Monday, March 26, 2018

പെണ്ണ് കാണല്‍❤

*❤പെണ്ണ് കാണല്‍❤*
➖➖➖➖➖➖

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
വിവാഹത്തിനു തയ്യാറാവുകയും അനുയോജ്യരായ ഇണകളെ കുറിച്ച് ബാഹ്യപഠനം പൂര്‍ത്തിയാവുകയും ചെയ്താല്‍ അടുത്ത നടപടി നിയുക്തവധുവിനെ കാണലാണ്.  പെണ്ണ് കാണല്‍ ഇന്നൊരു ജീര്‍ണ്ണ സംസ്കാരമായി മാറിയിട്ടുണ്ട്.  അന്യസ്ത്രീയെ കാണാന്‍ നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ ഇസ്ലാം അനുവദിച്ചിട്ടുള്ളൂ. ഫര്‍ളു ഐനായ കാര്യങ്ങള്‍ പഠിപ്പിക്കുക, പിന്നെ സാക്ഷി, ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് അന്യസ്ത്രീയെ കാണാന്‍ അനുവദിച്ചത്.
സ്ത്രീ പൂര്‍ണ്ണമായും ഔറത്താണ്. അവള്‍ മറയില്‍ തന്നെ കഴിയണം.  അര്‍ദ്ധ നഗ്നകളും പൂര്‍ണ്ണനഗ്നകളുമായി പുറത്തിറങ്ങി നടക്കുന്നതും പുരുഷന്റെ ദുര്‍ബല വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന വേഷാലങ്കാരങ്ങളണിയുന്നതുമൊക്കെ ആത്യന്തികമായി സ്ത്രീകള്‍ക്കു തന്നെയാണ് അപകടം വരുത്തുക.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
 സ്ത്രീത്വത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താനും രാജ്യത്ത് അരാജകത്വമുണ്ടാക്കാനും മാത്രമേ ഈ അഴിഞ്ഞാട്ടം സഹായിക്കുകയുള്ളൂ.
സ്ത്രീ പീഢനത്തിന്റെ ഒരായിരം കഥകള്‍ വികാരഭരിതമായി പറയുന്നവര്‍ അടിസ്ഥാനപരമായി ഈ പീഢന പരമ്പരകള്‍ക്ക് സാഹചര്യമൊരുക്കുന്നത് സ്ത്രീകള്‍ തന്നെയാണെന്നോര്‍ക്കണം.  വനിതാ വിമോചന പ്രസ്ഥാനങ്ങളും മതനിരാസ ചിന്തകളും ഈ പീഢനപരമ്പരകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല.
വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീ എല്ലാ അര്‍ത്ഥത്തിലും അന്യസ്ത്രീ തന്നെയാണ്.  അവളുടെ സൌന്ദര്യവും ശാരീരിക സ്ഥിതിയും വിവാഹരംഗത്ത് പരിഗണിക്കാതെ പറ്റില്ല.  എല്ലാവര്‍ക്കും അവരവരുടേതായ സ്വപ്നവും സൗന്ദര്യബോധവുമുണ്ടാകും.  സ്ത്രീയും പുരുഷനും പരസ്പരം കാണുന്നതോടെ ഇരുവരുടേയും കാഴ്ചപ്പാട് വിലയിരുത്താന്‍ അവസരമായി.
വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയെ കാണുക പുരുഷനു സുന്നത്താണ്.  ഹള്റത്ത് മുഈറത്തുബിന്‍ ശുഅബ:(റ) വിവാഹത്തിനൊരുങ്ങിയപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: നീ പോയി പെണ്ണിനെ കാണുക.  നിങ്ങള്‍ക്കിടയിലെ ബന്ധം നിലനില്‍ക്കാന്‍ ഏറ്റവും ഉത്തമമാണത്. (തിര്‍മുദി) ഇമാം അഹ്ദ് ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു.  തിരുനബി(സ്വ) പറഞ്ഞു: നിങ്ങള്‍ വിവാഹാന്വേഷണം നടത്തുന്നുവെങ്കില്‍ വരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയെ കാണുന്നതിന് വിരോധമില്ല.  വിവാഹം ചെയ്യാനാണെങ്കില്‍ അവളത് അറിഞ്ഞില്ലെങ്കിലും പ്രശ്നമില്ല (അഹ്മദ്).
