Friday, August 21, 2020

ഇസ് ലാം:ദൈവാസ്തിക്യം_ഒരു #ധൈഷണിക_വിശകലനം

 #ദൈവാസ്തിക്യം_ഒരു 

#ധൈഷണിക_വിശകലനം


സന്ദേഹം1 :

എന്താണു ദൈവമെന്ന് നിർവചിക്കാതെ ദൈവമുണ്ടെന്ന് താങ്കൾ എങ്ങനെ വാദിക്കും ?


നിവാരണം :

എ. ഒരു കാര്യം ഉണ്ടെന്ന്  വാദിക്കാൻ മാത്രമല്ല, ഇല്ലെന്ന് വാദിക്കാനും അത് എന്താണെന്ന് അറിയലും, നിർവചിക്കലും ആവശ്യമാണ്. അല്ലെങ്കിൽ, എന്ത് ഇല്ലെന്നാണ് വാദിക്കുക.


ബി. അറിയാത്ത കാര്യങ്ങളെയാണ് നിർവചിക്കേണ്ടത്. എന്താണെന്ന് ഏതൊരാൾക്കും സുഗ്രഹമായ കാര്യം നിർവചിക്കേണ്ട ആവശ്യമില്ല.  എന്താണ് ദൈവമെന്ന് ഭൗതികവാദികൾക്കും അറിയാം. അതുകൊണ്ടാണല്ലോ ദൈവമുണ്ടെങ്കിൽ അവൻ ഇങ്ങനെയാവാൻ പാടില്ല അങ്ങനെയാവാൻ പാടില്ല എന്നെല്ലാം അവർ പറയുന്നത്.


സി. പ്രപഞ്ചസ്രഷ്ടാവും നിയന്താവും, പ്രപഞ്ചേതരനുമായ, അനാശ്രിതനും, അനാദ്യനും അനശ്വരനുമായ, സർവ്വ ശക്തനും സർവ്വവിജ്ഞനും സർവ്വസമ്പൂർണനുമായ, അരൂപിയും അമൂർത്തനും, സൃഷ്ടികളോട് ഒരു വിധേനയും സാദൃശ്യം പുലർത്താത്തവനുമായ, ഏക അസ്ഥിത്വമാണ് ദൈവം.


സന്ദേഹം 2 :

ദൈവാസ്തിക്യം യുക്തിപരമായി തെളിയിക്കാമോ ? 

   

നിവാരണം :

നാം അധിവസിക്കുന്ന പ്രപഞ്ചം മാറ്റങ്ങൾക്കു വിധേയമാണ്. ഇല്ലായ്മക്കു ശേഷം നിലവിൽ വരുന്ന ഒരു പ്രതിഭാസമാണ് മാറ്റം. അപ്പൊ അതിനൊരു കാരണമുണ്ടാകും  .


ശൂന്യതയിൽ നിന്നും വന്നതാണ് പ്രസ്തുത കാരണവുമെങ്കിൽ അതിനുമൊരു കാരണം കാണും.  ആ ശൃംഖല കാരണ മുക്തമായ ആത്യന്തിക കാരണത്തിൽ കലാശിക്കാതെ നിർവാഹമില്ല . അല്ലാത്ത പക്ഷം, അനന്ത പശ്ചാത്ഗമനം സംഭവിക്കും. അതു സംഭവ്യമല്ല


സന്ദേഹം 3 :

എന്താണ് അനന്ത പശ്ചാത്ഗമനം ? 


നിവാരണം :

ഏതൊരു കാര്യം ഉൺമയിലേക്ക് വരുന്നതിനും മുമ്പ് മറ്റൊരു കാര്യം ഉൺയിലേക്ക് വന്നിട്ടുണ്ടെന്ന സങ്കല്പമാണത്. അറബിയിൽ അതിന് തസൽസുൽ എന്നും ആംഗലേയ ഭാഷയിൽ infinite regression എന്നും പറയും.


സന്ദേഹം 4 :

അനന്ത പശ്ചാത്ഗമനം സംഭവ്യമല്ലെന്നു പറയാൻ വല്ല തെളിവുമുണ്ടോ ?


നിവാരണം :

എത്രയോ തെളിവുകളുണ്ട്. ലളിതമായ രണ്ടു തെളിവുകൾ ചുവടെ ചേർക്കാം :


എ. അനന്ത പശ്ചാത്ഗമനം യഥാർത്ഥത്തിൽ സംഭവിച്ചിരുന്നുവെങ്കിൽ, പശ്ചാത്ഗമിച്ചുവെന്ന് കരുതപ്പെടുന്ന കാര്യങ്ങളിൽ ഒരു കാര്യവും നിലവിൽ വരുമായിരുന്നില്ല .


