Thursday, March 13, 2025

ബറാഅത്തു രാവും ആചാരങ്ങളും*

 *ബറാഅത്തു രാവും ആചാരങ്ങളും*


*എം.എ.ജലീൽ സഖാഫി പുല്ലാര*


     ചന്ദ്ര വർഷത്തിലെ എട്ടാമതു മാസമാണ് ശഅ്ബാൻ. നിരവധി പുണ്യങ്ങളും ആചാരങ്ങളും നിറഞ്ഞ മാസം. ഒരുമിച്ചുകൂട്ടി, ഭാഗിച്ചു എന്നിങ്ങനെ വിപരീത അർത്ഥമുള്ള പദമാണ് ശഅ്ബാൻ. അറബികൾ യുദ്ധാവശ്യത്തിനു വേണ്ടി ഒരുമിച്ചു കൂടുകയും അതിനുവേണ്ടി സമ്പത്ത് ഭാഗിക്കുകയും ചെയ്തതിരുന്ന മാസമായതിനാൽ ശഅ്ബാൻ എന്ന പേരു നൽകി (ഖൽയൂബി: 2/49).

       ശൈഖ് ജീലാനി(റ) ഗുൻയത്തിൽ പ്രസ്താവിക്കുന്നു. ശഅ്ബാൻ എന്ന പദത്തിൽ അഞ്ചു അക്ഷരങ്ങളുണ്ട്.

ശീൻ, മഹത്വം എന്നതിലേക്കും  ഐൻ, ഉന്നതിയിലേക്കും  ബാഅ്, ഗുണം എന്നതിലേക്കും  അലിഫ്, ഇണക്കത്തിലേക്കും  നൂൻ, പ്രകാശത്തിലേക്കും സൂചനയാണ്.

*ബറാഅത്തു രാവ്*

     ശഅ്ബാൻ പതിനഞ്ചാം രാവിനു ഒട്ടറെ മഹത്വം ഉള്ളത് പോലെ നിരവധി പേരുകളുമുണ്ട്. ബറകത്തുള്ള രാത്രി, കണക്കാക്കുന്ന രാത്രി, വീതിക്കുന്ന രാത്രി, പാപം പൊറുക്കുന്ന രാത്രി, വിധി നിർണ രാത്രി, ഉത്തരം ലഭിക്കുന്ന രാത്രി, കാരുണ്യം ലഭിക്കുന്ന രാത്രി, മോചന രാത്രി, രേഖപ്പെടുത്തുന്ന രാത്രി എന്നിങ്ങനെ പ്രസ്തുത രാവ് അറിയപ്പെടുന്നു. അവയിൽ മോചന രാത്രി ( ബറാഅത്ത് രാത്രി ) എന്നതാണ് ഏറെ പ്രസിദ്ധം.

( ഖസ്വാഇസുൽ അയ്യാമി വൽ അശ്ഹുർ :പേജ്: 145 , റൂഹുൽ ബയാൻ: 8/402)

   ഇമാം ശാഫിഈ(റ) പറഞ്ഞു: അഞ്ചു രാവുകളിൽ പ്രാർത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കലുണ്ട്. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാൾ രാവ്, റജബിലെ ആദ്യത്തെ രാവ്, ശഅ്ബാൻ പതിനഞ്ചിന്റെ രാവ് (അൽ ഉമ്മ്: 1/204).   ഇങ്ങനെ ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

https://chat.whatsapp.com/9fyTpMj22Se8VnVhM96y0i

*◾️മഹത്വം തിരുവചനങ്ങളിൽ*

  നബി(സ്വ) പറഞ്ഞു: ശഅ്ബാൻ എന്റെ മാസമാണ്. ശഅ്ബാൻ ദോഷങ്ങളെ പൊറുപ്പിക്കുന്ന മാസമാണ്. റജബിന്റെയും റമളാനിന്റെയും ഇടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു മാസമാണ് ശഅ്ബാൻ. ആ മാസത്തിൽ റബ്ബിലേക്ക് അനുഷ്ഠാനങ്ങൾ പ്രത്യേകമായി ഉയർത്തപ്പെടുന്നതാണ്. എന്റെ അമലുകൾ ഞാൻ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

