📚
*അത്, ഇതിലില്ല ! (6)*
✍
_അഷ്റഫ് സഖാഫി, പള്ളിപ്പുറം_
_______________________________
നോമ്പിന് അത്താഴം കഴിക്കുന്നതിനിടയിൽ സ്വുബ്ഹ് ബാങ്ക് വിളിച്ചാൽ, വായിലുള്ളത് നിർബന്ധമായും തുപ്പിക്കളയണമെന്ന് ഫിഖ്ഹ് നിയമം പഠിപ്പിക്കുന്നു. അപ്രകാരം ചെയ്യാതെ ഭക്ഷണം അകത്താക്കിയാൽ, വളരെ അൽപമാണെങ്കിൽ പോലും നോമ്പ് ബാത്വിലാകും.
ولو طلع الفجر وفي فمه طعام فلفظه قبل أن ينزل منه شئ لجوفه: صح صومه (فتح المعين )
എന്നാൽ, ബാങ്ക് കേട്ടാലും നിർത്തേണ്ടതില്ല.
പ്ലേറ്റിലുള്ളത് മുഴുവനാക്കിയ ശേഷം തീറ്റയിൽ നിന്നും വിരമിച്ചാൽ മതിയെന്ന് ഹദീസിലുണ്ട്. ഇതാ:
إذا سَمِع أحدُكم النِّداءَ والإناءُ على يدِه، فلا يَضَعْه حتى يَقضيَ حاجتَه منه- (رواه أبو داود: ٢٣٥٠)
ഖുർആനിലോ ഹദീസിലോ ഇത്തരം വ്യക്തമായ പരാമർശം ഉണ്ടായിരിക്കെ, നമ്മൾ എന്ത് ചെയ്യണം ?
തിരുനബി(സ്വ) പറഞ്ഞു:
« تركتُ فيكم أَمْرَيْنِ لن تَضِلُّوا ما تَمَسَّكْتُمْ بهما : كتابَ اللهِ وسُنَّةَ نبيِّهِ ﷺ » (رواه الإمام مالك في الموطإ )
"എനിക്ക് ശേഷം, നിങ്ങളിൽ രണ്ട് കാര്യങ്ങളെ ഏൽപിച്ചു തരുന്നു. ഖുർആനും എൻ്റെ സുന്നതും. അത് മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ പിഴച്ചു പോകില്ല.. "
ഇപ്രകാരം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇനിയെന്തിന് രണ്ടാമതൊന്ന് ചിന്തിക്കണം ? സംശയിക്കേണ്ട, ഫിഖ്ഹ് തള്ളുക തന്നെ - ല്ലെ ?
ഹദീസിൽ വന്നതിന് എതിരായി ഫിഖ്ഹിൽ കാണുമ്പോഴേക്ക് ഒഹാബിക്ക് രക്തം തിളക്കും. അവൻ പറഞ്ഞു നടക്കും: തിരുസുന്നതിൽ വളരെ വ്യക്തമായി ഉണ്ടായിരിക്കെ, മറ്റു 'ഖോജാ'ക്കളുടെ വാക്കുകൾ എന്തിന് പരിഗണിക്കണം !
യഥാർത്ഥത്തിൽ, ഇവിടെ എന്താണ് സംഭവിച്ചത് ? ഫിഖ്ഹും ഹദീസും തമ്മിൽ വൈരുദ്ധ്യമാകുമോ ? ഇല്ലെന്നാണ് ഉത്തരം. ഖുർആനും ഹദീസും ആധാരമാക്കി കണ്ടെത്തിയ നിയമങ്ങളാണ് ഫിഖ്ഹ്. അവ രണ്ടിലും വ്യക്തമാക്കാത്ത അനേകം നിയമങ്ങൾ, അർഹരായവർ, അവരണ്ടിൽ നിന്നും ഗവേഷണം ചെയ്ത് ക്രോഡീകരിച്ചു എന്ന് മാത്രം. ആഴമേറിയ അറിവുള്ള മുജ്തഹിദുകൾ ഖുർആനും ഹദീസും അരിച്ച് പെറുക്കിയാണ് ഇത് ചെയ്തിട്ടുള്ളത്. അവർക്ക് ശേഷം ക്രോഡീകരിക്കപ്പെട്ടവയാണ്, ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങൾ. അവയിലുള്ളതും അല്ലാത്തതും ലഭിച്ചവരാണ് അവർ.
അവയിലെ, ദുർബലമായതും അല്ലാത്തതും (നാസിഖ് - മൻസൂഖ്),
പൊതുവായി പറഞ്ഞതും നിബന്ധനയോടെയുള്ളതും ( മുത്വ് ലഖ് - മുഖയ്യദ് ),
വ്യക്തമാക്കിയതും വ്യക്തമാക്കാതെ പറഞ്ഞതും (മുജ്മൽ - മുബയ്യൻ),
തെളിച്ചു പറഞ്ഞതും വ്യംഗമായുള്ളതും (സ്വരീഹ് - കിനായത്) തുടങ്ങി ഒരുപാട് കാര്യങ്ങൾ ഗ്രഹിച്ചവരാണ് ഇമാമുകൾ. ഇപ്പറഞ്ഞ സാങ്കേതിക ശബ്ദങ്ങൾ നേരാംവണ്ണം സാധാരണക്കാരിൽ പലർക്കും മനസ്സിലായിട്ടു പോലും ഉണ്ടാവില്ല. മനസ്സിലായ പണ്ഡിതന്മാർക്കു പോലും, ഇതനുസരിച്ച് ഗവേഷണത്തിന് ശേഷിയില്ല. മുജ്തഹിദുകൾ കണ്ടെത്തിപ്പറഞ്ഞത് ഉദ്ധരിച്ചു തരാനേ സാധിക്കൂ. അവരുടെ ഗ്രാഹ്യശേഷിക്കു മുമ്പിൽ കൈകൂപി നിൽക്കാനേ പിൽക്കാലത്തുള്ളവർക്ക് സാധിച്ചിട്ടുള്ളൂ.
