സയ്യിദുമാരുടെ പദവി
നജീബ് മൗലവി
❓#സംശയം: "ആരാണ് സയ്യിദ്? മറ്റു മുസ്ലിംകളെ അപേക്ഷിച്ച് സയ്യിദുമാർക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോ?" എന്ന ചോദ്യത്തിന് ഒരു മുജാഹിദ് മൗലവി ഇങ്ങനെ മറുപടി നൽകിയതായി ഇവിടത്തെ മലയാളം ന്യൂസ് (2005 സെപ്തംബർ 9 ) പത്രത്തിൽ കണ്ടു.
"ചില രാജ്യങ്ങളിൽ പ്രവാചകന്റെ അനന്തരഗാമികൾക്കു നൽകുന്ന സ്ഥാനപ്പേരാണ് സയ്യിദ്. പ്രവാചകന്റെ മകൾ ഫാത്തിമയിലൂടെയും ഭർത്താവ് അലി ഇബ്നു അബീതാലിബിലൂടെയുമുളള വംശ പരമ്പരയാണ് സയ്യിദ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇസ്ലാമിൽ സയ്യിദുമാർക്ക് എന്തെങ്കിലും പ്രത്യേക പദവികളില്ല. കാരണം, ഇസ്ലാം ആളുകളെ പ്രത്യേക ഗ്രൂപ്പുകളാക്കി തരം തിരിക്കുന്നില്ല എന്നതു തന്നെ. ദൈവത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നും ഓരോരുത്തർക്കും സ്വന്തം കാര്യങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കുന്ന ഇസ്ലാം ആർക്കും പ്രത്യേക പദവി കൽപിക്കുന്നില്ല."
ഈ മറുപടി ശരിയാണോ? ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ എല്ലാവരും സമന്മാരാണോ? ആർക്കും ആരെക്കാളും പദവിയില്ലേ? നബി കുടുംബത്തിലെ സയ്യിദുമാർക്കും ഒരു പ്രത്യേകതയുമില്ലേ? വിശദ മറുപടിയിലൂടെ സംശയം ദൂരീകരിക്കുമല്ലോ.
#നിവാരണം: ഇസ്ലാമിനു മുൻപു പേർഷ്യൻ മണ്ണിൽ ഉയിർകൊണ്ട 'സ്ഥിതിസമത്വ' വാദമെന്ന പ്രാചീന സോഷ്യലിസ(മസ്ദകിസം)ത്തിന്റെ അബദ്ധജടിലമായ വാദമാണു പ്രസ്തുത വഹ്ഹാബി മൗലവിയുടെ മറുപടിയുടെ ഉളളടക്കം. മനുഷ്യരെല്ലാം അല്ലാഹുവിന്റെ മുമ്പിൽ തുല്യരാണെന്നും ആർക്കും ആരെക്കാളും പദവിയില്ലെന്നുമുളള വാദം അനിസ്ലാമികവും അനിഷേധ്യ പ്രമാണങ്ങൾക്കു വിരുദ്ധവുമാണ്. സ്രഷ്ടാവിന്റെ സൃഷ്ടികൾ എന്ന നിലക്കു പടപ്പുകളെല്ലാം ഒരുപോലെയാണെങ്കിലും അവരിലെ പ്രകൃതിപരമായ വൈവിധ്യം പോലെത്തന്നെ പദവിയിലുളള വ്യത്യാസവും സൃഷ്ടികൾക്കിടയിലുണ്ടെന്നതു നഗ്ന സത്യമാണ്.
