Wednesday, November 18, 2020

അലവി മാലികിയും ദേവ്ബന്ദ്, തബ്‌ലീഗ് സമീപനവും*

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



https://islamicglobalvoice.blogspot.in/?m=



https://t.me/joinchat/AAAAAEvvt9M0PSBRYKqaMg


*മുഹമ്മദ് അലവി മാലികിയും ദേവ്ബന്ദ്, തബ്‌ലീഗ് സമീപനവും*


● ഡോ. അബ്ദുൽ ഹകീം സഅദി



വ്യത്യസ്ത വിഷയങ്ങളിലും ഭാഷകളിലുമായി ഇരുപതോളം ഗ്രന്ഥങ്ങളുടെ കർത്താവും മുബാറക്പൂർ ജാമിഅ അശ്‌റഫിയ്യയിൽ മുദരിസും ബ്രിട്ടണിലെ മുഫ്തിയുമായ പ്രശസ്ത ബറേൽവി സുന്നി പണ്ഡിതൻ അല്ലാമ ശംസുൽ ഹുദാ മിസ്ബാഹിയുമായി സയ്യിദ് മുഹമ്മദ് അലവി അൽമാലികി(ന.മ) അവസാന കാലത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു. ശംസുൽ ഹുദ മിസ്ബാഹി ഇമാം മാലിക്(റ)യുടെ മുവത്വ എന്ന ലോകപ്രശസ്ത ഹദീസ് ഗ്രന്ഥത്തിനെഴുതിയ വിശദീകരണത്തിന് മുഹമ്മദ് അലവി മാലികി എഴുതിയ അവതാരിക ഇങ്ങനെ വായിക്കാം: ബിസ്മി, ഹംദ്, സ്വലാത്ത്, സലാം എന്നിവക്ക് ശേഷം, ‘റബീഉൽ അവ്വൽ മാസത്തിൽ നടന്ന എന്റെ ഇന്ത്യൻ പര്യടനത്തിൽ, എന്റെ മാന്യസുഹൃത്തും ഉന്നത പ്രതിഭയും മഹാപണ്ഡിതനുമായ ബഹുമാനപ്പെട്ട ശൈഖ് ശംസുൽ ഹുദാ ബിൻ മുഹമ്മദ് ഹുസൈൻ ഖാൻ അൽമിസ്ബാഹി, ഇമാം ഇബ്‌നു ഹസൻ ശൈബാനി(റ)വിന്റെ രിവായത്ത് പ്രകാരമുള്ള ഇമാം മാലിക് ബിൻ അനസ്(റ)ന്റെ ഹദീസ് ഗ്രന്ഥമായ മുവത്വക്ക് എഴുതിയ ശർഹ് എനിക്ക് പരിചയപ്പെടുത്തി തന്നു.

മലബാർ, ബോംബെ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ വിശിഷ്ടമായ പള്ളികൾ, മദ്‌റസകൾ, മറ്റ് മത സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്ന യാത്രക്കിടെ അദ്ദേഹത്തിന്റെ മുവത്വയുടെ ശർഹ് ഞാൻ വായിച്ചുനോക്കി. ഏതാനും പേജുകൾ വായിച്ചപ്പോൾ തന്നെ എനിക്ക് അതിയായ സന്തോഷമായി. കാരണം നിരവധി കർമശാസ്ത്ര വിഷയങ്ങളും ഹദീസ് വിജ്ഞാനങ്ങളും ഇതര വൈജ്ഞാനിക പ്രശ്‌നങ്ങളും ഉൾക്കൊള്ളുന്ന പ്രസ്തുത ഗ്രന്ഥം സമ്പുഷ്ടവും ഗവേഷണാത്മകവും അതോടൊപ്പം ഹ്രസ്വവും സംശുദ്ധവുമായിരുന്നു.

