Tuesday, August 9, 2022

എപി ഉസ്താദ്

 *✍️✍️✍️

*സുലെെമാൻ സഖാഫി മാളിയേക്കൽ*


വിദ്യാര്‍ത്ഥിയായും സഹയാത്രികനായും പല സന്ദര്‍ഭങ്ങളില്‍ എ പി ഉസ്താദുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ച ഭാഗ്യവാന്‍ എന്നാണ് ഞാന്‍ എന്നെ വിശേഷിപ്പിക്കുക. പൊതു സമൂഹത്തിന്റെ പിന്തുണയും പങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളായിരുന്നു ഉസ്താദ് നേതൃത്വം നല്‍കിയ രണ്ട് കേരളയാത്രകള്‍, വിശേഷിച്ചും രണ്ടാം കേരളയാത്ര. സംഘാടന മികവ് കൊണ്ടും പ്രമേയത്തിന്റെ ആകര്‍ഷണീയത കൊണ്ടും ജന പങ്കാളിത്തം കൊണ്ടും രണ്ടുയാത്രകളും ഏറെ വ്യത്യസ്തമാവുകയും ചെയ്തു.


പതിനഞ്ച് ദിവസം ഞാന്‍ ഉസ്താദിന്റെ കൂടെ വണ്ടിയില്‍ യാത്ര ചെയ്തു. ഒരു പക്ഷേ, മാല, അല്ലെങ്കില്‍ ഏട് ഇല്ലാത്ത ഒരു നേരവും ഞാന്‍ കണ്ടിട്ടില്ല. പലപ്പോഴും സ്വലാത്തിന്റെ ഏടില്‍ മുഴുകിയിരിക്കുന്ന ഉസ്താദിനെ ഇത് കേരളയാത്രയാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കും. ചൊല്ലി വച്ച പേജുകള്‍ക്കിടയില്‍ വിരലു വച്ച് ഏട് അടച്ചു പിടിച്ചിട്ട് ഉസ്താദ് എന്നോട് പരിതപിക്കും: നീ ഇതൊന്ന് ചൊല്ലിത്തീര്‍ക്കാന്‍ സമ്മതിക്കില്ലല്ലോ എന്ന്.


രണ്ട് കേരളയാത്രകളിലും കൂടി ഉസ്താദിനെ അടുത്തറിയാനും ഉസ്താദിന്റെ അടുത്തിരിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഒരു മഹാനായ മനുഷ്യനെ അന്നൊക്കെ ഞാന്‍ കണ്ണു നിറഞ്ഞ് കാണുമായിരുന്നു. വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് പിന്നിലിരിക്കുന്ന മഹാനുഭാവനെക്കുറിച്ചോര്‍ത്ത് വിസ്മയം കൊള്ളുമായിരുന്നു. ഈ മഹാത്മാവിന്റെ വിമര്‍ശകരെക്കുറിച്ചോര്‍ത്തസഹതപിക്കുമായിരുന്നു


മുമ്പൊരിക്കല്‍ കുവൈത്തില്‍ വച്ച് ഉസ്താദിന്റെ കൂടെ രണ്ട് ദിവസം ഒരുമിച്ചു യാത്ര ചെയ്യാനും ഒരു രാത്രി ഒരുമിച്ചുറങ്ങാനും എനിക്ക് അവസരം കിട്ടി. രണ്ട് കേരളയാത്രകള്‍ക്കും മുമ്പായിരുന്നു അത്. ഗവണ്‍മെന്റ് അതിഥിയായാണ് ഉസ്താദ് കുവൈത്തില്‍ വന്നിരിക്കുന്നത്. വെട്ടിച്ചിറ മജ്മഇന്റെ പ്രചാരണാര്‍ത്ഥം ഞാന്‍ അപ്പോള്‍ കുവൈത്തിലുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ ചെന്ന് സ്വീകരിച്ചപ്പോള്‍ എന്നോട് കൂടെ വരാന്‍ പറഞ്ഞു. സന്തോഷമായി.


എന്റെ ബേജാറുകളെല്ലാം തല്‍ക്കാലം മാറ്റിവച്ച് ഞാനും ഉസ്താദിന്റെ സഹയാത്രികനായി. ഒരു മഹദ് സംരംഭത്തിന്റെ ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്നതിന് ഈ മഹാനുഭാവന്‍ അനുഭവിക്കുന്ന ത്യാഗങ്ങള്‍, മന:ക്ളേശങ്ങള്‍ എല്ലാം അന്ന് ഞാന്‍ നേരില്‍ അനുഭവിച്ചു.


