Wednesday, November 10, 2021

മന്ത്രം:വക്കം മൗലവിയുടെ മന്ത്രിച്ചൂത്തിനെ കുറിച്ച് സീതി സാഹിബ് മാത്രമല്ല പറയുന്നത്

 വക്കം മൗലവിയുടെ മന്ത്രിച്ചൂത്തിനെ കുറിച്ച് സീതി സാഹിബ് മാത്രമല്ല പറയുന്നത്

......................


അമ്പതുകളിൽ കെ.എം സീതി സാഹിബ് എഴുതിയ ലേഖനത്തിൽ നിന്ന്, വക്കം മൗലവിയെ കൊണ്ട്  വെള്ളം ജപിപ്പിക്കുന്ന ഭാഗം പ്രത്യേകം വെട്ടിക്കളഞ്ഞത്, സംശയാസ്പദവും മൗലവിയുടെ മൗലികമായ നിലപാടുകൾക്ക് വിരുദ്ധവുമായതു കൊണ്ടാണെന്നും അക്കാര്യം അടിക്കുറിപ്പായോ മറ്റോ സൂചിപ്പിക്കാതിരുന്നതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഗ്രന്ഥകാരൻ മുജീബ് റഹ്മാൻ കിനാലൂരിന്റെ വിശദീകരണം.


എന്നാൽ, വക്കം മൗലവി വെള്ളം ഊതിക്കൊടുത്തിരുന്ന കാര്യം സീതി സാഹിബ് മാത്രമല്ല, മൗലവിയുടെ സമകാലികനും സഹപ്രവർത്തകനും ബന്ധുവുമായ എം. മുഹമ്മദ് കണ്ണ് എഴുതിയ വക്കം മൗലവിയും നവോത്ഥാന നായകൻമാരും എന്ന പുസ്തകത്തിലും വ്യക്തമായി പറയുന്നുണ്ട്. നാനാ ജാതി മതക്കാർക്ക് പ്രഭാതത്തിൽ ശുദ്ധജലം ഓതി കൊടുക്കാറുണ്ടായിരുന്നുവെന്ന് അതിൽ വിശദീകരിക്കുന്നു. ( പുസ്തകത്തിന്റെ പേജ് ഇതോടൊപ്പം ഉണ്ട് ) മുജീബ് റഹ്മാൻ പുസ്തകത്തിൽ തന്റെ മറ്റു വാദങ്ങൾ സ്ഥാപിക്കാൻ ഉപയോഗിച്ച റഫറൻസ് തന്നെയാണ് ഈ പുസ്തകം. അപ്പോൾ, തെളിവ് മൗലികമല്ല എന്ന് ഇനി പറയില്ല.


വക്കം മൗലവിയുടെ പ്രഥമ ജീവചരിത്രം എഴുതിയത് മുഹമ്മദ് കണ്ണാണ്. ആ ജീവചരിത്രത്തിൽ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. അതായത്, 1924ൽ വക്കം മൗലവിയുടെ അധ്യക്ഷതയിൽ നബിദിന മഹാസമ്മേളനം കൂടാൻ തീരുമാനിച്ച കാര്യം. അത് അദ്ദേഹത്തിന്റെ 'ബൗദ്ധിക ജീവിതത്തിന്റെ ' ഭാഗമല്ലാത്തതു കൊണ്ട് ഇപ്പോൾ ചർച്ച ചെയ്യുന്നില്ല! (പേജ് ഇതോടൊപ്പമുണ്ട്)


വക്കം മൗലവിയെ അടുത്തറിയുകയും കൂടെ പ്രവർത്തിക്കുകയും സഹവസിക്കുകയുമൊക്കെ ചെയ്ത കെ.എം സീതി സാഹിബ് എഴുതിയ ലേഖനം തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ ധാരാളമാണ്.


സീതി സാഹിബിന്റെ ലേഖനം ആദ്യം പ്രസിദ്ധീകരിക്കുന്നത്, മുജാഹിദ് നേതാവായ എൻ.വി അബ്ദുസലാം മൗലവിയുടെ പത്രാധിപത്യത്തിൽ അമ്പതുകളിൽ പുറത്തിറങ്ങിയിരുന്ന മിശ്കാത്തുൽ ഹുദായുടെ വിശേഷാൽ പ്രതിയിലും.


അവരൊന്നും കാണാത്ത എന്തു മൗലികതയാണ് ഗ്രന്ഥകാരന്റെ പക്കലുള്ളത്!


ഒരാളുടെ ജീവിതവും സംഭാവനകളും എഴുതുമ്പോൾ തനിക്ക് യുക്തമല്ലെന്നു തോന്നുന്ന കാര്യങ്ങൾ രേഖയിൽ നിന്ന് വെട്ടിമാറ്റുന്ന 'ഗവേഷണ രീതി' ആദ്യമായി കേൾക്കുകയാണ്.

ഇങ്ങനെ വെട്ടിയും തിരുത്തിയും വെള്ളം ചേർത്തുമെഴുതേണ്ടതല്ല വക്കം മൗലവി എന്ന ബഹുമുഖ ജീവിതത്തെ.

നിലവിലെ സുന്നി, സലഫി കാഴ്ചപ്പാടുകളിൽ നിന്നു കൊണ്ടല്ല, അവർ ജീവിച്ച കാലത്തെ പരിശോധിച്ചു കൊണ്ടാണ്  ഗവേഷണങ്ങൾ നടക്കേണ്ടത്.

Shafeeq Vazhippara

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...