Wednesday, May 29, 2024

പാലത്തെ പള്ളിയും* *പിണങ്ങോട്ടെ പള്ളിയുംമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 96/313

 https://www.facebook.com/100024345712315/posts/pfbid02VJA8g6E7mj5YSFyXak1RfVSrC52ntDTEMYi2Sz32eGwWshD7XBEGv9jaCmckTdd1l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 96/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പാലത്തെ പള്ളിയും* 

*പിണങ്ങോട്ടെ പള്ളിയും*


1936 ലാണ് കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ ഖുതുബ മാതൃഭാഷയിൽ നിർവഹിച്ചു തുടങ്ങിയത്. 1944 ലും 1962 ലും  കക്കോടിയിലും എരഞ്ഞിക്കലിലും ഖുതുബ മാതൃഭാഷയിൽ ആരംഭിച്ചു. ഈ കാലയളവിൽ തന്നെയാണ് സമീപ പ്രദേശമായ പാലത്ത് വാഴക്കാട്ടുകാരൻ എം ടി അബ്ദുറഹ്മാൻ മൗലവി മലയാള ഖുതുബ സ്ഥാപിക്കുന്നത്.

സുന്നികളുടെ പള്ളികൾ പിടിച്ചെടുത്തു കൊണ്ടുള്ള ഈ കടന്നുകയറ്റത്തെ ശബാബ് വാരിക രേഖപ്പെടുത്തിയത് കാണുക: 


"യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള പ്രസ്തുത മഹല്ലിൽ (പാലത്ത്) ഖതീബായി മൗലവി നിയമിതനായി. മലയാളത്തിൽ ഖുത്ബ നിർവഹിക്കുന്നത് മത നിഷിദ്ധമായി കണ്ടിരുന്ന മഹല്ലിൽ ആദ്യ വെള്ളിയാഴ്ച അറബിയിലുള്ള ഏട് വായിച്ച് മലയാളത്തിൽ പരിഭാഷപ്പെടുത്തി. അടുത്ത വെള്ളിയാഴ്ച കിതാബിൽ ഉള്ളത് തനിക്ക് ഹൃദിസ്ഥമാണെന്ന് പറഞ്ഞ് കിതാബ് മടക്കിപ്പിടിച്ച് മാതൃഭാഷയിൽ പ്രസംഗം നടത്തി. അതിനുശേഷം ഇന്നുവരെ അവിടെ മലയാള ഭാഷയിൽ ഖുതുബ നിർവഹിച്ചു പോരുന്നു. 


മദ്ഹബീ വീക്ഷണപ്രകാരം റമദാനിലെ തറാവീഹ് നമസ്കാരം 20 റക്അത്ത് നമസ്കരിക്കണമെന്നായിരുന്നു മഹല്ല് നിവാസികളുടെ അഭിപ്രായം. എന്നാൽ പ്രവാചക ചര്യ അനുസരിച്ച് സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അതാണ് നമസ്കരിക്കേണ്ടത് എന്ന് മൗലവിയും പറഞ്ഞു. ഇമാമായി നിൽക്കേണ്ടത് മൗലവി ആയിരുന്നു പ്രവാചകൻ ചെയ്തതുപോലെ സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് നമസ്കരിച്ചു.(പിന്നീട്, തറാവീഹ് എട്ട് റക്അത്താണെന്ന വാദത്തെ മൗലവിമാർ തന്നെ മാറ്റിയിട്ടുണ്ട്)

(ശബാബ് വാരിക 

2009 മെയ് 1 പേജ് 34 )


വയനാട് ജില്ലയിലെ പിണങ്ങോട് സുന്നി പാരമ്പര്യം കാത്തുസൂക്ഷിച്ച പ്രദേശമായിരുന്നു. 1954 ലാണ് ഈ പ്രദേശത്ത് വഹാബി ചിന്തകൾ കടന്നുവരുന്നത്. സി കെ മമ്മൂ ഹാജിയാണ് ഈ പ്രദേശത്തെ ആദ്യ വഹാബി.  പട്ടാമ്പി പറളി സ്വദേശിയായ ടി പി മുഹമ്മദ് മൗലവിയെ പിണങ്ങോട് പള്ളിയിലെ ഖാസിയാക്കി നിശ്ചയിച്ചതിനു പിന്നാലെയാണ് ആ മഹല്ലിൽ ഭിന്നിപ്പും പിളർപ്പുമുണ്ടായത്. സി കെ മമ്മു ഹാജിയാണത്രെ പിഴച്ച ചിന്താഗതിക്കാരനായ ഈ മൗലവിയെ പിണങ്ങോട്ടെത്തിച്ചത്. 

