Tuesday, June 24, 2025

ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ

 *സൈഫുൽ ഇസ്‌ലാം*

*ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ)*

====================


*പുഴ നീന്തിക്കടന്ന് ഒരു പ്രസംഗയാത്ര*


✍️

മിഖ്ദാദ് ബാഖവി ചുങ്കത്തറ



1969-70 കളിലാണെന്നാണ് ഓർമ്മ. ഞാൻ മരുതയിൽ (നിലമ്പൂരിൻ്റെ മലമടക്കുകളിൽ വിദൂരമായ ഒരു സ്ഥലം) മുതഅല്ലിമായി ജീവിച്ചു കൊണ്ടി‌രിക്കുന്ന കാലം. അവിടെ വഹാബികൾ പ്രസംഗ പരമ്പര നടത്തി.


നാട്ടിലെ കാരണവന്മാർ അവർക്ക് മറുപടി പറയാൻ മറ്റു 

പലരുടേയും കൂട്ടത്തിൽ മർഹൂം ഹസൻ മുസ്‌ലിയാരെ (ന:മ) യും ക്ഷണിക്കാൻ തീരുമാനിച്ചു. ക്ഷണിക്കാൻ പോകാൻ മുതഅല്ലിമായ എന്നെയും നാട്ടിലെ പച്ചപ്പാവമായ ഒരു സാധാരണക്കാര നെയും ആണ് നിശ്ചയിച്ചത്.


ഞങ്ങൾ ഉസ്താദിൻ്റെ അടുക്കലെത്തി. നേരത്തേ ഉണ്ടായിരുന്ന എന്റെ ധാരണയെല്ലാം തിരുത്തപ്പെട്ടു. ഗൗരവം സ്‌ഫുരിക്കുന്ന മുഖഭാവമാണെങ്കിലും സ്നേഹനിധിയായ പിതാവിനെ പോലെയാണ് ഞങ്ങളോട് സംസാരിച്ചത്.


അന്നൊക്കെ പ്രസംഗത്തിന് ബസിലാണല്ലോ വരാറുണ്ടായിരുന്നത്. പരിപാടി നിശ്ചയിക്കപ്പെട്ട ദിവസം ബസ് പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ തലേദിവസം തന്നെ എന്റെ ഉസ്താദ് (വണ്ടൂർ ഖാസിയായി വഫാത്തായ അന്ന് മരുതയിൽ മുദരിസായിരുന്ന മർഹൂം അലവി മുസ്‌ലിയാർ) ഒരു മുതഅല്ലിമിനെ അങ്ങോട്ട് പറഞ്ഞയച്ചു. പക്ഷെ ആ വ്യക്തി രാത്രി അവിടെ എത്തുന്നതിന് മുമ്പ് തന്നെ പിറ്റേന്നത്തെ പ്രസംഗത്തിന് തടസം നേരിടരുതെന്ന് കരുതി വൈകുന്നേരം തന്നെ അവർ അവിടെ നിന്ന് പുറപ്പെട്ടിരുന്നു. മരുത എന്ന പേരല്ലാതെ എവിടെയാണ് ഈ സ്ഥലമെന്നോ മറ്റോ അവർക്കറിയുമായിരുന്നില്ല. പക്ഷെ, മർഹൂം സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ ഖാസി സ്ഥാനമുള്ള സ്ഥലമാണെന്ന് അവർ എങ്ങനെയോ അറിഞ്ഞിരുന്നു. അങ്ങനെ ജീപ്പിലും മറ്റും തൂങ്ങിപ്പിടിച്ച് ഉച്ചയാകുമ്പോഴേക്ക് അവർ സ്വാഖതുല്ലാഹ് ഉസ്‌താദിൻ്റെ അടുത്തെത്തി അവരോട് കാര്യം പറഞ്ഞപ്പോൾ അതെന്റെ മഹല്ലാണ്. വഴി കാട്ടാൻ ഞാൻ കുട്ടികളെ വിട്ടു തരാം എന്ന് അവർ പറഞ്ഞു. കുട്ടികളെയൊന്നും പറഞ്ഞയക്കേണ്ട ഉസ്‌താദ് പ്രതികരിച്ചു. എനിക്ക് വഴി പറഞ്ഞു തന്നാൽ മതി ഞാൻ തനിയെ പോയിക്കോള്ളാം.


