Friday, August 30, 2019

അദ്രശ്യം ഒഹാബിക്ക് മറുപടി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.



സഹോദരങ്ങളെ

അഭൗതികമായ.അറിവും.
കഴിവും.സൃഷ്ടികൾക്ക് ആർക്കും ഇല്ലാ

അത്‌ പ്രപഞ്ചാ തീതനായ
സ്രഷ്ട്ടാവായ അല്ലാഹുവിന്ന് മാത്രം ഉള്ളഅറിവും കഴിവുമാണ്.

അതു കൊണ്ടാണ് ഖുർആനിൽ അള്ളാഹു  പറയുന്നത്
ഗൈബ്  ആകാശ ഭൂമികളിലുള്ള ഒരു സൃഷ്ട്ടികൾക്കും
അറിയില്ലാ എന്നത്.

മറുപടി


നബിമാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യജ്ഞാനമുണ്ടെന്ന നിരവധി തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ വ്യക്തമായുണ്ടായിട്ടും മഹത്തുക്കളുടെ അദൃശ്യജ്ഞാനത്തെ പല ദുര്‍വാദങ്ങള്‍ ഉന്നയിച്ച് നിഷേധിക്കുകയാണ് ബിദ്അത്തുകാര്‍. “അദൃശ്യജ്ഞാനത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെയടുത്താണുള്ളത്. അവനല്ലാതെ അതറിയുകയില്ല” (സൂറത്തുല്‍ അന്‍ആം/59). അല്ലാഹു അല്ലാതെ ആകാശ ഭൂമിയിലുള്ള ആരും അദൃശ്യമറിയുകയില്ല (സൂറത്തുന്നംല്/65). തീര്‍ച്ചയായും അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമുള്ളതാണ് (സൂറത്തു യൂനുസ്/20). തുടങ്ങിയ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് ബിദഇകള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇവയാകട്ടെ, സ്വതന്ത്രവും സ്വയം പര്യാപ്തമായും ആര്‍ക്കും ഒരറിവും കിട്ടുകയില്ല എന്നറിയിക്കുന്ന സൂക്തങ്ങളാണ്.

ഇതു സംബന്ധമായുള്ള സംശയത്തിന് വ്യക്തവും സ്പഷ്ടവുമായ മറുപടി ഇമാം നവവി (റ) നല്‍കുന്നുണ്ട്. ഭാവി സംബന്ധമായ കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്ന ശൈലി അമ്പിയാക്കളുടെ മുഅ്ജിസത്തുകളിലും ഔലിയാക്കളുടെ കറാമത്തുകളിലും വന്നിട്ടുണ്ടെന്നിരിക്കെ, “അല്ലാഹു അല്ലാത്ത ആകാശ ഭൂമിയിലെ ഒരാളും അദൃശ്യങ്ങളറിയില്ല”തുടങ്ങിയ ആയത്തുകളുടെയും “നാളെ എന്താണുണ്ടാവുന്നതെന്ന് അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയില്ല”തുടങ്ങിയ ഹദീസുകളുടെയും അര്‍ത്ഥമെന്താണെന്നാണ് ചോദ്യം. ഇമാം നവവി(റ)യുടെ മറുപടി ഇങ്ങനെ: “സ്വതന്ത്രമായുള്ളതും എല്ലാ ജ്ഞാനങ്ങളെയുമുള്‍ക്കൊള്ളുന്നതുമായ അറിവ് അല്ലാഹുവിന് മാത്രമാണുള്ളത്. അതേ സമയം, മുഅ്ജിസത്ത്, കറാമത്ത് മുഖേന ലഭിക്കുന്ന അദൃശ്യജ്ഞാനം അല്ലാഹു പ്രവാചകര്‍ക്കും ഔലിയാക്കള്‍ക്കും അറിയിച്ച് കൊടുക്കുന്നത് കൊണ്ട് കിട്ടുന്നതാണ്. അവ സ്വതന്ത്രവും സ്വയം പര്യാപ്തവുമല്ല” (ഫതാവന്നവവി/241).

