📚
*നോമ്പിന് നിയ്യത് വെച്ചപ്പോൾ...*
- نَوَيْتُ_صَوْمَ_غَد
إِيمَانًا_وَاحْتِسَابًا
✍️
_അഷ്റഫ് സഖാഫി പള്ളിപ്പുറം_
____________________________
നോമ്പിന്റെ നിയ്യതിൽ
إِيمَانًا وَاحْتِسَابًا
എന്ന് ആരെങ്കിലും നിയ്യത് ചെയ്യാറുണ്ടോ? ഇത് പുതിയത് ഉണ്ടാക്കി പറയുകയല്ല ട്ടൊ. ചിലർ അങ്ങനെയാണ്, ഇത് വരെ കേൾക്കാത്തത് പറയുന്നതിൽ ഒരു തരം ആവേശം. പുതുമ സൃഷ്ടിക്കാൻ ആവുന്നത്ര ശ്രമിച്ചോണ്ടിരിക്കും. അതത്ര നല്ല ഏർപാടല്ല. നമ്മുടെ പഴയ ഉലമാഅ് ചെയ്തതിനെ വിമർശിക്കുകയോ അവർ ചെയ്യാത്ത പുതിയത് കൊണ്ടുവരികയോ ചെയ്യുമ്പോ ഒരു നൂറു വട്ടമെങ്കിലും ആലോചിക്കണം. അതിരിക്കട്ടെ, ഇങ്ങനെ നോമ്പിന്റെ നിയ്യതിനോടു കൂടെ
إِيمَانًا وَاحْتِسَابًا
എന്ന് പറയൽ സുന്നത്തുണ്ട്.
നമുക്ക് ചരിത്രത്തിലേക്ക് കടക്കാം.
'യൂസുഫുൽ ഫള്ഫരീ' എന്ന വലിയ പണ്ഡിതനുണ്ടായിരുന്നു. അവരുടെ മകനായിരുന്ന 'അബ്ദുൽ ഖാദിർ ഫള്ഫരീ' എന്നവർ
جواهر الأشعار
എന്നൊരു കാവ്യഗ്രന്ഥം രചിച്ചു. ഇതിന്റെ പകർപ്പുണ്ടാക്കി പ്രസിദ്ധപ്പെടുത്താൻ ആവശ്യമായ സമ്പത്തില്ലാത്തതിനാൽ അതുമായി ഹൈദരാബാദിലെ 'നൈസാം' രാജാവിന്റെയടുക്കൽ പോയി. പ്രസിദ്ധപ്പെടുത്താനാവശ്യമായ സഹായം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്. രാജാവ് അദ്ദേഹത്തെ ബനുമാന പുരസ്സരം സ്വീകരിക്കുകയും സുഭിക്ഷമായ ഭക്ഷണം നൽകുകയും ചെയ്തു. അന്ന് വലിയ ആടിനെ വേവിച്ച് തീന്മേശയിൽ വെച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നും മാംസ ഭാഗങ്ങൾ അടർത്തി എടുക്കാൻ രണ്ട് കൈകളും ആവശ്യമായിരുന്നു. ഈ ഭക്ഷണ രീതി അബ്ദുൽ ഖാദിർ ഫള്ഫരിക്ക് ആദ്യാനുഭവമായിരുന്നു. അങ്ങനെ നാട്ടിൽ വന്ന് പറഞ്ഞത്രെ: ഭക്ഷണം കഴിക്കുമ്പോൾ രണ്ട് കൈയും കഴുകണം എന്ന് പറഞ്ഞിടത്ത് -
حيث احتاج الى استعمالهما -
എന്നതിന്റെ പൊരുൾ ഇപ്പഴാണ് എനിക്ക് മനസ്സിലായത് ... " (ഫത്ഹുൽ മുഈനിലെ 381-ാം പേജിലെ تعليق ൽ ഇത് കാണാം.)
ആവശ്യത്തിന് മാത്രം അന്നം കിട്ടിയിരുന്ന അക്കാലത്ത് കൊട്ടാര ഭക്ഷണം ഒരു അനുഭവം തന്നെയായിരിക്കും.
