Friday, August 21, 2020

ഇലാം:ബീജോത്പാദനം വാരിയെല്ലിന്‍റെയും നട്ടെല്ലിന്‍റെയും ഇടയില്‍ നിന്നാണോ?

ബീജോത്പാദനം വാരിയെല്ലിന്‍റെയും നട്ടെല്ലിന്‍റെയും ഇടയില്‍ നിന്നാണോ?


Muhammad Sajeer Bukhari / 8 months ago




فالينظر الانسان مم خلق (5) خلق من ماء دافق (6)


يخرج من بين الصلب والترائب (۷



എന്നാൽ മനുഷ്യനൊന്നു ചിന്തിച്ചു നോക്കട്ടെ, എന്തിൽ നിന്നാണവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നാണ് അവൻ പടക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിൽ നിന്നത് പുറത്തു വരുന്നു (ആശയം 86 അത്ത്വാരിഖ് : 5-7).



ഈ സൂക്തം മുന്നിലെടുത്തു വെച്ച്, ബീജോത്പാദനം നടക്കുന്ന ത് വൃഷണങ്ങളിൽ നിന്നാണെന്ന ധാരണ മുഹമ്മദ് നബി സ്വ.ക്ക് ഇല്ലായിരുന്നുവെന്നും അവ വാരിയെല്ലിനും നട്ടെല്ലിനുമിടക്കു വെച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്നു തെറ്റായി വിശ്വസിച്ചിരുന്ന തിനാൽ അദ്ദേഹം എഴുതിച്ചേർത്തതാണ് ഈ വചനമെന്നുമാണ് ഖുർആൻ വിമർശകരായ ചിലർ ഉന്നയിക്കുന്ന ആരോപണം. വിശു ദ്ധ ഖുർആനിന്റെ അമാനുഷികതക്കെതിരെ ആരോപിക്കപ്പെടുന്ന ശാസ്ത്രീയ പ്രശ്നങ്ങളിൽ പ്രധാനമാണിത്.



വിശുദ്ധ ഖുർആനിനെ സംബന്ധിച്ചോ, തിരുഹദീസുകളെ കുറിച്ചോ സ്വഹാബതുൽ കിറാമിനു ഇതു സംബന്ധമായുണ്ടായിരുന്ന ധാരണയെ പറ്റിയോ തെല്ലും അറിവില്ലാത്തതിന്‍റെ ഉപോത്പന്നമാണ് യഥാർത്ഥത്തിൽ ഈ വിമർശനം. ഏറ്റവും പ്രഥമമായി മനസ്സിലാക്കേണ്ടത്, പ്രത്യുത്പാദനത്തിനു കാരണമാകുന്ന ബീജങ്ങളുടെ ഉത്പാദനം നടക്കുന്നത് വൃഷണങ്ങളില്‍ വെച്ചാണെന്ന വസ്തുത വിശുദ്ധ ഖുർആനിന്‍റെ അവതരണ കാലത്തെ അറബികള്‍ക്ക് പൊതുവെ അറിയാമായിരുന്നുവെന്നാണ് വിവിധ ഹദീസുകൾ സൂചിപ്പിക്കുന്നത്. ഏതാനും ഉദാഹരണങ്ങൾ


حدثنا عمرو بن عون حدثنا خالد عن اسماعيل عن قيس عن عيد اس رضي الله عنه قال كنا نغزوا مع النبي صلى الله عليه وسلم و لیس معنا نساء فقلنا الا نختصي؟ فنهانا عن ذلك فرخص لنا بعد ذلك ان تتزوج المرأة بالثوب ثم قرأ ويا ايها الذين آمنوا لا تحرموا طيبات ما احل الله لكم و صحيح البخاري 4-۱۹۸۷)


അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) നിവേദനം: ഞങ്ങൾ നബി സ.യോടൊപ്പം പ്രതിരോധ സമരത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ ഭാര്യമാർ കൂടെയില്ല. അങ്ങനെയിരിക്കെ ഒരിക്കൽ ഞങ്ങൾ ചോദിച്ചു “ഞങ്ങൾ ഷണ്ഡത്വം വരിച്ചുകൊള്ളട്ടെ?' അവ ടുന്നു ഞങ്ങളോടത് വിരോധിച്ചു. ഒരു വസ്ത്രമെങ്കിലും മഹ്റായി നൽകി വിവാഹം ചെയ്തുകൊള്ളാൻ അവിടുന്നു ഞങ്ങൾക്ക് ഇളവ് നൽകി. എന്നിട്ട് ഈ ഖുർആൻ വാക്യം ഉദ്ദരിച്ച് കേൾപ്പിച്ചു:


ويا ايها الذين آمنوا لا تحرموا طيبات ما أحل الله لكم


വിശ്വസിച്ചവരായുള്ളാരേ, അള്ളാഹു നിങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള നല്ല സാധനങ്ങളൊന്നും നിങ്ങൾ നിഷിദ്ധമാക്കി വെക്കരുത് (സ്വഹീഹുൽ ബുഖാരി, കിതാബു ത്തഫ്സീർ). ഇമാം മുസ്ലിം(റ)വും ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട് (സ്വഹീഹു മുസ്ലിം, കിതാബു നികാഹ്, ബാബു നിക്കാഹിൽ മുത്അത്തി വ ബയാനി അന്നഹു ഉബീഹ സുമ്മ നുസിഖ).


حدثنا أحمد بن يونس حدثنا ابراهيم بن سعد اخبرنا ابن شهاب سمع سعيد بن المسيب يقول سمعت سعد بن أبي وقاص يقول رد رسوه الله صلى الله عليه وسلم على عثمن بن مظعون التبتل ولو اذن له الاختصينا (صحيح البخاري 5- ۱۹۰۲)


സഅദ്ബ്നു അബീ വഖാസ് (റ) പറയുന്നു: ഉസ്മാനു ബ്നുമള്ഊൻ (റ) ബ്രഹ്മചര്യം അനുഷ്ഠിക്കാൻ തീരുമാനിച്ചപ്പോള്‍ റസൂലുളളാഹി സി. അതിനെ നിരോധിച്ചു. അദ്ദേഹത്തിനെങ്ങാനും അനുമതി ലഭിച്ചിരുന്നെങ്കിൽ ഞങ്ങളും ഷണ്ഡീകരണം സ്വീകരിക്കുമായിരുന്നു (സ്വഹീഹുൽ ബുഖാരി, കിതാബു നികാഹ്, ബാത് മാ യുക്റഹു മിന ത്തബത്തിൽ വൽ ഖിസാത്ത്, സ്വഹീഹു മുസ്ലിം കിതാബു നിക്കാഹ്, ബാബു ഇസ്തിഹ്ബാബി നിക്കാഹ് ലിമൻ താഖത് ഇലയി നഫ്സുഹു).


وقال اصبغ اخبرني ابن وهب عن يونس بن يزيد عن ابن شهاب عن ابي سلمة عن أبي هريرة رضي الله عنه قال قلت يارسول الله اني رجل شاب وانا اخاف على نفسي العنت ولا اجد ما اتزوج به النساء فسكت عني ثم قلت مثل ذلك فسكت عني ثم قلت مثل ذلك فقال النبي صلى الله عليه وسلم يا أبا هريرة جف القلم بما انت لاق فاختص على ذلك أو ذر (صحيح البخاري 5- ۱۹۰۳)


