Friday, April 24, 2020

അടിമ സമ്പ്രദായം: മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..?


https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


അടിമ സമ്പ്രദായം:  മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..? 

യുക്തിവാദികൾ ഇസ്ലാമിക ഗ്രന്ഥങ്ങളിലേക്ക് വെട്ടുകിളികളെ പോലെ ഇറങ്ങി പാരമ്പര്യങ്ങളെ സാഹചര്യസന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ വന്ന് ശകലങ്ങളായി വാരിവിതറി 

തെറ്റിദ്ധാരണയുണ്ടാക്കുന്ന പണിയാരംഭിച്ചിട്ട് കുറച്ച്നാളായി. ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നതിൻറെ മെത്തഡോളജി, ചരിത്രബോധം, ലോകവിവരം, ഒന്നും കാര്യമായി ഇല്ലാത്ത ഫെയ്സ്ബുക്കാണ് ഉലകം എന്നും കരുതി നടക്കുന്ന പാവങ്ങളാണ് കൂടുതലും ഇത്തരം വെട്ടുകിളികൾ. ഇസ്ലാമും അടിമസമ്പ്രദായവും തമ്മിലുളള ബന്ധമാണ് അത്തരം വിഷയങ്ങളിലൊന്ന്. 

താത്പര്യമുളളവർക്ക് തുടർന്ന് വായിക്കാം:
ആദ്യമേ പറയട്ടെ, അടിമവ്യവസ്ഥ ഇസ്ലാം ഉണ്ടാക്കിയത് അല്ല. അത് ചരിത്രാതീത കാലം മുതലേ നിലനിന്നു പോന്നത് ആയിരുന്നു. പുരാതന ഈജിപ്ഷ്യൻ, സിറിയൻ, ഗ്രീക്കോ റോമൻ സംസ്കാരങ്ങളിൽ എല്ലാം അത് നിലനിന്നതായി കാണാം. ഈജിപ്തിൽ പിരമിഡ് കളുമായി ബന്ധപ്പെട്ടും, റോമിൽ ഗ്ലാഡിയേറ്റർ കളുമായി ബന്ധപ്പെട്ടും അടിമകൾ അനുഭവിച്ച യാതനകൾ ലോക ചരിത്രത്തിന് സുപരിചിതമാണ്.  പത്തൊമ്പതാം നൂറ്റാണ്ടുവരെ അമേരിക്കയിലും നിലനിന്നു. അതിന്റെ ഒരു ഘട്ടം മാത്രമാണ് അറേബ്യയിൽ ആറാം നൂറ്റാണ്ടിൽ നിലനിന്നത്. അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയിരുന്നു അടിമ വ്യവസ്ഥ. മാത്രമല്ല, ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണവും, റോമൻ പേർഷ്യ സാമ്രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണവും യുദ്ധം സർവ സാധാരണമായിരുന്നു അറേബ്യയിൽ. യുദ്ധത്തിൽ തടവുകാരായി പിടിക്കുന്ന വരെ അടിമകളാക്കുന്ന രീതിയും പതിവായിരുന്നു. നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ സാമൂഹികവ്യവസ്ഥയെ ആണ് ഇസ്ലാം അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാൽ  അടിമ സമ്പ്രദായം ഒറ്റയടിക്ക് നിരോധിച്ചാൽ അടിമകൾ നാഥനില്ലതെ തെരുവിൽ അലയും, പട്ടിണി കിടന്നും, തമ്മിൽ തല്ലിയും ചാകുമെന്നല്ലാതെ എന്ത് സംഭവിക്കാൻ? സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാകും എന്നല്ലാതെ എന്ത് സംഭവിക്കാൻ? അടിമ വ്യാപാരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകളെ അത് പട്ടിണിയിലേക്കും പകയിലേക്കും തള്ളി വിടുകയും, ആ പരിഷ്കാര ത്തിന് എതിരെ പുതിയ ഒരു സംഘർഷം കൂടി ഉണ്ടായി യുദ്ധങ്ങളുടെ എണ്ണം കൂടുമെന്നല്ലാതെ എന്തുണ്ടാവാൻ? അമേരിക്കയിൽ അബ്രഹാം ലിങ്കൺ പൊടുന്നനെ അടിമത്തം നിരോധിച്ചപ്പോൾ നിരവധി അടിമകൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലും ആയി, ചിലർ തങ്ങളുടെ യജമാനന്മാരുടെ അടുത്തേക്ക് തന്നെ പോയത് ലോകം കണ്ടതാണ്.  അത് കൊണ്ട് ഒറ്റയടിക്ക് നിരോധിക്കുന്നത് ഒഴിവാക്കി കുറച്ച് കൂടി പ്രായോഗികം ആയി ഇസ്ലാം അതിനെ ഘട്ടം ഘട്ടമായി നിർവീര്യമാക്കി കളഞ്ഞു. എങ്ങനെയെന്നോ? തുടർന്ന് വായിക്കുക:  

