Tuesday, March 31, 2020

ഇസ്ലാം :ഖുർആനിൽ വൈരുദ്ധ്യ മോ? മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

'

മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

Muhammad Sajeer Bukhari / 4 years ago

ചോദ്യം:

അല്ലാഹു എങ്ങനെയാണ് മനുഷ്യനെ സ്രിഷ്ടിച്ചത്‌ ..? ഖുർആനിൽ എന്താണ് പറഞ്ഞത് എന്ന് നോക്കുക .

1) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു (.96:2)
2) അവൻ തന്നെയാണ് വെളളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്(.25:54)
3) കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ ) മുഴക്കമുണ്ടാകുന്ന കളിമണ്‍ രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു (15:26)
മനുഷ്യനെ എങ്ങനെ അല്ലാഹു സൃഷ്ടിച്ചു എന്നത് ഖുർആനിൽ ഇവിടെ പറഞ്ഞത് പ്രകാരം 3 വിത്യസ്ത നിലയിലാണ് കാണുന്നത് .സത്യത്തിൽ ഇത് ഒരു വൈരുധ്യം അല്ലേ .ഭ്രൂണത്തിൽ നിന്നോ , വെളളത്തിൽ നിന്നോ , അതോ കളിമണ്‍ രൂപത്തിൽ നിന്നോ എങ്ങനെ ആണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ..?

ചോദ്യകര്‍ത്താവ്: മുശ്താഖ് കണ്ണൂര്‍ | islamis6666@gmail.com


ഈ വാക്യങ്ങളില്‍ വൈരുധ്യം ഇല്ല, വൈവിധ്യം ആണുള്ളത്. രണ്ടും രണ്ടാണ്. വിശദമാക്കാം.

മനുഷ്യ സൃഷ്ടിപ്പിന്‍റെ ആരംഭത്തെ കുറിച്ച് പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ രണ്ടു തരത്തിലുള്ള വിശദീകരണങ്ങള്‍ തന്നിട്ടുണ്ട്. ഒന്ന്‍, ഏറ്റവും ആദ്യത്തെ മനുഷ്യനെപടച്ചതിനെ പറ്റിയാണ്. മറ്റേതാവട്ടെ, പ്രജനന വ്യവസ്ഥയിലൂടെ മനുഷ്യകുലം നിലനില്‍ക്കുന്നതിനെ സംബന്ധിച്ചാണ്. സ്വാഭാവികമായും രണ്ടിനും രണ്ടു തരം വിശദീകരണം ആണുണ്ടാവുക. അതാണ്‌ ഞാന്‍ പറഞ്ഞത്, വൈരുധ്യമല്ല വൈവിധ്യമാണ് എന്ന്.

ഈ രണ്ടു തരം വിശദീകരണങ്ങളെയും അതാതിന്‍റെ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തു കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ചാണ് വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ ചിലര്‍ പെടാപാടു പെടുന്നത്. തകരാര്‍ ഖുര്‍ആനിനല്ല, ആരോപകര്‍ക്കാണ്. മറിച്ച്, രണ്ടിനെയും രണ്ടായി കണ്ടു തന്നെ വായിച്ചാല്‍ ഒരു തരത്തിലുള്ള വൈരുധ്യവും അനുഭവപ്പെടുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആനിന്‍റെ വ്യക്തവും കൃത്യവും ശാസ്ത്രീയവുമായ ആഖ്യാനം നിങ്ങളെ അതിശയിപ്പിക്കുക കൂടി ചെയ്യും.

മണ്ണില്‍ നിന്നാണോ?

ചോദ്യകര്‍ത്താവ് ഉദ്ധരിച്ച മൂന്നാമത്തെ ആയത്ത് ആദിമ മനുഷ്യന്‍റെ സൃഷ്ടിപ്പിനെ സംബന്ധിച്ചുള്ളതാണ്. ഈ ആശയം പ്രതിപാദിക്കുന്ന മറ്റു ചില സൂക്ത ങ്ങൾ കൂടി ചേര്‍ക്കാം.