ചോറ് വിളമ്പാൻ അരി തികയാത്തതിനാൽ കുറഞ്ഞ വറ്റിൽ കഞ്ഞി കുടിച്ച് വിശപ്പകറ്റിയതും, മിക്ക ദിവസങ്ങളിലും മുഖ്യാഹാരം കപ്പയായിരുന്നതും, ഒരു ചക്കക്ക് വേണ്ടി പകലന്തിയോളം പണിയെടുത്തതും മറക്കാത്ത കാരണവർ ഇപ്പഴും നമ്മുടെ കൂട്ടത്തിലുണ്ടല്ലോ. അൽഫാമും ശവായ:യും പലവിധ മന്തികളും കുന്തികളും റോഡരികിൽ സ്ഥാനം പിടിച്ച ഇക്കാലത്തെ ന്യൂ ജെനിന് അത് പക്ഷേ, മനസ്സിലായിക്കൊള്ളണമെന്നില്ല. അതൊക്കെ പോട്ടെ, രുചിയേറിയ ഭക്ഷണം വയറ് നിറച്ച് കഴിച്ചാലും ഒരു الحمد لله പറയാൻ മറക്കുന്ന നമ്മൾ , ആ സമയത്തും കിതാബിലെ ഇബാറ:യുടെ പൊരുളറിഞ്ഞ മഹാനരുടെ സന്തോഷം കാണാതെ പോകരുത്.
തിന്നുന്നതിന് മുമ്പും ശേഷവും കൈ കഴുകണമെന്ന് പറഞ്ഞ ഭാഗത്ത് ഫത്ഹുൽ മുഈനിൽ തന്നെ ഭക്ഷണം കഴിച്ചാൽ
الإخلاص - قريش
എന്നീ സൂറതുകൾ ഓതൽ സുന്നത്താണെന്നും പറഞ്ഞിട്ടുണ്ട്. അവ ഓതുന്നവർക്ക് കഴിച്ച ഭക്ഷണത്തിനാലുണ്ടായേക്കാവുന്ന കേടുപാടുകൾ ശരീരത്തിൽ ഏശുകയില്ലത്രെ. 'സെവൻ അപ്' തുടങ്ങിയ മറ്റ് തരിപ്പുള്ള വെള്ളക്കമ്പനികൾക്ക് കാശ് എറിഞ്ഞു കൊടുക്കുന്നതിന് പകരം ഈ സുന്നതു പതിവാക്കുന്നതല്ലേ നല്ലത് !
ഈ ചരിത്രത്തിനിടയിൽ സൂറതോതുന്ന സുന്നതു പറഞ്ഞത് എന്റെ ഒരനുഭവം പങ്കുവെക്കാനാണ്. റമളാനിലുണ്ടായതാണ്. ഞാനും പ്രായം ചെന്ന ഒരു മുക്രിക്കയും തമ്മിലുണ്ടായ ഒരു തമാശക്കഥയാണ് ട്ടൊ.
കഴിഞ്ഞ ഒരു കുറിപ്പിൽ സൂചിപ്പിച്ച പോലെ മർകസിലെ പഠനം കഴിഞ്ഞ് ആദ്യസേവനം എന്റെ നാടിനടുത്തുള്ള വെള്ളില മലയിൽ ഒരു നാട്ടിൻ പുറത്തെ മദ്രസയിൽ മുഅല്ലിമായിട്ടായിരുന്നു. അന്ന് ഒരു വീട്ടിൽ നോമ്പുതുറക്ക് ക്ഷണിച്ചു. ഭക്ഷണം കഴിച്ച ശേഷം സൂറതോതുന്ന സുന്നത് ഞാൻ പാഴാക്കിയില്ല. 'ലി ഈലാഫി' കഴിഞ്ഞ് 'സൂറതുൽ ഇഖ്ലാസ്' ഓതിക്കൊണ്ടിരിക്കുമ്പഴാ നമ്മുടെ കഥാനായകൻ മുക്രിക്കയുടെ വരവ്. അയാൾക്ക് ഒന്നും പതുക്കെ ചൊല്ലാനോ പറയാനോ അറിയില്ല. എല്ലാം ഉറക്കെയാണ് പതിവ്. എന്റെ ഓത്ത് കേട്ടതും ഇദ്ദേഹം ഉറക്കെ 'സൂറതുൽ ഇഖ്ലാസ്' ഓതാൻ തുടങ്ങി. ഭക്ഷണ ശേഷമുള്ള ദുആ നടത്താൻ വേണ്ടി ഫാതിഹ: മുതൽക്ക് ഓതി വരികയാണെന്നാ മൂപ്പര് കരുതിയത്.
