*വാഴക്കാട് ഖണ്ഡനത്തിന്*
*മുപ്പത് വയസ്സ് തികയുന്നു*
✍️ aslam saquafi payyol
➖➖➖➖➖➖➖➖➖➖➖➖
1995 നവംബർ 14നാണ്
പേരോട് ഉസ്താദിൻ്റെ
ചരിത്രപ്രസിദ്ധമായ
വാഴക്കാട് ഖണ്ഡനം
ആരംഭിക്കുന്നത്.
വാഴക്കാട് സുന്നി മുജാഹിദ് ഖണ്ഡനത്തെ കുറിച്ച് അറിയാത്ത, കേൾക്കാത്ത സുന്നികൾ വിരളമായിരിക്കും.
പ്രഭാഷണ ദിവസം വിവിധ ദിക്കുകളിൽ നിന്ന് കാൽനടയായും ചവിട്ട് സൈക്കിൾ ഉപയോഗിച്ചും ജീപ്പുകളിൽ തൂങ്ങിപ്പിടിച്ചും ആളുകൾ വാഴക്കാട്ടേക്ക് ഒഴുകിയെത്തുമായിരുന്നു.
മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ പിന്നെ സദസ്സ് ജനനിബിഡമാവും. ബഷീർ മാഷ് സ്വാഗതം പറയും.
പിന്നെ ചടങ്ങുകൾ ഒന്നുമില്ല, ഉസ്താദിൻ്റെ പ്രസംഗം ആരംഭിക്കും. മണിക്കൂറുകൾ നീളുന്ന പ്രസംഗം. ചിലപ്പോൾ സുബ്ഹിവരെ നീളുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബഷീർ മാഷ് ഓർക്കുന്നു.
എട്ടും ഒമ്പതും മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രസംഗത്തിന് ഇടവേളകളില്ല.
പറയുന്നതിനൊക്കെ പ്രമാണങ്ങൾ. മറുഭാഗത്തുനിന്ന് പ്രസംഗിക്കാൻ വരുന്ന അബ്ദുറഹ്മാൻ സലഫിയുടെ വാദങ്ങൾ ടേപ്പ് റികാർഡ് ചെയ്തു ചെറിയ വാക്ക്മാൻ സെറ്റിലൂടെ സദസ്യരെ കേൾപ്പിക്കും. പുറമേ മുജാഹിദ് പ്രസിദ്ധീകരണങ്ങൾ കൊണ്ട് സാക്ഷ്യപ്പെടുത്തും. എല്ലാം കൂടി ഒരു സംവാദത്തിന്റെ പ്രതീതിയുണ്ടാകും. ജനങ്ങൾ ആവേശത്താൽ തക്ബീർ മുഴക്കം. ആദർശ രംഗത്ത് ഇന്ന് ആവേശം കൊള്ളുന്നവരിൽ ഏറെ പേരും വാഴക്കാട് ഖണ്ഡനം നേരിൽ കേട്ടവരോ കേസറ്റിലൂടെ അറിഞ്ഞവരോ ആയിരിക്കും. വർഷങ്ങളോളം ഉസ്താദിൻ്റെ പ്രഭാഷണ കേസറ്റുകൾ ആദർശ ലോകത്ത് ഓടിയിട്ടുണ്ട്. ഇന്നും യൂട്യൂബിൽ അത് ലഭ്യമാണ്.
പലസ്ഥലങ്ങളിലും വഹാബികൾക്കെതിരെ ഉസ്താദ് തുടർ ഖണ്ഡനങ്ങൾ നടത്തിയെങ്കിലും വാഴക്കാടിന് ചില പ്രത്യേകതകളുണ്ട്.
അവിടെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് അതിൽ പ്രധാനം. അല്ലാഹുവിന് അവയവങ്ങളും ഭാഗങ്ങളുമുണ്ടെന്ന് സ്ഥിരപ്പെടുത്തലായിരുന്നു മുജാഹിദ് ഭാഗത്തുനിന്ന് അബ്ദുറഹ്മാൻ സലഫിയുടെ ലക്ഷ്യം. എല്ലാ മൗലവിമാരും സലഫിയെ സഹായിക്കാനെത്തിയിരുന്നു.
