Tuesday, March 11, 2025

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `3️⃣ സംയോഗം കഫാറത്ത്`

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`3️⃣ സംയോഗം`


നോമ്പനുഷ്ടിച്ചുകൊണ്ട് സംയോഗത്തിലേർപ്പെട്ടാൽ നോമ്പു മുറിയുന്നതാണ്. സ്ഖലനമുണ്ടായിട്ടില്ലെങ്കിൽ പോലും പുരുഷന്റേയും സ്ത്രീയുടേയും നോമ്പു മുറിയുന്നതാണ്. നോമ്പുള്ളപ്പോൾ സംയോഗം ഹറാമാണെന്നറിവുള്ളതോടുകൂടി സ്വമനസ്സാലെ കരുതിക്കൂട്ടി ആയിരുന്നാലാണ് നോമ്പു മുറിയുന്നത്. സ്വമനസ്സാലെയല്ലാതെയോ നോമ്പ് ഓർമ്മയില്ലാതെയോ ആയിരുന്നാൽ നോമ്പു മുറിയുന്നതല്ല. അതു തെറ്റാണെന്ന് അറിവില്ലാതെയാകുമ്പോഴും നോമ്പു മുറിയുന്നതല്ല. പക്ഷേ, അറിവില്ലാതിരിക്കുവാൻ ന്യായമായ കാരണങ്ങളുണ്ടായിരിക്കണം. ഇസ്‌ലാമതം സ്വീകരിച്ചത് അടുത്ത സമയത്തായതുകൊണ്ടോ അല്ലെങ്കിൽ അറിവുള്ളവർ അടുത്ത ദിക്കിലൊന്നും ഇല്ലാത്തതുകൊണ്ടോ നോമ്പു മുറിയുന്ന കാര്യങ്ങൾ പഠിക്കാൻ സാധ്യമാവാത്തതുകൊണ്ട് വിവരമില്ലാതിരുന്നാൽ അതു ന്യായമായ കാരണങ്ങൾ തന്നെയാണ്. ഇത്തരം കാരണങ്ങളൊന്നുമില്ലാതിരുന്നാൽ വിവരമില്ലാതെയായിരുന്നാലും നോമ്പു മുറിയുന്നതാണ്.


   റമളാനിലെ നോമ്പ് സംയോഗം കൊണ്ട് നഷ്ടപ്പെടുത്തിയാൽ ആ നോമ്പു മറ്റൊരു ദിവസം ഖളാഉ വീട്ടേണ്ടതും പുറമേ നഷ്ടപ്പെടുത്തിയ ഓരോ നോമ്പിനും ഓരോ 'കഫ്‌ഫാറത്ത്' (പ്രായശ്ചിത്തം) നൽകേണ്ടതുമാണ്. ഒരു അടിമയെ സ്വതന്ത്രനാക്കുവാൻ സാധിക്കുമെങ്കിൽ അതു ചെയ്യലാണു ഒരു കഫ്ഫാറത്ത്- പ്രായശ്ചിത്തം. തൊഴിൽ ചെയ്യുന്നതിന് ഹാനികരമായി വരുന്ന അംഗഭംഗം പോലത്തെ കോട്ടങ്ങളൊന്നുമില്ലാത്ത മുസ്‌ലിമായ അടിമയെയാണു സ്വതന്ത്രനാക്കപ്പെടേണ്ടത്. ഇത്തരത്തിലുള്ള അടിമകളില്ലാത്തതുകൊണ്ടോ അതു വാങ്ങാനുള്ള കഴിവില്ലാത്തതുകൊണ്ടോ അടിമയെ സ്വതന്ത്രനാക്കുവാൻ സാധ്യമാവാതെ വന്നാൽ രണ്ടു മാസം നോമ്പു പിടിക്കേണ്ടതാണ്. ഈ നോമ്പു തുടങ്ങിയതു മുതൽ ഒരൊറ്റ ദിവസവും ഇടയ്ക്കു വച്ചു വിട്ടുപോവാതെ തുടർച്ചയായിട്ടാണ് അനുഷ്ഠിക്കേണ്ടത്. സംഗതിവശാൽ ഇടയ്ക്കു വെച്ച് ഒരു ദിവസമെങ്കിലും വിട്ടുപോയാൽ ആദ്യം മുതൽ വീണ്ടും ആരംഭിക്കേണ്ടി വരുന്നതാണ്. രണ്ടു മാസം തുടർച്ചയായി അനുഷ്ഠിക്കേണ്ട ഈ നോമ്പിൽ ഓരോന്നിനും രാത്രിയിൽ തന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്. 'കഫ്‌ഫാറത്ത് നോമ്പ് നാളെ ഞാൻ നോൽക്കുന്നു' എന്നാണു നിയ്യത്ത്.


