Saturday, August 15, 2020

ഇസ് ലാം:യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4

 



മതതാരതമ്യ പഠനം


യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4


 


ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് ബൈബിള്‍ കൊണ്ടാണെന്ന് മുമ്പ് പറഞ്ഞുവല്ലൊ. ബൈബിളിലെ ഒരു വചനമോ പദമോ ഭാഷാര്‍ത്ഥത്തിലെടുത്താല്‍ അബദ്ധങ്ങളിലേക്ക് വഴുതിവീഴുന്നതായി കാണാം. അത് കൊണ്ട് ആ വചനമോ, പദമോ ഏത് സന്ദര്‍ഭത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. ഉദാഹരണമായി രണ്ട് കൂട്ടുകച്ചവടക്കാര്‍, ‘ഞങ്ങള്‍ രണ്ടുപേരും ഒന്നാകുന്നു’; അല്ലെങ്കില്‍ ‘ഒറ്റക്കെട്ടാണ്’ എന്ന് പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക. അവരുടെ ആകാരത്തിലോ, വ്യക്തിത്വത്തിലോ, സംസാരത്തിലോ സംസ്‌കാരത്തിലോ അവര്‍ ഒന്നാണ് എന്നല്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏത് മനുഷ്യനും മനസ്സിലാകും. അവര്‍ പറഞ്ഞ വാക്കുകള്‍ മേലോട്ടും, കീഴോട്ടും പരിശോധിച്ചാല്‍ ഏത് സന്ദര്‍ഭത്തിലാണ് ഒന്നാകുന്നു എന്ന പദം പ്രയോഗിച്ചതെന്ന് ഗ്രഹിക്കാന്‍കഴിയും. അഥവാ അവര്‍ കച്ചവടത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന് മനസ്സിലാകും. എന്നതുപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് ഏത് സന്ദര്‍ഭത്തിലാണ് യേശു പറഞ്ഞതെന്ന് പരിശോധിക്കണം.


യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമാണ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനമുള്ളത്. ആ വചനത്തിന്റെ മേലോട്ടും കീഴോട്ടും ഒരാവര്‍ത്തി വായിക്കുക. അതായത് 23 മുതല്‍ 38 വരെയുള്ള വചനങ്ങള്‍ മനസ്സിരുത്തി വായിക്കുക. അപ്പോള്‍ സന്ദര്‍ഭം വളരെ വ്യക്തമാകും. അത് പരിശോധനയ്ക്ക് വിധേയമാക്കുകയാണിവിടെ.


”യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദന്മാര്‍ അവനെ വളഞ്ഞു. നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തുവെങ്കില്‍ സ്പഷ്ടമായി പറയുക എന്ന് അവനോടുപറഞ്ഞു. യേശു അവരോട് പറഞ്ഞു: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തില്‍ ഉള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല”(23-26).


23 മുതല്‍ 26 വരെയുള്ള വചനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. അതില്‍ അടിവരയിട്ട ഭാഗം വളരെ ശ്രദ്ധേയമാണ്. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിക്ക് സാക്ഷ്യമാകുന്നു’ ഈ വചനം യേശുവും ദൈവവും സരാംശത്തില്‍ ഒന്നാകുന്നുവെന്ന മിഷണറിമാരുടെ വാദത്തിന്റെ മുനയൊടിക്കുന്നു. കാരണം, യേശു അനവധി അത്ഭുതപ്രവര്‍ത്തികള്‍ ചെയ്തതായി സുവിശേഷങ്ങളില്‍ കാണാം. മരിച്ചവരെ ജീവിപ്പിച്ചു (യോഹ 11:43,44; ലൂക്ക് 7:14), കുരുടന് കഴ്ചനല്കി (യോഹ 9:6,7), പിശാചുക്കളെ പുറത്താക്കി (മാര്‍ക്ക് 5:7-13), കുഷ്ടരോഗികളെ സുഖപ്പെടുത്തി (മത്തായി 8:2-4). ഇവയെല്ലാം പിതാവായ ദൈവത്തിന്റെ നാമത്തില്‍, അതായത് ദൈവത്തിന്റെ അനുമതിയോടെയാണ് യേശു ചെയ്തത്. തന്റെ അപ്പോസ്തലന്മാരും മനസ്സിലാക്കിയത് അപ്രകാരം തന്നെയാണ്. അരുമശിഷ്യനായ പത്രോസ് പറയുന്നു:


”ഇസ്രായേല്‍ജനങ്ങളെ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍ കൊണ്ടും തന്റെ അത്ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്തിത്തന്നു” (അപ്പോ 2:22).