സ്വതന്ത്രവും സ്വയം പര്യാപ്തവുമായ വിധത്തില്‍ ആരെങ്കിലും അദൃശ്യങ്ങളറിയുമെന്ന വാദത്തെയാണ് ഖുര്‍ആന്‍ ഇവിടെ നിരാകരിക്കുന്നത്. അല്ലാഹു അല്ലാത്തവര്‍ അദൃശ്യജ്ഞാനമറിയില്ലെന്നതിന്റെ ഉദ്ദ്യേം സ്വയം പര്യപ്തമായ വിധത്തില്‍ അറിയില്ലെന്നും, അറിയുമെന്ന് പറയുന്നതിന്റെ താല്‍പര്യം അല്ലാഹു നല്‍കുന്നതു കൊണ്ട് അറിയുമെന്നുമാണ്.





മഹാത്മാക്കള്‍ക്ക് അദൃശ്യ ജ്ഞാനമുണ്ടെന്ന വിശ്വാസം അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങളില്‍ പ്രധാനമാണ്. കാരണം അതിന്റെ നിഷേധം മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും നിഷേധമാണ്. അതിമാനുഷികവും അനിതര സാധാരണവുമായ കാര്യങ്ങളാണല്ലോ മുഅ്ജിസത്തും കറാമത്തും. അവയില്‍പെട്ടതു തന്നെയാണ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാമെന്ന വിശ്വാസവും.

അദൃശ്യജ്ഞാനമുള്ളവന്‍ എന്നത് അല്ലാഹുവിന്റെ വിശേഷണമാണ്. എന്നാല്‍ മറ്റു ചിലര്‍ക്കും അവന്റെ അനുമതി പ്രകാരം അദൃശ്യങ്ങളറിയാന്‍ കഴിയുമെന്നാണ് ഇസ്ലാമിക വിശ്വാസം. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ വസ്തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്. “വിശുദ്ധരില്‍ നിന്നും അശുദ്ധരെ വേര്‍തിരിക്കാതെ ഈ സ്ഥിതിയില്‍ അല്ലാഹു നിങ്ങളെ വിടുകയില്ല. മറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരികയുമില്ല. പക്ഷേ, തന്റെ ദൂതരില്‍ നിന്നും താനുദ്ദേശിക്കുന്നവരെ (അതിനു വേണ്ടി) അല്ലാഹു തെരഞ്ഞെടുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിക്കുവീന്‍. വിശ്വസിക്കുകയും സൂക്ഷ്മത കൈവരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് വലിയ പ്രതിഫലമുണ്ട്” (വിശുദ്ധ ഖുര്‍ആന്‍ 3/179).

അദൃശ്യജ്ഞാനം അല്ലാഹു ചിലര്‍ക്കു നല്‍കുമെന്ന് വ്യക്തമാക്കുന്ന ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ എഴുതുന്നു: “അതായത്, അല്ലാഹു പ്രവാചകമാരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും (ഖാസിം 1/308). അല്ലാഹു അറിയിച്ചു കൊടുക്കുന്നത് കൊണ്ട് അവര്‍ക്ക് അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നു (നസഫി). അദൃശ്യങ്ങള്‍ അറിയിച്ചു കൊടുത്തു കൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേകത നല്‍കുന്നു (അല്‍ ബഹ്റുല്‍ മുഹീത്വ്). അല്ലാഹു നല്‍കുന്ന കഴിവു കൊണ്ട് അവനുദ്ദേശിക്കുന്ന പ്രവാചകര്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

വഹ്യ്, സ്വപ്നം, ഇല്‍ഹാം, സവിശേഷസിദ്ധി തുടങ്ങിയവ മുഖേനയാണ് അല്ലാഹു മഹത്തുക്കള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയിച്ചു കൊടുക്കുക. നാം ദൃശ്യമായ കാര്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയല്ല എന്നതുപോലെ, മഹാന്മാര്‍ അദൃശ്യമായ കാര്യങ്ങള്‍ അറിയുന്നതും സ്വയം പര്യാപ്തതയോടെയല്ല. സ്വയം പര്യാപ്തതയിലധിഷ്ഠിതമായ അറിവാകട്ടെ  ദൃശ്യവും അദൃശ്യവും അല്ലാഹുവിന് മാത്രമുള്ളതത്രെ. അതേ സമയം, അല്ലാഹു അവനു താല്‍പര്യമുള്ള മറ്റുള്ളവര്‍ക്ക് അദൃശ്യങ്ങള്‍ അറിയിച്ചു കൊടുക്കുമെന്നത് അനിഷ്യേവുമാണ്. ഇമാം ഖുര്‍ത്വുബി(റ) ഇക്കാര്യം വിശകലനം ചെയ്യുന്നത് കാണുക: അല്ലാഹു ഉദ്ദേശിക്കുന്ന അദൃശ്യ കാര്യങ്ങള്‍ പ്രവാചകമാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. കാരണം അവര്‍ അമാനുഷിക കാര്യങ്ങള്‍ കൊണ്ട് ശക്തി നല്‍കപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളില്‍ പെട്ടതു തന്നെയാണ് അദൃശ്യ കാര്യങ്ങള്‍ പറയലും (തഫ്സീറുല്‍ ഖുര്‍ത്വുബി).

