Tuesday, April 19, 2022

പള്ളിപ്പുറം .നടക്കാതെ_പോയ_കുതന്ത്രം

 🌟🌟🌟🌟🌟 


✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 


*നടക്കാതെ_പോയ_കുതന്ത്രം !* 


നല്ലവരായ അല്ലാഹുവിന്റെ ഇഷ്ടക്കാരോടു കൂടെ ചേർക്കണേ, അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ... എന്നിങ്ങനെ ദുആ ചെയ്യാൻ നമ്മോട് കൽപിക്കുന്നുണ്ട്. മഹാന്മാരുടെ ഓരം ചേരാനും അവരുമായി ബന്ധമുണ്ടാകാനും ആഗ്രഹിക്കണം. ഇത് നല്ല വിശ്വാസിയുടെ ലക്ഷണമാണ്. ഇങ്ങനെ മഹത്തുക്കളോട് 'കണക്ഷൻ' ഉള്ളതിനെല്ലാം അല്ലാഹു ബറകത് ചെയ്ത് കൊടുക്കും. 


പറഞ്ഞു വരുന്നത് എന്റെ നാടായ പള്ളിപ്പുറത്തെക്കുറിച്ചാണ്. #ഖുതുബുസ്സമാൻ_മമ്പുറം_തങ്ങളുടെ (റ) നേതൃത്വത്തിൽ നിർമ്മിച്ചതാണ് ഇവിടുത്തെ പഴയ ജുമുഅത് പള്ളി. പിന്നെ, #അമ്പംകുന്ന്_ബീരാൻ_ഔലിയ_ഉപ്പാപ്പ (ഖു:സി) ഇന്നാട്ടിൽ വന്നതും തുലോം വരുന്ന നേർച്ച ഭക്ഷണം ആയിരക്കണക്കിന് ആളുകൾക്ക് വിതരണം ചെയ്യാൻ വേണ്ട പരിഹാരമുണ്ടാക്കിയതും മുമ്പ് എഴുതിയതാണല്ലോ. അതുപോലെ #ആലുവായി_അബൂബക്ർ_മുസ്‌ലിയാരുടെ (ഖു:സി) പാദസ്പർശനവും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. 


നാട്ടിലെ പൗര പ്രമുഖനായ ഒരാൾക്ക് 'കൗളരസ്' (ഇന്നത്തെ കാൻസറിന് സമാനമായ അസുഖമാണത് ) പിടിപെട്ടപ്പോൾ മഹാനരെ കൊണ്ടുവരികയും അതിന് ശമനമുണ്ടാക്കുകയും ചെയ്തതാണ്. അസഹ്യമായ വേദനയാണ് ഈ അസുഖത്തിന്. ഇത് സഹിക്കവയ്യാതെയാണ് മഹാനരെ കൊണ്ടുവരുന്നത്. അങ്ങനെ 'ചായ' ആവശ്യപ്പെടുകയും അതിൽ നിന്ന് ഓർ കുടിച്ച ബാക്കി ആ വ്യക്തിക്ക് കുടിപ്പിക്കുകയുമാണുണ്ടായത്.

"ഇനി വേദന ഉണ്ടാവൂലാ..." എന്നൊരു വാക്കും. അതിന് ശേഷം മരണം വരെ അദ്ദേഹത്തിന് ആ വേദനയുണ്ടായിട്ടില്ല. ഇതിന് ദൃക്സാക്ഷിയായ അദ്ദേഹത്തിന്റെ ഭാര്യ എന്റെ അയൽപക്കത്തായിരുന്നു താമസിച്ചിരുന്നത്. ആ പ്രായമായ ഉമ്മ ഇത് എന്നോട് വിശദീകരിച്ചപ്പോൾ പറയാണ്: 


"മൂപ്പരാ ചായ കൊടുത്തതീ പിന്നെ ന്റെ ഭർത്താവിന്റെ മേനിയിൽ ഒരീച്ച ഇര്ന്നാല്ള്ളെ വേദന പോലും ഉണ്ടായിട്ടില്ല...

