Saturday, October 10, 2020

ഇസ്ലാം ഖുർആൻ വചനം തന്റെ കയ്യിലുണ്ടായിരുന്നുവെന്നു അത് ആട് തിന്ന് നശിച്ചുപോയോ

 



വിമർശനം: വ്യഭിചാരികളെ എറിഞ്ഞുകൊല്ലണമെന്ന് കൽപിക്കുന്ന ഖുർആൻ വചനം തന്റെ കയ്യിലുണ്ടായിരുന്നുവെന്നും അത് ആട് തിന്ന് നശിച്ചുപോവുകയാണുണ്ടായ ياതെന്നും ആയിഷ പറയുന്നതായി പരാമർശിക്കുന്ന ഹദീഥുണ്ടല്ലോ. മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ഖുർആനിൽ നിന്ന് പലതും ആടും ഒട്ടകവുമെല്ലാം തിന്ന് നശിച്ചു പോയിട്ടുണ്ടാകാമെന്നല്ലേ ഈ ഹദീഥ് വ്യക്തമാക്കുന്നത്? അവതരിപ്പിക്കപ്പെട്ട രൂപത്തിൽ തന്നെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.

ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഒരു ഹദീഥിന്റെ വെളിച്ചത്തിലുള്ളതാണ് ഈ വിമർശനം. ഹദീഥ് ഇങ്ങനെയാണ്. “ആയിശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതൻ മരണപ്പെട്ടപ്പോൾ, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരിക്കുകൾക്കിടയിലായിരുന്ന സന്ദർഭത്തിൽ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു.” (സുനനു ഇബ്നു മാജ, കിതാബു ന്നികാഹ്, ഹദീഥ് 1944; മുസ്നദ് അഹ്‌മദ്‌ 43/343)

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്നും മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ കുടിക്കേണ്ടതുണ്ടെന്നും പഠിപ്പിക്കുന്ന വചനങ്ങൾ ഖുർആനിന്റെ ഭാഗമായി തന്നെ ആദ്യകാലത്ത് പാരായണം ചെയ്യപ്പെട്ടിരുന്നുവെന്നും പിന്നീട് അവ ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നും വ്യക്തമാക്കുന്ന ഇതല്ലാതെയുള്ള സ്വഹീഹായ നിവേദനങ്ങളുണ്ട്.

സ്വഹീഹുൽ ബുഖാരി, കിത്താബുൽ ‘ഹുദൂദി’ലെ ബാബുൽ ‘ഇഅതിറാഫി ബി സ്സിനാ’യിൽ ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം ചെയ്ത ഹദീഥിൽ ഇങ്ങനെ വായിക്കാം: ഉമർ (റ) പറഞ്ഞു: “കുറെ കാലം കഴിയുമ്പോൾ ആളുകൾ കല്ലെറിഞ്ഞു കൊല്ലലിന്റെ (റജ്മ്) ആയത്തുകൾ വിശുദ്ധഗ്രന്ഥത്തിൽ ഞങ്ങൾ കാണുന്നില്ല എന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. ക്രമേണ അല്ലാഹു ഇറക്കിയ ഈ ഉത്തരവാദിത്വം ഒഴിവാക്കിക്കൊണ്ട് അവർ വഴിപിഴക്കുകയും ചെയ്യും. അറിയുക വ്യഭിചാരി വിവാഹിതനാണെങ്കിൽ, കുറ്റം സാക്ഷികൾ മുഖേനയോ ഗർഭത്തിലൂടെയോ കുറ്റസമ്മതം കൊണ്ടോ തെളിയിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (നിവേദകന്മാരുടെ പരമ്പരയിൽ പെട്ട ഒരാളായ) സുഫ്‌യാൻ (റ) കൂട്ടിച്ചേർത്തു: ഞാൻ ഈ നിവേദനം ഇങ്ങനെയാണ് മനഃപാഠമാക്കിയത്: ഉമർ (റ) ഇങ്ങനെ കൂടി പറഞ്ഞിട്ടുണ്ട്: “തീർച്ചയായും അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തിനുശേഷം ഞങ്ങളുമെല്ലാം കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്.”