ഉദാഹരണം പറയാം : തമീം തോക്കുമേന്തി നിൽക്കുന്നു, തമീമിനു മുമ്പ് വസീം  വെടിയുതിർക്കാതെ തമീം വെടി വെക്കില്ലെന്നു കരുതുക, വസീമിനു മുമ്പ് നഈം വെടിയുതിർക്കാതെ വസീമും വെടി വെക്കില്ല, നഈമിനു മുമ്പ് മറ്റൊരാൾ വെടിയുതിർക്കാതെ നഈമും വെടി വെക്കില്ല... അതങ്ങനെ നിലക്കാതെ മുന്നോട്ട് പോയാൽ വെടിവെപ്പ് നടക്കില്ലെന്നു വ്യക്തം.


ബി. അനന്ത പശ്ചാത്ഗമനം സംഭവിക്കുകയാണെങ്കിൽ, പശ്ചാത്ഗമിച്ച കാര്യങ്ങളുടെ എണ്ണത്തിൽ നാലിലൊരു കാര്യം അനിവാര്യമായി വരും


1. ഒറ്റയാവുക

2. ഇരട്ടയാവുക

3. ഒറ്റയും ഇരട്ടയുമാവുക

4. ഒറ്റയും ഇരട്ടയുമല്ലാതിരിക്കുക


എന്നാൽ, പ്രസ്തുത എണ്ണം ഒറ്റയാണെന്നു പറയാൻ പറ്റില്ല. കാരണം, ഒറ്റ ഇരട്ടയാവാത്തത് അതിൽ ഒരെണ്ണം കുറവ് വന്നത് കൊണ്ടാണല്ലോ. അനന്തമായ കാര്യങ്ങളിൽ ഒന്നിന്റെ കുറവ് എങ്ങനെ ഉണ്ടാകാനാ !


ഇരട്ടയാണെന്നു പറയാനും പറ്റില്ല. കാരണം, ഇരട്ട ഒറ്റയാവാത്തത് അതിൽ ഒരെണ്ണം കുറവ് വന്നത് കൊണ്ടാണല്ലോ. അനന്തമായ കാര്യങ്ങളിൽ ഒന്നിന്റെ കുറവ് എങ്ങനെ ഉണ്ടാകാനാ !


ഒറ്റയും ഇരട്ടയുമാവാനും പറ്റില്ല. കാരണം, ഒറ്റയെന്നാൽ സമമായി ഭാഗിക്കാൻ പറ്റാത്തതും, ഇരട്ടയെന്നാൽ സമമായി ഭാഗിക്കാൻ പറ്റുന്നതുമാണല്ലോ. 


ഒറ്റയും ഇരട്ടയുമല്ല എന്നു പറയാനും പറ്റില്ല. കാരണം, സമമായി ഭാഗിക്കാൻ പറ്റാത്തതുമല്ല സമമായി ഭാഗിക്കാൻ പറ്റുന്നതുമല്ല എന്നാണല്ലോ അതിന്റെ അർഥം. 


പ്രസ്തുത നാലു സാധ്യതതകളും   അസംബന്ധമാണെന്ന് വരുകിൽ, പശ്ചാത്ഗമനവും അസംബന്ധം തന്നെയാണെന്നു വ്യക്തം. 


സന്ദേഹം 5 :

ദൈവം അനാദ്യനാണെന്നു നാം വിശ്വസിക്കുന്നു. അനാദ്യത്വം എന്നാൽ, കാലങ്ങളുടെ അനന്ത പശ്ചാത്ഗമനമല്ലേ ?


നിവാരണം :

അല്ല, ദൈവം അനാദ്യനാവുക എന്നു പറഞ്ഞാൽ ദൈവത്തിലൂടെ അനന്ത കാലങ്ങൾ കടന്നു പോവുകയെന്ന് അർത്ഥമില്ല. മറിച്ച്,  ‹അനാദ്യത്വം› ദൈവത്തിൽ പ്രയോഗിക്കപ്പെടുന്നത്, അവൻ ഇല്ലായ്മക്കു ശേഷം ഉണ്ടായവനല്ല എന്ന അർത്ഥത്തിലാണ്.


കാരണം, പ്രപഞ്ചവും ചലനങ്ങളും നിലവിൽ വന്നതിനു ശേഷം പ്രപഞ്ചത്തിനകത്ത് നിലവിൽ വന്ന ഒരു സാങ്കല്പിക പ്രതിഭാസം മാത്രമാണു കാലം. അപ്പൊ, ദൈവത്തിന് അതൊരിക്കലും ബാധകമായിരിക്കില്ലല്ലോ.


