Wednesday, March 4, 2020

ഇസ്ലാം :അടിമത്തത്തോടുള്ള ഖുര്‍ആനിന്റെ സമീപനമെന്താണ്?

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



അടിമത്തത്തോടുള്ള ഖുര്‍ആനിന്റെ സമീപനമെന്താണ്?


നമ്മുടെ സമൂഹത്തില്‍ ഇന്ന് നിലവിലില്ലാത്ത ഒരു സമ്പ്രദായമാണ് അടിമത്തം. ഇന്നത്തെ ചുറ്റുപാടുകളിലിരുന്നുകൊണ്ട് പ്രസ്തുത ഭൂതകാലപ്രതിഭാസത്തെ അപഗ്രഥിക്കുമ്പോള്‍ അതിന്റെ വേരുകളെയും അതു നിലനിന്നിരുന്ന സമൂഹങ്ങളില്‍ അതിനുണ്ടായിരുന്ന സ്വാധീനത്തെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. വര്‍ത്തമാനത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് ഭൂതകാലപ്രതിഭാസങ്ങളെ അപഗ്രഥിച്ച് കേവല നിഗമനത്തിലെത്തുവാന്‍ കഴിയില്ല. അടിമത്തമെന്നാല്‍ എന്താണെന്നും പുരാതന സമൂഹങ്ങളില്‍ അത് ചെലുത്തിയ സ്വാധീനമെന്തായിരുന്നുവെന്നും മനസ്സിലാക്കുമ്പോഴേ അതിനെ ഖുര്‍ആന്‍ സമീപിച്ച രീതിയുടെ മഹത്വം നമുക്ക് ബോധ്യമാകൂ.
ഒരു വ്യക്തി മറ്റൊരാളുടെ സമ്പൂര്‍ണമായ അധികാരത്തിന് വിധേയമായിത്തീരുന്ന സ്ഥിതിക്കാണ് അടിമത്തമെന്ന് പറയുന്നത്. ശരീരവും ജീവനും കുടുംബവും അങ്ങനെ തനിക്ക് എന്തൊക്കെ സ്വന്തമായുണ്ടോ അതെല്ലാം മറ്റൊരാള്‍ക്ക് അധീനമാക്കപ്പെട്ട രീതിയില്‍ ജീവിതം നയിക്കുന്നവനാണ് അടിമ. അവന്‍ ഉടമയുടെ ജംഗമസ്വത്താണ്. ഉടമ ഒരു വ്യക്തിയോ സമൂഹമോ രാഷ്ട്രമോ ആകാം. ആരായിരുന്നാലും അയാള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ഉടമക്കുകീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് അടിമ.
അടിമസമ്പ്രദായത്തിന്റെ ഉല്‍പത്തി എങ്ങനെയാണെന്നോ, അത് എവിടെ, എന്നാണ് തുടങ്ങിയതെന്നോ ഉറപ്പിച്ച് പറയാന്‍ പറ്റിയ രേഖകളൊന്നും ഉപലബ്ധമല്ല. ക്രിസ്തുവിന് 20 നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഈ സമ്പ്രദായം ആരംഭിച്ചുകഴിഞ്ഞിരുന്നുവെന്ന് ഉറപ്പാണ്. ബി.സി 2050-നോടടുത്ത് നിലനിന്നിരുന്ന ഉര്‍നാമു (ഡൃ ചമാൌ) നിയമസംഹിതയില്‍ അടിമകളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്നവര്‍ക്ക് സ്വാതന്ത്യ്രം നിഷേധിച്ചുകൊണ്ട് കൂലിയില്ലാതെ ജോലിചെയ്യിക്കുന്ന പതിവില്‍നിന്നാവണം അടിമത്തം നിലവില്‍ വന്നതെന്നാണ് അനുമാനം. പുരാതന സുമേറിയന്‍ ഭാഷയില്‍ അടിമകളെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പദങ്ങളാണ് ഈ അനുമാനത്തിന് നിദാനം. പുരുഷഅടിമക്ക് നിദാ-കൂര്‍ എന്നും സ്ത്രീ അടിമക്ക് മുനുസ്-കൂര്‍ എന്നുമായിരുന്നു പേര്‍. വിദേശിയായ പുരുഷന്‍, വിദേശിയായ സ്ത്രീ എന്നിങ്ങനെയാണ് യഥാക്രമം ഈ പദങ്ങളുടെ അര്‍ഥം. യുദ്ധത്തടവുകാരെ കൊണ്ടുവന്നിരുന്നത് വിദേശത്തുനിന്നായിരുന്നതിനാല്‍ അവരെ അടിമകളാക്കിയപ്പോള്‍ ഈ പേരുകള്‍ വിളിക്കപ്പെട്ടുവെന്നാണ് ഊഹിക്കപ്പെടുന്നത്.
