Friday, October 3, 2025

മുഹമ്മദ് നബി ഉത്തമ മാതൃക Part 3

 


മുഹമ്മദ് നബി ഉത്തമ മാതൃക

Part 3

*I love Muhammad* 

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


വിനയവും വിവേകവുമുള്ള പ്രവാചകന്‍


ജൂത പണ്ഡിതനായ സെയ്ദ് ഇബ്‌നു സഅ്‌ന, മുഹമ്മദ് നബി ﷺ യില്‍ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചറിയാന്‍ വേണ്ടി പരിശ്രമിക്കുന്ന സമയം. ഒരുദിനം അദ്ദേഹം നബി ﷺ യോടൊത്ത് നില്‍ക്കവെ ഒരാള്‍ തന്റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്‌ലിംകള്‍ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം അദ്ദേഹം നബി ﷺ യോട് പറഞ്ഞു. അവരെ സഹായിക്കാനുള്ള സമ്പത്ത് നബി ﷺ യുടെ കയ്യിലില്ലായിരുന്നു. അദ്ദേഹം തന്റെ കൂടെയുള്ള അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: ‘സമ്പാദ്യമായി ഒന്നും അവശേഷിക്കുന്നില്ല.’ ആ സമയം സെയ്ദ് ഇബ്‌നു സഅ്‌ന നബി ﷺ യുടെ അടുത്തുചെന്ന് പറഞ്ഞു: ‘ഇതാ എണ്‍പത് സ്വര്‍ണനാണയങ്ങള്‍. നിര്‍ണിത തീയതിയായാല്‍ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടം വീട്ടിയാല്‍ മതി.’ നബി ﷺ അത് സ്വീകരിക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏല്‍പിക്കുകയും ചെയ്തു. നബി ﷺ അയാളോട് പറഞ്ഞു: ‘ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.’

സെയ്ദ് ഇബ്‌നു സഅ്‌ന പറയുന്നു: ‘വ്യവസ്ഥ പ്രകാരം ബാധ്യത തീര്‍ക്കുവാന്‍ രണ്ടുമൂന്ന് നാളുകള്‍ ശേഷിക്കുന്നുണ്ട്. നബി ﷺ ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് ക്വബ്ര്‍സ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരില്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ) എന്നിവരും മറ്റും അദ്ദേഹത്തോടൊപ്പമുണ്ട്. ജനാസ നമസ്‌കരിച്ച നബി ﷺ ചാരിയിരിക്കുവാന്‍ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ കുപ്പായ മാറും ശിരോവസത്രവും കൂട്ടി അദ്ദേഹത്തെ കടന്നുപിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി. ഞാന്‍ പറഞ്ഞു: ‘മുഹമ്മദ്! എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ? നിങ്ങള്‍ അബ്ദുല്‍ മുത്വലിബിന്റെ മക്കള്‍ ബാധ്യത തീര്‍ക്കുന്നതില്‍ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലില്‍ എനിക്ക് നിങ്ങളെയെല്ലാം നന്നായി അറിയാം. ഞാന്‍ ഉമര്‍(റ)വിനെ നോക്കി. കോപാകുലനായ അദ്ദേഹത്തിന്റെ ഇരുകണ്ണുകളും ഗോളങ്ങള്‍ക്ക് സമാനമായി അദ്ദേഹത്തിന്റെ മുഖത്ത് കറങ്ങുന്നു! എന്നെ നോക്കി ഉമര്‍(റ) പറഞ്ഞു: ‘ശത്രൂ, അല്ലാഹുവിന്റെ തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹുവാണെ, ഞാന്‍ ചില കാര്യങ്ങള്‍ ഭയക്കുന്നില്ലായിരുന്നുവെങ്കില്‍ എന്റെ ഈ വാളുകൊണ്ട് നിന്റെ തല ഞാന്‍ കൊയ്യുമായിരുന്നു.’ എന്നാല്‍ നബി ﷺ യാകട്ടെ തീര്‍ത്തും ശാന്തനായി, തികഞ്ഞ അടക്കത്തോടെ എന്നെ നോക്കുന്നു.  അവിടുന്ന ഉമര്‍(റ)വിനെ വിളിച്ചു ഇപ്രകാരം പറഞ്ഞു:

‘ഉമര്‍! ഞാനും സെയ്ദ് ഇബ്‌നു സഅ്‌നയും നിങ്ങളുടെ കോപം മൂത്ത പെരുമാറ്റം ആവശ്യമുള്ളവരല്ല. പ്രത്യുത, നല്ല നിലയ്ക്ക് ബാധ്യത തീര്‍ക്കുവാന്‍ എന്നോടും നല്ല രീതിയില്‍ അത് സ്വീകരിക്കുവാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ഉമര്‍! നിങ്ങള്‍ അദ്ദേഹത്തിന്റെകൂടെ പോയി അദ്ദേഹത്തിന്റെ ബാധ്യത തീര്‍ക്കുക. നിങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്യുക.’

സെയ്ദ് ഇബ്‌നു സഅ്‌ന പറയുകയാണ്: ‘ഉമര്‍(റ) എന്നെയുംകൂട്ടി നടന്നു. ശേഷം എന്റെ കടം വീട്ടി. ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചയ്തു.’ (സ്വഹീഹ് ഇബ്നു ഹിബ്ബാൻ)


Aslam Kamil parappanangadi

No comments:

Post a Comment

മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്* *Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️* *🌹Tweett 1217🌹* ഉബാദത്ത് ബിനു സാമിത്(റ) നിവേദനം ചെയ്യുന്...