സന്ദേഹം 6 :

ദൈവാസ്തിക്യം സ്ഥിരീകരിക്കുന്ന ഹ്രസ്വമായൊരു തെളിവ് പറയാമോ ?

  

നിവാരണം :

പദാർത്ഥങ്ങളുടെ സമുച്ചയമാണ് പ്രപഞ്ചം. എങ്കിൽ, ഇടംപിടിക്കാതെ അതു നിലനിൽക്കില്ല, എല്ലായിടത്തും അത് സ്ഥിതി ചെയ്യുകയുമില്ല. ഒരിടത്ത് സ്ഥിതി ചെയ്യണമെങ്കിൽ ബാഹ്യ കാരണം അനിവാര്യവുമാണ്.


കാരണം, പ്രപഞ്ചത്തിനു മുന്നിൽ ഇടങ്ങൾ പരസ്പരം തുല്യമാണ്. എങ്കിൽ, ഒന്നിന് മറ്റൊന്നിനേക്കാൾ ബാഹ്യ കാരണം കൂടാതെ പ്രാമുഖ്യം ലഭിക്കില്ല. ത്രാസിന്റെ ഒരു തട്ട്, മറു തട്ടിനേക്കാൾ തനിയെ കനം തൂങ്ങുകയില്ലല്ലോ. പ്രപഞ്ച ബാഹ്യമായ പ്രസ്തുത കാരണമാണു ദൈവം


സന്ദേഹം 7 :

ലളിതമായ ഒന്നുരണ്ട് തെളിവുകൾ കൂടി അവതരിപ്പിക്കാമോ ?

    

നിവാരണം :

എ. പ്രപഞ്ചമാസകലം വ്യവസ്ഥാപിതവും, മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും  അനുഗുണവുമായ, ക്രമത്തിൽ ഡിസൈൻ ചെയ്യപ്പെട്ടത് നാം കാണുന്നു. ഭൂമിയിൽ നിന്ന് നിർണിത അകലത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്നു. അതിനേക്കാൾ ഭൂമിയോട് അത് അടുക്കുകയോ അകലുകയോ ചെയ്തിരുന്നെങ്കിൽ ഭൂമി വാസയോഗ്യമാകുമായിരുന്നില്ല.


ഭൂമിയിൽ മനുഷ്യർക്കും ഇതര ജീവികൾക്കും ജീവിക്കാനാവശ്യമായ വായുവും മഴയും വെയിലും ആഹാരവും മറ്റു വിഭവങ്ങളും ആവശ്യമായ തോതിൽ സൂക്ഷ്മതയോടെ തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങൾ മുതൽ അത്യന്തം സങ്കീർണ്ണമായ ആന്തരികാവയവങ്ങൾ വരെ അതീവ കൃത്യതയോടെ സംവിധാനിക്കപ്പെട്ടിരിക്കുന്നു. 

 

വിജ്ഞനും ശക്തനും സമ്പൂർണനുമ‌ായ ഒരു ഡിസൈനറുടെ സാന്നിധ്യം ഉച്ചൈസ്തരം അത് വിളിച്ചോതുന്നു. «വാന ഭൂവനങ്ങളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങളുടെ ഒന്നിനു പിറകെ മറ്റൊന്നായുള്ള മാറ്റത്തിലും, ജനങ്ങള്‍ക്കുപയോഗമുള്ള വസ്തുക്കളുമായി സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും അന്തരീക്ഷത്തില്‍ നിന്നു അല്ലാഹു മഴവര്‍ഷിച്ചു തന്നിട്ട് തദ്വാരാ നിര്‍ജീവതക്കു പിറകെ ഭൂമിക്കു ജീവന്‍ നല്‍കിയതിലും എല്ലാതരം ജീവജാലങ്ങളെയും അതില്‍ വ്യാപിപ്പിച്ചതിലും കാറ്റുകളെ ചലിപ്പിക്കുന്നതിലും അന്തരീക്ഷത്തില്‍ ആജ്ഞാനുവര്‍ത്തിയാക്കപ്പെട്ട മേഘങ്ങളിലും ഗ്രഹിക്കുന്ന ജനങ്ങൾക്ക് ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച» (വി ഖുർആൻ 2/164)