എന്നിട്ടും മിഷണറിമാര്‍ യേശുവിന്റെയും അദ്ദേഹത്തിന്റെ അപ്പോസ്തലന്മാരുടെയും വാക്കുകളെ നിഷേധിച്ചുകൊണ്ട് യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും അദ്ദേഹത്തിന്റെ ദൈവത്വത്തിന് തെളിവായി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകുയും ചെയ്യുന്നു.


അടയാളങ്ങളും അത്ഭുതങ്ങളും യേശുവിന്റെ ദിവ്യത്വത്തിന് തെളിവാണെന്ന് വാദത്തിന്‌വേണ്ടി അംഗീകരിച്ചാല്‍ പഴയനിയമ പ്രവാചകന്മാരും ദൈവങ്ങളാണെന്ന് അംഗീകരിക്കേണ്ടിവരും. കാരണം, അവരും അത്ഭുതങ്ങളും അടയാളങ്ങളും വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഏലിയാ പ്രവാചകന്‍ മരിച്ച കുട്ടിയെ ജീവിപ്പിച്ചു’ (1 രാജ 17: 22). ‘മരിച്ചയാളെ ഏലിയാവിന്റെ കല്ലറയിലിട്ടപ്പോള്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ തട്ടി മരിച്ചയാള്‍ ജീവിച്ച് കാലൂന്നി എഴുന്നേറ്റു’ (2 രാജ 13:21). ‘മോശ പ്രവാചകന്റെ കരങ്ങളാല്‍ കടല്‍ പിളര്‍ന്ന് ഉണങ്ങിയ നിലത്തുകൂടി ഇസ്രയേല്‍മക്കള്‍ നടന്നു പോയി'(പുറപ്പാട് 14:21-22). ‘എലീശ നാമന്‍ എന്ന കുഷ്ടരോഗിയെ സുഖപ്പെടുത്തി'(2രാജ 5:7-14). ‘എലീശ അന്ധനായ യുവാവിന് കാഴ്ചനല്‍കി’ (2 രാജ 6:17). മോശയും, ഏലിയാവും, എലീശയും യേശുവുമെല്ലാം അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ സഹായത്തോടെയാണ്; അനുമതിയോടെയാണ്. ഏകസത്യദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് അതവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്. മരിച്ച ലാസറിനെ ജീവിപ്പിക്കുന്നതിനുമുമ്പുള്ള യേശുവിന്റെ പ്രാര്‍ത്ഥന കാണുക:


”പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന കേട്ടതിനാല്‍ അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും കേള്‍ക്കുമെന്ന് എനിക്കറിയാം” (യോഹ 11: 42-43). പ്രാര്‍ത്ഥനയ്ക്ക് ശേഷം ദൈവത്തിന്റെ അനുമതിയോടെ ലാസറിനെ ജീവിപ്പിച്ചു. ചുരുക്കത്തില്‍ ദേവാലയത്തില്‍ തനിക്ക് ചുറ്റും വളഞ്ഞ യഹൂദരോട് ഞാന്‍ മിശിഹായാണെന്നും ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണെന്നും താന്‍ചെയ്ത അടയാളങ്ങളും അത്ഭുതങ്ങളും അതിന് തെളിവാണെന്നും ദൈവത്തെ സാക്ഷിനിര്‍ത്തി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് യേശു  പറയുന്നു:


”എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവയ്ക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു. അവ ഒരു നാളും നശിച്ചു പോകുകയില്ല. ആരും അവയെ എന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കയുമില്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവന്‍. പിതാവിന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കാന്‍ ആര്‍ക്കും കഴിയുകയില്ല”(27-29).