  നബി(സ്വ) പറഞ്ഞു: മറ്റു അമ്പിയാക്കളിലേക്ക് ചേർത്തിയിട്ടു എന്റെ മഹത്വം എത്രയാണോ അതുപോലെയാണ് മറ്റു മാസങ്ങളിൽ ശഅ്ബാനിന്റെ മഹത്വം. മറ്റു മാസങ്ങളിൽ നിന്നു റജബിന്റെ മഹത്വം അല്ലാഹുവിന്റെ മറ്റു ഗ്രന്ഥങ്ങളും ഖുർആനും തമ്മിലുള്ള അനന്തരത്തിന്റെ പുണ്യമുണ്ട്. മാസങ്ങളിൽ റമളാനിന്റെ മഹത്വം സൃഷ്ടികളേക്കാൾ അല്ലാഹുവിന്റെ മഹത്വം പോലെയുമാണ്.

   പ്രത്യേക മഹത്വങ്ങൾ ഒരു വസ്തുവിനു പറയുമ്പോൾ അതിന്റെ പ്രാധാന്യമായി അതിലൂടെ വ്യക്തമാകുന്നത്. പ്രത്യുത, മറ്റൊന്നിന്റെ പോരായ്മയല്ല. ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം.


“ഖുർആനിനെ നാം അവതരിപ്പിച്ചത് ബറക്കത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും” സാരം വരുന്ന ഖുർആൻ വാക്യത്തിലെ പുണ്യ രാവ് കൊണ്ടുദ്ദേശ്യം ശഅ്ബാൻ പതിനഞ്ചിന്റെ രാവാണെന്നു ഇമാം ഇക്രിമ(റ) പ്രസ്താവിച്ചിട്ടുണ്ട്.

   ആഇശ(റ)യിൽ നിന്നും നിവേദനം: നബി(സ്വ) ചോദിച്ചു: ഈ രാവിനെ (ശഅ്ബാൻ പതിനഞ്ച്) കുറിച്ചു നിനക്കറിയുമോ? അപ്പോൾ ആഇശാ(റ): അല്ലാഹുവിന്റെ ദൂതരേ, എന്താണുള്ളത്? നബി(സ്വ) പറഞ്ഞു: ഈ വർഷം ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരെ ഈ രാത്രി രേഖപ്പെടുത്തപ്പെടും. അന്നു അവരുടെ കർമ്മങ്ങൾ ഉയർത്തപ്പെടുകയും അവരുടെ ഭക്ഷണം ഇറക്കപ്പെടുകയും ചെയ്യും.

*◾️ഖബ്ർ സിയാറത്ത്*

    ബറാഅത്തു രാവിൽ ഖബ്ർ സിയാറത്തു ചെയ്യുന്ന ഒരു പതിവ് നമ്മുടെ നാട്ടിലുണ്ടല്ലോ. അതു വളരെ നല്ലതാണ്. ബറാഅത്തു രാവിൽ നബി(സ്വ) ഖബ്ർ സിയാറത്തു ചെയ്തിരുന്നു.

    ആഇശാ(റ) പറയുന്നു: ഞാനൊരു രാത്രി (ബറാഅത്തു രാവിൽ) നബി(സ്വ)യെ എന്റെയരികിൽ കണ്ടില്ല. ഞാൻ വീടു വിട്ടിറങ്ങി. നോക്കുമ്പോൾ നബി(സ്വ) മദീനയിലെ ഖബ്ർസ്ഥാനിൽ ആകാശത്തേക്ക് തല ഉയർത്തി നിൽക്കുകയാണ്. എന്നെ കണ്ട നബി(സ്വ) ചോദിച്ചു: അല്ലാഹുവും റസൂലും അനീതി കാണിച്ചുവെന്നു നീ ഭയന്നുവോ? ഞാൻ പറഞ്ഞു: താങ്കൾ മറ്റു വല്ല ഭാര്യമാരുടെ അരികിലും പോയെന്നു ഞാൻ ഊഹിച്ചു. നബി(സ്വ) പറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാത്രിയിൽ അല്ലാഹുവിന്റെ പ്രത്യേക കരുണാകടാക്ഷം ഒന്നാം ആകാശത്തിലവതരിക്കും. കൽബു ഗോത്രത്തിന്റെ ആട്ടിൻ പറ്റത്തിന്റെ രോമങ്ങളേക്കാൾ കൂടുതലെണ്ണം ആളുകൾക്ക് അന്നവൻ പാപമോചനം നൽകും (തുർമുദി, ഇബ്നുമാജ).

