Saturday, September 25, 2021

സലഫി കളുടെ ജിഹാദ്

 https://www.facebook.com/100063928320821/posts/234480508692892/

ആഗോള തലത്തില്‍ ഇസ്‌ലാമിന് ചീത്തപ്പേരുണ്ടാക്കിയതാരാണ്? 

എല്ലാ മുസ്ലിംകളും തീവ്രവാദികളല്ല, തീവ്രവാദികളെല്ലാം മുസ്‌ലിംകളാണെന്ന പരികല്പനക്ക് ഹേതുകമായ മൂവ്‌മെന്റ് ഏതായിരുന്നു? ഈജിപ്തില്‍, യമനില്‍, അഫ്ഗാനില്‍, പാകിസ്ഥാനില്‍, കശ്മീരില്‍... നിരപരാധരുടെ രക്തം ചിന്തിയും ചാവേറുകളെ സൃഷ്ടിച്ചും ഭരണകൂടങ്ങളെ അട്ടിമറിച്ചും നാട്ടുകാരുടെ സമാധാനജീവിതം തകര്‍ക്കുന്നവരുടെ പ്രചോദനകേന്ദ്രമേതാണ്? അല്‍ ഖ്വൈദ, ഐഎസ്, ബോക്കോ ഹറാം, ബ്രദര്‍ഹുഡ്, താലിബാന്‍... ലോകാടിസ്ഥാനത്തില്‍ വേരുകള്‍ പടര്‍ത്തിയ ഇത്തരം ഭീകരസംഘങ്ങള്‍ ആശയങ്ങള്‍ സ്വീകരിക്കുന്നതെവിടെ നിന്നാണ്? കേരളത്തില്‍നിന്നും ഐ എസില്‍ ചേര്‍ന്നവരെന്ന് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി വെളിപ്പെടുത്തിയ 28 ചെറുപ്പക്കാര്‍ക്ക് കത്തുന്ന ആശയങ്ങള്‍ പകര്‍ന്ന് നല്‍കിയ ആശയധാരയേത്? മുകളില്‍പ്പറഞ്ഞതും അല്ലാത്തതുമായ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരമേ ഉള്ളു, സലഫിസം. 


ഈജിപ്ഷ്യന്‍ ബ്രദര്‍ഹുഡില്‍നിന്നും നജ്ദിയന്‍ വഹാബിസത്തില്‍നിന്നുമാണ് ഏകദേശം 100 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഈ ചിന്താധാര പ്രചരിച്ച് തുടങ്ങുന്നത്. ഈജിപ്ഷ്യന്‍ സലഫിസം ഒന്നാമത് യുക്തിവാദവും രണ്ടാമത് ഹസനുല്‍ബന്നയുടെ ആഗമനത്തോടെ തീവ്രവാദവുമായി. നജ്ദിയന്‍ വഹാബിസം ചരിത്രത്തില്‍ അറിയപ്പെടുന്നത് പോലും അല്‍ ഹറകത്തുദ്ദമവിയ്യ (രക്തവിപ്‌ളവം) എന്നാണ്. കേരളത്തില്‍ സലഫി മൂവ്‌മെന്റിന് പ്രചാരം നല്‍കിയത് പ്രധാനമായും വക്കം മൗലവിയും കെഎം മൗലവിയുമായിരുന്നു. അവരുടെ നേതൃത്വത്തിലാണ് മുസ്‌ലിം ഐക്യസംഘം നിലവില്‍ വരുന്നത്. കൊടുങ്ങല്ലൂരില്‍ കബ്ര്‍ തകര്‍ത്തു കൊണ്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് കുറ്റ്യാടിയില്‍, എടവണ്ണയില്‍, ഒടുവില്‍ നാടുകാണിയില്‍ എല്ലാം സലഫിസ്റ്റുകള്‍ ആയുധമേന്തി ദര്‍ഗകളും മഖാമുകളും മാന്തുന്നത് തുടര്‍ന്നു. കോഴിക്കോട്ട് മുഹിയിദ്ദീന്‍ പള്ളി, പാളയം പള്ളി ഉള്‍പ്പെടെ നൂറു കണക്കിനു പള്ളികള്‍ കൊള്ളയടിച്ചു. 