അല്ലാഹു ആദമിനെ മണ്ണിൽ നിന്നും സൃഷ്ടിച്ചു. എന്നിട്ട് അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞു. അപ്പോളതാ, അവൻ(ആദം)  ഉണ്ടാകുന്നു!!(3: 59)

അവനത്രേ കളി മണ്ണിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌(6:2)

നിങ്ങളെ അവൻ മണ്ണിൽ നിന്ന്‌ സൃഷ്ടിച്ചു(30: 20)

 അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്‌ ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു(35: 11)


മനുഷ്യൻ സൃഷ്ടി  മണ്ണിൽ നിന്നായിരുന്നു എന്നാണു ഉപര്യുക്ത ആയത്തുകള്‍ എല്ലാം പറയുന്നത്. മണ്ണിനെ കുറിക്കാന്‍ വ്യത്യസ്തമായ അഞ്ചു പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. അവ ഉദ്ധരിച്ചു ഖുര്‍ആനില്‍ വൈരുധ്യം തേടി നടക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വാസ്തവം എന്താണെന്ന് നോക്കാം. തുറാബ് (تراب) എന്ന പദമാണ് അതിലൊന്ന്. ഇത് ഏതു തരം മണ്ണിനും പൊതുവായി പറയാവുന്ന ഒരു പദമാണ്. മണ്ണിന്‍റെ സ്വഭാവമോ വിധമോ മറ്റെന്തെങ്കിലും വിശേഷണമോ അതില്‍ നിന്ന് മനസ്സിലാകുകയില്ല. ആദമിനെ പടക്കാന്‍ ഏതു തരത്തിലുള്ള മണ്ണാണ് ഉപയോഗിച്ചത് എന്നു ചോദിക്കാവുന്നതാണ്. അതിനു ഉത്തരമായി രണ്ടു പദങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു; ഹമഅ്(حمأ), ത്വീന്‍(طين) എന്നിവ. കളിമണ്ണ്‍, ചെളിമണ്ണ്‍ എന്നീ അര്‍ത്ഥങ്ങളി­ല്‍ ഉപയോഗിക്കുന്നതാണ് ഈ പദങ്ങ­ള്‍. കളിമണ്ണിന്‍റെ സ്വഭാവം എന്തായിരിക്കും എന്നറിയാനുള്ള അഭിവാജ്ഞക്ക് ഉത്തരമായി വീണ്ടും രണ്ടും പദങ്ങള്‍! മസ്നൂൻ(مسنون) ,സ്വൽസ്വാൽ(صلصال) എന്നിവയാണത്. പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നാണു മസ്നൂനിന്‍റെ അര്‍ഥം. അനന്തരം ഉണങ്ങി വരണ്ടാല്‍ രൂപപ്പെടുന്ന “മുട്ടിയാല്‍ ചിലപ്പ്‌ കേള്‍ക്കുന്നത്” എന്നാണു സ്വല്സ്വാലിന്‍റെ വിവക്ഷ. മണ്ണി­ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് ഇതെല്ലാം എന്നു ആര്‍ക്കാണ് മനസ്സിലാകാത്തത്. ഇതെങ്ങനെ വൈരുധ്യമാകും?!

വെള്ളത്തില്‍ നിന്നാണോ?

ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സൂറത്തു­ല്‍ ഫുര്‍ഖാനിലെ സൂക്തം മനുഷ്യ സൃഷ്ട്ടിപ്പ് വെള്ളത്തില്‍ നിന്നാണെന്നു പരാമ­ര്‍ശിക്കുന്നു. വേരെയൊരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂക്തങ്ങള്‍ മനുഷ്യന്‍ മണ്ണില്‍ നിന്ന് പടക്കപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവങ്ങളോട് കലഹിക്കുമോ? ഇല്ല, ഒരിക്കലും ഇല്ല.

ഈ സൂക്തങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള പദം “മാഅ്”(ماء) എന്നാണ്. രണ്ടു അര്‍ത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. പ്രഥമാര്‍ത്ഥം ജലം എന്നു തന്നെ. ബീജം അല്ലെങ്കില്‍ അണ്ഡം എന്നാണ് അടുത്ത അര്‍ത്ഥം. “പുരുഷന്‍റെ ബീജത്തില്‍ നിന്നാണോ സ്ത്രീയുടെ അണ്ഡത്തില്‍ നിന്നാണോ ശിശു ജനിക്കുന്നത്?” എന്നു തിരുമേനി സ്വ.യോട് ജൂതന്‍ അന്വേഷിച്ച സംഭവം വിശ്രുതമാണ്. സ്വഹീഹായ അനേകം ഹദീസുഗ്രന്ഥങ്ങളില്‍ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇവിടെ ബീജം,അണ്ഡം എന്നീ അര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത് “മാഅ്”(ماء) എന്നാണ്. സമാനമായ അനേകം ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാനാകും. ഈ അര്‍ത്ഥത്തി­ല്‍ “മാഇ”ല്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് എന്നു വായിക്കുമ്പോള്‍ അതി­ല്‍ സംശയത്തിനിടയില്ല.