അബൂ ഹുറൈറ(റ) പറയുന്നു: ഞാൻ പറഞ്ഞു: അള്ളാഹുവിന്റെ റസൂലെ, ഞാൻ യുവാവായ വ്യക്തിയാണല്ലോ, ലൈംഗികമായി പാപം ചെയ്തു പോകുമോ എന്നു തീർച്ചയായും ഞാൻ ഭയപ്പെടുന്നു. ഞാനാണെങ്കിലോ സ്ത്രീകളെ വിവാഹം കഴിക്കുവാൻ ആവശ്യമായ (സമ്പത്ത്) ഒന്നും കാണുന്നുമില്ല. അപ്പോൾ നബി സ്വ. മൗനം പാലിച്ചു. ഞാൻ ചോദ്യം ആവർത്തിച്ചു. പിന്നെയും മൗനം തന്നെ ഞാൻ വീണ്ടും ആവർത്തിച്ചു. അപ്പോൾ നബി സ്വ. പറഞ്ഞു: അബൂ ഹുറൈറാ... നീ ഷണ്ഡീകരണം ചെയ്താലും ശരി പ്രയോജനമൊന്നുമില്ല; നിന്റെ ജീവിതത്തിൽ നേരിടാനിരിക്കുന്നതെല്ലാം വിധി രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു (സ്വഹീഹുൽ ബുഖാരി, അതേ അദ്ധ്യായം). തിരുനബി സ്വ.യുടെ സമകാലികർക്ക് വൃഷണച്ഛേദം (Castration) സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നുവെന്നു ഉപര്യുക്ത ഹദീസുകൾ വ്യക്തമായി സംസാരിക്കുന്നു. പുരുഷന്മാരുടെ ലൈംഗികോദ്ധാരണശേഷിയും പ്രത്യുല്പാദന ശേഷിയും ഇല്ലാതാക്കാൻ വൃഷണച്ഛേദം നടത്തി ഷണ്ഡീകരണം നടത്തിയാൽ മതി എന്ന് അവർ വിചാരിച്ചിരുന്നതിൽ നിന്നും പ്രത്യുത്പാദനത്തിനു കാരണമാകുന്ന ബീജത്തിന്‍റെ ബീജത്തിന്റെ ആവിർഭാവം വൃഷണങ്ങളിൽ നിന്നു ആണെന്നു അവർക്കു അറിയാമായിരുന്നുവെന്നു മനസ്സിലാക്കാം. ഉദ്ധൃത ഹദീസുകളിൽ മൂന്നിലും വെവ്വേറെ ആളുകളാണ് നിവേദകർ. വൃഷണച്ഛേദം വഴി ഷണ്ഡീകരണം സ്വീകരിക്കുന്ന രീതി അവർക്കിടയിൽ വ്യാപകമായ രീതിയിൽ നിലനിന്നിരുവെന്നാണ് ഹദീസുകകളിലെ സംഭാഷണത്തിന്റെ സ്റ്റൈലും അവയുടെ നിവേകരിലുള്ള വൈവിധ്യവും അറിയിക്കുന്നത്. പറഞ്ഞു വന്നതിന്‍റെ ചുരുക്കം, പുരുഷ ബീജവും വൃഷ്ണവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് യാതൊന്നും മുഹമ്മദ് നബി സ്വ.ക്കോ അദ്ദേഹത്തിന്‍റെ അനുചരന്മാർക്കോ തരിമ്പും അറിയില്ലെന്ന ആരോപണം ശുദ്ധ ഭോഷ്കാണ്. എങ്കിൽപ്പിന്നെ ഈ സൂക്തത്തിൽ താൽപര്യമെന്താണ്?


خلق من ماء دافق (6) يخرج من بين الصلب والترائب (۷)


തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ മനുഷ്യന്‍ പടക്കപ്പെട്ടത്. സുൽബിനും തറാഇബിനും ഇടയിൽ നിന്നു അതു പുറത്തു വരുന്നു. സുൽബിനും തറാഇബിനും ഇടയിൽ നിന്നാണ് അതു പുറപ്പെടുന്നത്. ഈ വചനത്തിലെ വിമര്‍ശിക്കപ്പെടുന്ന ആശയം പൊതിഞ്ഞു നില്‍ക്കുന്ന നാലുപദങ്ങളും പ്രത്യേകം പരിഗണിക്കപ്പെടേണ്ടവയാണ്. 


(1) മിൻ 


(2) മാഉൻ ദാഫിഖ്. 


(3) സുൽബ് 


(4) തറാഇബ് 


ഇവ ഓരോന്നും വെവ്വേറെ പരിശോധിക്കാം.



1. മാഉൻ ദാഫിഖ്


സാധാരണ ഗതിയിൽ വെള്ളം എന്നു പരിഭാഷപ്പെടുത്താറുള്ള പദമാണ് മാഅ് എന്നത്. മ,വ,ഹ എന്ന മൂലത്തിൽ നിന്നു നിഷ്പ്ന്നമായിരിക്കുന്ന ഈ പദം ദ്രാവക രൂപത്തിലുള്ള വസ്തുക്കൾക്ക് പൊതുവെ ഉപയോഗിക്കാറുണ്ട് (See, A Dictionary of Modern Written Arabic, Hans Wehr Edited by J. Milton Cowan, Page: 932). ദാഫിഖ് എന്നാൽ മുന്നോട്ട് തെറിക്കുക, ശക്തിയോടെ ഒഴുകുക എന്നൊക്കെ അർത്ഥം കല്പിക്കുന്നു (Ibid). പുരുഷ ബീജം തെറിച്ചുവീഴുന്ന (സവമാണെന്നു ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. എന്നാൽ ശുക്ലത്തിനു ഈ സവിശേഷത ഉണ്ടാകുവാനുള്ള കാരണമെന്താണെന്നും അതു തെറിച്ചു വീഴുന്നതെങ്ങനെയെന്നും ഗ്രഹിക്കുമ്പോൾ ഖുർആനിക പ്രയോഗത്തിന്‍റെ കൃത്യതയിൽ നമ്മൾ അതിശയപ്പെടാതിരിക്കില്ല.



സ്ത്രീയുടെ അണ്ഡവുമായി ചേർന്ന് സിക്താണ്ഡം (Zygote) രൂപപ്പെടുന്നതിനു പാകമായ വിധത്തിൽ പുരുഷ ലിംഗം സ്രവിക്കുന്ന ദ്രാവകത്തിനാണല്ലൊ ശുക്ലം എന്നു പറയുന്നത്. ഇതിന്റെ രണ്ടു ശതമാനം മുതൽ അഞ്ചു ശതമാനത്തിൽ താഴെ വരെ മാത്രമാണ് ബീജങ്ങളുണ്ടാവുക. നിസ്സാരമായി കാണാൻ വരട്ടെ, ഒരൊറ്റ സ്ഖലനത്തിലെ ബീജസംഖ്യ ഇരുപതു കോടി മുതൽ അമ്പതു കോടി വരെ ഉണ്ടാകും! ലോകാരോഗ്യ സംഘടന (W H 0)യുടെ കണക്കനുസരിച്ച് ഒറ്റ തവണയുള്ള സ്ഖലനത്തിൽ ചുരുങ്ങിയത് നാലു കോടി ബീജാണുക്കളെങ്കിലും ഉണ്ടെങ്കിലേ അതിനെ സ്വാഭാവിക ബീജസംഖ്യ (Normal Sperm Count) ആയി പരിഗണിക്കുകയുള്ളു!!



വൃഷണത്തിൽ ഏകദേശം അറുപത്തിനാല് ദിവസങ്ങളെടുത്താണ് ഓരോ ബീജാണുവും വളർന്ന് പൂർണതയിലെത്തുന്നത് സ്പേർമെറ്റോഗോണിയം (Spermetogonium) എന്നു വിളിക്കപ്പെടുന്ന കോശം വൃഷണത്തിനകത്ത് ഊനഭംഗത്തിലൂടെ വിഭജിക്കപ്പെട്ട് സ്പേർമെറ്റോസൈറ്റുകളായും (Spermatocytes) പിന്നീട് അവയ്ക്ക് വാല് കിളിർത്തു വരികയും ചലനശേഷി കൈ വരികയും ചെയ്ത ബീജാണുക്കളായി മാറുകയും ചെയ്യുന്നു. 



ഇങ്ങനെയുണ്ടാകുന്ന ബീജാണുക്കൾ ശുക്ലസവത്തിന്റെ അഞ്ചിൽ താഴേ ശതമാനം മാത്രമേ ഉണ്ടാകുവെന്നു പറഞ്ഞുവല്ലോ. സെമിനൽ വെസിക്കിളുകൾ (Seminal Vesicles) ഉത്പാദിപ്പിക്കുന്ന സ്രവങ്ങളാണ് ഇവയിൽ 65 മുതൽ 75 ശതമാനം വരെ. പോസ്റ്റാഗ്ലാൻഡിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ, വിറ്റാമിൻ സി, സിട്രേറ്റ്, ഫക്റ്റോസ്, ഫ്ളാവിനുകൾ, ഫോസ്ഫോറിൽ കോളിൻ തുടങ്ങിയവയാണ് ഈ സ്രവങ്ങളിൽ മുഖ്യമായിട്ടുള്ളത്. ഇവയ്ക്കു പുറമെ 25 മുതൽ 30 ശതമാനം വരെ പ്രോസ്റ്റേറ്റിൽ (Prostate) നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന സിട്രിക്ക് ആസിഡ്, ഫെബിനോലിസിൻ, ആസിഡ് ഫോസ്റ്റേസ്, പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്‍റിജൻ, സിങ്ക്, പ്രോട്ടിയോലിറ്റിക് എൻസൈമുകൾ തുടങ്ങിയവയാണ് ശുക്ലത്തിലുണ്ടാവുക. ഇവയ്ക്കു പുറമെ ഏതാണ്ട് ഒരു ശതമാനം ബൾബോയൂറിത്രല്‍ ഗ്രന്ഥികൾ (Bulbouriethral glands) അഥവാ കൌപെഴ്സ് ഗ്രന്ഥികൾ (Cowpers glands) എന്നിവ പുറപ്പെടുവിക്കുന്ന ഗാലക്ട്രോസ്, സിയാലിക് ആസിഡ് എന്നീ സ്രവങ്ങളും


ശുക്ലദ്രാവകത്തിലുണ്ട്. അളവിൽ വളരെ കുറവുണ്ടെങ്കിലും സുരക്ഷിതത്വത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണ് കൌപെഴ്സ് സ്രവങ്ങൾ. ചുരുക്കത്തിൽ, ശുക്ലത്തിൽ രണ്ടോ അതിലൽപം കൂടുതലോ മാത്രം ശതമാനമാണ് ബീജാണുക്കൾ ഉള്ളത്. ബാക്കി 98 നടുത്ത് ശതമാനവും മറ്റു സ്രവങ്ങളാണ്. 



