📚
*ചരിത്രങ്ങളിൽ നിന്നും മതവിധി കണ്ടെത്തുന്നത് ഒന്ന് നിർത്തൂ....*
✍️
_അഷ്റഫ് സഖാഫി, പള്ളിപ്പുറം_
___________________________
കുറച്ച് അന്ധന്മാർ ആനയെ കാണാൻ പോയ കഥ കേട്ടിട്ടില്ലേ? ഒരാൾ ആനയുടെ കാലിലാണ് പിടിച്ചു നോക്കിയത്. മറ്റൊരാൾ വാലിൽ. മറ്റൊരുത്തൻ ചെവിയിലും. കാലിൽ പിടിച്ചു നോക്കിയവൻ പറഞ്ഞു: "ആന ഒരു തൂണ് പോലെയാണ്..."
വാലിൽ പിടിച്ചവൻ പറഞ്ഞു: " അല്ല, ചൂൽ പോലെയാണ്.." ചെവിയിൽ പിടിച്ചവൻ രണ്ട് പേരെയും നിഷേധിച്ചു: "അതൊന്നുമല്ല, ആന ഒരു മുറം പോലിരിക്കുന്നു..."
ഇത് പോലെ ചില 'അന്ധന്മാരും' 'ബധിരന്മാരും' 'മൂകന്മാരും' ഇസ്‌ലാം മതത്തെ കാണാനും കേൾക്കാനും മണത്തു നോക്കാനും വന്നിരിക്കുന്നു..! ഇവന്മാരൊക്കെ ആദ്യം തങ്ങളുടെ ഇല്ലായ്മകളെ കുറിച്ച് ബോധവാന്മാരാവുകയാണ് വേണ്ടത്. അല്ലെങ്കിൽ നേരാം വണ്ണം മതത്തെ അറിയുന്നവരോട് ചോദിച്ച് പഠിക്കണം. അതുമല്ലെങ്കിൽ മതത്തിന്റെ നിയമ സംഹിതകൾ രേഖപ്പെടുത്തി വെച്ച കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ സ്വന്തമായി പരിശോധിക്കാൻ പ്രാപ്തരാകണം. ഈ മൂന്നിൽ ഏതെങ്കിലും ഒരു വഴിയിലൂടെ മാത്രമേ ഇത് നടക്കൂ. ഇങ്ങനെ ഇസലാമിനെ പഠിക്കാനോ അറിയാനോ ഒരു സാമാന്യ മര്യാദ കാണിച്ചില്ലെങ്കിൽ കഥയിലെ അന്ധന്മാർ ആനയെ വിലയിരുത്തിയ പോലിരിക്കും.
പറഞ്ഞു വരുന്നത്, തിരുനബി(സ്വ) തങ്ങളുടെ മകൾ സൈനബ് ബീവി(റ) യും അബുൽ ആസ്വ്(റ) വും തമ്മിലുള്ള വിവാഹത്തെ തെറ്റായി വ്യഖ്യാനിച്ചതിനെ സംബന്ധിച്ചാണ്. നബിയായി നിയോഗിക്കപ്പെടും മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്ന് വിശ്വാസിയും അല്ലാത്തവരും എന്നിങ്ങനെ വിവേചനമില്ല. കാരണം, ഇസ്‌ലാം അവതരിച്ചു തുടങ്ങിയിട്ടില്ലല്ലോ. അങ്ങനെ ''നുബുവ്വത്' (നബിയായി നിയോഗിക്കപ്പെടുക) ലഭിച്ചപ്പോൾ സൈനബ് ബീവി(റ) വിശ്വാസിയായി. ഭർത്താവ് അബുൽ ആസ്വ്(റ) ഇസ്‌ലാമിലേക്ക് വന്നതുമില്ല. വിശ്വാസത്തിലുള്ള ഈ വ്യത്യാസം കൊണ്ട് തന്നെ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നില്ല. ദമ്പതികളിൽ ഒരാൾ സത്യവിശ്വാസം ഉപേക്ഷിച്ചാൽ അതോടുകൂടെ വിവാഹ ബന്ധം നിലക്കുകയും സ്ത്രീ നിശ്ചിത സമയം ഇദ്ദഃ ആചരിക്കുകയും ചെയ്യണമെന്ന നിയമം പക്ഷേ, അന്ന് ഇല്ല. അത് ഹിജ്റഃക്ക് ശേഷമാണ് നിയമമാക്കിയത്. അത് കൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം ഒഴിവായിരുന്നില്ല.
