Saturday, December 13, 2025

അടവിന് വാങ്ങൾ അനുവദനീയമാണോ?الشراء المؤجل

 സംശയം: ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ, ഫർണിച്ചറുകൾ തുടങ്ങിയവ അടവിന് വാങ്ങൾ അനുവദനീയമാണോ? മാസംതോറും നിശ്ചിത സംഖ്യയായി ഒരു വർഷം അടക്കണമെന്ന വ്യവസ്ഥയിൽ മേൽ വസ്തുക്കൾ മുൻകൂറായി നൽകുന്ന സ്ഥാപനങ്ങളുണ്ട്. ഒന്നിച്ച് പണം നൽകാൻ പ്രയാസമുള്ളവർക്ക് ഇത് സൗകര്യമാണ്. പക്ഷേ ഇങ്ങനെ വാങ്ങുമ്പോൾ റൊക്കം പണം നൽകി വാങ്ങുന്നതിനെക്കാൾ അൽപ്പം കൂടുതൽ നൽകണം. ഇത് അനുവദനീയമാണോ? ഇതിൽ പലിശയുണ്ടോ?


യൂനുസ് പൊന്നാനി


നിവാരണം: നിശ്ചിത സംഖ്യ വില നിശ്ചയിച്ച് വസ്തു‌ വാങ്ങുകയും പ്രസ്‌തുത സംഖ്യ നിശ്ചിത അവധിക്കുള്ളിൽ ഒന്നിച്ചോ പല തവണകളായോ അടച്ചുതീർക്കണമെന്ന് വ്യവസ്ഥചെയ്യുകയും ചെയ്യുന്നതിന് വിരോധമില്ല. അവധി നിശ്ചയിക്കപ്പെട്ട വിലക്കു പകരം വസ്തു‌ വാങ്ങലാണിത്. ഇത് അനുവദനീയമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാണ്. വിലയുടെ നിശ്ചിതഭാഗം റൊക്കമായും ബാക്കി പല തവണകളായും നൽകണമെന്ന് നിശ്ചയിക്കുന്നതിനും വിരോധമില്ല. ഓരോ മാസവും അടക്കേണ്ട സംഖ്യ കൃത്യമായി നിശ്ചയിക്കുന്നതിനും തെറ്റില്ല. വില കൃത്യമായി നിശ്ചയിച്ചു കൊണ്ട് ഇടപാട് നടത്തുകയും ആ വില നിശ്ചിത അവധിക്കുള്ളിൽ പല ഗഡുക്കളായി അടക്കണമെന്ന് കരാർ ചെയ്യലും അനുവദനീയമാണ് എന്നാണ് ഇത്രയും പറഞ്ഞതിന്റെ ചുരുക്കം. ഇങ്ങനെ കൃത്യ വില നിശ്ചയിച്ചുകൊണ്ട് വാങ്ങുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെട്ട വില സാധാരണ വിലയിലധികമായി എന്നതുകൊണ്ടു പ്രശ്നമില്ല. അത് ഹറാമോ പലിശയോ അല്ല. അതേ സമയം വില കൃത്യമായി നിശ്ചയിക്കപ്പെടാതെ അവധി കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് വില വ്യത്യാസപ്പെടുന്ന വിധമാണ് ഇടപാടെങ്കിൽ പറ്റില്ല. അത് ഇസ്ലാം വിരോധിച്ചതാണ്. ഉദാഹരണമായി ആറു മാസം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ അയ്യായിരവും ഒരു വർഷം കൊണ്ടാണെങ്കിൽ പതിനായിരവും നൽകേണ്ടി വരുന്ന വിധം വില കൃത്യതയില്ലാതെ വിൽക്കലും വാങ്ങലും അനുവദനീയമല്ല. പതിനായിരം രൂപ വിലയായി നിശ്ചയിക്കപ്പെടുകയും ആ വില ഉടമസ്ഥന് റൊക്കമായി നൽകാൻ വേണ്ടി കടം വാങ്ങുകയും ചെയ്യുമ്പോൾ വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടം വാങ്ങുന്നത് പലിശ ഇടപാടാണ്. ഇവിടെ രണ്ട് ഇടപാടുകളുണ്ട്. കൃത്യ വില നിശ്ചയിച്ചുകൊണ്ട് അവധിക്ക് വസ്‌തു വാങ്ങലും ആ വില നൽകാൻ വേണ്ടി വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ കടം വാങ്ങലും. ഇതിൽ രണ്ടാമത്തെ ഇടപാട് കടപ്പലിശയാണ്. ഏറ്റവും ഗുരുതരമായ വൻദോശങ്ങളിലൊന്നാണിത്. പലരും അടവിന് വാങ്ങുമ്പോൾ ഇങ്ങനെ രണ്ട് ഇടപാട് നടത്താറുണ്ട്. വസ്‌തുവിന്റെ ഉടമസ്ഥന് വില നൽകാൻ വേണ്ടി പലിശ സ്ഥാപനത്തിൽ നിന്ന് പലിശ നൽകാമെന്ന നിബന്ധനയോടെ കടം വാങ്ങുകയാണ്. വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടമിടപാട് നടത്തൽ മഹാ പാപമായ പലിശയാണ്. അല്ലാഹുവിലും മുത്ത് റസൂൽ(സ)യിലും വിശ്വസിക്കുന്ന മുസ്ല‌ിം പലിശയുമായി ബന്ധപ്പെട്ടുകൂടാ. ഈമാൻ അപകടത്തിലാക്കുന്ന മഹാ തെറ്റാണ് പലിശയെന്ന് വിശുദ്ധ ഖുർആനും തിരു സുന്നത്തും മുന്നറിയിപ്പു നൽകിയതാണ്.


വർദ്ധനവ് നൽകാമെന്ന വ്യവസ്ഥയിൽ കടമിടപാട് നടത്താതെ-വസ്തുവിന്റെ ഉടമസ്ഥനും വാങ്ങുന്നവനും വസ്തുവിന് കൃത്യ വില നിശ്ചയിക്കുകയും ആ വില വസ്തു‌ വാങ്ങുന്നവൻ ഉടമസ്ഥന് പല ഗഡുക്കളായി നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്ന് കരാർ ചെയ്യുകയും ചെയ്യുന്നതിന് വിരോധമില്ല. ഇത് ഹറാമോ പലിശയോ അല്ല എന്നാണ് മുകളിൽ പറഞ്ഞത്. അടവിന് വസ്തുക്കൾ വാങ്ങുമ്പോൾ അനുവദനീയവും നിഷിദ്ധവുമായ വിവിധ രൂപങ്ങളുണ്ടെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ഇത്രയും വിശദീകരിച്ചത്.


ഫതാവാ നമ്പർ : 346

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

No comments:

Post a Comment

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...