മനസ്സിൽ ചിരി വന്നെങ്കിലും, അദ്ദേഹം കൊളമാവാതിരിക്കാൻ ഞാൻ കൂടെ ഓതി. معوذتين യും കഴിഞ്ഞ് ദുആ നടന്നു. തിരിച്ച് പോന്നപ്പോ ഞാൻ പറഞ്ഞു: "ഇന്ന് നമ്മൾ ഫാതിഹ: ഓതാതെയാണ് ദുആര്ന്നത് ....!"
മുക്രിക്ക: "അതെങ്ങനെ? ഫാതിഹ: ഓതാതെയാണോ പിന്നെ 'ഖുൽ ഹുവല്ലാഹു' നിങ്ങൾ ഓതിയത്..?"
അപ്പോൾ ഞാൻ ഭക്ഷണ ശേഷം ഓതുന്ന സുന്നത് പറഞ്ഞ് കൊടുത്തു. ഇതുവരെ കേൾക്കാത്ത പുതിയ സുന്നതാണെന്ന മട്ടിൽ അൽഭുതം കൂറിയപ്പോ ഞാൻ കിതാബിൽ കാണിച്ചു കൊടുത്തപ്പഴാണ് അദ്ദേഹം സമ്മതിച്ചത്.
ഭക്ഷണം കഴിക്കുന്നതിലെ സുന്നതുമായി ബന്ധപ്പെട്ട് ഒരു മുതഅല്ലിമിന് പറ്റിയ അമളി പറയാറുണ്ട്. ഫത്ഹുൽ മുഈനിലെ 381-ാം പേജിലെ
ﻭﻳﺠﻮﺯ ﻟﻠﻀﻴﻒ ﺃﻥ ﻳﺄﻛﻞ ﻣﻤﺎ ﻗﺪﻡ ﻟﻪ
എന്നിടത്ത് مما എന്നതിലെ من ന്
تبعيض
ന്റെ അർത്ഥമാണെന്നും തന്റെ മുന്നിൽ കൊണ്ടുവെച്ച ഭക്ഷണം മുഴുവനായും കഴിക്കരുത് എന്നും മനസ്സിലാക്കിയതാണ് വിദ്യാർത്ഥി (പ്ലേറ്റിൽ ഭക്ഷിച്ചുകൊണ്ടിരുന്നത് ബാക്കിയാക്കണമെന്നല്ല. മുന്നിൽ കൊണ്ടു വെച്ച ഭക്ഷണത്തളിക കാലിയാക്കാതിരിക്കൽ മര്യാദയാണ് - അതാണ് കിതാബുകളിൽ പറഞ്ഞത്.) . പിന്നെ ഭക്ഷണം കഴിക്കാൻ പോകുന്ന വീട്ടിൽ കിതാബിൽ പറഞ്ഞ പ്രകാരം ചെയ്തു. എന്നും മുഴുവനായി തിന്നാത്തത് കണ്ട വീട്ടുകാർ വിദ്യാർത്ഥിക്ക് ഭക്ഷണത്തിനോടുള്ള മടുപ്പ് കൊണ്ടാണെന്ന് മനസ്സിലാക്കി. തൊട്ടടുത്ത ദിവസം ഭക്ഷണത്തിന്റെ അളവ് കുറച്ചു. കുട്ടി അന്നും സുന്നത്ത് പാലിച്ചു. വീട്ടുകാർ അടുത്ത ദിവസവും അപ്പത്തിന്റെ എണ്ണം കുറച്ചു. പാവം, വിശക്കുന്ന വയറുമായി വരുന്ന വിദ്യാർത്ഥി കുഴങ്ങിയെന്നു വേണം പറയാൻ.
