Saturday, August 15, 2020

ഇസ്ലാം യഹോവ ദൈവ നാമമാണോ?

 



തൗഹീദ്: ബൈബിളിന്റെ മര്‍മ്മം



ബൈബിളിന്റെ മര്‍മ്മം എന്താണെന്ന് ക്രൈസ്തവരോട്, പ്രത്യേകിച്ചും മിഷണറിമാരോടൊ അപ്പോളജറ്റിക്കുകളോടൊ ചോദിച്ചാല്‍, പഴയനിയമം യേശുവിന്റെ ഒരുക്കവും പുതിയനിയമം യേശുവിന്റെ ഒടുക്കവുമാണ്; അഥവാ പഴയനിയമം യേശുവിന്റെ കുരിശു മരണത്തിന്റെ ഒരുക്കവും പുതിയനിയമം യേശുവിന്റെ കുരിശു മരണത്തിന്റെ ഒടുക്കവുമാണ്. അതാണ് ബൈബിളിന്റെ മര്‍മ്മം എന്നാണ് അതിന് അവര്‍ മറുപടിയായി പറയാറ്. വാസ്തവത്തില്‍ അതവരുടെ സഭാധ്യാപനം മാത്രമാണത്. യേശുവിന്റെ കുരിശു മരണത്തിന്റെ ഒരുക്കം പഴയനിയമം കൊണ്ടൊ യേശുവിന്റെ കുരിശു മരണത്തിന്റെ ഒടുക്കം പുതിയനിയമത്തിലെ യേശുവിന്റെ അധ്യാപനങ്ങള്‍കൊണ്ടൊ അവര്‍ക്ക് തെളിയിക്കാൻ കഴിയുകയില്ല.(1)


എന്നാല്‍ ബൈബിളിന്റെ മര്‍മ്മം ‘തൗഹീദാ’ണെന്ന് ബൈബിളിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് സമര്‍ത്ഥിക്കാന്‍ കഴിയും. ബൈബിളിന് പുറമെ വിശുദ്ധ ഖുര്‍ആന്റെ പിന്‍ബലവും അതിനോടൊപ്പം ഉപയോഗിക്കുന്നുണ്ട്. എന്തിനാണ് ഖുര്‍ആന്റെ പിന്‍ബലം ഇതിനായി ഉപയോഗിക്കുന്നതെന്ന് ഒരു പക്ഷെ ചോദിച്ചേക്കാം. അതിനുള്ള മറുപടി ഖുര്‍ആന്‍ തന്നെ പറയട്ടെ!


”നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും ഇബ്രാഹീമിനും ഇസ്മായിലിനും ഇസ്ഹാക്കിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ചു കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സര്‍വ്വ പ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.” (2:136)


ഒരു മുസ്‌ലിമിന്റെ അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ് ഖുര്‍ആനിലും മുന്‍ പ്രവാചകന്മാര്‍ക്ക് അവതരിച്ച വേദഗ്രസ്ഥങ്ങളിലും വിശ്വസിക്കുക എന്നത്. വിശുദ്ധ ഖുര്‍ആന്‍ മൂന്ന് മുന്‍ വേദഗ്രന്ഥങ്ങളുടെ പേര് എടുത്ത് പറയുന്നുണ്ട്. മൂസാ നബിക്ക് അഥവാ മോശാ പ്രവാചകന് അവതരിച്ച തൗറാത്ത്(തോറ), ദാവൂദ് നബിക്കവതരിച്ച സബൂര്‍(സങ്കീര്‍ത്തനം), ഈസാ നബിക്ക് അഥവാ യേശുവിന് അവതരിച്ച ഇഞ്ചീല്‍(ദൈവത്തിന്റെ സുവിശേഷം) എന്നിവ. ഈ പറയപ്പെട്ട വേദഗ്രന്ഥങ്ങള്‍ ഒന്നും തന്നെ അവതരിച്ച രൂപത്തില്‍ ഇന്ന് നിലനില്‍ക്കുന്നില്ല. ഈ വസ്തുത ബൈബിള്‍ പണ്ഡിതന്മാരും അംഗീകരിക്കുന്നുണ്ട്.(2)