മലക്കുകൾ, മനുഷ്യർ,ജിന്നുകൾ എന്നീ മൂന്നു വർഗ്ഗങ്ങൾ ഇതര സൃഷ്ടികളിൽ നിന്നും ഉന്നത പദവിയുളളവരാണെന്നതു സുവിദിതമാണല്ലോ. മനുഷ്യരിൽ തന്നെ പ്രവാചകൻമാർ (നബിമാർ) മറ്റുളളവരിൽ നിന്ന് എത്രയോ ഉയർന്ന പദവിയുളളവരാണ്. നബിമാരെ അല്ലാഹുവിന്റെ ദൂതന്മാരെന്ന നിലക്ക് അല്ലാഹുവിനെപ്പോലെത്തന്നെ അനുസരിക്കാൻ മറ്റുളളവർ കടമപ്പെട്ടവരാണല്ലോ. നബിമാരിലും എല്ലാവരും ഒരേ പദവിയിലല്ല. "ഇവർ പ്രവാചകൻമാരാണ്. അവരിൽ ചിലരെ ചിലരെക്കാൾ ഉത്കൃഷ്ട പദവി നല്കി നാം അനുഗ്രഹിച്ചിരിക്കുന്നു." (സൂറ: അൽബഖറ: 253) എന്ന ആയത്ത് ഇതു വ്യക്തമാക്കുന്നുണ്ട്. ഇവരെ വിശ്വാസിച്ചും അനുകരിച്ചും ജീവിക്കുന്ന സത്യവിശ്വാസി സമൂഹവും ഒരേ പദവിയിലല്ല. അവരിൽ മുൻപന്തിയിലുളളവർ 'ഒൗലിയാഅ്' എന്ന പേരിൽ വിശിഷ്ടരാണ്. അവർ തന്നെയും പദവി വ്യത്യാസത്തോടെ ഉയർന്നും താഴ്ന്നും നിലകൊളളുന്നു. വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമായി പ്രസ്താവിച്ചിട്ടുളളതാണ് ഈ വസ്തുത. എന്നിരിക്കെ, 'ദൈവത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണെ'ന്ന വാദവും വിശ്വാസവും ഇസ്ലാമിക പ്രമാണങ്ങൾക്കു നിരക്കാത്ത മുരത്ത അസംബന്ധമാണെന്നു പറയേണ്ടതില്ലല്ലോ. അംബിയാ - ഒൗലിയാഇന്റെ പ്രത്യേക പദവികൾ അംഗീകരിക്കാൻ വിഷമമുളള അസൂയാലുക്കൾ മുമ്പുമുണ്ടായിരുന്നു. "വിശിഷ്ട ജനങ്ങൾക്ക് അല്ലാഹു നല്കുന്ന പദവികളിൽ ഇവരെന്തിന് അസൂയ വയ്ക്കുന്നു".(നിസാഅ്:54) എന്ന ഖുർആൻ വാക്യം ജൂതന്മാരെ കുറ്റപ്പെടുത്തി അല്ലാഹു ചോദിച്ചതാണ്. നബി(സ) തങ്ങളുടെ വിശിഷ്ട പദവിയെ അസൂയ നിമിത്തം നിഷേധിച്ചവരായിരുന്നു അവർ.
ഇതേ ജൂതമനസ്സുമായി നബിമാരെയും ഒൗലിയാഇനെയും വിശിഷ്ടരായി കാണാത്ത ചിലർ നമ്മുടെ സമുദായത്തിലുമുണ്ട്. അവരിലൊരാളുടെ മറുപടിയാകാം താങ്കളുദ്ധരിച്ചത്.
സയ്യിദ് എന്നാൽ യജമാനൻ, നേതാവ് എന്നിങ്ങനെയാണു ഭാഷാർത്ഥം. ഈയർത്ഥത്തിൽ ഖുർആനിലും ഹദീസിലും സുലഭമായി ഈ വാക്കു വന്നിട്ടുണ്ട്. 'നിങ്ങളുടെ സയ്യിദ് വരുന്നു; എഴുന്നേൽക്കുക' യെന്നു നബി(സ) തങ്ങൾ അൻസ്വാരീ നേതാവ് സഅ്ദുബ്നുമുആദി(റ)നെ കുറിച്ചു വാഴ്ത്തിയതു പ്രസിദ്ധ ഹദീസിലുണ്ട്. 'അബൂബക്ർ നമ്മുടെ സയ്യിദാണെ' ന്നു ഉമറി(റ)ന്റെ ഒരു പ്രസ്താവനയും കാണാം. എന്നാൽ, പിൽക്കാലത്ത് ഈ വാക്കു നബി(സ) തങ്ങളെയും കുടുംബത്തെയും മാത്രം വാഴ്ത്തുന്നതിനായി പരിമിതപ്പെട്ടിരിക്കുകയാണ്. വ്യാപ്തിയുളള ഒരു പദം പരിമിതാർത്ഥത്തിൽ ഉപയോഗിച്ചു വരുമ്പോൾ വീണ്ടും വിപുലാർത്ഥത്തിലുപയോഗിച്ചാൽ തെറ്റിദ്ധാരണയും തിരിച്ചറിവിന്റെ പ്രശ്നവും സൃഷ്ടിക്കുമെന്നതുകൊണ്ട് ആരും അതിനു തുനിയാറില്ല.
നബികുടുംബമെന്നാൽ നബി(സ)യുടെ രണ്ടാമത്തെ പിതാമഹൻ (ജദ്ദ്) ഹാശിമിന്റെയും സഹോദരൻ മുത്ത്വലിബിന്റെയും മക്കളിൽ നിന്നു വിശ്വസിച്ചവരെന്നാണുദ്ദേശ്യം. ഇമാം മുസ്ലിം നിവേദനം ചെയ്ത ഒരു ഹദീസിൽ നബി (സ) തങ്ങൾ ഒരു ഖുത്വുബയിൽ ഇങ്ങനെ പ്രസ്താവിച്ചതായുണ്ട്. "എന്റെ കുടുംബത്തിന്റെ (അഹ്ലുബെെത്ത്) കാര്യത്തിൽ ഞാൻ നിങ്ങളോട് അല്ലാഹുവിനെ കുറിച്ചോർമ്മപ്പെടുത്തുന്നു" ഇങ്ങനെ മൂന്നു പ്രാവശ്യം നബി(സ) തങ്ങൾ പ്രസ്താവിച്ചു. റിപ്പോർട്ടറായ സെെദുബ്നു അർഖമി(റ)നോടു ചോദിക്കപ്പെട്ടു, 'ആരാണു നബിയുടെ അഹ്ലുബെെത്ത്?' അദ്ദേഹം പറഞ്ഞു: "നബി(സ) തങ്ങൾക്കു ശേഷം സകാത്തു കൊടുക്കൽ നിഷിദ്ധമായവരാണു നബികുടുംബം". അതാരെന്നു വീണ്ടും ചോദ്യം. "അലിയുടെ കുടുംബം, അഖീലിന്റെ കുടുംബം, അബ്ബാസിന്റെ കുടുംബം" എന്നു സെെദി(റ) ന്റെ മറുപടി. ഹാശിം പരമ്പര മാത്രമേ സെെദ്(റ) ഇവിടെ എണ്ണിയിട്ടുളളൂവെന്കിലും 'ഞങ്ങൾ ഹാശിമിന്റെ മക്കളും മുത്തലിബിന്റെ മക്കളും ഒന്നാണ് - ഒരു പദവിയിലാണ്' എന്ന പ്രസിദ്ധ ഹദീസു ചേർത്തു വായിച്ചാൽ നബികുടുംബം ഹാശിം-മുത്ത്വലിബു വംശജരാണെന്നു വ്യക്തമാകും.
'ആലുന്നബി'(നബികുടുംബം) അല്ല 'അഹ്ലുൽബെെത്ത്'(നബിയുടെ വീട്ടുകാർ) എന്നും അലി(റ), ഫാത്വിമ(റ), ഹസൻ(റ) ഹുസെെൻ(റ), ഇവരുടെ മക്കൾ എന്നിവർ മാത്രമാണ് 'അഹ്ലുൽബെെത്ത്' എന്നും ഒരു പ്രബല പക്ഷം സമർത്ഥിക്കുന്നുണ്ട്. ആലും അഹ്ലുബെെത്തും ഒന്നാണെന്ന വീക്ഷണം പ്രമാണിച്ചു കൊണ്ടാണു മേൽപ്രകാരം കുറിച്ചത്.