സ്ഖലനം (Ejaculation) സംവിധാനിക്കപ്പെട്ടിരിക്കുന്നത് അതിശയകരമായ രീതിയിലാണ്. ശുക്ലം ലിംഗത്തിലൂടെ തെറിച്ചു വീഴുന്നതിന്നാണല്ലോ സ്ഖലനം എന്നു പറയുന്നത്. രതിപൂർവലീലകളിലൂടെയോ അല്ലാതെയോ ലിംഗോദ്ധാരണം ഉണ്ടാകുമ്പോൾ ആദ്യം ലിംഗനാളി (Urethra) യിലൂടെ കൗപേഴ്സ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സ്നേഹദ്രവം (Preseminal fluid) പുറത്ത് വരുന്നു. ഈ ദ്രവം ലിംഗനാളിയിലുള്ള മൂത്രാംശം നീക്കം ചെയ്ത് ബീജങ്ങൾക്ക് അപകടം കൂടാതെ കടന്നുപോകാനുള്ള വഴിയൊരുക്കുന്നു. ഈ സ്നേഹദ്രവത്തിന്‍റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ മൂത്രാംശത്തിന്‍റെ അമ്ലസ്വഭാവം (Acidity) ബീജങ്ങളെ ഒന്നടങ്കം നശിപ്പിച്ചുകളയുമായിരുന്നു!



രതിമൂർച്ചയുണ്ടാകുമ്പോൾ മസ്തിഷ്കത്തിലുള്ള അനുതപ്ത നാഡീവ്യവസ്ഥ (Sympethetic nervous system)യില്‍ നിന്നുള്ള സന്ദേശ പ്രകാരം വൃഷണങ്ങളിലുള്ള ബീജങ്ങൾ എപിഡിഡൈമിസിൽ (Epididymis)എത്തുന്നു. അനന്തരം ബീജവാഹിനി കുഴലിലൂടെ മുകളിലേക്കു കയറുന്നു. ഉടൻ തന്നെ, മുതുകെല്ലിന്റെ അടിവശത്തിനു മുന്നിലുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate glands)യിൽ നിന്നുള്ള സവങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ബീജവാഹിനിക്കുഴൽ അവസാനിക്കുന്നിടത്തു നിന്നു ആരംഭിക്കുന്ന സ്ഖലന നാളി (Ejaculatory duct)യിൽ എത്തുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് സ്രവങ്ങൾ ബീജങ്ങളുമായി കലരുന്നതോടൊപ്പം തന്നെ പ്രോസ്റ്റേറ്റിനു തൊട്ട് പിന്നിലായി സെമിനൽ വെസിക്കിളുകളിൽ നിന്നും കൗപേഴ്സ് ഗ്രന്ഥിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളും അതിനോടൊപ്പം ചേരുന്നു. ഇങ്ങനെ കൂടി ചേർന്നു ഉണ്ടാകുന്ന ശുക്ലം സ്ഖലനനാളിയിൽ നിന്നു ലിംഗനാളിയിലൂടെ പുറത്തേക്ക് തെറിച്ചു വീഴുന്നു. തെറിച്ചു വീഴുന്ന ദ്രാവകത്തിൽ നിന്നാണ് (മിൻ മാഇൻ ദാഫിഖ്) മനുഷ്യസൃഷ്ടിയെന്ന വിശുദ്ധ ഖുർആനിക പരാമർശം പ്രത്യക്ഷരം ശരി വെക്കുന്ന രീതിയിലാണ് ഇത് ഉണ്ടാകുന്നത്. 



ആനുഷംഗികമായി ഓർത്തിരിക്കേണ്ട ഒന്നാണ് ശുക്ലം കേവലം വൃഷണങ്ങളിൽ നിന്നല്ല ഉത്പ്പാദിപ്പിക്കപ്പെടുന്നത് എന്നത്. വൃഷണങ്ങൾക്ക് പുറമെ, മുതുകെല്ലിന്‍റെ അടിഭാഗത്തിനു മുന്നിലായുള്ള സെമിനൽ വെസിക്കിളുകൾ, proസ്റ്റേറ്റ് ഗ്രന്ഥി, കൗപേഴ്സഗ്രന്ഥി എന്നിവയിൽ നിന്നു ഉത്പ്പാദിപ്പിക്കപ്പെട്ട് സ്ഖലന നാളിയിലെത്തി ഒന്നിച്ചു ചേർന്ന ശേഷം ലിംഗനാളിയിലൂടെ പുറത്തേക്കു തെറിച്ച് വീഴുന്നു. നടേ വിവരിച്ച പോലെ കേവലം രണ്ടോ മൂന്നോ ശതമാനമാണ് ശുക്ലത്തിൽ വൃഷണത്തിൽ നിന്നുള്ള പങ്ക്.



“മാഉൻ ദാഫിഖ്' തെറിച്ചു വീഴുന്ന ദ്രാവകം എന്ന പ്രയോഗത്തിന്‍റെ കൃത്യത ബോധ്യപ്പെടാനുതകുന്ന മറ്റൊന്നു കൂടെ പറയാം. സ്ത്രീ ശരീരത്തിലുണ്ടാകുന്ന അണ്ഡം ആണത്. ഗർഭസ്ഥശിശുവിനു അഞ്ചു ആഴ്ച പ്രായമാകുമ്പോൾ ജനനേന്ദ്രിയ ശിഖരങ്ങൾ (Genital Ridges) രൂപപ്പെടുന്നു. ആറാഴ്ച പൂർത്തിയാകുമ്പോൾ ഗർഭസ്ഥ ശിശുവിന്‍റെ ലിംഗം നിർണയിക്കുവാൻ സാധ്യമാകുന്ന വിധത്തിലുള്ള മാറ്റങ്ങൾ പ്രകടമാകാൻ ആരംഭിക്കുന്നു. ജനനേന്ദ്രിയ ശിഖരങ്ങളിൽ നിന്നു ലൈംഗികാവയവങ്ങളുടെ പൂർവരൂപമായ ബീജഗ്രന്ഥികൾ (gonads) രൂപപ്പെടുന്നു. ഈ ബീജഗ്രന്ഥി താഴേക്ക് ഇറങ്ങിയാണ് പുരുഷന്മാരിൽ വൃഷണങ്ങളും (Testicles) സ്ത്രീകളിൽ അണ്ഡാശയങ്ങളും (Overies) ഉണ്ടാകുന്നത്. സ്ത്രീകളുടെ ബീജഗ്രന്ഥി രൂപപ്പെടുമ്പോൾ (oocytes) അതിൽ അണ്ഡകങ്ങൾ ഉത്പാദിപ്പിക്കപ്പെടാൻ ആരംഭിക്കുന്നു. ഈ അണ്ഡകങ്ങൾ പൊതിഞ്ഞ് കൊണ്ടുള്ള സഞ്ചികളെ ഫോളിക്കുകൾ (follicles) എന്നു വിളിക്കുന്നു. വിത്തറകൾ എന്നാണ് ആ വാക്കിനു പറയാവുന്ന അർത്ഥം. ഗർഭസ്ഥ ശിശുവിന് 18 ആഴ്ച പ്രായമാകുമ്പോഴാണ് അണ്ഡാശയത്തിനകത്ത് പരാമാവധി എണ്ണം ഫോളിക്കുകൾ ഉണ്ടാവുക. ഈ സമയത്ത് ഇരുപത്തഞ്ചു ലക്ഷം വരെ ആദിമ ഫോളിക്കുകൾ (Primodial follicles) ഉണ്ടാകാമെന്നാണ് മെഡിക്കൽ പഠനങ്ങൾ പറയുന്നത്. പിന്നീട് ഫോളിക്കുകൾ നശിച്ചു തുടങ്ങുന്നു. ശിശുവിനെ പ്രസവിക്കപ്പെട്ടതിന് ശേഷവും ഫോളിക്കുകൾ നശിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ശാരീരിക പ്രായപൂർത്തിയെത്തുമ്പോള്‍ ഒരു ലക്ഷത്തി എൺപതിനായിരം ഫോളിക്കുകളാണ് പെൺകുട്ടികളുടെ അണ്ഡാശയത്തിൽ ഉണ്ടാവുക. 