ബി. നിരക്ഷരനായ ഒരു മലയോര വാസിയോട് ചോദിക്കപ്പെട്ടു: അല്ലാഹുവിൽ വിശ്വസിക്കാൻ താങ്കൾക്കു പ്രചോദനമായ കാര്യമെന്ത്? അദ്ദേഹം അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ് : “ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരൊട്ടകമുണ്ടെന്ന് മനസ്സിലാകില്ലേ ? കാൽപാടുകൾ ദൃഷ്ടിയിൽപെട്ടാൽ അതിലൂടെ ഒരാൾ നടന്നു പോയതായി മനസ്സിലാകില്ലേ? എങ്കിൽ താരനിബിഢമായ ആകാശവും മാമലകളും താഴ്‌വരകളും നിറഞ്ഞ ഭൂമിയും തിരമാലകളടിച്ചുയരുന്ന സമുദ്രവും സൂക്ഷമജ്ഞനായ അല്ലാഹു ഉണ്ടെന്നതിന് തെളിവല്ലേ?”

 

സന്ദേഹം 8 :

പ്രപഞ്ചം, ഡിസൈൻ ചെയ്തവൻ അതിലേറെ സങ്കീർണനായിരിക്കുകയില്ലേ. എങ്കിൽ, അവനെ ആര് ഡിസൈൻ ചെയ്തു ?

   

നിവാരണം :

ദൈവം പദാർത്ഥവും സങ്കീർണ്ണനുമൊന്നും അല്ല. സങ്കീർണമായതിനെ ഡിസൈൻ ചെയ്യുന്നവൻ സങ്കീർണനാവണം എന്നൊന്നുമില്ല. മറിച്ച്, ഡിസൈനിങ്ങിനുള്ള അറിവ്, കഴിവ്, നിർണയാധികാരം എന്നിവ അവന് ഉണ്ടായാൽ മതി. ‘അവൻ സമ്പൂർണ്ണനാണ്, സമ്പൂർണ്ണത അവന് ആരു നൽകി’ എന്നാണ് ചോദ്യം അർത്ഥമാക്കുന്നതെങ്കിൽ മറുപടി ഇതാണ് :


പ്രപഞ്ച ഡിസൈനറുടെ ഗുണങ്ങൾ അനിവാര്യമാണ്. അവിടെ ഇല്ലാതിരിക്കുകയെന്ന സാധ്യത ഒട്ടുമില്ല. അപ്പൊ ഉൺമയ്ക്ക് ഇല്ലായ്മയേക്കാൾ പ്രാമുഖ്യം നൽകുന്ന ബാഹ്യശക്തികളുടെ ഇടപെടൽ അവിടെ ആവശ്യമില്ല. 


പ്രാപഞ്ചിക ഗുണങ്ങൾ അങ്ങനെയല്ല, വിവിധ സന്ദർഭങ്ങളിലും ഇടങ്ങളിലും, , വ്യത്യസ്ത രൂപഭാവങ്ങൾ അവ സ്വീകരിക്കുന്നതിൽ നിന്നും മനുഷ്യ കരങ്ങളുടെ ദുഷ്ചെയ്തിയാലോ മറ്റോ അവയിൽ അസ്വാഭാവികത പ്രകടമാകുന്നതിൽ നിന്നുമെല്ലാം അവ അനിവാര്യമല്ലെന്നു ഗ്രഹിക്കാം.


സന്ദേഹം 9 :

അവിശ്വാസികൾ നിരന്തരം വിമർശിച്ചിട്ടും അല്ലാഹു എന്തെ പുറത്തു വരാത്തത് ?


നിവാരണം :

പുറത്തുവരാൻ എന്തിന്റെയോ അകത്ത് ഒളിച്ചിരിക്കുന്നവനൊന്നുമല്ല അല്ലാഹു. അവൻ അമൂർത്തനും അരൂപിയും സ്ഥലകാല സങ്കല്പങ്ങൾക്ക് അതീതനുമാണ്.

അല്ലാഹു എന്താണ് പ്രത്യക്ഷപ്പെടാത്തത് എന്നാണ് ചോദ്യമെങ്കിൽ, അവൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണു മറുപടി. പക്ഷെ, നഗ്നനേത്രങ്ങളിലേക്കല്ല, ധിഷണകളിലേക്ക്. 


ധിഷണ കൊണ്ടുള്ള ദർശനത്തെ അവഗണിക്കുകയും അല്ലാഹുവിനെയും, അവന്റെ ദൂതൻമാരെയും, നിയമസംഹിതകളെയും, പുച്ഛിച്ചു തള്ളുകയും ചെയ്യുന്നവർക്ക് നൽകാനുള്ളതല്ല സൗഭാഗ്യങ്ങളിൽ ഏറ്റവും വലിയ സൗഭാഗ്യമായ, നഗ്നനേത്രം കൊണ്ടുള്ള ദർശനം.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....