*◾️ബറാഅത്തു രാവിലെ നിസ്കാരം*

   ഹാഫിളുൽ മുൻദിർ(റ) തന്റെ അത്തർഗീബു വത്തർഹീബ് എന്ന ഗ്രന്ഥത്തിൽ (2/116) അലി(റ)യിൽ നിന്നു നിവേദനം ചെയ്ത ഹദീസ് ഇങ്ങനെ: ശഅ്ബാൻ പകുതിയുടെ രാത്രി ആയാൽ നിങ്ങൾ നിസ്കരിക്കുകയും അതിന്റെ പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (ഇബ്നുമാജ).

   ബറാഅത്തു രാവിന് ശ്രേഷ്ഠതയുണ്ടെന്നും അന്നു നിസ്കാരം വർദ്ധിപ്പിക്കൽ പുണ്യമാണെന്നും അറിയിക്കുന്ന ഇബ്നുമാജ(റ) റിപ്പോർട്ട് ചെയ്ത പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തിൽ സലഫുസ്സ്വാലിഹീങ്ങൾ പ്രസ്തുത രാത്രി സുന്നത്ത് നിസ്കാരങ്ങൾ വർദ്ധിപ്പിച്ചിരുന്നു.

   ഹാഫിളു ഇബ്നു റജബിൽ ഹമ്പലി(റ) പറയുന്നു: ശാമുകാരായ താബിഈ പണ്ഡിതർ ശഅ്ബാൻ പകുതിയുടെ രാവിനെ ആദരിക്കുകയും ആ രാവിൽ ഇബാദത്ത് ചെയ്യാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. ശാമിലെ താബിഈ പണ്ഡിതരിൽ പെട്ട ഖാലിദുബ്നു മഅദാനി(റ) ലുക്മാനുബ്നു ആമിർ(റ) തുടങ്ങിയവരും ഈ രാത്രിയിൽ പള്ളിയിൽ വെച്ച് നിസ്കരിച്ചിരുന്നു. ഇസ്‌ഹാഖുബ്നു റാഹവൈഹി(റ) ഈ നിസ്കാരം ബിദ്അത്തല്ലെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (ഇബ്നു റജബി(റ)ന്റെ ലത്വാഇഫിൽ മആരിഫ് പേജ്: 263).

    ബറാഅത്തു രാവിൽ നിസ്കാരം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ബിദഈ നേതാവ് ഇബ്നു തീമിയ്യ:യോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാവിൽ ഒരാൾ സ്വന്തമായോ പ്രത്യേക ജമാഅത്തായോ നിസ്കരിക്കുന്ന പക്ഷം അതു നല്ലതാണ്. സലഫുസ്സ്വാലിഹീങ്ങളിൽ നിന്നുള്ള ഒരു വിഭാഗം ഇപ്രകാരം ചെയ്തിരുന്നു. ഈ രാവിൽ ഒരാൾ നിസ്കരിക്കുന്ന പക്ഷം അവനു മുൻഗാമികളായി ഇവ്വിഷയത്തിൽ സലഫുസ്സ്വാലിഹീങ്ങളുണ്ട്. അതുകൊണ്ടതു എതിർക്കപ്പെട്ടുകൂടാ (മജ്മൂഉൽ ഫതാവാ).