പിന്നീട് തിരുനബി(സ്വ) തങ്ങളുടെ മദീനഃയിലേക്കുള്ള പലായനമുണ്ടായി. പലസമയങ്ങളിലായി മറ്റു സ്വഹാബതും സൈനബ് ബീവി(റ)യും മദീനയിലെത്തുകയായിരുന്നു. അങ്ങനെ ഹിജ്റഃ ആറാം വർഷം ഹുദൈബിയ്യാ സന്ധിക്ക് പിന്നാലെ മുസ്‌ലിം - അമുസ്‌ലിം തമ്മിലുള്ള വിവാഹം നിഷിദ്ധമാക്കി. അന്ന് മുതൽ സൈനബ് ബീവി(റ) ഇദ്ദഃ ആചരിക്കേണ്ടി വരികയും ഇദ്ദഃയുടെ നിശ്ചിത സമയം കഴിയുന്നതിന് മുമ്പ് അബുൽ ആസ്വ്(റ) ഇസ്‌ലാം സ്വീകരിക്കുന്നുവെങ്കിൽ സൈനബ് ബീവി(റ)യുമായുള്ള വിവാഹബന്ധം തുടർന്നു പോകാമെന്ന നിയമവുമുണ്ടായി. താമസിയാതെ മഹാൻ വിശ്വാസിയാവുകയും ബീവിയുമായി ഒരുമിക്കുകയും ചെയ്തു. ഈ ബന്ധ തുടർച്ചക്ക് പുതിയൊരു നികാഹ് കർമ്മം വേണ്ടി വന്നില്ല. ഇദ്ദഃ കഴിയും മുമ്പേ വിശ്വാസത്തിലേക്ക് വന്നതാണ് അതിന് കാരണം (തുഹ്ഫ: 7/330 )
ഇവിടെ, ഇരുവരും വ്യത്യസ്ത വിശ്വാസങ്ങളിലായിരിക്കെ വിവാഹ ബന്ധം വിഛേദിക്കാതെ നില നിന്നു - എന്ന കാര്യത്തെ എടുത്തിട്ട് മിശ്രവിവാഹത്തിന് ഇസ്‌ലാം അനുവദിക്കുന്നുവെന്ന് തട്ടി വിടുന്നുണ്ട് തലക്ക് വെളിവില്ലാത്ത ചിലർ. ആനയെ കാണാൻ പോയ അന്ധന്മാരുടെ ജനുസിൽ പെട്ടവരാണവർ. അത് കൊണ്ടാണല്ലോ അന്ന് ആനയെ തൂണിനോടും ചൂലിനോടുമൊക്കെ സാദൃശ്യപ്പെടുത്തി മനസ്സിലാക്കിയ പോലെ ചരിത്രത്തിന്റെ ഒരു ഭാഗം എവിടുന്നോ കേട്ട് മറുവശങ്ങളൊന്നും കാണാനോ പഠിക്കാനോ നിൽക്കാതെ മണ്ടത്തരം വിളിച്ചു പറയുന്നത്. സാധുക്കൾ !
വിശ്വാസ വിത്യാസമുണ്ടായതോടെ മഹതിയുമൊത്ത് ഒരുമിച്ചുള്ള ജീവിതം നടന്നിട്ടില്ല. നടന്നിരുന്നെങ്കിൽ തന്നെ അതൊട്ട് തെളിവാകുന്നുമില്ല. കാരണം മിശ്രവിവാഹത്തെ നിഷേധിച്ചു കൊണ്ടുള്ള നിയമം അവതരിക്കുന്നതിന് മുമ്പാണത്. ഈ നിഷേധം നിയമമാക്കപ്പെട്ടതോടെ ആദ്യമുണ്ടായിരുന്ന അനുവാദം നസ്ഖ് ചെയ്യുകയാണുണ്ടായത്.
