Wednesday, May 29, 2024

സയ്യിദന്മാരെ വഹാബികൾ* *ഉപയോഗപ്പെടുത്തിയ വിധം* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 113

 https://www.facebook.com/share/p/v4g3cLM5ebsKGyby/?mibextid=oFDknk

*സയ്യിദന്മാരെ വഹാബികൾ* 

*ഉപയോഗപ്പെടുത്തിയ വിധം*

➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 113

✍️Aslamsaquafi payyoli

➖➖➖➖➖➖➖➖➖➖➖


സയ്യിദന്മാരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണല്ലൊ സുന്നികൾ. 

വഹാബികളാവട്ടെ, സയ്യിദന്മാർ എന്നൊരു പ്രത്യേക വിഭാഗമില്ലെന്നും നബികുടുംബത്തിന് ഒരു പ്രത്യേകതയുമില്ലെന്നും പഠിപ്പിക്കുന്നു, അവരെ പ്രത്യേകം ബഹുമാനിക്കുന്നതും ആദരിക്കുന്നതും  ശിയാക്കളുടെ വിശ്വാസമാണെന്നും പ്രചരിപ്പിക്കുന്നു.


"മുഹമ്മദ് നബി(സ) 

പഠിപ്പിച്ച് പരിശീലിപ്പിച്ച്  വളർത്തിയെടുത്ത സമൂഹത്തിൽ തങ്ങന്മാരില്ല...ഈ ദുഷിച്ച സമ്പ്രദായം പിന്നെ ഉണ്ടായത് എങ്ങനെ? ശിയാക്കളിൽ നിന്നുത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ട് സ്വീകരിച്ചത് തന്നെ. "

(സൽസബീൽ മാസിക

1997 സെപ്ത: പേ: 12)

"പ്രവാചകർ സംസ്കരിച്ചെടുത്ത സമൂഹമാണിത്. ഇതിൽ തങ്ങന്മാരെവിടെ? പിന്നെ ഇതെങ്ങനെ ഉണ്ടായി?ശിയാക്കളിൽ നിന്ന് ഉത്ഭവിച്ച അന്ധവിശ്വാസത്തെ സുന്നികൾ മാലയിട്ട് സ്വീകരിച്ചത് തന്നെ! "

(കെ. ഉമർ മൗലവി

ഓർമ്മകളുടെ തീരത്ത്

പേജ് : 6 )


എന്നാൽ സയ്യിദന്മാരെ ഉപയോഗപ്പെടുത്തി സുന്നി പള്ളികൾ പിടിച്ചെടുക്കാനും മഹല്ലുകളിൽ കയറി കൂടാനും മൗലവിമാർ മിടുക്കന്മാരായിരുന്നു. ആദ്യം സുന്നി പള്ളികളിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കും. അധികവും ഖുതുബ പരിഭാഷയാവും. ഒടുവിൽ പള്ളി പൂട്ടിക്കും. പിന്നീട്, പരിഹാരം തേടി സയ്യിദന്മാരെ സമീപിക്കാം എന്ന് അവർ തന്നെ നിർദ്ദേശം വെക്കും. തങ്ങന്മാരെ സമീപിക്കണ്ട എന്ന് പറയാൻ സുന്നികൾ തയ്യാറാവില്ലല്ലോ. സുന്നികൾ അദബോടെ താഴ്മയോടെ സയ്യിദന്മാരുടെ സമീപത്തെത്തും. 

മൗലവിമാർ സയ്യിദന്മാരെ സ്വകാര്യമായി കണ്ടു അവർക്ക് അനുകൂലമായ തീരുമാനങ്ങൾ ഒപ്പിക്കുകയും ചെയ്യും. 

പാവം സുന്നികൾ, അവർ സയ്യിദന്മാർ എന്താണോ തീരുമാനിക്കുന്നത് അതനുസരിക്കും. പള്ളിയുമായി മൗലവിമാർ പോവുകയും നിരാശയോടെ സുന്നികൾ മടങ്ങിവരുകയും ചെയ്യും. 


മലപ്പുറം, കാരക്കുന്ന് പള്ളി ഇതിനുദാഹരണമായെടുക്കാം. 1966 ൻ്റെപകുതിയോടെ പള്ളിയിൽ ഖുത്തുബ പരിഭാഷ തർക്കം ആരംഭിച്ചു. 1967ൽ ആർ.ഡി.ഒ  പള്ളി പൂട്ടി. സുന്നികളും വഹാബികളും സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ജുമാ നമസ്കാരം ആരംഭിച്ചു. 

പ്രശ്ന പരിഹാരത്തിന് സയ്യിദന്മാരെ തിരഞ്ഞെടുത്തു. അവസാനം പ്രശ്നം പരിഹരിച്ചു. പള്ളി വഹാബികൾക്കായി തുറന്നു കൊടുത്തു. 


കെ എൻ എം പുറത്തിറക്കിയ ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും എന്ന കൃതിയിൽ നിന്ന് :


"കാരക്കുന്ന് പള്ളിയിൽ ഖുതുബ മലയാളത്തിൽ വേണമെന്നും അറബിയിൽ തന്നെ വേണമെന്നുമുള്ള കാര്യത്തിൽ നാട്ടുകാർക്കിടയിൽ തർക്കം ഉണ്ടായി...അല്പം കഴിഞ്ഞപ്പോഴേക്കും സബ് കലക്ടറും ഒരുവാൻ പോലീസും എസ്ഐയും സിഐയും എല്ലാം സ്ഥലത്തെത്തി. പോലീസ് രണ്ടുകൂട്ടരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും പള്ളി പൂട്ടി സീൽ വെക്കുകയും ചെയ്തു...മുജാഹിദ് പക്ഷത്തുനിന്ന് ഉമ്മർകുട്ടി ഹാജി അധികാരിയുടെ നേതൃത്വത്തിൽ മൂന്നാളും സുന്നി പക്ഷത്തുനിന്ന് അത്തൻ മോയി അധികാരിയുടെ നേതൃത്വത്തിൽ മൂന്നാളും കൂടി പാണക്കാട് തങ്ങൾ മുഖേന കാര്യം പറഞ്ഞ് അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. അടുത്ത ദിവസം പാണക്കാട് രണ്ടു വിഭാഗക്കാരും കൂടി. രണ്ടു ഭാഗത്തുനിന്നും മൂന്നു പേരെ വീതം വിളിച്ചു തങ്ങൾ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി...തങ്ങൾ വട്ടമേശയ്ക്ക് മുന്നിൽ കസേരയിലിരുന്ന് പ്രാർത്ഥന നടത്തി. തങ്ങൾ അതിനിടക്ക് അഹമ്മദ് ഹാജിയെ കണ്ടു എഴുതിച്ച തീരുമാനം വായിച്ചു. അതിൽ പറഞ്ഞത് വെള്ളിയാഴ്ച സമയമായാൽ ഇമാം മിമ്പറിന് താഴെ നിന്ന് കൊണ്ട് മലയാളത്തിൽ ഒരു പ്രസംഗം നടത്തുക. പിന്നെ മിമ്പറിൽ കയറി അറബിയിൽ രണ്ടു ഖുതുബയും നടത്തുക എന്നതായിരുന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അന്യോന്യം ഒന്നു നോക്കി. ഞാൻ കീശയിൽ നിന്ന് പേന എടുത്തു തീരുമാനത്തിന്റെ താഴെ ഒന്നാം നമ്പറായി ഒപ്പിട്ടു. ശേഷം എംടി അബ്ദുറഹ്മാൻ മൗലവിയോടും അലി അക്ബർ മൗലവിയോടും ഒപ്പിടാൻ പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ അവരും ഒപ്പിട്ടു. " 

(മൗലവിമാർക്ക് ദഹിക്കാത്ത ഈ തീരുമാനത്തെ  തങ്ങളെക്കൊണ്ട് അവർ തിരുത്തിച്ചത് പി.വി ഉമ്മർകുട്ടി ഹാജി തുടർന്നെഴുതുന്നു)