വാസ്തവത്തിൽ, മുഹമ്മദ്(റ)ന്റെ രിവായത്ത് പ്രകാരമുള്ള മുവത്വ എന്ന ഗ്രന്ഥത്തിന് ഉന്നതമായ പരിഗണന ആവശ്യമുണ്ട്. ശൈഖ് അബുൽ ഹസനാത്ത് മുഹമ്മദ് അബ്ദുൽ ഹയ്യില്ലക്‌നവി(ഫറൻകിമഹലി) മുവത്വക്ക് ‘അത്തഅ്‌ലീഖുൽ മുമജ്ജദ്’ എന്നൊരു ശർഹ് എഴുതിയിട്ടുണ്ടെങ്കിലും രചനയുടെ വാതിൽ തുറന്ന് കിടക്കുകയാണ്. മാത്രമല്ല മുൻകാലക്കാർ പിൽകാലക്കാർക്ക് വേണ്ടി എത്രയാണ് ഉപേക്ഷിച്ചിരിക്കുന്നത്. അല്ലാഹു ഔദാര്യവാനാണ്. അവന്റെ ഔദാര്യം വിശാലവുമാണ്.

നമുക്കും ഈ ശർഹ് രചിച്ചവർക്കും സൽകർമങ്ങൾ ചെയ്യാൻ തൗഫീഖും ആരിഫീങ്ങൾക്ക് തുറന്ന വാതിലുകൾ തുറന്നു തരാനും യഥാർത്ഥ കർമശാസ്ത്ര പണ്ഡിതന്മാരിൽ ഉൾപ്പെടുത്താനും ആമിലീങ്ങളായ പണ്ഡിതന്മാരാക്കാനും ആദ്യത്തവരുടെയും അവസാനക്കാരുടെയും നേതാവിന്റെ അനന്തരാവകാശികളാക്കാനും സർവശക്തനായ റബ്ബിനോട് ഞാൻ ദുആയിരക്കുന്നു. ഇതിന്റെ മൂലഗ്രന്ഥം കൊണ്ട് നീ നൽകിയ ഉപകാരം പോലെ ഈ ഗ്രന്ഥം കൊണ്ടും ഉപകാരം നൽകണേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.’

ശൈഖ് ശംസുൽ ഹുദാ മിസ്ബാഹി സയ്യിദ് മാലികിയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നു: ‘മഹാനായ അല്ലാമ മുഹമ്മദ് അലവി അൽമാലികിയുമായുള്ള എന്റെ സൗഹൃദം വർഷങ്ങൾ നീണ്ടതാണ്. അദ്ദേഹവുമായി നിരവധി തവണ മക്കയിൽവെച്ച് സന്ധിച്ചിരുന്നു. ഒരിക്കൽ അറേബ്യൻ പണ്ഡിത പ്രഭുക്കൾക്ക് മുന്നിൽ എന്നെ കൈ പിടിച്ചു ചാരത്തിരുത്തുകയും പ്രഭാഷണത്തിന് അവസരമൊരുക്കുകയും ചെയ്തു.

ഹിജ്‌റ 1425-ൽ ഇന്ത്യയിലേക്കുള്ള പര്യടനത്തിന് മുമ്പ് തന്റെ വസതിയിൽ വെച്ച് ദേവ്ബന്ദികളുടെ വിശ്വാസധാരയെ കുറിച്ച് ശൈഖ് മാലികി ഞാനുമായി ചർച്ച നടത്തി. ജിദ്ദയിലെയും മക്കയിലെയും പ്രമുഖരായ മൂന്നോ നാലോ പണ്ഡിതരെ ക്ഷണിച്ചിരുന്നു. സംസാരങ്ങൾ രേഖപ്പെടുത്താൻ അവരെ ചുമതലപ്പെടുത്തുകയും ചെയ്തു. തൽസമയം ആഫ്രിക്കൻ സന്ദർശനത്തിനു ശേഷം ഉംറ കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ. മീറ്റിങ്ങിലേക്ക് എന്നെ ക്ഷണിച്ചു. സംസാരത്തിനായി പ്രഭാത സമയം തിരഞ്ഞെടുത്തു. നിരവധി ഗ്രന്ഥങ്ങൾ കൈവശം ഉണ്ടായിരുന്നെങ്കിലും ജിദ്ദ എയർപോർട്ടിൽ എല്ലാം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. അല്ലാമാ ബദായൂനിയുടെ അൽമുഅ്തഖദ് അലൽ മുൻതഖ്ദും ഇമാം അഹ്‌മദ് റസാഖാൻ ഇതിന് രചിച്ച വ്യാഖ്യാനവും മാത്രം കൈയിൽ ബാക്കിയായി.