സ്വഹീഹ് മുസ്‌ലിമിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’യിലും സുനനു അബൂദാവൂദിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബുൻ ‘ഫീ റജ്‌മിലും’ ഈ ഹദീഥ് ചെറിയ വ്യത്യാസങ്ങളോടെ നിവേദനം ചെയ്തിട്ടുണ്ട്.

“ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു.” (സ്വഹീഹ് മുസ്‌ലിം, കിതാബുർ റിദ്വാഅ, ബാബുത്തുഹ്‌രീമി ബി ഖംസി റദ്വആത്തിൻ)

പാരായണം ദുർബലപ്പെടുത്തി വിധി നിലനിർത്തിയ നസ്‌ഖിന് ഉദാഹരണമായി വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന വചനവും പാരായണവും വിധിയും ദുർബലപ്പെടുത്തിയ നസ്‌ഖിന് ഉദാഹരണമായി മുലകുടി ബന്ധത്തെക്കുറിച്ച വചനവും പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.

പ്രവാചകാനുചരന്മാരൊന്നും തന്നെ വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന് കല്പിക്കുന്ന വചനം ഖുർആനിന്റെ ഭാഗമായി എഴുതിവെച്ചിട്ടില്ലെന്ന സത്യം വചനം ദുർബലപ്പെട്ടതാണെന്ന വസ്തുതയും പ്രസംഗപീഠത്തിൽ വെച്ച് ഈ വചനത്തിലെ നിയമം നിലനിൽക്കുന്നതാണെന്ന് ഉമർ (റ) പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന പ്രവാചകാനുചരന്മാരിൽ ഒരാൾ പോലും അതിന്നെതിരെ യാതൊന്നും പറഞ്ഞില്ലെന്ന സത്യം ഇതിലെ നിയമം നിലനിൽക്കുന്നെണ്ടെന്ന വസ്തുതയുമാണ് വ്യക്തമാക്കുന്നതെന്നും ഇമാം നവവി സമർത്ഥിക്കുന്നുണ്ട്. (ഇമാം നവവി: ശറഹ് സ്വഹീഹ് മുസ്‌ലിം, കിതാബുൽ ഹുദൂദ്, ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’ 3201ആം നമ്പർ ഹദീഥിന്റെ വ്യാഖ്യാനം)

പത്ത് മുലകുടിയിലൂടെയാണ് മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയെന്ന് പഠിപ്പിക്കുന്ന വചനം ഖുർആനിലുണ്ടായിരുന്നുവെന്നും അത് പിന്നീട് ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നുമുള്ള ആയിശ(റ)യുടെ പരാമർശത്തിൽ നിന്ന് വചനങ്ങളും വിധികളും ദുർബലപ്പെടുത്തുന്ന രീതി പ്രവാചകാനുചരന്മാർക്ക് പരിചയമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. മുഹമ്മദ് നബി (സ) ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് ഇത് സംഭവിച്ചതെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നുണ്ട്. പ്രവാചകൻ (സ) പഠിപ്പിക്കുകയും അനുചരന്മാരെങ്കിലും എടുത്ത് മാറ്റുകയും ചെയ്ത സൂക്തങ്ങളോ ഖുർആനിൽ നിന്ന് അബദ്ധവശാൽ നഷ്ടപ്പെട്ടുപോയതോ ആട് തിന്നു നശിച്ചതിനാൽ വിസ്മരിക്കപ്പെട്ടതോ ആയ വചനങ്ങളോ അല്ല ഇവയൊന്നും തന്നെ. ഖുർആൻ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത പ്രവാചകൻ (സ) തന്നെ, തന്റെ അനുചരന്മാരോട് ഖുർആൻരേഖയിൽ എഴുതേണ്ടതില്ലെന്ന് കൽപിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്ത വചനങ്ങളാണിവ. അല്ലാഹു അവതരിപ്പിച്ച ചില വചനങ്ങൾ നില നിർത്തേണ്ടതില്ലെന്ന് അവൻ തന്നെ തീരുമാനിച്ചതിനുള്ള ഉദാഹരങ്ങൾ മാത്രമാണ് ഇവ. ഈ വചനങ്ങൾ ഇന്ന് പാരായണം ചെയ്യുന്ന ഖുർആനിൽ ഇല്ലാത്തത് അത് ആട് തിന്നു പോയത് കൊണ്ടല്ല, പ്രത്യുത അവ പഠിപ്പിച്ച പ്രവാചകൻ തന്നെ അവ ഖുർആനിന്റെ ഭാഗമായി സംരക്ഷിക്കേണ്ടതില്ല എന്ന് നിഷ്കർഷിച്ചതിനാലാണ്.

