Thursday, December 17, 2020

ടിപ്പുവിന്റെ കാലത്ത് മലബാറിലെ മതംമാറ്റങ്ങള്‍

 

RISALA WEEKLY

1412 · ARTICLE · ARTICLES · ISSUE · ഹിസ്റ്ററി ലാബ്

മലബാറിലെ മതംമാറ്റങ്ങള്‍

December 16, 2020 by No Comments


മലബാറിലെ മതംമാറ്റങ്ങള്‍

ടിപ്പുവിന്റെ കാലത്ത് തുടങ്ങി 1921ല്‍ ബ്രിട്ടീഷുകാരുടെ കാലം വരെ നീണ്ട മലബാറിലെ മാപ്പിളമാരുടെ സമരങ്ങളെ കുറിച്ച് നിരവധി തിസീസുകള്‍ നമുക്ക് മുമ്പിലുണ്ട്. ചൂഷണങ്ങളും അവഗണനകളുമാണ് ഈ സമരങ്ങളുടെ മുഖ്യ ഹേതുവെന്നത് മനസ്സിലാക്കാനൊരു പ്രയാസവുമുണ്ടാവില്ല. മൈസൂരിയന്‍ ഭരണത്തില്‍, അവരുടെ റവന്യൂപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ചാണ് നാട്ടിലെ നികുതി പിരിക്കുന്ന മൂപ്പന്‍മാരായ അത്തന്‍ കുരിക്കളും മണത്തല മൂപ്പനുമൊക്കെ ടിപ്പുസുല്‍ത്താനെതിരെ സമരം നയിച്ചത്. നികുതി പിരിവില്‍ തങ്ങളനുഭവിച്ചിരുന്ന വിഹിതം വെട്ടിക്കുറച്ചതിന്റെ പേരിലായിരുന്നു ഈ സമരങ്ങള്‍. അതോടൊപ്പം ടിപ്പുവിനെതിരൊയ നീക്കങ്ങളും ഈ സമരത്തിനുണ്ടായിരുന്നു. മണത്തല മൂപ്പന്‍ സാമൂതിരിക്ക് വേണ്ടി കൂടിയാണ് സമരം നയിച്ചിരുന്നത്. മൈസൂരിയന്‍ ഭരണാധികാരികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിക്കുന്ന സമ്പ്രദായം തുടങ്ങുകയും ജന്‍മിമാരെ അവഗണിക്കുകയും ജാത്യാചാരങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തതോടെ ഗതികേടിലായ ജന്മിമാര്‍ തിരുവിതാംകൂറിലേക്ക് പോവുകയായിരുന്നു. ഇവര്‍ ടിപ്പുവിനെതിരെ തിരുവിതാംകൂര്‍ രാജാവിനൊപ്പം ചേരുകയുമുണ്ടായി. ഇവര്‍ വിട്ടേച്ചുപോയ ഭൂമിയില്‍ പാട്ടക്കാര്‍ സ്വന്തമായി കൃഷി ചെയ്യുകയും അവര്‍ സുല്‍ത്താന് നികുതി കൊടുത്തു പോരുകയും ചെയ്തു. പത്ത് വര്‍ഷത്തിലധികം ഈ നില തുടര്‍ന്നു. ഹിന്ദുക്കളും മാപ്പിളമാരുമായ കര്‍ഷകര്‍ ഈ ഭൂമിയില്‍ കൃഷി ചെയ്തു വരികയാണ്. മാപ്പിളമാരായ കര്‍ഷകര്‍ ഈ ഭൂമികളില്‍ പള്ളികളും ശ്മശാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അവരക്കാലത്ത് മലബാര്‍ ജില്ലയിലെല്ലാം കൂടി 17,000 പേരേ ഉള്ളൂ. കൃഷി ചെയ്യുന്ന ഭൂമിയില്‍ ജന്മികളില്ലാതിരുന്നിട്ടും ജന്‍മാവകാശമൊന്നും ഇവര്‍ സ്ഥാപിച്ചിരുന്നില്ല. അതിന് നിയമങ്ങളുമുണ്ടായിരുന്നില്ല. പാരമ്പര്യ നിയമ പ്രകാരം ജന്മിയുടെ ഭൂമി കാണക്കാര്‍ (ഇടത്തട്ടുകാര്‍) പാട്ടത്തിനെടുക്കും. അവരത് കുടിയാന്മാരെ വച്ച് കൃഷി ചെയ്യിക്കും. പാട്ടക്കാര്‍ ജന്മിക്ക് നികുതി കൊടുക്കും. ഭൂമി പാരമ്പര്യമായിത്തന്നെ ഈ പാട്ടക്കാരുടെ നിയന്ത്രണത്തിലായിരിക്കും. ജന്മിയും പാട്ടക്കാരും തമ്മില്‍ പിണങ്ങുകയോ പാട്ടം ഒടുക്കാന്‍ താമസിക്കുകയോ ചെയ്യുമ്പോള്‍ നിലവിലെ പാട്ടക്കാരനെ ഒഴിവാക്കി ഭൂമി മറ്റൊരാള്‍ക്ക് നല്‍കും. നിയമം ഇങ്ങനെയാണെങ്കിലും കഷ്ടപ്പെടുത്തി ആരെയും പുറത്താക്കുമായിരുന്നില്ല. നിയമങ്ങള്‍ ആരും തെറ്റിക്കുകയും ചെയ്തിരുന്നില്ല.


