സ്ത്രീ ക്രിസ്തുമതത്തിൽ
Muhammad Sajeer Bukhari / 1 year ago
എല്ലാ അർത്ഥത്തിലും ക്രിസ്തുമതത്തെ പ്രയുക്തതലത്തിൽ സ്വീകാര്യമെന്ന നിലപാടാണ് പടിഞ്ഞാറിന്. തങ്ങളുടെ മതം രാഷ്ട്രീയം, സംസ്കാരം, എന്തിനധികം നിരീശ്വരത്തെ പോലും മാർഗരേഖ ചെയ്യുന്നത് ക്രൈസ്തവതയുടെ കാണാച്ചരടുകളായിരുന്നു/ ആണ് എന്നത് വിസ്മരിക്കാവതല്ല. അറേബ്യയിൽ തിരുപ്രവാചകരുടെ പ്രബോധനദൗത്യം സാംസ്കാരികൗന്നത്യത്തിന്റെ ഗരിമയാർന്ന ചിത്രം വാങ്മയത്വത്തോടെ അവതരിപ്പിക്കുന്നത് ക്രിസ്ത്വാബ്ദം അറുന്നൂറ്റിപ്പത്താം ആണ്ടോടെയാണ്. അതിന് മുൻപുള്ള പൂർണമായ ആറു നൂറ്റാണ്ട് സാമൂഹിക ജീവിതത്തിന്റെ ഘടനാ രൂപീകരണത്തിലും മാനസിക വ്യാപാരങ്ങളെയും വ്യവഹാരങ്ങളെയും പരുവപ്പെടുത്തുന്നതിലും ഗണനീയമായ പങ്കുവഹിച്ചിരുന്നത് ക്രിസ്തുമതമായിരുന്നു. പക്ഷേ, പ്രതിലോമപപരമായിരുന്നു അതിന്റെ സമീപനം എന്നുവേണം വിലയിരുത്താൻ.
ജൈവവ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായിപ്പോലും പെൺപക്ഷത്തെ ഉൾക്കൊള്ളാൻ ക്രിസ്തുമതത്തിനായില്ല. മനുഷ്യന്റെ ലൗകിക ജീവിതത്തിന് ഹേതുകമായ “ആദിപാപത്തിന്റെ ദുഷ്ടഹേതുവാണ് സ്ത്രീയെന്നാണ് ബൈബിളിന്റെ വീക്ഷണം. ആ അഭിശപ്തഭാരം പുരുഷന്റെ തലയിൽ കെട്ടിവെച്ചതിന്റെ ശിക്ഷയായാണ് സ്ത്രീ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമെന്ന് ബൈബിൾ ആവർത്തിക്കുകയും ചെയ്യുന്നു: “സ്ത്രീയോടു കൽപ്പിച്ചത്: ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർധി പ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും'(ഉൽപത്തി 5/16).
ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളിൽ പുരുഷനെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുള്ളത് ബാൽ എന്ന എബ്രായ പദമാണ്. ഉടമസ്ഥൻ എന്നാണ് ഈ പദത്തിനർത്ഥം. ഏതർത്ഥത്തിലും പുരുഷന്റെ ഉടമസ്ഥതയിലുള്ള, അവനു യഥേഷ്ടം വിനിമയാധികാരം ഉള്ള വെറുമൊരു ചരക്കായിട്ടായിരുന്നു പഴയനിയമകാലത്ത് പെണ്ണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം പുത്രിമാരെപ്പോലും വിൽക്കുവാൻ പുരുഷന് ബൈബിൾ അനുവാദം നൽകുന്നു! (പുറപ്പാട് 21/ 7). ഋണബാധ്യതകൾ തീർക്കുവാൻ സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം അവർക്കിടയിൽ നിലനിന്നിട്ടുണ്ടായിരുന്നു (നെഹമ്യാവ് 5/5). ആരാധനാലയങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി ഇടപെടുന്നത് തടസ്സം ചെയ്യപ്പെട്ടു. തന്റെ പത്നിയോ പുത്രിയോ എടുക്കുന്ന നേർച്ചകൾ ദുർബലപ്പെടുത്തുന്നതിനുള്ള അധികാരം പുരുഷന് നൽകിയിരുന്നു (സംഖ്യ 30/12). പ്രസവിക്കുന്നത് പെൺകുഞ്ഞിനെയാണെങ്കിൽ ആണിനെ പ്രസവിച്ചാലുള്ളതിന്റെ ഇരട്ടി കാലം മാതാവ് അശുദ്ധയായിരിക്കുമെന്നാണ് ചട്ടം (ലേവ്യ 12: 15). സ്ത്രീക്ക് പുരുഷന്റെ പകുതി മൂല്യം മാത്രമേയുള്ളൂ (ലേവ്യ 27/ 5-7 കാണുക). പ്രശസ് തമായ പത്തു കൽപനകളിൽ (Ten commandmends) ഭാര്യയെ പ്രസ്താവിച്ചിരിക്കുന്നത് വളർത്തുമൃഗങ്ങളുടെയും അടിമകളുടെയും ഒപ്പമാണെന്നതിൽ നിന്നു തന്നെ (പുറപ്പാട് 20/17, ആവർത്തനം 5/21) സ്ത്രീക്ക് കിട്ടിയിരുന്ന സാമൂഹിക പദവി എന്തായിരുന്നുവെന്ന് ഊഹിക്കാം.