അല്ലാഹു അവന്റെ ഇഷ്ടദാസന്മാര്‍ക്ക് നല്‍കിയ അദൃശ്യജ്ഞാന ചരിതങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രവാചകന്മാരും മഹത്തുക്കളും അദൃശ്യകാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍! ഈസാ നബി(അ) അവകാശപ്പെടുന്നത് കാണുക: “നിങ്ങളുടെ നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളെ സമീപിക്കുന്നത്. അതായത്, നിങ്ങള്‍ക്കായി കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം പോലെ ഞാന്‍ ഉണ്ടാക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യും. അപ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് പക്ഷിയായിത്തീരും. ഞാന്‍ അല്ലാഹുവിന്റെ സമ്മതത്തോടെ മരിച്ചവരെ ജീവിപ്പിക്കുകയും അന്ധനെയും കുഷ്ഠ രോഗിയെയും സുഖപ്പെടുത്തുകയും ചെയ്യും. നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” (ഖുര്‍ആന്‍ 3/49).

ഈസാ നബി (അ)ന് അദൃശ്യകാര്യങ്ങള്‍ അറിയാമായിരുന്നുവെന്നത് ഈ സൂക്തത്തില്‍ നിന്ന് സ്പഷ്ടമാണ്. “നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും”എന്ന പ്രയോഗം വിശേഷിച്ചും. ഈസാ നബി(അ) കുട്ടികളോട് അവരുടെ മാതാപിതാക്കള്‍ അവര്‍ക്ക് വേണ്ടി വീട്ടിലെടുത്തുവെച്ച സാധനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ കുട്ടികള്‍ വീട്ടില്‍ ചെന്ന് അതന്വേഷിക്കുകയും കിട്ടുന്നത് വരെ കരയുകയും ചെയ്തിരുന്നു. ഗതി മുട്ടിയ മാതാപിതാക്കള്‍ ആ”മാരണക്കാരനോ”ട് കൂടെ നിങ്ങള്‍ കളിക്കാന്‍ പോകരുതെന്ന് വരെ പറയുമായിരുന്നു (റാസി 3/229).

സുലൈമാന്‍ നബി(അ) അദൃശ്യങ്ങളറിഞ്ഞിരുന്നുവെന്ന് കുറിക്കുന്ന സൂക്തങ്ങളും ഖുര്‍ആനില്‍ കാണാം: അങ്ങനെ അവര്‍ ഉറുന്പുകളുടെ താഴ്വരയില്‍ എത്തിയപ്പോള്‍ ഒരുറുമ്പ് പറഞ്ഞു: “ഉറുന്പുകളേ, നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാന്‍ നബിയും അദ്ദേഹത്തിന്റെ സൈന്യങ്ങളും അറിയാത്തവിധം നിങ്ങളെ ചവിട്ടിയരക്കാതിരിക്കട്ടെ”. അതിന്റെ വാക്ക് കേട്ട് അദ്ദേഹം ചിരിച്ചു (27/1719). ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: “ഇവിടെ സുലൈമാന്‍ നബി(അ) ചിരിച്ചത് രണ്ടു കാരണത്താലാണ്. ഒന്ന്, ഇതില്‍ അത്ഭുതം പൂണ്ട്. മറ്റൊന്ന്, ഉറുമ്പിന്റെ സംസാരം കേള്‍ക്കുകയും അതിന്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുകയെന്ന, മറ്റാര്‍ക്കും നല്‍കപ്പെടാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിലുള്ള സന്തോഷം കൊണ്ട് (റാസി 8/549). ഇതില്‍ നിന്നും സുലൈമാന്‍ നബി (അ) ഉറുമ്പിന്റെ സംസാരം കേട്ടതും മനസ്സിലാക്കിയതും അല്ലാഹു നല്‍കിയ അദൃശ്യജ്ഞാനമുള്ളതു കൊണ്ടാണെന്ന് വ്യക്തം.

