Sunday, August 3, 2025

ദാനങ്ങളും സമ്മാനങ്ങളും നൽകൽ*

 *ദാനങ്ങളും സമ്മാനങ്ങളും നൽകൽ*



തിരുനബിﷺയുടെ സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ദാനങ്ങൾക്കും ഉപഹാരങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഉപഹാരങ്ങളും സമ്മാനങ്ങളും നൽകണമെന്നും അത് പരസ്പരമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവിടുത്തെ അധ്യാപനങ്ങൾ നമ്മെ ഉണർത്തുന്നു. ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ഹദിയ അഥവാ ദാനം ചെയ്യുന്നത് ഹൃദയത്തിലെ കോപം, ആശങ്ക തുടങ്ങിയ രോഗങ്ങൾ ഇല്ലായ്മ ചെയ്യും എന്ന് തിരുനബിﷺ പഠിപ്പിച്ചു. 


            ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഇപ്രകാരം പ്രസ്താവിച്ചു. ആരെങ്കിലും ഒരാടിന്റെ കുളമ്പാണ് എനിക്ക് സമ്മാനിക്കുന്നതെങ്കിലും ഞാനത് സ്വീകരിക്കും. അത്രമേൽ ലളിതമായ ഒരു സൽക്കാരത്തിലേക്കാണ് എന്നെ ക്ഷണിക്കുന്നതെങ്കിലും ഞാൻ ക്ഷണം സ്വീകരിക്കും.


          സമ്മാനങ്ങൾ കൊടുക്കുന്നതും വാങ്ങുന്നതും പരസ്പരം ക്ഷണിക്കുന്നതും പോയി വരുന്നതും വ്യക്തികൾക്കിടയിലും അതുവഴി സമൂഹത്തിലുമുണ്ടാക്കുന്ന അടുപ്പത്തിന്റെയും ബന്ധത്തിന്റെയും പ്രാധാന്യമാണ് തിരുനബിﷺ പകർന്നു തരുന്നത്. മറ്റുള്ളവരോട് അടുത്തുനിൽക്കാനും യോജിച്ചു പോകാനും കഴിയുന്ന എല്ലാ സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തുകയും അപരന്റെ ഹൃദയത്തിന് സന്തോഷം നൽകുന്ന ഏതു കർമത്തെയും പുണ്യമായി അവതരിപ്പിക്കുകയുമാണ് തിരുനബിﷺ ചെയ്തിട്ടുള്ളത്.


             ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ബുസ്ർ(റ) പറഞ്ഞു. എൻ്റെ ഉമ്മ സമ്മാനങ്ങളുമായി എന്നെ തിരുനബിﷺയുടെ അടുക്കലേക്ക് അയക്കാറുണ്ടായിരുന്നു. ഞാൻ കൊണ്ട് കൊടുക്കുന്ന സമ്മാനങ്ങൾ തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ തിരുനബിﷺയുടെ അടുക്കലേക്ക് ഒരു കുല മുന്തിരിയുമായി തന്നെ അയച്ചു. ഞാനാ മുന്തിരി കഴിച്ചു. തിരുനബിﷺയോട് അബ്ദുല്ലാഹ് (റ) മുന്തിരി കൊണ്ട് തന്നോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ തിരുനബിﷺ എന്നെ തമാശയാക്കി. പറ്റിച്ചല്ലോ പറ്റിച്ചല്ലോ എന്ന് പറഞ്ഞു. പിന്നെ എന്നെ കാണുമ്പോഴൊക്കെ തമാശയാക്കും. മറ്റൊരു നിവേദന പ്രകാരം. അബ്ദുല്ലാഹ്(റ) പറയുന്നു. ഉമ്മ എന്നെ ഏൽപ്പിച്ച മുന്തിരിയുമായി ഞാൻ പോയി. തിരുനബിﷺയുടെ അടുക്കൽ എത്തുന്നതിനുമുമ്പ് അതിൽ നിന്ന് കഴിച്ചു. തിരുനബിﷺയോട് കാര്യം പറഞ്ഞു. എന്നെ തലോടി സന്തോഷിപ്പിച്ചുകൊണ്ട് പറഞ്ഞു. പറ്റിച്ചല്ലോ!


        അബ്ദുല്ലാഹിബ്നു സർജസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. എൻ്റെ സഹോദരി ചിലപ്പോഴൊക്കെ സമ്മാനങ്ങളുമായി തിരുനബിﷺയുടെ സന്നിധിയിലേക്ക് എന്നെ അയക്കാറുണ്ട്. തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു.


            അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഗ്രാമീണനായ ഒരു അറബി തിരുനബിﷺക്ക് ഒരു ഉപഹാരം നൽകി. തിരുനബിﷺ അദ്ദേഹത്തിന് പ്രതിസമ്മാനം സമർപ്പിച്ചു. തൃപ്തിയായോ  എന്ന് ചോദിച്ചു. അദ്ദേഹം ഇല്ലെന്നു പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തിന് ആവർത്തിച്ച് ആവർത്തിച്ചു നൽകി. സമ്പൂർണ്ണ തൃപ്തിയായി എന്നു പറയുന്നതുവരെ തിരുനബിﷺ കൊടുത്തു കൊണ്ടിരുന്നു. 


      എത്ര മനോഹരമായ വ്യവഹാരങ്ങളാണ് തിരുനബിﷺ നിർവഹിച്ചു കാണിച്ചത്. ഇടപാടുകാരെ തൃപ്തിപ്പെടുത്തുകയും ഉപഹാരം നൽകുന്നവരെ വെറുംകയ്യോടെ മടക്കാതെ അവർക്ക് ഉപകാരപ്പെടുന്ന സമ്മാനങ്ങൾ തിരുനബിﷺ അങ്ങോട്ടും നൽകി. സമ്മാനം സ്വീകരിക്കുന്ന ആൾക്കും സമ്മാനം നൽകുന്നത് തിരുനബിﷺയുടെ ഒരു ശീലമായിരുന്നു. ലളിതമായ സമ്മാനം തിരുനബിﷺക്ക് നൽകുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ തിരിച്ച് സ്വീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്തവരുടെ നിവേദനകളും ഹദീസിൽ കാണാം.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


No comments:

Post a Comment

ദാനങ്ങളും സമ്മാനങ്ങളും നൽകൽ*

 *ദാനങ്ങളും സമ്മാനങ്ങളും നൽകൽ* തിരുനബിﷺയുടെ സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ദാനങ്ങൾക്കും ഉപഹാരങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്....