രണ്ട്) ആട് തിന്നു പോയത് വഴി നഷ്ടപ്പെട്ടുവെന്നാരോപിക്കുന്ന വചനങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ ഹദീഥ് ഗ്രൻഥങ്ങളിൽ അവ നമുക്ക് കാണാൻ കഴിയും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്ന ആട് തിന്ന് നശിപ്പിച്ചത് വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെട്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന വചനമെടുക്കുക. ഇമാമുമാരായ അബ്ദുല്ലാഹി ബ്നു ഇമാം അഹ് മദിന്റെ സവാഹിദുൽ മുസ്നദിലും (21207) അബ്ദുർറസാഖിന്റെ മുസന്നഫിലും (5990) ഇബ്നു ഹിബ്ബാനിന്റെ സ്വഹീഹയിലും (4428) ഹാക്കിമിന്റെ മുസ്തദ്‌റക്കിലും (8068) ബൈഹഖിയുടെ അസ്സുനനിലും (16911) ഇബ്നു ഹസമിന്റെ അൽ മുഹല്ലയിലും (12/175) സ്വഹീഹായ സനദോടെ ഉദ്ധരിക്കപ്പെട്ട ഹദീഥിൽ സൂറത്തുൽ അഹ്സാബിന്റെ ഭാഗമായി “വൃദ്ധനോ വൃദ്ധയോ വ്യഭിചരിച്ചാൽ അവരെ കല്ലെറിഞ്ഞു കൊല്ലുക; അവർക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷയാണത്; പ്രതാപവാനും യുക്തിജ്ഞനുമാകുന്നു അല്ലാഹു”(الشَّيْخُ وَالشَّيْخَةُ إِذَا زَنَيَا فَارْجُمُوهُمَا الْبَتَّةَ نَكَالًا مِنَ اللهِ وَاللهُ عَزِيزٌ حَكِيمٌ) വെന്ന വചനം തങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഉബയ്യു ബ്നു കഅബ് (റ) നിവേദനം ചെയ്തതായി കാണാൻ കഴിയും. ആട് തിന്നതു മൂലമോ സമുദായത്തിന്റെ അശ്രദ്ധയാലോ ഈ വചനം നഷ്ടപ്പെടുകയല്ല ഉണ്ടായതെന്നും ഈ വചനത്തെയും അതിലെ വിധിയെയും വചനം ദുർബലപ്പെട്ടതിനാൽ ഖുർആനിന്റെ ഭാഗമായി അത് പാരായണം ചെയ്യാൻ പാടില്ലെന്ന കാര്യവുമെല്ലാം പ്രവാചകാനുചരന്മാർക്ക് കൃത്യമായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ഹദീഥുകൾ. വചനം ദുർബലപ്പെടുത്തുകയും അതിലുള്ള വിധി നിലനിർത്തുകയും ചെയ്ത നസ്ഖിന് ഉദാഹരണമായി സ്വഹാബിമാർ മനസ്സിലാക്കുകയും പണ്ഡിതന്മാർ ഉദ്ധരിക്കുകയും ചെയ്തതാണ് ഈ വചനം. ആട് തിന്നു പോവുക വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെടുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്ത വചനമായിരുന്നു ഇതെങ്കിൽ പിന്നെയെവിടെനിന്നാണ് ഈ ഹദീഥ് ഉദ്ധരിച്ചവർക്ക് അവ ലഭിച്ചത്?!