യൂസുഫ് നബി(അ)യുടെ വസ്ത്രം എത്തുന്നതിന് മുമ്പ് തന്നെ അതിന്റെ വാസന യഅ്ഖൂബ് നബി(അ)ക്കെത്തിയ വിവരണവും ഖുര്‍ആനിലുണ്ട്. നിങ്ങള്‍ എന്റെ ഈ കുപ്പായവുമായി പോവുകയും എന്റെ പിതാവിന്റെ മുഖത്ത് അത് ചാര്‍ത്തുകയും ചെയ്യുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനാകും. നിങ്ങളെല്ലാവരും കുടുംബസമേതം എന്റെയടുത്ത് വരികയും ചെയ്യുക. യാത്രാ സംഘം പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: തീര്‍ച്ച, യൂസുഫിന്റെ ഗന്ധം എനിക്കനുഭവപ്പെടുന്നു. നിങ്ങളെന്നെ പടുവിഡ്ഢിയാക്കുന്നില്ലെങ്കില്‍ നന്നായിരുന്നു” (12/9394).

എട്ടോ പത്തോ ദിവസത്തെ യാത്രാവഴിദൂരമുള്ള സ്ഥലത്ത് നിന്നാണ് യഅ്ഖൂബ് (അ)ന് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധമെത്തിയത് (അദ്ദുര്‍റുല്‍ മന്‍സൂര്‍). അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ട് 77 വര്‍ഷവുമായിരുന്നു (തഫ്സീറു ബഹ്റില്‍ മുഹീത്വ്). അദൃശ്യങ്ങള്‍ അറിയാനുള്ള കഴിവുണ്ടായത് കൊണ്ടാണ് യൂസുഫ് നബിയുടെ വസ്ത്രത്തിന്റെ ഗന്ധം ദിവസങ്ങളോളം വഴിദൂരമുള്ള സ്ഥലത്തിനപ്പുറത്തു നിന്നും യഅ്ഖൂബ് നബി(അ)ക്ക് അനുഭവപ്പെട്ടത്.

അല്ലാഹു ഇബ്റാഹിം നബി(അ)ക്ക് അദൃശ്യ ലോകത്തെ അത്ഭുത ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തതും ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്: “അപ്രകാരം ആകാശഭൂമികളുടെ ആധിപത്യ വ്യവസ്ഥയും നാം ഇബ്റാഹീമിന് കാണിച്ചു കൊടുത്തു. അദ്ദേഹം ദൃഢവിശ്വാസികളില്‍ പെടാന്‍ വേണ്ടി” (6/75). ഇബ്റാഹീമുന്നഖ്ഈ (റ) വില്‍ നിന്ന് നിവേദനം: “ഇബ്റാഹിം നബിക്ക് അല്ലാഹു ഏഴ് ആകാശങ്ങളും തുറന്നുകൊടുത്തു. അങ്ങനെ അദ്ദേഹം അര്‍ശ് വരെ കണ്ടു. അതാണ് അന്‍കബൂത് സൂറത്തിലെ “ഇബ്റാഹിം നബിക്ക് തന്റെ പ്രതിഫലം ഇഹലോകത്ത് വെച്ച് തന്നെ നാം നല്‍കി”യെന്നതിന്റെ വിവക്ഷ (ഖുര്‍തുബി).

ഇമാം റാസി(റ) എഴുതുന്നു: “ഈ സൂക്തത്തില്‍ പ്രസ്താവിച്ച കാഴ്ചയെ പറ്റി രണ്ട് വ്യാഖ്യാനമുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. അല്ലാഹു ഇബ്റാഹിം നബിക്ക് ആകാശഭൂമികളെ തുറന്നുകൊടുത്തു. അദ്ദേഹം അര്‍ശും കുര്‍സും അതിലുള്ള മറ്റു അത്യപൂര്‍വവും അത്ഭുതകരവുമായ കാഴ്ചകളും കണ്ടു (തഫ്സീറു റാസി) ആകാശഭൂമികളിലെ ഇത്തരം അപൂര്‍വ കാഴ്ചകളെല്ലാം അല്ലാഹു ഇബ്റാഹിം നബി(അ) കാണിച്ചു കൊടുത്തുവെന്നാല്‍ നമുക്ക് അദൃശ്യമായ പലതും അറിയിച്ചുവെന്നര്‍ത്ഥം.