ശരിക്കും ഈ ബാക്കിയാക്കൽ സുന്നത്ത് അവിടെ قرينة ഇല്ലെങ്കിലാണ്. തനിക്ക് മുഴുവൻ കഴിക്കാനാണെന്ന നിലക്ക് അൽപമേ മുമ്പിലുള്ളൂവെങ്കിൽ ബാക്കിയാക്കരുത്. പാത്രം കാലിയാക്കിക്കോളണം. ഈ വിശദീകരണം ഫത്ഹുൽ മുഈനിൽ തന്നെ സൈദാലി ഉസ്താദിന്റെ تعليق ൽ ബുജൈരിമിയിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇആനതിലും അത് വിശദീകരിച്ചത് കാണാം.
പാരമ്പര്യമായി നമ്മുടെ നാടുകളിൽ നില നിന്നു പോരുന്ന ദർസിനോടും തലപ്പാവ് ധാരികളോടും ഒരു തരം വിദ്വേഷവും വൈരാഗ്യവും മനസ്സിൽ പേറി നടക്കുന്ന ചില പരിഷ്കാരികളുണ്ട്. അവർ ഇത്തരം കഥകൾ പരിഹാസ ഭാവത്തിലായിരിക്കും കാണുക. ഇത്തരം കഥകളായി പറയുന്നവ സംഭവിച്ചതാവണമൊന്നുമില്ല. ഇനി ഉണ്ടെങ്കിൽ തന്നെ ചെറിയ രൂപത്തിലെങ്ങാനും സംഭവിക്കാനേ വഴിയുള്ളൂ. അത് പർവതീകരിക്കുന്നതായിക്കും. ഇത് പറയുമ്പോ പരിഷ്കാരികൾ വീണ്ടും - ഹോ, ചെറിയ കാര്യം പർവ്വതീകരിച്ച് പറയൽ തെറ്റല്ലേ ? - എന്ന് ചോദിച്ചേക്കും. എടോ, ഇതൊക്കെ ക്ലാസിൽ ഒരു രസമുണ്ടാക്കാനും വിദ്യാർത്ഥികൾക്ക് സന്ദർഭോചിതമായ കഥകളിലൂടെ ആശയം മനസ്സിലുറക്കാനും വേണ്ടിയാണ്. അല്ലെങ്കിലും ദർസുകളിൽ ഓഫീസ് ഡ്യൂട്ടി പോലെ സമയക്കണക്കൊന്നുമല്ലല്ലോ. സ്വുബ്ഹ് നിസ്കാര ശേഷം തുടങ്ങുന്ന ക്ലാസുകൾ, അങ്ങ് രാത്രി വരെ നീളും. ഇതിന്റെ ക്ഷീണം മുദർസിനോ പഠിതാക്കൾക്കോ അനുഭവപ്പെടാതിരിക്കാൻ ഇത്തരം ചില പൊടിക്കൈകളൊക്കെ ആവശ്യമായി വരുന്നതാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരണ കാലത്ത് ഇവറ്റകൾ ഒരുപക്ഷേ, ഇത്തരം കഥകൾ മതവിദ്യാർത്ഥികളെ നിരുത്സാഹപ്പെടുത്താൻ ഉപയോഗിച്ചേക്കാം. അതാ, ഒരു കഥ പറഞ്ഞപ്പേഴേക്കും ഇങ്ങനെ ഒരു അടിക്കുറിപ്പ് കൂടെ ചേർത്തത്.
