📚
*കറാഹത്;*
*സാങ്കേതികത്വവും ചില പ്രയോഗങ്ങളും*
(ഭാഗം -4)
✍️
_അശ്റഫ് സഖാഫി, പള്ളിപ്പുറം._
______________________
*_മുൻഗാമികളുടെ 'കറാഹത്' പ്രയോഗങ്ങൾ_*
കറാഹതിൽ നിന്നും, ഖിലാഫുൽ ഔലാ എന്ന ഇനത്തെ വേർതിരിച്ച് സാങ്കേതികത്വം നൽകിയത് പിൽക്കാല ഇമാമുമാരാണെന്ന് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു. അപ്പോൾ മുൻഗാമികൾ ഖിലാഫുൽ ഔലായും കൂടെ ഉൾപ്പെട്ട വിശാലാർത്ഥത്തിനാണ് കറാഹത് എന്ന് പ്രയോഗിക്കുക. അവരുടെ ഉദ്ധരണികളോ ഗ്രന്ഥങ്ങളോ വായിക്കുമ്പോൾ ഇക്കാര്യം നല്ല ഓർമ്മ വേണം.
وَيُسَنُّ لِلْخَطِيبِ أَنْ يُبَالِغَ فِي حُسْنِ الْهَيْئَةِ وَفِي مَوْضِعٍ مِنْ الْإِحْيَاءِ يُكْرَهُ لَهُ لُبْسُ السَّوَادِ أَيْ هُوَ خِلَافُ الْأَوْلَى. اهـ
(تحفة: ٢/٤٧٥)
കറുപ്പ് വസ്ത്രം ധരിക്കൽ ഖത്വീബിന് കറാഹതാണെന്ന ഇമാം ഗസാലി(റ)യുടെ വാക്ക് കണ്ട്, തൻസീഹോ തഹ്‌രീമോ കരുതണ്ട. അത് ഖിലാഫുൽ ഔലായാണ് അവിടെ ഉദ്ദേശമെന്ന് തുഹ്ഫഃയിൽ വ്യക്തമാക്കിയതാണ് ഇപ്പോൾ ഉദ്ധരിച്ചത്. ഇതല്ലാത്ത മറ്റു വിധികളുടെ കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇമാം നവവി(റ)ൻ്റെ മുമ്പുള്ള പണ്ഡിതന്മാരിൽ പെട്ടവരാണ് ഇമാം ഗസാലി(റ). അവർ പറഞ്ഞ ഹുക്മുകളുടെ നിജസ്ഥിതി, പിൽക്കാല പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നിന്നാണ് അവലംബിക്കേണ്ടത്. അതേക്കുറിച്ച് മുമ്പ് എഴുതിയതിനാൽ ഇവിടെ നീട്ടുന്നില്ല. ശ്രദ്ധിക്കാൻ ഓർമ്മിപ്പിച്ചെന്ന് മാത്രം. ഇനിയുള്ള വിവരണങ്ങളിൽ നിന്നും ഒന്നുകൂടെ ആ തത്വം ബോധ്യമാകും. (ഇ.അ)
കുറച്ചു കൂടി മുൻകാലത്തേക്ക് പോയാൽ, കറാഹത് എന്ന് വെറുപ്പുള്ളത് എന്ന ഭാഷാർത്ഥത്തിൽ പ്രയോഗിച്ചത് കാണാം. അപ്പോൾ, നമ്മൾ പറയുന്ന ഹറാമും, കറാഹതും, ഖിലാഫുൽ ഔലായും ഒക്കെ ഉൾപ്പെടും. ഫർള് കിഫായഃ ആയിട്ടുള്ള കാര്യത്തെക്കുറിച്ച് വരെ കറാഹത് പ്രയോഗിച്ചിട്ടുണ്ട്. അതിനർത്ഥം, 'അക്കാര്യം ചെയ്യാൻ താൽപര്യപ്പെടുന്നില്ല' എന്നാണ്. അപ്പോൾ ഒന്നുകൂടെ വിശാലമായി. ഇങ്ങനെയൊക്കെ പല സാധ്യതകളും ഉള്ളത് കൊണ്ടാണ് മുൻഗാമികളുടെ കിതാബുകൾ നോക്കി ഹുക്മ് പറയുന്നത് അത്ര എളുപ്പമല്ലാതായത്. അതെല്ലാം വേണ്ടവിധം ഗ്രഹിച്ച് പിൽക്കാല ഇമാമുകൾ വ്യതമാക്കിയതിലാണ് നമ്മുടെ ശരണം.