നബികുടുംബത്തിൽ നിന്നും വിശിഷ്ടരാണ് അലി(റ)യുടെ മക്കൾ. ഇവരെ 'അലവിയ്യ്' എന്നു പ്രത്യേകം പറയുന്നു. ഇവരിൽ കൂടുതൽ വിശിഷ്ടരാണു ഹസ്റത്ത് അലി(റ)ക്കു ഫാത്വിമ(റ)യിൽ ജനിച്ച മക്കൾ. നബികുടുംബം എന്നതിലുപരി 'നബിയുടെ സന്താനങ്ങൾ'(ദുർരിയ്യത്ത്) എന്ന പദവി കൂടി ഇവർക്കുണ്ട്. ഇവരിൽ ഹസൻ(റ), ഹുസെെൻ(റ) എന്നീ രണ്ടു പുത്രന്മാരുടെ മക്കളും അതിവിശിഷ്ടരാണ്. അവരും നബി (സ) തങ്ങളുടെ മക്കളാണ്. ഇവർക്കു പരിമിതമായി പിൽക്കാലത്തുപയോഗിച്ചുവന്ന സ്ഥാനപ്പേരാണു 'ശരീഫ്' എന്നത്. ആദികാലങ്ങളിൽ നബികുടുംബത്തിൽ പെട്ടവർക്കെല്ലാം സയ്യിദെന്ന പോലെ ശരീഫ് എന്നും ഉപയോഗിച്ചിരുന്നു. ഹസനീ, ഹുസെെനീ, അലവീ, ജഅ്ഫരീ, അഖീലീ, അബ്ബാസീ വ്യത്യാസമില്ലാതെ നബികുടുംബത്തിലെ എല്ലാവരെയും ശരീഫെന്നു വിളിക്കുന്ന ഈ രീതിയാണു ഹിഫിള് ദഹബി(റ) തന്റെ താരീഖിൽ അവലംബിച്ചിട്ടുളളത്. ഇബ്നുമാലികിന്റെ പ്രസിദ്ധമായ അൽഫിയ്യ:യിൽ 'വ ആലിഹിൽ മുസ്തക്മിലീന ശ്ശുറഫാ' എന്നു പറഞ്ഞിട്ടുളളതും ഈ നിലയ്ക്കാണ്. പക്ഷേ, മിസ്വ്'റിലെ ഫാത്വിമീ ഖലീഫമാരുടെ സ്ഥാനലബ്ധിയോടെ ശരീഫ് എന്ന വിശേഷണം ഹസൻ(റ), ഹുസെെൻ(റ) എന്നിവരുടെ മക്കളിൽ മാത്രം പരിമിതമായി. ഇങ്ങനെ നബികുടുംബത്തിൽ നിന്നും അതിവിശിഷ്ടരായ സയ്യിദുമാരെ മാത്രം 'സയ്യിദ് ശരീഫ്' എന്നു വിശേഷിപ്പിക്കുന്നതാണു പിൽക്കാലത്തെ രീതി. നബികുടുംബം തന്നെ പദവിയുടെ കാര്യത്തിൽ തുല്യരല്ലെന്നും അവരിൽ തന്നെ അതിവിശിഷ്ടന്മാരുണ്ടെന്നും ഇതിൽ നിന്നും വ്യക്തമായല്ലോ. (ഫതാവൽ ഹദീസിയ്യ:165-168, അൽഹാവീ ലിൽ ഫതാവാ:2-31,32)
ദെെവത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നും ആർക്കും പ്രത്യേക പദവികളില്ലെന്നും വാദിക്കുന്നവർ മുസ്ലിം ലോകത്തെ കഴിഞ്ഞകാല ഇമാമുകളെയും അവരുടെ ഗ്രന്ഥങ്ങളെയും മാത്രമല്ല; വിശുദ്ധ ഖുർആനിനെയും ഹദീസുകളെയും അതുവഴി അല്ലാഹുവിനെയും റസൂലിനെയും തന്നെ കളവാക്കുന്നവരാണ്. കർമ്മാനുഷ്ടാനങ്ങളുടെ പേരിൽ വിശിഷ്ട പദവിയിലെത്തിയവരും എത്താത്തവരുമുണ്ടെന്നും സ്വാലിഹുകൾ, ശുഹദാഅ്, സ്വിദ്ദീഖുകൾ, നബിമാർ, മുഖർറബുകൾ, അസ്വ്'ഹാബുൽയമീൻ എന്നിങ്ങനെയുളള വിശിഷ്ടവും അതിവിശിഷ്ടവുമായ പദവികൾ ലഭിച്ചവർ വിശ്വാസികളിലുണ്ടെന്നും ഖുർആനിന്റെ തന്നെ ഖണ്ഡിതവും അനിഷേധ്യവുമായ പ്രസ്താവനയാണ്. 'ഇസ്ലാം ആളുകളെ പ്രത്യേക ഗ്രൂപ്പുകളാക്കി തരംതിരിക്കുന്നില്ല' എന്നു സ്വയം ചമച്ചുണ്ടാക്കിയ ന്യായം പറഞ്ഞു വിശുദ്ധ ഖുർആനിന്റെ പ്രസ്തുത തട്ടുതിരിക്കലിനെതിരെയും ഇവർ വാളോങ്ങാനിടയുണ്ടല്ലോ. ഇനി കർമ്മം കൊണ്ടല്ല, ജന്മം കൊണ്ടു തന്നെ വിശിഷ്ടരായവരെ ഇസ്ലാമിക പ്രമാണങ്ങൾ വരച്ചു തരുന്ന രേഖകൾ കാണാം.