ലിഫ്റ്റ് പോലുമില്ലാത്ത ബഹുനില കെട്ടിടങ്ങളില്‍ കോണി കയറി ഇറങ്ങിയും ബഹുദൂരം നടന്നും കാത്തിരുന്നും മര്‍കസിനു വേണ്ടി സംഭാവനകള്‍ സ്വരൂപിക്കുന്ന ഉസ്താദിനെ നോക്കി ഞാന്‍ വിസ്മയപ്പെട്ടു. കോണിപ്പടികള്‍ കയറി എന്റെ കാലുകള്‍ കുഴയുമ്പോള്‍ ഇത് വേണ്ടായിരുന്നു എന്ന് ഒരു ദുര്‍ബല നിമിഷത്തില്‍ മനസ്സിലേക്ക് വന്നു വീണ ചിന്തയെ കുടഞ്ഞെറിയാന്‍ ശ്രമിച്ച് മുകളിലേക്ക് നോക്കുമ്പോഴുണ്ടാകും ഉസ്താദ് പടികള്‍ കയറി മുകളിലെത്തി എന്നെ നോക്കി പുഞ്ചിരിക്കുന്നു. എന്താ ക്ഷീണമുണ്ടോ?


 

അന്നു രാത്രി ഉസ്താദിന്റെ കൂടെ ഒരു ഹോട്ടലില്‍ തങ്ങി. ഒരു മണിക്കൂര്‍ പിന്നിട്ടതേയുള്ളൂ, ഉസ്താദിന് ശക്തിയായ പനിവന്നു. പുതപ്പ് കൊണ്ട് ശരീരം മൂടിയിട്ടും കട്ടിലില്‍ കിടന്ന് ഉസ്താദ് വിറയ്ക്കുകയാണ്. ഞാന്‍ ശരിക്കും പേടിച്ചു പോയ സമയം. ഡോക്ടര്‍, ആശുപത്രി എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഒന്നിനും ഉസ്താദ് സമ്മതിച്ചില്ല. ഞാന്‍ ആവുന്നത്ര ശക്തിയില്‍ പറ്റിപ്പിടിച്ച് കിടന്നു. സാവകാശം പനി സമാധാനമായി. വിറയല്‍ നിന്നു. രാവിലെ ദുബൈയിലേക്ക് പോവുകയാണ്. യാത്ര മാറ്റിവച്ച് ഡോക്ടറെ കാണണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചെങ്കിലും അവിടെ മര്‍കസിന്റെ പരിപാടിയുണ്ടെന്നായിരുന്നു മറുപടി. ഉച്ചക്ക് ശേഷം ദുബൈയില്‍ നിന്ന് എന്നെ വിളിച്ചു, പനിമാറി എന്നറിയിച്ചു.


 