പ്രഭാത പ്രാർത്ഥനയായ ഷേമാ ചൊല്ലുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും അടിമകൾക്കും അനുവാദം ഉണ്ടായിരുന്നില്ല. “എന്നെ സ്ത്രീയായി പടക്കാത്തതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു” എന്ന ഒരു പ്രാർത്ഥന തന്നെ യഹൂദ ദിനചര്യകളിൽ ഉണ്ടായിരുന്നു. വേദപഠനം അവർക്ക് നിഷേധിക്കപ്പെട്ടു. സ്ത്രീകൾക്ക് തോറ പഠിപ്പിക്കുന്നതിലും നല്ലത് അത് ചുട്ടെരിച്ച് കളയുന്നതാണ് എന്നാണ് ക്രിസ്തുവർഷം തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഏലിയാസർ എന്ന ജൂതറബ്ബിയുടെ അഭിപ്രായം.
യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവതയുടെ നേതൃപദവിയിലെത്തിയ പൗലോസ് തന്നെ സ്ത്രീവിരുദ്ധതയുടെ ആദ്യപാഠങ്ങൾ പ്രകടിപ്പിക്കുന്നു. യവന ചിന്തകളാൽ സ്വാധീനിക്കപ്പെട്ടിരുന്ന പൗലോസിന്റെ അഭിപ്രായത്തിൽ സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണത്രേ പുരുഷന് നല്ലത്! (1കൊരി. 7/1).
“വിശുദ്ധന്മാരുടെ സർവസഭകളിലും എന്ന പോലെ സ്ത്രീ കൾ സദായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായമാണവും പറയുന്നത് പോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല” എന്നും പൗലോസ് എഴുതിയിട്ടുണ്ട് (1 കൊരി. 141 34).
മനുഷ്യന്റെ “ആദിപാപ'ത്തിന്റെ അനിവാര്യമായ തുടർച്ചയാണ് സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നാണ് പുണ്യവാളനായ സെന്റ് അഗസ്റ്റിന്റെ അഭിപ്രായം: “ആദാമിന് എന്തുകൊണ്ടാണ് ഒരു സ്ത്രീയെ ദൈവം ഇണയാക്കി നൽകിയത്?' എന്ന് പരിഭവപ്പെടുന്ന സെന്റ് അഗസ്റ്റിൻ “ആദമിന്റെ ഇണ ഒരു പുരുഷൻ തന്നെയായിരുന്നെങ്കിൽ ആദിപാപത്തിന്റെ ഭാരം മനുഷ്യൻ പേറേണ്ടിവരില്ലായിരുന്നു” എന്ന് പോലും പറയുകയുണ്ടായി. അതിലേറെ വിസ്മയാവഹമാണ് ടെൽടൂലിയൻ (Tertulian) എന്ന ദൈവശാസ്ത്ര പണ്ഡിതന്റെ നിലപാട്. ഓരോ സ്ത്രീയിലും പാപിനിയായ ഓരോ ഹവ്വാ വസിക്കുന്നു എന്ന് വിളിച്ചുപറഞ്ഞ ടെർടൂലിയൻ അവൾ ചെകുത്താന്റെ പ്രവേശന കവാടമാണ് എന്ന് വിശേഷിപ്പിച്ചു (You are devils' gateway! - On Female Dress I/1). സ്ത്രീക്ക് ആത്മാവുണ്ടെന്ന കാര്യം അംഗീകരിക്കുന്നതിൽ പോലും പല ക്രൈസ്തവ സഭകൾക്കും വിയോജിപ്പുണ്ടായിരുന്നു! ഒരു സ്ത്രീ മാത്രം ജന്മം നൽകിയ അസാധാരണനായ മനുഷ്യപുത്രനിൽ ദിവ്യത്വം അദ്ധ്യാരോപിക്കുന്നവർ തന്നെയാണ് മാതൃത്വത്തിന് ചെകുത്താന്റെ അപവർണനം ചാർത്തുന്നത് എന്നത് എത്ര മാത്രം വിരോധാഭാസമാണ്!