യഹൂദരില്‍ വളരെ ന്യൂനപക്ഷം മാത്രമേ യേശുവിനെ മിശിഹായായി അംഗീകരിച്ചിരുന്നുള്ളൂ. അവരെ ആടുകള്‍ എന്ന സാങ്കേതിക പദം കൊണ്ടാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യേശുകൊണ്ടുവന്ന മാര്‍ഗ്ഗം അവര്‍ അതേപടി പിന്‍പറ്റി; ആ മാര്‍ഗ്ഗമാകട്ടെ നിത്യജീവനിലേയ്ക്കുള്ളതായിരുന്നു. അഥവാ സ്വര്‍ഗ്ഗ പ്രാപ്തിക്കുള്ളതായിരുന്നു.


‘ഞാന്‍ അവയ്ക്ക് നിത്യജീവന്‍ കൊടുക്കുന്നു’ എന്ന വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് യേശു ദൈവമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ‘നിത്യജീവന്‍’ എന്ന പദം കൊണ്ട് ബൈബിള്‍ ഉദ്ദേശിക്കുന്നതെന്താണന്ന് മനസ്സിലാക്കണം. യേശു പറയട്ടെ:


“ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്ത് പറയണം, എന്ത് പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവ്തന്നെ എനിക്ക് കല്‍പ്പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പ്പന നിത്യജീവനാണെന്ന് ഞാന്‍ അറിയുന്നു. അതിനാല്‍ ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോട് കല്‍പ്പിച്ചത് പോലെ തന്നെയാണ്” (യോഹന്നാന്‍ 12:49-50). യേശുവിന്റെ ശിഷ്യഗണങ്ങള്‍ മനസ്സിലാക്കിയതെന്താണ്? പത്രോസ് യേശുവിനോട് പറയുന്നത് കാണുക:


”നിത്യജീവന്റെ വചനങ്ങള്‍ നിന്റെപക്കലുണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു” (യോഹന്നാന്‍ 6:69).


അതുകൊണ്ട് ‘നിത്യജീവന്‍’ എന്നത് ‘ദൈവത്തിന്റെ കല്‍പ്പന’യാണ്. ആ കല്‍പ്പനയും കൊണ്ടാണ് അല്ലെങ്കില്‍ നിത്യജീവനും കൊണ്ടാണ് സര്‍വ്വ പ്രവാചകന്മാരും തങ്ങളുടെ ജനതയിലേക്ക് വന്നത്. പത്രോസ് ഉള്‍പ്പെടെയുള്ള ശിഷ്യഗണങ്ങള്‍ ‘നിത്യജീവന്‍’ എന്ന പദംകൊണ്ട് യേശുവിനെ മനസ്സിലാക്കിയത് ‘ദൈവത്തിന്റെ ദാസന്‍'(അപ്പോ 3:13), ‘പരിശുദ്ധ ദാസന്‍'(അപ്പോ 4:27) ആയിട്ടാണ്. എന്നാല്‍ മിഷണറിമാരൊ, യേശു ദൈവമാണെന്നും. അത്ഭുതം തന്നെ!


‘ആരും അവയെ (ആടുകളെ) എന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കയില്ല’. അതായത് ഏകസത്യദൈവത്തിലും യേശുവിലും വിശ്വസിച്ചവവരെ ആര്‍ക്കും വിശ്വാസ വ്യതിചലനം വരുത്തുവാന്‍ സാധിക്കയില്ല. അവയെ ദൈവം അദ്ദേഹത്തിന് നല്‍കിയതാണ്. ആ ദൈവമാകട്ടെ എല്ലാവരേക്കാള്‍ വലിയവന്‍. അഥവാ ഏറ്റവും വലിയവനാകുന്നു. (അറബിയില്‍ ‘അല്ലാഹു അക്ബര്‍’ എന്നാണ്). ദൈവം ഒരുവനെ സന്മാര്‍ഗ്ഗത്തിലാക്കിയാല്‍ അവനെ തിരിച്ച് ദുര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ലെന്ന് തന്റെ ചുറ്റും കൂടിയ യഹൂദരെ പഠിപ്പിക്കുകയായിരുന്നു. യേശു തുടര്‍ന്ന് പറഞ്ഞു:


”ഞാനും പിതാവും ഒന്നാകുന്നു” (30).