ജൂത ക്രൈസ്തവരെ ഭവ്യതയോടെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ‘വേദക്കാര്‍’ എന്നാണ്. അവരുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

”വേദക്കാരെ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യുന്നത്.?” (3:71)


ബൈബിളിലെ ആദ്യത്തെ 39 പുസ്തകങ്ങളെ ‘പഴയനിയമം’ എന്ന പേരിലാണ് ക്രൈസ്തവര്‍ പരിചയപ്പെടുത്തുന്നത്. യഹൂദര്‍ ‘Thanakh’ അല്ലെങ്കില്‍ ‘Masoretic Text’ എന്ന പേരിലുമാണ്. ഖുര്‍ആന്‍ 3:71 ല്‍ പറഞ്ഞത് പോലെ അവ സത്യവും അസത്യവും കൂടിക്കലര്‍ന്ന അവസ്തയിലാണുള്ളത്. ചില ഉദാഹരണങ്ങള്‍ കാണുക:

”താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് യഹോവ അനുതപിച്ചു. അത് അവന്റെ ഹൃദയത്തിന് ദുഃഖമായി. ഞാന്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്ന് നശിപ്പിച്ചുകളയും. മനുഷ്യനെയും മൃഗത്തേയും ഇഴജാതിയേയും ആകാശത്തിലെ പക്ഷികളേയും തന്നെ. അവയെ ഉണ്ടാക്കുകകൊണ്ട് ഞാന്‍ അനുതപിക്കുന്നുവെന്ന് യഹോവ അരുളിചെയ്തു.” (ഉല്‍പത്തി 6: 6-7)


”യഹോവ സാമുവലിനോട് അരുളി ചെയ്തു: സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്നും അകലുകയും എന്റെ കല്‍പനകള്‍ നിറവേറ്റാതിരിക്കുകയും ചെയ്തിരിക്കുന്നു.” (1 സാമുവേല്‍ 15:10-11)


ദൈവം അനുതപിക്കുകയോ?!!! ഒരിക്കലുമില്ല. ഖേദിക്കുകയും ദുഃഖിക്കുകയും അനുതപിക്കുയും ചെയ്യുക എന്നത് മനുഷ്യ പ്രകൃതമാണന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നത് കാണുക: “വ്യാചം പറയാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യ പുത്രനുമല്ല.” (സംഖ്യ 23:19)


”യിസ്രായേലിന്റെ മഹത്വമായവന്‍ കള്ളംപറയുകയൊ, അനുതപിക്കുകയൊയില്ല; അനുതപിക്കുവാന്‍ അവിടുന്നു മനുഷ്യനല്ലല്ലൊ.” (1.സാമുവേല്‍ 15:29) മനുഷ്യരുടെ കരവേലയാണ് ബൈബിളിലെ വ്യക്തമായ ഈ വൈരുദ്ധ്യങ്ങള്‍ക്ക് കാരണം.


”യഹോവേ, ഉണര്‍ന്നെഴുന്നേല്‍ക്കണമേ! അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ!” (സങ്കീര്‍ത്തനം 44:23)


ദൈവം ഉറങ്ങുകയോ?!!! ഒരിക്കലുമില്ല. അതും ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ പ്രയോഗമാണ്. കാരണം, അതേ സങ്കീര്‍ത്തന പുസ്തകം തന്നെ പറയുന്നതു കാണുക: ”യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയുമില്ല; ഉറങ്ങുകയുമില്ല. യഹോവയാണ് നിന്റെ പരിപാലകന്‍.” (സങ്കീര്‍ത്തനം 121:4)


”ആറുദിവസം കൊണ്ടല്ലെ, യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്. ഏഴാം ദിവസം അവന്‍ സ്വസ്ഥമായിരുന്ന് വിശ്രമിച്ചു.” (പുറ 31:17)

ദൈവം വിശ്രമിക്കുകയോ?!!! ഒരിക്കലുമില്ല. അത് ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ പ്രയോഗമാണ്. സത്യവും അസത്യവും കൂടിക്കലര്‍ന്ന ഏതാനും വചനങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. മുകളില്‍ രേഖപ്പെടുത്തിയത് ന്യായപ്രമാണത്തിലെ വചനങ്ങളാണ്. ആ ന്യായപ്രമാണത്തെ(തോറ)സംബന്ധിച്ച് ബൈബിള്‍ പറയുന്നു:


”ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം(തോറ) ഞങ്ങളുടെ പക്കല്‍ ഉണ്ട് എന്നു നിങ്ങള്‍ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു. (യിരമ്യാ 8:8) ബൈബിളില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്ന്, അഥാവാ സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയിട്ടുണ്ടെന്ന് ബൈബിള്‍ തന്നെ സാക്ഷ്യം വഹിക്കുകയാണിവിടെ.


ദൈവത്തിന്റെ ഏകത്വവുമായി ബന്ധപ്പെട്ട്, ബൈബിളിലെ വചനങ്ങളുമായി യോചിച്ചുപോകുന്നതും വിയോചിച്ചുപോകുന്നതുമായ ധാരാളം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. യോജിച്ചുപോകുന്ന വചനങ്ങള്‍ ഇവിടെ ചര്‍ച്ചക്ക് വിധേയമാക്കുകയാണ്.


‘തൗഹീദ്, ബൈബിളിന്റെ മര്‍മ്മം’ എന്നതാണെല്ലൊ നമ്മുടെ ചര്‍ച്ചാവിഷയം. എന്താണ് തൗഹീദ്? ദൈവത്തിന്റെ ഏകത്വം, അഥവാ ആരാധനക്കര്‍ഹനായി ഏകസത്യദൈവമല്ലാതെ മറ്റാരുമില്ല എന്നാണ്. അറബിയില്‍ ‘لا اله الا الله‘ (ലാഇലാഹ ഇല്ലല്ലാഹ്)എന്നാണ്. അതിന്റെ അര്‍ത്ഥം ‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല’ എന്നുമാണ്.


ഈ പ്രയോഗം ആവര്‍ത്തനപുസ്തകം 32:39 ല്‍ ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം: ”നോക്കൂ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം. ഞാനല്ലാതെ വേറെ ദൈവമില്ല.”


ദൈവത്തിന്റെ ഏകത്വമാണ്-തൗഹീദാണ്-ഈവചനത്തിലൂടെ വിളിച്ചറിയിക്കുന്നത്. ഏകദൈവ വിശ്വാസാരാധനയിലൂടെ ഒരാള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് അടുക്കുവാനും നരകത്തില്‍നിന്നും അകലുവാനും കഴിയുമെന്ന് ബൈബിളും ഖുര്‍ആനും ഒരുപോലെ പഠിപ്പിക്കുന്നുണ്ട്. അത് ശേഷം വിശതമാക്കാം. അതിന് മുമ്പ് ദൈവത്തിന്റെ പേരുമായി ബന്ധപ്പെട്ട വസ്തുതകള്‍ സൂചിപ്പിക്കട്ടെ.


പ്രവാചകന്മാര്‍ അകിലവും പ്രഥമമായി പ്രബോധനം ചെയ്തത് ദൈവം ഏകനാണന്നും അവനെമാത്രമേ ആരാധിക്കാവൂ എന്നുമാണെല്ലൊ. ഏകസത്യദൈവത്തിന് ഒരു പരിശുദ്ധ നാമമുണ്ട്. ആ നാമത്തിലാണ് പ്രവാചകന്മാരെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചതും പ്രബോധനം ചെയ്തതും എന്നകാര്യം ഉറപ്പാണ്. എങ്കില്‍ എന്തായിരിക്കും ആ നാമം?


ഏകസത്യദൈവത്തിന്റെ പേര് എന്താണ്?


