Wednesday, May 29, 2024

ചന്ദ്രികക്കെതിരെ* *ശക്തമായ പ്രതിഷേധം* *മുജാഹിദ് പ്രസ്ഥാനം* *ഒരു സമഗ്ര പഠനം 108*

 https://www.facebook.com/share/p/dxA21F7QazRwdX2d/?mibextid=oFDknk

*ചന്ദ്രികക്കെതിരെ* 

*ശക്തമായ പ്രതിഷേധം*


*മുജാഹിദ് പ്രസ്ഥാനം* 

*ഒരു സമഗ്ര പഠനം 108*

✍️Aslam saquafi payyoli

➖➖➖➖➖➖➖➖➖➖

സുന്നി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ച ചന്ദ്രികക്കെതിരെ ശക്തമായ പ്രതിഷേധം അക്കാലങ്ങളിൽ തന്നെ ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്ക് എല്ലാം  'പത്രാധിപർ ഉത്തരവാദിയല്ല' എന്ന മറുപടിയായിരിക്കുമത്രെ ചന്ദ്രികയുടെ ഭാഗത്തുന്നുണ്ടാവുക. 


ചന്ദ്രികയിൽ വന്ന സുന്നി വിരുദ്ധ ഭാഗങ്ങൾ  ഉദ്ധരിച്ചു കൊണ്ട് അക്കാലത്തെ സുന്നി പ്രസിദ്ധീകരണമായ ഹിദായത്തുൽ മുഅ്മിനീനിൽ വന്ന ശക്തമായ പ്രതിഷേധത്തിന്റെ ചില ഭാഗങ്ങൾ നമുക്ക് ശ്രദ്ധിക്കാം.


"ചന്ദ്രിക - സുന്നത്ത് ജമാഅത്തിന്റെ ഒന്നാംതരം ശത്രു ! 

ഇസ്‌ലാമിക നിയമങ്ങൾ വീണ്ടും പരിശോധിച്ച് അഴിച്ചു കൂട്ടണം പോൽ!

(ഇതാണ് തലവാചകം)

നമ്മുടെ മലബാറിൽ മദ്ഹബുകളെ കൈവെടിഞ്ഞുകൊണ്ട്, സ്വന്തം ഗവേഷണത്തിന് ഒന്നാമതായി പ്രേരണ നൽകിയത് ഇന്നത്തെ ലീഗ് സെക്രട്ടറിയായ സീതിസാഹിബും കൂട്ടുകാരും രൂപീകരിച്ച ഐക്യ സംഘമായിരുന്നു. എന്നാൽ ഇന്ന് മുസ്‌ലിം ലീഗിന്റെ നാക്കായ ചന്ദ്രിക പത്രം അവരെക്കാൾ കൂടുതൽ "കട്ടിയുള്ള" നവീന വാദങ്ങളാണ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. അത് താഴെ നമ്പറിട്ട് കൊടുത്തിരിക്കുന്ന കുറിപ്പുകളിൽ നിന്ന് വിവരണം കൂടാതെ തന്നെ വ്യക്തമാകുന്നതാണ്. ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ചില പുത്തൻ വാദങ്ങൾ :-


"ആധുനിക ചിന്തകന്മാർക്ക് പൂർവ്വ മുസ്‌ലിംകളോളം ചിന്തിക്കുവാനുള്ള സൗകര്യങ്ങൾ ഇല്ലെന്നുള്ള ചിലരുടെ വാദം വെറും അബദ്ധമാണ്. "

(ചന്ദ്രിക ആഴ്ചപതിപ്പ്

1951 മെയ് 26)


"ആധുനിക ലോകത്ത് സംജാതമായിരിക്കുന്ന നവ്യ സാഹചര്യങ്ങളിൽ ഇസ്‌ലാമിക നിയമങ്ങളെ പുന:പരിശോധന ചെയ്ത് പുന:സംവിധാനം ചെയ്യേണ്ട സമയം ആസന്നമായിരിക്കയല്ല , അതിക്രാന്തമായിരിക്കുന്നു എന്ന് വേണം പറയാൻ. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1951 മെയിൽ 26)


"കഴിഞ്ഞുപോയ തലമുറകൾ ഇസ്‌ലാമിനെ പറ്റി ചിന്തിച്ചു വച്ചിട്ടുള്ളതിനെ നാം ആശ്രയിച്ചു കഴിയുകയാണ്. തൽഫലമായി നമ്മുടെ ഇപ്പോഴത്തെ പ്രത്യയശാസ്ത്രവും ഫിഖ്ഹും  പഴകിയ വസ്ത്രങ്ങൾ വിൽക്കുന്ന ഒരു ഷാപ്പ് പോലെയായി തീർന്നിരിക്കുന്നു. മൂലമായ ഉദ്ദേശങ്ങൾ മനസ്സിലാക്കാൻ പോലും കഴിയാത്ത രീതിയിലുള്ള ചിന്താ വസ്ത്രങ്ങൾ അങ്ങനെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു ; ചിലപ്പോൾ കീറിപ്പറഞ്ഞതുതന്നെ തുന്നിക്കൂട്ടുകയും ചെയ്യുന്നു. വാങ്ങുന്നവർ പഴയ തയ്യൽക്കാരന്റെ വിരുത് പ്രശംസിക്കുന്നതിൽ ആനന്ദം കൊള്ളുന്നു. വരാനിരിക്കുന്ന നിരവധി നൂറ്റാണ്ടുകളിലേക്ക് ഇസ്‌ലാം ഒരു പ്രായോഗിക ജീവിത രീതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടുന്ന ഒരു പ്രസിദ്ധ ഘട്ടത്തിൽ ലോകം നിലകൊള്ളുമ്പോൾ നമുക്ക് ഇത്തരത്തിലുള്ള ഒരു മനോഭാവം അവലംബിക്കാൻ നിവൃത്തിയില്ല. "