ജലം എന്ന അര്‍ഥം തന്നെ പരിഗണിച്ചാലും ഒരു വൈരുധ്യവും ഇല്ല എന്നോര്‍ക്കുക. മനുഷ്യനെ പടച്ചത് മണ്ണിൽ നിന്നു മാത്രമാണ് എന്നോ ജലത്തിൽ നിന്നു നിന്നു മാത്രമാണ് എന്നോ വിശുദ്ധ ഖുർആനിലൊരിടത്തും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വചനങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന്‌ പറയും?  മനുഷ്യനെ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമാണ് സൃഷ്ടിച്ചത് എന്നതിന്‍റെ അര്‍ഥം വെള്ളത്തിന്‍റെയും മണ്ണി​‍ന്‍റെയും മിശ്രിതത്തിൽ നിന്ന്‌ സൃഷ്ടിക്കപ്പെട്ടു എന്നാണ്.

 വെള്ളം ചേർത്ത്‌ മണ്ണ്‌ കുഴച്ച്‌ കളിമൺ രൂപമുണ്ടാക്കുക എന്നത്‌ സ്വാഭാവികമായ കാര്യമാണല്ലോ.  ഇപ്രകാരമായിരിക്കും ആദിമനുഷ്യന്‍റെ രൂപം നിർമിച്ചത്‌ എന്നാണ് ഈ ആഖ്യാനത്തില്‍ നിന്ന് മനസ്സിലാവുന്നത്. ആദി മനുഷ്യന്‍റെ സ്വരൂപം കളിമണ്ണിൽ നിന്ന്‌ പാകപ്പെടുത്തിയ ശേഷം അതില്‍  ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോഴാണ്‌ മനുഷ്യനുണ്ടായതെന്നു വിശുദ്ധ ഖുർആ­ന്‍ പറഞ്ഞിട്ടുണ്ടല്ലോ(15:28,29).

ആദിമ മനുഷ്യന്‍റെ കാര്യത്തില്‍  മാത്രമല്ല എല്ലാ മനുഷ്യരുടെ യും ഘടനയില്‍ ജലം നിർണ്ണായക ഘടകമാണ്‌എന്നു അറിയാത്തവര്‍ തുച്ചമായിരിക്കും. മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്.നവജാതശിശുവിൽ 77ശതമാനത്തോളവും പ്രായപൂർത്തിയായ ഒരാളിൽ 70 ശതമാനത്തോളവും പ്രായം ചെന്നവരിൽ 50 ശതമാനത്തോളവും ജലം ഉണ്ട്. മസ്തിഷ്കത്തിന്റെ 95 ശതമാനവും രക്തത്തിന്റെ 82 ശതമാനവും വെള്ളമാണ്. ഉമിനീരിന്‍റെ അടിസ്ഥാനവും വെള്ളമാണ്. അതുപോലെ സന്ധികള്‍ക്ക് ചുറ്റുമുള്ള ദ്രാവകവും വെള്ളം തന്നെ. എന്തിനധികം, നമ്മുടെ അസ്ഥികളുടെ പോലും 22 ശതമാനം വെള്ളമാണ്!! ദിവസവും രണ്ട് ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ ജലം മനുഷ്യ ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം ലഭിക്കാതെ നമുക്ക് അഞ്ചാഴ്ച പിടിച്ചു നില്‍ക്കാനാവുമെങ്കില്‍ ജലമില്ലാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കാനാകില്ല!! മനുഷ്യശരീരത്തില്‍ എപ്പോഴും 35 മുതല്‍ 40 വരെ ലിറ്റര്‍ ജലം നില്‍ക്കുന്നു. ശരീരത്തില്‍ ജലത്തിന്റെ ഒരു ശതമാനത്തിന്റെ കുറവുണ്ടാകുമ്പോഴേക്കും നമുക്ക് ദാഹിക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ ജലത്തിന്റെ അളവ് കുറയുന്നു. ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ 2 ശതമാനം കുറവുണ്ടായാല്‍ നിര്‍ജലീകരണത്തിന് വിധേയമാകും. ഇത് പല രോഗങ്ങള്‍ക്കും കാരണമാകും.

