Friday, December 3, 2021

ഇസ്‌ലാം:ജൂത ശിക്ഷാവിധി: പ്രവാചകരുടേത് നീതിരാഹിത്യമോ?

 


  


ജൂത ശിക്ഷാവിധി: പ്രവാചകരുടേത് നീതിരാഹിത്യമോ?



ജൂതഗോത്രമായ ബനൂഖുറൈളക്കെതിരെ നടപടിയെടുത്തത്, അവർ രാഷ്ട്ര സുരക്ഷക്കു വിരുദ്ധമായി നബി(സ്വ)യുമായുണ്ടാക്കിയ കരാർ ലംഘിച്ചതുകൊണ്ടാണെന്ന വാദം ശരിയല്ല; അങ്ങനെയൊരു കരാർ തന്നെ നടന്നിട്ടില്ല എന്നൊക്കെയാണ് ചില വിമർശകർ ആരോപിക്കുന്നത്. തികച്ചും വസ്തുതാ വിരുദ്ധമാണിത്.

നേരത്തെ സൂചിപ്പിച്ച പോലെ ജൂതന്മാരോട് രണ്ട് കരാറുകളുണ്ടായിട്ടുണ്ട്. ജൂതന്മാരടങ്ങുന്ന മദീനാനിവാസികളോട് മൊത്തത്തിൽ നടത്തിയ പൊതുവായതാണ് ഒന്ന്. മദീന ചാർട്ടർ എന്ന പേരിൽ വിശ്രുതമായ പ്രസ്തുത ഉടമ്പടി ആരംഭിക്കുന്നതിങ്ങനെ: ‘പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ! അല്ലാഹുവിന്റെ ദൂതൻ മുഹമ്മദും മക്കയിലെ മുഹാജിറുകളും മദീനയിലെ അൻസ്വാറുകളും ജൂതന്മാരും മറ്റു സഹായികളായ ബഹുദൈവാരാധക ഗോത്രങ്ങളുമായി എഴുതിയ ഉടമ്പടി.’

ഈ വ്യവസ്ഥയിൽ 47 ഖണ്ഡികകളുണ്ട്. അവയിൽ നിന്ന് ചിലത് കാണാം:

1. മുകളിൽ പറയപ്പെട്ടവർ ഒരു ഉമ്മത്തായി നിലകൊള്ളും.

2. അല്ലാഹുവിന്റെ സംരക്ഷണം എല്ലാവർക്കുമാണ്. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കും ലഭ്യമാക്കണം.

3. അനുയായികളായ ജൂതന്മാർക്ക് എല്ലാ സഹായവും പിന്തുണയും തുല്യതയും നൽകും.


4. സൈനിക പര്യടനങ്ങൾക്ക് പുറപ്പെടുമ്പോൾ സൈനിക നേതൃത്വത്തെ അറിയിക്കുകയും സേനയുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണം. സഖ്യകക്ഷികളായ ജൂതഗോത്രങ്ങളുടെ ശത്രുക്കളെ ഒരിക്കലും സഹായിക്കുന്നതല്ല.

5. അവിശ്വാസികൾ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത് നിൽക്കാൻ പാടില്ല (കാരണം, ഖുറൈശികൾ മദീനയിലെ രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാൽ രാഷ്ട്ര ശത്രുക്കളാണ്).

6. ജൂത ഗോത്രമായ ബനൂ ഔഫിനെ വിശ്വാസികളായ മുസ്‌ലിംകളോടൊപ്പം ഒറ്റ ഉമ്മത്ത് (കമ്യൂണിറ്റി) ആയി പരിഗണിക്കും. ജൂതന്മാർക്ക് അവരുടെ മതത്തിൽ നിലകൊള്ളാം. അവരുടെ സ്വതന്ത്രമാക്കപ്പെട്ട ആളുകൾക്കും ഇത് ബാധകമാണ്. അന്യായം പ്രവർത്തിക്കുന്നവർക്കും പാപം ചെയ്യുന്നവർക്കും ഇത് ബാധകമല്ല. കാരണം അവർ അവരോടും അവരുടെ കുടുംബത്തോടും ദ്രോഹമാണ് ചെയ്യുന്നത്.