സ്ത്രീയുടെ മുഖവും മുന്‍കയ്യുമാണ് കാണാന്‍ അനുവദിച്ചത്.മുഖദര്‍ശനത്തിലൂടെ അവളുടെ സൗന്ദര്യത്തെയും മുന്‍കൈദര്‍ശനത്തിലൂടെ സ്വഭാവസ്ഥിതി, ശാരീരിക അവസ്ഥ എന്നിവയെ കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും.  ശരീരത്തിന്റെ മറ്റുഭാഗങ്ങള്‍ കാണാന്‍ അനുവദിച്ചിട്ടില്ല.  കാല്‍പാദങ്ങള്‍ കാണാമെന്നു ഇമാം അഹ്മദ്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.
വിവാഹിതനാകാനുദ്ദേശിക്കുന്ന പുരുഷനുമാത്രമാണ് ഇങ്ങനെ പെണ്ണ് കാണല്‍ അനുവദിച്ചിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പെണ്ണ്കാണല്‍ ഒരു തെറ്റാണെന്ന ധാരണയുണ്ട് ചിലര്‍ക്ക്.  മാതാപിതാക്കള്‍ കണ്ടാല്‍ മതിയല്ലോ.  മക്കള്‍ കാണേണ്ട ആവശ്യമെന്ത്?  എന്ന് അവര്‍ ചോദിക്കുന്നത് കാണാം.  ഈ വീക്ഷണം ശരിയല്ല.  മക്കളുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കാനുളള അവരുടെ അവകാശം നിഷേധിച്ച് കൂടാ.  മറ്റ് ചിലര്‍ ഒന്നോ രണ്ടോ വാഹനങ്ങള്‍ നിറയെ കൂട്ടുകാരെകൂട്ടിയാണ് പോകുന്നത്.  തനിക്കിഷ്ടപ്പെട്ടാല്‍ മാത്രം പോരാ തന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ഇഷ്ടപ്പെട്ട പെണ്ണാകണം എന്ന നിലപാടാണിവര്‍ക്ക്.
ജാതിമത വ്യത്യാസമില്ലാതെ കൂട്ടുകാരെയും കൂട്ടി പെണ്ണ് കാണാന്‍ പോകുന്ന ഈ ഏര്‍പ്പാടിന് ഇസ്ലാമിന്റെ പിന്‍ബലമില്ല.  വിശുദ്ധമായ ഒരു കര്‍മ്മത്തെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണിവര്‍.