1. അടിമയെ മോചിപ്പിക്കുക എന്നത് ഒരു പുണ്യപ്രവർത്തി ആയി ഇസ്ലാം പ്രഖ്യാപിച്ചു.  വിശ്വാസത്തിന്റെ തന്നെ ഭാഗമാക്കി അതിനെ മാറ്റി. (90:12). വേറെ വല്ല മത-രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ? 

2. സകാത്തിൻറെ വിഹിതം നൽകേണ്ടത് എട്ട് വിഭാഗം ജനങ്ങൾക്ക് ആണ്. കടം കൊണ്ട് വലഞ്ഞവരും, ദരിദ്രരും ഒക്കെ അതിൽപ്പെടും.  അതിലൊന്ന് അടിമകളെ വിമോചിപ്പികാൻ ഉള്ള ചിലവിലേക്ക്‌ ആയിരിക്കണം എന്ന് ഖുർആൻ പ്രഖ്യാപിച്ചു (9:60). വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇതുപോലെയൊരു കാര്യം ചെയ്തിട്ടുണ്ടോ?

3. പ്രവാചകന്‌ മുമ്പുള്ള ആചാരം ആയിരുന്ന "സ്വന്തം ഭാര്യയെ ഇനി മുതൽ ഒരിക്കലും പ്രാപിക്കില്ല" എന്ന് സത്യം ചെയ്യുക (58:4), അല്ലാഹുവിനെ ആണയിട്ട് സത്യം ചെയ്ത കാര്യത്തിന് എതിരായി പ്രവർത്തിക്കുക (5:89) ഒരാളെ മനഃപൂർവം വധിക്കുക (4:92) തുടങ്ങിയ തെറ്റുകൾ ചെയ്താൽ അവക്കെല്ലാം ഉള്ള പ്രായശ്ചിത്തമായി അടിമമോചനത്തേ പ്രഖ്യാപിച്ചു. വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

4. ചരിത്രത്തിൽ ആദ്യമായി അടിമയുമായി ചേർന്ന് കരാറുണ്ടാക്കി ഒരു മോചന പത്രത്തിൽ ഒപ്പിടുന്നത് മറ്റൊരു പുണ്യ പ്രവൃത്തിയായി (മുകാത്തബ) ഇസ്ലാം പ്രഖ്യാപിച്ചു. പ്രസ്തുത കരാർ പ്രകാരം നിശ്ചിത സംഖ്യ ഒരു കാലയളവ് വെച്ച് അടിമ ഒരു ഉടമക്ക് നൽകിയാൽ അവന് പിന്നെ എന്നെന്നേക്കും ആയി സ്വാതന്ത്ര്യം നേടാം. ആ തുക സമ്പാദിക്കാൻ ഒന്നുകിൽ ഉടമ തന്നെ അടിമയെ ജോലിക്ക് വിടണം എന്നും അല്ലെങ്കിൽ  ആ തുക ഉടമ തന്നെ നൽകണം എന്നും ഖുർആൻ ആർജ്ജവത്തോടെ പ്രഖ്യാപിച്ചു 24:33 ഈ സൂക്തത്തിൽ അതു കാണാം. മോചന പത്രം എഴുതാനും, അടിമയെ മോചിപ്പിക്കാനും അറേബ്യയിൽ പിന്നീട് മുസ്‌ലിംകൾ മത്സരിച്ച് രംഗത്ത് വന്നു. 