സത്യദൈവത്തിന് വിശുദ്ധമായ ഒരു നാമമുണ്ട്. മോശക്കും ദാവീദിനും യേശുവിനും മറ്റു പ്രവാചകന്മാര്‍ക്കെല്ലാം അവതരിച്ച വേദഗ്രന്ഥങ്ങളില്‍ ആ നാമമുണ്ടായിരുന്നു. എന്നാല്‍ നിലവിലുള്ള ബൈബിളില്‍ എവിടേയും ദൈവത്തിന്റെ വിശുദ്ധ നാമമില്ലായെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ പറയുന്നു. എ.സി. ക്ലയ്റ്റന്‍ പറയട്ടെ: ‘ദൈവം ഏകനായതുകൊണ്ടും നിസ്തുല്ല്യനായതുകൊണ്ടും അവനില്‍ ഭിന്നത്ത്വങ്ങള്‍ ഇല്ലാത്തതുകൊണ്ടും ദൈവത്തിന്റെ തത്വത്തെ സൂചിപ്പിക്കുന്ന നാമങ്ങളില്ല. എങ്കിലും നിര്‍ഗുണനല്ലാത്തതിനാല്‍ അവനെ മനുഷ്യര്‍ മനസ്സിലാക്കത്തക്കവണ്ണം അവന്റെ ഗുണങ്ങളെ സൂചിപ്പിക്കുന്ന പല നാമങ്ങളുണ്ട്’.(3)


പഴയനിയമത്തില്‍ പ്രധാനമായും കണ്ടുവരുന്ന പേരുകള്‍ എലോഹീം, അദൊന്നായ്, യഹോവ എന്നൊക്കെയാണ്. യഹൂദരും ക്രൈസ്‌വരും ദൈവത്തിന്റെ വ്യക്തിനാമമായി വിളിച്ച്‌വരുന്നത് യഹോവയെന്നാണ്. എന്നാല്‍ 16-ാം നൂറ്റാണ്ടുവരെ ‘യഹോവാ’ എന്ന പേര് ദൈവത്തിന്റെ വ്യക്തിനാമമായി ഒരു മതത്തിലും ഒരു ഭാഷയിലും ഉപയോഗിച്ചിട്ടില്ല. കൃത്യമായിപറഞ്ഞാല്‍ ക്രിസ്തുവര്‍ഷം 1520 ന് ശേഷമാണ് അങ്ങനെയൊരു ദൈവനാമം ലോകം ശ്രവിച്ചുതുടങ്ങുന്നതെന്ന് ‘The Brown-Driver-Briggs Lexicon’ പറയുന്നു. അതിനെ സാധൂകരിച്ചുകൊണ്ട് ബൈബിള്‍ വിജ്ഞാനകോശം എഴുതുന്നു:


‘മധ്യകാല നവോത്ഥാനത്തിന് മുമ്പ് ക്രി. വ. 1520 ല്‍ ഗലാറ്റിനസ് അദൊനായ് എന്ന പദത്തിന്റെ സ്വരചിഹ്നങ്ങള്‍ നാല് വിശുദ്ധ അക്ഷരങ്ങളോട് ചേര്‍ത്ത് വായിച്ചപ്പോഴാണ് യഹോവ/ജെഹോവ (Yehovah/Jehovah) എന്ന ഉച്ചാരണം ആരംഭിച്ചത്. കാലക്രമേണ ഇത് പ്രചാരത്തില്‍ വരികയും ചെയ്തു. മലയാളത്തില്‍ യഹോവ എന്നും.’(4)


യേശു തന്റെ ജീവിതകാലത്ത് ഏകസത്യദൈവത്തെ എന്ത് പേരിലാണ് വിളിച്ച് പ്രാര്‍ത്ഥിച്ചത്? മുമ്പ് സൂചിപ്പിച്ചത്‌ പോലെ നിലവിലുള്ള ബൈബിളില്‍ നിന്നും അത് കണ്ടെത്താന്‍ കഴിയുകയില്ല. അദ്ദേഹത്തിന്റെ സംസാരഭാഷ അരാമിക്ക് ആയിരുന്നു. ആ ഭാഷയില്‍ ദൈവത്തെ ഏത് പേരിലാണൊ അറിയപ്പെട്ടത് ആ പേരിലായിരിക്കും യേശു വിളിച്ചിരിക്കുക. പക്ഷെ, അദ്ദേഹത്തിനവതരിച്ച അരാമിക്ക് സുവിശേഷം ഇന്ന് നിലവിലില്ല. അത് എന്നേ നഷ്ടപ്പെട്ടുപോയി. എന്നാല്‍ യേശു തന്റെ ജീവിതകാലത്ത് പ്രാര്‍ത്ഥനകളിലും മറ്റുസന്ദര്‍ഭങ്ങളിലും ഏകസത്യദൈവത്തെ വിളിച്ചത് َلَّلهُ (Allah) എന്നാണെന്ന് അരാമിസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. അതിന് എന്താണ് തെളിവ്? ആ തെളിവ് യേശുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ തന്നെ സമര്‍ത്ഥിക്കട്ടെ!