ഈ അണ്ഡാശയങ്ങൾക്ക് അതിനു ശേഷവും വ്യത്യസ്തമായ ഘട്ടങ്ങളിലുള്ള മാറ്റങ്ങൾ ഉണ്ടാകും. ഓരോ ഘട്ടത്തിലും നിരവധി ഫോളിക്കുകൾ നശിച്ചുകൊണ്ടേയിരിക്കും. എല്ലാ നിലയ്ക്കും ബലവത്തായ ലിംഗ കോശങ്ങളെ വഹിക്കുന്ന ഫോളിക്കുകൾ മാത്രം അതിജീവിക്കുന്നു. അവ മാത്രമാണ് അണ്ഡ വിസർജനത്തിന് തൊട്ടു മുമ്പുള്ള ഘട്ടം (Pre ovulatory Stage) വരെ എത്തുകയുള്ളൂ. അപ്പോഴേക്കും ഫോളിക്കിളുകളുടെ എണ്ണം ആകെ ഏക ദേശം നാന്നൂറ് ആയി ചുരിങ്ങിയിരിക്കും. 



ഗോണഡോട്രോപിൻ റിലീസിംഗ് ഹോർമോൺ (GnRH) പ്രോജസ്റ്ററോൺ, ലൂറ്റിനൈസിംഗ് ഹോർമോൺ (LH), ഈസ്ട്രജൻ, ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ (FSH) എന്നീ അഞ്ചു അന്തർ ഗ്രന്ഥിസ്രാവങ്ങൾ (Hormones) ഫോളിക്കിളുകളുടെ വളർച്ചയിൽ സഹായിക്കുന്നു. ആർത്തവ ചക്രത്തിന്‍റെ പതിനാലാം ദിവസം പൂർണ്ണ വളർച്ചയെത്തുന്ന ഫോളിക്കിളുകളിൽ ലൂറ്റിനൈസിംഗ് ഹോർമോണിന്‍റെ (LH) പ്രവർത്തനഫലമായി അതിലുള്ള തെക്കാ കോശങ്ങൾ (Thecca Cells) ആൻട്രോസ്റ്റേഡിനിയോൺ ഉത്പാദിപ്പിക്കുന്നു. അത് തലച്ചോറിലുള്ള ഹൈപ്പോതലാമസിനെ ഉദ്ധീപിപ്പിക്കുന്നു. അങ്ങനെ GnRH ന്റെ ഉത്പാദനത്തിനു കാരണമാകുകയും ചെയ്യും. അപ്പോഴേക്ക് വളർച്ചയെത്തിയ ഫോളിക്കിളിനകത്ത് ഒരു തരം ദ്രാവകം നിറഞ്ഞിരിക്കും. ഫോളിക്കുലർ ദ്രവം (follicular fluid) എന്നറിയപ്പെടുന്ന ഈ ദ്രാവകത്തിൽ പ്രധാനമായും ഹയലുറോണിക്ക് ആസിഡ് (Hyaluronic Acid) ആണുണ്ടാവുക. ഈ ആസിഡിനു പുറമെ പ്രായ പൂർത്തിയായ അണ്ഡത്തെ പൊതിഞ്ഞു കൊണ്ടുള്ള ക്യൂമുലസ് കോശങ്ങളും(Cumulas Cells) ഫോളിക്കിളിനകത്തുണ്ടാവും. ലൂറ്റിനൈസിംഗ് ഹോർമോണിന്‍റെ (LH) ഉത്തേജന ഫലമായി ഫോളിക്കിളുകൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീയോലിറ്റിക്ക് എൻസൈമുകൾ (Proteolytic enzymes) ഒരു വശത്തുള്ള ഫോളിക്കുളാർ കലകളെ (follicular Cells) നശിപ്പിക്കുന്നതിനാൽ അവിടെ സ്റ്റിഗ്മ (Stigma) എന്ന പേരിലുള്ള ദ്വാരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതിനുള്ളിലൂടെ പൂർണ്ണ വളർച്ചയെത്തിയ അണ്ഡത്തെ വഹിച്ച് ക്യൂമുലസ് കോശങ്ങളും ഫോളിക്കുളാർ ദ്രവവും തെറിച്ചു വീഴുന്നു. പുരുഷന്മാരുടെ ശുക്ലം ലിംഗത്തിൽ നിന്നു തെറിച്ചു വീഴുന്നു എന്നു പറഞ്ഞതിനോട് സമാനമായ പ്രക്രിയ തന്നെയാണിത്. അണ്ഡം ഉൾക്കൊള്ളുന്ന ദ്രാവകം (മാഉൻ ദാഫിഖ്) ഫലോപ്പിയൻ നാളിയിലൂടെ (Fallopian tube) അറ്റത്തുള്ള ഫിംബിയ (Fimbria) കളിൽ പതിക്കുകയും അവിടെ നിന്ന് ഗർഭാശയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.



ഖുർആനിലെ മാഉൻ ദാഫിഖ് എന്ന പ്രയോഗം പുരുഷ ശുക്ലത്തെ പോലെ സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്നു അണ്ഡം ഉത്സർജിക്കപ്പെടുമ്പോൾ തെറിച്ച് വീഴുന്നതിനെയും സൂചിപ്പി ക്കുന്നു! 



2. സ്വുൽബ്


മുതുകെല്ല്, നട്ടെല്ല് എന്നെല്ലാം പരിഭാഷപ്പെടുത്തിയിരിക്കുന്ന പദമാണ് സുൽബ് എന്നത്. ഒട്ടു മിക്ക പേരും കൊടുത്ത പ്രഥമാർത്ഥമാണിത്. പ്രസിദ്ധ ഓറിയന്റലിസ്റ്റ് പണ്ഡിതനായ Hans Wehr എഴുതി J. Milton Cowan എഡിറ്റു ചെയ്തിറക്കിയ Arabic-English Dictionary യില്‍ സ്വുല്‍ബിനു നല്‍കിയിരിക്കുന്ന അര്‍ഥം spinal Column / backbone - നട്ടെല്ല്, loins- അരക്കെട്ട് എന്നിങ്ങനെയാണ് (P.521). loin എന്ന പദത്തിനു google translate ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ നിഘണ്ടുകളും The concise Oxford Dictionary ഉൾപ്പടെയുള്ള പ്രിന്‍റഡ് നിഘണ്ടുകളും നൽകുന്ന അർത്ഥം സുൽബ് എന്നാണ്. ജൂതമതം വിട്ട് ഇസ്ലാം ആശ്ലേഷിച്ച മുഹമ്മദ് അസദ് (ലിയോപോൾഡ് വെയ്സ്), ക്രിസ്തു മതത്തിൽ നിന്നു ഇസ്ലാമിലേക്ക് വന്ന മുഹമ്മദ് മർമഡ്യൂക് പിക്താൾ, വിശ്രുതനായ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് പണ്ഡിതൻ ആർദർ ജോൺ ആർബറി തുടങ്ങിയവരെല്ലാം തയ്യാറാക്കിയ ഖുർആൻ പരിഭാഷകളിൽ സുൽബിനു നൽകിയിരിക്കുന്ന അർത്ഥം loins എന്നാണ്. അരക്കെട്ട്, ഗുഹ്യപ്രദേശം, ഇടുപ്പ്, നാഭി, കടിപ്രദേശം, നാഭീതടം എന്നിങ്ങനെയൊക്കെയാണ് ഈ പദത്തിന്‍റെ വിവക്ഷകൾ. സാധാരണയായി പറയാറുള്ള മുതുകെല്ല്, നട്ടെല്ല് എന്നിവക്കു പുറമെ പരിഗണിക്കാവുന്ന അർത്ഥ സാധ്യതകളാണ് ഇതെല്ലാം. 



Hans Wehrന്‍റെ Arabic - English Dictionary യിൽ هو ابن صلبه എന്നതിനു he is his own son എന്നും (അവൻ അയാളുടെ തന്നെ പുത്രനാകുന്നു ) എന്നും هو من صلبه എന്നതിന് he is his offspring (അവൻ അയാളുടെ സന്തതിയാണ്) എന്നും അർഥം കൽപിച്ചിരിക്കുന്നു. സ്വുൽബ് എന്നു കേൾക്കുന്ന മാത്രയിൽ നട്ടെല്ലും ഇടുപ്പും മാത്രം തേടിപ്പോകേണ്ടതില്ലെന്നർതം.