             വെള്ളം ഒരു ലൂബ്രികന്റായി വര്‍ത്തിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷക ഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധർമ്മം. അതോടൊപ്പം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. ഇപ്രകാരം ശരീരോഷ്മാവ് നിയന്ത്രിക്കുക, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയും ജലത്തിന്റെ ധർമ്മങ്ങളാണ്.

ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിച്ചാല്‍കുടലിലെ കാന്‍സര്‍ സാധ്യത 40 ശതമാനം വരെയും മൂത്രസഞ്ചിയിലെ കാന്‍സര്‍ സാധ്യത 50 ശതമാനം വരെയും കുറയുമെന്നാണ് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മൂത്രാശയ അണുബാധയുള്ളവര്‍ ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണല്ലോ വൈദ്യമതം. മനുഷ്യശരീരത്തിന്‍റെ നിലനില്‍പ്പിനും ആരോഗ്യ സംരക്ഷണത്തിനും ജലം എത്രമാത്രം അവശ്യഘടകമാണ് എന്നതിനു ഇനിയുമധികം പറയേണ്ടതില്ലല്ലോ.

                 അതുപോലെ നമ്മുടെ ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് മണ്ണും. മനുഷ്യ ശരീരത്തിൽ  കാണുന്ന എല്ലാ ലവണങ്ങളും ധാതുക്കളും മൂലകങ്ങളും മണ്ണില്‍ അട ങ്ങിയിട്ടുണ്ട്!! നമ്മെ അതിശയിപ്പിക്കുന്ന ഒരു പഠനം സൂചിപ്പിക്കട്ടെ. പലരും ജൈവകൃഷിയിലേയ്ക്ക്‌ ആകൃഷ്ടരാകുവാൻ കാരണം വർദ്ധിച്ചുവരുന്ന രോഗങ്ങളാണല്ലോ. മണ്ണിലെ മൂലകങ്ങളുടെ കുറവ്‌ നാം ഭക്ഷിക്കുന്ന ഭക്ഷണതിലുണ്ടാകുകയും അത്‌ മൂലമാണ് പല രോഗങ്ങളുംഉണ്ടാകുന്നത് എന്ന നിരീക്ഷണത്തിനു കിട്ടിയ അംഗീകാരമാണ് ജൈവകൃഷിക്ക് കിട്ടികൊണ്ടിരിക്കുന്ന പ്രചാരം. പലരുടെയും പഠനങ്ങൾ പറയുന്ന ചില ഉദാഹരണങ്ങൽ ചുവടെ ചേർക്കുന്നു.
1. മഗ്നീഷ്യത്തിന്‍റെ അപര്യാപ്തത മൂലം ഹൃദയഘാതം ഉയര്‍ന്ന രക്തസമ്മർദം, ആസ്ത്മ,കിഡ്നിയില്‍ കല്ല്‌ മുതലായ രോഗങ്ങൾ ഉണ്ടാകുന്നു. പച്ചനിറമുള്ള ഇലകളിൽ കൂടുതൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
2. എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുന്നു കാല്‍സ്യത്തിന്‍റെ കുറവ് മൂലം ആണ്.  കാൽസ്യം ഫൊസ്ഫറസിനൊപ്പം ചേർന്നാണ്‌ ഉറപ്പുള്ള എല്ലും പല്ലും ഉണ്ടാകുന്നത്‌. പാലിലും വെണ്ണയിലും കൂടുതൽ ഉണ്ടെങ്കിലും ക്യാൽസ്യം ഡെഫിഷ്യൻസിയുള്ള പശുവിന്‍റെ പലിന്‍റെ ഗതി എന്താവും! ഡോള്ളാമൈറ്റിൽ മഗ്നീഷ്യവും ക്യൽസ്യവും അടങ്ങിയിട്ടുണ്ട്‌.  ഇത്‌ ജൈവകൃഷിക്ക്‌ അനുയോജ്യമാണ്.
3. വളർച്ചയ്ക്കും, ഗർഭധാരണത്തിനും, പാലുൽപ്പാദനത്തിനും, മുറിവുണങ്ങുവാനും, പുതിയ ചര്‍മം ഉണ്ടാകുവാനും തുടങ്ങി പലതിനും സിങ്ക്‌ ആവശ്യമാണ്‌.  വൈറൽ ഇൻഫെക്‌ഷൻസിനെതിരെ പോരാടുകയും ചെയ്യും.

