ഉള്ളാൾ തങ്ങൾ എന്തിനിറങ്ങി വന്നു?
അംബലക്കടവ് ഫൈസി ഇന്ന് ഫെയ്സ് ബുക്കിലിട്ട ഒരു വീഡിയോ കാണാനിടയായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് ഉള്ളാൾ തങ്ങളും സഹപ്രവർത്തകരും ഇറങ്ങി വന്നത് ശരീഅത്ത് വിവാദ കാലത്ത് 1985 ൽ ഒഹാബി നേതാക്കളുമായി ഇ കെ ഉസ്താദ് വേദി പങ്കിട്ടത് കാരണമാണെന്നാണ് അയാൾ അതിൽ ആമുഖമായി പറയുന്നത്.
ഇത് വസ്തുതാ വിരുദ്ധമാണ്. 1985ലാണ് ശരീഅത്ത് പ്രശ്നം. ശാബാനു കേസും സുപ്രീം കോടതി വിധിയും ജീവനാംശ പുകിലുമൊക്കെ .
ആ വിഷയങ്ങൾ 85 ആഗസ്ത് 8 ന് സമസ്ത വിശദമായി ചർച്ച ചെയ്യുകയുണ്ടായി. ഇ കെ ഉസ്താദ് തന്നെ ഈ യോഗത്തിൽ പുത്തനാശയക്കാരുമായി ചേർന്ന് നമുക്ക് ശരീഅത്ത് സംരക്ഷണം നടത്തേണ്ടതില്ലെന്നും അവർ മദ്ഹബിലധിഷ്ഠിതമായ ശരീഅത്ത് വ്യവസ്ഥകൾ അംഗീകരിക്കാത്തവരാണെന്നും വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല വിവിധ സംഘടനകൾ വെവ്വേറെ പ്രതിഷേധിക്കുമ്പോൾ ഒരു പാട് പ്രതിഷേധ സ്വരങ്ങൾ ഉയരുമെന്നും പറഞ്ഞു.
നമുക്ക് നേരിട്ട് പ്രധാനമന്ത്രിയെ കാണാമെന്നും സമസ്ത തീരുമാനിച്ചു. അതിനായി ഉള്ളാൾ തങ്ങൾ, ഇകെ ഉസ്താദ്, എപി ഉസ്താദ് തുടങ്ങിയവരെ സമസ്ത ചുമതലപ്പെടുത്തി.
എപി ഉസ്താദ് ഇസ്മായിൽ വഫയുമായി സംസാരിച്ച് വിശദ നിവേദനം തയ്യാറാക്കി. ആയത് ഇകെ ഉസ്താദിന് വായിച്ച് കേൾപ്പിച്ചു. പറഞ്ഞ തിരുത്തലുകൾ വരുത്തി.
പ്രധാനമന്ത്രിയെ കാണാൻ തിയ്യതിയും നിശ്ചയിച്ചു. അനുമതിയും കിട്ടി.ടിക്കറ്റുമെടുത്തു. പക്ഷെ ഇകെ ഉസ്താദിനെ ഈ ഘട്ടത്തിലാണ് ലീഗ് സ്വാധീനിക്കുന്നത്. ഈ യാത്ര ഇ കെ യുടെ അസാന്നിധ്യം കാരണം മുടങ്ങി. ലീഗിനെ കൂടാതെ തന്നെ സമസ്തക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഒരവസ്ഥ ലീഗിന് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. സമസ്തയുടെ തീരുമാനം അതിന്റെ സിക്രട്ടറി തന്നെ പൊളിച്ചു. ലംഘിച്ചു. യാത്ര മുടങ്ങി.