ഖിള്ര്‍ നബി(അ)യും മൂസ നബി(അ)യും നടത്തിയ കപ്പല്‍ യാത്രക്കിടയില്‍ നല്ല കപ്പലുകള്‍ പിടിച്ചെടുക്കുന്ന രാജാവിന്റെ കൈകളില്‍ നിന്ന് പാവപ്പെട്ടവരുടെ കപ്പലിനെ രക്ഷിക്കാന്‍ വേണ്ടി ഖിള്ര്‍ നബി(അ) കപ്പലില്‍ ദ്വാരമുണ്ടാക്കിയതും സത്യവിശ്വാസികളായ മാതാപിതാക്കളെ ഭാവിയില്‍ അക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിക്കുന്ന ബാലനെ കൊലപ്പെടുത്തിയതും പൊളിഞ്ഞു കിടക്കുന്ന മതിലിന് താഴെ സദ്വൃത്തനായ ഒരു പിതാവിന്റെ രണ്ട് അനാഥ മക്കള്‍ക്കുള്ള നിധിയുണ്ടെന്ന് മനസ്സിലാക്കിയതു കൊണ്ട്, തങ്ങള്‍ക്ക് അന്നവും വെള്ളവും നല്‍കാതിരുന്നിട്ടും ആ നാട്ടുകാരുടെ മതില്‍ നിര്‍മിച്ചു നല്‍കാന്‍ സന്മനസ്സ് കാട്ടിയതുമായ വിവരണം വിശുദ്ധ ഖുര്‍ആനിലുണ്ട് (സൂറത്തുല്‍ കഹ്ഫ്/7182). പ്രവാചകനായ മൂസ(അ) ഖിള്ര്‍(അ)നോട് കൂടെ നടത്തിയ ഈ യാത്രയിലെ മൂന്ന് കാര്യങ്ങളും ഖിള്ര്‍(അ)ന് ലഭിച്ച അദൃശ്യജ്ഞാനത്തിന്റെ മകുടോദാഹരണങ്ങളാണ്. ഇവ ഓരോന്നിലും ഭാവി മുന്‍കൂട്ടിക്കണ്ടു കൊണ്ടുള്ള ധീരമായ ഇടപെടലുകളാണ് ഖിള്ര്‍(അ) നടത്തിയിട്ടുള്ളതെന്ന് തീര്‍ച്ച.

ഇങ്ങനെ അല്ലാഹു നല്‍കുന്ന സവിശേഷ സിദ്ധി കൊണ്ട് സൃഷ്ടികളില്‍ പലരും അദൃശ്യങ്ങളറിയും. ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിക്കുന്നു: “അവന്‍ അദൃശ്യ കാര്യങ്ങള്‍ അറിയുന്നവനാണ്. എന്നാല്‍ തന്റെ അദൃശ്യജ്ഞാനം അവന്‍ ഇഷ്ടപ്പെട്ട റസൂലിനല്ലാതെ അത് വെളിപ്പെടുത്തുകയില്ല” (73/2627).

പ്രസ്തുത സൂക്തങ്ങളിലെല്ലാം അല്ലാഹുവിന്റെ റസൂല്‍ അദൃശ്യങ്ങളറിയുമെന്നാണ് പരാമര്‍ശമെങ്കിലും നബിയെ പിമ്പറ്റുന്ന ഔലിയാക്കളും ഈ ആയത്തിന്റ പരിധിയില്‍ പെടുമെന്നാണ് ഇസ്ലാമിക പ്രമാണ പക്ഷം. റസൂലല്ലാത്ത ഇഷ്ട ദാസന്മാര്‍ അദൃശ്യങ്ങളറിഞ്ഞിരുന്നതായി ഖുര്‍ആന്‍ തന്നെ വിവരിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ഇമാം ഗസ്സാലി(റ) എഴുതുന്നു: “പ്രവാചകന്മാരും അവരുടെ പന്ഥാവിനെ സത്യസന്ധമായി അനുധാവനം ചെയ്യുന്നവരും അദൃശ്യം അറിയുമെന്നതാണ് സൂറത്തുല്‍ ജിന്നിലെ 27ാമത്തെ സൂക്തത്തിന്റെ വിവക്ഷ. കാരണം അതിന് ശരിയായ മതദര്‍ശനങ്ങള്‍ തെളിവുണ്ട് (ഇംലാഅ്). ദുല്‍ഖര്‍നൈനി(റ), ഖിള്ര്‍(അ), ആസ്വഫ്(റ), സ്വിദ്ദീഖ് (റ) തുടങ്ങി പലരും അദൃശ്യ കാര്യങ്ങളറിഞ്ഞിരുന്നുവെന്ന് തെളിവായി ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്.