'നുബുവ്വതി'ന് ശേഷമുള്ള 23 വർഷത്തെ ഇസ്‌ലാമിന്റെ അവതരണത്തിൽ ആദ്യ സമയങ്ങളിലുണ്ടായിരുന്ന പല നിയമങ്ങളും മുകളിൽ പറഞ്ഞ പോലെ പിന്നീട് 'നസ്ഖ്' ചെയ്യപ്പെട്ടിട്ടുണ്ട്. ഖബ്ർ സിയാറത്ത് ഇതിൽ പെട്ടതാണ്. ആദ്യം വിലക്കിയിരുന്നെങ്കിലും പിന്നെ ചെയ്യാൻ നിർദ്ദേശമുണ്ടായി. മദ്യപാനം ആദ്യം വിലക്കിയിരുന്നില്ലെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നിരോധിച്ചു. അവസാനം ശക്തമായി താക്കീത് ചെയ്ത് കൊണ്ടാണ് മദ്യം വിലക്കിയത്.
മാറ്റത്തിരുത്തലുകൾക്ക് വിധേയമില്ലാതെ ആരംഭത്തിൽ തന്നെ നിയമങ്ങൾ സമ്പൂർണ്ണമായി അവതരിക്കുന്നതിന് പകരം ഇങ്ങനെ 'നസ്ഖ്' ചെയ്യുന്നതിൽ പ്രപഞ്ച നാഥന് പല ഹിക്മതുകളുമുണ്ടെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കാര്യം ഇവിടെ പറയാതിരിക്കാനാവില്ല. പ്രഭാഷണങ്ങളിൽ കേട്ടതും വായനകളിൽ നിന്ന് മനസ്സിലാക്കിയതുമായ പല ചരിത്ര സംഭവങ്ങളും ഉണ്ടായിരിക്കാം. അത് വിഷയ സംബന്ധിയായോ ചില പാഠങ്ങൾ ഉൾക്കൊള്ളാനോ പറയുന്നതാണ്. ഇത്തരം ചരിത്രങ്ങളിൽ നിന്നും ഇസ്‌ലാമിക വിധികൾ ഇന്നതാണെന്ന് സ്വയം മനസ്സിലാക്കി പ്രാവർത്തികമാക്കുകയോ മറ്റുള്ളവരോട് പറയുകയോ ചെയ്യുന്ന ചില സാധാരണക്കാരുണ്ട്. മതവിരുദ്ധരായ അൽപജ്ഞാനികളും ഈ ഗണത്തിൽ പെടും. ആ സ്വഭാവം തീർത്തും തെറ്റാണ്. തന്മൂലം നിയമങ്ങൾ പലതും പിഴച്ച് മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അതിനാൽ അക്കാര്യം വളരെയധികം ഗൗരവപൂർവ്വം കാണേണ്ടതാണ്. ഇതുവരെ പ്രതിപാധിച്ച മിശ്രവിവാഹമെന്ന താന്തോന്നിവാസത്തിന് ചൂട്ടുപിടിക്കാനും ചിലർ ചെയ്തത് അതാണല്ലോ.
മതനിയമം മനസ്സിലാക്കാൻ, വിശുദ്ധ ഖുർആൻ - ഹദീസുകളിൽ നിന്നും പണ്ഡിതന്മാർ ക്രോഡീകരിച്ച ഗ്രന്ഥങ്ങൾ മാത്രമാണ് ശരണം. അത് മനസ്സിലാക്കിയിട്ട് വേണം വിഷയ സംബന്ധമായി ചരിത്രങ്ങൾ ഉദ്ധരിക്കാൻ.
കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാൻ റബ്ബ് തുണക്കട്ടെ - ആമീൻ.
💫
No comments:
Post a Comment