ഇമാം തഖിയ്യുസ്സുബ്കീ(റ) പറയുന്നു:
"കറാഹതിന് മൂന്ന് വിവക്ഷയുണ്ട് - ഹറാം, കറാഹത് തൻസീഹ്, ഒഴിവാക്കൽ നല്ലത് എന്നിങ്ങനെയാണ് അവ. ഇമാം ശാഫിഈ(റ) ഹറാം എന്ന അർത്ഥത്തിന് പ്രയോഗിക്കുന്നുണ്ട്. പൂർവ്വകാല പണ്ഡിതർ കൂടുതലും ഹറാം എന്ന അർത്ഥത്തിന് കറാഹത് എന്ന് ഉപയോഗിക്കുന്നു.
"നിങ്ങൾക്ക് തോന്നുന്ന പ്രകാരം ഇന്നത് ഹലാൽ, ഇന്നത് ഹറാം എന്ന് പറയരുത്" എന്ന ഖുർആനിൻ്റെ ആക്ഷേപസ്വരം ഉണ്ടായതിനാൽ അദബ് പാലിച്ചു കൊണ്ടാണ്, ഹറാം എന്ന് പറയാതെ ഈ രീതി അവർ സ്വീകരിച്ചത്." തന്നിഷ്ടം നോക്കി നിയമം വിധിക്കുന്നതിനെ പറ്റിയാണ് വിരോധനയെങ്കിലും അവർ വിനയം കാണിക്കുകയാണ് ഇതിലൂടെ.
وفي المكروه ثلاثة اصطلاحات:
أحدهما: الحرام، فيقول الشافعي: أكره كذا، ويريد التحريم، وهو غالب إطلاق المتقدمين، تحرزًا عن قول الله تعالى:
{وَلَا تَقُولُوا لِمَا تَصِفُ الْسِنَتُكُمُ الْكَذِبَ هَذَا حَلَالٌ وَهَذَا حَرَامٌ} ، فكرهوا إطلاق لفظ التحريم.
الثاني: ما نُهِي عنه نَهْيَ تنزيه، وهو المقصود هنا.
الثالث: تَرْكُ الأولى، كترك صلاة الضحى لكثرة الفضل في فعلها، والفرق بين هذا والذي قبله ورود النهي المقصود. اهـ
(الإبهاج في شرح المنهاج للتقي السبكي: ١٦٣-٢/١٦٢)
അടിവരയിടേണ്ട വാക്കുകളാണ് ഇമാം സുബ്കീ(റ)യുടേത്. ഇമാം മാലിക്(റ), തജ്‌വീദിലെ പല ഉച്ഛാരണ ശൈലികളും നിസ്കാരത്തിൽ കൊണ്ടു വരുന്നതിനെ കറാഹത് പ്രയോഗം നടത്തി. ഫർള് കിഫായഃ ആയിട്ടുള്ള ഇമാമതിനെക്കുറിച്ച് ഇമാം ശാഫിഈ(റ)യും കറാഹത് പ്രയോഗം നടത്തി. ഇതേക്കുറിച്ച് ഇമാം ഇബ്നു ഹജർ(റ) പറയുന്നു:
وَكَأَنَّ مَا فِي السُّؤَالِ تَوَهُّمٌ مِنْ قَوْلِ مَالِكٍ - رَضِيَ اللَّهُ عَنْهُ -: 'وَأَكْرَهُ التَّرْقِيقَ وَالتَّفْخِيمَ وَالرَّوْمَ وَالْإِشْمَامَ فِي الصَّلَاةِ؛ لِأَنَّهَا تُشْغِلُ عَنْ أَحْكَامِ الصَّلَاةِ.'اهـ وَلَيْسَ ذَلِكَ التَّوَهُّمُ بِصَحِيحٍ؛ لِأَنَّ الْمُجْتَهِدِينَ قَدْ يُطْلِقُونَ الْكَرَاهَةَ عَلَى الْإِرْشَادِيَّةِ الَّتِي لَا ثَوَابَ فِي تَرْكِهَا وَلَا قُبْحَ فِي فِعْلِهَا.