*◾️നൂറു റകഅത്ത് ബിദ്അത്ത്*

   പുണ്യരാവ് എന്ന പരിഗണന വെച്ച് ബറാഅത്ത് രാവിൽ സുന്നത്ത് നിസ്കാരം വർദ്ധിപ്പിക്കൽ നല്ലതാണെന്നാണ് മുകളിൽ തെളിവിന്റെ വെളിച്ചത്തിൽ സമർത്ഥിച്ചത്. എന്നാൽ ബറാഅത്തു രാവിൽ നൂറ് റക്അത്ത് നിസ്കാരം നിർവ്വഹിക്കുക എന്ന പ്രത്യേക നിസ്കാരം ഇല്ല.  ഉണ്ടന്നറിയിക്കുന്ന ഹദീസുകൾ കള്ള നിർമ്മിതമാണ്. നൂറ് റക്അത്തുള്ള പ്രത്യേക നിസ്കാരം ചീത്ത ബിദ്അത്താണ്.

ഹിജ്റ: നാനൂറിനു ശേഷമാണ് ഈ ചീത്ത ആചാരമായ നിസ്കാരം ഉണ്ടായത്. അതുകൊണ്ടുതന്നെ മുൻഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും ഇതിനെ കുറിച്ചൊരു ചർച്ചയും കാണാനിടയില്ല.

   ഇമാം ഇബ്നു ഹജർ(റ) പറയുന്നു: ശഅ്ബാൻ പകുതിയുടെ രാവിൽ നൂറു റക്അത്ത് നിസ്കാരം ചീത്ത ബിദ്അത്താണ്. അതിലുള്ള ഹദീസ് വ്യാജ നിർമ്മിതമാണ്. ഇത്തരം ബിദ്അത്തുകളെ വ്യക്തമാക്കി കൊണ്ടു മാത്രം ഞാൻ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അൽ ഈളാഹ്  എന്നാണതിന്റെ പേര് (തുഹ്ഫ: 2/239).

    ഇമാം നവവി(റ) ഈ നൂറു റക്അത്ത് നിസ്കാരത്തെ ശക്തമായ രീതിയിൽ തന്റെ ശർഹുൽ മുഹദ്ദിബിൽ എതിർത്തിട്ടുണ്ട് (ശർവാനി: 2/239).

    എന്നാൽ നൂറ് റക്അത്ത് നിസ്കാരം ഇമാം ഗസാലി (റ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 

*◾️ബറാഅത്തു ദിനത്തിലെ നോമ്പ്*

    ഇമാം ശിഹാബുദ്ദീൻ റംലി(റ) പറയുന്നു: ശഅ്ബാൻ പകുതിയിൽ നോമ്പെടുക്കൽ സുന്നത്താണ്. ശഅ്ബാൻ പകുതിയുടെ രാത്രിയായാൽ നിങ്ങൾ നിസ്കരിക്കുകയും അതിന്റെ പകൽ നിങ്ങൾ നോമ്പനുഷ്ഠിക്കുകയും ചെയ്യുക എന്ന അലി(റ)യിൽ നിന്നു ഇബ്നുമാജ: റിപ്പോർട്ട് ചെയ്ത ഹദീസാണ് തെളിവ്.

   ബറാഅത്തു രാവിന്റെ പകൽ എന്ന നിലക്കു തന്നെ നോമ്പ് സുന്നത്താണ് എന്നാണ് ഇമാം ശിഹാബുദ്ദീൻ റംലി(റ) പ്രസ്താവിച്ചത്. അയ്യാമുൽ ബീളിൽപ്പെട്ട ദിവസം എന്ന നിലയ്ക്കാണ് ശഅ്ബാൻ പകുതിയിലെ നോമ്പ് സുന്നത്തുള്ളത് എന്ന വീക്ഷണമാണ് ഇമാം ശിഹാബുദ്ദീൻ റംലി (റ)വിൻ്റെ ശിഷ്യൻ ഇമാം  ഇബ്നു ഹജറിനിൽ ഹൈതമി(റ)ക്കുള്ളത് (ഫതാവൽ കുബ്റാ: 2/79). ആകയാൽ ശഅ്ബാൻ പതിനഞ്ചിനു നോമ്പ് സുന്നത്താണെന്നു ഇമാം ശിഹാബുദ്ദീൻ റംലി(റ)യും ഇമാം ഇബ്നു ഹജറും(റ) പ്രസ്താവിച്ചിട്ടുണ്ട്.

