എന്താണ് ശിർക്ക്
സുന്നി :
നിങ്ങൾ മരിച്ചവരോട് സഹാർത്ഥന നടത്തൽ ശിർകാണെന്ന് വാദിക്കുന്നല്ലോ എന്താണ് നിങ്ങളുടെ വീക്ഷണത്തിൽ ശിർക് ?
വഹാബി :
അല്ലാഹുവിന്റെ, പരിശുദ്ധ അസ്തിത്വം പരിശുദ്ധ ഗുണങ്ങൾ പരിശുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൊന്നിൽ മറ്റാർക്കെങ്കിലും പങ്കാളിത്വം സ്ഥാപിക്കലാണ് ശിർക്.
സുന്നി :
മരിച്ചുപോയ മഹാത്മാക്കളോട് സഹായമർത്ഥിക്കുന്നവർ ഇവയിൽ ഏതെങ്കിലും കാര്യത്തിൽ ആർക്കെങ്കിലും പങ്കാളിത്വം സ്ഥാപിക്കുന്നുണ്ടോ !
വഹാബി :
മഹാത്മാക്കളോട് മരണശേഷമോ സാധാരണ ഗതിയിൽ കേൾക്കാത്ത ദൂരത്ത് നിന്നോ സഹായമർത്ഥിക്കുന്നവർ, കാര്യകാരണബന്ധങ്ങൾകപ്പുറമുളള കാര്യം കേൾക്കുക, കാണുക, അറിയുക എന്നീ അല്ലാഹുവിന്റെ ഗുണങ്ങളിൽ മഹാത്മാക്കൾക്ക് പങ്കാളിത്വം സ്ഥാപിച്ചില്ലേ
സുന്നി :
അല്ലാഹുവിന് ഉൺമയുണ്ട്, എനിക്കുമുണ്ട്.അല്ലാഹു കേൾകുന്നു ,ഞാനും കേൾകുന്നു. അല്ലാഹു കാണുന്നു , ഞാനും കാണുന്നു, അല്ലാഹു അറിയുന്നു, ഞാനും അറിയുന്നു : എന്നൊരാൾ പറഞ്ഞാൽ അദ്ദേഹം, അല്ലാഹുവിൻെറ പ്രസ്തുത ഗുണങ്ങളിൽ തനിക്ക് പങ്കാളിത്വം സ്ഥാപിച്ചുവെന്ന് പറയാമോ ?
വഹാബി :
അങ്ങനെ പറയാൻ പറ്റില്ല, കാരണം അല്ലാഹുവിൻെറ സവിശേഷ (അല്ലാഹുവിന് മാത്രമുളള)
ഗുണങ്ങളാണുദ്ദേശ്യം. താങ്കൾ പറഞ്ഞ ഗുണങ്ങൾ അങ്ങനെയുള്ളതല്ലല്ലോ.
എന്നാൽ, കാര്യകാരണ ബന്ധങ്ങൾക്കതീതമായ കേൾവി, കാഴ്ച്ച, അറിവ് എന്നിവ അല്ലാഹുവിന് മാത്രമുളള ഗുണങ്ങളാണ് അത് കൊണ്ട്,
അവയിൽ അല്ലാഹു അല്ലാത്തവർക്ക് പങ്കാളിത്വം വിശ്വസിക്കൽ ശിർക് തന്നെയാണ്.
സുന്നി :
അല്ലാഹുവിന് ‘മാത്രമുളള ഗുണം’ കൊണ്ട് നിങ്ങളുടെ ഉദ്ദേശ്യം എന്താണ് ? നിലവിൽ അല്ലാഹുവിന് മാത്രമുളളത് എന്നാണോ ? അതോ (അനാദ്യത്വം, അനാശ്രിത കഴിവ് / അറിവ്, പോലെ) അല്ലാഹുവല്ലാത്തവർക്ക് ഉണ്ടാവൽ ബൗദ്ധികമായി അസംഭവ്യമായത്
എന്നാണോ ?
വഹാബി :
അല്ലാഹുവല്ലാത്തവർക്ക് ബൗദ്ധികമായി അസംഭവ്യമായത് എന്നാണർത്ഥം.
സുന്നി :
ആ അർത്ഥത്തിൽ
അല്ലാഹുവിന് ' മാത്രമുളള ഗുണം 'മറ്റൊരാൾക്ക് ചാർത്തുന്നത് ശിർകാണെന്നത് ശരി. എന്നാൽ, താങ്കൾ എഴുന്നള്ളിച്ച ‘കാര്യകാരണബന്ധങ്ങൾകപ്പുറമുളള കാഴ്ച്ച / കേൾവി / അറിവ് / കഴിവ്’ മഹാത്മാക്കൾക്കു അല്ലാഹുവിൽ നിന്ന് ലഭിക്കൽ ബൗദ്ധികമായി അസംഭവ്യമല്ലെന്നു വ്യക്തം.
വഹാബി :
എങ്കിൽ, ‘നിലവിൽ അല്ലാഹുവിന് മാത്രമളള ഗുണം’ എന്നർത്ഥം കൽപിക്കാം കാര്യകാരണബന്ധങ്ങൾക്കപ്പുറമുളള കേൾവി, കാഴ്ച്ച, അറിവ്, കഴിവ് എന്നിവ ആ അർത്ഥത്തിൽ അല്ലാഹുവിന് 'മാത്രമുളള ഗുണങ്ങളാണ്. അവയിൽ സൃഷ്ടികൾക്ക് പങ്കാളിത്വം വിശ്വസിക്കൽ തന്മൂലം ശിർകുമാണ്. (ബഹുദൈവ വിശ്വാസവുമാണ്)
സുന്നി :
അല്ലാഹുവിന് ‘മാത്രമുളള ഗുണങ്ങൾ’ക്ക് ‘നിലവിൽ അല്ലാഹുവിന് മാത്രമുളളത്’ എന്ന് അർത്ഥം കൽപിച്ചാൽ, പ്രപഞ്ചം സൃഷ്ടിച്ചപ്പോൾ ദൈവിക ഗുണങ്ങളിൽ പങ്കാളിത്തമുള്ളവരെയാണ് അല്ലാഹു സൃഷ്ടിച്ചതെന്ന് പറയേണ്ടി വരും. (കാരണം : പ്രപഞ്ചം സൃഷ്ടിക്കപ്പെടും മുമ്പ് ഉൺമ, കാഴ്ച്ച, കേൾവി, അറിവ്, കഴിവ് മുതലായവയെല്ലാം ‘നിലവിൽ അല്ലാഹുവിന് മാത്രമുളള’ ഗുണങ്ങളായിരുന്നുവല്ലോ) അതു നിങ്ങൾ പറഞ്ഞാൽ നിങ്ങൾ കടുത്ത മുശ്റികുകളായി മാറുകയും ചെയ്യും
عبد الجليل السعدي المليباري
No comments:
Post a Comment