അവസാനം വഹാബി പിളർപ്പിലാണ് ഇത് കലാശിച്ചത്.
1952 ൽ അല്ലാഹുവിനെ കുറിച്ചുള്ള പിഴച്ച വാദങ്ങൾ ഉമർ മൗലവി കേരളത്തിൽ കൊണ്ടുവന്നെങ്കിലും കാര്യമായി മുജാഹിദുകൾ അത് ഏറ്റുപിടിച്ചിരുന്നില്ല. അല്ലാഹുവിനെ കുറിച്ച് അവൻ ഏതെങ്കിലും സ്ഥലത്താണെന്നോ അവനു ഭാഗങ്ങൾ ഉണ്ടെന്നോ പറയുന്നത് അവിശ്വാസത്തിലേക്കെത്തിക്കുന്ന അനാചാരങ്ങളാണെന്നും ഇത്തരം വിശ്വാസങ്ങളാൽ അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തൽ വരും എന്നും പഠിപ്പിക്കുകയായിരുന്നു കെ എം മൗലവിയും അലവി മൗലവിയും അമാനി മൗലവിയുമൊക്കെ ചെയ്തിരുന്നത്. മുജാഹിദ് സ്ഥാപകനായിരുന്ന വക്കം മൗലവിയും ഈ പിഴച്ച ആശയത്തിന് അനുകൂലമായിരുന്നില്ല. അത്കൊണ്ടുതന്നെ അല്ലാഹുവിനെ കുറിച്ചുള്ള വികല വിശ്വാസങ്ങൾ പാങ്ങിൽ ഉസ്താദ്, പതി ഉസ്താദ്, ശംസുൽ ഉലമ ഇ കെ ഉസ്താദ്, ഇ കെ ഹസ്സൻ മുസ്ലിയാർ തുടങ്ങിയവരുടെ കാലത്തും ശൈഖുനാ എപി ഉസ്താദിൻറെ യുവത്വ കാലത്തും ചർച്ചചെയ്യപ്പെടേണ്ടിവന്നിരുന്നില്ല.
മുജാഹിദിന്റെ ഒന്നാംകിട നേതാക്കളെല്ലാം പോയതിനുശേഷം 1987 - 90 കാലയളവിൽ വീണ്ടും ഈ ചർച്ചകൾ വന്നു. ഈ വിഷയകമായി അൽമനാറിൽ തുടർ ലേഖനം വന്നു. അല്ലാഹുവിനെ കയറുന്നവനും ഇറങ്ങുന്നവനുമായി ചിത്രീകരിച്ചു. അവന് കൈകാലുകളും സ്ഥലങ്ങളും നിർണയിച്ചു.
87 - 90 പേരോട് ഉസ്താദിന്റെ യുവത്വ കാലമാണ്. മുജാഹിദ് പ്രസിദ്ധീകരണങ്ങൾ അടങ്ങുന്ന പെട്ടിയുമായി വേദികളിൽ നിന്ന് വേദികളിലേക്ക് ഓടി നടക്കുന്ന കാലം. അൽമനാറിൽ വന്ന അല്ലാഹുവിനെ കുറിച്ചുള്ള പിഴച്ച വിശ്വാസങ്ങൾ പിടികൂടിയതും സമൂഹത്തെ ബോധ്യപ്പെടുത്തിയതും ശരിയായ ആശയങ്ങൾ പഠിപ്പിച്ചതും ഉസ്താദായിരുന്നു.
അല്ലാഹുവിനെ കുറിച്ചുള്ള വിഷയങ്ങളാണ് വാഴക്കാട് കൂടുതലും ചർച്ചയ്ക്ക് വന്നത്. മുമ്പ് ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയം എന്ന നിലക്കും അല്ലാഹുവിൻറെ സ്വിഫാത്തിനെ കുറിച്ചുള്ള വിഷയമാണെന്ന നിലക്കും വിശ്വാസികൾ ഈ ഖണ്ഡനത്തെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു.