ക്രൈസ്തവ ലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചലച്ചിത്രമാണ് ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’. അരാമിക്ക് ഭാഷയിലാണ് ക്രൈസ്തവര്‍ അത് നിര്‍മ്മിച്ചത്. അതില്‍ യേശു തന്റെ ശിഷ്യന്മാരെ ഉപദേശിക്കുന്ന ഒരു രംഗത്തിലെ സംഭാഷണം അരാമിക് ഉച്ചാരണത്തോടെ കാണുക.


‘Al teeth khalona, heefe MUNAHMA, Bi hoda kashta bi Allah’. അതിന്റെ അര്‍ത്ഥം ‘You must not be afraid, The Helper will come….. who reveals the truth of God’ എന്നാണ്. ഈ സംഭാഷണത്തിന്റെ വീഡിയോ കാണുക.(5) അതില്‍ َلَّلهُ (Allah) എന്ന ദിവ്യനാമം വളരെ സ്പഷ്ടമായിട്ടാണ് യേശുവായി അഭിനയിക്കുന്ന വ്യക്തി അരാമിക് ഭാഷയില്‍ ഉച്ചരിക്കുന്നത്. ഒരു രംഗത്ത് മാത്രമല്ല, പലരംഗങ്ങളിലും! അത്‌കൊണ്ട് യേശു തന്റെ ജീവിതകാലത്ത് വിളിച്ച ഏകസത്യ ദൈവത്തിന്റെ യഥാര്‍ത്ഥ പേര് َلَّلهُ -അല്ലാഹു എന്നാണ്.


വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും ഞാനാകുന്നു لَّلهُ (അല്ലാഹു). ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും ചെയ്യുക.” (20:14)

”ഹേ, മൂസാ, തീര്‍ച്ചയായും പ്രതാപിയും യുക്തിമാനുമായ َلَّلهُ -അല്ലാഹുവാണ് ഞാന്‍.” (27:9) ”ഹേ, മൂസാ, ഞാനാകുന്നു ലോകരക്ഷിതാവായ َلَّلهُ-അല്ലാഹു.” (28:30) പ്രപഞ്ചനാഥനായ സ്രഷ്ടാവിന്റെ നാമം ഖുര്‍ആന്‍ വെളിപ്പെടുത്തുകയാണിവിടെ.


ദൈവത്തിന്റെ ഏകത്വവും പ്രവാചകന്മാരും


ദൈവം തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഭൂമുഖത്തെ എല്ലാ സമുദായങ്ങളിലേക്കും നിയോഗിച്ചിരുന്നു. അവര്‍ പ്രഥമവും പ്രധാനമായും തങ്ങളുടെ ജനതയെ ബോധനം നല്‍കിയത് ദൈവത്തിന്റെ ഏകത്വമായിരുന്നു. അല്ലാഹു മുഹമ്മദ് നബിയോടു പറഞ്ഞു:


”ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (21:25)


ഈ വസ്തുത ബൈബിളും അംഗീകരിക്കുന്നുണ്ട്. യഹോവയായ ദൈവം പറയുന്നു:

”യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഇടവിടാതെ നിങ്ങളുടെ അടുത്തേക്ക് അയച്ചെങ്കിലും നിങ്ങള്‍ അവരെ ശ്രദ്ധിക്കുകയോ ശ്രവിക്കുക പോലുമോ ചെയ്തില്ല. അവര്‍ പറഞ്ഞു: നിങ്ങള്‍ ദുര്‍മാര്‍ഗവും ദുഷ്പ്രവൃത്തിയും ഉപേക്ഷിച്ചു പിന്തിരിയുക…..അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും അരുത്. നിങ്ങളുടെ കരവേലകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും അരുത്. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് അനര്‍ത്ഥം വരുത്തുകയില്ല.” (യിരമ്യാവ് 25:4-6)