പറയുന്നത് ഉസ്താദിനെ കുറിച്ചാകുമ്പോള്‍ വാചാലമായിപ്പോകും. കേരള യാത്രയിലേക്ക് തന്നെ മടങ്ങി വരാം. ഈ യാത്രയില്‍ വച്ചാണ് ഉസ്താദിലെ സൂഫിയെ ഞാന്‍ അടുത്തറിഞ്ഞത്. മുന്‍ കേരളയാത്രയിലും ആ സൂഫിയെ ഞാന്‍ കണ്ടിരുന്നു. അന്ന് പക്ഷേ, അത് ഉള്‍കൊള്ളാന്‍ മാത്രം എന്റെ മനസ്സ് പാകമായിരുന്നില്ല. ഒന്നാം കേരളയാത്രയില്‍ ചില പ്രധാന ചുമതലകള്‍ എനിക്കായിരുന്നു. രണ്ടാമത്തേതില്‍ യാത്രയുടെ ജനറല്‍ കണ്‍വീനര്‍ എന്ന ചുമതലകൂടി നിര്‍വ്വഹിക്കണമായിരുന്നു. സഹ പ്രവര്‍ത്തകരുടെ ഊര്‍ജ്ജസ്വലത കൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളയാത്ര ചരിത്രത്തിന്റെ ഭാഗമായി. പക്ഷേ, ഉത്കണ്ഠയേതുമില്ലാത്ത ഒരു വ്യക്തി മാത്രം കേരളയാത്രയിലുണ്ടായിരുന്നു; യാത്രാ നായകന്‍ കാന്തപുരം ഉസ്താദായിരുന്നു അത്. വേനല്‍ മഴ വര്‍ഷിക്കുന്ന സമയമാണ്. കേരള യാത്രക്കിടയിലോ സ്വീകരണ കേന്ദ്രങ്ങളിലോ മഴ വര്‍ഷമുണ്ടായാല്‍ മാസങ്ങളുടെ അദ്ധ്വാനമാണ് വെള്ളത്തിലാവുക. മേഘക്കീറുകള്‍ കറുത്തിരുണ്ട് വരുമ്പോഴേക്ക് സംഘാടകര്‍ ബേജാറ് പ്രകടിപ്പിച്ചു തുടങ്ങും. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് ടെലിഫോണ്‍ ചെയ്യും; മഴയുണ്ടോ, മേഘമുണ്ടോ എന്നൊക്കെ അറിയാന്‍. ‘എല്ലാം തീരുമാനിക്കുന്നത് അല്ലാഹുവാണ്. അവനോട് പറയാം.’ ഉസ്താദ് സമാശ്വസിപ്പിക്കും. പിന്നെ പ്രാര്‍ത്ഥനയായി, കൂടെയുള്ളവര്‍ ആമീന്‍ പറഞ്ഞ് പ്രാര്‍ത്ഥനയില്‍ പങ്ക് ചേരും. യാത്രയില്‍ ഒരിക്കല്‍ പോലും മഴകാരണം തടസ്സങ്ങള്‍ ഉണ്ടായിട്ടില്ല. സുഖകരമായ കാലാവസ്ഥയില്‍ കേരളയാത്ര മുന്നോട്ടു പോയി.


 

തിരുവനന്തപുരത്തെ സമാപന സമ്മേളനത്തെ കുറിച്ചായിരുന്നു ആശങ്കകള്‍ മുഴുവനും. സമാപന ദിവസം തലസ്ഥാന നഗരി കണ്ട ഏറ്റവും വലിയ മുസ്ലിം സമ്മേളനമാണ് സംഘാടകര്‍ ആസൂത്രണം ചെയ്തത്. പക്ഷേ, തലേ ദിവസം രാത്രിയുണ്ടായ ശക്തമായ മഴ മനസ്സില്‍ ഭീതി നിറച്ചു. ഉസ്താദ് സമാധാനിപ്പിക്കുക മാത്രം ചെയ്തു. രാവിലെ കോരിച്ചൊരിയുന്ന മഴ കണ്ട് പ്രവര്‍ത്തകര്‍ വിളിച്ചു. ഉല്‍ക്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍. മഴ കുറഞ്ഞിരിക്കുന്നു. ഇടക്ക് ആശ്വാസത്തിന്റെ വിളിവരും. അല്ലാഹുവിനെ സ്തുതിച്ചു.


 

പക്ഷേ, സന്തോഷത്തിന് അല്‍പായുസ്സായിരുന്നു. പതിനൊന്ന് മണിയോടെ വീണ്ടും കോരിച്ചൊരിയുന്ന മഴ. ഞങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. ഞാന്‍ ഇടക്കിടെ ഉസ്താദിനെ തിരിഞ്ഞ് നോക്കി. ഉസ്താദ് മാലയില്‍ തന്നെയാണ്. തസ്ബീഹിന്റെ മണികള്‍ വിരലില്‍ ഉരുണ്ട് മറിയുന്നു. മുഖത്ത് പുഞ്ചിരി. യാതൊരു ഭാവ മാറ്റവുമില്ല. എനിക്ക് നിരാശ തോന്നി. ഞാന്‍ ഒരിക്കല്‍ കൂടി വിളിച്ചു: “ഉസ്താദേ.” “സ്നേഹ സംഘത്തോട് നാരിയ്യത്തുസ്വലാത്ത് ചൊല്ലാന്‍ പറയൂ. മഴ ഉണ്ടാകില്ല”. എനിക്ക് ആശ്വാസം. സ്നേഹ സംഘം പ്രവര്‍ത്തകര്‍ സ്വലാത്ത് ചൊല്ലിത്തുടങ്ങി.


