Wednesday, December 3, 2025

ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം?

 സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ.


നിവാരണം:


 ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചു കിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽ പോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ വാങ്ങൽ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചുലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുളള വർദ്ധനവ് വാങ്ങുന്നതും ഹറാമാണ്.


നിർബന്ധ സാഹചര്യങ്ങളിൽ ബേങ്കുമായി ഇടപാട് നടത്തേണ്ടി വരുമ്പോഴും ബേങ്കിലേക്ക് പണം നൽകുമ്പോഴും പലിശ ഇടപാട് അല്ലാത്ത വിധത്തിൽ ചെയ്യേണ്ടതാണ്. നൽകിയതിലേറെ ലഭിക്കേണ്ടതില്ല, ഞാൻ നൽകിയ പണം മാത്രമേ എനിക്ക് തിരിച്ചുലഭിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയിൽ പണം നൽകുകയാണെങ്കിൽ പ്രസ്തുത ഇടപാട് പലിശ ഇടപാടാവുകയില്ല. കൂടുതലായി തിരിച്ചു ലഭിക്കണമെന്ന നിബന്ധനയാണ് പ്രശ്നം. ബേങ്കിലേക്ക് പണം നൽകുന്നവർ വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയില്ലാത്ത വകുപ്പുകൾ അന്വേഷിച്ചറിഞ്ഞ് അതനുസരിച്ച് ചെയ്യേണ്ടതാണ്. എങ്കിൽ പലിശസ്ഥാപനമായ ബേങ്കുമായി ഇടപാട് നടത്തി എന്ന പ്രശ്നമുണ്ടെങ്കിലും പലിശ ഇടപാട് നടത്തിയ കുറ്റമുണ്ടാവുകയില്ല. കാരണം ബേങ്കുമായി ഇദ്ദേഹം നടത്തിയ ഇടപാട് പലിശ ഇടപാടല്ല. ബേങ്കുമായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ഏറെ സൂക്ഷ്‌മതയാണ്. ഇന്നത്തെ സാഹചര്യത്തിൽ പലപ്പോഴും ഇത് പ്രയാസമാണ്. എങ്കിൽ പിന്നെ ബേങ്കുമായുളള നമ്മുടെ ഇടപാട് പലിശ ഇടപാട് ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


നിങ്ങൾ നടത്തിയ ബേങ്ക് ഇടപാട് പലിശ ഇടപാടാണെങ്കിൽ എത്രയുംവേഗത്തിൽ ആ ഇടപാട് അവസാനിപ്പിച്ച് തൗബ ചെയ്തു മടങ്ങേണ്ടതാണ്. പ്രസ്‌തുത ഇടപാടിലൂടെ നിങ്ങൾ നൽകിയ പണം നിങ്ങൾ തിരിച്ചു വാങ്ങുന്നത് നിഷിദ്ധമല്ല. വ്യവസ്ഥപ്രകാരമുള്ള വർദ്ധനവ് (പലിശ) വാങ്ങാൻ പാടില്ല. അത് ഹറാമായ ധനമാണ്. നാം വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ചെലാവാക്കുമെന്നും അതിലേറെ നല്ലത് ആ പണം നാം വാങ്ങി നല്ല വഴികളിൽ ചെലാവാക്കലാണെന്നുമുളള വിചാരം ശരിയല്ല. കാരണം ആ പണം നമ്മുടെ പണമല്ല. നാം നൽകിയ പണം മാത്രമാണ് നമ്മുടെ പണം. അത് നമുക്ക് വാങ്ങാമെന്ന് പറഞ്ഞല്ലോ.അതിലേറെ ലഭിക്കുന്ന പണം നമ്മുടേതല്ല. ബേങ്ക് വ്യവസ്ഥ പ്രകാരം നമ്മുടെ അക്കൗണ്ടിൽ കണക്ക് വെച്ചതു കൊണ്ട് അത് നമ്മുടേതാവുകയില്ല. നാം ആ പണം വാങ്ങുന്നത് ഹറാമാണ്. ഹറാമായ പണം വാങ്ങി ഉപയോഗിക്കാവുന്നതല്ല. ഹറമായ ധനം സ്വദഖ ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുകയില്ല. ഹറാം വാങ്ങി എന്ന കുറ്റമുണ്ടാവുകയും ചെയ്യുന്നതാണ്.


