Saturday, October 21, 2023

ഇബ്നു അബ്ദിൽ വഹാബ്* *മദ്ഹബ് സ്വീകരിച്ചിരുന്നു*37

 https://m.facebook.com/story.php?story_fbid=pfbid02emsrTs37sVcKs5ChL5eqFWHksKMBicizwda9Gi2cLEiQrPiDddakSw8iW8JZmuUal&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 37/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇബ്നു അബ്ദിൽ വഹാബ്*

*മദ്ഹബ് സ്വീകരിച്ചിരുന്നു*


ഇമാമുകളെ സ്വീകരിക്കരുത് അഥവാ തഖ്ലീദ് പാടില്ല എന്ന വാദം കേരളത്തിലേക്ക് വന്നത് ജമാലുദ്ദീൻ അഫ്ഗാനി വഴി തന്നെയാണ്. ഗൾഫ് സലഫികളായി അറിയപ്പെടുന്നവർ തഖ്ലീദ് വിരോധികളായിരുന്നില്ല. എന്നാൽ ഇബ്നു അബ്ദുൽ വഹാബ് തഖ്ലീദ് വിരോധിയാണെന്ന് ചില മൗലവിമാർ പ്രചരിപ്പിക്കുന്നുണ്ട്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്.


കെ എൻ എം നേതാക്കളായിരുന്ന കെ പി മുഹമ്മദ് മൗലവിയും എപി അബ്ദുൽ ഖാദിർ മൗലവിയും ചേർന്നെഴുതിയ ഒരു പഠനം എന്ന പുസ്തകത്തിൽ എഴുതുന്നു:


" ഈ ഘട്ടത്തിലാണ് (ഹിജ്റ 1115-1206) ചക്രവാളത്തിൽ ഒരു വെള്ളിരേഖ പ്രത്യക്ഷപ്പെട്ടത്. ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിനു അബ്ദുൽ വഹാബ് ആയിരുന്നു പ്രസ്തുത അത്ഭുതം. ഇസ്‌ലാമിന്റെ പൂർവ്വസങ്കേതമായ അറേബ്യൻ ഉപദ്വീപിൽ അദ്ദേഹം ജാതനായി. അന്നവിടെ നടമാടിക്കൊണ്ടിരുന്ന തഖ്ലീദിനെതിരിൽ അദ്ദേഹം ശക്തിയായി ആക്രമണം നടത്തി. "

(പേജ് : 186)


തഖ്ലീദ് വിരോധത്തിന് കൂടുതൽ ശക്തി ലഭിക്കാൻ ഇബ്നു അബ്ദുൽ വഹാബിലേക്ക് മൗലവിമാർ മനപൂർവ്വം ചേർത്തി പറഞ്ഞതാവാനാണ് സാധ്യത. എന്നാൽ ഇബിനു അബ്ദുൽ വഹാബ് ഹമ്പലി മദ്ഹബ് കാരനാണെന്നും അദ്ദേഹം മുജ്തഹിദായി രംഗത്ത് വന്നിരുന്നില്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്. 


മുജാഹിദ് പണ്ഡിത സഭയുടെ മുൻപ്രസിഡണ്ട് കെ ഉമർ മൗലവി എഴുതുന്നു:


"മുഹമ്മദ് ബിനു അബ്ദുൽ വഹാബ് പുനരുത്ഥാരകനായിരുന്നെങ്കിലും കർമശാസ്ത്ര രംഗത്ത് ഹമ്പലി മദ്ഹബാണ് സ്വീകരിച്ചിരുന്നത്. "


(ഓർമ്മകളുടെ തീരത്ത്

പേജ് 77)


വഹാബികളുടെ വൈറ്റില ദഅവ ബുക്സ് പുറത്തിറക്കിയ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ജീവിതവും ദർശനവും എന്ന പുസ്തകത്തിൽ നിന്ന് :

"ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്‌ലാമിൽ ഒരു മദ്ഹബും സൃഷ്ടിച്ചിട്ടില്ല. ഹമ്പലി മദ്ഹബ് കാരനായിരുന്നു അദ്ദേഹം....ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഗവേഷണം ചെയ്തു പണ്ഡിതന്മാർ കാര്യങ്ങൾ തീരുമാനിക്കുന്നതാണ് ഇജ്തിഹാദ്. മദ്ഹബുകളെ തള്ളിക്കൊണ്ട് ഇബ്നു അബ്ദുൽ വഹാബ് ഇജ്തിഹാദിന് കൂടുതൽ പ്രാധാന്യം നൽകി എന്നൊരാക്ഷേപം അദ്ദേഹത്തിൻ്റെ എതിരാളികൾ ഉയർത്തിയിരുന്നു. അത് അടിസ്ഥാനരഹിതമാണ്. "

(പേജ് : 97, 134, )


മുജാഹിദ് പണ്ഡിതൻ

എം എ മുഹമ്മദലി സുല്ലമി എഴുതുന്നു:


"മുഹമ്മദ് ബിനു അബ്ദുൽ വഹാബ്(റ)യെപ്പോലും ഗൾഫ് സലഫികൾ മുത്വ്‌ലഖ് മുജ്തഹിദായി അംഗീകരിക്കുന്നില്ല.  അദ്ദേഹത്തിന്റെയും മറ്റു സലഫി പണ്ഡിതരുടെയും നിലപാട് വിശദീകരിച്ചുകൊണ്ട് ശൈഖ് അബ്ദുല്ലാഹി ബ്നു മുഹമ്മദ് പറയുന്നത് നോക്കുക: ഞങ്ങളാരും ഇജ്തിഹാദ് മുത്വ്‌ലഖിന് അർഹരല്ല. അപ്രകാരം ഞങ്ങൾ അവകാശപ്പെടുന്നുമില്ല. എന്നാൽ ചില പ്രശ്നങ്ങളിൽ ഞങ്ങൾക്ക് ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും മനസ്സിലാകുന്ന കാര്യം നാല് ഇമാമുകളിൽ ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തോട് യോജിക്കുന്നതാണെങ്കിൽ അത് ഞങ്ങൾ സ്വീകരിക്കുന്നതാണ്. അത് ഞങ്ങളുടെ മദ്ഹബിൽ പറഞ്ഞതിന് വിരുദ്ധമാണെങ്കിലും ശരി. (അദുററുസനിയ്യ 1/126) ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പോലും മുജ്തഹിദ് മുത്‌ലഖല്ല. പ്രത്യുത മദ്ഹബിലെ ചില അഭിപ്രായങ്ങളോട് മാത്രം വിയോജിക്കുന്ന മദ്ഹബിന്റെ പരിധിയിൽ നിന്ന് വ്യതിചലിക്കാതെ ഗവേഷണം നടത്തുന്ന ഒരു മുജ്തഹിദുൽ മദ്ഹബ് ആയിരുന്നുവത്രെ! നമുക്കാകട്ടെ ഈ മലയാള നാട്ടിൽ തന്നെ ശതകണക്കിന് മുജ്തഹിദ് മുത്‌ലഖുകൾ (സർവ്വ സ്വതന്ത്രരായ ഗവേഷകർ ) ഉണ്ട് !. ഈ വിഷയത്തിലുള്ള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടും ഗൾഫ് സലഫികളുടെ വീക്ഷണവും തമ്മിലുള്ള അന്തരം ഇതിൽ നിന്നും സുതരാം വ്യക്തമാകുന്നു."

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് : 117, 118 )


മാത്രമല്ല, ഇജ്തിഹാദിന് യാതൊരു സാധ്യതയും ഇക്കാലത്തില്ലെന്ന് പ്രഖ്യാപിച്ചവരാണ് ഗൾഫിലെ സലഫികൾ.


എം ഐ സുല്ലമി എഴുതുന്നു:


"മുജ്തഹിദ് മുത്വലഖ്  ഉണ്ടാകാനുള്ള സാധ്യത പോലും അവർ തള്ളിക്കളയുന്നു. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ സൗദി അറേബ്യയിലെ പണ്ഡിത സമിതിയുടെ മുഖപത്രമായ മജല്ലത്തുൽ ബുഹൂസ് മാസികയിൽ എഴുതുന്നത് നോക്കുക:


"നവനവങ്ങളായ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനാൽ അവയുടെ മതവിധികൾ മനസ്സിലാക്കാൻ വേണ്ടി എല്ലാകാലത്തും മുജ്തഹിതുകൾ ആവശ്യമാണ്. ഇസ്‌ലാം എല്ലാ കാലത്തേക്കും എല്ലാ പ്രദേശങ്ങളിലേക്കും യോജിച്ച ആദർശമാണ്. ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും നിർധരിച്ചെടുക്കുന്ന വിജ്ഞാനങ്ങൾ പ്രശ്നങ്ങളുടെ പരിഹാരത്തിന് വലിയ മുതൽക്കൂട്ടാണ്. പക്ഷേ, ആരാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ളത് ? മുജ്തഹിദ് മുത്വലഖിനെ നമുക്ക് ആശിക്കാൻ പോലും സാധ്യമല്ല. അത്തരം മുജ്തഹിദുകളുടെ അഭാവത്തെകുറിച്ച് വളരെ കാലം മുമ്പ് മുതൽക്കുതന്നെ പണ്ഡിതർ വിലപിച്ചിരുന്നു.

(മജലത്തുൽ ബുഹൂസ് 

ലക്കം 14 പേജ് 257 )"


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 117)


എന്നാൽ കേരള വഹാബികൾക്കാവട്ടെ മുജ്തഹിദുകൾക്കൊരു പഞ്ഞവും ഉണ്ടായിരുന്നില്ല!

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...