5. മുസ്‌ലിംകൾ നിസ്കാരത്തിന് സമയമായി എന്നറിയാൻ ഉപയോഗിക്കുന്ന മുന്നറിയിപ്പ് ആണ് വാങ്ക്‌ വിളി.  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കഅബയുടെ മുകളിൽ കയറിനിന്ന് ചരിത്രത്തിലെ ആദ്യത്തെ വാങ്ക് വിളിക്കാൻ നബി ഏൽപ്പിച്ചത് ആരെയാണെന്നോ?  ബിലാൽ ബിൻ റബാഹ്‌ എന്ന ഇത്യോപ്യൻ അടിമയെ. (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഗുരുവായൂർ ക്ഷേത്രത്തിലോ തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തിലോ അയിത്തജാതിക്കാരനോ ചെറുമനോ പാണനോ പൂജ നടത്തുന്നത് സ്വപ്നം കാണാനാവുമോ) ഇത്രമേൽ അടിമയെ വേറെ വല്ല പ്രത്യയ ശാസ്ത്രവും ചേർത്ത് നിർത്തിയതായി തെളിയിക്കാമോ? 

6. അടിമകൾ സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയത് കൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ അത് നിരോധിച്ചാൽ നിയമം അങ്ങോട്ട് നടപ്പാകുമെങ്കിലും ആളുകളുടെ മനസ്സിൽ നിന്ന് അടിമകളോടുള്ള മനോഭാവം മാറിക്കിട്ടുമായിരുന്നില്ല. (ജാതീയമായ വേർത്തിരിവുകൾ നിരോധിച്ചിട്ടും ഇന്നും ജാതിയും അയിത്തവും മനസ്സിൽ പേറി നടക്കുന്ന നികൃഷ്ടജീവികൾ നമ്മുടെ നാട്ടിലില്ലേ എന്ന് ചിന്തിക്കുക) എന്നാല് ഇസ്ലാം അടിമകളോടുള്ള മനുഷ്യൻറെ മനോഭാവത്തിൻറെ കടക്കൽ ആണ് ആദ്യം കത്തിവെച്ചത്. അതോടെ ജനങ്ങൾക്ക് അടിമകളും മനുഷ്യരാണ് എന്ന ധാരണ വന്നു. പിന്നീട് മറ്റുള്ള കാര്യങ്ങൾ എളുപ്പം ആയിരുന്നു.

7. അടിമത്തം എന്ന സോഷ്യൽ ഇൻസ്റ്റിറ്റൂഷനെ നേരിട്ട് കൈവെക്കാതെ അടിമകളോട് പുലർത്തിയ മനോഭാവത്തെയാണ് ഇസ്ലാം തിരുത്തിയത്. അതിൻറെ ഫലം ലോകം കണ്ടു. സ്വതന്ത്രരായ അടിമകൾ പിന്നീട് ഇസ്ലാമിക സമൂഹത്തിൽ ഉന്നതസ്ഥാനീയരായി ചരിത്രം രചിച്ചു. നിരവധി പ്രമുഖരുള്ള മുസ്ലിം സേനയുടെ കമാണ്ടറായി പ്രവാചരുടെ അടിമയായിരുന്ന സൈദ് ബിൻ ഹാരിസ നിയമിതനായി. ഒമ്പതാം നൂറ്റാണ്ടിലെ അബ്ബാസീ ഖലീഫ അൽമഅമൂൻ പിതാവ് ഹാറൂൺ റശീദിൻറെ അടിമസ്ത്രീയിലുണ്ടായ പുത്രനായിരുന്നു. ഗ്രീക്ക്-ഇന്ത്യൻ ക്ളാസിക്ക് ഗ്രന്ഥങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്തമായ ട്രാൻസ്ലേഷൻ മൂവ്മെൻറിന് നേതൃത്വം നൽകിയ അദ്ദേഹമാണ് അൽഗോരിതത്തിൻറെ പിതാവായ അൽഖവാരിസ്മിയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ച് യൂറോപ്പിന് അൽഗോരിതം പരിചയപ്പെടാൻ വഴിയൊരുക്കിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1206 മുതൽ 1290 വരെ ഒരു നൂറ്റാണ്ടുകാലം ഡൽഹി കേന്ദ്രമാക്കി ഭരിച്ച മംലൂക്കുകൾ അബ്ബാസീ സാമ്രാജ്യത്തിൽ വേരുകളുള്ള ഒരു അടിമവംശമായിരുന്നു എന്ന് എത്രപേർക്കറിയാം..? ഇസ്ലാമിലെ നാല്മദ്ഹബുകളിലൊന്നിൻറെ ഉപജ്ഞാതാവായ ഇമാം മാലിക്കിൻറെ ഗുരു നാഫിഅ് ഒരടിമയായിരുന്നു. എന്നാൽ അമേരിക്കയിലെ സ്വതന്തരായ അടിമകളുടെ പിൻമുറക്കാരുടെ സാമൂഹികാവസ്ഥകൾ നോക്കൂ. അവരിന്നും മുഖ്യധാരക്ക് പുറത്താണ്. അതാണ് വ്യത്യാസം. ഇസ്ലാമിനെ പോലെ അടിമകളുടെ സോഷ്യൽ സ്റ്റാറ്റസ് ഇതുപോലെ ഉയർത്തിയ മറ്റൊരു പ്രത്യയശാസ്ത്രം ലോകത്തുണ്ടോ? 

8. അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് കൂട്ടികൊടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ആചാരം അറേബ്യയിൽ ഉണ്ടായിരുന്നു. അത് ഖുർആൻ കണിശമായി നിരോധിക്കുകയും (24:33), വേശ്യാ വൃത്തി, പീഡനം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് തള്ളി വിടാതെ ഉടമക്ക് മൂന്ന് ഓപ്ഷൻ ഇസ്ലാം നൽകി: ഒന്നുകിൽ മോചിപ്പിക്കുക, അല്ലെങ്കിൽ  വിവാഹം കഴിക്കുക, അല്ലെങ്കിൽ അടിമയാക്കി നിർത്തുക. ഇതിൽ അടിമയാക്കി വെക്കുമ്പോൾ അവളുമായി ലൈംഗികബന്ധം ആകാവുന്നതാണ്. അതിനെയാണ് യുക്തിവാദികൾ അടിമഭോഗം, അടിമയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നത്. അടിമയുമായുള്ള നൂറുകൂട്ടം വ്യവഹാരങ്ങളിലൊന്ന് മാത്രമാണ് ലൈംഗികബന്ധം. എന്നാൽ പ്രചാരണം കണ്ടാൽ തോന്നുക, ലൈംഗികബന്ധത്തിനായി മാത്രം അടിമകളെ പടച്ചുണ്ടാക്കിയതു പോലെയാണ്. പക്ഷേ, വസ്തുത നേരെ മറിച്ചാണ്. അത് താഴെ വായിക്കാം:  

1. അടിമസ്ത്രീകൾ ഗർഭിണി ആയാൽ പ്രസവിക്കുന്നതോടെ ആ കുഞ്ഞ് സ്വതന്ത്രൻ ആകും എന്നായിരുന്നു ഇസ്ലാം പ്രഖ്യാപിച്ച നിയമം. അതോടെ ആ അടിമ സ്ത്രീയുടെ തലമുറയിൽ നിന്നും അടിമത്തം എന്നെന്നേക്കുമായി കൊഴിഞ്ഞ് പോകുന്നു. പിന്നീട് ഉടമയുടെ മരണത്തോടെ അയാളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയും സ്വാതന്ത്ര്യ ആവുന്നു എന്നാണ് അടുത്ത നിയമം. അതോടെ ആ കണ്ണിയിൽ ഇനിയൊരു അടിമക്ക് ജന്മം നൽകാത്ത വിധം ആ തലമുറയും നിന്ന് പോകുന്നു.  ഇങ്ങനെയുള്ള അടിമ സ്ത്രീകൾക്ക് “ഉമ്മു വലദ്” എന്നാണ് ഇസ്ലാമിക നിയമത്തിൽ പറയുന്നത്. ഇത് യുക്തിവാദിയുടെ ചോദ്യം കേട്ട് ഞെട്ടിയതു കാരണം പുതിയ ന്യായം തളളുകയല്ല, മറിച്ച്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമഗ്രന്ഥങ്ങളിലെല്ലാം ഇത് സജീവ ചർച്ചയുണ്ട്. അന്വേഷണകുതുകികൾക്ക് വായിക്കാം. അല്ലാതെ കുയുക്തിവാദികളോട് വേദമോതിയിട്ട് എന്തുകാര്യം.?! 