 

തിരുവനന്തപുരത്തേക്ക് യാത്ര നീങ്ങുകയാണ്. നഗരിയില്‍ ഇപ്പോഴും കോരിച്ചൊരിയുന്ന മഴയാണ്. പക്ഷേ, ഒടുവില്‍ എല്ലാം ഉസ്താദ് പറഞ്ഞപോലെ തന്നെ സംഭവിച്ചു. ഞാന്‍ അപ്പോള്‍ ആ ഹദീസ് ഓര്‍ത്തെടുക്കുകയായിരുന്നു. അല്ലാഹുവിന്റെ ചില അടിമകള്‍ ചിലത് പ്രസ്താവിച്ചാല്‍ അല്ലാഹു അത് നടപ്പാക്കുമെന്ന് പറയുന്ന ആ നബിവാക്യം. മന്ത്രി ആര്യാടന്‍ മുഹമ്മദ് അന്ന് അക്കാര്യം വളച്ചുകെട്ടില്ലാതെ പറഞ്ഞു: “ഉസ്താദിന്റെ കയ്യില്‍ എന്തോ ഒരു മാന്ത്രിക വിദ്യയുണ്ട്”.


 

സ്വീകരണവും പരിപാടികളും പ്രസംഗങ്ങളും ഭക്ഷണവും കഴിഞ്ഞ് രാത്രി ഏറെ വൈകി ഉറങ്ങുന്ന ഉസ്താദ് മൂന്ന് മണിക്ക് തന്നെ ഓരോ ദിവസവും ഉണര്‍ന്നിരിക്കും. ചിലപ്പോള്‍ ഞങ്ങളും ഉസ്താദിന്റെ മുറിയിലോ അതിന്റെ ചാരത്തോ കിടന്നുറങ്ങും. കട്ടിലില്‍ ഉണര്‍ന്നിരുന്ന് ബാത്ത് റൂമിലേക്ക് എഴുന്നേറ്റ് പോകുന്നത് കാണാനാണ് രസം. കാലുകള്‍ താഴെ വെക്കുന്നതിനു മുമ്പ് സൂക്ഷിച്ചു നോക്കും. അവിടെയായിരിക്കും ചിലപ്പോള്‍ ഡ്രൈവറുടെ അന്തിയുറക്കം. കൂടെയുള്ളവര്‍ റൂമിന്റെ പലഭാഗങ്ങളിലായി ചുരുണ്ടു കൂടിക്കിടക്കുകയാണല്ലോ. ഞങ്ങളെ ആരെയും ഉണര്‍ത്താതെ ബാത്ത്റൂമിലേക്ക് പോകാനുള്ള ശ്രമമാണ് ഉസ്താദ് നടത്തുന്നത്. ഒടുവില്‍ ആ ശ്രമം വിജയിച്ചതായി വിശ്വസിച്ച് ഉസ്താദ് ബാത്ത് റൂമിലേക്ക് കടക്കുമ്പോള്‍ ഞാന്‍ പുതപ്പിനുള്ളില്‍ കിടന്ന് വീണ്ടും വിസ്മയം കൊള്ളും: ഈ മനുഷ്യന്‍ ആരാണ്? വുളു ചെയ്തു വന്നാല്‍ പിന്നെ നിസ്കാരമാണ്. പിന്നെ എന്തെല്ലാം പ്രാര്‍ത്ഥനകളാണ്!


 