ലോകത്ത് ഏകദേശം എല്ലാ പ്രദേശങ്ങളിലും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അടിമത്തം നിലനിന്നിരുന്നു. പുരാതന ഇസ്രായേല്‍ സമുദായത്തിന്റെ കഥ പറയുന്ന പഴയ നിയമ ബൈബിളില്‍ അടിമത്തത്തെക്കുറിച്ച് ഒരുപാട് പരാമര്‍ശങ്ങളുണ്ട്. പൌരാണിക പ്രവാചകനായിരുന്ന അബ്രഹാമിന്റെ കാലത്തുതന്നെ മനുഷ്യരെ വിലയ്ക്കു വാങ്ങുന്ന സമ്പ്രദായം നിലനിന്നിരുന്നുവെന്ന് കാണാന്‍ കഴിയും (ഉല്‍പത്തി 17:13,14). യുദ്ധത്തടവുകാരെ അടിമകളാക്കണമെന്നാണ് ബൈബിളിന്റെ അനുശാസന (ആവര്‍ത്തനം 20:10,11) അടിമയെ യഥേഷ്ടം മര്‍ദിക്കുവാന്‍ യജമാനന് സ്വാതന്ത്യ്രം നല്‍കുന്ന ബൈബിള്‍ പക്ഷേ, പ്രസ്തുത മര്‍ദനങ്ങള്‍ക്കിടയില്‍ അടിമ മരിക്കാനിടയാകരുതെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. ‘ഒരുവന്‍ തന്റെ ആണ്‍അടിമയെയോ പെണ്‍അടിമയെയോ വടികൊണ്ടടിക്കുകയും അയാളുടെ കൈയാല്‍ അടിമ മരിക്കുകയും ചെയ്താല്‍ അയാളെ ശിക്ഷി ക്കണം. പക്ഷേ, അടിമ ഒന്നോ രണ്ടോ ദിവസം ജീവിച്ചാല്‍ അയാളെ ശിക്ഷിക്കരുത്. കാരണം അടിമ അയാളുടെ സ്വത്താണ്’ (പുറപ്പാട് 21:20,21) എന്നതായിരുന്നു ബൈബിള്‍ പറയുനനതനുസരിച്ച് ഇവ്വിഷയകമായി ഇസ്രായേല്‍ സമുദായത്തില്‍ നിലനിന്നിരുന്ന നിയമം. യേശുക്രിസ്തുവിന്റെ കാലത്തും ശേഷവുമെല്ലാം അടിമസമ്പ്രദായം നിലനിന്നിരുന്നു. അടിമകളോടു സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച ഉപദേശങ്ങളൊന്നും യേശുവിന്റെ വചനങ്ങളിലില്ല. ‘കര്‍ത്താവിന്റെ വിളി ലഭിച്ചുകഴിഞ്ഞ അടിമകള്‍ ആത്മാര്‍ഥമായി യജമാനന്മാരെ സേവിക്കണം’ (എഫേ 6:5-9). ‘അടിമകളേ, നിങ്ങളുടെ ലൌകിക യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരിക്കുക; യജനമാനന്മാര്‍ കാണ്‍കെ, അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, ആത്മാര്‍ഥതയോടുകൂടി കര്‍ത്താവിനെ ഭയപ്പെട്ട് യജമാനന്മരെ അനുസരിക്കുക’ (കൊളോ 3:22) എന്നുമുള്ള പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ അടിമത്തവുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിര്‍ദേശങ്ങളൊന്നും പൌലോസിന്റെ ലേഖനങ്ങളില്‍ കാണാന്‍ കഴിയുന്നില്ല. ഗ്രീക്കോ-റോമന്‍ നാഗരികതയില്‍ നിലനിന്നിരുന്ന അതിക്രൂരമായ അടിമത്ത സമ്പ്രദായം അവയുടെ ക്രൈസ്തവവത്കരണത്തിനു ശേഷവും മാറ്റമൊന്നുമില്ലാതെ നിലനിന്നിരുന്നുവെന്ന് കാണാ നാവും. അടിമവ്യവസ്ഥിതിയുടെ ക്രൂരവും നികൃഷ്ടവുമായ കഥകള്‍ ഏറെ പറയാനുള്ള റോമാ സംസ്കാരത്തിന്റെ ഔദ്യോഗിക മതം ക്രൈസ്തവതയായിരുന്നുവെന്ന വസ്തുത പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
ഇന്ത്യയില്‍ അടിമത്തം നിലനിന്നത് മതത്തിന്റെ ഭാഗമായിക്കൊണ്ടാണ്. വൈദിക മതത്തിന്റെ അവിഭാജ്യ ഘടകമാണ് വര്‍ണാശ്രമ വ്യവസ്ഥ. ശ്രുതികളില്‍ പ്രഥമ ഗണനീയമായി പരിഗണിക്കപ്പെടുന്ന വേദസംഹിതകളില്‍ ഒന്നാമതായി വ്യവഹരിക്കപ്പെടുന്ന ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലാണ് (10:90:12) ജാതി വ്യവസ്ഥയുടെ ബീജങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ‘പരമപുരുഷന്റെ ശിരസ്സില്‍നിന്ന് ബ്രാഹ്മണനും കൈകളില്‍നിന്ന് വൈശ്യനും പാദങ്ങളില്‍ ശൂദ്രനും സൃഷ്ടിക്കപ്പെട്ടുവെന്ന ഋഗ്വേദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന വര്‍ണാശ്രമ വ്യവസ്ഥ ബ്രാഹ്മണനെ ഉത്തമനും ശൂദ്രനെ അധമനുമായി കണക്കാക്കിയത്സ്വാഭാവികമായിരുന്നു. എല്ലാ ഹൈന്ദവ ഗ്രന്ഥങ്ങളും ചാതുര്‍വര്‍ണ്യ വ്യവസ്ഥ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആധുനിക ഹൈന്ദവതയുടെ ശ്രുതിഗ്രന്ഥമായി അറിയപ്പെടുന്ന ഭഗവത് ഗീത ‘ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണ കര്‍മ വിഭാഗശഃ’ (4:13) എന്നാണ് പറഞ്ഞിരിക്കുന്നത്. ‘ഗുണകര്‍മങ്ങളുടെ വിഭാഗത്തിനനുസരിച്ച് നാലു വര്‍ണങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഞാന്‍ തന്നെയാണെ’ന്നര്‍ഥം.