(ചന്ദ്രിക ആഴ്ചപ്പതിപ്പ്

1953 ജൂൺ 27 )


ചന്ദ്രികയിലെ സുന്നിവിരുദ്ധ നിലപാടുകളുടെ ചില ഉദാഹരണങ്ങൾ എടുത്ത് ഉദ്ധരിച്ച ശേഷം ഹിദായത്തുൽ മുഅ്മിനീൻ തുടരുന്നു :


"ഇതിൽ നിന്നും മനസ്സിലാകുന്നത് ലീഗ് പത്രമായ ചന്ദ്രിക മുമ്പത്തെ നില മാറ്റി, ഇപ്പോൾ പച്ച പുതപ്പിനുള്ളിലിരുന്നു കൊണ്ട് ഖാദിയാനി, മൗദൂദി തുടങ്ങിയ കള്ളവാദികൾക്ക് ചൂട്ടു പിടിച്ചു കൊണ്ടിരിക്കുകയാണെന്നാണ്.  പഴയ തുന്നക്കാർ ദീനിൻ്റെ അഇമ്മത്തുകളായ ഇമാമുകൾ റസൂൽ (സ) കാട്ടിത്തന്ന മാർഗ്ഗം സ്വഹാബാക്കളിൽ നിന്നും ഗ്രഹിച്ചു നമ്മുടെ നന്മയെ ലാക്കാക്കി വിവരിച്ചു എഴുതി വെച്ചിട്ടുള്ള കിതാബുകളെയെല്ലാം പഴകിയ വസ്ത്രങ്ങളാണെന്ന് പറഞ്ഞു വലിച്ചെറിഞ്ഞുകൊണ്ട് പുതിയ തുന്നൽക്കാരായ ഖാദിയാനി, മൗദൂദി മുതലായവരുടെ മാർഗമാണ് മുസ്‌ലിംകൾ സ്വീകരിക്കേണ്ടത് എന്നാണ് ചന്ദ്രികയുടെ ലേഖനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, എങ്കിൽ അത് ചന്ദ്രികയുടെ അതിരുകവിഞ്ഞ ധിക്കാരം തന്നെയാണ്. ആ മാതിരി ലേഖനങ്ങൾ സത്യദൂതനിലോ പ്രബോധനത്തിലോ അൽമനാറിലോ ആയിരുന്നെങ്കിൽ അതുകാരണം സുന്നികൾ വഞ്ചിതരാവാൻ അധികം അവകാശമില്ലായിരുന്നു. കാരണം സത്യദൂതൻ ഖാദിയാനികളുടെതും പ്രബോധനം മൗദൂദികളുടേതും അൽമനാർ ഖുറാഫി മൗലവിമാരുടേതാണെന്നും പരക്കെ അറിയുന്നതാണ്. എന്നാൽ ചന്ദ്രിക പത്രം പേരും പെരുമയുള്ള ചില സുന്നി നേതാക്കളുടെ ഉടമസ്ഥയിൽ നടത്തപ്പെടുന്നതും ഭൂരിപക്ഷം മുസ്‌ലിംകളും വായിച്ച് വളരുന്നതുമാണ്.

ഇത്തരം പിഴച്ച വാദങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ച മുസ്‌ലിം ബഹുജനങ്ങളെ വഴികേടിലാക്കുന്ന പുത്തൻ പ്രസ്ഥാനക്കാർക്ക് കളമൊരുക്കുകയും എന്നിട്ട് ഇതിലെ ലേഖനങ്ങൾക്ക് പത്രാധിപർ ഉത്തരവാദിയല്ല എന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നത് പത്രാധിപർ അതിന്റെ രക്ഷിതാക്കളോടും സഹായികളോടും സമുദായത്തോടും ചെയ്തുവരുന്ന കടുത്ത വഞ്ചനയാണ്...ദീനിന്നെതിരായി എന്തു പ്രസിദ്ധീകരിച്ചാലും അതിന് ചോദിക്കാൻ ആളില്ല എന്ന ധാരണയാണ് പത്രാധിവരെ ഇത്രയധികം ധിക്കാരത്തിന് പ്രേരിപ്പിച്ചത്. ആ പത്രത്തിന്റെ നിലനിൽപ്പിനായി വീണു മരിക്കുന്ന കാര്യപ്പെട്ട ചില സുന്നി നേതാക്കളുടെ നില ആലോചിക്കുമ്പോൾ പരിതാപം തോന്നിപ്പോകും.


ഇന്നത്തെ ചുറ്റുപാടിൽ മുസ്‌ലിം ബഹുജനങ്ങളെ വഴികേടിൽ ആക്കുന്നതിൽ മൗദൂദികളുടെ പ്രബോധനത്തെക്കാളും ഖാദിയാനികളുടെ സത്യദൂതനേക്കാളും ഖുറാഫികളുടെ അൽമനാറിനെക്കാളും മുൻഗണന നൽകേണ്ടത് ലീഗുകാരുടെ "ചന്ദ്രിക "ക്കാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏതായാലും ചന്ദ്രികയുടെ ഈ പുതിയ ഗതി മാറാത്ത കാലത്തോളം സുന്നി മുസ്‌ലിംകൾ അതിനെ സുന്നത്ത് ജമാഅത്തിന്റെ ഒന്നാം തരം ശത്രു എന്ന നിലയിൽ വീക്ഷിക്കേണ്ടതാണ്. "

(ഹിദായത്തുൽ മുഅ്മിനീൻ 

1953 ആഗസ്റ്റ് 5 പേജ്:17-19)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....