നമുക്ക് ചരിത്രം തുടരാം. #യുസുഫുൽ_ഫള്ഫരിയുടെ ദർസിൽ പഠിച്ചവരായിരുന്നു കൂട്ടിലങ്ങാടിക്കടുത്ത കടൂപ്പുറം പ്രദേശത്ത്കാരനായ #ആറാട്ടുതൊടിക_മുഹ്‌യുദ്ദീൻ_മുസ്‌ലിയാർ. ദർസിൽ നിന്നും അൽഫിയ്യ:യും ഫത്ഹുൽ മുഈനും മറ്റ് അത്യാവശ്യ കിതാബുകളും ഓതി ചികിത്സാ രംഗത്തേക്ക് വരികയാണുണ്ടായത്. അവരുടെ ഒരു കുലത്തൊഴിലായിരുന്നു വൈദ്യം. പാരമ്പര്യമായി കൈമാറി വന്ന പല ചികിത്സാമുറകളും തങ്ങളുടെ പക്കലുള്ളത് കൊണ്ട് തന്നെയായിരിക്കണം രോഗ ശമനത്തിൽ അവർ പ്രസിദ്ധരായിരുന്നു. അനുഭവജ്ഞരിൽ നിന്ന് ഇത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്.
ഒരു ദിവസം റമളാനിൽ വിത്റ് നിസ്കാരത്തിന് മുഹ്‌യുദ്ദീൻ മുസ്‌ലിയാർ ഇമാം നിൽക്കുകയും ശേഷം നോമ്പിന്റെ നിയ്യത് ചൊല്ലിക്കൊടുക്കുകയും ജനങ്ങൾ അതേറ്റ് നിയ്യത് വെക്കുകയും ചെയ്തു.
പണ്ട് മുതലേ നമ്മുടെ നാടുകളിൽ കണ്ടുവരുന്ന രീതിയാണിത്. ശാഫിഈ മദ്ഹബു പ്രകാരം എല്ലാ രാത്രിയിലും പ്രത്യേകം നിയ്യത് വേണമല്ലോ. കൃത്യസമയത്ത് അലാറമടിക്കുന്ന സൗകര്യമോ സമയമറിയാനുളള സംവിധാനമോ വീടുകളിൽ ഇല്ലാത്തതിനാലോ മറ്റോ അത്താഴത്തിന് എണീക്കാൻ വിട്ടു പോവുകയോ അല്ലെങ്കിൽ ആ സമയത്ത് നിയ്യത് മറന്നോ നോമ്പ് നഷ്ടപ്പെടാതിരിക്കാനിടയുണ്ട്. അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ഹിക്മതായിരിക്കും വിത്റിന്ന് ശേഷമുള്ള ഈ നിയ്യത് ചൊല്ലൽ പരിപാടി. ഇത് അശ്രദ്ധമായി കേവലം ഒരു ഏറ്റുചൊല്ലൽ മാത്രമാക്കാതെ - 'നാളെ ഞാൻ നോമ്പ് നോൽക്കാൻ നിയ്യത് ചെയ്യുന്നു' - എന്ന ഒരു കരുത്ത് മനസ്സിലുണ്ടാവാൻ മഅ്മൂമുകൾ നിർബന്ധമായും ശ്രമിക്കണം. ഇല്ലെങ്കിൽ നിയ്യത് ശരിയാവില്ല.
ഇങ്ങനെയുള്ള നിയ്യതിനോടു കൂടെ മുഹ്‌യുദ്ദീൻ മുസ്‌ലിയാർ إِيمَانًا وَاحْتِسَابًا എന്ന് ചൊല്ലി. ഇത് മുമ്പ് കേട്ട് പതിവില്ലാത്തതിനാൽ വിവരമുള്ള ചിലർ ഇതിനെ ചോദ്യം ചെയ്തു. മുഹ്‌യുദ്ദീൻ മുസ്‌ലിയാർ തന്റെ ഉസ്താദായ യൂസുഫുൽ ഫള്ഫരിയിൽ നിന്നും കേട്ടതടിസ്ഥാനത്തിൽ ചൊല്ലിയതുമാണ്. അങ്ങനെ രാത്രി ഉസ്താദിന്റെ മേൽ യാസീൻ ഓതി ഹദ്‌യാ ചെയ്ത് കിടന്നു. തന്റെ പ്രിയ ഉസ്താദ് കിനാവിൽ വന്ന് "ബാജൂരി നോക്കൂ ... " എന്ന് പറഞ്ഞ് കൊടുത്തു.