മീറ്റിങ്ങിൽ ഞാനും ഭാഗഭാക്കായി. ചൂടുപിടിച്ച ചർച്ചകൾ. ഏൽപ്പിക്കപ്പെട്ടവർ റെക്കോർഡ് ചെയ്യുന്നു. ചോദ്യശരങ്ങൾക്ക് ഞാൻ ഇടതടവില്ലാതെ മറുപടി പറഞ്ഞു. ദയൂബന്ദി പണ്ഡിതരുടെ കുഫ്‌രിയ്യത്തുകൾ ഞാൻ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ ശൈഖ് മാലികി സാകൂതം ശ്രവിച്ചു, റെക്കോർഡ് ചെയ്യാൻ പ്രത്യേകം കൽപ്പിക്കുകയും ചെയ്തു.

അതിനുശേഷമാണ് കേരളത്തിലെ ജാമിഅ മർകസുസ്സഖാഫയുമായി ബന്ധപ്പെട്ട വാർഷിക മഹാസമ്മേളനത്തിന് ശൈഖ് അബൂബക്കർ (നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ-ആമീൻ) എന്നെ ക്ഷണിച്ചത്. വർഷങ്ങളായി ഞാൻ ദർസ് നടത്തുന്ന മുബാറക്പൂരിലെ ജാമിഅ അശ്‌റഫിയ്യയിലായിരുന്ന ഒരു ദിവസം, ഓർമ ശരിയാണെങ്കിൽ കിതാബുൽ ഹിദായ മുത്വാലഅ ചെയ്തു കൊണ്ടിരിക്കെയാണ് ശൈഖ് മാലികിയിൽ നിന്നുള്ള ഫോൺകോൾ വന്നത്. അത്താഴ സമയത്തായിരുന്നു അത്. സംസാരം തുടങ്ങിയ ഉടനെ അദ്ദേഹം പറഞ്ഞു: ‘ഈ സമയത്ത് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.’ പ്രശ്‌നമില്ല, ഞാൻ കിതാബുൽ ഹിദായ പാരായണം ചെയ്യുകയാണെന്ന് മറുപടി പറഞ്ഞു. പിന്നീട് അദ്ദേഹം പറഞ്ഞു: ‘ഞാൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഈ യാത്രയെ കുറിച്ച് ആരോടും ഇപ്പോൾ പറയരുത്, വിശിഷ്യാ ദയൂബന്ദികളോട്. കാരണം ഞാൻ ഇനിയൊരിക്കലും അവരിലേക്ക് പോകുകയില്ല. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ഞങ്ങൾക്ക് അവരോട് ഒരു ബന്ധവുമില്ലല്ലോ. അവർക്ക് അവരുടെ വഴി, ഞങ്ങൾക്ക് ഞങ്ങളുടേയും.’ ശേഷം ശൈഖ് മാലികി മർകസ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ നേരത്തെ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നും പങ്കെടുക്കാമെന്നും മറുപടി പറഞ്ഞു.

സമ്മേളനത്തിനെത്തിച്ചേർന്നപ്പോൾ ശൈഖ് അബൂബക്കർ ശൈഖ് മാലികിയെ പിന്തുടരാനും ഖിദ്മതിലായി കഴിയാനും എന്നോട് നിർദേശിച്ചു. എയർപോർട്ടിൽ നിന്ന് സ്വീകരിച്ചത് മുതൽ അദ്ദേഹവുമായി സഹവാസത്തിൽ കഴിഞ്ഞു. എനിക്കോർമയുണ്ട്, ഇമാം മാലിക്(റ)യുടെ മുവത്വക്ക് ഞാനെഴുതിയ വ്യാഖ്യാനം യാത്രാമധ്യേ അദ്ദേഹത്തിന് വായിച്ചുകൊടുക്കുകയും ചില ഭാഗങ്ങൾ അദ്ദേഹം നേരിട്ട് വായിക്കുകയും ചെയ്യുകയുണ്ടായി.