"പിന്നീട് ഞാൻ എഴുന്നേറ്റ് തങ്ങളുടെ അടുത്തേക്ക് ചെന്നു. എംടിയും അലി അക്ബർ മൗലവിയും കൂടെ ഉണ്ടായിരുന്നു. ഞാൻ അകത്തുനിന്ന് തങ്ങളോട് പറഞ്ഞു, തങ്ങൾ എന്തു തീരുമാനിച്ചാലും തീരുമാനത്തിന് താഴെ ഒപ്പിട്ടു തരാം എന്ന് കരാർ ഉണ്ടായിരുന്നു. ആ കരാർ പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഈ തീരുമാനത്തിൽ ഒപ്പിട്ടത്. അല്ലാഹുവിന്റെ റസൂൽ (മക്കത്തെ തങ്ങൾ)വെള്ളിയാഴ്ച രണ്ടു ഖുതുബയാണ് നിശ്ചയിച്ചത്. പാണക്കാട്ടെ തങ്ങൾ മൂന്നാക്കി എന്നായിരിക്കും നാളെ ജനസംസാരം. അതുകൊണ്ട് ആ തീരുമാനം ഞങ്ങൾക്ക് ഒരിക്കലും സ്വീകരിക്കാൻ നിവൃത്തിയില്ല എന്ന് കണ്ണീരൊഴുക്കി കൊണ്ട് ഞാൻ തങ്ങളോട് പറഞ്ഞു...തങ്ങൾ പുറത്തേക്കിറങ്ങി ആദ്യത്തെ കസേരയിൽ തന്നെയിരുന്നു. ഞങ്ങൾ ഞങ്ങളുടെ സീറ്റിലും ഇരുന്നു. ഇന്നത്തെ തീരുമാനം പുനഃ പരിശോധിക്കേണ്ടതുണ്ട് അത് പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ നടപ്പാക്കാൻ പറ്റുകയുള്ളൂ...മൂന്നാം ദിവസം വെള്ളിയാഴ്ച തങ്ങൾ കാരക്കുന്ന് പള്ളിയിൽ വന്നു. ആദ്യ ബാങ്ക് കഴിഞ്ഞശേഷം ഞങ്ങൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഇന്ന് ഇവിടെ പള്ളിയിൽ ഖുതുബ പരിഭാഷയോടു കൂടിയാണ് നടത്തുന്നത്. നാം എല്ലാവരും ശാഫിയാക്കളായ സുന്നികൾ ആണല്ലോ. ശാഫി ഇമാമിന്റെ മദ്ഹബ് ഖുതുബ മാതൃഭാഷയിൽ ആവണമെന്നാണ്. അതനുസരിച്ച് ഖുതുബ പരിഭാഷയോടു കൂടിയാണ് നടത്തുന്നത്. (വീണ്ടും പ്രശ്നമായി, സയ്യിദ് അവർകൾ തീരുമാനം മാറ്റി.പക്ഷേ അത് മൗലവിമാർ അംഗീകരിച്ചില്ല.) 

"അതിൽ പിന്നെ വീണ്ടും പാണക്കാട് കൂടിയ സന്ധി സംഭാഷണത്തിൽ തങ്ങൾ വിധി പറഞ്ഞത് പഴയ അടിസ്ഥാനത്തിൽ മൂന്ന് ഖുതുബ ആയിരുന്നു. രണ്ടാം ബാങ്കിന്റെ മുമ്പ് നടത്തുന്ന ഖുതുബ ജുമഅ ഖുതുബയിൽ പെടുകയില്ലെന്നതാണ് അതിനു തെളിവ് പറഞ്ഞത്. ഞങ്ങൾക്കത് സ്വീകരിക്കാൻ സാധ്യമല്ല എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി പോന്നു. ആർ ഡി ഒ പള്ളി പൂട്ടി. പിന്നീട് മലയാള ഖുതുബ നടക്കണമെന്ന് അഭിപ്രായക്കാരായവർക്ക് പള്ളി തുറന്നു കൊടുത്തു. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും 77 -79)


ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സുന്നികൾ സംഘടിച്ചതോടെയാണ് രാഷ്ട്രീയ മറവിൽ മൗലവിമാരുടെ പള്ളി പിടുത്തം അവസാനിച്ചത്. പാലപ്പറ്റ പള്ളി പാർട്ടി മറവിൽ പതിവുപോലെ പിടിച്ചെടുക്കാൻ വന്നവരെ എസ് എസ് എഫ് നേരിട്ടു പരാജയപ്പെടുത്തി. 1977ലാണ് സംഭവം. സുന്നികൾ പോരാടി നേടിയെടുത്തതാണ് പാലപ്പറ്റ പള്ളി. പതിവുപോലെ മധ്യസ്ഥൻമാരായി അവർ വന്നു.


 "തുടർന്ന് മധ്യസ്ഥ ശ്രമങ്ങൾ വീണ്ടും ഉണ്ടായി. പി സീതി ഹാജിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ സുന്നി നേതാക്കളും മുജാഹിദ് നേതാക്കളും ചർച്ചചെയ്ത് യോജിപ്പിലെത്തുകയും ചെയ്തു. വ്യവസ്ഥകൾ എഴുതി ഒപ്പിടാൻ മധ്യസ്ഥർ ആവശ്യപ്പെട്ടു. മുജാഹിദ് പക്ഷം ഒപ്പിടാൻ തയ്യാറായി. എന്നാൽ സുന്നി പക്ഷത്തെ ഇസ്മായിൽ വഫ എന്ന കുതന്ത്രശാലിയുടെ ചരട് വലി കാരണം സുന്നികൾ ഒപ്പിടാതെ പിന്മാറുകയാണ് ചെയ്തത്. കാന്തപുരം വിഭാഗം സുന്നി പക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും വലിയ പ്രശ്നമാക്കി ഇതിനെ കൊണ്ടുവരികയും ചെയ്തു. "

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും പേ:190)


എസ്സെസ്സെഫിൻ്റെ സമരങ്ങൾ ഫലം കണ്ടു. ഒടുവിൽ പാലപ്പറ്റ പള്ളി സുന്നികളുടെ കരങ്ങളിൽ തന്നെ ഭദ്രമായി നിലനിന്നു.

രാഷ്ട്രീയ തമ്പുരാക്കന്മാർക്ക് മുന്നിൽ ഓഛാനിച്ചു നിന്നിരുന്ന പാവം സുന്നികൾക്ക് ഒരു ഉജ്ജ്വല നേതൃത്വം വന്നതോടെ സീതി ഹാജി ചൂണ്ടുന്നിടത്ത് ഒപ്പിടാൻ ഞങ്ങൾ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ സാധിച്ചു. അതോടെ പള്ളി പ്പിടുത്തവും അവസാനിച്ചു.

സുന്നി സമ്മേളനം മുടങ്ങി* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 112

 https://www.facebook.com/share/p/P6VsaBBQQPgpn21W/?mibextid=oFDknk

*എം എൽ എ ഇടപെട്ടു;*

*സുന്നി സമ്മേളനം മുടങ്ങി*


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 112

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖


അരീക്കോട്, ഒതായി, എടവണ്ണ പത്തപ്പിരിയം പോലുള്ള മലയോര പ്രദേശങ്ങളിൽ മൗലവിമാർ ദിവസങ്ങളോളം താമസിച്ചും അവിടങ്ങളിൽ വീട് വെച്ച് സ്ഥിരം താമസക്കാരായും വഹാബിസം പ്രചരിപ്പിച്ചിരുന്ന കാലം. 

എ അലവി മൗലവിയും രണ്ടത്താണി സൈതു മൗലവിയും എ പി അബ്ദുൽ ഖാദിർ മൗലവിയും അവിടങ്ങളിൽ സ്ഥിരം താമസമാക്കി വഹാബിസം പ്രചരിപ്പിച്ച വരായിരുന്നു. 

ഒതായിലെ പല വീടുകളിലും മാസങ്ങളോളം താമസിച്ചുകൊണ്ട് വഹാബിസം പ്രചരിപ്പിച്ച മൗലവിയാണ് വെട്ടം അബ്ദുള്ള ഹാജി എന്ന കൂട്ടായി ഹാജി. ഇയാൾ ഒരു മാസത്തോളം അവിടെ താമസിച്ചാലും ജംഉം ഖസ്റുമായിട്ടായിരുന്നത്രെ നിസ്കരിക്കാറുള്ളത്. 