മൂന്ന്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിന്റെ നിവേദക പരമ്പര ഇങ്ങനെയാണ്: ആയിശ(റ)യിൽ നിന്ന് അംറാ ബിൻത് അബ്ദുർ റഹ്‌മാനും അവരിൽ നിന്ന് അബ്ദുല്ലാഹി ബ്നു അബീബക്ർ ഇബ്ൻ ഹസമും അവരിൽ നിന്ന് മുഹമ്മദ് ബ്നു ഇസ്ഹാഖും അവരിൽ നിന്ന് അബ്ദുൽ അഅലായും അവരിൽ നിന്ന് അബൂസലമഃ യഹ്‌യ ബിൻ ഖലഫും നിവേദനം ചെയ്യുന്നു. ആയിശ- അംറാ ബിൻത് അബ്ദുർ റഹ്‌മാൻ- അബ്ദുല്ലാഹി ബ്നു അബീബക്ർ ആണ് ഈ നിവേദക പരമ്പരയിലെ അടിസ്ഥാനപരമായ കണ്ണി. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ഈ ഹദീഥിന്റെ ആദ്യഭാഗം നിരവധി പേർ നിവേദനം ചെയ്തിട്ടുണ്ട്. യഹ്‌യ ബിൻ സഈദ് അൽഅൻസാരി, ഇമാം മാലിക്ക് എന്നിവർ അവരിൽ പ്രധാനികളാണ്. സ്വഹീഹ് മുസ്‌ലിമിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 1452) മുവത്വയിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 17) അബ്ദുല്ലാഹി ബ്നു അബീബകർ- യഹ്‌യ ബിൻ സഈദ് അൽഅൻസാരി- മാലിക്ക് ബ്നു അനസ് എന്ന നിവേദകപരമ്പരയോടെയാണ് ഇത് നിവേദനം ചെയ്തിരിക്കുന്നത്. ആ നിവേദകപരമ്പരയിലുള്ള ഹദീഥിൽ ആട് തിന്ന വർത്തമാനമേയില്ല. ആ ഹദീഥ് ഇങ്ങനെയാണ്: “ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു”.

ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ(റ) നിന്ന് ആയിശ (റ) പറഞ്ഞ ഈ സംഭവം നിവേദനം ചെയ്ത മുഹമ്മദ് ബ്നു ഇസ്ഹാഖൊഴിച്ച് മറ്റാരും തന്നെ അദ്ദേഹത്തിൽ നിന്ന് ആട് തിന്ന സംഭവം, അങ്ങനെയൊരു സംഭവം അദ്ദേഹം പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ കേട്ടില്ല എന്ന് കരുതാൻ നിർവാഹമില്ല. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ആട് തിന്ന സംഭവമില്ലാതെ ഈ ഹദീഥിന്റെ ബാക്കി ഭാഗം നിവേദനം ചെയ്ത യഹ്‌യ ബിൻ സഈദാകട്ടെ ഹദീഥ് നിവേദനത്തിൽ സ്വീകരിക്കുന്ന സൂക്ഷ്മതയുടെയും കൃത്യതയുടെയും കാര്യത്തിൽ ഏറെ പ്രസിദ്ധനായ വ്യക്തിയുമാണ്. ഹദീഥ് വിജ്ഞാനീയത്തിൽ പ്രഗത്ഭനായ സുഫ്‌യാനു സൗരി പറഞ്ഞത് മദീനക്കാരെ സംബന്ധിച്ചിടത്തോളം ഹദീഥുകളുടെ കാര്യത്തിൽ ഇമാം സുഹ്‌രിയേക്കാൾ മഹത്വമുള്ളയാളായാണ് യഹ്‌യ ബിൻ സഈദ് എന്നാണ്. ഏറ്റവുമധികം പ്രാമാണികവും സത്യസന്ധവുമായി ഹദീഥുകൾ നിവേദനം ചെയ്യുന്നയാൾ എന്ന് അലി ബിൻ അൽ മദീനിയും കൃത്യവും കളങ്കങ്ങളൊന്നും കടന്നുവരാത്തതുമായ രീതിയിൽ നിവേദനം ചെയ്യുന്നയാൾ എന്ന് ഇമാം അഹ്‌മദ്‌ ബിൻ ഹമ്പലും സാക്ഷ്യപ്പെടുത്തിയ വ്യക്തികൂടിയാണ് അദ്ദേഹം. (ഇബ്നു ഹജറുൽ അസ്ഖലാനി: തഹ്ദീബ് അത്തഹ്ദീബ് 11/223)