ഇതൊക്കെ ന്റെ അനുഭവാ കുട്ട്യേ...

ഇപ്പം ചെലർക്ക് ഇതീലൊന്നും വിശ്വാസമില്ലാതായ്ക്ക്ണ്..." 


അണ്ടിക്കാടൻ അഹ്‌മദ് കുട്ടി ഹാജി പോലെയുള്ള പലരിൽ നിന്നും ഈ സംഭവം ഞാൻ കേട്ടിട്ടുണ്ട്. പള്ളിപ്പുറം പള്ളിയിൽ ദർസ് നടത്തിയിരുന്ന #ഏലംകുളം_മൂസ_മുസ്‌ലിയാർ അന്ന് ഏവർക്കും നല്ലൊരു ആശാ കേന്ദ്രമായിരുന്നു. മഹാനർ മന്ത്രിച്ച വെള്ളത്തിന്റെ ഫലം ഇന്നും പ്രസിദ്ധമാണ്. അവരെക്കുറിച്ച് ഒരു കുറിപ്പ് തന്നെ എഴുതാനുദ്ദേശിക്കുന്നുണ്ട്. إن شاء الله. 


വഹാബികൾക്കെതിരെ توضيح العقيدة എന്ന ഗ്രന്ഥം രചിച്ച #കൊളപ്പറമ്പ്_മുഹ്‌യുദ്ധീൻ_മുസ്‌ലിയാർ പള്ളിപ്പുറത്തുകാരുടെ എല്ലാമെല്ലാമായിരുന്നു. സർവ്വാംഗീകാരമുള്ള ഖാളിയും ഖത്തീബും അങ്ങനെ എല്ലാം.

ഇങ്ങനെ നിരവധി മഹാന്മാരായ ഉലമാഇന്റെയും ഔലിയാഇന്റെയും തണൽ ഏറ്റുവാങ്ങിയ പ്രദേശമാണ് പള്ളിപ്പുറം. ഒന്നുരണ്ട് പേരെ പരാമർശിച്ചെന്ന് മാത്രം. ബാക്കി പിന്നീടൊരിക്കലാവാം. إن شاء الله അവിടെ നടക്കാതെ പോയ ഒരു കുതന്ത്രത്തെക്കുറിച്ചാണ് ഇന്ന് വിവരിക്കുന്നത്. നമുക്ക് ചരിത്രം തുടങ്ങാം: 


ഇസ്സുദ്ദീൻ 'മുസ്‌ലിയാർ' എന്ന വ്യക്തി പള്ളിപ്പുറം മഹല്ലിൽ ദർസ് നടത്താനെന്ന പേരിൽ വന്നു. രണ്ട് വർഷമേ അവിടെ നിലനിൽപുണ്ടായുള്ളൂ (ടിയാനെ കുറിച്ച് 'മുസ്‌ലിയാർ' എന്ന് പറയാനൊക്കില്ല. ശേഷം പറയാം). വാചാലതയും മറ്റ് ആകർഷണീയ സ്വഭാവങ്ങളും കാരണം ജനങ്ങളെ അദ്ദേഹം തന്റെ വലയത്തിലാക്കി. എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ തന്നെ അവിടെ രൂപപ്പെട്ടു. അത് കൊണ്ട് തന്നെ പള്ളിയുടെ മുൻവശത്തുണ്ടായിരുന്ന വലിയൊരു കിടങ്ങ് മണ്ണിട്ട് നികത്താൻ ജുമുഅക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ  " പള്ളിക്ക് മുമ്പിലുള്ള ഈ നരകക്കുണ്ട് നമുക്കൊന്ന് മാറ്റണമല്ലോ ..." എന്ന വാക്ക് മതിയായിരുന്നു. ആവേശപൂർവ്വം ജനങ്ങൾ അത് ഏറ്റെടുക്കുകയും ഒന്നര ദിവസം കൊണ്ട് പണി പൂർത്തിയാക്കുകയും ചെയ്തു. 


