*Usthad Dr Mohammad Farooq Naeemi Albhukhari*🌷🌷✍️✍️
🤍Tweet 1268
തിരുനബിﷺ നല്ല പേരുകളെ താല്പര്യം വയ്ക്കുകയും ചില സന്ദർഭങ്ങളിൽ അത്തരം പേരുകൾ മുൻനിർത്തി ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം.
ഇമാം ബുഖാരി(റ) അബുൽ മുഫറൽ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ സദസ്സിൽ ചോദിച്ചു. "നമ്മുടെ ഈ ഒട്ടകങ്ങളെ ആരാണ് തെളിക്കുക?"
അപ്പോൾ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: "ഞാൻ."
അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"
അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." പിന്നീട് മറ്റൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം." അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." ശേഷം വേറൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം"
അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"
അയാൾ പറഞ്ഞു: "നാജിയത്ത് അഥവാ രക്ഷപ്പെട്ടവൻ/വിജയിച്ചവൻ." അവിടുന്ന് പറഞ്ഞു: "നിങ്ങൾ അതിന് പറ്റിയവനാണ്. നിങ്ങൾ അതിനെ തെളിക്കുക."
മറ്റൊരു നിവേദനം ഇപ്രകാരമാണ്. ഉഖ്ബത്ത് ബ്നു ആമിറി(റ)ൽ നിന്ന് ഹൈതമി(റ), മജ്മഉസ്സവാഇദിൽ ഉദ്ധരിക്കുന്നു. തിരുനബിﷺ ചോദിച്ചു: "നമ്മുടെ കറവ ഒട്ടകങ്ങളുടെ അടുത്തേക്ക് നമ്മെ ആരാണ് എത്തിക്കുക/നമുക്ക് ആര് പാൽ കൊണ്ടുവരും?" അപ്പോൾ ഒരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ (ചെയ്യാം)."
തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "സഖ്ർ /പാറ എന്നോ ജൻദൽ /വലിയ കല്ല് എന്നോ ആണ്." അപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: "ഇരിക്കുക." പിന്നീട് ചോദിച്ചു: "നമ്മുടെ കറവ ഒട്ടകങ്ങളുടെ പാൽ നമുക്ക് ആരാണ് എത്തിക്കുക?"
അപ്പോൾ മറ്റൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"
അയാൾ പറഞ്ഞു: "യഈശ്" അവൻ ജീവിക്കട്ടെ അല്ലെങ്കിൽ ദീർഘായുസ്സുള്ളവൻ എന്നൊക്കെയാണല്ലോ ഈ പേരിൻ്റെ അർത്ഥം. അവിടുന്ന് പറഞ്ഞു: "എന്നാൽ നിങ്ങൾ നമ്മുടെ കറവ ഒട്ടകങ്ങളുടെ പാൽ നമുക്ക് എത്തിക്കുക."
മക്കൾക്കും നാടിനും വീടിനും നല്ല നല്ല പേരുകൾ വെക്കണമെന്നത് തിരുനബിﷺയുടെ നിർദ്ദേശമാണ്. അവിടുത്തെ പേരക്കുട്ടികൾക്ക് നൽകിയ പേര് ഹസ്സൻ, ഹുസൈൻ എന്നൊക്കെയാണല്ലോ!
തിരുനബിﷺ ദുശ്ശകുനം കാണിക്കുമായിരുന്നില്ല, മറിച്ച് ശുഭശകുനം എടുക്കുമായിരുന്നു. ഒരിക്കൽ ബുറൈദത്ത്(റ) തൻ്റെ കുടുംബക്കാരായ ബനൂ സഹ്‍മിലെ എഴുപത് ആളുകളുമായി രാത്രിയിൽ തിരുനബിﷺയെ സ്വീകരിക്കാനായി യാത്ര പുറപ്പെട്ടു. അപ്പോൾ അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങൾ ആരാണ്?"
അദ്ദേഹം പറഞ്ഞു: "ഞാൻ ബുറൈദത്ത്(റ)."
അപ്പോൾ നബിﷺ അബൂബക്കറി(റ)ൻ്റെ അടുത്തേക്ക് തിരിഞ്ഞ് പറഞ്ഞു: "നമ്മുടെ കാര്യം തണുത്തു നന്നാകുകയും ചെയ്തു." ശേഷം അവിടുന്ന് ചോദിച്ചു: "നിങ്ങൾ ഏത് ഗോത്രത്തിൽ പെട്ടവനാണ്?"
അദ്ദേഹം പറഞ്ഞു: "അസ്‌ലം ഗോത്രത്തിൽ നിന്നാണ്."
അവിടുന്ന് അബൂബക്കറി(റ)നോട് പറഞ്ഞു: "നാം രക്ഷപ്പെട്ടു.. സല്ലംനാ.." വീണ്ടും അവിടുന്ന് ചോദിച്ചു: "(അസ്‌ലം ഗോത്രത്തിൽ) ഏത് വിഭാഗത്തിൽ പെട്ടവനാണ്?"
അദ്ദേഹം പറഞ്ഞു: "ബനൂ സഹ്‍മിൽ"
അവിടുന്ന് പറഞ്ഞു: "നിങ്ങളുടെ ഓഹരി അഥവാ സഹം ലഭിച്ചു കഴിഞ്ഞു."
ബുറൈദത്ത്(റ) നബിﷺയോട് ചോദിച്ചു: "അവിടുന്ന് ആരാണ്?": "മുഹമ്മദ് ബ്നു അബ്ദില്ലാഹ്ﷺ. അല്ലാഹുവിൻ്റെ റസൂലാണ്ﷺ."
ബുറൈദത്ത്(റ) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവിടുന്ന് അവൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."
അങ്ങനെ ബുറൈദത്തും(റ) അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും ഇസ്‌ലാം സ്വീകരിച്ചു.
അപ്പോൾ ബുറൈദത്ത്(റ) നബിﷺയോട് പറഞ്ഞു: "നിങ്ങൾ ഒരു കൊടിയില്ലാതെ മദീനയിൽ പ്രവേശിക്കരുത്."
തുടർന്ന് അദ്ദേഹം തൻ്റെ തലപ്പാവ് അഴിച്ചു, എന്നിട്ട് അത് ഒരു കുന്തത്തിൽ കെട്ടി. മദീനയിൽ പ്രവേശിക്കുന്നതുവരെ നബിﷺയുടെ മുന്നിൽ കൊടിയുമായി നടന്നു.
ബുറൈദത്ത്(റ) പറഞ്ഞു: "അല്ലാഹുവിനാണ് സർവ്വ സ്തുതിയും, ബനൂ സഹ്‍ം സന്തോഷത്തോടെ ഇസ്‌ലാം സ്വീകരിച്ചല്ലോ."
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaCampaign
#TaybaCenter
#FarooqNaeemi
#Tweet1268
No comments:
Post a Comment