https://m.facebook.com/story.php?story_fbid=pfbid0YzwTaCxWnWSEQJXi1Graqx7eGXfmbAzzTSQnEmvXZxShHFpP6TJHAyzFtNWyCziPl&id=100024345712315&mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 51/313
➖➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*ഐക്യ സംഘത്തിന്റെ അന്ത്യം*
കുറഞ്ഞ ആയുസ്സ് മാത്രമേ ഐക്യ സംഘത്തിന് ഉണ്ടായിരുന്നുള്ളൂ. പത്ത് വയസ്സ് പൂർത്തിയാകുമ്പോഴേക്കും ആദർശ വിഷയത്തിൽ തന്നെ അതിന്റെ നേതാക്കൾ തമ്മിൽതല്ലി നാട്ടുകാരുടെ ഭിന്നിപ്പ് തീർക്കാൻ വേണ്ടി രൂപീകരിച്ച സംഘടന അതിന്റെ നേതൃത്വത്തിന്റെ ഭിന്നിപ്പിനാൽ തന്നെ അന്ത്യം കുറിക്കേണ്ടി വന്ന ദയനീയമായ കഥ ഇ.മൊയ്തു മൗലവിയുടെ മകൻ എം റഷീദ് വിവരിക്കുന്നു:
"പലിശ മുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ. അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന് ഒരു മത വ്യാഖ്യാനം കണ്ടുപിടിച്ചു. ഇത് ചെയ്തത് കെ എം മൗലവി ആയിരുന്നു. ഇതിന് ഹീലത്തുർരിബ എന്ന് പേരിടുകയും ചെയ്തു. ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായഭേദം ഉണ്ടായി. അത് രൂക്ഷം പ്രാപിച്ചു. അൽ അമീനി(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പ്രസിദ്ധീകരണം)ൽ ഹീലതുർരിബയെ വിമർശിച്ചു കൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറിപ്പുകളും വന്നു. എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ നിരൂപണം വളരെ പ്രശസ്തമായിരുന്നു. ഇതിൻെറ ഫലമായി മുസ്ലിം ബഹുജനങ്ങൾ ഐക്യ സംഘത്തിന് എതിരായി. ബാങ്ക് പ്രവർത്തനം നിർത്താൻ അവർ നിർബന്ധിതരായി. ബാങ്ക് പ്രവർത്തനം മാത്രമല്ല നിർത്തേണ്ടിവന്നത്, ഐക്യ സംഘം തന്നെ നിർത്തേണ്ടിവന്നു. ഇതേ പ്രശ്നത്തെക്കുറിച്ച് അനുഭവസ്ഥനായ മൊയ്തു മൗലവി തന്റെ ആത്മകഥയിൽ എഴുതി:
"ബാങ്ക് സ്ഥാപിച്ച് അതുവഴി സമുദായത്തിന്റെ സാമ്പത്തികമായ അധപതന നില പരിഹരിക്കാം എന്ന നിഗമനത്തിൽ അവരെത്തിച്ചേർന്നു. പുതിയ ആദർശങ്ങളെ അനുകൂലിക്കുന്ന ചില മൗലവിമാരുടെ ഫത്‌വകളും അവർ സമ്പാദിച്ചു. മിതമായി പലിശ വാങ്ങുന്നതിന് വിരോധമില്ല എന്ന വാദവും ഉന്നയിച്ചു. അങ്ങനെ ഒരു മുസ്‌ലിം ബാങ്ക് സ്ഥാപിക്കപ്പെട്ടു. അതോടുകൂടി സംഘത്തിൻെറ നേരെയുള്ള എതിർപ്പിന് ശക്തി കൂടി. ജനാബ് അബ്ദുറഹ്മാൻ സാഹിബും മറ്റും മുസ്ലിം ഐക്യ സംഘക്കാരുടെ അനാശാസ്യമായ ഈ സംരംഭത്തെ നഖശിഖാന്തം എതിർത്തു. അൽ അമീൻ പത്രത്തിന്റെ താളുകൾ അതിനായി ഉപയോഗിച്ചു. "
(മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. പേജ് 71)
ഈ മൊയ്തു മൗലവി എൻ്റെ കൂട്ടുകാരൻ എന്ന കൃതിയിൽ എഴുതുന്നു:
"അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീരെ നിഷ്കാസനം ചെയ്യാനും വിദ്യാഭ്യാസം പ്രചരിപ്പിക്കാനുമാണെന്ന പാവനമായ ആദർശത്തെ മുൻനിർത്തിക്കൊണ്ട് വെളിക്കു വന്നിട്ടുള്ള പ്രസ്തുത സംഘടന കാലാന്തരത്തിൽ നിരവധി വയക്കിനും വയ്യാവേലക്കും ഹേതുവായി പരിണമിച്ചു. ആദ്യം നല്ല ജനകാര്യങ്ങളിൽ ഏർപ്പെട്ടുവെങ്കിലും ഒടുവിൽ ബാങ്ക് സ്ഥാപിക്കാനും പലിശ മേടിക്കാനുള്ള ശ്രമത്തിലാണ് ഐക്യ സംഘക്കാർ എത്തിച്ചേർന്നത്. "
(എന്റെ കൂട്ടുകാരൻ - 198
ഇ.മൊയ്തു മൗലവി )
അവസാനം ഐക്യ സംഘക്കാർ ബാങ്കിന്റെ ഷെയർ വിൽക്കാൻ പോയ രസകരമായ കഥ ഈ മൊയ്തു മൗലവി വിവരിക്കുന്നുണ്ട്.
