📚
*മഹാന്മാരുടെ ദുആ*
✍️
_അശ്റഫ് സഖാഫി, പള്ളിപ്പുറം._
______________________
ഇമാം അബൂദാവൂദ്(റ) - അതെ, സ്വിഹാഹുസ്സിത്തഃയിലെ 'സുനനി'ൻ്റെ സ്വാഹിബ്, ഒരു കപ്പലിൽ യാത്ര ചെയ്യുകയായിരിന്നു. കരയോടടുത്ത് നിൽക്കെ, ഒരാൾ തുമ്മുന്നതും ഉടനെ ഹംദ് ചൊല്ലുന്നതും മഹാൻ കേൾക്കാനിടയായി. ഉടനെ, ഒരു ചെറുതോണി വാടകക്ക് വിളിച്ചു, കരയിലെത്തി, അദ്ദേഹത്തിന് 'തശ്മീത്' ( يرحمك الله ) ചൊല്ലി, തിരിച്ചു പോന്നു. തോണിക്കാരൻ്റെ വാടക ഒരു ദിർഹം നൽകുകയും ചെയ്തു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മഹാൻ പ്രതികരിച്ചത് ഇങ്ങനെ:
"ആ തുമ്മിയ വ്യക്തി ദുആക്ക് ഉത്തരം ലഭിക്കുന്നവരിൽ പെട്ടവനായേക്കാം."
തശ്മീത് ചെയ്തവന്
يهديكم الله ويصلح بالكم
എന്ന് തിരിച്ച് ദുആ ചെയ്ത് കൊടുക്കണമല്ലോ. ആ ദുആ സ്വീകരിക്കപ്പെട്ടാൽ താൻ രക്ഷപ്പെടാൻ അതുമതിയെന്ന് ആഗ്രഹിച്ചു കൊണ്ടാണ് ഇമാം ഇങ്ങനെ പ്രതികരിച്ചത്. തിരിച്ച് കപ്പലിൽ കയറിയപ്പോൾ ഒരശരീരി കേട്ടു: "കപ്പലിലുള്ളവരേ, നിശ്ചയം, ഇതാ, അബൂദാവൂദ് ഒരു ദിർഹമിന് പകരം സ്വർഗ്ഗം മേടിച്ചിരിക്കുന്നു.."
ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ), ഇബ്നു അബ്ദിൽ ബർറി(റ)ൽ നിന്നും നിവേദനം ചെയ്ത സംഭവമാണിത്:
وَقَدْ أَخْرَجَ ابْنُ عَبْدِ الْبَرِّ بِسَنَدٍ جَيِّدٍ عَنْ أَبِي دَاوُدَ صَاحِبِ السُّنَنِ أنه كَانَ فِي سَفِينَةٍ فَسَمِعَ عَاطِسًا عَلَى الشَّطِّ حَمِدَ فَاكْتَرَى قَارِبًا بِدِرْهَمٍ حَتَّى جَاءَ إِلَى الْعَاطِسِ فَشَمَّتَهُ ثُمَّ رَجَعَ، فَسُئِلَ عَنْ ذَلِكَ فَقَالَ: لَعَلَّهُ يَكُونُ مُجَابَ الدَّعْوَةِ، فَلَمَّا رَقَدُوا سَمِعُوا قَائِلًا يَقُولُ: يَا أَهْل السَّفِينَةِ إِنَّ أَبَا دَاوُدَ اشْتَرَى الْجَنَّةَ مِنَ اللَّهِ بِدِرْهَمٍ. اه (فتح الباري: ١٠/٦٣)
നോക്കൂ, ഒരു മഹാൻ്റെ ദുആക്കുള്ള സ്ഥാനവും പ്രസക്തിയും എത്രത്തോളമുണ്ടെന്ന് ഇമാം അബൂ ദാവൂദ്(റ) പഠിപ്പിക്കുകയാണിവിടെ.
ഈ സംഭവം വിവരിച്ചു തന്ന ഇമാം അസ്ഖലാനി(റ) മറ്റൊരു കാര്യവും കൂടെ ചെയ്തു കാണിക്കുന്നുണ്ട്. അതായത്, ഫത്ഹുൽ ബാരി എന്ന വിശ്വപ്രസിദ്ധ ഹദീസ് വ്യാഖ്യാന ഗ്രന്ഥം അവസാനിപ്പിക്കുന്നത്, അബ്ദുൽ അസീസ് അദീരീനീ(റ)യുടെ ദുആ ചേർത്തുവെച്ചാണ്. അങ്ങനെ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്നും മഹാൻ പറയുന്നു:
وقد أحببت أن أختم هذه الكتابة بدعاء شريف نقلته من طهارة القلوب لسيدي الولي العارف بالله عبد العزيز الديريني نفعنا الله ببركته وبركة علومه: " إلهي لو أردت إهانتنا لم تهدنا، ولو أردت فضيحتنا لم تسترنا، فتمم اللهم ما به بدأتنا الخ.." اه (فتح الباري: ١٣/٥٦٤)
ഹദീസ് വ്യാഖ്യാതാവും ഒരു ലക്ഷം ഹദീസ് മനപ്പാഠവുമുള്ള തനിക്ക്, മഅ്സൂറായ ദുആകൾ ലഭിക്കാഞ്ഞിട്ടോ, സ്വന്തമായി ദുആ ചെയ്യാനും എഴുതിച്ചേർക്കാനും അറിയാഞ്ഞിട്ടോ അല്ല. പകരം, ഉന്നതന്മാരുടെ നാവിലൂടെ വന്ന ദുആക്ക് പ്രത്യേകമായ സ്ഥാനവും ബറകതും ഉണ്ടെന്ന് അറിഞ്ഞത് കൊണ്ടാണ്. അതിലൂടെ റബ്ബിലേക്ക് തവസ്സുലാക്കുകയാണ് ചെയ്യുന്നത്.
എന്ന് വെച്ച്, മഅ്സൂറിനേക്കാൾ ഈ ദുആക്ക് ഉത്തമം സ്ഥാപിച്ചുവെന്ന് പറയുന്നില്ല. അവയുടെ മഹത്വം അംഗീകരിച്ചു കൊണ്ട് തന്നെ മഹാന്മാരുടെ ദുആകളെ അവലംബിക്കുന്ന ഒരു രീതിയും വഴക്കവും നിലവിലുണ്ടെന്ന് ചുരുക്കം. പണ്ടുകാലങ്ങളിൽ ഉമ്മമാർ ചൊല്ലിയിരുന്ന, ഏടുകളിലുള്ള പല മഹാന്മാരുടെയും പ്രത്യേക ദുആകൾക്ക് അതിൻ്റേതായ ബറകതുകളൊക്കെ നമുക്ക് പ്രതീക്ഷിക്കാം. അല്ലാഹു തആലാ നമ്മെ അനുഗ്രഹിക്കട്ടെ - ആമീൻ
(കേട്ടെഴുത്ത്:
അബൂ ഹസനഃ, ഊരകം)
💫
No comments:
Post a Comment