ബേങ്കിന്റെ തെറ്റായ ഇടപാടുകൾക്ക് സഹായകമാകുമെന്ന വിചാരത്താൽ ബേങ്കിൽ പണം നൽകാതെ വിട്ടുനിൽക്കുന്നത് സൂക്ഷ്മതയാണ്. അതേസമയം പലിശ ഇടപാടിലൂടെ ബേങ്കിന് പണം നൽകുകയും തെറ്റായ വഴിയിലെത്തുമല്ലോ എന്ന വിചാരത്തിൽ പലിശ വാങ്ങുകയും ചെയ്യുന്നത് സൂക്ഷ്മതയല്ല. ഹറാമായ ധനം കൈവശപ്പെടുത്താനുള്ള കൗശലമാണ്. ബോങ്കുമായുള്ള ഇടപാടുകളിൽ നിന്ന് അകലം പാലിക്കലാണ് സൂക്ഷമത. സാധ്യമല്ലെങ്കിൽ നടത്തുന്ന ഇടപാട് പലിശ ഇടപാട് അല്ലാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. ഗൗരവമറിയാതെ പലിശ ഇടപാട് നടത്തിയവർ നാം നൽകിയപണം മാത്രം സ്വീകരിച്ച് ആ ഇടപാട് അവസാനിപ്പിക്കണം.


വിശുദ്ധ ഇസ്ലാം ഏറെ ശക്തമായി നിരോധിച്ച മഹാപാപമാണ് പലിശ ഇടപാട് . പലിശക്കാരോട് അല്ലാഹുവും അവന്റെ റസൂലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുർആൻ:2/275-ൽ അറിയിച്ചിട്ടുളളത്. ഈ യുദ്ധ പ്രഖ്യാപനം മറ്റൊരു തെറ്റുകാരോടും വിശുദ്ധ ഖുർആനിലില്ല. തൗബ ചെയ്ത് പിന്മാറിയില്ലെങ്കിൽ മരണസമയം ഈമാൻ നഷ്‌ടപ്പെടാനിടയാക്കുന്ന അപകടമാണ് പലിശയെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തിയിരി ക്കുന്നു. ഇമാം ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു: അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചുവെന്നത് പരലോകത്തേക്ക് ചേർത്തിപ്പറയുമ്പോൾ അന്ത്യം ചീത്തയായി മരിക്കുമെന്നാണതിന്റെ വിവക്ഷ. അതിനാൽ പലിശ ഇടപാട് പതിവാക്കലും അതിൽ വീണ് പോകുന്നതും അന്ത്യം ചീത്തയായി പോകുന്നതിൻ്റെ ലക്ഷണമാണ്. അല്ലാഹുവും റസൂലും ഒരാളോട് യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെയെങ്ങനെ അവന് നല്ല അന്ത്യമുണ്ടാകും? (സവാജിർ;1/225). അല്ലാഹു (സു) വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു തെറ്റുകാരനോടും യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല. പലിശക്കാരനോട് മാത്രമേ ഈ ശൈലി ഖുർആനിലുളളൂ. മരണസമയം ഈമാൻ നഷ്ടപ്പെടാൻ കാരണമാണ് പലിശയെന്ന് പറയപ്പെടുന്നതിന്റെ കാരണമിതാണ് (തുഹ്ഫ: 4/272), ഹറാമായ ധനം ശേഖരിച്ച് അത് ദാനം ചെയ്താൽ അവന് പ്രതിഫലം ഉണ്ടാവുകയില്ലെന്നും ശിക്ഷയാണുളളതെന്നും റസൂൽകരീം(സ്വ) പറഞ്ഞിരിക്കുന്നു (ഇബ്നുഖുസൈമ, ഇബ്നു ഹിബ്ബാൻ).


ഫതാവാ നമ്പർ : 116

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

No comments:

Post a Comment

ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം?

 ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തത...