‘ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ’ എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍, ‘അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും അരുത്’ എന്ന് ബൈബിളും പറയുന്നു. ദൈവത്താല്‍ നിയോഗിതരായ പ്രവാചകന്മാര്‍ അകിലവും പ്രഥമവും പ്രധാനമായും പ്രബോധനം ചെയ്തത് ദൈവത്തിന്റെ ഏകത്വമാണെന്ന് ഇരു വേദഗ്രന്ഥങ്ങളും സമര്‍ത്ഥിക്കുകയാണിവിടെ.


മുഖ്യമായ കല്‍പ്പന ദൈവത്തിന്റെ ഏകത്വം


ബൈബിള്‍ പഴയനിയമത്തിന്റെ അല്ലെങ്കില്‍ Thanakhന്റെ മര്‍മ്മം ദൈവത്തിന്റെ ഏകത്വമാണ്. പരലോക മോക്ഷത്തിനായി മോശ മുതലുള്ള സര്‍വ്വ യിസ്രായേല്‍ പ്രവാചകന്മാരും തങ്ങളുടെ അനുചരന്മാരെ ഉത്ഭോധിപ്പിച്ചത് തോറയനുസരിച്ച് ജീവിക്കാനാണ്. തോറയുടെ കാതല്‍ അഥവാ മുഖ്യകല്‍പ്പന ദൈവത്തിന്റെ ഏകത്വവുമാണ്. ബൈബിള്‍ പറയട്ടെ!


”എന്നാല്‍ ദുഷ്ടന്‍ താന്‍ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്‍പനകള്‍ (തോറ) അനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും. മരിക്കുകയില്ല. അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീതിയെപ്രതി അവന്‍ ജീവിക്കും. ദൈവമായ കര്‍ത്താവ് ചോദിക്കുന്നു. ദുഷ്ടന്റെ മരണത്തില്‍ എനിക്ക് സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗത്തില്‍നിന്ന് പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം? നീതിമാന്‍ നീതിയുടെ പാതയില്‍ നിന്ന് വ്യതിചലിച്ച് തിന്മ പ്രവര്‍ത്തിക്കുകയും ദുഷ്ടന്‍ പ്രവര്‍ത്തിക്കുന്ന മ്ലേഛതകള്‍ തന്നെ ആവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ ജീവിക്കുമോ? അവന്‍ ചെയ്തിട്ടുള്ള നീതിപൂര്‍വമായ പ്രവൃത്തികളൊന്നും തന്നെ പരിഗണിക്കപ്പെടുകയില്ല. അവന്റെ അവിശ്വസ്തതയും പാപവും മൂലം അവന്‍ മരിക്കും. എന്നിട്ടും കര്‍ത്താവിന്റെ വഴി നീതിപൂര്‍വകമല്ല എന്ന് നിങ്ങള്‍ പറയുന്നു.” (യസക്കിയേല്‍. 18:21-25)


ഈ വചനം ഇവിടെ കുറിക്കാന്‍ കാരണം, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പഴയനിയമത്തിന്റെ മര്‍മ്മം പരലോക മോക്ഷത്തിന്റെ മാര്‍ഗ്ഗമായ യേശുവിന്റെ കുരിശുമരണത്തിന്റെ ഒരുക്കമാണെന്ന് മിഷണറിമാരും അപ്പോളജറ്റിക്കുകളും പ്രചരിപ്പിക്കുന്നു എന്ന് ആരംഭത്തില്‍ സൂചിപ്പിച്ചുവല്ലൊ. എന്നാല്‍ മേല്‍ സൂചിപ്പിച്ച വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് തോറയനുസരിച്ച് ജീവിച്ചാല്‍ മോക്ഷം പ്രാപിക്കാം എന്നാണ്.