.وَنَظِيرُهُ قَوْلُ الشَّافِعِيِّ: - رَضِيَ اللَّهُ عَنْهُ - وَأَنَا أَكْرَهُ الْإِمَامَةَ؛ لِأَنَّهَا وِلَايَةٌ، وَأَنَا أَكْرَهُ سَائِرَ الْوِلَايَاتِ لَمْ يُرِدْ الْكَرَاهَةَ الشَّرْعِيَّةَ لِأَنَّهَا مِنْ قِسْمِ الْقَبِيحِ. ...، فَمُرَادُهُ أَنَّهُ لَا يُحِبُّ الدُّخُولَ فِيهَا وَلَا يَخْتَارُهُ، وَلَا أَنَّهُ لَا ثَوَابَ فِيهَا إذْ الْكَرَاهَةُ وَالثَّوَابُ لَا يَجْتَمِعَانِ؛ فَكَذَلِكَ مُرَادُ مَالِكٍ بِذَلِكَ أَنَّهُ أَحَبَّ وَاخْتَارَ أَنْ لَا يَفْعَلَ ذَلِكَ فِي الصَّلَاةِ لِلْمَعْنَى الَّذِي ذَكَرَهُ لَا أَنَّ ذَلِكَ مَكْرُوهٌ شَرْعًا؛ لِأَنَّهُ مِنْ حَيِّزِ الْقَبِيحِ، وَالْقِرَاءَةُ الْمَذْكُورَةُ لَا تُوصَفُ بِذَلِكَ قَطْعًا. اهـ
(فتاوى الكبرى: ١/١٥٢)
"ഇമാം മാലിക്(റ) അത് കൊണ്ട് ഇർശാദിയ്യായ കറാഹതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതിനാണെങ്കിൽ ചെയ്താൽ കൂലിയോ ഉപേക്ഷിച്ചതിന് മോശമോ ഇല്ലല്ലോ. ഇമാം ശാഫിഈ(റ) അക്കാര്യം ഞാൻ താൽപര്യപ്പെടുന്നില്ല എന്ന അർത്ഥത്തിനുമാണ് ഉദ്ദേശിക്കുന്നത്. കാരണം ഫർള് കിഫായഃ ആയിട്ടുള്ള ഒരു കാര്യം കറാഹതാവില്ലല്ലോ. പ്രതിഫലം ലഭിക്കുന്ന ഒരു കാര്യവും ശറഇൽ മോശമായ കറാഹതാവുകയില്ല തന്നെ.."
താടി വടിക്കുന്നതിനെക്കുറിച്ച് ഇമാം ഹലീമീ(റ) -
لا يحلّ
എന്ന് പ്രയോഗിച്ചതിനെ: "ചെയ്യലും ഉപേക്ഷിക്കലും ഒരുപോലെയുള്ളതല്ല" എന്ന് അർത്ഥം നൽകി വ്യാഖ്യാനിച്ചിട്ടുണ്ട്. അപ്പോൾ കറാഹതും ഇതിൻ്റെ അർത്ഥത്തിൽ പെടുത്തി.
يحرم
എന്നതിനെ -
خلاف المعتمد
എന്നും വ്യഖ്യാനിച്ചത് കാണാം.
(തുഹ്ഫഃ 9/376- നോക്കുക).
പ്രവൃത്തിയിൽ നിന്നൊഴിവാക്കണം എന്ന് പഠിപ്പിക്കാനും, അതോടൊപ്പം, കറാഹത് എന്ന് വിധി വ്യക്തമാക്കാനുള്ള പ്രമാണങ്ങൾ ലഭ്യമാകാത്തതിനാലും ഇമാമുകൾ ഒരു ശൈലി സ്വീകരിച്ചിട്ടുണ്ട്. മഹാന്മാരിലേക്ക് ചേർത്തി, അത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പറഞ്ഞ് ജനങ്ങളെ ഉൽബുദ്ധരാക്കുക. മൂക്കിലെ രോമങ്ങൾ പറിച്ചെടുക്കുന്നതിനെക്കുറിച്ച് അപ്രകാരം പ്രയോഗിച്ചിട്ടുണ്ട്:
وَكَرِهَ الْمُحِبُّ الطَّبَرِيُّ نَتْفَ الْأَنْفِ قَالَ بَلْ يَقُصُّهُ لِحَدِيثٍ فِيهِ قِيلَ بَلْ فِي حَدِيثٍ أَنَّ فِي بَقَائِهِ أَمَانًا مِنْ الْجُذَامِ. اهـ
(تحفة: ٢/٤٧٦، فتح المعين - ١٤٥)
ഇമാം മുഹിബ്ബുത്ത്വബരീ(റ) അതിൽ വെറുപ്പ് പ്രകടപ്പിച്ചിട്ടുണ്ട് എന്ന് പറയുന്ന രീതി.
✨