കൂട്ടുകാരെ സ്വീകരണമുറിയിലിരുത്തി അവര്‍ക്കു മുന്നില്‍ ശീതളപാനീയവും മധുരപലഹാരങ്ങളുമായി ചമഞ്ഞൊരുങ്ങി നിയുക്ത വധു പ്രത്യക്ഷപ്പെടുക, ഓരോരുത്തരോടും കിന്നാരം പറയുക, പൂക്കള്‍ സമ്മാനിക്കുക ഇതെല്ലാം കഴിഞ്ഞ് സംഘം തിരിച്ചുപോയി പിന്നീട് ചര്‍ച്ച ചെയ്തശേഷം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കില്‍ വിവാഹം.  അല്ലെങ്കില്‍  പുതിയ പെണ്ണന്വേഷണം.  ഇങ്ങനെ മൂന്നും നാലും സംഘങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിക്ക് അവസാനം പേര് ദോഷം. പത്തമ്പതു പേര്‍ കണ്ടുപോയി.  ആര്‍ക്കും ഇഷ്ടപ്പെട്ടില്ല, ഈ പ്രതികരണം പിന്നീട് പെണ്‍കുട്ടിയെ കണ്ണീര്‍ കയത്തിലാക്കിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
ഇത്തരം ഒരു മാമൂല്‍ ഇസ്ലാം അനുവദിക്കുന്നില്ല.  ജീര്‍ണ സംസ്കാരത്തിന്റെ ചിഹ്നമാണ് ഈ പരിപാടി.  ഇത്തരം സംഘവുമായി വരുന്ന വരന്‍ തന്റെ മകള്‍ക്ക് അനുയോജ്യനല്ല. മതബോധമോ ധാര്‍മിക ബോധമോ സാമാന്യ ബുദ്ധിയോ ഇല്ലാത്ത യുവാക്കളും കുടുംബങ്ങളുമാണ് ഈ നാടകത്തിലെ വില്ലന്മാര്‍ അത്തരമൊരു സംഘത്തിന് മുന്നില്‍ പോകാനും സംഘത്തെ തൃപ്തിപ്പെടുത്താനും പെണ്‍കുട്ടികള്‍ തയ്യാറാകരുത്.  അവരെ അതിനു രക്ഷിതാക്കള്‍ അനുവദിക്കുകയും ചെയ്യരുത്.  അപ്രകാരം തന്നെ കാണാന്‍ വന്ന യുവാവിനെയും നിയുക്ത വധുവിനെയും ഒരു സ്വകാര്യമുറിയില്‍ തനിച്ചാക്കി മണിക്കൂറുകളോളം വാതിലടച്ച് കുശലം പറയാനും പരിചയപ്പെടാനും അനുവദിക്കുന്ന പ്രവണത സമൂഹത്തില്‍ ആരംഭിച്ചിട്ടുണ്ട്.  ഇത് കഠിനമായ തെറ്റാണ്.  ഇവര്‍ രണ്ടുപേരും അന്യരായതുകൊണ്ട് തന്നെ അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വിജനതയില്‍ ഒത്തുചേരരുത് എന്ന തിരുകല്‍പനക്കെതിരായതുകൊണ്ട് ഈ ഒത്തുചേരല്‍ ഹറാം തന്നെയാണ്.  മാത്രമല്ല ദുര്‍ബല സന്ദര്‍ഭങ്ങളില്‍ അരുതാത്തത് സംഭവിക്കാനും സാധ്യതയുണ്ട്.  രക്ഷിതാക്കളാണ് ഇത്തരം കാര്യങ്ങളില്‍ പ്രധാന ശ്രദ്ധ പതിപ്പിക്കേണ്ടത്. കണ്ടുറച്ച പെണ്ണിനെ സ്വന്തം ഭാര്യയെപോലെ കൊണ്ടുനടക്കുന്നവരുണ്ട്.  ടൂറിനും കല്യാണത്തിനും നിയുക്തവധുവിനെ കൂട്ടിപ്പോകുന്നവര്‍ ഓര്‍ക്കുക.  ഇത് ഹറാമാണ്.  നിക്കാഹ് കഴിയാത്തവള്‍ നിങ്ങളുടെ ഭാര്യയാകുന്നില്ല.  അവള്‍ അന്യ സ്ത്രീ തന്നെയാണ്.