7. ബനൂ ഔഫിനു ബാധകമാക്കപ്പെട്ട മേൽപറഞ്ഞ നിബന്ധനകൾ ബനൂന്നജ്ജാർ ഗോത്രത്തിനു ബാധകമാണ്. അവിശ്വാസികൾ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത് നിൽക്കാൻ പാടില്ല (കാരണം ഖുറൈശികൾ മദീനയിലെ രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാൽ ശത്രുക്കളാണ്).

8. ജൂത ഗോത്രങ്ങളുടെ ആശ്രിതരും അവരെപ്പോലെ തന്നെ.

9. ആരും മുഹമ്മദ് നബിയുടെ അനുവാദമില്ലാതെ യുദ്ധത്തിന് പോകാൻ പാടില്ല.

10. ജൂതന്മാർ അവരുടെ വിഹിതവും മുസ്‌ലിംകൾ അവരുടെ വിഹിതവും വഹിക്കണം. ഈ കരാറിൽ പറയപ്പെട്ട വിഭാഗങ്ങൾക്കു നേരെ നടക്കുന്ന യുദ്ധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. അവർക്കിടയിൽ സൗഹാർദവും പരസ്പര സഹകരണവും സത്യസന്ധതയും രാജ്യസ്‌നേഹവും വളർത്തിയെടുക്കണം.

11. ഈ ഉടമ്പടിയിൽ പറയപ്പെട്ടവർക്ക് മദീന ഒരു ശാന്തിഗേഹമായിരിക്കും.

12. ദ്രോഹമോ വഞ്ചനയോ കാണിക്കാത്തവർക്ക് അതിഥി ആതിഥേയനെപ്പോലെയായിരിക്കും.

13. മക്കയിലെ ഖുറൈശികൾക്കും അവരെ സഹായിക്കുന്നവർക്കും ഒരുവിധ സംരക്ഷണവും നൽകുന്നതല്ല.

14. മദീനയെ ആക്രമിക്കുന്നവരെ ഈ ഉടമ്പടിയിലെ കക്ഷികൾ ഒന്നിച്ച് നേരിടും.

15. ഉടമ്പടിയിലെ കക്ഷികളെ ഒത്തുതീർപ്പിനും സന്ധിസംഭാഷണത്തിനും വിളിക്കുമ്പോൾ അവർ സന്ധി അംഗീകരിക്കണം. മുസ്‌ലിംകൾ യുദ്ധസന്ദർഭങ്ങളിലല്ലാത്തപ്പോൾ അവരും സമാധാന സന്ധി അംഗീകരിക്കണം. ഓരോ വിഭാഗവും അവരുടെ വിഹിതം വഹിക്കണം.

16. ജൂതഗോത്രമായ അൽഔസിനും അവരുടെ ആശ്രിതർക്കും ഉടമ്പടിയിലെ കക്ഷികൾക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഉടമ്പടിയോട് അവർ സത്യസന്ധത കാട്ടണം.

17. കുറ്റവാളി കുറ്റത്തിന്റെ ഭാരം വഹിക്കണം. അല്ലാഹു നീതിപൂർവം ഈ കരാർ രേഖപ്പെടുത്തുന്നു. തിന്മയും പാപവും പ്രവർത്തിക്കുന്നവരെ ഈ രേഖ സംരക്ഷിക്കുന്നില്ല. അല്ലാഹു നന്മ ചെയ്യുന്നവരെയും സത്യസന്ധതയോടെ പ്രവർത്തിക്കുന്നവരെയും സംരക്ഷിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു.

കരാറിൽ പല ഗോത്രക്കാരെയും പ്രത്യേകമായി പറയുന്നുണ്ട്. എന്നാൽ ചിലരെ വ്യംഗമായേ പറയുന്നുള്ളൂ. മദീനയിലെ മുസ്‌ലിംകളും അവിടെയുള്ള ജൂതന്മാരോടുമുള്ള കരാറിൽ ഉൾപ്പെടുന്നുണ്ട് ബനൂഖുറൈള.