പ്രവാചകന്‍മാരും ഔലിയാക്കളും അദൃശ്യങ്ങള്‍ അറിയുമെന്നും അവര്‍ തമ്മില്‍ ഇവ്വിഷയത്തിലുള്ള പ്രധാന വ്യത്യാസം പ്രവാചകന്മാര്‍ അത് അറിയുന്നത് വഹ്യിന്റെ വിവിധയിനങ്ങള്‍ മുഖേനയും ഔലിയാക്കള്‍ അറിയുന്നത് സ്വപ്നം, ഇല്‍ഹാം എന്നീ മാര്‍ഗങ്ങളിലൂടെയാണെന്നതാണെന്നും ഇമാം ഇബ്നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുള്ളത് (ഫത്ഹുല്‍ ബാരി 13/803). മാത്രമല്ല, റസൂല്‍ എന്ന പരാമര്‍ശമായതു കൊണ്ട് മറ്റു ഇഷ്ട ദാസന്മാര്‍ പെടില്ലെന്ന വാദത്തിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ യാതൊരു പിന്തുണയുമില്ല. ഇബ്റാഹീം നബി (അ)ന് ആകാശ ഭൂമികളുടെ ഭരണവ്യവസ്ഥ കാണിച്ചു കൊടുത്തുവെന്ന സൂറത്തുല്‍ അന്‍ആമിലെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇസ്മാഈലുല്‍ ഹിഖി(റ) എഴുതുന്നു: “ഇത്തരം അദൃശ്യകാര്യങ്ങളെ ഈ വിധത്തില്‍ കാണിച്ചു കൊടുക്കല്‍ അല്ലാഹുവിന്റെ രീതിയാണ്. അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അല്ലാഹു അത് കാണിച്ചു കൊടുക്കും (തഫ്സീര്‍ റൂഹുല്‍ ബയാന്‍).

പ്രവാചകന്മാരല്ലാത്ത മറ്റാര്‍ക്കും അദൃശ്യമറിയിച്ചു കൊടുക്കുകയില്ലെന്നത് ഈ ആയത്തിന്റെ ഉദ്ദ്യേം തന്നെയല്ലെന്ന് ഉറപ്പിച്ചു മനസ്സിലാക്കേണ്ടതാണെന്ന് ഇമാം റാസി(റ)യും (തഫ്സീറുര്‍റാസി) ഔലിയാക്കള്‍ അദൃശ്യമറിയുന്നതുമായി ബന്ധപ്പെട്ട കറാമത്തിനെ നിഷേധിക്കുന്ന യാതൊന്നും ഇതിലില്ലെന്ന് ഇമാം അബുസ്സുഊദ്(റ)വും (തഫ്സീറു അബുസ്സുഊദ്) രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെയുമല്ല, നഹാവന്ദില്‍ നടക്കുന്ന യുദ്ധത്തിന് മദീനാ പള്ളിയിലെ മിമ്പറില്‍ നിന്ന് നേതൃത്വം നല്‍കുന്ന ഉമര്‍(റ)ന്റെ സംഭവം വിവരിക്കുന്നതിലൂടെ പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കു പോലും സുസമ്മതനായ ഇബ്നു തൈമിയ്യ പോലും പ്രവാചകന്മാര്‍ മാത്രമല്ല, ഔലിയാക്കളും മറഞ്ഞ കാര്യങ്ങള്‍ മൂലമുള്ള കറാമത്തുകള്‍ പ്രകടിപ്പിക്കുമെന്ന് തുറന്നു സമ്മതിക്കുന്നുമുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ).