ബ്രിട്ടീഷ് കാലം

ബ്രിട്ടീഷുകാര്‍ ടിപ്പുവില്‍ നിന്ന് മലബാര്‍ കൈവശപ്പെടുത്തിയപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ജന്മികളെ സഹകരിപ്പിച്ച് ഭരണം നില നിറുത്തുകയായിരുന്നു ഇവര്‍ക്ക് ലക്ഷ്യം. ഭരണം മാറിയപ്പോള്‍ തിരുവിതാംകൂറിലേക്ക് പോയ ജന്മിമാരൊക്കെ മടങ്ങി വന്നു. മൊത്തത്തില്‍ മലബാറിലാകെ 511 ജന്‍മിമാരാണുണ്ടായിരുന്നത്. അവരില്‍ 12 പേര്‍ മാപ്പിള ജന്മിമാരണ്. ജന്മിമാരെല്ലാം പൊതുവില്‍ ബ്രിട്ടീഷുകാരുടെ സഹകാരികളായി. ഈ തക്കത്തില്‍ തങ്ങളുടെ അവകാശാധികാരങ്ങള്‍ ജന്മിമാര്‍ ശക്തിപ്പെടുത്താന്‍ തുടങ്ങി. അമിതമായ നികുതിയാണ് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയത്. ജന്മിമാര്‍ ഈ നികുതി കാണക്കാരായ ഇടത്തട്ടുകാരുടെ തലയില്‍ വച്ചു. കാണക്കാര്‍ അത് വെറുംപാട്ടക്കാരായ കുടിയാന്മാരുടെ തലയിലും. ഇത് മൂലം പ്രദേശത്താകെ അസ്വസ്ഥത പടര്‍ന്നു. പല ജന്മിമാരും മാപ്പിളമാരെ ടിപ്പുവിന്റെ ആളുകളെന്ന് മുദ്ര കുത്തി ടിപ്പുവിനോടുള്ള അരിശം മാപ്പിളമാരായ കാണക്കാരുടെ (ഇടത്തട്ടുകാര്‍) തലയില്‍ വയ്ക്കുകയും ചെയ്തു. അവരുടെ കീഴില്‍ ജോലിയെടുക്കുന്ന താണ ജാതിക്കാരായ ചെറുമക്കളുടെ കാര്യവും കൂടുതല്‍ കഷ്ടത്തിലായി. കുടിയാന്‍മാര്‍ ഏത് ജാതിയായാലും ജന്മിമാരുടെ ഭാഗത്തുനിന്ന് ഒരു ദാക്ഷിണ്യവുമുണ്ടായില്ല. കര്‍ഷകര്‍ പലരും നാടുവിട്ട് കാടുകളിലഭയംതേടി. നികുതി അടച്ചില്ല എന്ന പേരില്‍ കൃഷിഭൂമിയില്‍ നിന്നും കര്‍ഷകരെ നിരന്തരം പുറത്താക്കാന്‍ തുടങ്ങി. കര്‍ഷകരുടെ പരിദേവനങ്ങള്‍ കേള്‍ക്കാന്‍ ആരും മനസ്സുവച്ചില്ല.