                 ഇപ്പോഴും യഥാര്‍ത്ഥ മണ്ണില്‍ നിന്നുള്ള മൂലകങ്ങളും ധാതുക്കളും പോഷകങ്ങളും കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയുകയില്ല എന്നാണു പറഞ്ഞു വന്നതിന്റെ ചുരുക്കം മനുഷ്യ ശരീരത്തിന്‍റെ നിര്‍മിതിക്ക് വെള്ളവും മണ്ണും വേണമെന്ന് പറയുമ്പോള്‍ അതില്‍ എങ്ങനെയെങ്കിലും വൈരുധ്യം കണ്ടത്താന്‍ പഴുത് തേടുന്നവര്‍ ഈ പഠനങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും. പറഞ്ഞുവന്നതിന്‍റെ സംക്ഷിപ്തം, മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുർആനിക പ്രഖ്യാപനം മണ്ണില്‍ നിന്ന് പടക്കപ്പെട്ടവന്‍ എന്നതിനോട് വിരുദ്ധമാകുന്നില്ലെന്നു മാത്രമല്ല, സൃഷ്ടിപ്പിനു വേണ്ടി ഉപയോഗിച്ച വിവിധ വസ്തുക്ക­ള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നത്.

ഒരു സൂക്തത്തില്‍ “എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരി ക്കുന്നു”(24: 45) എന്നും രേഖപ്പെടുത്തിയിട്ടുണ്ട് എന്നു നടേ പറഞ്ഞുവല്ലോ. വളരെ വലിയ ഒരു ശാസ്ത്രീയ സത്യമാണ് ഇതിലൂടെ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. ഇതര ഗ്രഹങ്ങളില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ മുഖ്യമായും അവിടെ ജലകണികകളുണ്ടോ എന്ന അന്വേഷണമാണ് ആദ്യം നടത്തുന്നത് നാം വായിച്ചിട്ടുണ്ട്. ജലമുണ്ടെങ്കില്‍ ജീവനുണ്ടെന്നര്‍ഥം. ജലമില്ലാതെ ജീവന്‍ നിലനില്‍ക്കില്ല. നമ്മുടെ ഭൂമിക്ക് നീലഗ്രഹം എന്ന അപരനാമം കിട്ടിയത് ഇവിടുത്തെ ജലസാന്നിധ്യം കൊണ്ടാണ്. ജീവോത്പത്തി, വികാസം, പരിരക്ഷ തുടങ്ങിയവയെല്ലാം വെള്ളത്തെ ആശ്രയിച്ചാണ്. പ്രാണവായു കഴിഞ്ഞാല്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാനം വെള്ളമാണ്. ജലാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയാണ് ഭൂമിക്കുള്ളത്. പ്രകൃതിയിലെ ചെറുതും വലതുമായ എല്ലാ ജീവികളും ഈ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, വായു, സസ്യങ്ങള്‍, ജന്തുക്ക­ള്‍, പറവക­ള്‍, സൂക്ഷ്മജീവിക­ള്‍ എന്നിവയുടെയെല്ലാം നിലനില്‍പ്പിന് വെള്ളം കൂടിയേ തീരൂ. പ്രകൃതിസംവിധാനത്തിലും മൂലകങ്ങളുടെ ജൈവരാസ ചാക്രിക ഗതികളിലും വെള്ളമാണ് നിര്‍ണായകഘടകം. കാലാവസ്ഥാ നിര്‍ണയത്തിലും പ്രകൃതി സംവിധാനത്തിലും വെള്ളം അത്യാവശ്യമാണെന്നര്‍ഥം.

ഭ്രൂണത്തില്‍ നിന്നാണോ?