ഈ കൂട്ടു ജീവിതത്തിനിടയിൽ അദ്ദേഹം ഇടയ്ക്കിടെ ദയൂബന്ദികളെയും അവരുടെ അബദ്ധജഡിലമായ വാദഗതികളെയും വിമർശിച്ച് സംസാരിച്ചിട്ടുണ്ട്. ഞാൻ ഈ പറയുന്നതിന് ഉത്തമ സാക്ഷി അല്ലാഹു തന്നെയാണ്. മർകസ് സമ്മേളനാനന്തരം ശൈഖ് മാലികിയോടൊപ്പം ഞാൻ മുംബൈയിലേക്ക് യാത്രതിരിച്ചു. അവിടെവെച്ച് ഇമാം അഹ്‌മദ് റസാഖാന്റെ അദ്ദൗലതുൽ മക്കിയ്യ ഫിൽമാദ്ദതിൽ ഗയ്ബിയ്യ എന്ന വിഖ്യാത ഗ്രന്ഥരചനയുടെ പശ്ചാത്തലം ശൈഖ് മാലികി തന്റെ ഉപ്പാപ്പയിൽ നിന്ന് ഉദ്ധരിച്ച് കൊണ്ട് വിശദീകരിച്ചു. ശൈഖ് സയ്യിദ് മുഈൻ അശ്‌റഫ് അൽജീലാനി ഉൾപ്പെടെയുള്ള പണ്ഡിത വരേണ്യരുമായി മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ശൈഖ് മാലിക്കിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള സ്വീകരണ പരിപാടികൾക്ക് റസാ അക്കാദമി ആതിഥ്യമരുളി.

പിന്നീട് ഞങ്ങൾ ഡൽഹിയിലേക്ക് തിരിച്ചു. അവിടെ മുഫ്തി സമറുദ്ദഹ്‌ലവി ഞങ്ങളെ സ്വീകരിക്കാനായി കാത്തിരിക്കുകയായിരുന്നു. യാസീൻ അഖ്തർ മിസ്ബാഹി, റസാ അക്കാദമി ജനറൽ മാനേജർ ഹാജി സഈദ് അഹ്‌മദ് നൂരി തുടങ്ങിയ പണ്ഡിതസംഘം ശൈഖ് മാലികിയെ സ്വീകരിക്കുകയും തുടർന്നുള്ള യാത്രയിൽ അനുഗമിക്കുകയും ചെയ്തു. അല്ലാമാ അഅ്‌ലാ ഹസ്‌റത്തിന്റെ വൈജ്ഞാനിക അനന്തരാവകാശി താജുശ്ശരീഅ ശൈഖ് അഖ്തർ റസാ അൽ അസ്ഹരി എന്നെ ഫോണിൽ ബന്ധപ്പെടുകയും ശൈഖ് മാലികി സമ്മതിച്ചാൽ ബറേലിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ശൈഖ് മാലികിയുടെ താൽപര്യപ്രകാരം കരമാർഗം തന്നെ ബറേലിയിലേക്ക് ഞങ്ങൾ യാത്രതിരിച്ചു. അഹ്‌മദ് റസാഖാൻ തങ്ങളുടെയും ശൈഖ് മാലികിയുടെ ശൈഖും മുൻ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുമായ മുസ്തഫ റസാഖാൻ തങ്ങളുടെയും മഖ്ബറകൾ സന്ദർശിക്കാനും ശൈഖ് മാലികി താൽപര്യം പ്രകടിപ്പിച്ചു. ഇരുവരും ബറേലിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പണ്ഡിത സംഘത്തോടൊപ്പം ഞങ്ങൾ ബറേലിയിലേക്ക് വണ്ടി കയറി. അഹ്‌മദ് റസാഖാൻ(റ)വിന്റെ പേരമകൻ താജുശ്ശരീഅ അഖ്തർ റസാ ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചു. ശൈഖ് മാലികിയെ സ്വീകരിക്കാൻ താജുശ്ശരീഅ പ്രൗഢഗംഭീരമായ സദസ്സൊരുക്കിയിരുന്നു. ശൈഖ് മാലികി താജുശ്ശരീഅയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഞാൻ അദ്ദേഹത്തോടൊപ്പമായിരുന്നു അപ്പോഴും.