യഹൂദരെ സംബന്ധിച്ചിടത്തോളം ‘തോറ’ അവരുടെ അടിസ്ഥാന വേദഗ്രന്ഥമാണ്. അതിന്റെ മര്‍മ്മം ദൈവത്തിന്റെ ഏകത്വമാണെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. അവരുടെ ആരാധനാലയമായ സിനഗോഗിലെ ആരാധന നടപടിക്രമങ്ങളില്‍ ഒന്നാമത്തേത് ‘Shema’ അഥവാ ‘വിശ്വാസപ്രമാണം’ ചൊല്ലലാണ്. Shema യിലെ സുപ്രധാന കര്‍മ്മങ്ങളില്‍ ഒന്നാണ് സിനഗോഗില്‍ സന്നിഹിതരായ വിശ്വാസികളെല്ലാവരും എഴുന്നേറ്റുനിന്ന് ആവര്‍ത്തനപുസ്തകത്തിലെ 6-ാം അധ്യായം 4 മുതല്‍ 9 വരെയുള്ള വചനങ്ങള്‍ ഉറക്കേചൊല്ലല്‍. ആ വചനങ്ങള്‍ കാണുക:


”യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കണം. ഇന്ന് ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്റെ മക്കള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. അവയെ അടയാളമായി നിന്റെ കൈമേല്‍ കെട്ടണം. അവ നിന്റെ കണ്ണുകള്‍ക്കുമദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീടിന്റെ കട്ടിളകളില്‍മേലും പടിവാതിലുകളിലും എഴുതണം”.


ഈ പ്രാര്‍ഥനയുടെ കാമ്പ് ദൈവത്തിന്റെ ഏകത്വമാണ്. അതുകൊണ്ടാണ് തോറയുടെ മര്‍മ്മം ദൈവത്തിന്റെ ഏകത്വമാണെന്ന് പറയുന്നത്. ആവര്‍ത്തനം 6:4 ന്റെ ഹിബ്രുമൂലം കാണുക:


שְׁמַע יִשׂרָאֵ֑ל יְהֹוָה אֳלֹחֵינוּ יְהֹוָה ׀ אֶחָֽד׃


അതിന്റെ ഉച്ചാരണം, ‘ശെമ യിസ്രാഏല്‍ യഹോവ എലൊഹേയ്‌നൂ യഹോവ എഹാദ്’ എന്നാണ്. ഓരോ പദത്തിന്റെ ഉച്ഛാരണവും അതിന്റെ അര്‍ത്ഥവും കാണുക:


שְׁמַע-ശെമ=കേള്‍ക്കുക, יִשׂרָאֵ֑ל-യിസ്രാഏല്‍=യിസ്രായേലേ, יְהֹוָה-യഹോവ=കര്‍ത്താവ്, אֳלֹחֵינוּ-എലൊഹേയ്‌നൂ=നമ്മുടെ ദൈവമായ, יְהֹוָה-യഹോവ=കര്‍ത്താവ്, אֶחָֽד-എഹാദ്=ഏകന്‍. ഹിബ്രുമൂലത്തില്‍ അടിവരയിട്ട പദം אֶחָד (എഹാദ്) ആണ്. א (അലെഫ്), ח(ഹേത്), ד (ദാലത്) എന്നീ മൂന്ന് വ്യജ്ഞനാക്ഷരങ്ങള്‍ ചേര്‍ന്നതാണ് אֶחָד (എഹാദ്). അതില്‍ ח (ഹേത്) എന്ന അക്ഷരം rough breathingല്‍ ആണ് ഉച്ചരിക്കേണ്ടത്. അതിന്റെ ഉച്ചാരണം സെമറ്റിക് ഇതരഭാഷകളില്‍ വ്യക്തമാക്കുവാന്‍ കഴിയുകയില്ല. ശരിയായ ഉച്ചാരണം സെമറ്റിക് ഭാഷയായ അറബിയില്‍ اخدഎന്നാണ്.


