യേശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. എന്നാല്‍ ബൈബിളിലെ ചില വചനങ്ങള്‍ വൃഥാ വ്യാഖ്യാനിച്ച് പ്രസ്തുത വിശ്വാസം സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. അത്തരം വചനങ്ങളില്‍ സാധാരണ ഉദ്ധരിക്കാറുള്ള ബൈബിള്‍ വചനങ്ങളാണ് താഴെ വിശകലനം ചെയ്യുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില പദപ്രയോഗങ്ങളില്‍ അഭയം തേടിയാണ് യേശുവില്‍ ദിവ്യത്വം ആരോപിക്കാന്‍ ക്രൈസ്തവ സഹോദരങ്ങള്‍ ശ്രമിക്കാറുള്ളത്.
ഓര്‍ത്തിരിക്കേണ്ട വസ്തുതകള്‍
യേശു സംസാരിച്ചിരുന്ന ഭാഷ അരാമിക് ആയിരുന്നു. സുവിശേഷങ്ങള്‍ എഴുതപ്പെട്ടതോ ഗ്രീക്ക് ഭാഷയിലും.
സുവിശേഷങ്ങളുടെ മൂലരേഖകളുടെ പകര്‍പ്പുകള്‍ ഇന്ന് ലഭ്യമല്ല.
പരിഭാഷകളിലെ പ്രയോഗങ്ങളുടെ മൂലപദങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്ന് നിര്‍വാഹമില്ല.
നിലവിലുള്ള സുവിശേഷങ്ങള്‍ യേശുവിന്റെ കാലശേഷം അര നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് രചിക്കപ്പെടുന്നത്. ക്രോഡീകരണം നടന്നതോ മൂന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞും. അതിനാല്‍ അവയില്‍ ധാരാളം പിഴവുകള്‍ കടന്നു കൂടാമല്ലോ.
പിതാവ്, ദൈവം, ദൈവപുത്രന്‍, കര്‍ത്താവ്, അനാദി തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളുമാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്.
യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന പദങ്ങളില്‍ അധികവും യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത്. നാല് സുവിശേഷങ്ങളില്‍ ഏറ്റവും അവസാനം എഴുതപ്പെട്ടതാണല്ലോ അത്.
യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് യേശുവിനെ കാണുക പോലും ചെയ്യാത്ത യേശുവിന്റെ ശിഷ്യരുടെ കണ്ണിലെ കരടായ പൗലോസ് ആയിരുന്നു. അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ അത്തരം വചനങ്ങള്‍ കാണാന്‍ കഴിയും.
എന്നിട്ട് പോലും ദൈവത്തിന്റെ ഏകത്വവും യേശുവിന്റെ ദിവ്യത്വനിഷേധവും വ്യാഖ്യാനം പോലും ആവശ്യമില്ലാത്ത വിധം വിളംബരം ചെയ്യുന്ന നിരവധി വചനങ്ങള്‍ നാം ബൈബിളില്‍ കാണുന്നു എന്നത് അത്ഭുതകരം തന്നെയാണ്.
ഇനി യേശുവില്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി എടുത്തു കാണിക്കാറുള്ള ബൈബിള്‍ വചനങ്ങള്‍ പരിശോധിക്കാം:
1. "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോട് കൂടിയായിരുന്നു. സകലതും അവന്‍ മുഖാന്തരം ഉളവായി. ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.'' (യോഹന്നാന്‍ 1:1-3)
ഒന്നാമത് ഇത് യേശു പറഞ്ഞതല്ല. യേശു ഒരിക്കലും തന്നെ കുറിച്ച് അപ്രകാരം പറയുന്ന ഒരു ബൈബിള്‍ വചനം പോലുമില്ല. മറ്റൊരു വസ്തുത ഇവിടെ വചനം ദൈവമായിരുന്നു എന്ന് ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നത് the Word was God എന്നാണ്. God എന്നതിലെ G capital letter ആക്കിയാണ് കൊടുത്തിരിക്കുന്നത്. അതാണ് ഇവരുടെ വാദത്തിന്റെ അടിസ്ഥാനവും. എന്നാല്‍ ഇത് translation ല്‍ വന്ന കുഴപ്പമാവാന്‍ സാധ്യത ഉണ്ട്. the Word was god എന്നായിരുന്നുവെങ്കില്‍ ഇവരുടെ വാദം നിലനില്‍ക്കുകയില്ല. കാരണം god എന്നാല്‍ യഥാര്‍ത്ഥ ദൈവം ആകണമെന്നില്ല. ആര്‍ക്കും പ്രയോഗിക്കാം.