ഇമാം ബുഖാരി( റ) റിപ്പോർട്ട് ചെയ്യുന്നു
നബി (സ്വ )പറയുന്നു :അല്ലാഹു തആലാ പറഞ്ഞു

وما يزال يتقرب الي بالنوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( صحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)


ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു തആലാ പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു തആലാ അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളതും അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈ ആയാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)

✏ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകന്റെ (സ ) സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:
✏✏

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)


ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകൻ (സ )ക്ക് സാധിക്കും.
പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് (സ്വ)ക്ക് സാധിക്കും.
പതിനൊന്നു: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)


ഇബ്നു ഹജർ(റ) തുടരുന്നു: 

وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകൻ ( സ്വ) ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്യശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451) 


ഇത്തരം കഴിവുകൾ നബിമാർക്കുണ്ടന്ന് വിശ്വസിക്കുന്നത് നബിമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്റോ അല്ല.

അമ്പിയാക്കൾക്ക് മുഅജിസത്തായി ഉണ്ടായ അത്ഭുതങ്ങൾ ഔലിയാക്കൾക്ക് കറാമത്തായി ഉണ്ടാവുമെന്ന് മഹത്തുക്കൾ പടിപ്പിച്ചിട്ടുണ്ട്

ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർ‌ആനിനോ ഹദീസിനോ എതിരല്ല. പ്രവാചകയല്ലാത്ത മർ‌യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊക്കെ ഇൽഹം ലഭിച്ചത് ഖുർ‌ആനിലുണ്ട്
✏😃👇

ഇബ്നു തൈമിയ്യ ലൗഹുൽ മഹ്‌ഫൂളിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തെ ക്കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു

أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490


“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും ചെയ്യും അവർക്ക് സഹായം ഉറപ്പാണെന്നും 70പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കേണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂളിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”



അതേ സമയം, അമ്പിയാക്കളും ഔലിയാക്കളും സദാസമയവും എല്ലാ അദൃശ്യങ്ങളും അറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന വാദം ഇസ്ലാമിലില്ല. കാരണം, കേള്‍വി ശക്തിയുള്ള നാം തന്നെ പലപ്പോഴും നമ്മുടെ തൊട്ട് മുന്നില്‍ വെച്ച് പറയുന്ന പല കാര്യങ്ങളും കേള്‍ക്കാറില്ല. കാഴ്ച ശക്തിയുള്ള രണ്ട് കണ്ണുകളുണ്ടായിട്ടും പലപ്പോഴും കണ്‍മുന്നിലുള്ളതു പോലും കാണാറുമില്ല. അതിന്റെ പേരില്‍ നമ്മെ ആരും ബധിരനെന്നോ അന്ധനെന്നോ മുദ്ര കുത്താറുമില്ല. ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ മറ്റേതു വിട്ടു പോകുന്നത് സ്വാഭാവികമാണ്. സ്വഹാബികളുടെ ജീവിതത്തില്‍ പോലും ഇതു ദൃശ്യമാണ്.

ഉസ്മാന്‍(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു: “നബി(സ്വ)യുടെ വഫാത്ത് സ്വഹാബികളെ ഏറെ ദുഃഖത്തിലാഴ്ത്തി. അതു പലരെയും ആശയ കുഴപ്പത്തിലാക്കി. അക്കൂട്ടത്തിലായിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ ഒരു കോട്ടയുടെ തണലില്‍ ഇരിക്കവെ, ഉമര്‍(റ) എന്റെ അരികിലൂടെ നടന്നു പോയി. എന്നോട് സലാം പറയുകയും ചെയ്തു. പക്ഷേ അദ്ദേഹം നടന്നു പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞില്ല. എന്നാല്‍ ഉമര്‍(റ) ഈ വിവരം അബൂബക്കര്‍(റ)നോട് ചെന്ന് പറഞ്ഞു. “ഇതെന്ത് അതിശയം? ഞാന്‍ ഉസ്മാന്‍(റ)ന്റെ അരികിലൂടെ നടന്നു പോകുമ്പോള്‍ സലാം പറഞ്ഞിട്ടും അദ്ദേഹം മടക്കിയില്ല”. അങ്ങനെ ഇരുവരും എന്റെ അടുത്ത് വന്ന് സലാം പറഞ്ഞു. ശേഷം അബൂബക്കര്‍(റ) പറഞ്ഞു: “നിങ്ങളുടെ സുഹൃത്ത് എന്റെയടുക്കല്‍ വന്ന് പറഞ്ഞു. അദ്ദേഹം നിങ്ങളുടെയരികിലൂടെ നടന്ന് പോകുമ്പോള്‍ സലാം ചൊല്ലിയിട്ടും താങ്കള്‍ മടക്കിയില്ലെന്ന്. എന്താണതിന് കാരണം? ഉടനെ ഉസ്മാന്‍(റ) അതു തിരുത്തി: ഞാനതു ചെയ്തിട്ടില്ല.”അല്ലാഹുവാണ, നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നായി ഉമര്‍(റ). അപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അല്ലാഹു തന്നെ സത്യം, താങ്കള്‍ എന്റെയരികിലൂടെ നടന്ന് പോയതോ സലാം പറഞ്ഞതോ ഞാനറിഞ്ഞിട്ടേയില്ല. അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: ഉസ്മാന്‍(റ) പറഞ്ഞത് സത്യമാണ്. അദ്ദേഹത്തെ മറ്റൊരു പ്രധാന കാര്യം വ്യാപൃതനാക്കിയിരിക്കുന്നു” (മുസ്നദു അഹ്മദ്).