ശഅ്ബാൻ മാസം മുഴുവനും നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ട്. റജബ് മുഴുവനും നോമ്പനുഷ്ഠിക്കൽ സുന്നത്താണ്.  ചിലർ 96 ദിവസം നോമ്പനുഷ്ഠിക്കുന്നതായി കാണാം. റജബ്, ശഅ്ബാൻ, റമളാൻ, ശവ്വാലിലെ ആറു ദിവസം എന്നിങ്ങനെയാണ് 96 ദിവസം.

    റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും പൂർണമായി നോമ്പനുഷ്ഠിക്കൽ സുന്നത്താണ് (ഫതാവൽ കുബ്റാ: 2/68, 76). റമളാൻ മാസം നിർബന്ധവും. തുടർന്ന് ചെറിയ പെരുന്നാൾ കഴിഞ്ഞു ആറു ദിവസം പ്രചാരപ്പെട്ട സുന്നത്തുമാണല്ലോ. ഇങ്ങനെ 96 ദിവസം നോമ്പനുഷ്ഠിക്കൽ വളരെ പുണ്യമുള്ളതും നല്ല കീഴ്‌വഴക്കവുമാണ് (ഫതാവൽ അസ്ഹരിയ്യ:).


*◾️മൂന്നു യാസീൻ*

   യാസീൻ സൂറത്ത് വിശുദ്ധ ഖുർആനിന്റെ ഹൃദയമാണ്. നിരവധി ഹദീസുകളിൽ യാസീൻ സൂറത്തിന്റെ മഹത്വം വിവരിച്ചിട്ടുണ്ട്.

നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു തവണ യാസീൻ സൂറത്ത് ഒരാൾ പാരായണം ചെയ്താൽ ഇരുപത്തി രണ്ടു തവണ ഖുർആൻ മുഴുവനും പാരായണം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ് (തഫ്സീർ ബൈളാവി: 2/228).

ബറാഅത്തു രാവിൽ മഗ്‌രിബിനു ശേഷം മൂന്ന് പ്രാവശ്യം യാസീൻ ഓതി പ്രാർത്ഥിക്കുന്ന സമ്പ്രദായം മുൻഗാമികൾ കാണിച്ചു തന്ന നല്ല മാതൃകയാണ്.

     സയ്യിദ് മുർത്തളാ സബീദി(റ) രേഖപ്പെടുത്തുന്നു. ബറാഅത്തു രാവിൽ ഒരു യാസീൻ ഓതി ശേഷം ആ രാവിൽ പ്രത്യേകമായി അറിയപ്പെട്ട ദുആയും (പ്രസ്തുത പ്രാർത്ഥന താഴെ വരുന്നുണ്ട് . ) ആയുസ്സിൽ ബറകത്തുണ്ടാവാൻ പ്രാർത്ഥിക്കുകയും ചെയ്ത ശേഷം രണ്ടാമതും യാസീൻ ഓതി ഭക്ഷണത്തിൽ ബറകത്തുണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുകയും മൂന്നാം പ്രാവശ്യം യാസീൻ ഓതി ഈമാൻ ലഭിച്ചു മരിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന പതിവ് മുൻഗാമികളിൽ നിന്ന് പിൻഗാമികൾ അനന്തരമായി സ്വീകരിച്ചു പോന്നതാണ് (ഇത്ഹാഫുസ്സാദതിൽ മുത്തഖീൻ: 3/427).