അപ്പോൾ, നമ്മൾ ഒരു ആയതിലോ ഹദീസിലോ ഒരു രീതി കണ്ടെന്ന് കരുതി, ഫിഖ്ഹിലെ നിയമങ്ങൾ നോക്കാതെ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല. ചെയ്തികളെല്ലാം കൊളമാകും.
ഉദാഹരണത്തിന്, ബാങ്ക് കേട്ട് അത്താഴം കഴിക്കുന്നത് നിർത്തുന്ന ഇക്കാര്യത്തിൽ തന്നെ നോക്കൂ. മേൽ ഉദ്ധരിച്ച ഹദീസിന് പുറമെ മറ്റൊരു ഹദീസ് ഇപ്രകാരം കാണാം:
قَالَ رَسُول اللهِ ﷺ : « إِنَّ بِلَالًا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى، تَسْمَعُوا تَأْذِينَ ابْنِ أُمِّ مَكْتُومٍ » (رواه مسلم - ١٠٩٢)
"ബിലാൽ(റ)യുടെ ബാങ്ക് കേട്ടാൽ തിന്നുകയും കുടിക്കുകയും ചെയ്യാം. അബ്ദുല്ലാഹ് ബ്നു ഉമ്മി മക്തൂം(റ)യുടെ ബാങ്ക് കേൾക്കുന്നത് വരെ. "
അഥവാ, പുലർച്ചെ രണ്ട് ബാങ്ക് സുന്നതുണ്ട്. ഒന്ന് തഹജ്ജുദിനും, മറ്റൊന്ന് സുബ്ഹിക്കും. ഇതിലെ രണ്ടാം ബാങ്ക് കേട്ടാൽ പിന്നെ, തിന്നാനോ കുടിക്കാനോ പറ്റില്ല. അതിന് മുമ്പുള്ള ബാങ്ക് കേട്ടാൽ, നോമ്പിനുള്ള സമയമായിട്ടില്ലെന്നും ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ലെന്നും പഠിപ്പിക്കുകയാണ് തിരുനബി(സ്വ) തങ്ങൾ. ഇക്കാര്യം മാത്രം പരാമർശിച്ച ഹദീസാണ് തുടക്കത്തിൽ അബൂദാവൂദിൽ നിന്ന് ഉദ്ധരിച്ചത്. രണ്ട് ബാങ്കിൻ്റെ ഇപ്രകാരമുള്ള വിശദീകരണം മനസ്സിലാക്കാതെ, ഹദീസിൻ്റെ ആളുകളാണെന്നും പറഞ്ഞ്, സ്വുബ്ഹ് ബാങ്ക് കേട്ടിട്ടും ഭക്ഷണം കഴിച്ചാൽ നോമ്പ് ശരിയാവില്ല. മുറിവൈദ്യൻ ആളെക്കൊല്ലുന്ന പ്രതീതി, ഇബാദതുകൾ ബാത്വിലാക്കുന്ന അൽപജ്ഞാനികളിലും ഉണ്ടെന്ന് സാരം.
എല്ലാം മനസ്സിലാക്കിയ, ഫുഖഹാഅ് പറഞ്ഞതിൽ നിന്ന് കൊണ്ട് വേണം, നമുക്ക് ഖുർആനിനെയും ഹദീസിനെയും മനസ്സിലാക്കാൻ. അവർക്കും തെറ്റ് പറ്റാമെന്ന് ജൽപിച്ച് ഫിഖ്ഹിനെ മാറ്റിവെക്കുന്നത് നീചവൃത്തിയാണ്. കാര്യങ്ങൾ യഥാവിധം മനസ്സിലാക്കിയ ഒരാളും അപ്രകാരം ഉരിയാടില്ല തന്നെ.
കടലിൽ പോയി മീൻ പിടിക്കാനറിയുന്ന മനുഷ്യർക്കൊപ്പം നിന്നാൽ പൂച്ചക്ക് മീൻ ആവശ്യാനുസരണം കിട്ടും. ഹുങ്ക് കാട്ടി, വെള്ളത്തിലെ മീൻ കൂട്ടത്തിലേക്ക് പൂച്ച എടുത്തു ചാടിയാലോ, മീനിനെ കിട്ടുന്നതിന് പകരം, മീൻ പൂച്ചയെ തിന്നുകയാണ് ഉണ്ടാവുക.
വൈലിത്തറ ഉസ്താദിൽ നിന്നും പൊന്മള ഉസ്താദ് പറഞ്ഞു തന്ന ഈ കഥ സാധാരണക്കാർ ഓർത്തു വെക്കുക.
✨