അവരെ പരാമർശിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ബനൂഔസിനെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. അവരോട് സഖ്യത്തിലുള്ളവരാണ് ബനൂഖുറൈള. വിമർശകർ അവലംബിക്കാറുള്ള ഇബ്‌നു ഇസ്ഹാഖിന്റെ സീറയിൽ കരാർ ബന്ധത്തിൽ സഖ്യത്തിലുള്ളവർ (ഹലീഫ്) അഥവാ അവരോട് ബന്ധത്തിലുള്ള ആളുകൾക്കും ഇത് ബാധകമാണ്. അവർക്ക് പ്രവാചകന്റെ പ്രത്യേക അനുമതിയില്ലാതെ ഇതിൽ നിന്ന് പിന്മാറാൻ കഴിയില്ല എന്നു കൂടി ചേർത്തിട്ടുണ്ട്. ബനൂ ഔസുമായി സഖ്യത്തിലുള്ളവരാണ് ബനൂ ഖുറൈള. അതുപോലെ ഖസ്‌റജിനോട് സഖ്യത്തിലുള്ളവരാണ് ബനൂ ഖൈനുഖാഅ. അഥവാ പൊതുവായി ഈ കരാറിൽ അവർ ഉൾപ്പെടുന്നുണ്ട്.

ക്രിസ്ത്യാനിറ്റി, ഇസ്‌ലാമിക പഠനങ്ങൾ ധാരാളായി നടത്തിയ പ്രൊ. മോൺഗോമറി വാട്ട് മുഹമ്മദ് ഇൻ മദീന എന്ന പുസ്തകത്തിൽ ബനൂഖുറൈളക്കാർ ഈ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും അവരുടെ നേതാവായ കഅബ് ബ്‌നു അസദ് അവരുടെ ഗോത്രത്തെ പ്രതിനിധീകരിച്ച് ഈ രേഖയിൽ ഒപ്പിട്ടിട്ടുണ്ട് എന്നും സൂചിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ചരിത്രകാരന്മാർ ബനൂഖുറൈള എന്ന പദം അതിൽ പ്രയോഗിച്ചിട്ടില്ലെങ്കിലും ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് പൊതുകരാർ അവർക്കു കൂടി ബാധകമാണെന്ന് ന്യായമായും വിലയിരുത്താം.

ഇനി ഒരു വാദത്തിന് വേണ്ടി അവർ ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്ന് നമ്മൾ സമ്മതിച്ചുകൊടുത്താൽ പോലും ഇവരുമായി കരാർ ഉണ്ടായിട്ടില്ലെന്ന് പറയാൻ കഴിയില്ല. മറിച്ച് പ്രത്യേകമായി ഒരു കരാർ ഇവരുമായി ഉണ്ടായിട്ടുണ്ട്.

പ്രവാചകർ(സ്വ) മദീനയിലെത്തിയതിനു ശേഷം സ്ഥിര ശത്രുക്കളായിരുന്ന ഗോത്രങ്ങളെ ഏകോദര സഹോദരങ്ങളാക്കുകയും ജൂതരുമായും മറ്റും കരാറുകളിലേർപ്പെടുകയും ചെയ്തു. ശേഷം സമാധാനം പൂത്തുലഞ്ഞ മദീന പുരോഗതിയിലക്ക് കുതിച്ചു. ഇത് കണ്ട് സഹിക്കവയ്യാതെ മക്കയിലെ ശത്രുക്കൾ പലരെയും സ്വാധീനിക്കാൻ ശ്രമിച്ചു. ജൂതരാണ് അവർക്ക് സഹായം വാഗ്ദാനം ചെയ്തത്. സന്ധി സംഭാഷണത്തിനെത്തിയ നബി(സ്വ)യെ കെട്ടിടത്തിനു മുകളിൽ നിന്ന് കല്ലുരുട്ടി തലയിലിട്ട് കൊല്ലാൻ ശ്രമിച്ചതടക്കം നിരവധി കരാർ ലംഘനങ്ങൾ അവർ നടത്തുകയുണ്ടായി. ജിബ്‌രീൽ(അ) വധശ്രമത്തെ കുറിച്ച് നബി(സ്വ)യെ അറിയിച്ചപ്പോൾ, അവിടന്ന് പ്രസ്തുത ചർച്ചാവേദിയിൽ നിന്ന് ഇറങ്ങിപ്പോരുകയാണുണ്ടായത്.