ശേഷം അഹ്‌മദ് റസാഖാൻ തങ്ങളുടെ മഖ്ബറയുടെ അടുത്തേക്ക് നഗ്‌നപാദനായി ശൈഖ് മാലികി നടന്നുപോയി. ഖബറിന് അടുത്തെത്തിയ അദ്ദേഹം സലാം ചൊല്ലി. മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന നായകനായ അങ്ങേയ്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, ഓ അഹ്‌ലുസ്സുന്നയുടെ നേതാവേ, അങ്ങേയ്ക്ക് അല്ലാഹുവിന്റെ സലാം, ബിദ്അത്തിനെ നഖശിഖാന്തം എതിർത്തു തോൽപ്പിച്ച അങ്ങേയ്ക്ക് അല്ലാഹുവിന്റെ സലാം. പിന്നീട് കുറച്ചു സമയം തല കുനിച്ച് വിനയത്തോടെ അവിടെ നിന്നു. ശേഷം ഹദീസ് നിവേദന പരമ്പരയിൽ തന്റെ ഉസ്താദ് കൂടിയായ ശൈഖ് മുസ്തഫ റസാഖാന്റെ ഖബറിങ്കലേക്ക് വിനയാന്വിതനായി കടന്നുചെന്നു. ഓ എന്റെ നേതാവേ, സന്മാർഗ പാതയിലെ എന്റെ വഴികാട്ടിയേ, ഇന്നേക്കും നാളേക്കുമുള്ള എന്റെ സമ്പാദ്യമേ, അങ്ങേക്ക് അല്ലാഹുവിന്റെ സലാം എന്നിങ്ങനെ സലാം പറഞ്ഞു. ഫാത്തിഹയും ചില ഖുർആൻ സൂക്തങ്ങളും അദ്കാറുകളും ഉരുവിട്ട് ദുആ ചെയ്തു.

ശൈഖ് മാലികിയുടെ ചരിത്രപരമായ ഈ ബറേലി സന്ദർശനവും സ്വീകരണവും ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടത്തിൽ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. അതായത് ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും സുന്നി പണ്ഡിതന്മാർ ശൈഖ് മാലികിയുമായി കുറച്ചുകാലം അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ആ അവസരത്തിൽ ദയൂബന്ദ് പണ്ഡിതന്മാരും തബ്‌ലീഗ് നേതാക്കളും ശൈഖ് മാലികിയുമായി നിരന്തരം ബന്ധപ്പെടുകയും അദ്ദേഹത്തെ വിടാതെ പിന്തുടർന്നു നടക്കുകയും ചെയ്യുമായിരുന്നു. സകരിയ്യ കാന്തഹ്‌ലവിയാണ് ഇതിന് മുമ്പിലുണ്ടായിരുന്നത്.

ശൈഖ് മാലികിയുമായി സകരിയ്യ കാന്തഹ്‌ലവിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ശൈഖിന് ദയൂബന്ദികളുടെയും തബ്‌ലീഗുകാരുടെയും പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതിന് അബുൽ ഹസൻ നദ്‌വിയുടെ ‘രിസാലതുത്തൗഹീദ്’ എന്ന ഗ്രന്ഥം നൽകിയത്. ഇസ്മാഈൽ ദഹ്‌ലവിയുടെ ‘തഖ്‌വിയതുൽ ഈമാൻ’ എന്ന ഗ്രന്ഥത്തിന്റെ മൊഴിമാറ്റമാണിത്. നജ്ദിയൻ സൈദ്ധാന്തികൻ ഇബ്‌നു അബ്ദുൽ വഹാബിന്റെ ‘കിതാബുത്തൗഹീദ്’ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണ് തഖ്‌വിയതുൽ ഈമാൻ. ഇതിന്റെ വിവർത്തനം നിർവഹിച്ചതും പുനർനാമകരണം നടത്തിയതും അബുൽ ഹസൻ നദ്‌വിയാണ്.