വിശുദ്ധ ഖുർആൻ 4/23 ൽ "നിങ്ങളുടെ പുത്രന്മാരുടെ ഭാര്യമാർ" എന്നതിന്


وحلائل ابنائكم الذين من أصلابكم


നിങ്ങളുടെ സുൽബുകളിൽ നിന്നുള്ളവരായ പുത്രന്മാരുടെ ഭാര്യമാർ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. മനുഷ്യരെ/സന്താനങ്ങളെ കുറിച്ച് "സുൽബിൽ നിന്നുള്ളവർ' എന്ന പ്രയോഗം മധ്യ പൂർവ്വ അറബു ദേശത്തും മറ്റു സെമിറ്റിക് ഭാഷകളിലും നിലനിന്നിരുന്നുവെന്നാണ് ചരിത്ര പഠനങ്ങൾ തെളിയിക്കുന്നത്. ബൈബിൾ തന്നെ ഇവ്വിഷയത്തിൽ മതിയായ തെളിവുകൾ നൽകും. ഏ താനും ഉദാഹരണങ്ങൾ പരിഗണിക്കാം.



1. അറബി ബൈബിളിൽ ഉത്പത്തി 35/11വചനത്തിൽ


وملوك سيخرجون من صلبك


(വ മുലൂകുൻ സയഖ്റുജൂന മിൻ സുൽബിക- രാജാക്കന്മാരും നിന്റെ കടിപ്രദേശത്ത് നിന്നു പുറപ്പെടും) എന്ന വചനത്തിൽ King James Bible, International Standard Version Bible, Jubilee Bible 2000, American King James Version, Douay-Rheims Bible, Darby Bible Transilation, English Revised Version , Webster's Bible Transilation, Young's Literal Transilation തുടങ്ങി പ്രശസ്തമായ ഒട്ടുമിക്ക ഇംഗ്ലീഷ് പരിഭാഷകളും loins എന്നാണ് സുൽബ് എന്ന പദം പരിഭാഷപ്പെടുത്തിയിട്ടുള്ളത്. 



2. പുറപ്പാട് 1/5


وكان جميع نفوس الخارجين من صلب يعقوب


യാക്കോബിന്റെ കടിപ്രദേശത്തു നിന്നുത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപത് ആയിരുന്നു എന്ന വചനത്തിലും ഒരു സുൽബ് ഉണ്ട്. മലയാളത്തിൽ കടിപ്രദേശം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഈ പദം New American Standard Bible, King James Bible, Jubilee Bible 2000, American King James Version, American Standard Version, Darby Bible Transilation, English Revised Version, എന്നിവ loins എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നു. എന്നാൽ തുട എന്നർത്ഥമുള്ള thigh എന്നാണ് Young's Literal Transilation, Douay-Rheims Bible എന്നിവർ നൽകുന്ന അർത്ഥം .



3. രാജാ 8/19


ابنك الخارج من صلبك


നിന്‍റെ “കടിപ്രദേശത്തു” നിന്നും ഉത്ഭവിക്കുന്ന മകൻ എന്നതിലെ കടിപ്രദേശം എന്നർത്ഥം പറഞ്ഞിരിക്കുന്ന സുൽബിനെ King James Bible, Jubilee Bible 2000 , American King James Version, American Standard Version, Darby Bible Transilation, Webster's Bible Transilation, Young's Literal Transilation എന്നിവ loins എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. 



ഇനിയും എത്രയെങ്ങാനും ഉദാഹരണങ്ങൾ ബൈബിളിൽ നിന്നും ഉദ്ധരിക്കാനാവും. മുകളിൽ ഉദ്ധരിച്ച ഉദാഹരണങ്ങളിൽ ഉത്പത്തിയിലും രാജാക്കന്മാരിലും സുൽബ്/ loins എന്ന് പരിഭാ ഷപ്പെടുത്തിയിരിക്കുന്നത് ഹിബ്രുവിലെ "khaw-lawts' എന്ന പദമാണ്. പുറപ്പാടിൽ "yaw-rek' എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. വിശദാംശത്തിന് Biblehub.com /lexicon നോക്കുക. ഈ രണ്ടു പദങ്ങളും മലയാളത്തിലേക്ക് കടിപ്രദേശം എന്നും അറബിയിലേക്ക് സുൽബ് എന്നുമാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്.



പുതിയ നിയമ പുസ്തകങ്ങളിലും (ഉദാ: അ .പ്ര 2/30 എബ്രാ7/ 5,10) ഇതേ പ്രയോഗം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ ഗ്രീക്കു ഭാഷയിൽ osphus എന്നുപയോഗിച്ചിരിക്കുന്നതിനെയാണ് അറബിയിലേക്ക് സുൽബെന്നും മലയാളത്തിലേക്ക് കടിപ്രദേശമെന്നും പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഉത്പത്തി, പുറപ്പാട്, രാജാക്കന്മാർ, ദിനവൃത്താന്തം, അപ്പോസ്തല പ്രവൃത്തികൾ, എബ്രായർ എന്നിങ്ങനെ വ്യത്യസ്ത കാലത്തും വ്യത്യസ്ത ദേശങ്ങളിലും വെച്ച് തീർത്തും പരസ്പരം അപരിചിതരായ പല എഴുത്തുകാർ വ്യത്യസ്ത ഭാഷകളിൽ ഒരേ പ്രയോഗം തന്നെ ഒരേ ആശയത്തിനു വേണ്ടി ഉപയോഗിച്ചിട്ടുള്ളതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് അറബികൾക്കു മാത്രമല്ല മധ്യപൂർവദേശത്തിലുടനീളം അരക്കെട്ട് / കടിപ്രദേശം / loins/ khaw-lawts/yaw-rek/osphus/ സ്വുല്‍ബ് എന്നുപയോഗിക്കുന്ന പതിവു രീതിയുണ്ടായിരുന്നു എന്നാണ്.



അറബികൾക്കിടയിൽ ഉണ്ടായിരുന്ന ഈ പ്രയോഗം ഖുർആനില്‍ വന്നത് നാം ഉദാഹരിച്ചിട്ടുണ്ട്. ഹദീസിലും ഇതേ ആശയം പാണാനാവും: അല്ലാഹു സ്വർഗത്തിന് അവകാശികളായവരെ പടച്ചിട്ടുണ്ട്. അവൻ അവരെ അതിനായി പടച്ചപ്പോൾ (വിധിച്ചപ്പോൾ) അവർ തങ്ങളുടെ പിതാക്കന്മാരുടെ കടിപ്രദേശത്തായിരുന്നു. നരകത്തിനു അവകാശികളായവരെയും അവൻ പടച്ചിട്ടുണ്ട്, അപ്പോൾ അവരും തങ്ങളുടെ പിതാക്കന്മാരുടെ കടിപ്രദേശത്തായിരുന്നു (സ്വഹീഹു മുസ്ലിം, കിതാബുൽ ഖദ്ർ, ബാബു മഅ്നാ കുല്ലി മൗലൂദിൻ യൂലദു അലൽ ഫിത്റതി വ ഹുക്മി മൗതി അത്ഫാലിൽ കുഫ്ഫാർ).



അലീ (റ) പറഞ്ഞു: നബി സ്വ. തന്നെ നാമകരണം ചെയ്തതു പോലെ എന്‍റെ മകൻ ഒരു നേതാവാണ്. നബി സ്വ.യുടെ തന്നെ പേരുള്ളവനും അദ്ദേഹത്തോട് സ്വഭാവത്തിൽ - രൂപത്തിലല്ല- സാ ദൃശ്യം പുലർത്തുന്നവനുമായ ഒരാൾ ഇവന്‍റെ "കടിപ്രദേശത്തു' നിന്നു വരും (സുനനു അബീദാവൂദ്, കിതാബു മഹ്ദി).


അബൂ സഈദിനിൽ ഖുദ്രി (റ): സ്വഹാബികൾ നബി സ്വ. യോട് ലൈംഗിക വേഴ്ചക്കിടെ ലിംഗം പുറത്തെടുത്ത് ശുക്ലം പുറത്ത് കളയാമോ? എന്നു ചോദിച്ചു. അവിടുന്നു പ്രതികരിച്ചു: നിങ്ങള ങ്ങനെ ചെയ്തു കൂടായെന്നു കാർക്കശ്യം ഇല്ല (അതിനു പ്രത്യേകിച്ചു ഫലമൊന്നുമില്ല. കാരണം) അന്ത്യനാൾ വരെയും ഏതെങ്കിലും ഒരു അടിമയുടെ കടിപ്രദേശത്തു നിന്ന് വരുമെന്നു അവൻ നിശ്ചയിച്ച സന്തതി വരാതിരിക്കില്ല. (സുനനുൽ കുബ്റാ ലിന്നസ്സാഈ ജൂസ്ത് 5, ഹദീസ് 9087)



സ്വാലിഹ് ബിനു അബീ സ്വാലിഹ് (റ ) തന്റെ പിതാവിൽ നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ റസൂലുല്ലാഹി സ്വ.യുടെ കൂടെ ഇരിക്കുകയായിരുന്നു. അന്നേരം ഹകമു ബ്നുൽ ആസ് അതു വഴി പോയി. അപ്പോൾ നബി സ്വ. പറഞ്ഞു: "ഈ ചങ്ങാതിയുടെ കടിപ്രദേശത്തു നിന്നും വരുന്നയാൾ എന്‍റെ സമുദായത്തിന് ദോഷമായിത്തീരും'. (അൽ മുഅ്ജമുൽ ഔസത് : ജൂസ്അ് 6, ഹദീസ് 6668 ഇമാം ത്വബ്റാനി).