പിഴച്ച കക്ഷികളായ റാഫിളിയ്യത്തിന്റെ വാദങ്ങൾ വഹാബി വേദിയിൽ നിന്ന് ഉയർന്നപ്പോൾ ഇമാം റാസി(റ)യുടെയും മറ്റും ഗ്രന്ഥങ്ങൾ വെച്ച് ഉസ്താദ് സലഫിയെ നിലംപരിശാക്കി.
ഗതിയില്ലാതെ അവസാനം സലഫി ഒരു അടവ് പ്രയോഗിച്ചു. ഇമാം റാസി(റ) അവസാനകാലത്ത് ഞാൻ മുമ്പ് പറഞ്ഞതെല്ലാം പിൻവലിച്ചിരിക്കുന്നു എന്ന്
' അഖ്സാമുൽ ലദ്ദാത്ത് ' എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട് എന്നൊരു ശുദ്ധ നുണ പൊട്ടിച്ചു. ഉസ്താദ് ഇതിൽപ്പെട്ട് പിന്മാറുമെന്നാണ് സലഫി കരുതിയിരുന്നത്.
അവിടെ പിടിച്ച് ഉസ്താദ് ഒരു ഞെക്കൽ ഞെക്കി. ഇനി സംസാരിക്കണമെങ്കിൽ സലഫി പറഞ്ഞ ഈ കാര്യം സലഫി പറഞ്ഞ അഖ്സാമു ലദ്ദാത്തിലോ ഇമാം റാസി(റ)യുടെ ഏതെങ്കിലും ഒരു ഗ്രന്ഥത്തിലോതെളിയിക്കണം. അതിൽ പിന്നെ സലഫി അമർന്നു. അത് ഉദ്ധരിക്കാനോ തെളിയിക്കാനോ സലഫിക്ക് ഇന്നുവരെ സാധിച്ചിട്ടില്ല.
വാഴക്കാട് ഖണ്ഡനാനന്തരം മുജാഹിദിൽ പിളർപ്പുണ്ടായി.
പിളർപ്പിന് കാരണമായ പ്രധാന കാര്യങ്ങളിൽ ഒന്ന് അല്ലാഹുവിൻറെ സിഫത്തുമായി ബന്ധപ്പെട്ട വിഷയമായിരുന്നു.
വാഴക്കാട് ഉസ്താദ് സമർത്ഥിച്ച സുന്നി ആശയങ്ങൾ വലിയൊരു വിഭാഗം മൗലവിമാർക്ക് അംഗീകരിക്കേണ്ടി വന്നു. അവർ ചില്ലറക്കാരായിരുന്നില്ല. ഒന്ന്, മുജാഹിദിന് വേണ്ടി തൗഹീദ് പ്രസംഗം നടത്തിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രമുഖനും കൊട്ടപ്പുറം സംവാദത്തിൽ മുജാഹിദ് പക്ഷത്തെ വിഷയാവതാരകനുമായ സിപി ഉമർ സുല്ലമി. മറ്റൊന്ന് മുജാഹിദിലെ ഏറ്റവും വലിയ ഗ്രന്ഥകാരനും ഉന്നത സ്ഥാപനങ്ങളിലെ അധ്യാപകനും എ അലവി മൗലവിയുടെ മകനുമായിരുന്ന എടവണ്ണ അബ്ദുസ്സലാം സുല്ലമി. ഇവർ രണ്ടുപേരും ഉസ്താദ് പറഞ്ഞ ആശയത്തിലേക്ക് വന്നതോടെ വഹാബി പിളർപ്പിലെ പ്രധാന കാരണങ്ങളിൽ ഒന്നായി ഇതു മാറി. ഹുസൈൻ മടവൂർ ഈ പക്ഷത്തായതിനാൽ മടവൂരികൾ എന്ന പേരിൽ ഇവർ അറിയപ്പെട്ടു. ഇവർ ഖുറാഫിയത്തും അശ്അരിയ്യത്തും ബാധിച്ചവരായി ചിത്രീകരിക്കപ്പെട്ടു.