2. ഇപ്പൊൾ എന്ത് മനസ്സിലായി? അടിമസ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുക എന്ന സമൂഹത്തിൽ എല്ലാവരും ചെയ്യുന്ന ഒരാചാരത്തെ അടിമവിമോചനം നടപ്പാക്കാനുള്ള മാർഗമായി ഇസ്ലാം ഉപയോഗിക്കുകയായിരുന്നു.  അടിമകളും മനുഷ്യരാണല്ലോ. അതിനാൽ ലൈംഗികത എന്ന അടിസ്ഥാനപരമായ മനുഷ്യൻറെ ആവശ്യം അവർക്കും ഉണ്ടായിരുന്നു. അതിന് അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇസ്ലാമിന് ഉണ്ടായിരുന്നു. അങ്ങനെയൊരവസരം നൽകിയിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കുക. ഒന്നുകിൽ അവർ അനിയന്ത്രിതമായ വ്യഭിചാരത്തിൽ ഏർപ്പെടുമായിരുന്നു. അല്ലെങ്കിൽ അവരെ ഉടമകൾ കൂട്ടിക്കൊടുക്കുമായിരുന്നു. ഇതു രണ്ടും ഇസ്ലാം നിരോധിക്കുകയാണ് ചെയ്തത്. മാത്രമല്ല, വിവാഹം ചെയ്ത ഭാര്യമാരിൽ കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് വേണ്ടി കുഞ്ഞുണ്ടാവാൻ ഉള്ള സാധ്യത തേടിയും അടിമയുമായി ലൈംഗിക ബന്ധം പുലർത്താമായിരുന്നു. 

3. ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ. അടിമയെ ലൈംഗികമായി ഉപയോഗിക്കുക എന്നതും ഇസ്ലാം കൊണ്ടു വന്ന ആചാരമല്ല. മറിച്ച്, എല്ലാത്തിനും ഉപയോഗിക്കുന്ന പോലെ തന്നെ ലൈംഗികതക്കും ഉപയോഗിക്കുക എന്നത് ആദ്യമേ സമൂഹത്തിൽ ഉള്ളതായിരുന്നു. എന്നാൽ ഈ ആചാരത്തെ അപ്പടി നിർത്തലാക്കാതെ അതിലേക്ക് വിവാഹമോചനം എന്ന വാതിൽ ഘടിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാം പ്രയോഗിച്ചത്. അതായത് സമൂഹത്തിൽ മുസ്ലിം-അമുസ്ലിം വ്യത്യാസമില്ലാതെ  എല്ലാവരും ചെയ്തു വരുന്ന ഒരു ആചാരത്തെ അടിമമോചനം എന്ന നിയമം നടപ്പിലാക്കാനുള്ള ഏറ്റവും ഫലപ്രദായ ചാനലാക്കി/ മെക്കാനിസമാക്കി നിശ്ചയിക്കുക എന്ന വിപ്ളവകരമായ പ്രവർത്തനമാണ് ഇസ്ലാം ചെയ്തത്. അതിനാൽ പ്രസ്തുത ആചാരം നിലനിൽക്കുന്നിടത്തോളം കാലം അടിമകൾ സ്വതന്ത്രരായിക്കൊണ്ടേയിരുന്നു. കാലാകാലം അടിമത്തത്തിൽ കഴിയേണ്ടിയിരുന്ന എത്ര അടിമകൾ ഈ നിയമം മൂലം വിമോചിതരായിട്ടുണ്ടാവും എന്ന് ആലോചിച്ച് നോക്കൂ. ഇതൊന്നും പഠിക്കാൻ തയ്യാറാകാതെ ഇസ്ലാമിലെ അടിമത്തം മാത്രം തലക്ക് അടിച്ചുകയറ്റി അപസ്മാരരോഗികളായിത്തീർന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വാസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?  