പാലപ്പറ്റ പള്ളിയിലേക്ക് പ്രാര്‍ത്ഥനാവേളയില്‍ കല്ലെറിഞ്ഞും സംഘര്‍ഷം ഉണ്ടാക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊള്ള നടത്താനുള്ള ശ്രമം നടന്നത് അടുത്ത കാലത്താണ്. ഐക്യസംഘത്തില്‍നിന്ന് പില്‍കാലത്ത് ജമാഅത്തെ ഇസ്‌ലാമിയും സിമിയുമുണ്ടായി. ദമ്മാജ് സലഫിയുണ്ടായി. തുടര്‍ന്ന് പലതുമുണ്ടായി. ഇവയുടെ എല്ലാം ആദര്‍ശ വേരുകള്‍ ചെന്നുനില്‍ക്കുന്നത് സലഫിസത്തിലാണ്. ലോകത്തെ ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടുന്ന സര്‍വ്വ തീവ്രവാദ മൂവ്‌മെന്റുകളും ആശയാടിത്തറയായി സ്വീകരിക്കുന്നതും സലഫിസത്തെയാണ്. വക്കം മൗലവിയും കെഎം മൗലവിയും മുസ്‌ലിം ഐക്യസംഘമെന്ന പേരില്‍ പ്രചരിപ്പിച്ചതും ഈ സലഫിസമായിരുന്നു. ക്രമബദ്ധമായി വളര്‍ന്നുവന്ന ആ മൂവ്‌മെന്റിന്റെ ഇങ്ങേ അറ്റത്തെ കണ്ണിയാണ് ഐസില്‍ ചേര്‍ന്ന മലയാളികളുടെ കൂട്ടത്തില്‍ മുഖ്യമന്ത്രി പേര് വെളിപ്പെടുത്തിയ പ്രജു എന്ന മുഹമ്മദ് അമീന്‍. സുന്നി വിശ്വാസിയായ തന്നെ തീവ്ര ആശയങ്ങളിലേക്ക് മാറാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നതായി ഭാര്യ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്‌ലിം ഐക്യസംഘം കേരളീയ മുസ്‌ലിംകള്‍ക്ക് നല്‍കിയ സംഭാവനകള്‍ ഇത്തരത്തിലുള്ള ഒട്ടേറെ അപഭ്രംശങ്ങളും ചീത്തപ്പേരുകളുമായിരുന്നു. അതാണ് ചരിത്രപരമായ യാഥാര്‍ത്ഥ്യം. ഈ അപഭ്രംശത്തെ തെറ്റായ വായനമൂലം മുസ്‌ലിം നവോത്ഥാനമായി തെറ്റിദ്ധരിച്ചിരിക്കുന്നു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ ഈ വായനയുടെ പുറത്തായിരുന്നു 2018ല്‍, മലപ്പുറത്തൊരു സുന്നി സമ്മേളനത്തില്‍, സാംസ്‌കാരിക ഇസ്‌ലാമിന്റെ മഹോന്നതന്‍മാരായ പണ്ഡിതന്‍മാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം വക്കം മൗലവിക്കും ഐക്യസംഘത്തിനും മുസ്‌ലിം നവോത്ഥാനത്തിന്റെ അട്ടിപ്പേറവകാശം ചാര്‍ത്തിയത്. 


അന്നേ പലരും പറഞ്ഞ ഈ കാര്യം ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ കാരണമിതാണ്, 