   ആദ്യത്തെ യാസീൻ ഓതി  തനിക്കും താൻ ഇഷ്ടപ്പെടുന്നവർക്കും ആയുസ്സിൽ ബറകത്തിനു വേണ്ടി പ്രാർത്ഥിക്കുക. രണ്ടാം തവണ യാസീൻ പാരായണം ചെയ്തു ഭക്ഷണ വിശാലതയ്ക്കു വേണ്ടി പ്രാർത്ഥിക്കുക. മൂന്നാം പ്രാവശ്യം യാസീൻ ഓതി  വിജയികളുടെ കൂട്ടത്തിൽ എഴുതപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുക എന്നാണ് ശൈഖു മുഹമ്മദ് ദംയാത്വി(റ) നിഹായത്തുൽ അമലിൽ (പേജ്: 280) രേഖപ്പെടുത്തിയത്. ഇത്ഹാഫിൽ പറഞ്ഞതും നിഹായയിൽ പറഞ്ഞതും തത്വത്തിൽ ഒന്നു തന്നെയാണ്.

    എന്നാൽ ഇമാം അഹ്മദ് ദൈറബി(റ) തന്റെ മുജർറബാതിൽ (പേജ്: 17) പറയുന്നത് ആദ്യത്തെ യാസീൻ ദീർഘായുസ്സിനു വേണ്ടിയും രണ്ടാം തവണ വിപത്ത് ഒഴിഞ്ഞുപോകാൻ വേണ്ടിയും മൂന്നാം പ്രാവശ്യം സമ്പത്തിൽ ഐശ്വര്യത്തിനു വേണ്ടിയും പ്രാർത്ഥിക്കണമെന്നാണ്. അപ്പോൾ രണ്ടാം തവണ യാസീൻ ഓതി ഭക്ഷണ വിശാലതയ്ക്കു വേണ്ടി വിപത്ത് ഒഴിഞ്ഞു പോകാനും വേണ്ടി പ്രാർത്ഥിക്കുകയും മൂന്നാം തവണ യാസീൻ ഓതി അവസാനം നന്നായി മരിക്കാനും ഐശ്വര്യമുണ്ടാവാനും വേണ്ടി പ്രാർത്ഥിച്ചാൽ രണ്ടു അഭിപ്രായങ്ങളും അനുസരിച്ച് പ്രവർത്തിക്കലായി.◼️  *അസ്റിനു ശേഷമല്ല*

   ബറാഅത്തു രാവുമായി ബന്ധപ്പെട്ട മൂന്നു യാസീൻ  ഓതേണ്ടത് ബറാഅത്തു രാവിലാണ്. ഇശാ മഗ് രിബിൻ്റെ ഇടയിൽ - മഗ് രിബിൻ്റെ ഉടനെയാണ് ഉത്തമം എന്നു ചില  ഗ്രന്ഥങ്ങളിൽ കാണാം. മറ്റു പല കിതാബുകളിലും രാത്രി എന്നാണുള്ളത്. 

   അസ് റിനു ശേഷമെന്ന് ഒറ്റ കിതാബിലും കാണുന്നില്ല. കാണാൻ സാധ്യതയുമില്ല .കാരണം രാവിലാണല്ലോ ഓതേണ്ടത് . അതു പകലിൽ ഓതാൻ നിർദ്ദേശിക്കപ്പെടില്ല.


*◾️സൂറത്തുദ്ദുഖാൻ*

   ദുഖാൻ സൂറത്ത് ബറാഅത്ത് രാവിൽ പാരായണം ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാടുകളിൽ വ്യാപകമാണല്ലോ. അതിനു അടിസ്ഥാനമുണ്ട്.

അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: ആരെങ്കിലും രാത്രി ദുഖാൻ സൂറത്ത് ഓതിയാൽ ദോഷങ്ങൾ പൊറുക്കപ്പെട്ടവനായി അവൻ പ്രഭാതത്തിൽ പ്രവേശിക്കുന്നതാണ് (അബൂ യഅലാ തഫ്സീറു ഇബ്നി കസീർ: 3/1551).

  ഏതു രാത്രിയിൽ ഓതാനും പ്രസ്തുത ഹദീസ് രേഖയാണ്.