ദൈവത്തിന്റെ പാദങ്ങളില്‍നിന്ന് പടക്കപ്പെട്ടവര്‍ പാദസേവ ചെയ്യുവാനായി വിധിക്കപ്പെട്ടത് സ്വാഭാവികമായിരുന്നു. ദാസ്യവേലക്കു വേണ്ടി പ്രത്യേകമായി പടക്കപ്പെട്ടവരാണ് ശൂദ്രരെന്നായിരുന്നു വിശ്വാസം. മുജ്ജന്മപാപത്തിന്റെ ശിക്ഷയായാണ് അവര്‍ണനായി ജനിക്കേണ്ടിവന്നതെന്നും അടുത്ത ജന്മത്തിലെങ്കിലും പാപമോചനം ലഭിച്ച് സവര്‍ണനായി ജനിക്കണമെങ്കില്‍ ഈ ജീവിതം മുഴുവന്‍ സവര്‍ണരുടെ പാദസേവ ചെയ്ത് അവരെ സംതൃപ്തരാക്കുകയാണ് വേണ്ടതെന്നുമാണ് അവരെ മതഗ്രന്ഥങ്ങള്‍ പഠി പ്പിച്ചത്. അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ പന്നികളോടും പട്ടികളോടുമൊപ്പമാണ് ഛന്ദോഗ്യോപനിഷത്ത് (5:10:7) പരിഗണിച്ചിരിക്കുന്നത്. അവരോടുള്ള പെരുമാറ്റ രീതിയും ഈ മൃഗങ്ങളോടുള്ളതിനേക്കാ ള്‍ നീചവും നികൃഷ്ടവുമായിരുന്നുവെന്ന് മനുസ്മൃതിയും പരാശരസ്മൃതിയുമെല്ലാം വായിച്ചാല്‍ മനസ്സിലാകും.
ജന്മത്തിന്റെ പേരില്‍ അടിമത്തം വിധിക്കപ്പെടുന്ന സമ്പ്രദായത്തോടൊപ്പംതന്നെ ഇന്ത്യയില്‍ അടിമ വ്യാപാരവും അതിന്റെ സകലവിധ ക്രൂരഭാവങ്ങളോടുംകൂടി നിലനിന്നിരുന്നതായി കാണാനാവും. തമിഴ്നാട്ടില്‍നിന്ന് ലഭിച്ച ശിലാലിഖിതങ്ങളില്‍നിന്ന് ചോള കാലത്തും ശേഷവും ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് അടിമ വ്യാപാരം നിലനിന്നിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട്. മൈസൂരിലും ബീഹാറിലും കേരളത്തിലുമെല്ലാം അടിമ വ്യാപാരം നിലനിന്നിരുന്നു. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഗമനത്തോടെ ഇന്ത്യയില്‍നിന്ന് ആളുകളെ പിടിച്ച് അടിമകളാക്കി വിദേശങ്ങളിലെത്തിക്കുന്ന സമ്പ്രദായവും നിലവില്‍ വന്നു. ട്രാന്‍ക്യൂബാറിലെ ഒരു ഇറ്റാലിയന്‍ പുരോഹിതന്‍, മധുരക്കാരനായ ഒരു ക്രിസ്ത്യാനിയുടെ ഭാര്യയെയും നാലു മക്കളെയും മുപ്പത് ‘പഗോഡ’ക്ക് മനിലയിലേക്ക് പോകുന്ന ഒരു കപ്പലിലെ കപ്പിത്താന് വിറ്റതായി ചില ചരിത്രരേഖകളിലുണ്ട് (സര്‍വവിജ്ഞാനകോശം. വാല്യം 1, പുറം 258). 1841-ലെ ഒരു സര്‍വേപ്രകാരം  അന്ന് ഇന്ത്യയില്‍ എണ്‍പത് ലക്ഷത്തിനും തൊണ്ണൂറു ലക്ഷത്തിനുമിടയില്‍ അടിമകളുണ്ടായിരുന്നു. മലബാറിലായിരുന്നു ഇന്ത്യയിലെ അടിമകളുടെ നല്ലൊരു ശതമാനമുണ്ടായിരുന്നത്. അവിടത്തെ ആകെ ജനസംഖ്യയില്‍ 15 ശതമാനം അടിമകളായിരുന്നുവത്രേ! (ഋിര്യരഹീ ുമലറശമ ആൃശമിേശരമ ഢീഹ 27, ുമഴല 289).