കേരളയാത്രയില്‍ ഉസ്താദിന്റെ വാഹന വ്യൂഹത്തിന്റെ ഇരു വശങ്ങളിലും ജനങ്ങള്‍ തിങ്ങിക്കൂടി നില്‍ക്കുന്നു; ഉസ്താദിനെ ഒന്ന് കാണാനാണ്. തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ഞാന്‍ ഉസ്താദിനോട് പറയും: ഒന്ന് പുറത്തേക്ക് കൈ വീശണം. അപ്പോള്‍ സ്വലാത്തിന്റെ ഏടില്‍ നിന്ന് തല ഉയര്‍ത്തി പുറത്തേക്ക് നോക്കി പുഞ്ചിരിക്കും. കൈ വീശും. വീണ്ടും പ്രാര്‍ത്ഥനയുടെ ഏടിലേക്ക് മടങ്ങും. യാത്രയിലുടനീളം ഇത് തുടര്‍ന്നു. ഒരു ഏടും മാലയുമാണോ ഈ മനുഷ്യന്റെ ജീവിതം? ഞാന്‍ പലപ്പോഴും വിസ്മയപ്പെടുമായിരുന്നു. പതിനഞ്ച് ദിവസം ഞാന്‍ ഉസ്താദിന്റെ കൂടെ വണ്ടിയില്‍ യാത്ര ചെയ്തു. ഒരു പക്ഷേ, മാല, അല്ലെങ്കില്‍ ഏട് ഇല്ലാത്ത ഒരു നേരവും ഞാന്‍ കണ്ടിട്ടില്ല. പലപ്പോഴും സ്വലാത്തിന്റെ ഏടില്‍ മുഴുകിയിരിക്കുന്ന ഉസ്താദിനെ ഇത് കേരളയാത്രയാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കും. ചൊല്ലി വച്ച പേജുകള്‍ക്കിടയില്‍ വിരല് വച്ച് ഏട് അടച്ചു പിടിക്കുന്ന ഉസ്താദ് എന്നോട് പരിതപിക്കും: നീ ഇതൊന്ന് ചൊല്ലിത്തീര്‍ക്കാന്‍ സമ്മതിക്കില്ലല്ലോ എന്ന്. ഇന്ന് പകലില്‍ തന്നെ ഈ ഏട് പല തവണ ഓതിയും ചൊല്ലിയും തീര്‍ത്തിട്ടുണ്ട് ഈ മനുഷ്യന്‍. ഇനി കുറച്ച് നേരം പുറത്തേക്ക് നോക്കി കൈ വീശാം. എന്നാല്‍ അങ്ങനെയാകട്ടെ എന്ന ഭാവത്തില്‍ പുറത്തേക്ക് നോക്കി പുഞ്ചിരിച്ചു തുടങ്ങുമ്പോഴേക്കും വലതു കൈയില്‍ തസ്ബീഹ് മാല ഉരുണ്ട് തുടങ്ങിയിരിക്കും.


 

യാത്രകളില്‍ പലപ്പോഴും വെള്ളിയാഴ്ച ഓതേണ്ട അല്‍ കഹ്ഫോ സ്വലാത്തോ ചൊല്ലാന്‍ കഴിയാറില്ല. സമയക്കുറവു തന്നെ കാരണം. പക്ഷേ, കേരളയാത്രയില്‍ എനിക്കത് തിരുത്തേണ്ടി വന്നു. വെള്ളിയാഴ്ച്ച ജുമുഅവരെ ഉസ്താദ് അല്‍ കഹ്ഫിലും സ്വലാത്തിലുമായിരിക്കും. അത് കടമക്ക് വേണ്ടി ഓതിത്തീര്‍ക്കുകയല്ല. പല തവണകളായി ഉസ്താദ് അത് നിര്‍വ്വഹിച്ചിരിക്കും. പലപ്പോഴും സ്വലാത്തില്‍ ഈ മനുഷ്യന്‍ ലയിച്ചിരിക്കുന്നത് കണ്ട് ഞാന്‍ അല്‍ഭുതപ്പെട്ടു പോയിട്ടുണ്ട്. ഈ മഹാമനീഷി ആരാണ്? ഒരു കാര്യം ഉറപ്പാണ്; തന്റെ തിരക്ക് പിടിച്ച ജീവിതത്തിലും ഉസ്താദ് ഒന്നും വിട്ടുപോകുന്നില്ല. സുന്നത്തുകള്‍, വിര്‍ദുകള്‍, ദിക്റുകള്‍, സ്വലാത്തുകള്‍, പ്രാര്‍ത്ഥനകള്‍, എല്ലാം സമയത്തിന് മുറപോലെ നടക്കുന്നു; കൃത്യമായി. നമ്മളൊക്കെ സമയമില്ലെന്ന് പറഞ്ഞ് പലകാര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നത് ഒളിച്ചോട്ടമാണ്. ഒരു ഒഴിഞ്ഞു മാറ്റമാണ്. ഉസ്താദിന് എല്ലാറ്റിനും ഇഷ്ടം പോലെ സമയമുണ്ടല്ലോ, അല്ലാഹുവിന്റെ ഖജനാവിന്റെ അനന്തതയില്‍ നിന്ന് അനുഗ്രഹിച്ചു കിട്ടിയ സമയം!


*✍️✍️✍️

 *മാളിയേക്കൽ സുലൈമാൻ സഖാഫി*

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...