നബി സ്വ. പറഞ്ഞു: “എല്ലാ നബിമാരുടെയും സന്തതി പരമ്പരകളെ അല്ലാഹു അവരുടെ കടിപ്രദേശത്തു നിക്ഷേപിച്ചിരിക്കുന്നു. എന്‍റെ സന്തതി പരമ്പരകളെ (എന്‍റെ പുത്രീ ഭർത്താവായ) അലിയ്യു ബിനു അബീത്വാലിബിന്‍റെ കടിപ്രദേശത്താണ് അല്ലാഹു ആക്കിയിരിക്കുന്നത്' (ജാമിഉൽ അഹാദീസ് ലിസ്സിയൂത്വി ഹദീസ് 6762) ത്വബ്റാനി (3/43 ഹദീസ് നമ്പർ 2630) യും ഇത് ഉദ്ധരിച്ചിട്ടുണ്ട്.



ഇങ്ങനെ അനേകം ഹദീസുകളിൽ സന്തതി പരമ്പരകൾ "സുൽബിൽ നിന്ന് വരും എന്നു രേഖപ്പെടുത്തുന്നു. ഉസൂലുൽ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം) അനുസരിച്ച് ഉപദ്യുക്ത ഹദീസ് ഉദ്ധരിച്ച ചിലർ പണ്ഡിത ദൃഷ്ടിയിൽ പ്രബലരല്ലെങ്കിൽ പോലും സന്തതി പരമ്പരകളെ /പിൻഗാമികളെ പിതാവിന്‍റെ കടിപ്രദേശത്തു നിന്നുള്ളവർ എന്നു വിളിക്കുന്ന സമ്പ്രദായം വ്യാപകമായി അന്ന് നിലവിലുണ്ടായിരുന്നുവെന്നു ഗ്രഹിക്കുവാൻ ഇവ സഹായിക്കുന്നു. 



മലയാളത്തിൽ മുതുക് എന്ന അർത്ഥമാണ് സാധാരണ ഗതിയിൽ പറഞ്ഞ് ശീലിച്ചിട്ടുള്ളതെങ്കിലും മിന സ്സുൽബി വത്തറാഇബി ഉദ്ധരിച്ച് കൊട്ടും കുരവയുമായി ഇറങ്ങിപ്പുറപ്പെട്ട ഓറിയന്റലിസ്റ്റ് പണ്ഡിതമാർ ഉൾപ്പെടെയുള്ളവർ ഈ ആയത്തിനെയും ഉദ്ധൃത ഹദീസുകളെയും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത് Loins (അരക്കെട്ട്, ഗുഹ്യപ്രദേശം, ഇടുപ്പ്, നാഭി, കടിപ്രദേശം, നാഭീതടം) എന്നിങ്ങനെയാണ് എന്ന വസ്തുത വിസ്മരിക്കരുത്. അങ്ങനെയൊരർത്ഥം ഖുർആൻ അവതരണത്തിനു മുമ്പേ പ്രയോഗത്തിലുണ്ടായിരുന്നുവെന്നു നാം തെളിവുകൾ ഉദ്ധരിച്ചിട്ടുണ്ട്. അപ്പോൾ വിശുദ്ധ ഖുർആൻ 86:7 വചനത്തിൽ സുൽബിനു നാഭീ തടം/ഗുഹ്യപ്രദേശം/കടിപ്രദേശം എന്നിങ്ങനെയുള്ള അർത്ഥ കൽപനയാണ് ഏറ്റവും സംഗതമായിട്ടുള്ളത് എന്നു മനസ്സിലാകുന്നു.



സുൽബിനു പരമ്പരാഗതമായി പറഞ്ഞു വരുന്ന വിവക്ഷ മുതുകെല്ല്/ നട്ടെല്ല് എന്നാണെന്ന് പറഞ്ഞുവല്ലോ. ഈ അർത്ഥകൽപന പ്രകാരവും ഈ വചനം ശാസ്ത്രത്തോട് കലഹിക്കുന്നില്ല. അതിനു ഈ വചനത്തിലെ സുൽബ്, തറാഇബ് എന്നിവയ്ക്കു നൽകുന്ന അതേ പ്രാധാന്യത്തോടെ മിൻ, ബയ്നി എന്ന രണ്ട് വിഭാക്ത്യുപസർഗങ്ങളെയും പരിഗണിക്കണം. From among എന്നാണ് രണ്ടും ചേരുമ്പോൾ ലഭിക്കുന്ന അർത്ഥം. ഇതിലെ മിൻ എന്ന പ്രിപ്പോസിഷന്റെ (Preposition) പ്രയോഗത്തെകുറിച്ച് അറബി വ്യാകരണ വിശാരദരിൽ പ്രമുഖനായ ഇബ്നു മാലിക് (റ) പറയുന്നു:


بعض وبين و ابتدأ بالامكنة


بمن وقد تاني لبدء الازمنة


'മിൻ' ഉപയോഗിച്ച് ഓഹരി, വിശദീകരണം, സ്ഥലങ്ങളുടെ പ്രാരംഭം എന്നിവ കാണിക്കാം. ചിലപ്പോൾ കാലത്തിന്‍റെ പ്രാരംഭം കാണിക്കുവാനും മിൻ വരാറുണ്ട്. തബ്ഈള്, ബയാനിത് ഇതിദാഈ എന്നീ മൂന്ന് സാഹചര്യങ്ങളിലും "മിൻ' വരുമ്പോൾ അർത്ഥ കൽപനയിലും താരതമ്യേന വ്യത്യാസം പ്രകടമാകും. ഉദ്ധ്യത വചനത്തിലെ 'മിൻ' ഇബിദാഈ - പ്രാരംഭദശയെന്തെന്ന് അറിയിക്കുന്നതാണ്. അപ്പോൾ ഈ വചനത്തിന്‍റെ അർത്ഥം: "പ്രാരംഭ ഘട്ടത്തിൽ ശുക്ലദ്രാവകം മുതുകെല്ലിനും നട്ടെല്ലിനുമിടയ്ക്കായിരുന്ന ഭാഗത്തു നിന്നാണ് പുറപ്പെടുന്നത് എന്നാണ് വരുക. 



3. മിൻ അഥവാ പ്രാരംഭദശക്കുള്ള പ്രാധാന്യം


വൃഷണങ്ങളാണ് ബീജങ്ങൾ ഉൽപാദിപ്പിക്കുന്നതെന്ന് പറഞ്ഞുവല്ലോ. സ്രവിക്കപ്പെടുന്ന ശുക്ലത്തിന്റെ ആകെ വ്യാപ്തിയുടെ രണ്ടോ അതിനു തൊട്ടടുത്തോ ശതമാനം മാത്രമാണ് ബീജങ്ങൾ ഉള്ളതെന്നും ബാക്കിയുള്ള 98 ശതമാനവും ബൾബോയൂറത്രൽ ഗ്ലാൻഡ്, പ്രോസ്റ്റേറ്റ് ഗ്ലാൻഡ്, സെമിനൽ വെസിക്കിൾ എന്നീ സഹായക ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ആൽക്കലി സ്വഭാവമുള്ള സ്നേഹകങ്ങളാണ് ഉൾകൊള്ളുന്നതെന്നും നാം പരാമർശിക്കുകയുണ്ടായി. ബീജം ഉൽപാദിപ്പിക്കുന്ന വൃഷണങ്ങൾ ഉദരാശയത്തിനു പുറത്തു വൃഷണസഞ്ചിയിലാണ് കാണപ്പെടുന്നത് . ശരീരത്തിന്‍റെ സ്വഭാവികോഷ്മാവിൽ വൃഷണങ്ങൾക്ക് അവയുടെ ധർമ്മമായ ബീജത്തിന്റെയും ഹോർമോണുകളുടെയും ഉത്പാദനം നിർവ്വഹിക്കാനാവാത്തതിനാലാണ് ഇവയെ ശരീരത്തിൽ നിന്ന് വേറിട്ടു നിർത്തിയിരിക്കുന്നത്. വൃഷണസഞ്ചിയിലെ ഊഷ്മാവ് ശരീരോഷ്മാവിനേക്കാൾ 2 - 2.5 ഡിഗ്രി സെൽഷ്യസ് കുറവായിരിക്കും. ചുറ്റുപാടിലും ശരീരത്തിലുമുണ്ടാകുന്ന താപനിലയുടെ വ്യത്യാസത്തിനനുസരിച്ച് വൃഷണസഞ്ചി സങ്കോചിക്കുകയും വികസിക്കുകയും ചെയ്ത് കൊണ്ട് അതിന്റെ താപനില ക്രമീകരിക്കുന്നു.