"ഒരുമാസം ഇവിടെ താമസിച്ചാലും ജംഉം ഖസ്റുമായിട്ടാണ് നിസ്കരിക്കാറുണ്ടായിരുന്നത് " 

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേജ് 49)


തത്ഫലമായി അവിടങ്ങളിൽ പലരും വഹാബിസത്തിൽ അമർന്നു പോയിരുന്നു. 


പറവണ്ണ ഉസ്താദ്, ഇ കെ ഉസ്താദ്, പതി ഉസ്താദ് തുടങ്ങിയ പ്രഗൽഭരായ സുന്നി പണ്ഡിതർ എടവണ്ണ അരീക്കോട്, തൃപ്പനച്ചി പ്രദേശങ്ങളിൽ ഓടിനടന്ന് സുന്നി പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കുമ്പോൾ അക്രമത്തിലൂടെ ഒതുക്കാനും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്  തടയിടാനും അവർ ശ്രമിക്കുകയും അതേറെ കുറെ വിജയിക്കുകയും ചെയ്തു. സമുദായ പാർട്ടി എംഎൽഎയുടെ പിന്തുണ എല്ലാ നിലക്കും അവർക്കുണ്ടായിരുന്നു. ഒതായി എന്ന പ്രദേശത്തേക്ക് സുന്നികൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത വിധം പ്രതിരോധം തീർത്ത് അവർ സത്യത്തെ തടഞ്ഞുവെച്ചിരുന്നു. ആ ഗ്രാമം പൂർണ്ണമായും ബിദ്അത്തിലമർന്നു. 


1986 ൽ ഒതായിയിൽ സുന്നി സമ്മേളനം പ്രഖ്യാപിച്ചപ്പോൾ അതിനെ തടയിട്ടതും  എംഎൽഎയുടെ സഹായത്തോടെയായിരുന്നു. 1986 മാർച്ച് 28ന് തീരുമാനിച്ച സമ്മേളനം പോലീസുകാരുടെ സഹായത്തോടെ മൗലവിമാർ തടഞ്ഞു. ഏപ്രിൽ 18ന് വീണ്ടും സമ്മേളനം നിശ്ചയിച്ചു. പരസ്യം ചെയ്തു. സുന്നികൾ കൂട്ടത്തോടെ ഒതായിയിലേക്ക്. മൗലവിമാർക്ക് വെപ്രാളമായി. അവർ എടവണ്ണ യതീംഖാനയിൽ മീറ്റിംഗ് ചേർന്നു. എം എൽ എ യെ കണ്ടു. കാര്യങ്ങൾ ധരിപ്പിച്ചു. എം എൽ എ, എസ് പി യോടും കലക്ടറോടും ഗൗരവത്തിൽ സംസാരിക്കുന്നു. 

"ഒരു നൂറു ആംബുലൻസ് ഒതായിയിലേക്ക് ഏർപ്പാട് ചെയ്യണം,ഞങ്ങൾ ഒന്നായി മരിക്കുകയാണ്. മരിക്കാൻ ആരുടെയും സഹായം ആവശ്യമില്ലല്ലോ...എന്നാണ് അവസാനം എംഎൽഎ പറഞ്ഞത് "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 52)


(ആദർശപരമായി തീർത്തും സുന്നികളോട് നേരിടാൻ മൗലവിമാർക്ക് ഭയമായിരുന്നു. അരീക്കോടും എടവണ്ണയും സുന്നികളുടെ പ്രസംഗങ്ങൾ മാറ്റം വരുത്തിയത് അവർക്ക് നന്നായി അറിയാമായിരുന്നു. ഇനി ഏകമാർഗ്ഗം രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി സുന്നി പ്രഭാഷണങ്ങൾ തടയുക എന്നത് മാത്രമായിരുന്നു.)


പിന്നീടുണ്ടായ സംഭവങ്ങൾ ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത പി.വി ഉമ്മർ കുട്ടി ഹാജിഎന്ന വഹാബി നേതാവ് തന്നെ വിശദീകരിക്കുന്നു:


"അല്പം കഴിഞ്ഞു, എസ്‌.പി  എം എൽ എ യെ വിളിച്ചു. മൈക്ക് അനൗൺസ്മെന്റ് ഉടനെ നിർത്തും. ഒതായിലേക്ക് ആരെയും കടത്തിവിടുകയില്ല എല്ലാം ഞങ്ങൾ സമാധാനപരമായി നേരിടും. 

എം എൽ എ അപ്പോൾ തന്നെ എന്നെ വിളിച്ചു. പേടിക്കണ്ട എല്ലാം ശരിയായിരിക്കുന്നു പോലീസ് തടയും. നമ്മൾ തടയേണ്ടതില്ല. അൽഹംദുലില്ലാഹ്, ഞാൻ സർവ്വശക്തനെ സ്തുതിച്ചു. എംഎൽഎ എന്നോട് പറഞ്ഞു: നിങ്ങളുടെ റിബലുകൾ ഒരു നാലഞ്ചു പേർ ഇവിടെ വന്നിരുന്നു. ഒതായിയിൽ സുന്നി വഅള് നടന്നോട്ടെ. അതിനെ എതിർക്കരുത്. അവരും നമ്മുടെ ആൾക്കാരല്ലേ എന്ന് പറഞ്ഞു. വയസ്സനും കൂട്ടത്തിലുണ്ടായിരുന്നു. ഞാനവരെ ആട്ടി പുറത്താക്കി പറഞ്ഞയച്ചിരിക്കുകയാണ്.."

(ഒരായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും ഉമ്മർകുട്ടി 

ഹാജിയുടെ ഓർമ്മകളിൾ

പേ :53)


ലീഗ് നേതൃത്വം ഇടപെട്ട് സുന്നി പരിപാടി ക്യാൻസൽ ചെയ്തെങ്കിലും അവർക്കിടയിൽ തന്നെ ചില അഭിപ്രായവ്യത്യാസങ്ങൾ തലപൊക്കി. സുന്നികളുടെ പരിപാടി തടഞ്ഞത് ശരിയായില്ല. ചർച്ചകൾക്കൊടുവിൽ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സുന്നി സമ്മേളനം നടത്താൻ അവർ അനുവദിച്ചു. 

അക്കാര്യം പി വി ഉമർ കുട്ടി ഹാജി വിശദീകരിക്കുന്നു:

"ഒരു നിബന്ധന മാത്രം ഞാൻ പറഞ്ഞു. ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി, ഇസ്ഹാഖ് കുരുക്കൾ മുതലായ നേതാക്കളും സ്റ്റേജിൽ ഉണ്ടായിരിക്കണം. അതുപ്രകാരം മുസ്‌ലിം ലീഗ് നേതാക്കളും എം എൽ എമാരും കെ കെ അബൂബക്കർ മുസ്‌ലിയാരും വന്നു. ഒതായിൽ ഒരു ഗംഭീര യോഗം നടത്തി സമാധാനത്തോടെ പിരിഞ്ഞു. അത് ശരിക്കും ഒരു മുസ്‌ലിം ലീഗ് യോഗമായിരുന്നു."

(ഒതായിയും 

ഇസ്‌ലാഹി പ്രസ്ഥാനവും )


മുജാഹിദ് പ്രസ്ഥാനത്തെ ആദർശപരമായി നേരിടുന്ന ഒരു സുന്നി സമ്മേളനം അനുവദിക്കില്ലെന്നും മുജാഹിദ് പ്രസ്ഥാനത്തെ ആദർശപരമായി വിമർശിക്കാത്ത സമ്മേളനം മാത്രമേ സുന്നികൾ നടത്താവൂ എന്നും അതിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകണമെന്നുമുള്ള ഈ സമ്മേളന സന്ദേശം സുന്നികളെ രണ്ട് ചേരികളാക്കി മാറ്റുകയാണുണ്ടായത്.