                   മനുഷ്യന്‍ ഭ്രൂണത്തില്‍ നിന്നാണോ സൃഷ്ടിക്കപ്പെട്ടതെന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. അതും മുകളില്‍ പറഞ്ഞതും തമ്മില്‍ ഒരു വൈരുധ്യവും ഇല്ലെന്നു ഇനി അധികം പറയേണ്ടി വരില്ല. ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള ഖുര്‍ആനിലെ വിവരണത്തി­ല്‍ ശാസ്ത്രീയാബദ്ധം സംഭവിച്ചിട്ടുണ്ടെന്ന ആരോപണത്തിനു ഞാന്‍ നേരത്തെ വിശദമായ മറുപടി എഴുതിയിട്ടുണ്ട്. എന്‍റെ “ഖുര്‍ആനിന്‍റെ അമാനുഷികത: വിമര്‍ശനങ്ങള്‍ക്ക് മറുപടി”യുടെ ഒന്നാം വാള്യം വായിക്കുക. വൈരുദ്ധ്യമല്ല, ഈയടുത്ത കാലത്ത് മാത്രം ശാസ്ത്രം മനസ്സിലാക്കിയ കാര്യങ്ങളാണ് പതിനാലു നൂറ്റാണ്ട് മുമ്പേ “നിരക്ഷരനായ ദൂതന്‍” ലോകത്തോട്‌ വിളിച്ചു പരാജതെന്നു മനസ്സിലാക്കാം.

ഭ്രൂണത്തി­ല്‍ നിന്നു പടക്കപ്പെട്ടുവെന്ന പ്രസ്താവം വെള്ളത്തില്‍ നിന്നോ മണ്ണില്‍ നിന്നോ പടക്കപ്പെട്ടുവെന്നതിനോട് മാത്രമല്ല, വിവിധയിടങ്ങളില്‍ വന്ന അതിന്‍റെ വിശദീകരണങ്ങള്‍ തമ്മില്‍ തമ്മിലും ഒരു വൈരുധ്യവും പുലര്‍ത്തുന്നില്ല. ഏതാനും സൂക്തങ്ങൾ ഉദ്ധരിക്കാം.

ഒരു ശുക്ളകണത്തില്‍ നിന്നാകുന്നു അവന്‍ മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് (അന്നഹ്‌ല്‍ : 4 )

മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു (അല്‍ ഇന്‍സാന്‍: 2)

(ഗര്‍ഭാശയത്തിലേക്ക്) തെറിപ്പിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ അവന്‍? (അല്‍ ഖിയാമ : 37)

മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ (ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന്) സൃഷ്ടിച്ചിരിക്കുന്നു(അല്‍ അലഖ് : 2)