റോമാ സാമ്രാജ്യത്തില്‍ ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടു മുതല്‍ നീണ്ട ആറു ശതാബ്ദക്കാലം നിലനിന്ന അടിമവ്യവസ്ഥയായിരുന്നു ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അടിമ സമ്പ്രദായമെന്നാണ് മനസ്സിലാവുന്നത്.  ഏതെങ്കിലും രീതിയിലുള്ള യാതൊരു അവകാശവുമില്ലാത്ത വെറും കച്ചവടച്ചരക്കായിരുന്നു റോമാ സാമ്രാജ്യത്തിലെ അടിമ. ഉടമയെ രസിപ്പിക്കുന്നതിനുവേണ്ടി മറ്റൊരു അടിമയുമായി ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ട് മരിച്ചു വീഴാന്‍ മാത്രം വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അടിമകളുടെ ശരീരത്തില്‍നിന്ന് ദ്വന്ദയുദ്ധക്കളരിയില്‍ ഉറ്റിവീഴുന്ന രക്തത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ യജമാനന്മാര്‍ ‘ഹുറേ’ വിളികളുമായി അവരെ പ്രോല്‍സാഹിപ്പിക്കുകയും ചാട്ടവാര്‍ ചുഴറ്റിക്കൊണ്ട് അവരെ ഭീതിപ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്! അടിമത്തത്തിന്റെ അതിക്രൂരമായ രൂപം!
കൊളംബസിന്റെ അമേരിക്ക കണ്ടുപിടിത്തമാണ് ആധുനിക ലോകത്ത് അടിമത്തത്തെ ആഗോളവ്യാപകമാക്കിത്തീര്‍ത്തത്. നീഗ്രോകള്‍ അടിമകളാക്കപ്പെട്ടു. കമ്പോളങ്ങളില്‍ വെച്ച് കച്ചവടം ചെയ്യപ്പെട്ടു. ഒരു സ്പാനിഷ് ബിഷപ്പായിരുന്ന ബാര്‍തലോച ദെലാസ്കാസാസ് ആയിരുന്നു അമേരിക്കന്‍ അടിമത്തൊഴില്‍ വ്യവസ്ഥക്ക് തുടക്കം കുറിച്ചത്. അടിമവ്യാപാരത്തിനായി മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികള്‍ യൂറോപ്പിലുണ്ടായിരുന്നു. ആഫ്രിക്കന്‍ തീരപ്രദേശങ്ങളില്‍നിന്ന് അടിമകളെക്കൊണ്ടുവന്ന് അമേരിക്കയില്‍ വില്‍ക്കുകയായിരുന്നു ഈ കമ്പനികളുടെ വ്യാപാരം. പതിനേഴ് മുത ല്‍ പത്തൊമ്പത് വരെ നൂറ്റാണ്ടുകള്‍ക്കിടക്ക് അമേരിക്കയില്‍ ഇങ്ങനെ ഒന്നരക്കോടിയോളം അടിമകള്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മണിബന്ധത്തിലും കണങ്കാലിലും രണ്ട് അടിമകളെ വീതം കൂട്ടിക്കെട്ടിയായിരുന്നു കപ്പലില്‍ കൊണ്ടുപോയിരുന്നത്. അത്ലാന്റിക് സമുദ്രം തരണം ചെയ്യുന്നതിനിടക്ക് നല്ലൊരു ശതമാനം അടിമകള്‍ മരിച്ചുപോകുമായിരുന്നു. ഇങ്ങനെ മരണമടഞ്ഞവരുടെ എണ്ണമെത്രയെന്നതിന് യാതൊരു രേഖകളുമില്ല. അടിമയുടെ ജീവന് എന്തു വില?!
അടിമത്തത്തെക്കുറിച്ച ഖുര്‍ആനിക വീക്ഷണത്തെയും അതിനോടുള്ള സമീപനത്തെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ മുന്നോടിയായാണ് പ്രസ്തുത സമ്പ്രദായത്തിന്റെ ഉല്‍പത്തിയെയും ചരിത്രത്തെയും കുറിച്ച് സം ക്ഷിപ്തമായി പ്രതിപാദിച്ചത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വ്യവസ്ഥയെ ഒരു പ്രഖ്യാപനത്തിലൂടെ തുടച്ചു നീക്കുകയെന്ന അപ്രായോഗികവും അശാസ്ത്രീയവുമായ നിലപാടിനുപകരം പ്രായോഗികമായി അടിമത്തം ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതിയാണ് ഇസ്ലാം ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്നാണ് മനസ്സിലാവുന്നത്്.