കാണക്കാര്‍ക്കെതിരെ കള്ള രേഖകള്‍ ചമച്ച് ബ്രിട്ടീഷ് കോടതികളില്‍ നല്കി അങ്ങനെയും പുറത്താക്കല്‍ തുടര്‍ന്നു. കോടതികളില്‍ നിന്ന് കുടിയാന്‍മാര്‍ക്ക് ഒരു നീതിയും ലഭിച്ചില്ല. അവിടെ ജന്മിയുടെയം ബ്രിട്ടീഷുകാരുടെയും ആളുകളാണ് കേസ് നടത്തിയിരുന്നത്. കേസില്‍ കുടിയാന്‍മാരെ തോല്പിക്കുകയും അധികാരികളുടെ സഹായത്തോടെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുകയും ചെയ്തു. ശേഷം ഈ ഭൂമി തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കൊടുക്കും. ഇങ്ങനെ വരുന്ന ആളുകള്‍ക്ക് കുടിയാന്‍മാരോട് ഒട്ടും താല്പര്യമുണ്ടായില്ല. പലപ്പോഴും ഈ കുടിയൊഴിപ്പിക്കല്‍ നെല്ല് വിളഞ്ഞു നില്‍ക്കുമ്പോഴോ വാഴക്കുലകള്‍ വെട്ടാന്‍ പാകമാകുന്ന സമയത്തോ ആയിരിക്കും. അന്ന് കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ എല്ലാ ഫല വര്‍ഗങ്ങള്‍ക്കും നികുതി ഒടുക്കേണ്ടി വന്നു. ചക്കയും മാങ്ങയും വരെ നികുതിയില്‍ നിന്നൊഴിവായില്ല. ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കര്‍ഷകന് കൊടുക്കണമെന്ന നിയമവും ജന്മിമാര്‍ പാലിച്ചില്ല.


സാധാരണ പാട്ടത്തിന് പുറമേ ജന്മിയുടെ കല്യാണത്തിനും പിറന്നാളിനും, വിഷുവിനും ഓണത്തിനുമൊക്കെയായി വേറെയും വക കാണക്കാര്‍ നല്‍കണം. അതൊക്കെ സ്‌നേഹപൂര്‍വം തന്നെ ആദ്യ കാലത്ത് ചെയ്തിരുന്നതാണ്. പിന്നെപ്പിന്നെ ജന്മി അത് നിര്‍ബന്ധിച്ച് വാങ്ങിത്തുടങ്ങി. കൊടുത്തില്ലെങ്കില്‍ ഭൂമി തിരിച്ചെടുത്ത് മറ്റാര്‍ക്കെങ്കിലും നല്‍കും. ജന്മിയുടെ സന്തോഷത്തിലാണ് കുടിയാന്‍ സന്തോഷം കണ്ടിരുന്നത്. ജന്മിക്ക് വേണ്ടി ജീവിക്കുകയായിരുന്നു അവന്‍. തനിക്ക് സ്വാതന്ത്ര്യമുള്ളൊരു ജീവിതമുണ്ടെന്നോ താനും ജന്മിയെപ്പോലെ മനുഷ്യനാണെന്നോ ഉള്ള ഒരു തോന്നലും കുടിയാനുണ്ടായിരുന്നില്ല. പക്ഷേ, ചൂഷണം അതിരു വിട്ടപ്പോഴാണ് കുടിയാന് സ്വയം ബോധമുണ്ടാവുന്നത്. അതിന് ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം ഒരു പരിധി വരെ കാരണമാവുകയും ചെയ്തു. ടിപ്പുവിന്റെ കാലത്ത് കര്‍ഷകര്‍ അനുഭവിച്ച പ്രവര്‍ത്തന സ്വാതന്ത്ര്യവും മറ്റൊരു കാരണമായി.


മതവിശ്വാസം

മാപ്പിളമാരായ കുടിയാന്‍മാര്‍ കൂടുതല്‍ കഷ്ടപ്പെട്ടത് അവരുടെ മത വിശ്വാസത്തെ ചൊല്ലിയാണ്. ഈ മാപ്പിളമാര്‍ മതം മാറിയവരാണ്. അവര്‍ തങ്ങളുടെ പാട്ട ഭൂമിയില്‍ പള്ളികളും ശ്മശാനങ്ങളും നിര്‍മിച്ചിരുന്നു. തിരിച്ചു വന്ന പല ജന്മിമാരും ഈ പള്ളികള്‍ നില നില്ക്കാന്‍ അനുവദിച്ചില്ല. അവര്‍ ഭൂമി തങ്ങളുടേതാണെന്ന് സ്ഥാപിച്ച് പള്ളികള്‍ പൊളിക്കുകയും ശ്മശാനങ്ങള്‍ നിരപ്പാക്കുകയും ചെയ്തു. അതുപോലെ പുതിയ പള്ളികള്‍ക്കും ശ്മശാനങ്ങള്‍ക്കും ജന്മിമാര്‍ സ്ഥലം നല്കിയതുമില്ല.