വാഹനങ്ങളൊന്നും സുലഭമല്ലാതിരുന്ന ആ കാലത്ത് ആളുകളെ കുത്തി നിറച്ച് പോകുന്ന ജീപ്പിൽ തൂങ്ങിപിടിച്ചുകൊണ്ട് നാലുമണി ആകുമ്പോഴേക്ക് മണിമൂളി പഞ്ചായത്ത് സ്റ്റോപ്പിലെത്തി ഇനി അവിടെ നിന്ന് മരുതയിലെത്തണമെങ്കിൽ ഏകദേശം ആറുകിലോമീറ്റർ മഴപെയ്‌താൽ മുട്ടുവരെ ചെളിയും ഇല്ലെങ്കിൽ അതുപോലെ പൊടിയുമുള്ള ചെമ്മൺ പാതയിലൂടെ നടക്കുക തന്നെ ചെയ്യണം. രണ്ട് പുഴയും കടക്കണം.


മഹാനവർകൾ അവിടെ വന്നിറങ്ങിയതോടു കൂടി അതിഘോരമായ വേനൽ മഴപെയ്‌തു. മലകളുടെ താഴ്‌വാരത്തുള്ള പുഴയാ കയാൽ മഴ പെയ്യുമ്പോൾ പെട്ടന്നു നിറഞ്ഞു കവിഞ്ഞ് വരും. ഏതാനും സമയം കൊണ്ട് അതങ്ങനെ ഒഴുകിപ്പോവുകയും ചെയ്യും. കുടയൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. മഴകൊണ്ട് പുഴ വക്കത്ത് വരുമ്പോൾ നിറഞ്ഞ് കവിഞ്ഞ പുഴയാണ് കാണുന്നത്. അവർ സ്‌തബ്‌ധരായിനിന്നു. പ്രസംഗം 

മുടങ്ങാതിരിക്കാൻ ഇത്രയെല്ലാം ത്യാഗം സഹിച്ച് ഇവിടെ എത്തിയപ്പോൾ ഇതാണല്ലോ സ്ഥിതി. ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു കൊണ്ട് അക്കരെ കടക്കാൻ എന്താണ് വഴിയെന്ന് അവിടുണ്ടായി രുന്ന ആളുകളോട് അവർ അന്വേഷിച്ചു. അൽപ സമയം കൊണ്ട് വെള്ളം കുറയുമെന്ന് ആളുകൾ പറഞ്ഞപ്പോൾ കുറയുന്നത് വരെ അവിടെ കാത്തുനിന്നു.


മരുതയിലുള്ള ഞങ്ങളെല്ലാവരും പരിപാടി മുടങ്ങിയതിൽ നിരാശപ്പെട്ടുകൊണ്ട് നിൽക്കുകയാണ്. അതിനിടയിൽ അങ്ങകലെനിന്നതാ ഒരു വെളുത്തരൂപം നടന്നടുത്തുവരുന്നു. അടുത്തെത്തുമ്പോൾ ഞങ്ങൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. മഹാനായ ശൈഖുനയായിരുന്നു അത്. മഗ്‌രിമ്പിൻ്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പ് കാളപൂട്ട് കണ്ടത്തിൽ നിന്ന് കയറിവരുന്ന രൂപത്തിൽ ചെളി പുരണ്ട വസ്ത്രങ്ങളുമായി ആ മഹാവ്യക്തിത്വം അതാ പളളിയുടെ മുറ്റത്ത് വന്ന് നിൽക്കുന്നു. മുറ്റത്തു തന്നെ നിൽക്കാൻ കാരണം പള്ളിയിലേക്ക് കയറാൻ പറ്റാത്ത രൂപത്തിൽ ചെളിയിൽ പുതഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഉസ്‌താദിന്റെ ഡ്രസ് തൽകാലം വാങ്ങി അത് ധരിച്ചുകൊണ്ടാണ് അന്ന് പ്രസംഗിച്ചത്.


ആത്മാർത്ഥത എന്നോ ആദർശ പ്രതിബദ്ധത എന്നോ ഉള്ള വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത അസാധാരണത്വത്തിൻ്റെ കലവറയാണ് ഇ.കെ.ഹസൻ മുസ്‌ലിയാർ.


(ഇ കെ ഹസൻ മുസ്‌ലിയാർ ചരിത്ര ജീവിതം, ഹസനിയ്യ പാലക്കാട് )

====================


------------------------------

No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...