മാത്രമല്ല ദിവസങ്ങൾ കഴിഞ്ഞ് ഇ കെ ഉസ്താദിനെ പിന്നീട് കാണുന്നത് കാലത്ത് മുതൽ വൈകുന്നേരം വരെ (ട്രെയിൻ വൈകിയത് നിമിത്തം ) ഒഹാബി നേതാക്കളെ സ്വീകരിക്കാൻ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലായിരുന്നു. അന്ന് വൈകുന്നേരം കോഴിക്കോട് മുതലക്കുളത്ത് ഒഹാബി മൗദൂദി തബ്ലീഗ് നേതാക്കൾക്കൊപ്പം സമ്മേളന വേദിയിലും . മുശാവറ തീരുമാനത്തിന്റെ നഗ്ന ലംഘനമായിരുന്നു അത്.
മാത്രമല്ല പ്രസ്തുത സമ്മേളനത്തിൽ മുജാഹിദ് ഇസ്ലാം അൽ ഖാസിമി എന്ന ഒഹാബി നേതാവ് ഒരു പടികൂടി കടന്ന് മൂന്ന് ഥ്വലാഖ് ചൊല്ലിയാൽ ഒന്നേ പോകൂ എന്ന നാല് മദ്ഹബിനുമെതിരായ പുത്തനാശയ ഫത് വ പുറപെടുവിച്ചു. സ്റ്റേജിലുണ്ടായിരുന്ന
ഇ കെ ഉസ്താദ് അവിടെ മൗനിയായിരുന്നു.
ഇതിനെ അണ്ടോണ ഉസ്താദൊക്കെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഒരു ഭിന്നതയിലെത്തിയിരുന്നില്ല. സമുന്നത നേതാക്കൾ അധികമായി പ്രതികരിക്കാതെ സമസ്തയുടെ സംഘടനാ ഐക്യം കാത്ത് സൂക്ഷിക്കുകയാണുണ്ടായത്. മറിച്ച് ചേളാരിക്കാർ പ്രസംഗിക്കുന്നതൊക്കെ കല്ല് വെച്ച നുണകളാണ്.
അത് കഴിഞ്ഞ് മൂന്ന് വർഷത്തോളമായപ്പോൾ എറണാകുളത്ത് നടത്താൻ നിശ്ചയിച്ച എസ് വൈ എസ് സംസ്ഥാന സമ്മേളനം നിർത്തി വെക്കാൻ ഇ കെ ഉസ്താദിനെ ഉപയോഗിച്ച് ശ്രമിക്കുകയും ആയിടക്ക് വന്ന സമസ്ത കേസിൽ വ്യാജ രേഖകൾ ഹാജരാക്കാൻ ശ്രമിച്ചതുമാണ് പൊടുന്നനെയുണ്ടായ പ്രശ്നങ്ങൾ . സുന്നികളെ ഭിന്നിപ്പിക്കാൻ ലീഗ് എറണാകുളം സമ്മേളനം ആയുധമാക്കുകയായിരുന്നു.
അതിന് ആഴ്ചകൾക്ക് മുമ്പ് ഇ കെ ഉസ്താദ് കോഴിക്കോട് ലീഗ് ഹൗസിലും തലശേരിയിലെ ഒരു പ്രമുഖ ലീഗ് നേതാവിന്റെ വസതിയിലുമെത്തി അടിയുറച്ച ആദർശശാലികളായ സുന്നി പണ്ഡിതരെ പുറത്താക്കാൻ ലീഗ് നേതൃത്വവുമായി ധാരണയിലെത്തിയിരുന്നു എന്ന് ദൃക്സാക്ഷികളിൽ നിന്ന് ബോധ്യപെട്ടിരുന്നു. ഇതേ തുടർന്നാണ് അഹ്ലുസുന്നത്തിന് ജീവൻ നല്കാൻ തയ്യാറുള്ള ഉലമാക്കളെ ഇകെ ഉസ്താദിനെ ദുരുപയോഗിച്ച് പെട്ടെന്ന് പുറത്താക്കി രാഷ്ട്രീയ നേതൃത്വത്തിന്റെയും മറ്റും പിൻബലത്തിൽ സമൂഹത്തിൽ നിന്ന് നിഷ്പ്രഭമാക്കാനാണ് ഇവരുടെ ഗൂഢ ലക്ഷ്യമെന്ന് ബോധ്യപ്പെട്ട ഉലമാക്കൾ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനാണ് കോഴിക്കാട് ജില്ലാ സമസ്ത സിക്രട്ടറി ടി സി മുഹമ്മദ് മുസ്ല്യാർ മുഖേന സമസ്ത ജനറൽ ബോഡി വിളിച്ച് പുന:സംഘടിപിക്കണമെന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത് . കോടതി രേഖകൾ പരിശോധിച്ച് നിയമാനുസൃതമല്ലാതെയും ഭരണഘടന ലംഘിച്ചുമാണ് സമസ്ത പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി പ്രവർത്തനം സ്റ്റേ ചെയ്യുകയും ചെയ്തു.