4. അടിമകളെ എത്രമാത്രം മനുഷ്യത്വപരമായി കൈകാര്യം ചെയ്യണം എന്ന് ഇതുവരെയുള്ള വരികളിൽ നിന്നും മനസ്സിലായിക്കാണും. കാര്യങ്ങളുടെ നിജസ്ഥിതി ഇതാണെന്നിരിക്കെ അടിമകളുമായുള്ള ഉള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി തോന്നുന്നത് വളരെ വിചിത്രമാണ്. പ്രവാചകൻ റോമൻ രാജാവ് ദാനമായി നൽകിയ കോപ്റ്റിക്  വംശജയായ അടിമ മാരിയയെ അദ്ദേഹം ബലാൽസംഗം ചെയ്തു എന്നാണ് പ്രചാരണം. പ്രവാചകന് ഒരേയൊരു ആൺതരിയായ ഇബ്രാഹിം പിറന്നത് മാരിയത്തിലൂടെയാണെന്ന് മനസ്സിലാക്കണം. തൻറെ പുത്രനെ മാതാവായ സ്ത്രീയെ പിന്നീട് മനസ്സ് കൊണ്ട് അടിമയായി കാണാൻ പ്രവാചകന് പോയിട്ട് ആർക്കെങ്കിലും കഴിയുമോ?   

5. ഇനി ബലാൽസംഗം എന്ന പ്രയോഗം കൊണ്ട് ദുഷ്പ്രചാരകർ ഉദ്ദേശിക്കുന്നത് നിർബന്ധിത ലൈംഗിക ബന്ധം ആണെങ്കിൽ അത് അടിമയുടെ കാര്യത്തിൽ മാത്രമല്ല ഭാര്യയുടെ കാര്യത്തിലും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സ്ത്രീകളോട് ഏറ്റവും ഉദാത്തമായി പെരുമാറുന്നവരാണ് നിങ്ങളിൽ ഉത്തമർ (خياركم خياركم لنسائهم) എന്ന് പ്രവാചകൻ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് എത്ര യുക്തിവാദികൾക്ക് അറിയാം. 

6. സമയത്തിന് വിവാഹം കഴിപ്പിക്കാതെ പ്രകൃതിപരമായ ചോദനകൾ അമർത്തി വെപ്പിച്ച് പിന്നെ അത് സിസ്റ്റർ ലൂസിയായും സിസ്റ്റർ ജെസ്മിയായും ഫ്രാങ്കോ മുളക്കൽ ആയൊക്കെ പുറത്തു വരുന്നതും, ഭർത്താവ് ഭരിച്ചാൽ വിധയായി ജീവിതകാലം മുഴുവൻ ഞെരിഞ്ഞ് ജീവിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല. ക്രൈസ്തവ ഹൈന്ദവ സന്യാസ പാരമ്പര്യങ്ങളിൽ ലൈംഗികത ഒരു മോശമായ കാര്യമാണെങ്കിൽ, ഇസ്ലാമിക പാരമ്പര്യത്തിൽ നിയമവിധേനയാണെങ്കിൽ പുണ്യവും നിയമവിധേനയല്ലെങ്കിൽ കൊടിയപാപവും ആണ് ലൈംഗികത. ആ അടിസ്ഥാനപരമായ വ്യത്യാസം മനസ്സിലാക്കാത്തവരാണ് കൊട്ടും കുരവയുമായി നടക്കുന്നത്. ആധുനിക മെഡിക്കൽ സയൻസ് പോലും ആഹാരം, ഉറക്കം, ലൈംഗികത എന്നിവയെ പൊതുവെ മനുഷ്യ പ്രകൃതത്തിൻറെ ഒഴിവാക്കാനാവാത്ത മൂന്ന് നെടുംതൂണുകളായി എണ്ണിയിട്ടുണ്ട്.  