നബി(സ) തങ്ങൾക്കു ജന്മം നൽകാൻ വേണ്ടി അല്ലാഹു മനുഷ്യകുലത്തിൽ ഗ്രൂപ്പുതിരിച്ചതായി വ്യക്തമാക്കുന്ന ഹദീസു കാണുക. വാസിലത്തുബ്നുൽ അസ്ഖഇ(റ) നെ തൊട്ടു നിവേദനം: നബി(സ) തങ്ങൾ പ്രസ്താവിച്ചു: "അല്ലാഹു ഇസ്മാഈൽ സന്തതികളിൽ നിന്നു കിനാനത്ത് വംശത്തെ സവിശേഷപ്പെടുത്തി. കിനാനത്തിൽ നിന്നും ഖുറെെശു ഗോത്രത്തെയും ഖുറെെശികളിൽ നിന്നും ഹാശിം വംശജരെയും ഹാശിമികളിൽ നിന്ന് എന്നെയും അല്ലാഹു സവിശേഷം തെരെഞ്ഞെടുത്തു."(സ്വഹീഹു മുസ്ലിം). ഈ അർത്ഥത്തിൽ നിരവധി ഹദീസുകളുണ്ട്. കർമ്മത്തിന്റെയടിസ്ഥാനത്തിലല്ല; കുലപരമായിത്തന്നെ നബി (സ) തങ്ങൾക്കു ജന്മം നല്കാനായി അല്ലാഹു ആളുകളെ 'ഗ്രൂപ്പുതിരിച്ച' താണ് ഈ ഹദീസുകളിലെ പ്രമേയം. തദടിസ്ഥാനത്തിൽ തന്നെ അറബി വംശജർക്കു പ്രത്യേക പദവി അനറബികളെക്കാൾ അല്ലാഹു കനിഞ്ഞേകിയിട്ടുണ്ട്. നിരവധി ഹദീസുകളിൽ ഇതു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ഹദീസുകൾ ക്രോഡീകരിച്ചു കൊണ്ടു പല ഇമാമുകളും ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇമാം ഇബ്നുഹജർ ഹെെതമി(റ)ക്കു 'മബ്ലഗുൽ അദബ് ഫീ ഫള്ലിൽ അറബ്' എന്ന ഒരു രിസാല ഈ വിഷയത്തിലുണ്ട്.
അറബികളിൽ തന്നെ ഇസ്മാഈൽ നബിയുടെ സന്താനങ്ങൾക്കു പ്രത്യേക പദവിയുണ്ട്. ഹിജാസിലെ അറബികളുടെ പിതാമഹൻ 'അദ്നാൻ' എന്നവർ (നബിയുടെ ഇരുപതാം പിതാമഹൻ) ഇസ്മാഈൽ വംശജരിൽ പ്രധാനിയാണ്. അദ്നാനിന്റെ മക്കൾക്ക് 'ഖഹ്ത്വാനിയ്യത്തി' നെക്കാൾ പദവിയുണ്ട്. അദ്നാനിന്റെ മക്കളിൽ സവിശേഷ പദവിയുളളവരാണു പ്രസ്തുത ഹദീസിൽ പറഞ്ഞ കിനാനത്ത്. ഈ ഗോത്രത്തിൽ കിനാനത്തിന്റെ മകൻ നള്റിന്റെ പരംബരയാണു ഖുറെെശ്. ഇവരിൽ നബി (സ) തങ്ങളുടെ വംശമാണു ഹാശിമികൾ. വംശീയമായ ഇവരുടെ പദവികളാണു പ്രസ്തുത ഹദീസിൽ വിവരിക്കപ്പെട്ടത്. ഇസ്ലാമിലെ ഇമാമത്തിന്റെ പദവി അർഹിക്കുന്നവർ ഖുറെെശു ഗോത്രക്കാർ മാത്രമാണ്. നബി (സ) തങ്ങളുടെ വഫാത്തിന്റെ ഉടനെ അൻസ്വാരികളുടെ വേദിയിൽ കടന്നുവന്ന അബൂബക്ർ സ്വിദ്ദീഖ്(റ) 'ഖുറെെശു ഗോത്രത്തിലാണു ഇമാമത്തിന്റെ അർഹത' എന്നു വിവരിക്കുന്ന ഹദീസ് അവരെ ഓർമ്മിപ്പിച്ചതും സ്വഹാബികളൊന്നടങ്കം അതു സമ്മതിച്ചതും ഇസ്ലാമിലെ ഖിലാഫത്തിന്റെ ചരിത്രമറിയുന്ന ആർക്കും അജ്ഞാതമല്ല. ഇമാം ബുഖാരിയും തന്റെ സ്വഹീഹിൽ ഇതേ ഹദീസിന്റെ തലക്കെട്ടു നല്കി ഇവ്വിഷയം പ്രതിപാദിക്കുന്നുണ്ട്. ഇതേ ഹദീസിന്റെ നിരവധി പരംബരകൾ നിരൂപണം ചെയ്തു സ്ഥിരീകരിച്ചു കൊണ്ട് ഹാഫിള് ഇബ്നുഹജർ അസ്ഖലാനി(റ) 'ലദ്ദത്തുൽ എെശ് ഫീ തുർഖി ഹദീസി അൽ അഇമ്മത്തു മിൻ ഖുറെെശ്' എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.
