്പെട്ടവരെ തേടിയുള്ള മിഷനറി അച്ചടിശാലകളുടെ യാത്രകള്‍ നവനാസ്തികര്‍ക്കും എക്‌സ് മുസ്‌ലിംകള്‍ക്കും മുമ്പിലാണ് മിക്കവാറും ചെന്നവസാനിക്കാറുള്ളത്. ‘പുത്രിമാര്‍’ വിട്ടുപോയാല്‍ പിന്നെ ഭാക്കിയാവുന്നതാരൊക്കെയാണ്. അമ്മായിയും മാതൃസഹോദരിയും അമ്മാവനും പിതൃവ്യനും മാത്രമാകും. ‘ലേഡീസ് ഫസ്റ്റ്’ എന്നതാണല്ലോ പരിഷ്‌കാരികളുടെ ഒരു നിലപാട്. അപ്പോള്‍ അമ്മാവനും പിതൃവ്യനും മാറ്റി നിര്‍ത്തപ്പെടും. പിന്നെ പറയാനുണ്ടോ ആവശ്യത്തിനുള്ള വകയായല്ലോ. അമ്മായിയെയും മാതൃസഹോദരിയെയും കാമിക്കാനും കല്ല്യാണം കഴിക്കാനും മുഹമ്മദിനെ ക്വുര്‍ആന്‍ അനുവദിക്കുന്നു. കഷ്ടം തന്നെ മുസ്‌ലിംകളുടെ ധാര്‍മിക ബോധം. പ്രചരണ വാഹനത്തിന്റെ സ്റ്റിയറിംങ് പിന്നെ നവനാസ്തിക മനോരോഗികളുടെ കൈയ്യിലായിരിക്കും.
മൂന്നാമതായി സൂക്തം പരാമര്‍ശിക്കുന്ന വിഷയമെന്താണ്. ”…സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു…”. എന്താണ് സംഭവം. ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം അവളെ നബിക്കു വിവാഹം ചെയ്യാം. അതു പ്രവാചകനു മാത്രം അനുവദിക്കപ്പെട്ട നിയമമാണ്. മുസ്‌ലിംകളില്‍ മറ്റാര്‍ക്കും ഈ അനുമതി ബാധകമല്ല. ‘സ്വദേഹം ദാനം ചെയ്യുക’ എന്നു പറഞ്ഞാല്‍ എന്താണ്. ശരീര ദാനമാണോ അവിടെ ഉദ്ധേശിക്കുന്നത്. അല്ലേ അല്ല. മറിച്ച് അതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
”ഞാന്‍ എന്നെ താങ്കള്‍ക്കു മുമ്പില്‍ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു’ എന്ന വാചകത്തില്‍ ഒരു മുള്വാഫ് (Possession) (ഭാഷാ പരമായ ഭംഗിക്കായി) വിട്ടുകളഞ്ഞതാണ്. യഥാർത്ഥത്തില്‍ വാചകത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ‘ഞാന്‍ എന്നെ അഥവാ എന്റെ വിവാഹ കാര്യത്തെ താങ്കള്‍ക്കു മുമ്പില്‍ ഇഷ്ടദാനം ചെയ്യുന്നു’. കാരണം ഒരു സ്വതന്ത്ര്യ സ്ത്രീ ഉടമപ്പെടുത്തപ്പെടുകയോ ദാനം ചെയ്യപ്പെടുകയോ ഇല്ലല്ലോ. മഹര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ വിവക്ഷ.” (ഫത്ഹുല്‍ ബാരി: 9/112, ഫത്ഹുല്‍ മുന്‍ഇം: 5/540). എന്നാല്‍ അനുവാദമുണ്ടായിരുന്നിട്ടും പ്രവാചകന്‍ അത്തരത്തിലുള്ള വിവാഹം ഒരിക്കലും ചെയ്തിട്ടില്ലെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഇമാം കുര്‍തുബിയും (തഫ്‌സീറുല്‍ കുര്‍തുബി, 33:50 ന്റെ വ്യാഖ്യാനം) ഇബ്‌നു ഹജറും (ഫത്ഹുല്‍ ബാരി, 8:526) ഉദ്ദരിച്ചിട്ടുണ്ട്.
അപ്പോള്‍ ഇത്രയുള്ളൂ കാര്യം. ‘സ്വദേഹം ദാനം ചെയ്യുക’ എന്നു പറഞ്ഞാല്‍ മഹര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നുമാത്രമേ അതിനര്‍ത്ഥമുള്ളൂ. അത് സ്ത്രീയുടെ തീരുമാനാധികാരപരിധിയില്‍ വരുന്ന സംഗതിയാണ്. ധാര്‍മികതാലംഘനത്തിന്റെ ഒരു പ്രശ്‌നവും അവിടെ ഉരുത്തിരിയുന്നില്ല. അറബി ഭാഷയോ ഭാഷാ പ്രയോഗങ്ങളോ തിരിയാത്തവര്‍ ക്വുര്‍ആനും ഹദീഥും നിരൂപണം ചെയ്യാനൊരുമ്പെട്ടാല്‍ ഇതല്ല ഇതിനപ്പുറവും പറയും. വിവരക്കേട് ഇസ്‌ലാംവിമര്‍ശകര്‍ക്ക് ഒരലങ്കാരമാണെന്നു തോന്നുന്നു. കഷ്ടം
No comments:
Post a Comment