രിസാലതുത്തൗഹീദിന്റെ ആമുഖത്തിൽ നദ്‌വി പരാമർശിച്ച പോലെ സകരിയ്യ കാന്തഹ്‌ലവിയിൽ നിന്ന് കിട്ടിയ നിർദേശപ്രകാരമാണ് നദ്‌വി തഖ്‌വിയതുൽ ഈമാൻ വിവർത്തനം ചെയ്തത് എന്നും ഞാൻ സയ്യിദ് മാലികിക്ക് വിശദീകരിച്ചു കൊടുത്തു. രിസാലതുത്തൗഹീദ് എന്ന ഗ്രന്ഥം വായിച്ച ശൈഖ് മാലികി അത്ഭുതപ്പെട്ടു. ദേവ്ബന്ദികളുടെയും തബ്‌ലീഗുകാരുടെയും ഒളിഞ്ഞുകിടക്കുന്ന പുത്തനാശയങ്ങൾ അദ്ദേഹം കണ്ടെത്തി. അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു: ഇവരെല്ലാം ഒരേ വർഗമാണല്ലോ!

അഷ്ടദിക്കിലുമുള്ള അഹ്‌ലുസ്സുന്നയുടെ പണ്ഡിതരോട് ഞാൻ പറയട്ടെ; അധിനിവേശ ശക്തികളുടെ കരാളഹസ്തത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായത് മുതൽ അഹ്‌മദ് റസാഖാൻ(റ)യുടെ വിയോഗാനന്തരം ഇന്ത്യയിലെ അഹ്‌ലുസ്സുന്നയുടെ പണ്ഡിതർക്ക് അറബി പണ്ഡിതരുമായി വലിയ ബന്ധങ്ങളുണ്ടായിരുന്നില്ല. പക്ഷേ പുത്തനാശയക്കാർ അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ അവർ സത്യം മനസ്സിലാക്കിയിരിക്കുന്നു. വാസ്തവം എന്താണെന്ന് അവരിൽ പലരും തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലാഹുവിന് അഖില സ്തുതികളും. അൽപാൽപമായി അവർ ഉണർന്നു കഴിഞ്ഞു. ഇതിന് മതിയായ തെളിവാണ് ‘ഇൻസാ ഫുൽ ഇമാം’ എന്ന ഗ്രന്ഥം. മുമ്പ് ദയൂബന്ദികളുടെ നേതാവായിരുന്ന ഒരു ഈജിപ്ഷ്യൻ പണ്ഡിതന്റെ രചനയാണിത്. അദ്ദേഹം സത്യം അന്വേഷിച്ച് ദീർഘനാളുകൾ വിശ്രമമില്ലാതെ കഴിച്ചുകൂട്ടി. ദേവ് ബന്ദികളുടെ പിഴച്ച ആദർശങ്ങൾ അദ്ദേഹത്തിന് സ്പഷ്ടമായപ്പോൾ നടത്തിയതാണ് ഈ രചന.

