Friday, August 1, 2025

തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്.

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

*Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️*


*🌹Tweett 1144🌹*


തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. പത്തു ദിനാർ നൽകാനുള്ള ഒരാളുടെ പിന്നിൽ ഇടപാടുകാരൻ വിടാതെ പിടികൂടി. ഒന്നുകിൽ കടം വീട്ടണം അല്ലെങ്കിൽ ബാധ്യതയ്ക്ക് നബിﷺ ജാമ്യം നിൽക്കണം. തിരുനബിﷺ ചോദിച്ചു. എത്രകാലത്തേക്ക്? ഒരു മാസത്തേക്ക് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുനബിﷺ ആ ജാമ്യം ഏറ്റെടുത്തു. ഒരുമാസം അവധിയെത്തിയപ്പോൾ ബാധ്യതക്കാരൻ പത്തു ദിനാറുമായി വന്നു. നബിﷺ അദ്ദേഹത്തോട് ചോദിച്ചു. ഇത് എവിടുന്നാണ് നിനക്ക് കിട്ടിയത്? അയാൾ പറഞ്ഞു. ഖനിയിൽ നിന്ന്. എന്നാൽ, അതിൻ്റെ ആവശ്യമില്ല. ബാധ്യത ഞാൻ വീട്ടി കൊള്ളാം.


          ഇടപാടുകാരിൽ പ്രയാസം നേരിടുന്നവർക്ക് ജാമ്യം നിൽക്കുക. പാവപ്പെട്ടവൻ പ്രയാസം നേരിടുന്ന ഘട്ടത്തിൽ എല്ലാ അർത്ഥത്തിലും സഹായിക്കുക. മനുഷ്യർക്കിടയിൽ ഉണ്ടായിരിക്കേണ്ട കാരുണ്യത്തിന്റെയും നന്മയുടെയും ഉയർന്ന അധ്യായങ്ങളാണ് ഈ സംഭവത്തിലൂടെ തിരുനബിﷺ കാഴ്ചവയ്ക്കുന്നത്.


         ഇതിനെക്കാൾ മികച്ച വിശാലതയും ഔദാര്യവും നിറഞ്ഞ ഒരു അധ്യാപനം കൂടി നമുക്കിനി വായിക്കാനുണ്ട്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. കടബാധ്യതയോടുകൂടി മരണപ്പെട്ട ഒരാളുടെ ജനാസ കൊണ്ടുവന്നാൽ അയാളുടെ കടം വീട്ടാനുള്ള വകുപ്പ് ശേഷിക്കുന്നുണ്ടോ എന്ന് നബിﷺ അന്വേഷിക്കും. ഉണ്ടെന്ന് മറുപടി കിട്ടിയാൽ നബിﷺ അദ്ദേഹത്തിൻ്റെ മേൽ നിസ്കരിക്കും. ഇല്ലെന്നാണ് മറുപടി എങ്കിൽ സ്വഹാബികളോട് അദ്ദേഹത്തിൻറെ മേൽ നിസ്കരിച്ച് മറമാടാൻ പറയും. 


         ഇസ്‌ലാം വിവിധ ദേശങ്ങളിലേക്ക് വിജയപ്രവേശം നടക്കുന്ന കാലത്ത് തിരുനബിﷺ ഇങ്ങനെ പ്രസ്താവിച്ചു. വിശ്വാസികൾക്ക് അവരുടെ സ്വന്തത്തെക്കാൾ വേണ്ടപ്പെട്ടവൻ ഞാനാണ്. സത്യവിശ്വാസികളിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ മേലുള്ള കടം ഞാൻ ഏറ്റെടുക്കും. അവർ എന്തെങ്കിലും ബാക്കിവെച്ചു പോയാൽ അത് അവരുടെ അനന്തരാവകാശികൾക്കും കുടുംബാദികൾക്കുമായിരിക്കും.


         കടബാധ്യതകളുടെ പ്രാധാന്യം ഏറെ ഗൗരവത്തോടുകൂടി തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. അനിവാര്യമാണെങ്കിൽ മാത്രം കടം വാങ്ങുക.  കൊടുത്തു വീടാൻ വകുപ്പുണ്ടെന്ന് കണ്ടാൽ മാത്രം വാങ്ങുക. നിശ്ചയിക്കുന്ന അവധിക്ക് തന്നെ തിരിച്ചു കൊടുക്കുക. ഒരുപക്ഷേ കഴിയാതെ വന്നാൽ ഇടപാടുകാരനോട് സുതാര്യമായി കാര്യം ബോധ്യപ്പെടുത്തുകയും അവധി നീട്ടി വാങ്ങുകയും ചെയ്യുക. ഇടപാടുകൾ എഴുതി സൂക്ഷിക്കുക. കടബാധ്യത ഉണ്ടാവുകയും വീടാൻ വഴിയില്ലാത്ത വിധം ശേഷിക്കുകയും ചെയ്താൽ അയാളുടെ മേൽ നിസ്കരിക്കാതിരുന്നത് കടബാധ്യതയുടെ ഗൗരവം സൂചിപ്പിക്കാനാണ്. ജീവൻ നിലനിൽക്കാനുള്ള ഭക്ഷണമോ ഉടുതുണിയില്ലാതെ വന്നപ്പോൾ വസ്ത്രത്തിനോ ഒരാൾ കടം വാങ്ങുകയും വീട്ടാൻ കഴിയാതെ മരണപ്പെട്ടു പോവുകയും ചെയ്താൽ തിരുനബിﷺ പരലോകത്ത് ആ ബാധ്യത ഏറ്റെടുക്കും. ഇസ്‌ലാമിൻ്റെ പ്രവർത്തന വഴിയിൽ മുന്നേറുകയും സേവന ഘട്ടത്തിൽ കടബാധ്യതയോടുകൂടി മരണപ്പെടുകയും ചെയ്താൽ അദ്ദേഹത്തിൻ്റെ കടം പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ഭാഗമായി ഉണ്ടായിരുന്നു. 


              തരാനുള്ളവൻ തരാൻ പ്രയാസപ്പെടുന്നുവെന്നും കിട്ടേണ്ടവന് സാവധാനം ചെയ്തു കൊടുക്കാൻ സാഹചര്യമുണ്ടാവുകയും ചെയ്താൽ തരാനുള്ളവനോട് അവധാനത കാണിക്കുന്നതും പുണ്യകർമമാണ്.


        കടമിടപാടുകളുടെ കാര്യത്തിൽ കരുണയും കൃത്യതയും നിഷ്ഠയും സാമൂഹിക ഭദ്രതയും എല്ലാം ഉൾക്കൊള്ളുന്ന എല്ലാ വീക്ഷണ വശങ്ങളെയും പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊള്ളുന്നു.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1144

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...