*◾️ബറാഅത്തു രാവും പ്രാർത്ഥനയും*


പ്രാർത്ഥനയ്ക്കു ഉത്തരം ലഭിക്കുന്ന പ്രത്യേക രാവാണ് ശഅബാൻ പതിനഞ്ചിന്റെ രാവ്. കൽബ് ഗോത്രത്തിന്റെ ആറ്റിൻ പറ്റത്തിന്റെ രോമത്തിന്റെ എണ്ണത്തേക്കാൾ ജനങ്ങളെ അല്ലാഹു ഈ രാത്രിയിൽ നരകത്തിൽ നിന്നു മോചിപ്പിക്കുന്നതുകൊണ്ടാണ് മോചനം എന്നർത്ഥമുള്ള ‘ബറാഅത്ത്’ എന്ന പേർ വന്നത്.

  നബി(സ്വ) പറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാവായാൽ ആ രാത്രിയിൽ നിങ്ങൾ നിസ്കരിക്കുകയും അതിന്റെ പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. കാരണം അന്നു സൂര്യാസ്തമയം മുതൽ പ്രഭാതം വരെ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ ഒന്നാം ആകാശത്തേക്ക് വർഷിക്കുകയും അല്ലാഹു ഇങ്ങനെ പറയുകയും ചെയ്യും. എന്നോട് പൊറുക്കലിനെ തേടുന്നവനില്ലേ, അവനു ഞാൻ പൊറുത്തു കൊടുക്കും. എന്നോട് ഭക്ഷണം തേടുന്നവനില്ലേ, അവനു ഞാൻ ഭക്ഷണം നൽകും. പരീക്ഷിക്കപ്പെട്ടവനില്ലേ അവനു ഞാൻ സുഖം നൽകും (ഇബ്നുമാജ, പേജ്: 99, അത്തർഗീബു വത്തർഹീബ്: 2/119).


ബറാഅത്തു രാവിന്റെയും നോമ്പിന്റെയും മഹത്വങ്ങൾ വിവരിക്കുന്ന ധാരാളം ഹദീസുകൾ കാണാം. പുണ്യകർമ്മങ്ങൾ നിർവ്വഹിക്കാൻ യോഗ്യതയുള്ള ഹദീസുകളാണവയെല്ലാം.

ബറാഅത്തു രാവ് പ്രാർത്ഥന കൊണ്ടു ധന്യമാക്കണം. സ്വഹാബി പ്രമുഖരായ ഉമറുൽ ഫാറൂഖ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) തുടങ്ങിയവർ ബറാഅത്തു രാവിൽ പ്രത്യേകമായി പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന ഇങ്ങനെ:


'' അല്ലാഹുവേ, നീ ഞങ്ങളെ പരാചിതരുടെ കൂട്ടത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ അതു മായ്ച്ചു കളയുകയും വിജയികളുടെ കൂട്ടത്തിൽ എഴുതുകയും ചെയ്യേണമേ, നീ വിജയികളുടെ കൂട്ടത്തിലാണ് എഴുതിയതെങ്കിൽ നീ അതങ്ങനെ തന്നെ സ്ഥിരപ്പെടുത്തേണമേ. നിശ്ചയം, നീ ഉദ്ദേശിക്കുന്നത് മായ്ച്ചു കളയുകയും നീ ഉദ്ദേശിച്ചത് സ്ഥിരപ്പെടുത്തുകയും ചെയ്യും. നിന്റെ പക്കലിലാണ് മൂല ഗ്രന്ഥം '' (മിർഖാത്ത്: 2/178)

     മൂലഗ്രന്ഥം എന്നതിന്റെ വിവക്ഷ ലൗഹുൽ മഹ്ഫൂളാണ് (തഫ്സീർ സ്വാവി: 2/234). അല്ലാഹു തീരുമാനിച്ചത് മാറ്റി എഴുതാൻ അവനു അധികാരമുണ്ട്. ആ മാറ്റി എഴുത്തും അവന്റെ തീരുമാനമാണ്.