പ്രസ്തുത സംഭവത്തെ തുടർന്ന് കിനാനത്തു ബ്‌നു സുഹൈറാ എന്നയാൾ ജൂതന്മാരോട് ചോദിച്ചു: മുഹമ്മദ് നബി ഇവിടെ നിന്ന് പോകാനുള്ള കാരണം എന്താണെന്ന് അറിയുമോ? അവർ പറഞ്ഞു: അറിയില്ല. അദ്ദേഹം പ്രതിവചിച്ചു: തീർച്ചയായും തൗറാത്ത് തന്നെ സത്യം, അദ്ദേഹത്തെ കൊല്ലാൻ നിങ്ങൾ ശ്രമിച്ചത് അദ്ദേഹം അറിഞ്ഞിട്ടുണ്ട്. നിശ്ചയം അദ്ദേഹം അല്ലാഹുവിന്റെ റസൂലാണ്. തൗറാത്തിൽ പറഞ്ഞിട്ടില്ലേ, ഇങ്ങനെ ഒരു നബി വരാനുണ്ടെന്നും അദ്ദേഹം മക്കയിൽ ജനിക്കുകയും മദീനയിലേക്ക് ഹിജ്‌റ വരികയും ചെയ്യും, അദ്ദേഹത്തിന് ഇന്നാലിന്ന പ്രത്യേകതകൾ ഉണ്ടാകുമെന്നും നമുക്ക് അറിയില്ലേ, നിശ്ചയമായും ഇതെല്ലാം ആ വ്യക്തിയിലുണ്ട്. അതുകൊണ്ട് തീർച്ചയായും നിങ്ങളുടെ രക്ഷക്ക് ആ നബിയെ പിന്തുടരുക തന്നെ ചെയ്യുക.

സ്വമതത്തിൽ പെട്ട സുഹൈറയുടെ വാക്കുകളും അവർ ചെവികൊണ്ടില്ല. മദീനാ രാഷ്ട്രത്തിനു ഭീഷണിയാവും വിധം നിരന്തരം അവർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുവന്നു. മക്കയിൽ നിന്ന് വൻസംഘമായെത്തുന്ന ഇസ്‌ലാമിന്റെ ശത്രുക്കളായിരുന്നു അവരുടെ പ്രതീക്ഷ. നബി(സ്വ)യും അനുചരരും ആ മലവെള്ളപ്പാച്ചിലിൽ നാമാവശേഷമാകുമെന്ന് അവർ ദിവാസ്വപ്നം കണ്ടു.

ബനൂഖുറൈളയെക്കൂടി നബിക്കെതിരെ തിരിക്കാനായി ബനൂനളീറിന്റെ ശ്രമം. അവരുടെ നേതാവായ ഹുയയ്യുബ്‌നു അഖ്തബ് ബനൂഖുറൈളയുടെ നേതാവായ കഅ്ബ് ബ്‌നു അസദിന്റെ അടുക്കൽ ചെന്നു. അദ്ദേഹത്തെ കണ്ടപാടെ കഅ്ബ് ബ്‌നു അസദ് പറഞ്ഞു: ഹുയയ്യേ, നീ വന്നത് ഒരു അവലക്ഷണമായാണ് ഞാൻ മനസ്സിലാക്കുന്നത്. നിന്നെ എനിക്ക് ആവശ്യമേ ഇല്ല. മുഹമ്മദിനോടുള്ള കരാർ ലംഘിക്കാൻ പറയാനല്ലേ നീ വന്നത്? മുഹമ്മദ് നബിയിൽ നിന്ന് സത്യവും നന്മയും സത്യസന്ധതയും കരാർപാലനവും മാത്രമേ ഞാൻ അനുഭവിച്ചിട്ടുള്ളൂ. മുഹമ്മദ് നബി(സ്വ) എന്നോട് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഞാൻ അദ്ദേഹത്തോടും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ ഈ കരാർ ലംഘിക്കുകയില്ല എന്ന് പറഞ്ഞ് ഹുയയ്യിനെ പറഞ്ഞയക്കുകയാണ് ചെയ്തത്. മുഹമ്മദ് നബി(സ്വ)യുടെ സത്യസന്ധതക്കുള്ള നേർസാക്ഷ്യമാണിത്.