ഇവിടെ വചനം കൊണ്ട് ഉദ്ദേശിക്കുന്നത് യേശുവാണെന്നാണ് വാദം. എന്നാല്‍ ആ വാദത്തിനു ഒരു തെളിവുമില്ല എന്നതാണ് സത്യം. ഇവിടെ പറഞ്ഞിരിക്കുന്നത് ദൈവത്തിന്റെ വചനത്തെക്കുറിച്ചാണ്. എന്താണ് ദൈവത്തിന്റെ വചനം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ദൈവത്തിന്റെ സൃഷ്ടികര്‍മം എങ്ങനെയെന്നു പരിശോധിച്ചാല്‍ മതി.
"യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകല സൈന്യവും ഉളവായി." (സങ്കീര്‍ത്തനം 33:6)
"വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. വെളിച്ചം ഉണ്ടായി." (ഉല്‍പത്തി 1:3)
"ആകാശത്തിന് കീഴെയുള്ള വെള്ളങ്ങളെല്ലാം ഒരു സ്ഥലത്ത് കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. അങ്ങനെ സംഭവിച്ചു''. (ഉല്‍പത്തി 1:9)
ദൈവം സൃഷ്ടികര്‍മ്മം നടത്തിയപ്പോള്‍ അതിനോട് 'ഉണ്ടാകട്ടെ' എന്ന് കല്‍പിച്ചു. ഇത് ദൈവത്തിന്റെ വചനമാണ്. ദൈവവചനം സൃഷ്ടിയല്ലല്ലോ.
"അവന്‍ അരുളി ചെയ്തു: അങ്ങനെ സംഭവിച്ചു. അവന്‍ കല്‍പിച്ചു; അങ്ങനെ സ്ഥാപിതമായി.'' (സങ്കീര്‍ത്തനം 33:9)
അപ്പോള്‍ ഒരു സംഗതി ഉണ്ടാകാനുള്ള കല്‍പ്പനയാണ് ദൈവവചനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. യേശു ഉണ്ടായതും അങ്ങനെയൊരു വചനത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ യേശു തന്നെ വചനമാണ്, ദൈവമാണ് എന്ന സൂചനയൊന്നും പ്രസ്തുത ബൈബിള്‍ വാക്യത്തില്‍ കാണുക സാധ്യമല്ല.
2. "ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു." (യോഹന്നാന്‍ 1:18)
ഈ വചനത്തിലെ 'മടിയില്‍ ഇരിക്കുന്ന' 'ഏകജാതനായ പുത്രന്‍' 'വെളിപ്പെടുത്തി' എന്നീ പ്രയോഗങ്ങളാണ് യേശുവിന്റെ ദിവ്യത്വത്തെ സ്ഥാപിക്കുവാന്‍ വേണ്ടി എടുത്തു കാണിക്കുന്നത്. എന്നാല്‍ ഇവ ആലങ്കാരികമായ പ്രയോഗങ്ങള്‍ മാത്രമാണ്.
'മടിയില്‍ ഇരിക്കുന്ന' എന്ന പ്രയോഗം ബാഹ്യാര്‍ത്ഥത്തില്‍ എടുത്താല്‍ ദൈവത്തിനു തുടയും മടിയുമൊക്കെ ഉണ്ടെന്നു വാദിക്കേണ്ടി വരും. ദൈവം ഒരിക്കലും പദാര്‍ത്ഥമല്ലല്ലോ. ഈ പ്രയോഗം യേശുവിന്റെ ദൈവവുമായുള്ള ബന്ധത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. യേശു ദൈവമാണെന്ന് സൂചിപ്പിക്കുന്നില്ല.
അത് പോലെ ദൈവത്തെ കുറിച്ച് സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തു എന്നാണു "വെളിപ്പെടുത്തി" എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവം യേശുവിന്റെ രൂപത്തില്‍ വെളിപ്പെട്ടു എന്നല്ല.
ഇനി ഏകജാതന്‍ എന്ന പ്രയോഗം നോക്കാം. ബൈബിള്‍ യേശുവിനെ കുറിച്ച് മാത്രമല്ല, മറ്റു പലരെയും കുറിച്ച് ഏകജാതന്‍, പുത്രന്‍ എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്.
"യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ." (പുറപ്പാട് 4:22)
"ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ." (യിരമ്യാവ് 31:9)
"ഞാൻ അവന്നു (സോളമന്) പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും" (2 ശമുവേല്‍ 7:14)
"നീ (ദാവിദ്) എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു." (സങ്കീര്‍ത്തനങ്ങള്‍ 2:7)
ഏകജാതന്‍ , ദൈവപുത്രന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഒരിക്കലും ദിവ്യത്വത്തിനു തെളിവാകുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. യഥാര്‍ഥത്തില്‍ ദൈവപുത്രന്‍ എന്ന പ്രയോഗത്തിന് ആര്‍ അര്‍ഹനാകും എന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ട്.
"സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും." (മത്തായി 5:9)
ഇത് വെച്ച് സമാധാനം ഉണ്ടാക്കുന്നവരൊക്കെ ദൈവങ്ങള്‍ ആണെന്ന് വാദിക്കാന്‍ പറ്റില്ലെങ്കില്‍ യേശുവിന്റെ കാര്യത്തിലും പറ്റില്ല എന്നതാണ് നീതിയും യുക്തിയും.
3. "അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍ നിന്നുള്ളവര്‍ . ഞാന്‍ മേലില്‍ നിന്നുള്ളവന്‍ ; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ . ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല." (യോഹന്നാന്‍ 8:23)
ഇത് യേശു ദൈവമാണെന്നതിനു തെളിവാണെങ്കില്‍ യേശുവിന്റെ ശിഷ്യന്മാരും ദൈവങ്ങളാണ് എന്ന് പറയേണ്ടി വരും. കാരണം യോഹന്നാന്‍ 15:19 ല്‍ ഇങ്ങനെ കാണാം:
"നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു."
മറ്റൊരിടത്ത് പറയുന്നു:
"ഞാന്‍ അവര്‍ക്കും നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു." (യോഹന്നാന്‍ 17:14)
"ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികരല്ല." (യോഹന്നാന്‍ 17:16)
വാസ്തവത്തില്‍ ഇത്തരം വചനങ്ങള്‍ കൊണ്ട് ഉദേശ്യം യേശുവും ശിഷ്യന്മാരുമൊക്കെ ഭൗതികവിരക്തി ഉള്ളവരാണ് എന്നായിരിക്കാം. എന്തായാലും ദിവ്യത്വത്തിനു ഇതില്‍ തെളിവില്ല.
4. "യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന്‍ ഉണ്ടു എന്നു പറഞ്ഞു." (യോഹന്നാന്‍ 8:58)
ഇത് യേശുവിന്റെ ദിവ്യത്വത്തിനു തെളിവാണെങ്കില്‍ താഴെ കൊടുത്ത ബൈബിള്‍ വചനങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും?
"യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ. പര്‍വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു. അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള്‍ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാന്‍ അവന്റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു." (സദൃശ വാക്യങ്ങള്‍ 8:22-30)
തീര്‍ന്നില്ല, മല്‍ക്കീ സേദേക്ക് എന്ന വ്യക്തിയിലും നാം ദിവ്യത്വം ചാര്‍ത്തി കൊടുക്കേണ്ടി വരും.
"ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ ഈ മല്‍ക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്‍റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാല്‍ സമാധാനത്തിന്‍റെ രാജാവു എന്നും അര്‍ത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന്‍ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. ഇവന്‍ എത്ര മഹാന്‍ എന്നു നോക്കുവിന്‍ ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളില്‍ പത്തിലൊന്നു കൊടുത്തുവല്ലോ." (എബ്രായേര്‍ക്ക് എഴുതിയ ലേഖനം 7:1-4)
ഈ വചനങ്ങളുടെ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഒരു പക്ഷെ ദൈവം മനുഷ്യരെ ഭൂമിയിലേക്ക് അയക്കും മുമ്പ് അവരുടെ ആത്മാക്കളെ സൃഷ്ടിച്ചതിനെ കുറിച്ച സൂചനകളാകാം. എന്തായാലും യേശുവിന്റെ ദിവ്യത്വത്തിനു ഒരു തെളിവും ഇതിലില്ല എന്ന് വ്യക്തം.