കേരളത്തിലും ലോകത്തും മുസ്‌ലിംകളെ കണ്ണീരു കുടിപ്പിച്ചുകൊണ്ടിരിക്കുന്ന സലഫി മൂവ്‌മെന്റിന്റെ കേരളത്തിലെ സ്ഥാപക സംഘമായ മുസ്‌ലിം ഐക്യസംഘത്തിന്റെ നൂറാം വാര്‍ഷികം സലഫി ധാരയില്‍നിന്നുള്ള 28 യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായി വെളിപ്പെട്ട ഏറ്റവും ഉചിതമായ ഈ സമയത്ത്, പിറന്ന നാടായ കൊടുങ്ങല്ലൂരില്‍വെച്ച് മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യുന്നു. ഒന്നേ പറയാനുള്ളു, മുകളില്‍ പറഞ്ഞ ചരിത്ര സത്യങ്ങള്‍ ശരിയായ വായനയിലൂടെ മനസിലാക്കി വേണം അങ്ങ് ആ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍. മുസ്ലിം നവോത്ഥാനത്തിന്റെ കുത്തകയൊന്നും വക്കം മൗലവിക്കോ ഐക്യസംഘത്തിനോ ചാര്‍ത്തി കൊടുത്തേക്കരുത്. ഒടുവിലൊടുവില്‍ കാര്യങ്ങള്‍ തെളിഞ്ഞുവരുന്ന പുനര്‍വായനയുടെ ഈ നല്ല കാലത്ത് വക്കംമൗലവി സലഫിസത്തിലും സലഫിസം ഐഎസിലും വന്നുനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കാലഹരണപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യേണ്ടി വരുന്നത് അത്ര നല്ലതായിരിക്കില്ല. അല്ലെങ്കിലും അങ്ങെന്തിനാണ് ഒരു അപഭ്രംശത്തിന്റെ നൂറാണ്ട് അടയാളപ്പെടുത്താന്‍ നിന്നുകൊടുക്കുന്നത്? അപ്പോള്‍ പിന്നെ ഈ മതനിരപേക്ഷ കേരളം എന്നാല്‍ എന്താണ്?


കാസര്‍ഗോഡ് നിന്ന് ദമ്മാജ് സലഫിസം വഴി ഐഎസിലെത്തിയ റാശിദ് അബ്ദുല്ലയുടെ ഒരു ഓഡിയോ പ്രസ്താവന കൂടി, കൊടുങ്ങല്ലൂരിലെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് മുഖ്യമന്ത്രി ശ്രദ്ധിക്കണം.

'ഐഎസിലെത്താന്‍ വിവിധ സ്റ്റേജുകളുണ്ട്. ആദ്യം മടവൂര്‍ (സാക്ഷാല്‍ഹുസൈന്‍ മടവൂര്‍ തന്നെ. ഇദ്ദേഹമാണ് കൊടുങ്ങല്ലൂര്‍ സമ്മേളനത്തിലെ ഒരു അതിഥി). പിന്നീട് കെഎന്‍എം (സാക്ഷാല്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍. ഇതിന്റെ നേതാവ് ടിപി അബ്ദുല്ലക്കോയ മദനിയും മുഖ്യമന്ത്രിയുടെ വേദിയിലുണ്ട്). പിന്നെ വിസ്ഡം, പിന്നെ ദമ്മാജ്. അങ്ങനെ സ്റ്റപ് സ്റ്റപ്പായാണ് ഐഎസിലെത്തുക. കാസര്‍ഗോഡ്‌നിന്നും കണ്ണൂരില്‍നിന്നും വന്നവരെല്ലാം ഇങ്ങനെയാണ് എത്തിയത്. എല്ലാ സലഫി ഗ്രൂപ്പുകളും ജിഹാദും പലായനവും പഠിപ്പിക്കുന്നു. ഇതില്‍ ഏറ്റവും തീവ്രമായി പഠിപ്പിക്കുന്നത് ദമ്മാജ് സലഫികളാണ്. ഐഎസില്‍ എത്തിയ മലയാളികളെല്ലാം ഇവരുടെ ക്ലാസുകളില്‍ പങ്കെടുത്തവരാണ്. സുന്നി, സൂഫി വിശ്വാസികളായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ ഐഎസില്‍ എത്തില്ലായിരുന്നു'.


കേരളത്തില്‍നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് അറിഞ്ഞോ അറിയാതെയോ പാത വെട്ടുന്നവരുടെ നൂറാം വാര്‍ഷികം കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമോ? നിര്‍ബന്ധമാണെങ്കില്‍, ഞങ്ങള്‍ മുഖ്യധാരാ മുസ്‌ലിംകള്‍ അല്‍പനേരം തല താഴ്ത്തി നിന്നുകൊള്ളാം, ലാല്‍സലാം.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....