    മാറാവ്യാധികൾ പിടിപെട്ടതുകൊണ്ടോ മറ്റോ ഇങ്ങനെ നോമ്പു പിടിക്കുവാനും സാധ്യമല്ലാതെ വന്നാൽ അറുപതു സാധുക്കൾക്ക് ഭക്ഷ്യധാന്യം കൊടുക്കേണ്ടതാണ്. ഓരോരുത്തർക്കും ഓരോ 'മുദ്ദ്' വീതം കൊടുക്കേണ്ടതാണ്. സകാത്തു നൽകുവാൻ പറ്റുന്ന സാധുക്കൾക്ക് മാത്രമേ കഫ്ഫാറത്ത് കൊടുക്കുവാൻ പാടുള്ളൂ. അല്ലാത്തവർക്ക് കൊടുക്കുവാൻ പറ്റുകയില്ല. അതിനാൽ കഫ്ഫാറത്ത് കൊടുക്കുവാൻ കടപ്പെട്ട വ്യക്തിയുടെ ചെലവിൽ ജീവിക്കുന്ന സാധുക്കൾക്ക് ആ വ്യക്തിയുടെ കഫ്ഫാറത്ത് കൊടുക്കുവാൻ പറ്റുകയില്ല. അതുപോലെ നബി(സ്വ)യുടെ കുടുംബക്കാരായ ഹാശിംമുത്ത്വലിബ്‌ ഗോത്രങ്ങളിൽ പെട്ട സാധുക്കൾക്കും അമുസ്‌ലിംകളായ സാധുക്കൾക്കും കൊടുക്കാൻ പറ്റുകയില്ല. ഈ മൂന്നു വിഭാഗങ്ങൾക്കും സകാത്തു കൊടുക്കുവാൻ പറ്റുകയില്ലല്ലോ. ഫിത്ർ സകാത്തിലേക്കു കൊടുക്കാൻ പറ്റുന്ന ധാന്യങ്ങളായ നാട്ടിലെ മുഖ്യ ആഹാരവസ്തുവിൽ നിന്നാണു കഫ്‌ഫാറത്ത് കൊടുക്കേണ്ടത്. അതു ഓരോ സാധുവിനും ഒരു മുദ്ദ് വീതം 60 സാധുക്കൾക്കു തന്നെ കൊടുക്കണം. ഒരു ദിവസം തന്നെ 60 പേർക്ക് കൊടുത്താൽ മതിയാകുന്നതാണ്. ഒരാൾക്കു തന്നെ 60 ദിവസം ഓരോ മുദ്ദ് കൊടുത്താൽ മതിയാകുന്നതല്ല. കഫ്‌ഫാറത്ത് കടമപ്പെട്ട ആളുടേയും അയാൾ ചെലവുകൊടുക്കൽ നിർബന്ധമായ ആളുകളുടേയും അത്യാവശ്യ ചെലവു കഴിച്ചു ബാക്കിയുണ്ടാവുമ്പോൾ കൊടുത്താൽ മതിയാകുന്നതാണ്. അങ്ങനെ ബാക്കിവരുന്നില്ലെങ്കിൽ കഫ്ഫാറത്ത് എന്നും അയാളുടെ കടമയിൽ അവശേഷിക്കുന്നതാണ്. ഈ പറഞ്ഞ കഫ്‌ഫാറത്ത് റമളാൻ മാസത്തിലെ നോമ്പ് സംയോഗം കൊണ്ടു മുറിച്ചാൽ മാത്രമേ നിർബന്ധമുള്ളൂ. ആ സംയോഗം സ്വന്തം ഭാര്യയേയോ അപരസ്ത്രീകളേയോ ഇതര ജീവികളേയോ ആയിരുന്നാലും കഫ്ഫാറത്തു നിർബന്ധമാണ്. റമളാനിലല്ലാതെ നോൽക്കുന്ന നോമ്പ്- അതു റമളാൻ നോമ്പു ഖളാഉ വീട്ടുകയായിരുന്നാലും-സംയോഗം കൊണ്ടു മുറിച്ചാൽ കഫ്‌ഫാറത്ത് നിർബന്ധമില്ല. അതുപോലെ റമളാനിലെ നോമ്പ് സംയോഗമല്ലാത്ത മറ്റു വല്ല കാരണങ്ങൾ കൊണ്ട് മുറിച്ചാലും അല്ലെങ്കിൽ നോമ്പ് മുറിച്ച ശേഷം സംയോഗം ചെയ്താലും കഫ്ഫാറത്ത് നിർബന്ധമില്ല. അതുപോലെത്തന്നെ മറവിപോലത്ത നോമ്പു മുറിയാത്ത വിധത്തിലുള്ള സംയോഗത്തിനും കഫ്ഫാറത്ത് കൊടുക്കേണ്ടതില്ല. പുരുഷൻമാർക്ക് മാത്രമേ ഈ കഫ്‌ഫാറത്ത് നിർബന്ധമുള്ളു. സ്ത്രീകൾക്കതു നിർബന്ധമില്ല. അവർ നഷ്ടപ്പെട്ട നോമ്പു ഖളാഉവീട്ടിയാൽ മതി.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 212, 213, 214`

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...