5. "ഞാനും പിതാവും ഒന്നാകുന്നു.” (യോഹന്നാന്‍ 10:30)
തന്റെ ശിഷ്യന്മാരെ കുറിച്ച് യേശു പറയുന്നു:
"നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതു പോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതു പോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍ , നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ." (യോഹന്നാന്‍ 17:21-23)
ഇത് പ്രകാരം യേശുവിന്റെ ശിഷ്യന്മാര്‍ ദൈവങ്ങള്‍ ആണെന്ന് വാദിക്കേണ്ടതല്ലേ? അപ്പോള്‍ "ഒന്നാകുന്നു" എന്നതിന്റെ അര്‍ഥം സത്തയില്‍ ഒന്നാണ് എന്നല്ല, മറിച്ചു ആശയത്തിലുള്ള ഐക്യമാണ്. സാധാരണ മനുഷ്യര്‍ തമ്മില്‍ "നമ്മള്‍ ഒന്നാണ്" എന്ന് പറയാറുണ്ട് . അതിന്റെ അര്‍ഥം ആദര്‍ശത്തിലോ ആശയത്തിലോ ഉള്ള ഐക്യം മാത്രമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.
6. "യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതു കൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 10:33)
ഈ വചനത്തില്‍ യേശു ദൈവമാണ് എന്നതിന് യാതൊരു തെളിവുമില്ല. യേശു താന്‍ ദൈവമാണെന്ന് വാദിക്കുന്നു എന്നത് യഹൂദരുടെ ആരോപണം മാത്രമാണ്. യേശു അങ്ങനെ അവകാശപ്പെട്ടിട്ടില്ല.
യഹൂദരുടെ ഈ ആരോപണത്തിന് യേശു നല്‍കിയ മറുപടി കൂടി നാം കാണുക. അപ്പോള്‍ മനസ്സിലാകും യേശുവിന്റെ ആദര്‍ശം എന്താണെന്ന്.
"യേശു അവരോടു: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ - ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ ." (യോഹന്നാന്‍ 10:34-38)
ന്യായപ്രമാണത്തില്‍ ദൈവദൂതന്മാരെ ദേവന്മാര്‍ എന്ന് പ്രയോഗിച്ചത് പോലെയാണ് തന്നെ ദൈവപുത്രന്‍ എന്ന് പറയുന്നതെന്നാണ് യേശുവിന്റെ മറുപടി. അഥവാ ദൈവപുത്രന്‍ എന്നാല്‍ ദൈവദൂതന്‍ എന്നേ അര്‍ത്ഥമുള്ളൂ.
7. "തോമാസ് അവനോടു: എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 20:28)
എങ്കില്‍ മോശയെയും ബൈബിള്‍ ദൈവം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
"എന്നാല്‍ അവന്‍: കര്‍ത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.. അപ്പോള്‍ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവന്‍ അരുളിച്ചെയ്തു: ലേവ്യനായ അഹരോന്‍ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാന്‍ അറിയുന്നു. അവന്‍ നിന്നെ എതിരേല്പാന്‍ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോള്‍ അവന്‍ ഹൃദയത്തില്‍ ആനന്ദിക്കും. നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞു കൊടുക്കേണം. ഞാന്‍ നിന്റെ വായോടും അവന്റെ വായോടും കൂടെ ഇരിക്കും; നിങ്ങള്‍ ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും. നിനക്കു പകരം അവന്‍ ജനത്തോടു സംസാരിക്കും; അവന്‍ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും. അടയാളങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യില്‍ എടുത്തുകൊള്‍ക." (പുറപ്പാട് 4:13-17)
എന്ത് കൊണ്ട് യേശുവിനെ ദൈവമാക്കിയവര്‍ ഈ വചനങ്ങള്‍ വച്ച് മോശയെ ദൈവമാക്കുന്നില്ല?
8. "ഫിലിപ്പോസ് അവനോടു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?" (യോഹന്നാന്‍ 14:8,9)
എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്ന അവ്യക്തവചനം ബൈബിളിലെ മറ്റു വചനങ്ങള്‍ പരിശോധിച്ചു വേണം വ്യാഖ്യാനിക്കാന്‍ . "ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല" (യോഹന്നാന്‍ 1:18) എന്ന് ബൈബിള്‍ പറയുന്നു. അപ്പോള്‍ "എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്ന വചനത്തിന്റെ അര്‍ഥം യേശു ദൈവമാണ് എന്നല്ല. യേശുവിനെ അവര്‍ കണ്ടിരുന്നല്ലോ. പിതാവിനെ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നും, അതിനു പകരം പിതാവിന്റെ സന്ദേശവാഹകനും പ്രതിനിധിയും എന്ന നിലയില്‍ തന്നെ സ്വീകരിക്കുന്നതിലൂടെ ദൈവത്തെ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുമെന്നാണ് യേശു പറയുന്നത്. മറിച്ചുള്ള വാദം ബൈബിളിലെ മേല്‍ വചനത്തിനും മറ്റും വിരുദ്ധമായി തീരും.
No comments:
Post a Comment