ഈ വിഷയം ഗൗരവപൂര്‍വ്വം തന്നെ കാണാന്‍ സമുദായം തയ്യാറാകണം.  പല കാരണങ്ങള്‍ പറഞ്ഞ് സ്ത്രീപുരുഷ സമ്പര്‍ക്കത്തിനവസരമുണ്ടാക്കുകയാണു സമൂഹം ചെയ്യുന്നത്.  ഇസ്ലാമാകട്ടെ ഈ അവസരം നിഷേധിക്കാനും ഇല്ലായ്മ ചെയ്യാനുമാണുദ്ദേശിക്കുന്നത്.  സ്ത്രീപുരുഷ സമ്പര്‍ക്കം മൂലമുണ്ടാകുന്ന സാമൂഹിക അറുതികളും വിനാശങ്ങളും ഇന്ന് സമൂഹത്തെ പിടിച്ച് കുലുക്കുകയാണ്.  സ്ത്രീപീഢനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന സ്ത്രീഭ്രൂണഹത്യകളുടെയും നടുക്കുന്ന കഥകള്‍ നിരത്തിവെച്ച് വൃഥാവിലാപം നടത്തുന്ന മാധ്യമങ്ങളും  കലകാരന്മാരും ബുദ്ധിജീവികളുമൊക്കെ അപ്പുറത്ത് മാറിനിന്നു ഇത്തരം അറുതികള്‍ക്കു പഴുത് തേടുകയാണ്.
അന്യസ്ത്രീകളെ കാണാനോ അവരുമായി വിജനതയില്‍ ഒത്തുകൂടാനോ ഇസ്ലാം അനുവദിക്കുന്നില്ല.  വിശ്വാസികളോട് അവരുടെ കണ്ണുകള്‍ അടക്കാന്‍ പറയുക.  അവരുടെ ലൈംഗികാവയവങ്ങള്‍ സൂക്ഷിക്കാനും.  അതാണവര്‍ക്ക് കൂടുതല്‍ സംശുദ്ധമായത്.  അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷമമായി അറിയുന്നവനാണ് അല്ലാഹു.  വിശ്വാസിനികളായ സ്ത്രീകളോടും അവരുടെ നയനങ്ങളടക്കാന്‍ നിര്‍ദ്ദേശിക്കുക.  അവരുടെ ലൈംഗികാംഗങ്ങള്‍ സൂക്ഷിക്കാനും. അവരുടെ ശരീരത്തില്‍ നിന്നു പ്രത്യക്ഷമായ സൗന്ദര്യമല്ലാതെ അവര്‍ പ്രകടിപ്പിക്കരുത്  (അന്നൂര്‍).
ഈ നിര്‍ദ്ദേശം അതീവ ഗൗരവമുള്ളതും കര്‍ശനമായതുമാണ്.  ഇത് ലംഘിക്കാന്‍ വിശ്വാസികളായ സ്ത്രീക്കും പുരുഷനും പാടില്ല.  നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രമാണ് ഇതില്‍ നിന്നൊഴിവുള്ളത്.  നിര്‍ബന്ധകാര്യങ്ങള്‍ പഠിക്കുക, ചികിത്സ, ഇടപാടുകള്‍, സാക്ഷി തുടങ്ങിയ സന്ദര്‍ഭത്തില്‍ മാത്രമാണ് അന്യപുരുഷന് സ്ത്രീയെ കാണാന്‍ അനുവാദമുള്ളത്. ഏതെങ്കിലും അപകടത്തില്‍പെട്ട സ്ത്രീയെ രക്ഷപ്പെടുത്താനും ശത്രുവില്‍ നിന്നു സംരക്ഷിക്കാനും വേണ്ടി സ്ത്രീയെ കാണുകയും സ്പര്‍ശിക്കുകയും ചെയ്യാവുന്നതാണ്.  മാത്രമല്ല മറ്റാരും രക്ഷിക്കാനില്ലെങ്കില്‍ ഇത് നിര്‍ബന്ധവുമാണ്.  വിവാഹാന്വേഷണം നടത്തുന്നവളെ കാണുന്നതും ഇത് പോലെ ഒരനിവാര്യഘട്ടത്തില്‍ മാത്രം അനുവദിക്കപ്പെട്ടിട്ടുള്ളതാണ്.