ഒരു സംവാദ വെല്ലുവിളിയിൽ* *19 പേർ തിരിച്ചു വന്നു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം *111*

 https://www.facebook.com/share/p/AjnXLXGkbyNYcq6C/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം *111*

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*ഒരു സംവാദ വെല്ലുവിളിയിൽ*

*19 പേർ തിരിച്ചു വന്നു*


വഹാബിയായാൽ പിന്നെ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുവരൽ പ്രയാസമാണെന്ന് പറയാറുണ്ട്, അതൊരു വസ്തുതയാണ്. കാരണം ബിദ്അതിൽ അകപ്പെട്ട ഒരാളുടെ മിനിമം കോളിഫിക്കേഷൻ ഔലിയാക്കളെ നിന്ദിക്കലും നിസ്സാരപ്പെടുത്തലും പരിഹസിക്കലുമാണ്. എത്രത്തോളം ഹാസ്യമായി മാല മൗലിദുകളെ വിമർശിക്കുന്നുവോ അവർക്കായിരിക്കും മൗലവിമാർക്കിടയിൽ വലിയ സ്ഥാനം. എ അലവി മൗലവി, എൻ.പി അബ്ദുസ്സലാം മൗലവി, രണ്ടത്താണി സൈതു മൗലവി  തുടങ്ങിയ പൗരാണികരും സകരിയ സ്വലാഹി, ഹുസൈൻ സലഫി, ഹനീഫ മൗലവി, ലത്തീഫ് മൗലവി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയ ആധുനികരുടെയും പ്രഭാഷണങ്ങൾ ശ്രദ്ധിച്ചുനോക്കൂ, ഔലിയാക്കളെ നിസ്സാരപ്പെടുത്താത്ത വിമർശിക്കാത്ത ഒരു പ്രഭാഷണം അപൂർവമായിരിക്കും. ഇത് കേട്ട് വളരുന്ന മുജാഹിദ് പ്രവർത്തകരും സ്വാഭാവികമായും മഹാന്മാരെ നിന്ദിക്കുന്നവരും നിസ്സാരപ്പെടുത്തുന്നവരുമായി വളരും.


മുജാഹിദായി രംഗത്ത് വരുന്ന ഒരാൾ ആദ്യമായി ആക്ഷേപിക്കുന്നത് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (ഖ:സി), ശൈഖ് അഹ്മദുൽ കബീർ രിഫാഈ (ഖ:സി) തുടങ്ങിയവരെയായിരിക്കും.  ഇത്തരം സാഹചര്യത്തിൽ ജീവിക്കുന്ന ഒരാളുടെ ആഖിബത്ത് ശരിയായി കിട്ടും എന്ന് വിചാരിക്കാൻ ഒരു വകുപ്പുമില്ല. ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നവരോട് അല്ലാഹു തആല യുദ്ധം പ്രഖ്യാപിച്ചു എന്ന ഹദീസ് നമുക്ക് നൽകുന്ന സന്ദേശം  അത്തരക്കാരുടെ  പര്യവസാനം ഈമാനില്ലാതെയാവും എന്നാണല്ലൊ.

അതുകൊണ്ടുതന്നെ പഴമക്കാർ പറയും വഹാബിസം മാരക രോഗമാണ്. ആത്മാവിന് പിടിപെടുന്ന ക്യാൻസറാണ്. അപൂർവ്വമേ രക്ഷപ്പെടുകയുള്ളൂ.  


എന്നാലും ചിലരുണ്ട്, അവർ ചില കാര്യങ്ങളിൽ തെറ്റിദ്ധരിച്ച് ബിദ്അത്തുകാരനായെങ്കിലും ഔലിയാക്കളെ നിസ്സാരപ്പെടുത്തുന്നതിൽ നിന്നും മാറി നിന്നവരായിരിക്കും. അത്തരക്കാർ സത്യം ബോധ്യപ്പെട്ടു തിരിച്ചുവരാറുണ്ട്. അവർക്ക് സുന്നി പണ്ഡിതരുടെ പ്രഭാഷണങ്ങളും എഴുത്തുകളും ഉപകരിക്കാറുമുണ്ട്.   


ശംസുൽ ഉലമ ഇ.കെ ഉസ്താദിന്റെ തൃപ്പനച്ചി പ്രസംഗം കേട്ട് നിരവധി ആളുകൾ സുന്നത്ത് ജമാഅത്തിലേക്ക് തിരികെ വന്നതങ്ങിനെയാണ്. 


1952 ജനുവരി 10 ന് ഇ കെ ഉസ്താദ് തൃപ്പനച്ചിയിൽ പ്രസംഗിക്കുന്ന വിവരം അറിഞ്ഞപ്പോൾ മൗലവിമാർ ഒരു നോട്ടീസിറക്കി. "ഇ കെ അബൂബക്കർ മുസ്‌ലിയാർ ശിർക്കിനെ പ്രചരിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഒരു അംഗമാണെന്നും അദ്ദേഹത്തിൻ്റെ പ്രസംഗം ഖണ്ഡിക്കാൻ സ്റ്റേജ് അനുവദിച്ചു കൊടുക്കണമെന്നും " കാണിച്ചു കൊണ്ടുള്ള ഒരു നോട്ടീസായിരുന്നു അത്. 


നോട്ടീസുമായി ശംസുൽ ഉലമ സ്റ്റേജിൽ കയറി. സമസ്ത പ്രചരിപ്പിക്കുന്ന ശിർക്ക് എന്തെല്ലാമാണെന്നുള്ള ഒരു ലിസ്റ്റ് നാളെത്തന്നെ മൗലവിമാർ ഇവിടെ പ്രസിദ്ധീകരിക്കേണ്ടതാണെന്നും അതിനുശേഷം ഖണ്ഡനത്തിനും വാദപ്രതിവാദത്തിനും സ്റ്റേജ് അനുവദിക്കാം എന്നും പരസ്യമായി ഉസ്താദ് പ്രഖ്യാപിച്ചു. ആറു ദിവസമാണ് തൃപ്പനച്ചിയിൽ പ്രസംഗത്തിന് ഏറ്റത്.  എല്ലാദിവസവും മൗലവിമാരെ വെല്ലുവിളിക്കും. നാലാം ദിവസം പുതനാരി ഉണ്ണി മമ്മദ് സാഹിബും പൊട്ടൻചാലി ഉണ്ണി മൊയ്തീൻ ഹാജിയും അടങ്ങുന്ന ഒരു സംഘം ശംസുൽ ഉലമയെ കണ്ടു. ഇരുകക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒരു വാദപ്രതിവാദം മുഖേന തെളിയിക്കുന്നതിന് തയ്യാറാണോ എന്ന്  ചോദിച്ചു. അതിന് ഞങ്ങൾ എപ്പോഴും തയ്യാറാണെന്ന് ഇ.കെ ഉസ്താദ് സന്തോഷത്തോടെ മറുപടി കൊടുത്തു. മൗലവിമാരെ സമീപിച്ച് നാളെത്തന്നെ വിവരം തരാം എന്ന് പറഞ്ഞ് അവർ മടങ്ങി. പക്ഷേ ശംസുൽ ഉലമയെ നന്നായി അറിയുന്ന മൗലവിമാർ അതിന് സമ്മതിച്ചില്ല. ഇതിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി അവിടെയുള്ള 9 പേര് സുന്നത്ത് ജമാഅത്തിലേക്ക് അപ്പോൾ തന്നെ മടങ്ങി വന്നു. അവരുടെ പേരും അഡ്രസ്സും അക്കാലത്ത് പുറത്തിറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ മാസിക പ്രസിദ്ധീകരിച്ചിരുന്നു.


" 1 - പൊട്ടൻ ചാലി ഉണ്ണി മൊയ്തിൻ ഹാജി.