                 ഈ സൂക്തങ്ങളെല്ലാം ലൈംഗിക പ്രത്യൽപാദനത്തിന്‍റെ വിവിധ ഘട്ടങ്ങളെ പരാമര്‍ശിക്കുന്നവയാണ്‌.  അന്നഹ്­ലിലെ مِنْ نُطْفَةٍ (മിന്‍ നുത്ഫതിന്‍) എന്ന പ്രയോഗം അണ്ഡ-ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്‌. അൽ ഖിയാമയിലെ نُطْفَةً مِنْ مَنِيٍّ يُمْنَى  (നുത്ഫതന്‍ മിന്‍ മനിയ്യിന്‍ യുംനാ) എന്നു പറഞ്ഞിരിക്കുന്നതും തഥൈവ. എന്നാല്‍ അല്‍ ഇന്സാനില്‍ مِنْ نُطْفَةٍ أَمْشَاجٍ(മിന്‍ നുത്ഫതിന്‍ അമ്ശാജ്- മിശ്രിത ശുക്ളം) എന്ന പ്രയോഗത്തിന്‍റെ ഉദ്ദേശം  മനുഷ്യന്റെ ജന്മം സ്ത്രീയുടെയും പുരുഷന്റെയും വെവ്വേറെയുള്ള ബീജങ്ങളില്‍ നിന്നല്ല, മറിച്ച്, രണ്ടുപേരുടെയും രേതസ്സ് കൂടിച്ചേര്‍ന്ന് ഒന്നായിത്തീര്‍ന്ന ബീജത്തില്‍നിന്നാണ് എന്നാണ്. ഭ്രൂണത്തിൽ നിന്ന്‌ അല്ലെങ്കില്‍ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തി­ല്‍ നിന്ന് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അൽ അലഖിലെ مِنْ عَلَقٍ  (മിന്‍ അലഖിന്‍) എന്നപദം അണ്ഡ ബീജ സംയോജനത്തിലൂടെ ഉണ്ടാകുന്ന സിക്താണ്ഡത്തെ (zygote) കുറിച്ചാണ്. عَلَقَة അലഖഃ എന്ന പദത്തിന്‍റെ ബഹുവചനമാണ് عَلَق അലഖ്. സാധാരണ പ്രയോഗത്തില്‍ ഒട്ടിപ്പിടിക്കുന്നത്, പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് എന്നൊക്കെയാണ് ഈ വാക്കിന്‍റെ അര്‍ഥം. ഗര്‍ഭധാരണം കഴിഞ്ഞു കുറച്ചുദിവസത്തേക്ക് ഭ്രൂണത്തിന്‍റെ അവസ്ഥയാണിത്! ശരീരത്തിൽ കടിച്ചുതൂങ്ങി അള്ളിപിടിച്ചു നില്‍ക്കുന്നതിനാൽ അട്ട എന്ന ജീവിക്ക്‌ `അലഖ്‌` എന്നുപറയാറുണ്ട്‌. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ചാണ്‌ വളരാനാരംഭിക്കുന്നത്‌. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന്‍റെ രൂപം അട്ടയുടേതിന്‌ സമാനവുമാണ്!! അനന്തരമുള്ള വളര്‍ച്ചാഘട്ടത്തെ  الْمُضْغَةَ (മുള്ഗ) അഥവാ, രക്തപിണ്ഡം എന്നു വിളിച്ചുഅല്‍ മുഅ്മിനൂന്‍ 13). ചുരുക്കത്തില്‍, ഭ്രൂണവളർച്ചയുടെ വിവിധ ഘട്ടങ്ങൾ പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ്‌ നൽകുന്നത്‌ എന്ന വസ്തുതയാണ്‌ നമുക്ക്‌ ഇവിടെ കാണാൻ കഴിയുന്നത്‌.


               ആദിമമനുഷ്യന്‍റെ സൃഷ്ടിപ്പും ഒപ്പം, ഭ്രൂണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള വളര്‍ച്ചയെയും അല്‍ മുഅ്മിനൂനിലെ ഉപര്യുക്ത സൂക്തത്തില്‍ ഖുര്‍ആന്‍ ആവിഷ്കരിച്ചിട്ടുള്ളത് എത്ര കൃത്യമായാണ് എന്നു നോക്കൂ: “നിശ്ചയം, മനുഷ്യനെ നാം കളിമണ്ണിന്‍റെ സത്തില്‍നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി(نُطْفَةً)  പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്കണത്തെ ഒട്ടുന്നപിണ്ഡം (عَلَقَةً) ആക്കി. അനന്തരം ആ പിണ്ഡത്തെ മാംസം (مُضْغَةً ) ആക്കി. പിന്നെ മാംസത്തെ അസ്ഥികള്‍ (عِظَامًا) ആക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം (لَحْمًا ) പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു -അല്ലാഹു വളരെ അനുഗ്രഹമുടയവന്‍ തന്നെ.(അല്‍ മുഅ്മിനൂന്‍ 12, 14).



                ഏറ്റവും ഉചിതവും ശാസ്ത്രീയവുമായ തിരഞ്ഞെടുപ്പാണ് അണ്ഡ ബീജസങ്കലനത്തെയും ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാൻ വേണ്ടി വിശുദ്ധ ഖുർആൻ പ്രയോഗിച്ച എല്ലാ പദങ്ങളുടെയും കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് എന്നു ആധുനിക ഭ്രൂണശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നു.  മനുഷ്യന്‍റെ ആദിമ സൃഷ്ടി മണ്ണിൽ നിന്നാണെന്നും ജലത്തിൽ നിന്നാണെന്നുമെല്ലാം ഉള്ള പരാമർശങ്ങളും തഥൈവ. ഇവയെല്ലാം ശരിയാണ്‌. ഇവയിൽ എവിടെയും യാതൊരു വൈരുധ്യവുമില്ല. ഒരേ വസ്തുതയുടെ വിശദാംശങ്ങള്‍ പ്രതിപാധിക്കുന്നതിനു വൈരുധ്യം എന്നാണോ വിളിക്കുക?!

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...