Wednesday, August 10, 2022

ആമിന നബിയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?! ആമിന നബിയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?!

 


/ആമിന നബിയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?!

ആമിന നബിയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?!

 



മുഹമ്മദിനെ(സ) ഗർഭം ധരിച്ചു എന്ന് പറയുന്നതിനപ്പുറം, ആമിനയ്ക്ക് എത്ര മാസമായിരുന്നു അബ്ദുല്ലയുടെ മരണം സംഭവിക്കുന്ന സമയം എന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും വന്നുകിട്ടിയിട്ടില്ല. അബ്ദുല്ല – ആമിന ദമ്പതികളുടേയും അബ്ദുൽമുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരുമിച്ചാണ് നടന്നത്. അബ്ദുൽമുത്തലിബ് – ഹാല ദമ്പതികളുടെ ദാമ്പത്യം പിന്നീടും വര്‍ഷങ്ങള്‍ നീണ്ടുനിന്നു. ആയതിനാൽ അബ്ദു-മുത്തലിബ് ഹാല ദമ്പതിമാരുടെ മകന്‍ ഹംസ ബിന്‍ അബ്ദുൽ മുത്തലിബ്, അബ്ദുല്ല – ആമിന ദമ്പതിമാരുടെ പുത്രനായ മുഹമ്മദിനെക്കാളും ഇളയവന്‍ ആകണമല്ലൊ. കാരണം, അബ്ദുല്ല വിവാഹത്തിന് ശേഷം മാസങ്ങൾ മാത്രമെ ആമിനയുടെ കൂടെ ദാമ്പത്യം നടത്തിയിട്ടുള്ളു, ശേഷം മരണപ്പെട്ടു. പക്ഷെ ഹംസ മുഹമ്മദിനെക്കാള്‍ മൂന്ന്-നാലു വയസ്സിന് മുതിര്‍ന്നതാണ് എന്നതിലേയ്ക്കാണ് തെളിവുകൾ വിരല്‍ ചൂണ്ടുന്നത്. അപ്പോൾ അബ്ദുല്ല മരണപ്പെട്ടിട്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആമിന ഗര്‍ഭിണിയായത്‌ എന്നല്ലേ വരിക. ഇത് ആമിനയുടെ അവിഹിത ഗർഭത്തിലേക്കല്ലെ വിരൽ ചൂണ്ടുന്നത് ?


ആരോപണം തെളിവുകളുടെ പിൻബലമില്ലാത്തതും ചരിത്ര നിവേദനങ്ങൾ വളരെ ദുർബലവുമാണ്.


കാരണങ്ങൾ:


മുകളിൽ സൂചിപ്പിച്ച വിമർശകരുടെ ആരോപണത്തിൽ മൂന്ന് വാദങ്ങൾ ഉൾക്കൊള്ളുന്നു:


1. അബ്ദുല്ല – ആമിന ദമ്പതികളുടേയും, അബ്ദുൽ മുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരുമിച്ചായിരുന്നു.


2. മുഹമ്മദിനേക്കാൾ(സ) മൂന്ന്-നാലു വയസ്സിന് മുതിര്‍ന്ന വ്യക്തിയാണ് ഹംസ (റ).


3. അബ്ദുല്ലയുടെ ജീവിത കാലഘട്ടത്തിൽ തന്നെ ആമിന മുഹമ്മദിനെ (സ) ഗർഭം ചുമന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവൊന്നുമില്ല എന്ന വ്യംഗ്യമായ സൂചന.


ഈ മൂന്ന് വാദവും തീർത്തും വാസ്തവ വിരുദ്ധവും കളവുമാണ്.


1. അബ്ദുല്ല – ആമിന ദമ്പതികളുടേയും, അബ്ദുൽ മുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരേ ദിവസമായിരുന്നു എന്ന് സൂചിപ്പിക്കുന്ന നിവേദനങ്ങൾ വളരെ ദുർബലങ്ങളാണ് (ദഈഫ് ضعيف).


ഇബ്നു സഅ്ദ് തന്റെ ത്വബക്കാത്തുൽ കുബ്റായിൽ (1/94) ഉദ്ധരിച്ച ഈ നിവേദനത്തിന്റെ നിവേദക പരമ്പര (സനദ് السند) ഇപ്രകാരമാണ്:


قال حدثنا محمد بن عمر بن واقد الأسلمي قال حدثني عبد الله بن جعفر الزهري عن عمته أم بكر بنت المسور بن مخرمة عن أبيها قال وحدثني عمر بن محمد بن عمر بن علي بن أبي طالب عن يحيى بن شبل عن أبي جعفر محمد بن علي بن الحسين قالا…


മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്ലമി നമ്മോട് പറഞ്ഞു – എന്നോട് അബ്ദുല്ലാഹിബ്നു ജഅ്ഫർ അസ്സുഹ്‌രി പറഞ്ഞു – അദ്ദേഹം തന്റെ പിതൃവ്യയായ ഉമ്മു ബകർ ബിൻത്ത് അൽ മിസ്വർ ഇബ്നു മഖ്‌റമയിൽ നിന്ന് – അദ്ദേഹം തന്റെ പിതാവിൽ നിന്ന് – എന്നോട് ഉമർ ഇബ്നു മുഹമ്മദിബ്നു ഉമറിബ്നു അലിയ്യിബ്നു അബീത്വാലിബ് പറഞ്ഞു – അദ്ദേഹം യഹ്‌യബ്നു ശിബലിൽ നിന്ന് – അദ്ദേഹം അബൂജഅ്ഫർ മഹമ്മദിബ്നു അലിയ്യിബ്നുൽ ഹുസൈനിൽ നിന്ന് – അവർ രണ്ടു പേരും പറഞ്ഞു: …..


പരമ്പരയിലെ മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്.

അഹ്മദിബ്നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.


യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്ഥനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ : ഇബ്നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ: അബൂഹാതിം: 8/21, അൽ കാമിൽ ഇബ്നു അദിയ്യ്: 7/ 481)


മറ്റൊരു നിവേദനത്തിന്റെ (അൽ മുസ്തദ്റക്ക്: 2:656) പരമ്പര (സനദ് السند) ഇപ്രകാരമാണ്:


4176 أخبرنا أبو جعفر محمد بن محمد بن عبد الله البغدادي حدثنا هاشم بن مرثد الطبراني حدثنا يعقوب بن محمد الزهري حدثنا عبد العزيز بن عمران حدثنا عبد الله بن جعفر عن أبي عون عن المسور بن مخرمة عن بن عباس عن أبيه قال قال عبد المطلب


അബൂ ജഅ്ഫർ മുഹമ്മദിബ്നു മുഹമ്മദിബ്നു അബ്ദുല്ല അൽ ബഗ്ദാദി നമ്മോട് പറഞ്ഞു – ഹാശിം ഇബ്നു മിർസദ് – യഅ്കൂബിബ്നു മുഹമ്മദ് അസ്സുഹ്‌രി നമ്മോട് പറഞ്ഞു – അബ്ദുൽ അസീസിബ്നു ഇംറാൻ നമ്മോട് പറഞ്ഞു – അബ്ദുല്ലാഹിബ്നു ജഅ്ഫർ – അബൂ ഔനിൽ നിന്ന് – അദ്ദേഹം മിസ്വറിബനു മഖ്റമയിൽ നിന്ന് – അദ്ദേഹം അബ്ബാസിൽ നിന്ന് – അദ്ദേഹം തന്റെ പിതാവായ അബ്ദുൽ മുത്വലിബിൽ നിന്ന്….


നിവേദക പരമ്പരയിൽ അബ്ദുൽ അസീസിബ്നു ഇംറാൻ എന്ന നിവേദകനുണ്ട്. അയാൾ വിശ്വസ്ഥനല്ലെന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.


യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്ഥനല്ല.

ഇമാം ബുഖാരി പറഞ്ഞു: അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

നസാഈ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. ഇമാം ഇബ്നു ഹിബ്ബാൻ പറഞ്ഞു: അയാൾ വിശ്വസ്ഥരായ നിവേദകർക്കെതിരായി ദുർബല ഹദീസുകൾ ഉദ്ധരിക്കുന്ന വ്യക്തിയായിരുന്നു. ഇമാം തുർമുദി, ദാറക്കുത്നി എന്നിവർ പറഞ്ഞു: അയാൾ ദുർബലനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്നുൽ ജൗസി: 2 / 111, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 223, അൽ ജർഹുവതഅദീൽ: അബൂഹാതിം: 5/391)


2. മുഹമ്മദിനേക്കാൾ(സ) മൂന്ന്-നാലു വയസ്സിന് മുതിര്‍ന്ന വ്യക്തിയാണ് ഹംസ (റ) എന്ന് സൂചിപ്പിക്കുന്ന നിവേദനത്തിന്റെ (ത്വബക്കാത്തുൽ കുബ്റാ: ഇബ്നു സഅ്ദ്: 3:10) നിവേദക പരമ്പര ഇപ്രകാരമാണ്:


قال أخبرنا محمد بن عمر قال حدثني موسى بن محمد بن إبراهيم عن أبيه قال


മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി നമ്മെ അറിയിച്ചു – മൂസ ഇബ്നു മുഹമ്മദ് ഇബ്നു ഇബ്രാഹീം തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു – അദ്ദേഹം പറഞ്ഞു:….


നിവേദക പരമ്പരയിലെ മുഹമ്മദിബ്നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ് എന്ന് നാം മുമ്പ് സൂചിപ്പിച്ചു. പരമ്പരയിലെ മറ്റൊരു നിവേദകനായ മൂസ ഇബ്നു മുഹമ്മദ് ഇബ്നു ഇബ്രാഹീമും ദുർബലാണ്.