ഈ രംഗത്ത് ഇസ്ലാം സ്വീകരിച്ച നടപടിക്രമത്തിന്റെ പ്രായോഗികത മനസ്സിലാകണമെങ്കില്‍ അടിമയുടെ മനഃശാസ്ത്രമെന്താണെന്ന് നാം പഠിക്കണം. അടിമയുടെ മാനസിക ഘടനയും സ്വതന്ത്രന്റെ മാനസിക ഘടനയും തമ്മില്‍ വളരെയേറെ വ്യത്യാസങ്ങളുണ്ട്. നിരന്തരമായ അടിമത്ത ജീവിതം അടിമയുടെ മനോനിലയെ രൂപപ്പെടുത്തുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അടിമത്ത നുകം ചുമലില്‍ വഹിക്കുന്നതുകൊണ്ട് അവന്റെ മനസ്സില്‍ അനുസരണത്തിന്റെയും കീഴ്വഴക്കത്തിന്റെയും ശീലങ്ങള്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടാവും. ചുമതലകള്‍ ഏറ്റെടുക്കുവാനോ ഉത്തരവാദിത്തങ്ങള്‍ വഹിക്കുവാനോ അവന് കഴിയില്ല. ഉടമയുടെ കല്‍പന ശിരസാവഹിക്കാന്‍ അവന്റെ മനസ്സ് സദാ സന്നദ്ധമാണ്. അയാളുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങളെല്ലാം നിര്‍വഹി ക്കാന്‍ അടിമക്ക് നന്നായറിയാം. എന്നാല്‍, അനുസരിക്കാനും നടപ്പാക്കാനും മാത്രമാണ് അവനു സാധിക്കുക. ഉത്തരവാദിത്തമേറ്റെടുക്കുവാന്‍ അവന്റെ മനസ്സ് അശക്തമായിരിക്കും. ഭാരം താങ്ങുവാന്‍ അവന്റെ മനസ്സിന് കഴിയില്ല. ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍നിന്ന് ഓടിയകലാനേ അവനു സാധി ക്കൂ. എന്നാല്‍ യജമാനന്‍ എന്തു കല്‍പിച്ചാലും അതു ശിരസാവഹിക്കാന്‍ അവന്‍ സദാ സന്നദ്ധനുമായിരിക്കും.
അടിമയുടെയും ഉടമയുടെയും മാനസികാവസ്ഥകള്‍ രണ്ട് വിരുദ്ധധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്നവയാണ്. ഒന്ന് അഹങ്കാരത്തിന്റേതാണെങ്കില്‍ മറ്റേത് അധമത്വത്തിന്റേതാണ്. വിരുദ്ധ ധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ മാനസികാവസ്ഥകളെ ഒരേ വിതാനത്തിലേക്ക് കൊണ്ടുവരാതെ അടിമമോചനം യഥാര്‍ഥത്തിലുള്ള മോചനത്തിനുതകുകയില്ലെന്നതിന് ഏറ്റവും നല്ല ഉദാഹരണം അമേരിക്കയുടേതുതന്നെയാണ്. എബ്രഹാം ലിങ്കന്റെ പ്രവര്‍ത്തനങ്ങള്‍ വഴി, ഒരൊറ്റ പ്രഖ്യാപനത്തിലൂടെ അമേരിക്കയിലെ അടിമകള്‍ക്ക് മോചനം ലഭിക്കുകയായിരുന്നു, ഒരു പ്രഭാതത്തില്‍! പക്ഷേ, എന്താണവിടെ സംഭവിച്ചത്? നിയമം മൂലം സ്വാതന്ത്യ്രം ലഭിച്ച അടിമകള്‍ക്ക് പ ക്ഷേ, സ്വാതന്ത്യ്രത്തിന്റെ ‘ഭാരം’ താങ്ങുവാന്‍ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ അവര്‍ ചുറ്റുപാടും നോക്കി. ആരും കല്‍പിക്കാനില്ലാത്തതുകൊണ്ട് അവര്‍ക്ക് ഒന്നും ചെയ്യുവാനായില്ല. അവര്‍ തിരിച്ച് യജമാനന്മാരുടെ അടുത്തുചെന്ന് തങ്ങളെ അടിമകളായിത്തന്നെ സ്വീകരിക്കണമെന്നപേക്ഷിച്ചു. മാനസികമായി സ്വതന്ത്രരായി കഴിയാത്തവരെ ശാരീരികമായി സ്വതന്ത്രരാക്കുന്നത് വ്യര്‍ഥമാണെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്.
മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും പറ്റി ശരിക്കറിയാവുന്ന ദൈവത്തില്‍നിന്ന് അവതീര്‍ണമായ ഖുര്‍ആന്‍ ഇക്കാര്യത്തില്‍ തികച്ചും പ്രായോഗികമായ നടപടിക്രമത്തിനാണ് രൂപം നല്‍കിയിട്ടുള്ളത്. അറേബ്യന്‍ സമ്പദ് ഘടനയുടെ സ്തംഭങ്ങളിലൊന്നായിരുന്നു അടിമവ്യവസ്ഥിതി. ഒരു കേവല നിരോധത്തിലൂടെ പിഴുതെറിയുവാന്‍ സാധിക്കുന്നതിലും എത്രയോ ആഴത്തിലുള്ളവയായിരുന്നു അതിന്റെ വേരുകള്‍. ഇസ്ലാം പ്രചരിച്ച പ്രദേശങ്ങളിലും അല്ലാത്തയിടങ്ങളിലുമെല്ലാം നിലനിന്നിരുന്ന ഒരു വ്യവസ്ഥയെന്ന നിലയ്ക്ക് അതു നിരോധിക്കുന്നത് പ്രായോഗികമായി പ്രയാസകരമായിരിക്കുമെന്നു മാത്രമല്ല, അത്തരമൊരു നടപടി ഗുണത്തേക്കാളധികം ദോഷമാണ് ചെയ്യുകയെന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ മനുഷ്യസമൂഹത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന അല്ലാഹു അടിമത്തത്തെ പാടെ നിരോധിക്കുന്ന ഒരു നിയമം കൊണ്ടു വരികയല്ല. പ്രത്യുത, അത് ഇല്ലാതാക്കുവാനുള്ള പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തത്.
രണ്ടു വിരുദ്ധ തീവ്രമാനസിക നിലകളില്‍ സ്ഥിതി ചെയ്യുന്നവരെ ഒരേ വിതാനത്തിലേക്ക് കൊണ്ടുവരികയാണ് ഇസ്ലാം ആദ്യമായി ചെയ്തത്.  അടിമയെയും ഉടമയെയും സംസ്കരിക്കുകയെന്ന പദ്ധതിയാണ് ഖുര്‍ആന്‍ മുന്നോട്ടുവെച്ചത്. പിന്നെ, സ്വാതന്ത്യ്രം ദാനമായും അധ്വാനിച്ചും നേടിയെടുക്കുവാനാവശ്യമായ വഴികളെല്ലാം തുറന്നുവെക്കുകയും ചെയ്തു. അടിമയെയും ഉടമയെയും സമാനമായ മാനസിക നിലവാരത്തിലെത്തിച്ചുകൊണ്ട് സ്വാതന്ത്യ്രം നേടുവാനുള്ള വഴികള്‍ തുറക്കുകയും അതു ലഭിച്ചുകഴിഞ്ഞാ ല്‍ അതു സംരക്ഷിക്കുവാന്‍  അവനെ പ്രാപ്തനാക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. അതുമാത്രമായിരുന്നു അക്കാര്യത്തില്‍ പ്രായോഗികമായിരുന്നത്

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/ 1️⃣6️⃣4️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...