മുജാഹിദ് പണ്ഡിതൻ അബ്ദുൽ മാലിക് സലഫി എഴുതുന്നു: "നാദാപുരം ഖണ്ഡനത്തിലും ഈ വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. അതിനുമുമ്പ് നടന്ന വാഴക്കാട് ഖണ്ഡനപ്രസംഗത്തിൽ ഈ വിഷയം കുറച്ച് വിശദമായിത്തന്നെ പ്രതിപാദിക്കപ്പെട്ടിരുന്നു. അന്നവിടെ ഖുറാഫി പക്ഷത്തുനിന്ന് പ്രസംഗിച്ചിരുന്ന പേരോട് സഖാഫി വാദിച്ചിരുന്നത് അല്ലാഹുവിൻ്റെ സ്വീഫാതുകൾക്ക് അർത്ഥം പറയാൻ പാടില്ല, അർത്ഥം പറഞ്ഞാൽ പിഴച്ചു പോകും എന്നായിരുന്നു. എന്നാൽ ഖുറാഫികളുടെ ഇതേ വാദത്തിലേക്കാണ് ഇപ്പോൾ മടവൂരികളും എത്തിയിരിക്കുന്നത്. അഥവാ സിഫാത്തുകൾ അർത്ഥം പറയാതെ തന്നെ അംഗീകരിക്കണം എന്ന്. മടവൂരുകളിൽ നിന്ന് ഈ പുതിയ വാദവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മടവൂരികളുടെ ജനറൽ സെക്രട്ടറി സിപി ഉമർ സുല്ലമി തന്നെയാണ് അതുകൊണ്ടുതന്നെ അത് മൊത്തം മടവൂരികളുടെ വാദമായി മാറുകയും ചെയ്യുന്നു."
(മടവൂരികൾ സലഫികളോ 113)
KNM മുഖപത്രമായ വിചിന്തനം വാരികയിൽ എഴുതുന്നു:
"അശ്അരിയ്യതും കുറാഫിയതും തലയിലേറ്റിയ സിപി ഉമർ സുല്ലമിയെ പോലുള്ള ചില ആളുകൾ ഇപ്പോൾ അല്ലാഹുവിൻറെ കൈ, മുഖം എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്ക് അർത്ഥം പറയാൻ പാടില്ലെന്നും അത് സൃഷ്ടികളോട് താരതമ്യം ചെയ്യലായി പോകുമെന്നും എഴുതിത്തുടങ്ങിയിരിക്കുന്നു."(വിചിന്തനം വരിക. 2019 ഏപ്രിൽ 9 പേജ് 12)
അബ്ദുറഹ്മാൻ സലഫിക്ക് ഉത്തരം കിട്ടാത്ത141 ചോദ്യങ്ങൾ ഉസ്താദ് വാഴക്കാട് അച്ചടിച്ചിറക്കിയിരുന്നു. അതിലെ പല ചോദ്യങ്ങളും മൗലവിമാർ പരസ്പരം അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ ചോദിക്കാൻ തുടങ്ങിയെന്നത് വാഴക്കാട്ഖണ്ഡനത്തിന്റെ ഫലം എത്രത്തോളം ആഴ്ന്നിറങ്ങി എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
അബ്ദുറഹ്മാൻ സലഫി
ഇപ്പോൾ ഏതു മേഖലയിൽ
എവിടെ ജീവിക്കുന്നു
എന്നതിന് ഒരു തെളിവുമില്ല. മുജാഹിദിന്റെ ഒരു ഗ്രൂപ്പിലും
അദ്ദേഹം ഇല്ലെന്നാണ് അറിവ്.
അൽഹംദുലില്ലാഹ്...
ശൈഖുനാ പേരോട് ഉസ്താദ്
ഇന്നും സുന്നി ആദർശ രംഗത്ത് തല ഉയർത്തി നിൽക്കുന്നു. ദീർഘായുസ്സും ആഫിയത്തും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ.
🍃➖🍃
No comments:
Post a Comment