എന്നാലും നിരന്തരമായി സമ്മർദം ചെലുത്തി വലിയ വാഗ്ദാനങ്ങൾ നൽകി കഅ്ബിനെയും ബനൂഖുറൈളയെയും നബി(സ്വ)ക്കെതിരെ അണിനിരത്തുന്നതിൽ ഹുയ്യയ്യ് വിജയിക്കുകയുണ്ടായി.

കരാർ ചെയ്തതായും ലംഘിച്ചതായും അവർതന്നെ സമ്മതിച്ചതാണ്. അതു കാരണമാണ് നടപടിയുണ്ടായത്.

(സീറത്തുബ്‌നു ഇസ്ഹാഖ് ബ്‌നു ഇസ്ഹാഖ്-റ, സുനനുൽ കുബ്‌റ ഇമാം ബൈഹഖി-റ, അൽബിദായ വന്നിഹായ, സീറ, റൗളുൽ അൻസ് ഇബ്‌നു ഹിശാം).


ഇങ്ങനെയൊക്കെയാണെങ്കിൽ ബനൂന്നളീറല്ലേ ബനൂഖുറൈളയെക്കാൾ ശിക്ഷക്ക് അർഹർ? എന്നിട്ട് അവരെ നാടുകടത്തുകയും ഇവർക്ക് വധശിക്ഷ നൽകുകയും ചെയ്തത് എന്തുകൊണ്ടാണ്? ഇതാണ് മറ്റൊരു വിമർശനം. പരിശോധിക്കാം.

ബനൂനളീർ ബനൂഖുറൈളയെ പോലെ തന്നെ ആദ്യത്തെ പൊതുവായ കരാർ ലംഘിച്ചിട്ടുണ്ട്. തങ്ങളെ ആക്രമിക്കുകയില്ലെന്ന് ഒരു പ്രത്യേക കരാർ ചെയ്യാനാവശ്യപ്പെട്ടപ്പോൾ ചെയ്തതുമില്ല. കരാർ ചെയ്യാതെ നേരെ സമരത്തിന് വന്നപ്പോൾ അവരോട് തിരിച്ചും സമരം ചെയ്യുകയും ആ സമരത്തിൽ അവർ പരാജയപ്പെടുകയും ചെയ്തു. ‘ഞങ്ങൾ ഇവിടന്ന് പൊയ്‌ക്കോളാം. ഞങ്ങളെ ഒന്നും ചെയ്യാതിരുന്നാൽ മതി’ എന്ന് അവർ പറഞ്ഞപ്പോൾ അവരെ വെറുതെ വിട്ടു. നമ്മെ വെറുതെ വിടുകയും നാം ഇത്രയൊക്കെ മുസ്‌ലിംകൾക്ക് നേരെ വധശ്രമങ്ങൾ നടത്തിയിട്ടും അക്രമങ്ങൾ ചെയ്തിട്ടും നമ്മെ തിരിച്ചു കൊല്ലാനോ ആക്രമിക്കാനോ അവർ വന്നില്ലല്ലോ എന്ന ഉൾചിന്ത വരുന്നതിന് പകരം വീണ്ടും മുസ്‌ലിംകളെയും റസൂൽ(സ്വ)യെയും ഉപദ്രവിക്കാനും കുഴപ്പങ്ങൾ സൃഷ്ടിക്കാനുമാണ് അവർ ശ്രമിച്ചത്. അങ്ങനെ ചെയ്യാനുള്ള കാരണം അവരെ വെറുതെവിട്ടു എന്നുള്ളത് തന്നെയാണ്. ഇത്തരത്തിൽ മറ്റൊരു കൂട്ടർ ഇതുപോലെ വഞ്ചന ചെയ്യുകയാണെങ്കിൽ, രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ അവരെ പരമാവധി ശിക്ഷക്ക് വിധേയമാക്കുകയേ കൂടുതൽ ഫലപ്രദമാവുകയുള്ളൂ എന്നുള്ളതാണ് രാഷ്ട്രതന്ത്രം, റസൂൽ(സ്വ)യെ പോലോത്ത രാഷ്ട്രതന്ത്രജ്ഞർ സ്വീകരിക്കേണ്ടതും ഇതുതന്നെയാണല്ലോ. കൂടെനിന്ന് കരാർ ലംഘിക്കുക എന്നതുതന്നെയാണ് നേർക്കുനേർ യുദ്ധം ചെയ്യുന്നതിനേക്കാൾ വലിയ കുറ്റകൃത്യം.