മുകളില്‍ സൂചിപ്പിച്ച 23 മുതല്‍ 29 വരെയുള്ള വചനങ്ങളും ബൈബിളിനെ അടിസ്ഥാനമാക്കി മുകളില്‍ സൂചിപ്പിച്ച അതിന്റെ വ്യാഖ്യാനവും മനസ്സിരുത്തി വായിക്കുക, തുടര്‍ന്ന് 30-ാം വാക്യം അവയോടു ചേര്‍ത്ത്‌വായിക്കുക. മിഷണറിമാര്‍ പറയുംപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന 30-ാം വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാകുന്നതെങ്ങനെ?


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് യേശു പറഞ്ഞതിനെ തുടര്‍ന്നുള്ള യഹൂദരുടെ പ്രതികരണം കാണുക.


”യഹൂദര്‍ അവനെ എറിയുവാന്‍ പിന്നെയും കല്ലെടുത്തു. യേശു അവരോട്: പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ലപ്രവൃത്തികള്‍ നിങ്ങളെ കാണിച്ചു; അവയില്‍ ഏത് പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു എന്ന് ചോദിച്ചു. യഹൂദന്മര്‍ അവനോട്: നല്ല പ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കേ നിന്നെത്തന്നെ ദൈവം ആക്കുന്നത് കൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു” (31-33).


‘ഞാനും പിതാവും ഒന്നാകുന്നു’വെന്ന യേശുവിന്റെ പ്രതികരണം യഹൂദരുടെ ക്രോധത്തിന് വഴിതെളിച്ചു. തന്റെ വാക്കുകള്‍കൊണ്ട് താന്‍ ദൈവമാണെന്ന് തെറ്റിധരിക്കുമെന്നുപോലും അദ്ദേഹം വിചാരിച്ചില്ല. കാരണം അദ്ദേഹം യഹൂദരോട് ചോദിക്കുന്നു. ‘പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ല പ്രവര്‍ത്തികള്‍ നിങ്ങളെ കാണിച്ചു. അതില്‍ ഏത് പ്രവര്‍ത്തിനിമിത്തം നിങ്ങള്‍ എന്നേ കല്ലെറിയുന്നു’. അതേ വാക്ക് യഹൂദരോടുള്ള സംസാരത്തിന്റെ ആരംഭത്തില്‍ തന്നെ യേശു പറഞ്ഞിരുന്നു. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു’ എന്ന്, എങ്കിലും ഞാനും പിതാവും ഒന്നാകുന്നു എന്ന വചനംകൊണ്ട് യേശു സ്വയം ദൈവമാണെന്ന് അവകാശപ്പെടുന്നുവെന്ന് യഹൂദര്‍ തെറ്റിധരിച്ചു. അല്ല, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, അതാണ് ശരി. കാരണം, സൃഷ്ടിയെ സ്രഷ്ടാവാക്കുന്നത് യഹൂദരെ സംബന്ധിച്ചിടത്തോളം ദൈവദൂഷണമാണ്, കൊടും പാതകമാണ്. അപ്രകാരം യേശുവിന്റെ മേല്‍ കുറ്റമാരോപിച്ച് കലാപം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ യേശു അവരുടെ ദുരാരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് തെറ്റിദ്ധാരണ തിരുത്തിക്കൊടുക്കുന്നത് കാണുക.


യേശു അവരോട്: ”നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്ന് പറഞ്ഞുവെങ്കില്‍-തിരുവെഴുത്തിന് നീക്കം വന്നുകൂടായല്ലോ-ഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട്; നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ലോകത്തില്‍ അയച്ചവനോട് നിങ്ങള്‍ പറയുന്നുവോ” (34-36).


