മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 6/313
➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*വക്കം മൗലവി*
*അകപ്പെട്ട കെണിവല*
വക്കം മൗലവിയെ സ്വാധീനിച്ച വ്യക്തികളെ കുറിച്ച് ആധുനിക മൗലവിമാർ പഠനം നടത്തിയപ്പോഴാണ് അദ്ദേഹം അകപ്പെട്ട കെണിവലയുടെ ദുർഗതി അവർക്ക് ബോധ്യപ്പെടുന്നത്.
മൗലവിയെ ഏറെ സ്വാധീനിച്ച മുഹമ്മദ് അബ്ദു ഹദീസ് നിഷേധി, ജമാലുദ്ദീൻ അഫ്ഗാനി പാശ്ചാത്യൻ ഏജന്റ്, റശീദ് രിളക്കാവട്ടെ ഇതിൽ നിന്നെല്ലാം തൗബ ചെയ്ത് പൂർണ്ണമായി സത്യത്തിലേക്ക് മടങ്ങാനും സാധിച്ചില്ല.
ആധുനിക ഹദീസ് നിഷേധികളെ കുറിച്ചുള്ള പഠനത്തിൽ ഒന്നാമതായി പരാമർശിക്കപ്പെടുന്നത് മുഹമ്മദ് അബ്ദുവിനെയാണ്.
"ഓറിയന്റലിസ്റ്റുകളുടെയും മോഡേൺസ്റ്റുകളുടെയും ചുവടുപിടിച്ച് അവരുടെ പിഴച്ച വാദങ്ങളുമായി അറബ് ലോകത്ത് ചിലർ പ്രത്യക്ഷപ്പെടുകയുണ്ടായി. ആധുനിക ഹദീസ് നിഷേധത്തിന്റെ വേരുകൾ അന്വേഷിക്കുന്നവർ ചെന്നെത്തുന്ന ചില നാമങ്ങളാണ് അവ. അത്തരം ധാരാളം നാമങ്ങളിൽ നിന്ന് ചില നാമങ്ങളെ മാത്രം ഇവിടെ പരിചയപ്പെടുത്താം.
1- മുഹമ്മദ് അബ്ദു.
ആധുനിക ഹദീസ് നിഷേധത്തിന്റെ അടിവേരുകൾ പരതുന്ന ഒരാൾ ആദ്യമായിട്ട് എത്തുന്നത് തഖ്ലീദിനെതിരെ പടപൊരുതിയ തൗഹീദിന്റെ ഒരു മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുവിലാണെന്നത് ഒരുപക്ഷേ വിരോധാഭാസമായി തോന്നിയേക്കാം. ശിർക്കിനെ എതിർക്കുന്ന വിഷയത്തിൽ സലഫിന്റെ പാത പിമ്പറ്റിയ ഇദ്ദേഹം പക്ഷേ, ഹദീസിനെ സ്വീകരിക്കുന്ന വിഷയത്തിൽ സലഫിന്‍റെ മാർഗത്തിൽ നിന്നും തികച്ചും വ്യതിചലിച്ചിരിക്കുകയാണുണ്ടായത്. എത്രത്തോളം എന്നാൽ ഹദീസ് നിഷേധത്തിന്റെ വക്താക്കൾ ഹദീസിനെ വിമർശിക്കാൻ മുഹമ്മദ് അബ്ദുവിന്റെ വാക്കുകളായിരുന്നു തെളിവായി ഉദ്ധരിച്ചിരുന്നത്. "
(ഹദീസ് നിഷേധം അന്നും ഇന്നും
അബ്ദുൽ മാലിക് സലഫി പേ: 25 )
മുഹമ്മദ് അബ്ദുവിന്റെ ഗുരുവര്യരും വക്കം മൗലവിയെ ഏറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമാണ് ജമാലുദ്ദീൻ അഫ്ഗാനി.
അദ്ദേഹത്തെക്കുറിച്ച് മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക:
"ജമാലുദ്ദീൻ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗൾഫ് രാഷ്ട്രങ്ങളിൽ കണ്ടെത്താൻ പ്രയാസമാണ്. അവിടുത്തെ സലഫികളും ഇഖ്‌വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്ഥ്യരുടെ ഏജന്റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യൻ സംസ്കാരത്തെ മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവർ പറയുന്നു. "
(ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും
എം ഐ സുല്ലമി പേജ് 25 )
അബ്ദുവിന്റെ ശിഷ്യനായി വളർന്ന റശീദ് രിള അദ്ദേഹത്തിന്റെ ചിന്തകളിൽ ആകൃഷ്ടരായെന്നും പൂർണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും കെ എൻ എം സംസ്ഥാന സമ്മേളന സുവനീർ വ്യക്തമാക്കുന്നു.
"ശൈഖ് മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായി അറിയപ്പെട്ട റഷീദ് രിള ആദ്യകാലത്ത് അബ്ദുവിന്റെ അഖ്ലാനി ചിന്താഗതി (ബുദ്ധിക്ക് അമിത പ്രാധാന്യം കൽപ്പിക്കുന്ന പ്രവണത ) യിൽ ആകൃഷ്ടരായിരുന്നെങ്കിലും അബ്ദുവിന്റെ മരണശേഷം റഷീദ് രിള തൻ്റെ പഠനത്തിലൂടെ സത്യ മാർഗ്ഗത്തിലേക്ക് മടങ്ങുകയും മുമ്പ് സംഭവിച്ച പല തെറ്റുകളും തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്പകാലം കൂടി സയ്യിദ് റഷീദ് രിളാക്ക് അല്ലാഹു ആയുസ്സ് നൽകിയിരുന്നെങ്കിൽ മാർഗത്തിലേക്ക് പൂർണ്ണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ. "
(സമ്മേളന സുവനീർ 2002
എറണാകുളം, പേ: 255)
ഹദീസ് നിഷേധികളിൽപ്പെട്ട ഇത്തരം ചിലയാളുകളുടെ ചിന്താഗതിയിലാണ് വക്കം മൗലവി അകപ്പെട്ടിരുന്നത്.