ഈ വസ്തുതകളൊന്നും പഠിക്കാതെ , അന്വേഷിക്കാതെ ഇസ്ലാം ആർക്കും പ്രത്യേക പദവി കൽപിക്കുന്നില്ല എന്നു ജല്പിക്കുന്നവർ അവജ്ഞയും സഹതാപവുമാണർഹിക്കുന്നത്. മരങ്ങളിൽ ചില മരത്തിനു പ്രത്യേകത, കല്ലുകളിൽ ചില കല്ലിനു പ്രത്യേകത, മൃഗങ്ങളിൽ ചിലതിനു സവിശേഷത എന്നിങ്ങനെ പ്രപഞ്ചത്തിലെ സൃഷ്ടിവർഗ്ഗങ്ങളിലെ വെെജാത്യങ്ങളും വെെവിധ്യങ്ങളുമൊന്നും തനി ഭൗതിക വാദികൾക്കു പോലും നിഷേധിക്കുവാൻ കഴിയില്ല. മനുഷ്യ വർഗ്ഗത്തിലും ഈ വെെവിധ്യവും ഗ്രൂപ്പുതിരിവും ജന്മനാ തന്നെയുണ്ട്. ജീനുകളുടെ അത്ഭുത രഹസ്യങ്ങൾ കൂടുതൽ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അല്ലാഹുവിന്റെ സൃഷ്ടികളിലേറ്റവും വിശിഷ്ടരായ നബി (സ) തങ്ങളുടെ വിശുദ്ധ ജീനിനും അതിനെ വഹിച്ചു പോന്ന കുടുംബങ്ങൾക്കും സവിശേഷതയുണ്ടായതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു!
വ്യക്തമായ പ്ളാനോടെ, ആസൂത്രണത്തോടെ സൃഷ്ടികളെയും അവയിലെ വിവിധ വർഗ്ഗങ്ങളെയും സൃഷ്ടിച്ച, വർഗ്ഗീകരിച്ച അല്ലാഹു അവന്റെ പുന്നാരമുത്തായ നബി (സ) യുടെ ജീനിനു പ്രത്യേക സ്ഥാനവും ഗുണങ്ങളും നല്കിയിട്ടുണ്ടെങ്കിൽ, ആ ജീനുകളിൽ നിന്ന് ഉദയം കൊളളുന്ന നബികുടുംബത്തിലെ താരകങ്ങൾക്കു - സയ്യിദുമാർക്ക് ഇതരരേക്കാൾ പദവിയില്ലെന്നു ജൽപ്പിക്കുന്നവർ വിവരദോഷികൾ മാത്രമാണ്. അസൂയാലുക്കളും! ഇവർ നമസ്കാരത്തിൽ നബി(സ) തങ്ങളുടെ കുടുംബത്തിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നത് ഏതു നിലക്കാണാവോ?! അവർക്കു പ്രത്യേക പദവിയില്ലെങ്കിൽ തൽസ്ഥാനത്തു സ്വന്തം കുടുംബത്തിന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ മതിയല്ലോ. അസൂയ മൂത്ത് ഇവർ സ്വലാത്തും ഒഴിവാക്കിയേക്കാം! അല്ലാഹു കാക്കട്ടെ..
(പുസ്തകം: 'നിവാരണം' - രണ്ടാം ഭാഗം)