യഹ്‌യ ബിൻ സഈദ് പറഞ്ഞതിനെതിരെ നിവേദനം ചെയ്യുമ്പോൾ ഹദീഥ് നിദാനശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം മുഹമ്മദ് ബ്നു ഇസ്‌ഹാഖ്‌ തീരെ സ്വീകാര്യനാവുകയില്ല. ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്ന് ഒരേ സംഭവം നിവേദനം ചെയ്യുമ്പോൾ യഹ്‌യ ബിൻ സഈദ് കേട്ടതിനേക്കാളധികം മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ കേട്ടുവെന്ന് പറഞ്ഞാൽ അത് വിശ്വാസയോഗ്യമായി അവർ അംഗീകരിക്കുകയില്ല. മുഹമ്മദ് ബ്നു ഇസ്ഹാഖിനെ തെളിവിന് കൊള്ളുകയില്ലെന്നും പ്രവാചകചര്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിൽ നിന്നുള്ള നിവേദനങ്ങൾ സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം മാത്രമായി നിവേദനം ചെയ്തതാണെങ്കിൽ പ്രസ്തുത ഹദീഥ് താൻ സ്വീകാര്യമായി ഗണിക്കുകയില്ലെന്നും പല നിവേദകരുടെയും വർത്തമാനങ്ങൾ ഒരൊറ്റ ഹദീഥിൽ ഉൾപ്പെടുത്തുകയും അവ തമ്മിൽ വേർതിരിക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടെന്നുമെല്ലാം ഇമാം അഹ്‌മദ്‌ ബിൻ ഹമ്പൽ പറഞ്ഞതായി ഇമാമിന്റെ മക്കൾ തന്നെ നിവേദനം ചെയ്തിട്ടുണ്ട്. മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ ദുർബലനാണെന്ന് യഹ്‌യ ബിൻ മഈനും, ശക്തനല്ലെന്ന് നസാഇയും പ്രാമാണികമല്ലെങ്കിലും മറ്റു നിവേദനങ്ങളോടൊപ്പം സ്വീകരിക്കാവുന്ന നിവേദനങ്ങളാണ് അദ്ദേഹത്തിന്റേതെന്ന് ദാറഖുത്‌നിയും പറഞ്ഞതായി കാണാനാവും. (തഹ്ദീബ് അത്തഹ്ദീബ് 9/45)

അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്നല്ലാതെയുള്ള മറ്റൊരു പരമ്പരയോട് കൂടി ഇതേ സംഭവം നിവേദനം ചെയ്യപ്പെട്ടപ്പോഴും അതിൽ ആട് തിന്ന കഥയില്ലെന്നതും പ്രസ്തുത കഥയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണ്. ആയിഷയിൽ നിന്ന് കേട്ടതായി അംറയും അവരിൽ നിന്ന് കേട്ടതായി അൽഖാസിമു ബ്നു മുഹമ്മദും അദ്ദേഹത്തിൽ നിന്ന് അബ്ദു റഹ്‌മാന്‌ ബ്നു ഖാസിമും അദ്ദേഹത്തിൽ നിന്ന് ഹമ്മാദ് ബ്നു സലാമയും അദ്ദേഹത്തിൽ നിന്ന് അൽഹജ്‌ജാജ് ബ്നു മിൻഹാലും അദ്ദേഹത്തിൽ നിന്ന് മുഹമ്മദ് ബ്നു ഖുസൈമയും നിവേദനം ചെയ്യുന്ന ഇതേ സംഭവം പ്രതിപാദിക്കുന്ന ഹദീഥ് അത്തഹാവി തന്റെ ശറഹ് മുഷ്‌കിലൽ അഥറിൽ(11/486) ഉദ്ധരിക്കുന്നുണ്ട്. അതിൽ ആയിശ പറയുന്നതായി “വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു”എന്ന് മാത്രമേയുള്ളൂ. ആട് തിന്ന സംഭവത്തിലേക്ക് യാതൊരു സൂചനയും അവിടെ നൽകുന്നില്ല. ആട് തിന്ന സംഭവത്തെക്കുറിച്ച വിവരങ്ങൾ തീരെ ദുർബലവും സംഭവിച്ചിരിക്കുവാൻ തീരെ സാധ്യതയില്ലാത്തതുമാണ് എന്ന് വ്യക്തമാക്കുന്ന ബലവത്തായ തെളിവുകളാണ് ഇവയെല്ലാം.

നാല്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിൽ പറഞ്ഞത് പോലെ “കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും എഴുതിയ തന്റെ തലയിണക്കടിയിലുണ്ടായിരുന്ന രേഖ ദൈവദൂതന്റെ മരണവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലായിരുന്നപ്പോൾ ഒരു ആട് അകത്ത് കടന്ന് തിന്നു കളഞ്ഞു”വെന്ന ആയിശ(റ)യുടെ വർത്തമാനം സത്യമാണെങ്കിൽ തന്നെ അതിൽ നിന്നെങ്ങനെയാണ് ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കാൻ കഴിയുക?! അതിൽ നിന്നെങ്ങനെയാണ് ഖുർആനിൽ നിന്ന് ഒരു വചനം നഷ്ടപ്പെട്ടു പോയി എന്നു വരിക? ഈ ഹദീഥിലുള്ളത് അവരുടെ കയ്യിലുണ്ടായിരുന്ന ഈ വചനങ്ങൾ എഴുതിയ രേഖ ആട് തിന്നു എന്ന് മാത്രമാണ്. അവരുടെ കയ്യിൽ മാത്രമായിരുന്നില്ല ആ വചനങ്ങൾ എഴുതി വെച്ചതായി ഉണ്ടായിരുന്നത് എന്ന് നേരത്തെ പറഞ്ഞ ഹദീഥുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ പിന്നെയെങ്ങനെയാണ് ആയിശയുടെ അടുത്തുള്ള രേഖ ആട് തിന്നതു കൊണ്ട് ആ വചനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വാദിക്കുക?! ഖുർആനിൽ എന്നെന്നും നിലനിർത്തേണ്ട വചനങ്ങൾ ഉൾക്കൊള്ളുന്ന രേഖയായി അതിനെ ആയിശയോ മറ്റ് പ്രവാചകാനുചരന്മാരോ പരിഗണിച്ചതായി വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ല. നസ്ഖ് ചെയ്യപ്പെട്ട ആയത്തുകൾ ആയിശ അവരുടെ കയ്യിലുണ്ടായിരുന്ന ഒരു രേഖയിൽ എഴുതിവെച്ചിരുന്നു; തിരക്കുകൾക്കിടയിൽ ആ രേഖ ആട് തിന്നുപോയി. ഖുർആനിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയോ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നേയില്ല.



No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...