" അൽ അമീൻ അതിനെ കർശനമായും യുക്തിയുക്തമായും എതിർത്തു. തന്നിമിത്തം സീതി സാഹിബിനും അരിശം മൂത്തു. അബ്ദുറഹ്മാൻ സാഹിബിനെയും അൽ അമീനെയും പരുഷമായ ഭാഷയിൽ ആക്ഷേപിച്ചുകൊണ്ട് മുഖ ലേഖനങ്ങളും ലേഖനങ്ങളും എഴുതി. അബ്ദുറഹ്മാൻ സാഹിബിന്റെയും അമീനിന്റെയും എതിർപ്പ് ബാങ്കിന്റെ നടത്തിപ്പിനെ സാരമായി ബാധിച്ചു. കെ എം സീതി , മണപ്പാട്ട് കുഞ്ഞഹമ്മദാജി മുതലായവർ ഷെയർ വിൽക്കാനായി മലബാറിൽ പര്യടനം നടത്തി. ചിലർ അവരുടെ സരസമായ പ്രസംഗങ്ങൾ കേട്ട് മയങ്ങി ഓഹരികൾ സ്വീകരിച്ചുവെങ്കിലും അൽ അമീനിന്റെ മുഖപ്രസംഗം വെളിക്കു വന്നതോടുകൂടി ഐക്യസംഘം നേതാക്കൾ നിരാശരായി മടങ്ങിപ്പോവേണ്ടിവന്നു. ഒന്നാം ഗഡുവിന് പണം അടച്ചവർ അടച്ച പണം മടക്കി തരേണ്ടതില്ലെന്നും രണ്ടാമത്തെ ഗഡുവിനെ ആവശ്യപ്പെടരുതെന്നും പറഞ്ഞു ഒഴിഞ്ഞു. സമുദായത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള മാർഗം അല്ലാഹു കഠിനമായി നിരോധിച്ചിരിക്കുന്ന പലിശ ഹലാൽ ആക്കുകയോ ?എന്നിപ്രകാരമാണ് കോഴിക്കോട്ടെ ചില പ്രബലന്മാർ സീതി സാഹിബിനും മണപ്പാടനും കൊടുത്ത മറുപടിയെന്നത് പ്രത്യേകം പ്രസ്താവ്യമാണ്...അതുകൊണ്ടുണ്ടായ ദോഷഫലം ഐക്യ സംഘക്കാർക്ക് നല്ലവണ്ണം അനുഭവപ്പെട്ടിട്ടുണ്ട്. അങ്ങിനെ ബാങ്ക് പൊളിഞ്ഞു തകർന്നു തരിപ്പണമായി. "
(എന്റെ കൂട്ടുകാരൻ
ഈ മൊയ്തു മൗലവി പേജ് 200)
മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പെട്ട ഈ മൊയ്തു മൗലവിയാണ് ഈ ചരിത്രം രേഖപ്പെടുത്തുന്നത്. എന്നാൽ ആധുനിക മൗലവിമാർ ഈ ചരിത്രം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.
No comments:
Post a Comment