ഇതുപോലെ അനവധി തെളിവുകൾ ദയൂബന്ദികളുടെ വിശ്വാസപരമായ പിഴവുകൾ തുറന്നുകാട്ടുന്നുണ്ട്. ‘ദഅ്‌വതുൻ ഇലൽഫിക്‌റ്’ എന്ന ഗ്രന്ഥം ഇവ്വിഷയകമായി മികച്ചതാണ്. അറബിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ഉറുദുവിലേക്ക് ഭാഷാന്തരം ചെയ്തത് പാക്കിസ്താനി പണ്ഡിതൻ ശൈഖ് അബ്ദുൽ ഹകീം ശറഫുൽ ഖാദിരിയാണ്. വഹാബി പ്രസ്ഥാനം നിരവധി വഴികൾ സ്വീകരിക്കുകയാണ് ചെയ്തത്. ദയൂബന്ദികളും തബ്‌ലീഗുകാരും മൗദൂദികളും ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനികളും വ്യത്യസ്ത പേര് സ്വീകരിച്ചെങ്കിലും എല്ലാം വഹാബികൾതന്നെ. അവർക്ക് ഇനിയും ശാഖോപശാഖകളുണ്ട്. ഈ സത്യം തിരിച്ചറിയുന്നതിൽ സുന്നി പണ്ഡിതന്മാർ കൂടുതൽ ജാഗ്രത്താവണം. അസത്യത്തിൽ നിന്ന് സത്യം തിരിച്ചറിയാൻ നാം പ്രതിജ്ഞാബദ്ധരാണ് എന്ന് തിരിച്ചറിയണം. അറിയണേ, ഇരുട്ടും വെളിച്ചവും ഒന്നിക്കാത്തതു പോലെ അറിവുള്ളവനും അജ്ഞനും സമമാകില്ല. ദയൂബന്ദികളും ബറേലികളും അഹ്‌ലുസ്സുന്നയിൽ സമന്മാരാണെന്ന് വിശ്വസിച്ചവർ സത്യത്തിൽ നിന്ന് ബഹുദൂരം അകലെയാണ്. അവർ അജ്ഞതയിൽ നിന്ന് കരകയറിയില്ലെന്ന് നിസ്സംശയം ഞാൻ ആണയിട്ടു പറയുന്നു. ശാഫിഈ കർമസരണിയിലുള്ള നിരവധി അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ദേവ്ബന്ദികളുടെയും തബ്‌ലീഗുകാരുടെയും പുത്തനാശയങ്ങൾ തുറന്നുപറയുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ശൈഖ് എംഎ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ശൈഖ് ഹംസ ബുഖാരി എന്നിവർ ഇവരിൽ ചിലർ മാത്രം. ഇന്ത്യൻ ഗ്രാന്റ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദ് (ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ-ആമീൻ) ഇവരിൽ നേതൃനിരയിലുണ്ട്.’

സയ്യിദ് മുഹമ്മദ് അലവി മാലികി, ഇമാം അഹ്‌മദ് റസാ(റ)യെക്കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായം എങ്ങനെ വായിക്കാം: മൗലാനാ ഗുലാം മുസ്വ് ത്വഫാ സാഹിബ് തന്റെ ‘സഫർനാമ ഹറമൈൻ’ പേജ്: 66-ൽ പറയുന്നു. ‘ഞങ്ങൾ ഹറമിലെ പണ്ഡിതരെ കാണാൻ പോയി. കൂട്ടത്തിൽ ആദ്യമായി കണ്ടത് അല്ലാമാ മുഫ്തി സഅദുല്ലാ മക്കിയെയായിരുന്നു. ഏകദേശം 30 വർഷം ബോംബെയിൽ താമസിച്ചയാളായിരുന്നു അദ്ദേഹം. പിന്നീട് മക്കയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു: ‘അല്ലാമാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവി(റ) എന്നത് അറബ് നാട്ടിൽ സുപരിചിതമായ നാമമാണ്. ചിലപ്പോൾ ഇന്ത്യക്കാരെക്കാളും കൂടുതൽ പരിചയം അറബ് നാട്ടിലെ പണ്ഡിതർക്കായിരിക്കാം.’ പിന്നീട് അദ്ദേഹം ഞങ്ങളെ മക്കയിലെ ഖാളിൽഖുളാത്തായ മൗലാനാ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ പിതാമഹനും അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാനും ഒരേ വയസ്സ് പ്രായമുള്ള സുഹൃത്തുക്കളായിരുന്നു.

പിന്നീട് അദ്ദേഹം ഞങ്ങളോട് പറഞ്ഞു: ‘സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയെ കാണാൻ പോയാൽ നിങ്ങൾ പറയണം: ഞങ്ങൾ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാന്റെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്. എങ്കിൽ നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ട് കാണുക അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാന്റെ അറിവും ഹറമിലെ പണ്ഡിതരുടെ അറിവും തമ്മിലുള്ള ബന്ധവും ഹറമിലെ പണ്ഡിതർക്ക് അഹ്‌മദ് റസാഖാനോടുളള ബഹുമാനവും ആദരവുമായിരിക്കും.’