‘നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന്  ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?’ എന്ന വചനം ന്യായപ്രമാണത്തില്‍ എവിടെയുമില്ല. സങ്കീര്‍ത്തന പുസ്തകം 82-ാം അദ്ധ്യാ യം 6-ാം വാക്യത്തിലാണ് അത് എഴുതിയിട്ടുള്ളത്. ആ വചനം ന്യായപ്രമാണത്തില്‍ (തോറയില്‍) ആണെന്ന് യോഹന്നാന്‍ തെറ്റിധരിച്ചെഴുതിയതാകാം. ആ തെറ്റ് യോഹന്നാന്‍ യേശുവിന്റെ പേരില്‍ ആരോപിച്ചുവെന്നുമാത്രം.


ആരാണ് ദേവന്മാര്‍? ദൈവത്തിന്റെ അരുളപ്പാടുണ്ടായവര്‍ അഥവാ പ്രവാചകന്മാരെയാണ് ഇവിടെ ദേവന്മാര്‍ എന്നു പറയുന്നത്. ദൈവം, പ്രവാചകന്മാരെ ദേവന്മാര്‍ എന്ന് വിളിച്ചുവെങ്കില്‍ തിരുവെഴുത്തുകള്‍ക്ക് നീക്കം വന്നുകൂടായല്ലോ? ഇക്കാര്യം യഹൂദര്‍ക്ക് എതിര്‍ക്കാന്‍ കഴിയുകയില്ല. യേശുവിന് തീര്‍ച്ചയായും വേദഗ്രന്ഥം (തിരുവെഴുത്ത്) അറിയാം.അദ്ദേഹം ആധികാരികതയോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം പറയുന്നതിതാണ്: ‘പുണ്യാത്മാക്കളായ മനുഷ്യരെ അഥവാ, ദൈവത്തിന്റെ പ്രവാചകന്മാരെ, വേദഗ്രന്ഥത്തില്‍ ദേവന്മാര്‍ എന്ന് വിശേഷിപ്പിച്ചുവല്ലൊ. അതില്‍ നിങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല. പിന്നെ നിങ്ങള്‍ എന്നെ എന്തിന് എതിര്‍ക്കുന്നു? ഞാന്‍ അതില്‍ കുറഞ്ഞ ഒരു പേരല്ലെ പറഞ്ഞുള്ളൂ. അതായത് ദൈവപുത്രന്‍; ദൈവം പറയുന്നു: ”യിസ്രായേല്‍ (യാക്കോബ്) എന്റെ പുത്രന്‍” (പുറ 4:22), ”ദാവീദ് എന്റെ പുത്രന്‍” (സങ്കീര്‍ 2:7), ”സോളമന്‍ എനിക്ക് പുത്രനായിരിക്കും” (2 രാജ: 714), ഇവരെല്ലാം-ആലങ്കരികമായി-ദൈവത്തിന്റെ പുത്രന്‍മാര്‍ ആയതുപോലെ ഞാനും ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ഇസ്രായേല്‍ ലോകത്തേക്കയച്ച എന്നോട് നിങ്ങള്‍ പറയുന്നുവോ? അത് മൂലം ഞാന്‍ എന്നെത്തന്നെ ദൈവമാക്കുകയോ, ദൈവത്തിനു തുല്ല്യനാകുകയോ ചെയ്യുന്നില്ല. അതാണ് മേല്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യങ്ങളുടെ സുവ്യക്തമായ അര്‍ത്ഥം. യഹൂദരുടെ തെറ്റിദ്ധാരണ യേശു അവര്‍ക്ക് തിരുത്തി ക്കൊടുത്തു. എന്നാല്‍ ക്രൈസ്തവരാകട്ടെ പണ്ട് യഹൂദര്‍ക്ക് പിണഞ്ഞ ആ തെറ്റില്‍ കടിച്ചുതൂങ്ങി യേശുവിനെ ദൈവമാക്കുവാന്‍ ശ്രമിക്കുന്നു!