 2- പുതനൂരി ഉണ്ണി മുഹമ്മദ് 

3- പുതനാരി വീരാൻകുട്ടി 

4- ചെമ്പറേരി വലിയ വീരാൻ 

5- ചെമ്പറേരി ഉണ്ണി മമ്മത് 

6-കള്ളി വളപ്പിൽ ഹസ്സൻകുട്ടി

 7 - മുള്ളൻ തുടിക ഇത്താലുട്ടി 

8 -  ഒ.പി കുഞ്ഞാലൻകുട്ടി 

9 -സി. ഉണ്ണിമമ്മത്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1952 ഫെബ്രുവരി പേ: 14)

ഈ 9 പേർക്ക് പുറമേ അടുത്ത വെള്ളിയാഴ്ച 10 പേർ കൂടി സുന്നി യിലേക്ക് തിരിച്ചുവന്നു എന്ന് ഹിദായതുൽ മുഅ്മിനീൻ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇ.കെ ഉസ്താദിൻ്റെ* *പടയോട്ടവും മൂർഖൻ* *സെയ്തലവിയുടെ രാജിയും* ➖➖➖➖➖➖➖➖➖➖➖ മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 110

 https://www.facebook.com/share/p/mqK4SpQNuiUvFiWQ/?mibextid=oFDknk

*ഇ.കെ ഉസ്താദിൻ്റെ* 

*പടയോട്ടവും മൂർഖൻ* 

*സെയ്തലവിയുടെ രാജിയും*

➖➖➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 110


✍️ Aslam saquafi payyoli


അരീക്കോട് , എടവണ്ണ തുടങ്ങിയ വഹാബി കേന്ദ്രങ്ങളിൽ  ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഖണ്ഡന പ്രഭാഷണത്തിന് നേതൃത്വം കൊടുത്തവരാണ് ബഹു : ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ. പ്രസംഗത്തിനിടയിൽ മൗലവിമാർക്ക് സംശയനിവാരണത്തിന് അവസരം കൊടുത്തു കൊണ്ടായിരുന്നു അന്നത്തെ പരിപാടികൾ സംവിധാനിച്ചിരുന്നത്. 


അക്കാലത്തെ ചില പരിപാടികളുടെ നോട്ടീസ് ഇവിടെ പകർത്തട്ടെ; അന്നത്തെ ആവേശവും സത്യം തുറന്നു പറയാനുള്ള തന്റേടവും ഇതിലൂടെ വായിച്ചെടുക്കാൻ നമുക്ക് സാധിക്കും.


" വമ്പിച്ച മതപ്രസംഗം എടവണ്ണ

1942 മാർച്ച് 9 മുതൽ എടവണ്ണയിൽ പ്രത്യേകമായി തയ്യാർ ചെയ്തിട്ടുള്ള സ്ഥലത്ത് വെച്ച് കുറച്ചുദിവസം ബഹുമാനപ്പെട്ട ഇ കെ അബൂബക്കർ മുസ്‌ലിയാർ അവർകൾ ഒരു പ്രസംഗം നടത്തുന്നതാണ്. തദവസരത്തിൽ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ ആചാരങ്ങളെ വിവരിക്കുന്നതും അതിനെതിരിലുള്ള പുത്തൻ പ്രസ്ഥാനക്കാരെ രേഖാ സഹിതം ഖണ്ഡിക്കുന്നതുമാണ്. ആകയാൽ കൂട്ടംകൂട്ടമായി യോഗത്തിന് എത്തിച്ചേരുവാൻ അപേക്ഷ. "

(ഹിദായത്തുൽ മുഅ്മിനീൻ 

1952 - മാർച്ച്)


"1952 ഫെബ്രുവരി 10ന് ഞായറാഴ്ച രാത്രി 8 മണി മുതൽ അരീക്കോട് മണപ്പുറത്ത് വെച്ച് അൽ ആലിമുൽ അല്ലാമാ ഇ കെ അബൂബക്കർ മുസ്ലിയാർ അവർകളുടെ മതപ്രസംഗം ഉണ്ടായിരിക്കുന്നതാണ്. പ്രസംഗത്തിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസാചാരങ്ങൾ വിവരിക്കുന്നതും അതിനെതിരിൽ പ്രവർത്തിക്കുന്ന വഹാബി ഖാദിയാനി മൗദൂദി മുതലായ പുത്തൻ പ്രസ്ഥാനക്കാരുടെ വാദങ്ങളെ രേഖാ സഹിതം എണിക്കുന്നതുമാണ്. തദവസരത്തിൽ തവസ്സുൽ ഇസ്തിഗാസ ശിർക്കാണെന്ന് വാദിച്ച് സമുദായത്തിൽ കുഴപ്പം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മൗലവിമാർക്ക് അവരുടെ വാദം രേഖസഹിതം തെളിയിക്കുവാൻ തയ്യാറു ണ്ടെങ്കിൽ സമാധാനപരവും നിയമാനുസൃതവുമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ്. പ്രസംഗം കേൾക്കാൻ ആയിരക്കണക്കായി പങ്കുകൊള്ളുവാൻ അപേക്ഷ. "

(ഹിദായത്തിൽ മുഅ്മിനീൻ

1952 ഫെബ്രുവരി)


ഇ കെ ഉസ്താദിൻറെ പാണ്ഡിത്യവും ധൈര്യവും വഹാബി കോട്ടകളിൽ വലിയ വിള്ളലുകൾ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നിരവധി വഹാബികൾ സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങി വരാൻ അന്നത്തെ പ്രഭാഷണങ്ങൾ കാരണമായിട്ടുണ്ട്.


ഉസ്താദിന്റെ പ്രസംഗ കേട്ട് വഹാബിസം വിട്ട അരീക്കോട് മൂർഖൻ സൈതലവി എന്നയാൾ ഉസ്താദിൻ്റെപ്രസംഗവേദിയിൽ കയറിവന്ന് രാജിപ്രസ്താവന വായിച്ച ചരിത്രം ഹിദായത്തുൽ മുഅ്മിനീൻ രേഖപ്പെടുത്തിയിട്ടുണ്ട്.


മൂർഖൻ സൈതലവിയുടെ രാജിക്കത്ത് താഴെ ചേർക്കുന്നു.

"ഇന്നത്തെ ഈ മഹാസദസ്സിൽ മൂർഖൻ സൈതലവിഎന്ന ഞാൻ അറിയിക്കുന്നത്. എന്തെന്നാൽ രണ്ടര കൊല്ലത്തോളമായി ഇവിടുത്തെ മുജാഹിദുൽ ഇസ്‌ലാം സംഘത്തിൽ ഞാൻ മെമ്പറായി ചേർന്നിട്ട്. ഖുർആനും സുന്നത്തിനും യോജിച്ച വിധത്തിൽ ജീവിക്കുവാൻ ഉതകുന്ന ഒരു സംഘം ആണെന്നോ തെറ്റിദ്ധരിച്ചു കൊണ്ടാണ് ഞാൻ അവരുടെ പ്രതിജ്ഞയിൽ ഒപ്പു വെച്ചുചേർന്നത്. എന്നാൽ ഇവിടെ നടന്ന വയളിൽ വെച്ച് മുജാഹിദുൽ ഇസ്‌ലാം സംഘം ഇസ്‌ലാമിനെ നശിപ്പിക്കുന്ന ഒന്നാണെന്ന് എനിക്ക് ബോധ്യപ്പെട്ടതിനാൽ അതിൽനിന്ന് ഞാൻ പരിപൂർണ്ണമായും രാജിവച്ചു ഒപ്പിടുകയും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാചാരങ്ങൾ അനുസരിച്ചു ജീവിക്കുവാൻ പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. അല്ലാഹു നമ്മെ ഹിദായത്തിൽ ഒരുമിച്ചു കൂട്ടട്ടെ- ആമീൻ.

എന്ന്,

മൂർഖൻ സൈതലവി (ഒപ്പ്)

(ഹിദായതുൽ മുഅ്മിനീൻ മാസിക )

ചന്ദ്രികയുടെ പരസ്യം* *വഹാബി മാസികയിൽ* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 109

 https://www.facebook.com/share/yguWrQvx5CcVyfEE/?mibextid=oFDknk

*ചന്ദ്രികയുടെ പരസ്യം*

*വഹാബി മാസികയിൽ*


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 109

✍️ Aslam Saquafi Payyoli

➖➖➖➖➖➖➖➖➖➖➖

വക്കം മൗലവിയുടെ പത്രമാധ്യമങ്ങളിലൂടെയുള്ള ആശയ പ്രചരണം പിന്തുടർന്നു കൊണ്ടാണല്ലൊ കെ. എം മൗലവി ചന്ദ്രികക്ക് തുടക്കം കുറിച്ചത്. അതുകൊണ്ടുതന്നെ വഹാബി പണ്ഡിത സഭയുടെ പ്രസിദ്ധീകരണമായ അൽമുർശിദിന്റെ ആദ്യ പതിപ്പ് മുതൽ തന്നെ ചന്ദ്രികയുടെ പരസ്യം സ്ഥാനം പിടിച്ചത് കാണാം.