മതം മാറി വന്നവര്‍ക്ക് പഴയ കാലത്ത് ആദരവ് കല്പിച്ചിരുന്നു. പല ജന്മികളും ഈ നിലപാടില്‍ നിന്ന് മാറി. മതം മാറിയാലും പഴയ ജാത്യാചാരങ്ങള്‍ ഉപേക്ഷിക്കാന്‍ അവരെ അനുവദിച്ചില്ല. മതം മാറിയവരെ ഉപദ്രവിക്കാനും മടിച്ചില്ല. തിരൂരങ്ങാടിയില്‍ ഒരു ചെറുമി മതം മാറി കുപ്പായമിട്ട് വന്നപ്പോള്‍ അവിടത്തെ നായര്‍ ജന്മി അവരെക്കൊണ്ട് കുപ്പായം അഴിപ്പിച്ചത് കലാപത്തിന് കാരണമായി. തിരൂരങ്ങാടി തന്നെ കപ്രാട്ട് പണിക്കരുടെ വധത്തില്‍ കലാശിച്ച കലാപത്തിന്റെ പിന്നിലും മതം മാറിയവരെ ജന്മിയുടെ ആളുകള്‍ അപമാനിച്ചതായിരുന്നു. മതം മാറിയാലും ആചാരങ്ങള്‍ പാലിക്കണമെന്ന ടിപ്പുവിന്റെ പുതിയ കല്‍പനകള്‍ മതം മാറിയവര്‍ പരിഗണിച്ചതുമില്ല. മതം മാറിയാല്‍ കിട്ടുന്ന സ്വാതന്ത്ര്യം ആചാരങ്ങളെ കൊണ്ട് ഇല്ലാതാക്കാന്‍ മതം മാറിയവര്‍ തയാറായില്ല.


മമ്പുറം തങ്ങള്‍

മലബാറില്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആഗമം ഇവിടെയുള്ള കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി. ഇതുവരെ തങ്ങളുടെ വിഷമങ്ങള്‍ അവതരിപ്പിക്കാനും കേള്‍ക്കാനും ആളില്ലായിരുന്നു. എന്നാല്‍ മമ്പുറം തങ്ങള്‍ എല്ലാവരുടെയും സങ്കടങ്ങള്‍ കേട്ടു. അതിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. കൃഷി ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും ദാരിദ്ര്യം അനുഭവിക്കുന്നവരും ജന്മിയുടെ പീഡനങ്ങള്‍ക്കിരയായവരും ആയിരുന്നു ആശ്വാസം തേടി മമ്പുറത്തെത്തിയത്. എല്ലാവര്‍ക്കും തങ്ങളുടെ സാന്നിധ്യം ആശ്വാസമായി. പാവപ്പെട്ട കുടിയാന്‍മാര്‍ തങ്ങളുടെ സന്നിധിയില്‍ വന്ന് ഇസ്ലാം സ്വീകരിച്ചു വന്നു. തലേക്കെട്ടും കുപ്പായവും സ്വീകരിച്ച് കലിമ ചൊല്ലി മുസ്ലിമായി. തങ്ങളുടെ മാര്‍ഗത്തില്‍ കൂടുന്നതോടെ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന ബോധമാണ് കര്‍ഷകരുടെ കൂട്ടമായ മതംമാറ്റങ്ങള്‍ക്ക് കാരണമായത്. മുട്ടിയറയില്‍ ജന്മിയും പട്ടാളവും പള്ളിയില്‍ കയറി മാപ്പിളമാരെ അപമാനിച്ചപ്പോള്‍ അവര്‍ക്കെതിരെ സമരം നടത്താന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. കപ്രാട്ട് പണിക്കര്‍ക്കെതിരെ നടന്ന ചേറൂര്‍ സമരത്തില്‍ മമ്പുറം തങ്ങള്‍ നേരിട്ട് അരൂപിയായി പങ്കെടുത്തെന്ന് വരെ ജനം വിശ്വസിച്ചു.