ബറാഅത്തു രാവിൽ അല്ലാഹു വിധിക്കുകയും ലൈലത്തുൽ ഖദ്റിൽ മലക്കുകളെ ഏൽപ്പിക്കുകയും ചെയ്യുമെന്നു ഇബ്നു അബ്ബാസ്(റ) വ്യക്തമാക്കിയിട്ടുണ്ട് (ജമൽ: 9/100). ബറാഅത്തു രാവിൽ കണക്കാക്കുക എന്നതിന്റെ വിവക്ഷയാണ് ഇബ്നു അബ്ബാസ്(റ) വിവരിച്ചത്. സർവ്വവും മുമ്പേ കണക്കാക്കിയിരിക്കേ ഓരോ വർഷവും കണക്കാക്കുകയെന്നാൽ കണക്കാക്കിയത് പകർത്തി എഴുതിയ ലിസ്റ്റ് മലക്കുകളെ ഏൽപ്പിക്കലാണുദ്ദേശ്യം.


*◾️നോമ്പ് നിഷിദ്ധം*


ശഅ്ബാൻ പതിനഞ്ചിനു ശേഷം കേവലം സുന്നത്ത് നോമ്പ് നിഷിദ്ധമാണ്. ഫർള് നോമ്പ് ഖളാ വീട്ടൽ, പതിവുള്ള സുന്നത്ത് നോമ്പ് എന്നിവയൊന്നും ശഅ്ബാൻ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. അതുപോലെ ശഅബാൻ പതിനഞ്ചിനു നോമ്പനുഷ്ഠിച്ചാൽ തുടർന്നു ബാക്കി ദിവസങ്ങളിലും ശഅ്ബാൻ അവസാനം വരെ തുടരെ  നോമ്പനുഷ്ഠിക്കാം (ഇആനത്ത്: 2/267).


*◾️നിർഭാഗികൾ*


പുണ്യങ്ങൾ നിറഞ്ഞ ബറാഅത്തു രാവിൽ പോലും ചിലർക്ക് പാപമോചനമോ കാരുണ്യമോ ലഭിക്കുന്നില്ല. തിരുനബി(സ്വ) പറയുന്നു: ശഅബാൻ പതിനഞ്ചിന്റെ രാവിൽ ബഹുദൈവാരാധകർ 

(ദീനീ കാര്യത്തിനു വേണ്ടിയല്ലാതെ) പരസ്പരം പിണങ്ങി നിൽക്കുന്നവർ, കൊലയാളി എന്നിവർ അല്ലാത്തവർക്കു മുഴുവനും അല്ലാഹു മഗ്ഫിറത്തു നൽകുന്നതാണ് (ഇബ്നുമാജ, അഹ്മദ്, മിർഖാത്ത്: 2/197).


അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ അരികിലേക്ക് ജിബ്‌രീൽ(അ) ശഅ്ബാൻ പകുതിയുടെ രാവിൽ വന്നു പറഞ്ഞു. ഇന്നത്തെ രാത്രി ബഹുദൈവാരാധകർ, സിഹ്ർ ചെയ്യുന്നവൻ, ജോത്സ്യൻ, പിണങ്ങി നിൽക്കുന്നവൻ, കള്ളുകുടി പതിവാക്കിയവൻ, വ്യഭിചാരം സ്ഥിരമാക്കിയവൻ, പലിശയുമായി ബന്ധപ്പെടുന്നവൻ, മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ, കുടുംബ ബന്ധം തകർക്കുന്നവൻ, നമീമത്ത് പറഞ്ഞു നടക്കുന്നവൻ എന്നിവർ ഒഴികെ എല്ലാവർക്കും അല്ലാഹു പൊറുത്തുകൊടുക്കും. ഇവർ തൗബ ചെയ്താൽ പൊരുത്തുകൊടുക്കും (ദുർറത്തു ന്നാസ്വിഹീൻ, പേജ്: 224).

    ശഅ്ബാൻ പകുതിയുടെ രാവിനെക്കുറിച്ച് ഇമാം ഗസാലീ (റ) പറഞ്ഞത് പുണ്യങ്ങളുടെ ഉത്സവരാവ് എന്നാണ് ( ഇഹ് യാ: 1/361) (കോപ്പി)

-------------------------------------------------------

No comments:

Post a Comment

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ`    മേൽ പറഞ്ഞ സംയോഗം കൊണ്ടല്ലാതെ 'ഇസ്തിംനാഅ്' (മുഷ്ടി മൈഥുനം) പോലത്ത പ...