യഥാര്‍ത്ഥത്തില്‍ യേശു പിതാവാം ദൈവത്താല്‍ അയക്കപ്പെട്ട പരിശുദ്ധ പ്രവാചകനായിരുന്നു. അതുകൊണ്ട് സത്തയിലോ സാരാംശത്തിലോ അല്ല; മറിച്ച് ആദര്‍ശത്തില്‍ അല്ലെങ്കില്‍ ഉദ്ദേശത്തില്‍ ഒന്നാണ് എന്നത്രേ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രി. 325 ല്‍ നിഖ്യാസുന്നഹദോസില്‍വെച്ച് ക്രൂരനും ബഹുദൈവവിശ്വാസിയുമായ കോണ്‍സ്റ്റാന്റൈന്‍ ചക്രവര്‍ത്തിയാണ്, യേശു ‘സാരാംശത്തില്‍ പിതാവിനോടു തുല്യന്‍’ (Homo Ousios) എന്ന് ആദ്യമായി പറഞ്ഞത്. അത് വേദവാക്യമായി മിഷണറിമാര്‍ ഇന്നും ഏറ്റു പറയുന്നു. അധ്യായം ഒന്നില്‍ അത് വിശദീകരിച്ചതാണ്.


സമാനമായ വാക്യങ്ങള്‍


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനത്തിന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അധ്യായത്തിലുണ്ട്. അത് പരിശോധിക്കും മുമ്പ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വാക്യത്തിന്റെ ഗ്രീക്ക് മൂലവും അതിന്റെ ഉച്ചാരണവും ഇംഗ്ലീഷ് വിവര്‍ത്തനവും കാണുക:


ἐγὼ καἰ ὁ πατὴρ ἕν ἐσμεν.


ഗ്രീക്ക്മൂലത്തിന്റെ ഉച്ചാരണം, ‘ Ego kai ho pater hen esmen’ എന്നാണ്. ഇംഗ്ലീഷ് വിവര്‍ത്തനം ”I and the Father are one” എന്നുമാണ്. ഇംഗ്ലീഷ് വിവര്‍ത്തനത്തിലെ അടിവരയിട്ട ‘one’ എന്ന പദം ഗ്രീക്ക്മൂലത്തില്‍ അടിവരയിട്ട ἕν (hen) എന്ന പദത്തിന്റെ പരിഭാഷയാണ്. അഥവാ one = ἕν എന്ന് സാരം.


യോഹന്നാന്‍ 10:30 ന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അദ്ധ്യായത്തിലുണ്ടന്ന് പറഞ്ഞുവല്ലൊ. അതിലെ 21,22,23വചനങ്ങള്‍ ഇപ്രകാരമാണ്:


”പിതാവേ, അങ്ങ് എന്നിലും, ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 22. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിയ്ക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. 23. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരോടും സ്‌നേഹിക്കുന്നുവെന്നും ലോകം അറിയട്ടെ”.


17:22 ന്റെ ഗ്രീക്ക് മൂലം കാണുക:


κἀγὼ τὴν δόξαν ἣν δέδωκάς μοι δέδωκα αὐτοῖς, ἵνα ὦσιν ἕν καθὼς ἡμεῖς ἕν.


ഈ ഗ്രീക്ക് മൂലത്തിന്റെ ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക: ”I have given them the glory that you gave me, that they may be one as we are one”.


”നാം ഒന്നായിരിക്കുന്നത്‌ പോലെ അവരും ഒന്നായിരിക്കുന്നതിന് നീ എനിക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്കിയിരിക്കുന്നു”


സമാനമായ വചനം 11-ാം വാക്യത്തിലുമുണ്ട്. അതിന്റെ ഗ്രീക്ക്മൂലവും ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക:


Πάτερ ἅγιε, τήρησον αὐτoὺς ἐν τῷ ὀνόματί σουῳ δεδωκάς μοι, ἵνα ὦσιν ἕν καθὼς ἡμεῖς.


