📚
*സുന്നത്തുകളാണെങ്കിലും*
*നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.*
___________________________
ഹജ്ജിനിടയിൽ നാല് ഖുത്വുബഃകൾ നിർവ്വഹിക്കാനുണ്ട്.
ഒന്ന്: ദുൽഹിജ്ജഃ ഏഴിന് മക്കഃയിൽ വെച്ച്.
രണ്ട്: അറഫാ ദിവസം.
മൂന്ന്: പെരുന്നാൾ ദിവസം
നാല്: അയ്യാമുത്തശ്‌രീഖിൻ്റെ രണ്ടാം നാൾ.
ഇതിലെ രണ്ടാം ഖുത്വുബഃ ഒഴികെ ബാക്കിയെല്ലാം ളുഹ്റ് നിസ്കാര ശേഷമാണ്. രണ്ടാമത്തേതാകട്ടെ, ളുഹ്റിന് മുമ്പ്, രണ്ട് ഖുത്വുബഃയായിട്ട്, ജുമുഅഃയിലുള്ളത് പോലെ നിർവ്വഹിക്കുക.
ഇവയെല്ലാം നിർവ്വഹിക്കേണ്ടത് ഇമാമോ, ഹജ്ജ് കർമ്മങ്ങളുടെ മുഖ്യ രക്ഷാധികാരിയായി ഇമാം ഏൽപിക്കുന്ന അമീറോ ആയിരിക്കണം. എന്നാൽ, മൂന്ന് - നാല് ഖുത്വുബഃകൾ പക്ഷെ, സുന്നതാണെങ്കിലും കാലങ്ങളായി ഇവ നടപ്പില്ലെന്ന് ഇബ്നു ഹജർ(റ) പറയുന്നു. ശേഷം, മഹാൻ ഒരു കാര്യം ഉണർത്തുന്നുണ്ട്. അഥവാ, ഭരണാധികാരിയുടെ കൽപന പ്രകാരമല്ലാതെ ഈ സുന്നതുകൾ വീണ്ടും നടപ്പിൽ വരുത്താതിരിക്കുകയാണ് വേണ്ടത്. കാരണം ഫിത്‌നഃകൾ ഉണ്ടാവാനിടയുണ്ട്.
وَتُرِكَتَا مِنْ أَزْمِنَةٍ عَدِيدَةٍ وَمِنْ ثَمَّ لَا يَنْبَغِي فِعْلُهَا الْآنَ إلَّا بِأَمْرِ الْإِمَامِ أَوْ نَائِبِهِ لِمَا يُخْشَى مِنْ الْفِتْنَةِ. اهـ
(تحفة: ٤/١٣٠)
ഇനി, നമ്മുടെ നാട്ടിലേക്കും പരിസരങ്ങളിലേക്കും നോക്കൂ. പല സുന്നതുകളും നടപ്പിലില്ല. സ്വുബ്ഹിനു മുമ്പ് തഹജ്ജുദിൻ്റെ നേരത്തെ ബാങ്ക്, ജുമുഅഃയുടെ ഖുത്വുബഃയിൽ 'സൂറതുൽ ഖാഫ്' തീർത്തും ഓതുന്നത് തുടങ്ങി പലതുമുണ്ട്. മഗ്‌രിബിന് മുമ്പുള്ള രണ്ട് റക്അത് സുന്നത് നിസ്കാരം, മഗ്‌രിബ് നിസ്കാര ശേഷം മുപ്പത്തിമൂന്ന് വീതം ചൊല്ലുന്ന വളരെ പ്രധാനപ്പെട്ട ദിക്റുകൾ - ഇങ്ങനെ ചിലത് പഴയകാലത്തെ പല പള്ളികളിലും നടപ്പില്ല. സൂക്ഷ്മതയും പവിത്രതയും നിറഞ്ഞ വലിയ പണ്ഡിതരുടെ കാലത്തും, അവരുടെ അറിവോടെയും ഈ രീതി തന്നെയാണ് തുടർന്നു പോന്നത്. അവരാരും അത്തരം കാര്യങ്ങളെ സുന്നതുകളാണെന്ന് കരുതി നടപ്പിലാക്കിയില്ല. ന്യായങ്ങൾ പലതാവാം. എല്ലാം നമുക്കറിയുകയുമില്ല. ഇബ്നു ഹജർ(റ) പറഞ്ഞത് പോലെ, പല ഫിത്‌നഃകളും ഭയന്നിരിക്കാം.