7. പിന്നെ ഇവിടെ ഭീകരമായ മറ്റൊരു കോമഡി കൂടെയുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന Litmus-2019 എന്ന യുക്തിവാദി സംഗമത്തിൽ വെച്ചാണ് മാതാപ്പിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധുക്കളുമായ ഉഭയസമ്മതം ഉണ്ടെങ്കിൽ ലൈംഗികബന്ധമാവാം എന്ന് പ്രഖ്യാപിച്ചത്. എല്ലാ യുക്തിവാദികളും അതംഗീകരിക്കുന്നില്ല എന്നും പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കണ്ട. യുക്തിവാദികളുടെ ജിഹ്വയായ യുക്തിവിചാരം മാസികയുടെ 2000 ത്തിലെ ലക്കത്തിൽ പോലും ഉഭയസമ്മത പ്രകാരമുള്ള ഏതു ലൈംഗിക ബന്ധത്തെയും യുക്തിവാദി അംഗീകരിച്ചേ തീരൂ എന്നും മറിച്ചുള്ള നിയന്ത്രണങ്ങൾ മതപുരോഹിതർ ഉണ്ടാക്കിയതാണ് എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതൊന്നും ചർച്ചചെയ്യാതെ 1400 വർഷം മുമ്പ് നിലനിന്ന അടിമത്ത വ്യവസ്ഥയിലെ ലൈംഗിക സമ്പ്രദായങ്ങളെ അതിൻറെ തന്നെ നിർമാർജ്ജനത്തിന് വേണ്ടി ഉപയോഗിച്ച ഇസ്ലാമിനെ ആക്രമിക്കാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വസി്ക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?   

8. അമേരിക്കയിൽ പോലും പത്തൊമ്പതാം നൂറ്റാണ്ടിൽ 1865 ലാണ് അടിമവ്യാപാരം നിയമവിരുദ്ധമാക്കുന്നത്. അമേരിക്കക്കാർ ആഫ്രിക്കക്കാരെയും ഫ്രഞ്ചുകാർ സ്പെയിൻകാരെയും അടിമകളാക്കി വെച്ചിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. തമിഴരെയും മലയാളികളെയുമൊക്കെ പരിഷ്കൃത നാട്ടുകാരെന്ന് സ്വയം പൊക്കുന്ന ബ്രിട്ടീഷുകാർ സിങ്കപ്പൂരിലേക്കും ബർമയിലേക്കും മലേഷ്യയിലേക്കും നാടുകടത്തി തോട്ടങ്ങളിലും കടലിലും മറ്റും അടിമപ്പണിയെുപ്പിച്ച് നൂറ് കൊല്ലം തികഞ്ഞിട്ടില്ല. അടിമസമ്പ്രദായം പോയി പിന്നെ കൊളോണിയൽ അടിമത്തം ഇന്ത്യ പോലുള്ള നാടുകളുടെ രക്തമൂറ്റിയാണ് പിൻവാങ്ങിയത്. ഇന്ന് മുതലാളിത്തത്തിൻറെ സാമ്പത്തിക നയങ്ങൾ ദരിദ്രരുടെ രക്തവും മാംസവും മജ്ജയടക്കം ഊറ്റുന്ന തരത്തിലാണ് പുതിയ അടിമത്തം. അടിമത്തം തീർച്ചായും ഒരു മനോഭാവമാണ്. ഇതൊന്നും ചർച്ച ചെയ്യാതെ ആറാം നൂറ്റാണ്ടിൽ അടിമവ്യവസ്ഥയെ നിർവീര്യമാക്കാൻ സ്വന്തം തിയോളജി തന്നെ ഉപയോഗിച്ച് വിപ്ളവകരമായ മുന്നേറ്റങ്ങൾ നടത്തിയ ഇസ്ലാമിനെ കുതിരകയറാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തന്മാർ മുഴുവൻ സ്വതന്ത്ര ചിന്തകർ ആണെന്ന് വിശ്വസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?

*റഷീദ് ഹുദവി ഏലംകുളം*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....