പിന്നീട് സ്റ്റേ നീക്കിയ ദിവസം അടിയന്തര മുശാവറ വിളിച്ച് വ്യാജ രേഖകൾ സമസ്ത കേസിൽ ഹാജറാക്കുന്നതുൾപെടെ മുൻകൂട്ടി അനുമതിക്ക് ഇകെ ഉസ്താദ് ആവശ്യപ്പെട്ടതും അതിനെ സുന്നി നേതാക്കൾ ചോദ്യം ചെയ്തതും സുവിദിത വസ്തുതകളാണ്. വ്യാജ രേഖകൾ ഹാജരാക്കരുതെന്ന ഉള്ളാൾ തങ്ങളുടെ അഭ്യർത്ഥന നിരാകരിക്കപ്പെട്ടതോടെ തങ്ങൾ ഉൾപ്പെടെ 11 പേർ ഇറങ്ങി പോയി. അതിന് മുമ്പെ ഉള്ളാൾ തങ്ങൾക്ക് അധ്യക്ഷ പദവി നിഷേധിച്ചതോടെ ശിരിയ അലിക്കുഞ്ഞി ഉസ്താദ് ഇറങ്ങി പോയിരുന്നു. അതിന് നാളുകൾക്ക് മുമ്പ് വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ ഇ കെ ഉസ്താദ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ലോക രാഷ്ട്രങ്ങളിലെ വിവിധ ഉന്നത വ്യക്തിത്വങ്ങളെ ക്ഷണിച്ച് നടത്താനിരുന്ന എസ് വൈ എസ് സമ്മേളനം ലീഗ് ഒഹാബി തിട്ടുരത്തിന് വിധേയമായി ഗൂഢാലോചന നടത്തി നിർത്തി വെക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിന് വേണ്ടി ലീഗ് നേതാവ് കൂടിയായ നാട്ടിക മൂസ മുസ്ല്യാരെ കൊണ്ട് മധ്യകേരള സുന്നി സമ്മേളനം എന്ന പേരിൽ ഒരു വ്യാജ സമ്മേളനം പ്രസ്ഥാനത്തിന് പുറത്ത് പ്രഖ്യാപിപ്പിച്ചിരുന്നു. അതിന്റെ പേരും പറഞ്ഞ് രണ്ടു സമ്മേളനവും ഇ കെ ഉസ്താദിനെ ദുരുപയോഗിച്ച് ഇല്ലാതാക്കാമെന്ന ലീഗ് ഇകെ ഗൂഢാലോചനയാണ് എറണാകുളത്ത് സമ്മേളനം നടത്തി സുന്നി നേതാക്കളും ലക്ഷക്കണക്കിന് സുന്നി പ്രവർത്തകരും പൊളിച്ച് കളഞ്ഞത്. അതല്ലാതെ കോഴിക്കോട് ശരീഅത്ത് സമ്മേളനം പിളർപ്പിന് കാരണമായിട്ടില്ലെന്ന് മാത്രമല്ല ഒരു ഗൗരവ വിഷയമായി അത് ഉയർത്തി കൊണ്ട് വന്നിട്ടുമില്ല . പ്രസ്ഥാനം അതിന്റെ പേരിൽ ഭിന്നിക്കരുതെന്നായിരുന്നു ഉള്ളാൾ തങ്ങൾ എപി ഉസ്താദ് എം എ ഉസ്താദ് തുടങ്ങിയ മഹത്തുക്കളായ നേതാക്കൾ ആഗ്രഹിച്ചിരുന്നത്. ഒടുവിൽ സമസ്തയുടെ കെട്ടുറപ്പ് തകർക്കാനും പ്രസ്ഥാനത്തെ പുത്തനാശയക്കാരുമായി കൂട്ടി കെട്ടാനും ലീഗ് ചില സുന്നി നേതാക്കളുമായി വ്യക്തമായ ഗൂഢാലോചന നടത്തിയത് തെളിവ് സഹിതം ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സമസ്ത പുന:സംഘടിപ്പിക്കാൻ ജീവനേക്കാൾ ദീനിന് പ്രാമുഖ്യം നല്കിയ നേതാക്കൾ തീരുമാനമെടുത്തതും അതൊരു മഹാ ചരിത്ര സംഭവമായി മാറിയതും. രാഷ്ട്രീയ പിടിയിൽ നിന്ന് സുന്നി പ്രസ്ഥാനത്തെ മോചിപ്പിക്കുകയായിരുന്നു ആ നേതാക്കൾ സമസ്ത പുന:സംഘടനയിലൂടെ ചെയ്തത്. അന്ന് ലീഗിന് വേണ്ടി ചാര പണി നടത്തിയവർ ഇന്നും ആ പ്രതിസന്ധികളിൽ പെട്ട് ഉഴലുന്നതും നാം കാണുന്നു.
തിരക്കഥയുടെ പ്രധാന തെളിവായിരുന്നു അവസാന മുശാവറയിൽ മുൻകാലത്തെ പതിവിന് വിപരീതമായി ഉള്ളാൾ തങ്ങളെ അധ്യക്ഷസ്ഥാനത്തിരുത്താതിരുന്നത്. ദീർഘകാലമായി കണ്ണിയത്തുസ്താദിന്റെ അഭാവത്തിൽ താജുൽ ഉലമ ഉള്ളാൾ തങ്ങൾ ആയിരുന്നു സമസ്ത മുശാവറ യോഗത്തിൽ ആധ്യക്ഷം വഹിക്കാറുണ്ടായിരുന്നത്.
ഈ യോഗത്തിൽ പതിവ് മാറ്റി. മാത്രമല്ല ഇറങ്ങി പോയ 11 പേരെ പുറത്താക്കുന്നതിന് പകരം മുൻകൂർ കണ്ട് വെച്ച 6 പേരെ പുറത്താക്കിയതായി സമസ്തയുടെ പേരിൽ ജന. സിക്രട്ടറി ഇകെ ഉസ്താദ് വാർത്ത നല്കി.
ഉള്ളാൾ തങ്ങൾ എ.എ. ഉസ്താദ് എപി ഉസ്താദ് ചിത്താരി ഉസ്താദ് മാനുപ്പമുസ്ല്യാർ അണ്ടോണ മുഹ്‌യദ്ദീൻ ഉസ്‌താദ് ഇവരായിരുന്നു ആ ധീര കേസരികൾ . അവർക്ക് കോഴിക്കോട് നല്കിയ സ്വീകരണ സമ്മേളനത്തിൽ മാനുപ്പമുസ്ല്യാർ ആലപുഴ പ്രസംഗിച്ചത് സമസ്തയിലെ ഈമാൻ കാര്യങ്ങൾ പുറത്താണുള്ളത് എന്നായിരുന്നു. അവരാണ് ബിദഈ ബാന്ധവത്തിൽ നിന്നും രാഷ്ട്രീയ മേൽക്കോയ്മയിൽ നിന്നും സമസ്തയേയും ഈ രാജ്യത്തെ സുന്നി പ്രവർത്തകരേയും രക്ഷിച്ചതും അസ്ഥിത്വമുള്ള പ്രസ്ഥാനമായി മാറ്റിയെടുത്തതും.
സലീം കക്കാട്
No comments:
Post a Comment