ഇത് വിവാഹം കഴിക്കാന്‍ പോകുന്ന നിയുക്തവരന് മാത്രമാണെന്ന് കൂട്ടുകാര്‍ ഓര്‍ക്കണം.  നോട്ടം ഇബ്ലീസിന്റെ വിഷലിപ്തമായ അമ്പാണ് (ഹ.ശ) കണ്ണാണു ഹൃദയത്തിന്റെ താക്കോല്‍.  സുന്ദരിയായ ഒരു യുവതിയെ കാണുന്ന ചെറുപ്പക്കാരന്റെ ഹൃദയത്തില്‍ താനറിയാതെ വൈകാരിക ചലനങ്ങളുണ്ടാകുന്നു.  ആ സുന്ദരരൂപം, അവളുടെ മെയ്യഴക്, കാര്‍ക്കൂന്തലുകള്‍, മാന്‍പേടയുടെ നയനങ്ങള്‍, മുഖബിംബം തന്റെ ഹൃദയത്തിന്റെ സ്വപ്നകുടീരത്തില്‍ പ്രതിബിംബിക്കുകയും ഒരു കേമറയുടെ ഫിലിമിലെന്നപോലെ മനസ്സില്‍ അത് പതിയുകയും ചെയ്യുന്നു.  പിന്നീട് മനസ്സിന്റെ ആല്‍ബത്തില്‍ നിന്നു തന്റെ  സഹചമായ ചേതോവികാരങ്ങള്‍ ആ ചിത്രത്തെ സര്‍ച്ച് ചെയ്തെടുക്കുകയും തന്റെ സ്വപ്നങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
നോട്ടമാണ് ദുര്‍വൃത്തിയുടെ പ്രഥമദൂതന്‍.  ഒരു നോട്ടം, പിന്നീടൊരു പുഞ്ചിരി, പിന്നീടഭിവാദ്യങ്ങള്‍, ഇനി സംസാരവും സമയ നിശ്ചയവും ശേഷം കൂടിക്കാഴ്ചയും എന്നാണു ഒരു അറബി കവി പാടിയത്.
മനസ്സാകുന്ന ക്യാമറയുടെ സ്വിച്ചാണ് കണ്ണെന്നതു കൊണ്ടു തന്നെയാണ് സദാചാര വിരുദ്ധമായ വഴികളിലേക്ക് വലിച്ചിഴക്കാനുള്ള സാഹചര്യം കണ്ണിനൊരുക്കിക്കൊടുക്കരുതെന്ന് ഇസ്ലാം പഠിപ്പിച്ചത്.  സുന്ദരന്മാരായ ആണ്‍കുട്ടികളെ പോലും  നോക്കാനോ വൈകാരികോത്തേജനമുണ്ടാകുന്ന സാഹചര്യത്തില്‍ അവരുമായി ഇടപഴകാനോ പാടില്ലെന്ന് തിരുനബി(സ്വ) പഠിപ്പിച്ചത് വ്യക്തിവിശുദ്ധിക്ക് വിശ്വാസി മുന്‍ഗണനയും മുഖവിലയും നല്‍കണമെന്നത് കൊണ്ടാണ്.
ഇക്കാരണങ്ങളാല്‍ തന്നെ സംഘം കൂടിയുള്ള പെണ്ണുകാണല്‍ ഒരു നിലക്കും അനുവദിച്ച് കൂടാ.  തന്റെ കൂട്ടുകാരനെ ആ ബന്ധത്തില്‍ നിന്നു മുടക്കി സംഘത്തിലെ കുരുട്ടുബുദ്ധിയും അന്യമതസ്ഥനും കുട്ടിയെ ചാടിച്ചു പോയ സംഭവങ്ങള്‍വരെ സമൂഹത്തിലുണ്ടായിട്ടുണ്ട്.  തന്റെ ഇണയെ കാണാനും ആരായിരിക്കണമെന്ന് തീരുമാനിക്കാനും അന്യന്റെ അഭിപ്രായം കാത്തിരിക്കുന്നവര്‍ സ്വന്തം വ്യക്തിത്വമില്ലാത്തവരാണെന്നും കൂടി ഓര്‍ക്കുക.

❤❤❤❤❤❤

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....