പിന്നീട് ഞങ്ങൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കിയുടെ അടുത്തേക്ക് ചെന്നു. നോക്കിയാൽ വല്ലാത്ത സുന്ദരനും സുമുഖനുമായ ഒരു പണ്ഡിതൻ. അദ്ദേഹത്തിന്റെ മുഖം പ്രകാശം കൊണ്ട് തിളങ്ങുകയായിരുന്നു. അത് രിസാലതിന്റെ പിൻതലമുറയുടെ പ്രകാശമായിരുന്നു. ഞങ്ങളെല്ലാം ബഹുമാനിച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. സദസ്സിലേക്ക് വന്ന അദ്ദേഹം ഞങ്ങളോട് സലാം പറഞ്ഞു. ഇരിക്കാൻ ആംഗ്യം കാണിച്ചു. ഞങ്ങളെല്ലാവരും ഇരുന്നു. ഞങ്ങൾ മുസ്വാഫഹത് ചെയ്ത് അദ്ദേഹത്തിന്റെ കൈകൾ ചുംബിച്ചു. അദ്ദേഹം എല്ലാവരോടും സുഖവിവരമന്വേഷിച്ചു. തണുത്ത സർബത്തും മധുരപലഹാരവും നൽകി ഞങ്ങളെ സൽകരിച്ചു. വന്ന കാര്യം അദ്ദേഹം തിരക്കിയപ്പോൾ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾ മൗലാനാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയുടെ ശിഷ്യന്മാരുടെ ശിഷ്യന്മാരാണ്.’ ഇത് കേട്ടപ്പോൾ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കി എഴുന്നേറ്റുനിന്നു. ഞങ്ങളെയെല്ലാവരെയും പ്രത്യേകം പ്രത്യേകം മുസ്വാഫഹത് ചെയ്യുകയും ആലിംഗനം നടത്തുകയും ചെയ്തു. അതിരില്ലാത്ത, പറഞ്ഞു തീർക്കാൻ കഴിയാത്ത ബഹുമാനവും ആദരവും അവിടെ നിന്ന് ലഭിച്ചു. വീണ്ടും സർബത്തും ഖഹ്‌വയും തന്നു. ശേഷം സയ്യിദ് മുഹമ്മദ് അലവി മാലികി മക്കി പറഞ്ഞു: ‘ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയെ അദ്ദേഹത്തിന്റെ രചനകളിലൂടെ ഞങ്ങൾക്കറിയാം. അദ്ദേഹത്തെ സ്‌നേഹിക്കൽ സുന്നത്തിനെ സ്‌നേഹിക്കലാണ്. അദ്ദേഹത്തോട് വിദ്വേഷം വെക്കൽ ബിദ്അത്തുകാരന്റെ അടയാളമാണ്.’ ആ മജ്‌ലിസിൽ ഒരുപാട് പണ്ഡിതന്മാരുണ്ടായിരുന്നു. സയ്യിദ് അലവി മാലികി മക്കിയുടെ ഈ സ്‌നേഹവും ആദരവും ബഹുമാനവും കണ്ട് എല്ലാവരോടും ഞങ്ങളെക്കുറിച്ച് മൗലാനാ മുഫ്തി സഅദുല്ലാ പറഞ്ഞുകൊടുത്തു. അവരെല്ലാം വീണ്ടും വീണ്ടും മൗലാനാ അഅ്‌ലാ ഹസ്‌റത് അഹ്‌മദ് റസാഖാൻ ബറേൽവിയവർകളെ അനുസ്മരിച്ചുകൊണ്ടേയിരുന്നു.’

(സവാനിഹേ അഅ്‌ലാ ഹസ്‌റത്, പേ: 321-322).


ഡോ. അബ്ദുൽ ഹകീം സഅദി


 


 


No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...