ഇമാം അബൂ ഹാതിം പറഞ്ഞു: അയാൾ തന്റെ പിതാവിൽ നിന്ന് പിതാവ് പറഞ്ഞിട്ടില്ലാത്ത വ്യാജവർത്തമാനങ്ങൾ ഉദ്ധരിക്കുമായിരുന്നു…വിശ്വസ്ഥരായ നിവേദകർക്കെതിരായി ദുർബല ഹദീസുകൾ ഉദ്ധരിക്കുന്ന വ്യക്തിയായിരുന്നു… യാതൊരു വിധത്തിലും പ്രമാണികനല്ലാത്ത വ്യക്തി.

(അൽ മജ്റൂഹീൻ: 2:241)


ഇമാം ഇബ്നു അബ്ദുൽ ബിർറ് പറഞ്ഞു:

ഹംസ അല്ലാഹുവിന്റെ ദൂതനേക്കാൾ(സ) നാലു വയസ്സ് മുതിര്‍ന്നതാണ് എന്ന് സൂചിപ്പിക്കുന്ന നിവേദനമുണ്ട്. ഇത് സ്വീകാര്യയോഗ്യമല്ല. കാരണം സ്ഥാപിതമായ ഹദീസിൽ വന്നിരിക്കുന്നത് സുവൈബ ഹംസയേയും പ്രവാചകനേയും ഒരുമിച്ച് മുലയൂട്ടിയിട്ടുണ്ട് എന്നാണ്. (മുലയൂട്ടുന്ന പ്രായം രണ്ടു വയസ്സിന് താഴെയാണ്. അപ്പോൾ രണ്ടു പേർക്കും ഏകദേശം ഒരേ പ്രായമാണെന്ന് സ്ഥാപിതമാവുന്നു.)

(അൽ ഇസ്തീആബ്: 1/369)


3. അബ്ദുല്ലയുടെ ജീവിത കാലഘട്ടത്തിൽ തന്നെ ആമിന മുഹമ്മദിനെ(സ) ഗർഭം ചുമന്നിട്ടുണ്ടോ എന്നതിന് വ്യക്തമായ തെളിവൊന്നുമില്ല എന്ന വ്യംഗ്യമായ സൂചന തീർത്തും കുതന്ത്രപരവും തെറ്റിദ്ധരിപ്പിക്കലുമാണ്.

“ചരിത്രകാരനായ ഇബ്നു ഇസ്ഹാക് പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതനെ മാതാവ് ഗർഭം ചുമക്കുന്ന ഘട്ടത്തിലാണ് പിതാവ് അബ്ദുല്ല മരണപ്പെടുന്നത്.


ഇതാണ് ചരിത്രകാരന്മാരായ ഇബ്നു ഇസ്ഹാക് തറപ്പിച്ചു പറയുന്നത്. ഈ അഭിപ്രായത്തെ തന്നെയാണ് വാക്വിദി, ഇബ്നു സഅ്ദ്, ബലാദുരി എന്നിവർ മുന്തിക്കുന്നതും ദഹബി ശരിവെക്കുന്നതും. ഇബ്നുകസീർ പറഞ്ഞു: ഇത് വളരെ പ്രസിദ്ധമാണ്. ഇബ്നുൽ ജൗസി പറഞ്ഞു: (പ്രവാചകൻ തൊട്ടിലിൽ കിടക്കുന്ന പ്രായത്തിലാണ് പിതാവ് അബ്ദുല്ല മരണപ്പെടുന്നത് എന്ന് ചരിത്ര വിശാരദരിൽ ഒരു ന്യൂനപക്ഷത്തിന് അഭിപ്രായമുണ്ട് എന്നതൊഴിച്ചാൽ) പ്രവാചക ചരിത്രം രചിച്ച ഭൂരിഭാഗവും ഇതേ അഭിപ്രായക്കാരാണ്. ഇതിന് ഉപോൽബലകമായ നിവേദനം ഹാകിം ഉദ്ധരിക്കുകയും സ്വീകാര്യയോഗ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. കൈസിബ്നു മഖ്റമ എന്ന പ്രവാചക ശിഷ്യനിൽ നിന്ന് തന്നെ ഇക്കാര്യം ഉദ്ധരിച്ച് ഉറപ്പിക്കുന്നുണ്ട് ഇമാം ദഹബി. ഇബ്നു ഇസ്ഹാക് അല്ലാത്ത ചരിത്രകാരന്മാർ പറയുന്നത് ആമിന പ്രവാചകനെയും കൊണ്ട് രണ്ട് മാസം ഗർഭിണിയായിരിക്കെയാണ് അബ്ദുല്ല മരണപ്പെട്ടത് എന്നാണ്.”

(സുബുലുൽ ഹുദാ വർറശാദ്: അസ്സ്വാലിഹി അശ്ശാമി: 1/331)


 

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...