1935 ഫെബ്രുവരി മാസത്തെ അൽ മുർശിദ് (പുസ്തകം 1 ലക്കം 1) നൽകിയ പരസ്യവാചകം ഇങ്ങനെയാണ്:


" ചന്ദ്രിക :

മതം, സമുദായം, രാഷ്ട്രം, ശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു ഉത്തമ മുസ്‌ലിം ദേശീയ പ്രതിവാര പത്രം. "


ഈ പത്രത്തിലെ മത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വിശ്വാസികളിൽ ശിർക്കും കുഫ്റും ആരോപിച്ച് സമുദായത്തെ രണ്ടാക്കി പിളർത്തിയ കെ എം മൗലവിയും ടീമും ആണെന്നതിനാൽ ഇതിലെ മതം എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.


ഏതായാലും ഈ ബിദഈ പ്രചാരണ മുന്നേറ്റത്തെ തടയിടുന്നതിൽ അന്നത്തെ സുന്നി നേതൃത്വം നന്നായി ശ്രമം നടത്തിയിരുന്നു. ഹിദായതുൽ മുഅ്മിനീനിലെ ഒരു പ്രതിഷേധ കുറിപ്പ് കൂടി ഉദ്ദരിച്ച് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാം. 


"ചന്ദ്രിക പത്രത്തെ മുസ്‌ലിംകൾ സൂക്ഷിക്കണം:

ദീൻ നശിച്ചാലും മുസ്ലിം ലീഗിൽ ഉൾക്കൊള്ളുന്ന സമുദായത്തെ നിലനിർത്തി ലീഗിനെ രക്ഷിക്കുക എന്നുള്ളതാണ് ചന്ദ്രികയുടെ നില. ദീനുൽ ഇസ്ലാമിനും സുന്നത്ത് ജമാഅത്തിലെ വിശ്വാസത്തിനും ദോഷകരമായി പല സംഗതികളും ചന്ദ്രികയിൽ എഴുതിയതിനെപ്പറ്റി പത്രാധിപരെ അറിയിച്ചാൽ അത് തിരുത്തുകയോ മറുപടി പറയുകയോ ചെയ്യുന്നതിന് പത്രാധിപർ തയ്യാറില്ല. സമുദായം നശിച്ചാലും ദീൻ നിലനിൽക്കണം എന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്ന ഞങ്ങൾക്ക് ഇത്തരം സംഗതികൾ എഴുതാതെ മറച്ചുവെക്കുക സാധ്യമല്ല. 1951 ഒക്ടോബർ 13ന് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ മുഹറം പത്താം ദിവസത്തെ മഹാത്മ്യം പറഞ്ഞ കൂട്ടത്തിൽ ഇരുപത്തിയൊന്നാം പേജ് രണ്ടാം കോളം ഇരുപതാമത്തെ വരിയിൽ ഈസാ അലൈഹി സലാം കുരിശിന്മേൽ തറക്കപ്പെട്ടത് ഈ ദിവസമായിരുന്നവത്രേ എന്ന് എഴുതിയിട്ടുണ്ട്. ആ സംഗതി അബദ്ധപ്പെട്ടു പോയതാണെങ്കിൽ തിരുത്തുകയും അല്ലാത്തപക്ഷം വിവരം അറിയിക്കുകയും വേണം എന്ന് കാണിച്ച് 19/ 10 / 51 ചന്ദ്രിക പത്രാധിപർക്ക് ഒരു കാർഡ് അയച്ചു. ഇന്നുവരെയും അതിന് മറുപടി തന്നില്ല...ചന്ദ്രികയേയോ മറ്റേതെങ്കിലും ഒരു വ്യക്തിയെയോ നിലക്കുനിർത്തുക ആരാലും സാധ്യമല്ല. അതുകൊണ്ട് പ്രിയപ്പെട്ട മുസ്‌ലിം സുഹൃത്തുക്കളെ നിങ്ങൾ ചന്ദ്രിക വായിക്കുന്നതാണെങ്കിൽ ദീനിയായ വല്ല സംഗതികളും അതിൽ എഴുതി കണ്ടാൽ വിശ്വാസയോഗ്യരായ പണ്ഡിതന്മാരെ സമീപിച്ച് സംശയം തീർത്ത് അല്ലാതെ നിങ്ങൾ വിശ്വസിക്കരുത് എന്ന് പ്രത്യേകം അപേക്ഷയുണ്ട്. സുന്നി മുസ്‌ലിംകളും ലീഗിൽ നിലകൊള്ളുന്നുണ്ടെന്ന് പത്രാധിപരുടെ ഓർമ്മയിൽ ഇരിക്കട്ടെ."

(ഹിദായത്തുൽ മുഅ്മിനീൻ 

1951 ഡിസം: പേജ് : 2 )

ചന്ദ്രികക്കെതിരെ* *ശക്തമായ പ്രതിഷേധം* *മുജാഹിദ് പ്രസ്ഥാനം* *ഒരു സമഗ്ര പഠനം 108*

 https://www.facebook.com/share/p/dxA21F7QazRwdX2d/?mibextid=oFDknk

*ചന്ദ്രികക്കെതിരെ* 

*ശക്തമായ പ്രതിഷേധം*


*മുജാഹിദ് പ്രസ്ഥാനം* 

*ഒരു സമഗ്ര പഠനം 108*

✍️Aslam saquafi payyoli

➖➖➖➖➖➖➖➖➖➖

സുന്നി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച ചന്ദ്രികക്കെതിരെ ശക്തമായ പ്രതിഷേധം അക്കാലങ്ങളിൽ തന്നെ ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്ക് എല്ലാം  'പത്രാധിപർ ഉത്തരവാദിയല്ല' എന്ന മറുപടിയായിരിക്കുമത്രെ ചന്ദ്രികയുടെ ഭാഗത്തുന്നുണ്ടാവുക. 


ചന്ദ്രികയിൽ വന്ന സുന്നി വിരുദ്ധ ഭാഗങ്ങൾ  ഉദ്ധരിച്ചു കൊണ്ട് അക്കാലത്തെ സുന്നി പ്രസിദ്ധീകരണമായ ഹിദായത്തുൽ മുഅ്മിനീനിൽ വന്ന ശക്തമായ പ്രതിഷേധത്തിന്റെ ചില ഭാഗങ്ങൾ നമുക്ക് ശ്രദ്ധിക്കാം.


"ചന്ദ്രിക - സുന്നത്ത് ജമാഅത്തിന്റെ ഒന്നാംതരം ശത്രു ! 

ഇസ്‌ലാമിക നിയമങ്ങൾ വീണ്ടും പരിശോധിച്ച് അഴിച്ചു കൂട്ടണം പോൽ!

(ഇതാണ് തലവാചകം)

നമ്മുടെ മലബാറിൽ മദ്ഹബുകളെ കൈവെടിഞ്ഞുകൊണ്ട്, സ്വന്തം ഗവേഷണത്തിന് ഒന്നാമതായി പ്രേരണ നൽകിയത് ഇന്നത്തെ ലീഗ് സെക്രട്ടറിയായ സീതിസാഹിബും കൂട്ടുകാരും രൂപീകരിച്ച ഐക്യ സംഘമായിരുന്നു. എന്നാൽ ഇന്ന് മുസ്‌ലിം ലീഗിന്റെ നാക്കായ ചന്ദ്രിക പത്രം അവരെക്കാൾ കൂടുതൽ "കട്ടിയുള്ള" നവീന വാദങ്ങളാണ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. അത് താഴെ നമ്പറിട്ട് കൊടുത്തിരിക്കുന്ന കുറിപ്പുകളിൽ നിന്ന് വിവരണം കൂടാതെ തന്നെ വ്യക്തമാകുന്നതാണ്. ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ചില പുത്തൻ വാദങ്ങൾ :-


"ആധുനിക ചിന്തകന്മാർക്ക് പൂർവ്വ മുസ്‌ലിംകളോളം ചിന്തിക്കുവാനുള്ള സൗകര്യങ്ങൾ ഇല്ലെന്നുള്ള ചിലരുടെ വാദം വെറും അബദ്ധമാണ്. "