“Holy Father, protect them by the power of your name-the name you gave me-so that they may be one as we are one”. ”പരിശുദ്ധ പിതാവേ, അവര്‍ നമ്മേപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ”.”هخ


ഗ്രീക്ക്മൂലങ്ങളിലേയും ഇംഗ്ലീഷിലേയും മലയാളത്തിലേയും വാക്യങ്ങളില്‍ അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിക്കുക. ഗ്രീക്കില്‍ ἕν (hen) എന്ന പദത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷില്‍ ‘one’ എന്നും മലയാളത്തില്‍ ‘ഒന്ന്’ എന്നുമാണുള്ളത്. 10:30 ല്‍ യേശുവും പിതാവും ഒന്നാകുന്നു എന്നതിന് ഗ്രീക്ക്മൂലത്തില്‍ ἕν (hen) ഉപയോഗിച്ചു; 17:11 വചനത്തിലും 17:22 വചനത്തിലും യേശുവും പിതാവും പന്ത്രണ്ട് അപ്പോസ്തലന്മാരും ഒന്നാകുന്നു എന്നതിനും ഗ്രീക്ക്മൂലത്തില്‍ ἕν (hen) എന്നു പ്രയോഗിച്ചു. അതുകൊണ്ട് യോഹന്നാന്‍ 10:30 വചനമനുസരിച്ച് 17:11, 17:22 വാക്യങ്ങളിലെ ‘നാം ഒന്നായിരിക്കുന്നതുപോലെ’ അഥവാ ‘ഞാനും(യേശുവും) പിതാവും ഒന്നായിരിക്കുന്നതുപോലെ’ അവരും അതായത് പന്ത്രണ്ട് അപ്പേസ്തലന്മാരും ഒന്നായിരിക്കുന്നതിന്’ എന്നു വായിക്കണം. അത് എത്ര സ്പഷ്ടമായിട്ടാണ് യോഹന്നാന്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍ യോഹന്നാന്‍ 10:30 വചനപ്രകാരം യേശു ദൈവമാകുമെങ്കില്‍ 17:11,17:22 വചനങ്ങള്‍ പ്രകാരം, വഞ്ചകനും ഒറ്റുകാരനുമായ യൂദാസും (മത്തായി26:47-49), സാത്താനെന്ന് യേശു വിളിച്ച പത്രോസും (മത്താ16:23), സംശയാലുവായ തോമസും (യോഹ 20:25) ഉള്‍പ്പെടെ പന്ത്രണ്ട് അപ്പോസ്തലന്മാരും ദൈവമാകണം. അപ്രകാരം പരിശുദ്ധാത്മാവ് ഉള്‍പ്പെടെ പതിനഞ്ച് ദൈവങ്ങള്‍ ചേര്‍ന്ന അല്ലെങ്കില്‍ പതിനഞ്ച് ആളത്വങ്ങള്‍ ഉള്‍കൊള്ളുന്ന ദൈവസങ്കല്‍പ്പമായിരിക്കണം ക്രൈസ്തവരുടേത്.


യോഹന്നാന്‍ 10:30 വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണത എത്ര വലുതാണെന്നോര്‍ക്കുക. ബഹുദൈവവിശ്വാസത്തിലേക്കാണ് അത് ചെന്നെത്തുന്നത്. അതുകൊണ്ട് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം ദൈവവും യേശുവും സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാണെന്നല്ല, ആദര്‍ശത്തില്‍ ഒന്നാണെന്നാണ് നമ്മേ ബോധ്യപ്പെടുത്തുന്നത്.


ആരാണ് ലോകങ്ങളുടെ നാഥനായ ദൈവം? ക്വുര്‍ആന്‍ പറയുന്നു: ”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു നിരാശ്രയനാകുന്നു (ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനകുന്നു). അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്നു തുല്യനായി ആരും ഇല്ല താനും” (112:1-4).


”അല്ലാഹു-അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ കുര്‍സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (2:255).


മേല്‍ പറഞ്ഞ ബൈബിള്‍ വചനങ്ങളും അവയുടെ വിശദീകരണങ്ങളും വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളുമായി താരതമ്യം ചെയ്ത് നോക്കുക. ക്വുര്‍ആനിലേയും ബൈബിളിലേയും മിക്കവാറും വചനങ്ങള്‍ ഒത്തു പോകുന്നതായി കാണാം. മിഷണറിമാര്‍, പ്രത്യേകിച്ചും ക്രൈസ്തവ സഹോദരങ്ങള്‍ അത് ഗ്രഹിച്ചിരുന്നുവെങ്കില്‍.


(തുടരും)


 


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....