സ്ത്രീകളിൽ ഒരു ജോഡി അണ്ഡാശയങ്ങളാണ് ലൈംഗികാവ യവങ്ങൾ. ഉദരാശയത്തിനുള്ളിൽ ഗർഭാശയത്തിന് ഇരുവശത്തുമായി ഇവ കാണപ്പെടുന്നു. വൃഷണങ്ങൾ ബീജവും പുരുഷ


ലൈംഗിക ഹോർമോണുകളും ഉത്പാദിപ്പിക്കുന്ന മാതിരി അണ്ഡവും സ്ത്രീ ലൈംഗിക ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ മുഖ്യമായ ധർമ്മം. ഓരോ അണ്ഡാശയത്തിനകത്തും ആയിരക്കണക്കിന് പ്രത്യുൽപാദന കോശങ്ങളുണ്ട്. കാലക്ര മത്തിൽ അണ്ഡങ്ങളായി മാറുന്നത് ഈ കോശങ്ങളാണ്. Primary egg cells അഥവാ, പ്രാഥമിക അണ്ഡകോശങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്. പുരുഷൻമാരിലായാലും സ്ത്രീകളിലായാലും ലൈംഗികാവയവങ്ങൾ രൂപപ്പെടുന്ന പ്രാരംഭദശയെക്കുറിച്ചാണ് ഖുർആൻ സംസാരിക്കുന്നത്. ഒരു ഗർഭസ്ഥശിശുവിൽ വൃഷണങ്ങളും അണ്ഡാശയങ്ങളും രൂപപ്പെടുന്ന പ്രഥമഘട്ടം വിലയിരുത്തിയാൽ ഇതു അനായാസമായി ഗ്രഹിക്കാൻ കഴിയും.



നട്ടെല്ലിന്റെ (Vertedral column) ഇരു വശത്തുമായി Intermediate Mesoderm എന്ന് അറിയപ്പെടുന്ന ഒരു അംഗവിധാനമാണ് ഗർഭസ്ഥശിശുവിൽ ആദ്യം രൂപപ്പെടുന്നത്. ഇതിനു വ്യത്യസ്തമായ മൂന്നു ഭാഗങ്ങളാണ് ഉണ്ടാവുക. 



1 Pronephros (പ്രോൺഫ്റോസ്)


ഗർഭസ്ഥ ശിശുവിൽ(embryo) നട്ടെല്ലിന്‍റെ കഴുത്തിനു ഇരുവശത്തുമായി രൂപപ്പെടുന്ന ഭാഗമാണിത്. പൂർണ്ണ വളർച്ചയെത്തിയ കുട്ടിയിൽ ഏതെങ്കിലും സുപ്രധാനമായ അംഗമായി രൂപപ്പെടാതെ ഇത് വിഘടനം ചെയ്തു പോകുന്നു.



2. Mesonephros (മെസൺഫറോസ്) 


മുതുകെല്ലിനും വാരിയെല്ലുകൾക്കിടയിലുമായി (ബയ്ന സ്സുൽബി വത്തറാഇബി- Thoracic region ) ഇരുവശത്തും രൂപപ്പെടുന്ന ഭാഗമാണിത്. ഇവയിൽ ധാരാളം നളികകൾ (Tubules) ഉണ്ടാകുന്നു. ഇവയിൽ നിന്നാണ് പിന്നീട് വൃഷണങ്ങളും ബീജവുമെല്ലാം ഉണ്ടാകുന്നത്. ഈ വൃഷണങ്ങൾ ഇവിടെ നിന്നു പതിയെ താഴോട്ടിറങ്ങി അവയുടെ അവസാനത്തെ ഇടമായ വൃഷണ സഞ്ചിയിൽ (Scrotum ) എത്തുന്നു. അവയവങ്ങൾക്കു പൂർണ്ണ വളർച്ചയെത്തിയിട്ടില്ലാത്ത ചില കുട്ടികളിൽ വൃഷണങ്ങൾ പൂർണ്ണമായി വൃഷ്ണ സഞ്ചിയിലേക്കിറങ്ങിവരാതെ അടിവയറിന്റെ ഇരുവശങ്ങളിലായി നിന്നു പോവുന്ന അസുഖം കാണപ്പെടാറുണ്ട്. മൈനർ സർജറി കൊണ്ട് പരിഹരിക്കാവുന്നതാണ് ഈ അവസ്ഥ.



3. Metainephros (മെറ്റയ്ൻ ഫ്റോസ്)


ഗര്‍ഭസ്ഥ ശിശുവിന്റെ വളർച്ചാഘട്ടത്തിൽ ഉദരാശയത്തിനു നേരെയുള്ള നട്ടെല്ലിന്റെ (Abdominal spine) ഇരുവശത്തുമായിരൂപപ്പെടുന്ന ഭാഗമാണിത്. ഇവയും പ്രത്യേകം നളികകളായി (Tubules) മാറുന്നു. വൃക്കകളുടെ ( Kidneys) പ്രഥമദശയാണിത്. മൂത്രവാഹിനിയുടെ ഏറ്റവും മുകൾ ഭാഗം പെൽവിസ് (Pelvis) എന്നറിയപ്പെടുന്നു. വൃക്കകൾ ആദ്യം ഇവിടെയാണുണ്ടാവുക. പിന്നീട് വാരിയെല്ലുകളോടു ചേർന്നു നിൽക്കുന്ന ഉദരാശയത്തിന്‍റെ ഏറ്റവും മുകൾ ഭാഗത്തേക്ക് നീങ്ങുകയാണ് ചെയ്യുക.



ചുരുക്കത്തിൽ, ഇന്റർമീഡിയേറ്റ് മെസഡേം എന്നറിയപ്പെടുന്ന അംഗവിധാനത്തിലെ മെസൺഫ്റോസ് എന്ന ഭാഗമാണ് പുരുഷന്മാരിലായാലും സ്ത്രീകളിലായാലും പ്രജനനാവയവങ്ങളുടെ ഏറ്റവും ആദ്യഘട്ടം. ഇവ വാരിയെല്ലുകൾക്കും മുതുകെല്ലിനുമിടക്കുള്ള ഭാഗത്താണ് (Thoracic region) ഉണ്ടാവുക. അവ അവിടെ നിന്ന് പുറപ്പെട്ട്, വൃഷണസഞ്ചിയിലെത്തുന്നു. വൃഷണങ്ങൾ ബീജങ്ങളെ ഉത്പാദിപ്പിക്കുന്നു.





4. തറാഇബ്


“വാരിയെല്ലുകൾ' എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഈ പദമാണ്. തരീബത്ത് എന്നതിന്‍റെ ബഹുവചനമായാണ് ഭാഷാ പണ്ഡിതന്മാർ ഇതിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. അറബി ഭാഷയിൽ തന്നെ അത്യപൂർവ്വമായി മാത്രം പ്രയോഗിച്ചു കാണുന്ന പദമാണിത്. വിശുദ്ധ ഖുർആനിൽ ഒരേയൊരു തവണയാണ് തറാഇബുള്ളത്. ഹദീസുകളിൽ തറാഇബും, ത്വരീബത്തും പ്രയോഗിക്കപ്പെട്ടതായി കാണുന്നില്ല. സ്വിഹാഹ്, ലിസാനുൽ അറബ്, താജുൽ അറൂസ് തുടങ്ങിയ പഴയകാല അറബി നിഘണ്ടുകളിൽ കാണുന്നുണ്ട്. അവർ ഖുർആനിക പൂർവ്വകാലത്ത് ഈ പദം ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിനു ജാഹിലിയ്യാ കാലത്തെ സപ്ത കവികളിൽ വിശ്രുതനായ ഇംറുൽ ഖൈസിന്‍റെ ഒരു കവിത ഉദ്ധരിച്ചിരിക്കുന്നു. ഖുർആൻ വ്യാഖ്യാതാക്കളിൽ പലരും ഈ കവിതയെ എടുത്തുദ്ധരിച്ചിട്ടുണ്ട്. ആധുനിക നിഘണ്ടുകളിൽ പലരും ഈ പദം ചർച്ച ചെയ്തിട്ടില്ല. പഴയതും പുതിയതുമായ ആഖ്യാനങ്ങളിൽ വാരിയെല്ല് എന്നർത്ഥത്തിൽ ളിൽഅ് എന്നും അതിന്റെ ബഹുവചന രൂപമായി ളുലൂഅ് എന്നും കാണുന്നു. ഹദീസുകളിൽ ഇങ്ങനെ പ്രയോഗിച്ചിരിക്കുന്നതിന്റെ വിപുലമായൊരു ശേഖരം വായിക്കാൻ ലഭിക്കും.