മക്ക മുശ്‌രിക്കുകൾ സർവ സന്നാഹത്തോടെയും മദീനയെ തകർക്കാൻ എത്തിച്ചേർന്ന ഘട്ടത്തിൽ, രാഷ്ട്ര രക്ഷക്ക് ഒന്നിച്ചുനിൽക്കണമെന്ന കരാർ തിരസ്‌കരിക്കുക മാത്രമല്ല ശത്രുക്കളെ എല്ലാ അർത്ഥത്തിലും സഹായിക്കുകയുമാണ് ജൂതർ ചെയ്തത്.

പല യുദ്ധത്തിലും നബി(സ്വ)യുടെ സഹായിയായി പങ്കെടുത്ത അവിടത്തെ ഭാര്യ ഉമ്മുസലമ(റ) ഖന്ദഖ് യുദ്ധത്തിനു മുന്നോടിയായി ബനൂഖുറൈള ഗോത്രം നടത്തിയ വഞ്ചനയെ കുറിച്ച് വിശദീകരിക്കുന്നതു കാണാം. ആ സന്ദർഭത്തിലാണത്രെ മുസ്‌ലിംപക്ഷം ഏറെ പരീക്ഷിതരായത്. വഞ്ചനയറിഞ്ഞിട്ടും റസൂൽ(സ്വ) സഅദ് ബ്‌നു ഉബാദത്, സഅദ് ബ്‌നു മുആദ്, ഖവ്വാത് ബ്‌നു ജുബൈർ, അബ്ദുല്ലാഹി ബ്‌നു റവാഹ(റ) എന്നിവരെ അവരിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. അപ്പോൾ സഹായം പ്രതീക്ഷിക്കപ്പെടുന്ന ബനൂ ഖുറൈളയിൽ നിന്നും റസൂലിനും അവിടത്തെ സ്വഹാബത്തിനും നേരെ തെറിയഭിഷേകമാണ് ഉണ്ടായത്. എന്ത് കരാർ എന്ന് അവർ പറയുന്നുണ്ടായിരുന്നു.

ബനൂഖുറൈളക്കാർ അവരുടെ തെക്കുഭാഗം ശത്രുക്കൾക്കു വേണ്ടി തുറന്നു കൊടുത്തു. ഇതിനെക്കുറിച്ചാണ് വിശുദ്ധ ഖുർആനിൽ സൂറത് അഹ്‌സാബിന്റെ പത്താം വാക്യം പറയുന്നത്: ‘നിങ്ങളുടെ മുകളിലൂടെയും താഴ് ഭാഗത്തിലൂടെയും ശത്രുക്കൾ വരുന്ന സന്ദർഭം…’

ഇത്രയൊക്കെ അതിക്രമം ചെയ്തിട്ടും അവർക്ക് തന്നെ വിധികർത്താവിനെ തിരഞ്ഞെടുക്കാൻ നബി(സ്വ) അനുവാദം നൽകുകയുണ്ടായെങ്കിൽ അവിടന്ന് കാണിച്ച ഹൃദയ വിശാലത എത്രയാണെന്ന് ആലോചിക്കുക.

(തുടരും)


ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....