പിന്നീട് സുന്നി മഹല്ല് വഹാബി മഹല്ലായി മാറിയ കഥ ഇങ്ങനെ വായിക്കാം :


"1954 സെപ്തംബർ മൂന്നിന് വ്യാഴാഴ്ച വൈകുന്നേരം പള്ളിയിലെത്തിയ അദ്ദേഹം(പുതിയ ഖാസി ടി പി മുഹമ്മദ് മൗലവി) മുക്രിയെ വിളിച്ചു. ഗൗരവതരത്തിൽ ചില ചോദ്യങ്ങൾ ചോദിച്ചു: "ഇവിടെ അറബിയിൽ ആണോ മലയാളത്തിലാണോ ഖുതുബ ഓതൽ ?" മുക്രി "അറബിയിൽ " ഉം... ഖുതുബക്ക് വാളെടുക്കൽ ഉണ്ടോ ? മുക്രി : "ഉണ്ട്." ആ വാളിങ്ങ് എടുത്തുകൊണ്ടു വാ. മുക്രി അതെടുത്തു കൊടുത്തു. എത്ര ബാങ്ക് കൊടുക്കാറുണ്ട് ? മുക്രി : രണ്ട്. "ഖുതുബ കിതാബ് എടുത്തുകൊണ്ടുവാ " മുക്രി അതും എടുത്തു കൊടുത്തു. ടിപി അതെല്ലാം വാങ്ങി ഖാസിയുടെ റൂമിൽ അലമാരയിൽ പൂട്ടി വെച്ചു. വെള്ളിയാഴ്ച രാവിലെ മുക്രിയോട് താക്കീതെന്നോണം പറഞ്ഞു: ഇന്ന് ജുമുഅക്ക് നീ മആശിറ വിളിച്ചു വാളെടുത്തു തരേണ്ടതില്ല. അതിനുമുമ്പ് ബാങ്കും വിളിക്കേണ്ടതില്ല. ഞാൻ മിമ്പറിൽ കയറി സലാം പറഞ്ഞാൽ നീ ബാങ്ക് കൊടുത്താൽ മതി. പുതിയ ഖാളിയുടെ ആജ്ഞ മുക്രി ഭയത്തോടെ അക്ഷരം പ്രതി പാലിച്ചു. കാരണം പുതിയ വേഷത്തിലും ഭാവത്തിലുമെത്തുന്ന ആദ്യത്തെ ഖാസിയാണിത്. ഖാസിയെ ധിക്കരിക്കാൻ പറ്റില്ലല്ലോ. ജുമുഅ സമയമായി. മആശിറ വിളിക്കേണ്ട സമയം കഴിഞ്ഞു. ജനങ്ങൾ സ്വഫിൽ ഇരുന്നു തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി. അവർ നിസ്കാര കുപ്പായമിട്ട, തലപ്പാവ് ധരിച്ച ഒരു മുസ്‌ലിയാരെയും കാണുന്നില്ല. കണ്ണോട് കണ്ണുകൾ അങ്കലാപ്പ് കൈമാറി കൊണ്ടിരുന്നു. തളംകെട്ടി നിന്ന മൗനത്തെ പിച്ചിച്ചീന്തി കൊണ്ട് പിസി അമ്മദ് സാഹിബ് ഉച്ചത്തിൽ ചോദിച്ചു: എന്താ ഇവിടെ ബാങ്കൊന്നുമില്ലെ. പിസിയുടെ അടുത്തിരുന്ന ടി പി പറഞ്ഞു:  ഹാജിയാരെ അതങ്ങ് കൊടുത്തുകൊള്ളും. സമയമേറെ കഴിഞ്ഞു. മുഖങ്ങളെല്ലാം ചൂടായി ചുവക്കാൻ തുടങ്ങി. പെട്ടെന്നതാ തുർക്കി തൊപ്പിക്കാരൻ മിമ്പറിൽ സലാം പറഞ്ഞിരിക്കുന്നു. ബാങ്ക് ഉയരുന്നു. മലയാളത്തിലൊരു ഗംഭീരൻ ഖുതുബയും. സ്വരസുന്ദരമായ ഖുർആൻ പാരായണവും പെട്ടെന്നെല്ലാം കഴിഞ്ഞു. ഒരു ഇടിയും മഴയും പെയ്തൊഴിഞ്ഞതുപോലെ. ജുമുഅക്ക് ശേഷം ജനം വീട്ടിലേക്ക് പോകുന്നില്ല. പള്ളിക്ക് പുറത്ത് അവിടെയും ഇവിടെയും സംഘം ചേർന്നുനിന്നുള്ള സംസാരം. ബഹളം ലഹള....

(നാൾവഴി -  ഐ എസ് എം വയനാട് ജില്ല സമ്മേളന സുനീർ 2007 പേ: 54)


ഇങ്ങനെ എത്രയെത്ര നാടുകൾ. സുന്നി ആചാരപ്രകാരം നടന്നുവന്ന പള്ളികൾ നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് മൗലവിമാർ കൈവശപ്പെടുത്തിയിട്ടുണ്ട്. മൗലവിമാരുടെ ഹുങ്കും പണക്കാരന്റെ സമ്പത്തും കൂടിച്ചേരുമ്പോൾ പാവങ്ങൾ തോറ്റു പോകുകയാണ്. പലയിടങ്ങളിലും സുന്നികൾ വേറെ പള്ളി നിർമ്മിച്ചു സുന്നി ആദർശങ്ങൾ നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്. പിണങ്ങോടും ഇതുതന്നെയായിരുന്നു അവസ്ഥ.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...