സയ്യിദലവി തങ്ങളുടെ മരണശേഷം പുത്രന്‍ സയ്യിദ് ഫള് ല്‍ തങ്ങള്‍ കൂറേകൂടി സജീവമായി ജന്മി, ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കി. സമരങ്ങള്‍ക്ക് കൂടുതലായി ഇസ്ലാം രീതി കൈവന്നു. രക്തസാക്ഷിത്വം വരിക്കാനുള്ള ആഹ്വാനം തങ്ങളുടെ കൃതികളില്‍ മുഖ്യ പ്രമേയമായി, സൈഫുല്‍ ബത്താര്‍, തന്‍ബീഹുല്‍ ഗാഫിലീന്‍ തുടങ്ങിയ കൊച്ചു കൃതികളിലൂടെ സമരാഹ്വാനം കൂടുതല്‍ ശക്തിപ്പെടുത്തി. സമരം മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു. ഇത് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ 1853ല്‍ ഫള് ല്‍ തങ്ങളെ അറേബ്യയിലക്ക് നാടുകടത്തി. ഇതില്‍ കുപിതരായ മാപ്പിളയോദ്ധാക്കള്‍ നാടുകടത്തലിന് കാരണക്കാരനായ കലക്ടര്‍ കനോലിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് വെട്ടിക്കൊന്നു. പണ്ഡിതന്‍മാരും സയ്യിദ് വംശജരും സമരങ്ങള്‍ക്ക് ശക്തി കൂട്ടി.


ജന്മിത്വ വിരുദ്ധ സമരമായിരുന്നെങ്കിലും എല്ലാ ജന്മിമാരോടും സമരമുണ്ടായിരുന്നില്ല. പല ജന്മിമാരും കുടിയാന്മാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അവരുടെ മനകളും കളങ്ങളും നെല്ലറകളും സൂക്ഷിക്കുന്നതിനും കാവല്‍ നില്ക്കുന്നതിനും താണ ജാതിക്കാരും മാപ്പിളമാരുമായ കുടിയാന്മാരെ തന്നെയാണ് ആശ്രയിച്ചു വന്നത്. എന്നാല്‍ ചില ജന്മിമാര്‍ മാപ്പിളമാരോട് തീരെ ദയാ വായ്പില്ലാതെയാണ് പെരുമാറിയത്. കുടിയാന്മാരെ ഇവര്‍ കണക്കറ്റ് ദ്രോഹിച്ചു. നിരവധി കുടിയാന്‍മാരെ പുറത്താക്കി. പുറത്താക്കിയ ഹിന്ദു കുടിയാന്മാര്‍ മതം മാറി മാപ്പിളമാരോടൊപ്പം സമരത്തില്‍ ചേര്‍ന്നു. മതം മാറ്റങ്ങള്‍ക്ക് ഇതൊരു കാരണമായിരുന്നു. മതം മാറുകയല്ലാതെ മറ്റൊരു ഗതിയും ഈ കുടിയാന്മാര്‍ക്കില്ലായിരുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ മുഴുവന്‍ മതം മാറിയ കുടിയാന്മാരാണ്. മതം മാറിയത് ജന്മിത്വത്തിന്റെ നുകക്കീഴില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണുതാനും. ജന്മിമാരോട് പ്രതികാരം തീര്‍ക്കാന്‍ വേണ്ടി മതം മാറിയ സംഭവങ്ങളുമുണ്ട്. ജന്മിമാരെ നേരിടാന്‍ മതം മാറുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ മതം മാറിയവരാണ് കലാപത്തിന്റെ മുന്നിലും പിന്നിലുമുണ്ടായിരുന്നത്. ഈ മതംമാറ്റങ്ങള്‍ ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല; പ്രത്യുത ജാതീയവും ജന്മിത്വപരവുമായ ചൂഷണങ്ങളാണ് ആശ്രയം നഷ്ടപ്പെട്ട ഈ വിഭാഗങ്ങളെ കൂട്ടത്തോടെ മതം മാറാന്‍ നിര്‍ബന്ധിച്ചത്. സമരകാലത്ത് മതം മാറാന്‍ ആഗ്രഹിച്ചുകൊണ്ട് നിരവധി പേരാണ് ദിനേന മമ്പുറത്തെ അങ്കണത്തിലെത്തിയിരുന്നത്. മമ്പുറമായിരുന്നു ഇവരുടെ രക്ഷാകേന്ദ്രം. ഈ മതം മാറ്റങ്ങള്‍ സാമൂഹികമായ വിപ്ലവം തന്നെയാണ്. കാരണം മതം മാറുന്നതോടെ ഇന്നലെവരെ പാരതന്ത്ര്യത്തില്‍ കഴിഞ്ഞ വ്യക്തിക്ക് ജീവിത സ്വാതന്ത്ര്യം ലഭിക്കുന്നു. മതം മാറിയവര്‍ തലക്കെട്ട് കെട്ടിയും കുപ്പായമിട്ടും, ചെരിപ്പ് ധരിച്ചും അന്തസ്സോടെ നടക്കുന്നു.