א(അലെഫ്), ח (ഹേത്), ד (ദാലത്) എന്നീ മൂന്ന് അക്ഷരങ്ങളില്‍ ഉചിതമായ സ്വരചിഹ്നങ്ങള്‍ ചേര്‍ത്ത് אֶחָד (എഹാദ്) എന്നും, اَحَدْ (അഹദ്) എന്നും വായിക്കാം. അവയുടെ അര്‍ത്ഥം ‘ഏകന്‍’എന്നാണ്. ഹിബ്രുഗ്രാമറനുസരിച്ച് אֶחָד (എഹാദ്) Absolute state ലും אַחַד (അഹദ്) Construct state ലുമാണ്. അത്‌പേലെ א (അലെഫ്), ה (ഹെ), ד (ദാലത്) എന്നീ മൂന്ന് വ്യജ്ഞനാക്ഷരങ്ങളില്‍ ഉചിതമായ സ്വരചിഹ്നങ്ങൾ ചേര്‍ത്ത് אַחַד (اَحَدْ– അഹദ്) എന്നും വായിക്കാം. അതിന്റെ അര്‍ത്ഥം ‘ഏകന്‍’ എന്നുതന്നെയാണ്. ה (ഹെ) യുടെയും ח (ഹേത്) ന്റെയും വ്യത്യാസം അല്ലെങ്കില്‍ പ്രതേകത ആ അക്ഷരങ്ങളില്‍ നോക്കി മനസ്സിലാക്കുക.


ദൈവത്തിന്റെ ഏകത്വത്തെക്കുറിക്കുവാന്‍ אחד (എഹാദ് അല്ലെങ്കില്‍ അഹദ്) എന്ന പദമാണ്

ഹിബ്രു ബൈബിളില്‍ പ്രയോഗിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലൊ. അതുകൊണ്ട് אֶחָד എന്ന പദത്തിന് യഹൂദര്‍ അമിത പ്രാധാന്യവും സൂക്ഷ്മതയും കൊടുക്കാറുണ്ട്. അവരുടെ തോറാ കമണ്ടറിയില്‍ അത് സ്പഷ്ടമാക്കിയിട്ടുണ്ട്. אֶחָד (എഹാദ്) എന്ന പദത്തിന്റെ നിര്‍വചനം തോറാ കമണ്ടറിയില്‍ കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്:

‘Therefore to Him alone it is right to pray, and not to any being besides Him. The belief that God is made up of several personalities, such as the Christian belief in the Trinity, is a departure from the pure conception of the Unity of God. Israel has throughout the ages rejected everything that marred or obscured the conception of pure monotheism it had given the world, and rather than abandon that pure monotheism, rather than admit any weakening of it, Jews were prepared to wander, to suffer, to die;’(6)


യഹൂദര്‍ ഏകസത്യദൈവത്തെയല്ലാതെ മറ്റൊന്നിനേയും ആരാധിക്കുകയില്ല. ക്രൈസ്തവ ദൈവസംങ്കല്പമായ ത്രിത്വസിദ്ധാന്തത്തെ അവര്‍ പാടെ നിഷേധിച്ചുതള്ളുന്നു. അവര്‍ ദൈവത്തിന്റെ ഏകത്വത്തിന് വേണ്ടി മരിക്കാന്‍പോലും തയ്യാറാണെന്നാണ് മേല്‍പറഞ്ഞതിന്റെ ചുരുക്കം.


(തുടരും)


കുറിപ്പ്


1. പാപപരിഹാരം ബൈബിളിലും ക്രിസ്തുമതത്തിലും, എന്ന പുസ്തകം നോക്കുക. Da’wa Books, Vyttila.

2. പാപപരിഹാരം ബൈബിളിലും ക്രിസ്തുമതത്തിലും. Da’wa Books, Vyttila. പുറം 103-105.

3. ബൈബിള്‍ നിഘണ്ടു, എ.സി. ക്ലയ്റ്റന്‍. പുറം 208.

4. ബൈബിള്‍ വിജ്ഞാനകോശം, ഏകവാല്യ വേദപുസ്തക നിഘണ്ടു, റവ. ഡോ. ഇ.സി. ജോണ്‍, പുറം 423.

5. www.youtube.com/watch?v=M33871ihJQ4?

www.youtube.com/watch?v=gRr48TIpzro.

6. The Pentateuch and Haftorahs, Hebrew Text English Translation and Commentery. Page 770.


1 comment:

  1. ʼAlâhâ is the Aramaic word ܐܲܠܵܗܵܐ for God, not your God's name 'Allah' They have similarity but not the same. Dont be fool and confuse the public.

    ReplyDelete

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....