അപ്പോൾ, നാട്ടിൽ ഭിന്നിപ്പുണ്ടാവുക പോലോത്ത ഫിത്‌നഃകൾ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കണം, സുന്നതുകൾ നടപ്പിലാക്കേണ്ടത്.
എന്നാൽ, ശവ്വാൽ മാസം ആറു ദിവസത്തെ സുന്നതു നോമ്പിനെക്കുറിച്ച് ഇമാമുകൾക്കിടയിൽ വ്യത്യസ്ത നിലപാടാണ്. മദീനഃക്കാർ, അത് ചെയ്തു വരുന്നില്ലെന്നും അതിനാൽ സുന്നതില്ലെന്നുമാണ് ഇമാം മാലിക്(റ)വിൻ്റെ വീക്ഷണം. എന്നാൽ ശാഫിഈ മദ്ഹബിൽ ഇത് സുന്നതാണ്. ഇമാം മാലിക്(റ)യുടെ ന്യായത്തെ ഇമാം നവവി(റ) നിരൂപിക്കുന്നത് നോക്കൂ:
قَوْلَهُ ﷺ (مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ) ...
وَقَالَ مَالِكٌ وَأَبُو حَنِيفَةَ يُكْرَهُ ذَلِكَ، قَالَ مَالِكٌ فِي الْمُوَطَّأِ مَا رَأَيْتُ أَحَدًا مِنْ أَهْلِ الْعِلْمِ يَصُومُهَا قَالُوا فَيُكْرَهُ لِئَلَّا يُظَنَّ وُجُوبُهُ، وَدَلِيلُ الشَّافِعِيِّ وَمُوَافِقِيهِ هَذَا الْحَدِيثُ الصَّحِيحُ الصَّرِيحُ وَإِذَا ثَبَتَتِ السُّنَّةُ لَا تُتْرَكُ لِتَرْكِ بَعْضِ النَّاسِ أَوْ أَكْثَرِهِمْ أَوْ كُلِّهِمْ لَهَا. اهـ
(شرح مسلم للنووي: ٨/٥٦)
"സ്വഹീഹായ ഹദീസിൽ, വ്യക്തമായ കൽപനയുണ്ടായിരിക്കെ, അത് ഒഴിവാക്കേണ്ടതില്ല. ഒരു വിഭാഗമോ, കൂടുതൽ പേരോ, എന്നല്ല എല്ലാവരും ഉപേക്ഷിച്ചാൽ തന്നെയും, സ്ഥിരപ്പെട്ട സുന്നതുകളെ മാറ്റി നിർത്തേണ്ടതല്ല. "
ഈ നിലപാട്, നാം ആദ്യം പറഞ്ഞതിനോട് എതിരാണെന്ന് തോന്നിയേക്കാം. ഇല്ല, സുന്നതുകൾ ജന സമക്ഷം നടപ്പിൽ വരുത്തുന്നതും, നോമ്പ് പോലോത്ത സ്വന്തമായി പ്രവർത്തിക്കുന്ന കർമ്മങ്ങളും വ്യത്യാസമുണ്ടല്ലോ. ആദ്യത്തേതിൽ പല ഫിത്‌നഃകളും ഉണ്ടാകാം. രണ്ടാമത്തേതിൽ അങ്ങനെ വരുന്നില്ല.
✨
No comments:
Post a Comment