കണ്ണും ചെവിയുമുണ്ടായിട്ടും ഉസ്മാന്‍(റ), ഉമര്‍(റ)ന്റെ നടത്തം കാണുകയോ സലാം കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്നു കരുതി ഉസ്മാന്‍ (റ) അന്ധനും ബധിരനുമാണെന്ന് വിധി പറയാന്‍ പറ്റുമോ? ഇതു തന്നെയാണ് അദൃശ്യജ്ഞാനത്തിന്റെ കാര്യവും. അമ്പിയാക്കളും ഔലിയാക്കളും ചില വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു വിഷയങ്ങള്‍ അവര്‍ ശ്രദ്ധിച്ചില്ലെന്ന് വരാം. ചിലപ്പോള്‍ വഹ്യോ ഇല്‍ഹാമോ ഇല്ലാത്തതു കൊണ്ട് അവര്‍ അറിഞ്ഞില്ലെന്നും വരാം. മാത്രമല്ല, നാം തന്നെ ചില വിഷയങ്ങളുടെ ഗുണവശങ്ങള്‍ പരിഗണിച്ച് പല കാര്യങ്ങളും വെളിപ്പെടുത്താറില്ല. എന്നുവെച്ച്, നാം പറയാത്തതെല്ലാം നമുക്ക് അറിയാത്തതാണെന്ന് വിധി പറയുന്നതും ബുദ്ധിയല്ലല്ലോ. അതു പോലെത്തന്നെയാണ് മഹത്തുക്കളും. ഗുണവശങ്ങള്‍ കണക്കിലെടുത്ത് അറിഞ്ഞകാര്യം തന്നെ അവര്‍ പറയാതിരിക്കുകയും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യാം. അതവര്‍ക്ക് അദൃശ്യജ്ഞാനമില്ലെന്നതിന്റെ തെളിവല്ല.

ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ മറ്റോ വല്ലപ്പോഴും അമ്പിയാക്കള്‍ക്കോ ഔലിയാക്കള്‍ക്കോ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ലെന്നു കരുതി അദൃശ്യജ്ഞാന കഴിവിനെ പാടേ നിഷേധിക്കുന്നത് ഭൂഷണമല്ല. മറിച്ച് അവരുടെ ജീവിതത്തില്‍ തീരെ അതുണ്ടായിട്ടില്ലെന്ന് തെളിയിക്കാന്‍ സാധിക്കുമ്പോഴാണ് നിഷേധത്തിനു പ്രസക്തിയുണ്ടാവുന്നത്. അതാവട്ടെ പ്രമാണങ്ങള്‍ സാക്ഷിയായുള്ള കാലം അസാധ്യവുമാണ്. ചുരുക്കത്തില്‍ അല്ലാഹു അല്ലാത്തവര്‍, അമ്പിയാക്കളായാലും ഔലിയാക്കളായാലും, അദൃശ്യമറിയുമെന്ന് സമര്‍ത്ഥിക്കുന്ന അസംഖ്യം പ്രമാണങ്ങളെ അവഗണിച്ചും മൂടിവെച്ചും ഒറ്റപ്പെട്ട ചില സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അല്ലാഹു അല്ലാത്ത ആരും അദൃശ്യമറിയില്ലെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന നവീന വാദികള്‍ മതപ്രമാണങ്ങള്‍ മൂടിവെക്കുകയാണ്. സത്യം അവര്‍ക്ക് എന്നും അരോചകമാണല്ലോ.

അസ് ലം സഖാഫി
പരപ്പനങ്ങാടി




No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....