ഇങ്ങനെ താനെന്ത് പറഞ്ഞാലും ഇവിടെ അത് നടക്കുമെന്നായപ്പോൾ തന്റെ മനസ്സിലുള്ള ആഗ്രഹങ്ങൾ ഓരോന്നായി പുറത്ത് ചാടാൻ തുടങ്ങി. ഒരു കോളേജ് തുടങ്ങാനായിരുന്നു ആദ്യ പ്ലാൻ. അത് ജനങ്ങളോട് പറഞ്ഞപ്പോൾ 'കുഞ്ഞാലൻ ഹാജി' - എന്ന വ്യക്തി അതിനുള്ള സ്ഥലം വഖ്ഫ് ചെയ്യുകയും ബിൽഡിങ്ങ് നിർമ്മാണത്തിന് 'വെലങ്ങപ്പുറത്ത് കുഞ്ഞിസൂപ്പി ഹാജി' മുന്നോട്ടു വരികയും ചെയ്തു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട കൂടിച്ചേരലുകളും മറ്റ് ഒരുക്കങ്ങളും നടക്കുന്നതിനിടയിൽ നമ്മുടെ 'മുസ്‌ലിയാർ' പള്ളിയുടെ മുകൾ നിലയിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിൽ പങ്കെടുക്കാനായി നാട്ടിലെ 'കുഞ്ഞുമുട്ടി മൊല്ലാക്ക' കോണി കയറി വരുമ്പോഴുണ്ട് ടിയാൻ അവിടെയുള്ളവരെക്കൊണ്ടെല്ലാം ശഹാദത് കലിമ: ചൊല്ലിപ്പിക്കുന്നു ! ഇതെന്താ ഇങ്ങനെ ഒരു കലിമ: ചെല്ലാൻ ? ഇവരെല്ലാം ഇതുവരെ ദീനിന്റെ പുറത്തായിരുന്നോ ? 'കുഞ്ഞുമുട്ടി മൊല്ലാക്ക' ഇത് അവിടെ വെച്ച് ചോദ്യം ചെയ്തു. വാപ്പയും ഉമ്മയും വിശ്വാസികളായതുകൊണ്ട് മുസ്‌ലിമായി  ജനിച്ച ഞങ്ങൾക്ക് ഇനി നിന്റെ വകയായി ഒരു കലിമ: ചൊല്ലിത്തരേണ്ടതില്ലെന്നും അതേറ്റ് ചൊല്ലാൻ തൽക്കാലം ഇപ്പോൾ സൗകര്യമില്ലെന്നും പറഞ്ഞ് അദ്ദേഹം അവിടുന്ന് ഇറങ്ങി പോന്നു. ജന്മനാൽ ആരും മുസ്‌ലിമാവില്ലെന്ന 'ജമാഅതെ ഇസ്‌ലാമി' - യുടെ ആശയമായിരുന്നു അയാൾ നടപ്പിലാക്കാൻ ശ്രമിച്ചത്. 


ഈ വിവരം 'കുഞ്ഞുമുട്ടി മൊല്ലാക്ക' തന്നെ നേരിട്ട് അന്നത്തെ ഖാളിയും ഖത്തീബുമായിരുന്ന #കൊളപ്പറമ്പ്_മുഹ്‌യുദ്ധീൻ_മുസ്‌ലിയാരുടെ അടുത്ത് ചെന്ന് പറഞ്ഞു:

"ഇവന്റെ പോക്ക് ശരിയല്ല. ഇനിയും ഇവനെ വെച്ച് തീണ്ടിയാൽ നമ്മുടെ നാട്ടിൽ ബിദ്അത് വരുമെന്ന് ആശങ്കയുണ്ട് ... " . അങ്ങനെ തൊട്ടടുത്ത ദിവസം തന്നെ ഇരുവരും അന്നത്തെ കമ്മിറ്റി പ്രസിഡണ്ടായിരുന്ന അയമുകാക്കയും ( ഇന്നത്തെ പ്രസിഡന്റ് മാനുഹാജിയുടെ വല്യുപ്പ ) ചേർന്ന് 'മുസ്‌ലിയാർ' സാഹിബിനെ പിരിച്ചു വിട്ടു. അയമുകാക്ക തന്റെ കയ്യിലുണ്ടായിരുന്ന വടി അയാൾക്ക് നേരെ ചൂണ്ടിയിട്ട് രോഷാകുലനായി പറഞ്ഞത്രെ: 


" ഇത് മമ്പുറം തങ്ങളുപ്പാപ്പ കുറ്റിയടിച്ച് ഉണ്ടാക്കിയ പളളിയാണ്.. ഇവിടെ നിന്റെ ആശയങ്ങളൊന്നും നടക്കില്ല.. അത് കൊണ്ട് ഇവിടുന്ന് ഈ നിമിഷം തന്നെ പെട്ടിയുമെടുത്ത് ഇറങ്ങിക്കോ...." 


അവിടുന്ന് അദ്ദേഹം കാസർഗോഡ് ചെല്ലുകയും അവിടെ തന്റെ ഇംഗിതത്തിനനുസരിച്ച് കോളേജ് നിർമ്മിക്കുകയും ചെയ്തു. അതാണ് കാസർഗോഡ് ജില്ലയിലെ ജമാഅതെ ഇസ്‌ലാമിയുടെ 'ആലിയ:' കോളേജ് . അതായത്, മുഹ്‌യുദ്ദീൻ മുസലിയാരും കുഞ്ഞുമുട്ടി മൊല്ലാക്കയും അയമുകാക്കയും ചേർന്ന് അന്ന് അയാളെ ഇറക്കിവിടാൻ ധീരത കാണിച്ചില്ലായിരുന്നുവെങ്കിൽ പള്ളിപ്പുറത്ത് ഉയർന്ന് വരേണ്ട കോളേജ് ...! ജമാഅതുകാരുടെ മുടന്തൻ ആശയങ്ങളുടെ ഒരു സിറ്റിയായി പള്ളിപ്പുറം മാറിയേനെ... അത് ഒഴിവായത് മഹാന്മാരുടെ ബറകത് കാരണം റബ്ബിന്റെ കാവൽ കൊണ്ടാണ്.

അതിന് പകരം ആ സ്ഥലത്താണ് ഇന്ന് കാണുന്ന മദ്റസ: കെട്ടിടം നിർമിച്ചത്.

ഇദ്ദേഹം പള്ളിപ്പുറത്ത് 'മുസ്‌ലിയാർ' ചമയലോടുകൂടെ കേരളത്തിന്റെ തെക്കൻ ഭാഗത്ത് ബിദ്അതിന്റെ പ്രവർത്തനങ്ങളിൽ രംഗത്തുണ്ടായിരുന്നത് പിന്നീടാണ് അറിഞ്ഞത്. പള്ളിപ്പുറം വിട്ടതിന് - അല്ല, ഇവിടുന്ന് ഇറക്കിവിട്ടതിന് - ശേഷം സുന്നി ഉലമാഇനെതിരെ പരസ്യമായി തന്നെ സ്റ്റേജുകളിൽ 'ഇസ്സുദ്ദീൻ മൗലവി' എന്ന പേരിൽ പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു. 


ബിദ്അതിനെ തൊട്ട് നമ്മെയും നമ്മുടെ കുടുംബത്തെയും മറ്റ് ഇഷ്ടക്കാരെയും പടച്ച റബ്ബ് സംരക്ഷിക്കട്ടെ. നമ്മുടെ നാടിനെ അഹ്‌ലുസ്സുന്ന:യുടെ വേരോട്ടമുള്ള ഇടമാക്കട്ടെ . ആമീൻ. 


( തയ്യാറാക്കിയത് : അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം)

💫

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....