(ചന്ദ്രിക ആഴ്ചപതിപ്പ്

1951 മെയ് 26)


"ആധുനിക ലോകത്ത് സംജാതമായിരിക്കുന്ന നവ്യ സാഹചര്യങ്ങളിൽ ഇസ്‌ലാമിക നിയമങ്ങളെ പുന:പരിശോധന ചെയ്ത് പുന:സംവിധാനം ചെയ്യേണ്ട സമയം ആസന്നമായിരിക്കയല്ല , അതിക്രാന്തമായിരിക്കുന്നു എന്ന് വേണം പറയാൻ. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1951 മെയിൽ 26)


"കഴിഞ്ഞുപോയ തലമുറകൾ ഇസ്‌ലാമിനെ പറ്റി ചിന്തിച്ചു വച്ചിട്ടുള്ളതിനെ നാം ആശ്രയിച്ചു കഴിയുകയാണ്. തൽഫലമായി നമ്മുടെ ഇപ്പോഴത്തെ പ്രത്യയശാസ്ത്രവും ഫിഖ്ഹും  പഴകിയ വസ്ത്രങ്ങൾ വിൽക്കുന്ന ഒരു ഷാപ്പ് പോലെയായി തീർന്നിരിക്കുന്നു. മൂലമായ ഉദ്ദേശങ്ങൾ മനസ്സിലാക്കാൻ പോലും കഴിയാത്ത രീതിയിലുള്ള ചിന്താ വസ്ത്രങ്ങൾ അങ്ങനെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു ; ചിലപ്പോൾ കീറിപ്പറഞ്ഞതുതന്നെ തുന്നിക്കൂട്ടുകയും ചെയ്യുന്നു. വാങ്ങുന്നവർ പഴയ തയ്യൽക്കാരന്റെ വിരുത് പ്രശംസിക്കുന്നതിൽ ആനന്ദം കൊള്ളുന്നു. വരാനിരിക്കുന്ന നിരവധി നൂറ്റാണ്ടുകളിലേക്ക് ഇസ്‌ലാം ഒരു പ്രായോഗിക ജീവിത രീതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടുന്ന ഒരു പ്രസിദ്ധ ഘട്ടത്തിൽ ലോകം നിലകൊള്ളുമ്പോൾ നമുക്ക് ഇത്തരത്തിലുള്ള ഒരു മനോഭാവം അവലംബിക്കാൻ നിവൃത്തിയില്ല. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1953 ജൂൺ 27 )


ചന്ദ്രികയിലെ സുന്നിവിരുദ്ധ നിലപാടുകളുടെ ചില ഉദാഹരണങ്ങൾ എടുത്ത് ഉദ്ധരിച്ച ശേഷം ഹിദായത്തുൽ മുഅ്മിനീൻ തുടരുന്നു :


"ഇതിൽ നിന്നും മനസ്സിലാകുന്നത് ലീഗ് പത്രമായ ചന്ദ്രിക മുമ്പത്തെ നില മാറ്റി, ഇപ്പോൾ പച്ച പുതപ്പിനുള്ളിലിരുന്നു കൊണ്ട് ഖാദിയാനി, മൗദൂദി തുടങ്ങിയ കള്ളവാദികൾക്ക് ചൂട്ടു പിടിച്ചു കൊണ്ടിരിക്കുകയാണെന്നാണ്.  പഴയ തുന്നക്കാർ ദീനിൻ്റെ അഇമ്മത്തുകളായ ഇമാമുകൾ റസൂൽ (സ) കാട്ടിത്തന്ന മാർഗ്ഗം സ്വഹാബാക്കളിൽ നിന്നും ഗ്രഹിച്ചു നമ്മുടെ നന്മയെ ലാക്കാക്കി വിവരിച്ചു എഴുതി വെച്ചിട്ടുള്ള കിതാബുകളെയെല്ലാം പഴകിയ വസ്ത്രങ്ങളാണെന്ന് പറഞ്ഞു വലിച്ചെറിഞ്ഞുകൊണ്ട് പുതിയ തുന്നൽക്കാരായ ഖാദിയാനി, മൗദൂദി മുതലായവരുടെ മാർഗമാണ് മുസ്‌ലിംകൾ സ്വീകരിക്കേണ്ടത് എന്നാണ് ചന്ദ്രികയുടെ ലേഖനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, എങ്കിൽ അത് ചന്ദ്രികയുടെ അതിരുകവിഞ്ഞ ധിക്കാരം തന്നെയാണ്. ആ മാതിരി ലേഖനങ്ങൾ സത്യദൂതനിലോ പ്രബോധനത്തിലോ അൽമനാറിലോ ആയിരുന്നെങ്കിൽ അതുകാരണം സുന്നികൾ വഞ്ചിതരാവാൻ അധികം അവകാശമില്ലായിരുന്നു. കാരണം സത്യദൂതൻ ഖാദിയാനികളുടെതും പ്രബോധനം മൗദൂദികളുടേതും അൽമനാർ ഖുറാഫി മൗലവിമാരുടേതാണെന്നും പരക്കെ അറിയുന്നതാണ്. എന്നാൽ ചന്ദ്രിക പത്രം പേരും പെരുമയുള്ള ചില സുന്നി നേതാക്കളുടെ ഉടമസ്ഥയിൽ നടത്തപ്പെടുന്നതും ഭൂരിപക്ഷം മുസ്‌ലിംകളും വായിച്ച് വളരുന്നതുമാണ്.

ഇത്തരം പിഴച്ച വാദങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ച മുസ്‌ലിം ബഹുജനങ്ങളെ വഴികേടിലാക്കുന്ന പുത്തൻ പ്രസ്ഥാനക്കാർക്ക് കളമൊരുക്കുകയും എന്നിട്ട് ഇതിലെ ലേഖനങ്ങൾക്ക് പത്രാധിപർ ഉത്തരവാദിയല്ല എന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നത് പത്രാധിപർ അതിന്റെ രക്ഷിതാക്കളോടും സഹായികളോടും സമുദായത്തോടും ചെയ്തുവരുന്ന കടുത്ത വഞ്ചനയാണ്...ദീനിന്നെതിരായി എന്തു പ്രസിദ്ധീകരിച്ചാലും അതിന് ചോദിക്കാൻ ആളില്ല എന്ന ധാരണയാണ് പത്രാധിവരെ ഇത്രയധികം ധിക്കാരത്തിന് പ്രേരിപ്പിച്ചത്. ആ പത്രത്തിന്റെ നിലനിൽപ്പിനായി വീണു മരിക്കുന്ന കാര്യപ്പെട്ട ചില സുന്നി നേതാക്കളുടെ നില ആലോചിക്കുമ്പോൾ പരിതാപം തോന്നിപ്പോകും.


ഇന്നത്തെ ചുറ്റുപാടിൽ മുസ്‌ലിം ബഹുജനങ്ങളെ വഴികേടിൽ ആക്കുന്നതിൽ മൗദൂദികളുടെ പ്രബോധനത്തെക്കാളും ഖാദിയാനികളുടെ സത്യദൂതനേക്കാളും ഖുറാഫികളുടെ അൽമനാറിനെക്കാളും മുൻഗണന നൽകേണ്ടത് ലീഗുകാരുടെ "ചന്ദ്രിക "ക്കാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏതായാലും ചന്ദ്രികയുടെ ഈ പുതിയ ഗതി മാറാത്ത കാലത്തോളം സുന്നി മുസ്‌ലിംകൾ അതിനെ സുന്നത്ത് ജമാഅത്തിന്റെ ഒന്നാം തരം ശത്രു എന്ന നിലയിൽ വീക്ഷിക്കേണ്ടതാണ്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1953 ആഗസ്റ്റ് 5 പേജ്:17-19)

ചന്ദ്രികയുടെ ചരിത്രം*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 107

 https://www.facebook.com/share/p/HhFiZVkBjv8Ed9wG/?mibextid=oFDknk

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം - 107

✍️ Aslam saquafi payyoli


*ചന്ദ്രികയുടെ ചരിത്രം*


ഐക്യ സംഘത്തിന്റെ വഹാബി ചിന്തകൾ പുറത്തേക്ക് വന്നപ്പോൾ തന്നെ അഹ്മദ് കോയ ശാലിയാത്തി, ഖുതുബി തങ്ങൾ പോലുള്ള പണ്ഡിത വരേണ്യർ ജനങ്ങളെ ബോധവൽക്കരിക്കുകയും  പണ്ഡിതോചിതമായി ഇടപെട്ട് ആശയപരമായി അവരെ  തളർത്തിക്കളയുംകയും ചെയ്തിരുന്നു. അതോടെ കെ എം മൗലവി സമുദായത്തിനിടയിൽ വെറുക്കപ്പെട്ടവനാവുകയും ചെയ്തു. നാദാപുരം സംവാദത്തിനു ശേഷം

മൗലവിമാരെ കാണുമ്പോൾ ' ലാ ' കട്ടവരെന്ന് പറഞ്ഞ് ജനങ്ങൾ കൂകിവിളിച്ച സാഹചര്യം വരെയുണ്ടായി.