അങ്ങനെ ബാജൂരിയിൽ നോക്കിയപ്പോ കാണുകയും സംശയം തീരുകയും ചെയ്തു. ഈ സംഭവം ഈയടുത്ത് വഫാതായ ഓറുടെ ബന്ധുവായ #ആറാട്ടുതൊടിക_അബ്ദുർറഹ്‌മാൻ_മുസ്‌ലിയാരാണ് എന്നോട് പങ്കു വെച്ചത്.
ഉസ്താദുമാരെ മനാമിൽ കാണുകയും സംശയങ്ങൾ തീർത്തുകൊടുക്കുകയും ചെയ്യാറുള്ളതായി (فَٱلۡمُدَبِّرَ ٰتِ أَمۡرࣰا) എന്ന ആയതിന്റെ വ്യഖ്യാനമായി #ഇമാം_റാസി (റ) പറയുന്നുണ്ട്.
ഇങ്ങനെ زيادة ചെയ്യൽ സുന്നതുണ്ടെന്ന് 'ഇആനതി'ലും 'നിഹായതുസ്സൈനി'യിലും കാണാം. ഇത് പക്ഷെ, പ്രബലമായ സുന്നത്താണെന്ന് വാദിക്കേണ്ടതില്ല. ചെയ്യുന്നവർക്ക് ചെയ്യാം.
അതിരിക്കട്ടെ, ഇആനതിൽ പറഞ്ഞ കാര്യം പോലും അന്നുള്ളവർക്ക് അറിയാതിരിക്കുകയോ - എന്ന് ചിന്തിക്കേണ്ടതില്ല. കാരണം ഇന്നത്തെ പോലെ കിതാബുകൾ അത്ര തന്നെ ലഭ്യമായിരുന്നില്ലല്ലോ അന്ന്. "തുഹ്ഫ: നോക്കാൻ താനൂരിലെ ഇസ്‌ലാഹുൽ ഉലൂമിലേക്ക് പോകാറായിരുന്നു ഞാൻ.." എന്ന് #മുഹ്‌യുസ്സുന്ന:_പൊന്മള_ഉസ്താദ് പറയാറുണ്ട്. ഏത് ഇബാറ: കളും നിമിഷങ്ങൾക്കകം കണ്ടെത്താവുന്ന സൗകര്യമുള്ള ഇക്കാലത്ത് അതൊക്കെ അൽഭുതമായി തോന്നിയേക്കാം. ഇന്ന് സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഇബാറതിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള താൽപര്യം പഠിതാക്കളിൽ കാണാത്തത് സകടകരമാണ്.
#മർഹൂം_ശംസുൽഉലമ_ഇ.കെ_ ഉസ്താദ്, #മർഹൂം_മലയമ്മ_അബൂബക്ർ_മുസ്‌ലിയാർ തുടങ്ങിയവരുടെയെല്ലാം ഉസ്താദായിരുന്നു #അബ്ദുൽഖാദിർ_ഫള്ഫരി . വാഴക്കാട് ദാറുൽ ഉലൂമിന്റെ പ്രിൻസിപ്പളുമായിരുന്നു. അവരും അവരുടെ പിതാവ് #യൂസുഫുൽ_ഫള്ഫരിയും പെരിമ്പലം ജുമുഅത് പള്ളിയുടെ ചാരത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.
അവരുടെയെല്ലാം ദറജ: അല്ലാഹു തആലാ ഏറ്റി കൊടുക്കട്ടെ. അവരുടെ ബറകത് കാരണം നമ്മെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി തരട്ടെ - ആമീൻ.
( കേട്ടെഴുത്ത്: അബൂ ഹസനഃ,
ഊരകം)
💫
No comments:
Post a Comment