മലബാര്‍ സമരങ്ങളില്‍ കാര്യമായ പങ്കു വഹിച്ചത് മതം മാറിവന്ന കുടിയാന്‍മാരാണെന്ന് പറഞ്ഞല്ലോ? ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മമ്പുറം തങ്ങള്‍ നേരിട്ട് ഇടപ്പെട്ടതും, കുടിയാന്‍മാര്‍ക്ക് ജാതി ഭേദമന്യേ അത്താണിയായതുമാണ് മമ്പുറത്ത് വച്ചുള്ള വ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായത്. ജന്മിയെ പ്രതിരോധിക്കാന്‍ ഹിന്ദു മതത്തില്‍ വകുപ്പില്ലാത്തതും മതം മാറിയവര്‍ സമരത്തിന് കാണിച്ച ആവേശവും മതം മാറ്റത്തെ പ്രോത്സാഹിപ്പിച്ചു. മതം മാറിയാല്‍ ചെറുമന് കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും കൂലിയും ജോലി സാധ്യതയും ലഭിക്കുന്നതുകൊണ്ടും മതം മാറ്റം വര്‍ധിച്ചുകൊണ്ടിരുന്നു. ഇങ്ങനെ മതം മാറിയവര്‍ പിന്നീട് വെറും പാട്ടക്കാരില്‍ നിന്ന് കാണക്കാരുടെ സ്ഥാനത്തേക്ക് ഉയരുന്നതും കണ്ടു. ചെറുമരില്‍ നിന്നാണ് കൂടുതലും മതം മാറ്റങ്ങള്‍ ഉണ്ടായത്. വ്യാപകമായ മതം മാറ്റങ്ങള്‍ മൂലം ചെറുമരുടെ എണ്ണത്തില്‍ കുറവ് വന്നത് ലോഗന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 1807ല്‍ 1. 7 ലക്ഷം മാത്രമായിരുന്ന മാപ്പിളമാര്‍ 1921ല്‍ 10.04 ലക്ഷമായി ഉയര്‍ന്നു. ചൂഷണങ്ങള്‍ക്കെതിരെ ഐക്യപ്പെടാന്‍ കഴിയാതിരുന്ന കുടിയാന്മാര്‍ ഇസ്ലാമിലൂടെ ഐക്യപ്പെടുന്നതിന്റെ ഭാഗമാണ് ഈ മതം മാറ്റങ്ങള്‍. കുടിയാന്‍മാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു ജന്മിയും അന്നുണ്ടായില്ലെന്ന് മാത്രമല്ല; കുടിയാന്മാര്‍ക്കെതിരെ ജന്‍മിമാര്‍ ഒരുമിച്ചുനിന്ന് ബ്രിട്ടീഷുകാരുടെ സഹായത്തോടെ ദ്രോഹങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് നാം കാണുന്നത്.


(തുടരും)




മലബാറിലെ മതംമാറ്റങ്ങള്‍ added by രിസാല on December 16, 2020

View all posts by രിസാല →


You must be logged in to post a comment Login



Search in site...



POPULAR

1 Issue 1014 Issue 1043 Issue 1050

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു

ഒടുവില്‍ അവര്‍ ലക്ഷ്യം കണ്ടിരിക്കുന്നു, പൗരത്വസമരം പിളര്‍ന്നിരിക്കുന്നു





Powered by WordPress - Designed by Gabfire Themes


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....