ഈ ജാള്യത മറച്ചുവെക്കാനും പൊതുസമൂഹത്തിൽ സ്വീകാര്യത നേടാനും കെഎം മൗലവി കണ്ടെത്തിയ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നാം മുമ്പ് ചർച്ച ചെയ്തു. 


സമുദായത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടി കേരളത്തിൽ രൂപീകരിച്ച് അതിൻെറ നേതൃസ്ഥാനത്ത് സ്വയം അവരോധിക്കുകയും  അതോടൊപ്പം നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുക, അതിനു വേണ്ടി ഒരു പത്രം ആരംഭിക്കുകയും ചെയ്യുക എന്നതായിരുന്നു മൗലവിയുടെ തുളഞ്ഞ ബുദ്ധിയിൽ ഉദിച്ചിരുന്നത്. ഏറെക്കുറെ അത് ഫലം കണ്ടു. പാർട്ടി നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടവരെല്ലാം മൗലവിയുടെ ശിങ്കിടികളായിരുന്നു. ഉമ്മത്തിന്റെ മനസ്സിലിടം പിടിക്കാൻ  പിന്നീട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ലീഗിൻ്റെ പ്രസിഡൻറ് സ്ഥാനത്ത് കൊണ്ടുവന്നതും കെ എം മൗലവിയുടെ തീരുമാനം തന്നെയായിരുന്നു.


വരികൾക്കിടയിലൂടെ പിഴച്ച ആശയങ്ങൾ ജനമനസ്സുകളിലേക്ക് കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെ വക്കം മൗലവി ദീപിക പോലുള്ള പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. അതിന് ചുവടുപിടിച്ച് പൊതു വാർത്തകൾക്കിടയിലൂടെ ബിദഈ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ചിന്തയിൽ കെഎം മൗലവി തുടക്കം കുറിച്ച പ്രസിദ്ധീകരണമാണ് ചന്ദ്രിക.


"മലയാള പത്രലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായ വക്കം മൗലവി 1932 ൽ മരണപ്പെട്ടപ്പോൾ തനിക്ക് ഗുരുതുല്യനായ അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് മുസ്‌ലിം സമുദായം ഒരു പത്രം തുടങ്ങണമെന്ന ആഗ്രഹം കെ എം മൗലവി പലരോടും പ്രകടിപ്പിച്ചിരുന്നു. അതിനിടയിൽ 1933 ൽ തലശ്ശേരി മെയിൻ റോഡിലുള്ള ആലിഹാജി പള്ളിയിൽ കെ.എം മൗലവി സാഹിബിൻ്റെ ഒരു ഖുർആൻ ക്ലാസ്സ് നടന്നു. പ്രസംഗത്തിനിടയിൽ സമുദായം ഒരു പത്രം തുടങ്ങേണ്ട ആവശ്യകത നേതാക്കളുടെ മനസ്സിൽ അദ്ദേഹം എടുത്തിട്ടു. അങ്ങനെയാണ് സീതി സാഹിബിന്റെ നേതൃത്വത്തിൽ 1934 മാർച്ച് 26ന് തിങ്കളാഴ്ചതോറും പുറത്തിറങ്ങുന്ന പ്രതിവാര പത്രമായി ചന്ദ്രിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ആയിരുന്ന സിപി മമ്മുക്കേയി ആയിരുന്നു മാനേജിങ് ഡയറക്ടർ. ഇന്നത്തെപ്പോലെ മുസ്‌ലിംലീഗിന്റെ ജിഹ്വ ആയിട്ടായിരുന്നില്ല ചന്ദ്രിക പത്രം ആരംഭിച്ചത്. 1939ൽ അത് ദിനപത്രമായി. 1937 ൽ മലബാർ ജില്ലാ മുസ്‌ലിംലീഗിന്റെ രൂപീകരണത്തോടെയാണ്  ചന്ദ്രിക മുസ്‌ലിം ലീഗിൻെറ ജിഹ്വയായി മാറിയത്. (മലബാർ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരണത്തിന് പിന്നിൽ കെ എം മൗലവി ആയിരുന്നു.) മുസ്‌ലിം നവോത്ഥാന പ്രസ്ഥാനവു(മുജാഹിദു)മായി ബന്ധമുള്ളവരായിരുന്നു ആദ്യകാലത്ത് പ്രധാനമായും ചന്ദ്രികയുടെ പത്രാധിപസമിതിയിലുണ്ടായിരുന്നത്. മലബാറിലെങ്ങും ദിനേന പത്രം എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ മലബാറിന്റെ മധ്യ കേന്ദ്രമായ കോഴിക്കോട്ടേക്ക് 1945- ൽ ചന്ദ്രിക പറിച്ചു നടുകയായിരുന്നു. അപ്പോഴെല്ലാം ഇസ്‌ലാഹി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പിൻതുണയും ശ്രമങ്ങളും ചന്ദ്രികക്ക് വലിയതോതിൽ ലഭിച്ചിരുന്നു. പത്രം പ്രചരിപ്പിക്കുന്നതിലും അത് പിടിച്ചു നിർത്തുന്നതിലും കെ മൗലവിയുടെ അനുയായികൾ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ - കെ എൻ എം പേ: 235)


ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം പത്രം പോലെ ഇടയ്ക്കിടെ സുന്നി വിരുദ്ധ ലേഖനങ്ങൾ വാരാന്ത പതിപ്പിലൂടെയും മറ്റും പ്രചരിപ്പിച്ചപ്പോൾ ചന്ദ്രികക്കെതിരെ സുന്നി നേതാക്കൾ രംഗത്ത് വന്നിരുന്നു.


" ചന്ദ്രിക പത്രത്തെ മുസ്ലിംകൾ സൂക്ഷിക്കണം" എന്നതായിരുന്നു 1951 നവംമ്പറിൽ ഇറങ്ങിയ ഹിദായത്തുൽ മുഅ്മിനീൻ എന്ന സുന്നി പ്രസിദ്ധീകരണത്തിലെ ചന്ദ്രികക്കെതിരെയുള്ള തലവാചകം.


സമസ്തയുടെ സ്ഥാപക നേതാക്കളുടെ ആദർശ പടയോട്ടത്തിൽ നിലം പതിച്ചുപോയ വഹാബിസം പിന്നെ തലപൊക്കിയത് ചന്ദ്രികയിലൂടെയും സമുദായ പാർട്ടിയുടെ മറവിലുമായിരുന്നു എന്നത് ഒരു ചരിത്ര വസ്തുത തന്നെയാണ്. 


കെ. എം മൗലവിയെ മറന്ന് തുടങ്ങിയ പുതു തലമുറക്ക് മൗലവിയുടെ ജീവ ചരിത്രം  തയ്യാറാക്കുന്നത് ചന്ദ്രികയിലെ എഴുത്തുകാരനാണെന്നതും അതിനംഗീകാരം ലഭിക്കാൻ പാണക്കാട് കുടുംബത്തെ ഉപയോഗപ്പെടുത്തുന്നുവെന്നതും  ചരിത്രാവർത്തനമായി തന്നെ നമുക്ക്  മനസ്സിലാക്കാം.

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...