അധികം ഖുർആൻ വ്യാഖ്യാതാക്കളും കരുതുന്നത് സുൽബ് എന്നത് പുരുഷന്‍റെ പ്രജനനാവയവങ്ങളെയും തറാഇബ് എന്നത് സ്ത്രീയുടെ പ്രജനനാവയവങ്ങളെയും കുറിക്കുന്നുവെന്നാണ്. ആദ്യ കാല മുഫസ്സിറുകളിൽ പ്രധാനിയും റഈസുൽ മുഫസ്സിരീൻ (ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ്) എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ഇബ്നു അബ്ബാസ് (റ)ന്‍റെ വ്യാഖ്യാനവും ഇപ്രകാരമാണ് (നോ. തൻവീറുൽ മിഖ്ബാസ് മിൻ തഫ്സീറി ബ്നി അബ്ബാസ്). മുഫസ്സിറുകളിൽ അധിക പേരും തറാഇബ് എന്നാൽ നട്ടെല്ലിനു സമാന്തരമായി ഏറ്റവും താഴെയുള്ള നാലു വാരിയെല്ലുകളാണ് ഉദ്ദേശമെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതുപോലെ ഇമാം ത്വബ്റാനിയുടെ മജ്മഉൽ ബയാനിലും ഇമാം ത്വബരിയുടെ ജാമിഉൽ ബയാനിലും യഥാക്രമം ഇബ്നു അബ്ബാസ്(റ), ഇക്രിമ(റ) എന്നിവരിൽ നിന്നു സുൽബ് പുരുഷന്റെയും തറാഇബ് സ്ത്രീയുടെയും പ്രജനനാവയവങ്ങളെ കുറിക്കുന്നതാണെന്നു പറഞ്ഞ ശേഷം രണ്ടു പേരുടെയും ശുക്ലദ്രവത്തിൽ നിന്നല്ലാതെ കുഞ്ഞുണ്ടാവുകയില്ല (വൽ വലദു ലാ യകൂനു ഇല്ലാ മിനൽ മാഅയ്നി) എന്നു സ്ഷ്ടമാക്കിയിരിക്കുന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു. സ്വുൽബും തറാഇബും സ്ത്രീക്കും പുരുഷനും കോമണായി ഉപയോഗിച്ചതാവനല്ലാതെ തരമില്ലെന്നു മുകളിൽ പരാമർശിച്ച് വിശദീകരണം പറഞ്ഞുവരുൾപ്പടെ അനേകം വ്യഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന ആയത്തിനെ കുറിച്ച് നാം നൽകിയ വിശദീകരണങ്ങളും ഈ വ്യാഖ്യാനത്തിനു കൂടുതൽ സാധ്യത കൽപിക്കുന്നു.


അറബി ഭാഷയിലെ എക്കാലത്തും പ്രശസ്തവും സ്വീകാര്യവുമായ ലിസാനുൽ അറബിൽ തറാഇബിന് നൽകുന്ന അർത്ഥങ്ങളെല്ലാം ആധുനിക വൈദ്യശാസ്ത്ര സൃഷ്ടിയിൽ എല്ലാ അർത്ഥത്തിലും സാധ്യത കൽപിക്കാവുന്നവയാണ്. നോക്കാം. 



> തുർബ് എന്നതിൽ നിന്ന് നിഷ്പന്നമായ തരീബത്ത് എന്നതിന്റെ ബുഹുവചനമാണ് തറാഇബ്. “തിൽക ലാ തുദ്രകു ബിന്നള്രി ദിഖ്ഖത്തന്‍" നഗ്നനേത്രം കൊണ്ട് സൂക്ഷ്മമായി കാണാൻ - പറ്റാത്തത് എന്നു അര്‍ഥം. ഇതിനു ഇംഗ്ലീഷിലെ കൃത്യമായ പ്രയോഗം microscopic എന്നാണ്.


> ഏകവചനമായ തരിബതിനു കൽപിച്ചിരിക്കുന്ന മറ്റൊരർത്ഥം “വ ഖീല അൽ കുറുശു കുല്ലുഹാ” എന്നാണ്. അയവിറക്കുന്ന ജീവികളുടെ ആമാശയ ഭാഗങ്ങളെല്ലാം ചേർന്നത്- അഥവാ വയറും കുടലുകളുമെല്ലാം കൂടിയത് എന്നർത്ഥം. “ലിഅന്നഹാ യഹ്ലുലു ഫീഹാത്തുറാബു മിനൽ മർതഇ” കാരണം മർതഇൽ നിന്നു അതി സൂക്ഷ്മമായ ധാതു/പൊടി പറ്റുന്നയിടമാണല്ലോ അത്”. 



ഇവിടെ "മർതഅ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ബഅ്ലബകീയുടെ അൽ മൗരിദിലും ഓറിയന്റലിസ്റ്റു പണ്ഡിതരായ William Lane, Hans Wehr എന്നിവരുടെ നിഘണ്ടുകളിലുമെല്ലാം Fertile എന്ന് ഈ പദത്തിന് അർത്ഥം കല്പിച്ചിട്ടുണ്ട്. ജീവശാസ്ത്ര വിദ്യാർത്ഥികൾക്കു വളരെയധികം സുപരിചിതമായ പദമാണിത്. “ലൈംഗികോൽപാദനത്തിലെ അണ്ഡ-ബീജ സങ്കലനം” എന്നാണ് Fertilization എന്ന പദത്തിന്‍റെ അർത്ഥം. അപ്പോൾ തറാഇബിന്‍റെ ഏകവചനമായ തരിബതിനു “ആമാശയ ഭാഗങ്ങൾ എല്ലാം കൂടിയത്” എന്ന അർത്ഥത്തിനു നൽകുന്ന വിശദീകരണം അണ്ഡ ബീജ സങ്കലന സമയത്തു സൂക്ഷ്മധാതു ചേരുന്ന സ്ഥലം എന്നു ലഭിക്കുന്നു. തറാഇബ് സ്ത്രീകളുടെ മാത്രം പ്രജനനാവയവങ്ങളെ കുറിക്കുന്നു എന്ന ഖുർആൻ വ്യാഖ്യാതാക്കളുടെ നിഗമനമനുസരിച്ച് നഗ്ന നേത്രങ്ങൾക്ക് കാണാൻ പറ്റാത്തത്ര സൂക്ഷ്മമായ പുംബീജം അണ്ഡ ബീജ സങ്കലന സമയത്ത് അണ്ഡവുമായി ചേരുന്നയിടം എന്നാണ് ഉദ്ദേശ്യാർത്ഥം ലഭിക്കുക.



ചുരുക്കത്തിൽ, തറാഇബിന് കൽപിച്ചിട്ടുള്ള അർത്ഥങ്ങളിൽ ഖുർആൻ വാസ്തവമായും വിവക്ഷിച്ചിരിക്കുന്നത് ഏത് അർത്ഥമാണെന്ന് നമുക്ക് തീർപ്പ് കൽപിക്കാൻ വയ്യെങ്കിലും അതിന്‍റെ എല്ലാ അർത്ഥ സാധ്യതകളും ജൈവശാസ്ത്രപരമായും(Biology) ശരീരഘടനാ ശാസ്ത്രപരമായും (Anatomoy) വളരെയധികം പ്രസക്തവും പ്രാധാന്യവുമർഹിക്കുന്നു. അവയിൽ ഒന്നു പോലും ആധുനിക ശാസ്ത്ര സങ്കൽപങ്ങളോട് കലഹിക്കുന്നേയില്ല.



ഉപര്യുക്ത വിശദീകരണങ്ങൾ അനുസരിച്ച് “മനുഷ്യൻ എന്തിൽ നിന്ന് പടക്കപ്പെട്ടിരിക്കുന്നു?” എന്ന ഖുർആനിക ചോദ്യത്തിന്‍റെ ഉത്തരം താഴെ കൊടുത്ത വിധങ്ങളിൽ ആശയ വിവർത്തനം ചെയ്യാം. 


“ഇടുപ്പിന്‍റെയും ഉദരാശയ ഭാഗത്തിന്‍റെയും ഇടയിൽ നിന്നു തെറിച്ചു വീഴുന്ന ശുക്ലദ്രവത്തിൽ നിന്നു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” (അത്ത്വാരിഖ് : 6,7)


“പ്രാരംഭത്തിൽ മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിലുമായി ഉണ്ടായിരുന്ന ഭാഗത്തു നിന്ന് തെറിച്ചു വീഴുന്ന ശുക്ലത്തിൽ നിന്ന് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” (അത്ത്വാരിഖ് : 6,7)


(സജീര്‍ ബുഖാരിയുടെ ഖുര്‍ആന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി ഒന്നാം വാല്യം അവസാന അധ്യായം ആണ് ഈ ലേഖനം)


whatsApp: 7736303533

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....