Saturday, August 31, 2019

സ്വാവി(റ)യുടെ ജ്ഞാനാന്വേഷണ ജീവിതം

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


ഇമാം സ്വാവി(റ)യുടെ ജ്ഞാനാന്വേഷണ ജീവിതം● അലവിക്കുട്ടി ഫൈസി എടക്കര 0 COMMENTS
Imam Swavi (R)
അല്ലാമാ ഇമാം അഹ്മദുസ്സ്വാവി(റ) ‘സ്വാവി’ എന്ന ചുരുക്കപ്പേരില്‍ നമുക്ക് സുപരിചിതനായ പണ്ഡിതശ്രേഷ്ഠനാണ്. അബുല്‍ അബ്ബാസ് അഹ്മദുസ്സ്വാവീ അല്‍ഖല്‍വത്തീ അല്‍മാലികി അദ്ദര്‍ദീരി(റ) എന്നാണ് മുഴുവന്‍ പേര്. അബുല്‍ അബ്ബാസ്, അബുല്‍ ഇര്‍ശാദ്, ശിഹാബുദ്ദീന്‍ എന്നിവ അപരനാമങ്ങളാണ്. ഈജിപ്തിന്‍റെ പടിഞ്ഞാറന്‍ ജില്ലയില്‍ നൈല്‍ നദിയുടെ തീരപ്രദേശമായ സ്വാഅല്‍ഹജര്‍(saal hagar)ലാണ് ജനനം. (san al hagar എന്നാണ് ഇപ്പോള്‍ ഭൂപടങ്ങളില്‍ രേഖപ്പെടുത്തിക്കാണുക). പുരാതന ഈജിപ്തിന്‍റെ തലസ്ഥാനമായിരുന്നു ഈ നാട്. ഇതിലേക്ക് ചേര്‍ത്തിയാണ് ‘സ്വാവി’ എന്നറിയപ്പെട്ടത്. ഖാദിരിയ്യ ത്വരീഖത്തിലെ ഒരു ശാഖയായ ഖല്‍വത്തീ ത്വരീഖത്ത് സ്വീകരിച്ചതിനാല്‍ ‘ഖല്‍വത്തീ’ എന്നു വിശേഷിപ്പിക്കപ്പെട്ടു. ഇമാമു ദാരില്‍ ഹിജ്റ ഇമാം മാലിക്(റ)ന്‍റെ കര്‍മശാസ്ത്രസരണി സ്വീകരിച്ചതിനാല്‍ ‘മാലികി’ എന്നും മാലികീ സരണിയിലെ പ്രശസ്തനായ പണ്ഡിതനും ആത്മീയഗുരുവുമായ അബുല്‍ ബറകാത്ത് അഹ്മദുദ്ദര്‍ദീര്‍(റ) എന്ന തന്‍റെ പ്രധാന ഗുരുവര്യരിലേക്ക് ചേര്‍ത്തി ‘ദര്‍ദരീ’ എന്നും പ്രസിദ്ധമായി.

കുടുംബം, വളര്‍ച്ച
മദീനതുന്നബിയ്യില്‍ നിന്ന് ഹജ്ജിനും ഉംറക്കും പോകുന്നവരുടെ മീഖാത്തായ ദുല്‍ഹുലൈഫയില്‍ നിന്ന് ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ഇമാം സ്വാവി(റ)യുടെ കുടുംബം. മാതാവിന്‍റെയും പിതാവിന്‍റെയും താവഴി അലി(റ)ലേക്ക് ചെന്നുചേരുന്നു. പിതാവ് ശൈഖ് മുഹമ്മദ് സമ്പന്നനായ പണ്ഡിതനും വലിയ ഭക്തനുമായിരുന്നു. എല്ലാ നിസ്കാരങ്ങള്‍ക്കും ഒന്നാം ജമാഅത്തിന് പള്ളിയിലെത്തുമായിരുന്ന അദ്ദേഹം മിമ്പറിനോട് ചേര്‍ന്ന സ്ഥലത്താണ് സ്ഥിരമായി നിസ്കരിക്കുക. അദ്ദേഹത്തെ പരിഗണിച്ച് മറ്റാരും അവിടെ നില്‍ക്കുമായിരുന്നില്ല. മാത്രമല്ല, സ്ഥിരം ഇമാമിന്‍റെ അഭാവത്തില്‍ അദ്ദേഹം മാത്രമായിരുന്നു ഇമാം നിന്നിരുന്നത്. മറ്റാരെയും പകരം ഇമാമാക്കാതെ തദ്ദേശീയര്‍ അദ്ദേഹത്തെ ആദരിക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തു. റസൂല്‍(സ്വ)യെ ധാരാളമായി സ്വപ്നം കണ്ടിരുന്നു. തന്‍റെ അന്ത്യസമയത്ത് തിരുദര്‍ശനത്തിന്‍റെ അനുഭൂതി അനുഭവിച്ചിരുന്നതായി ദൃക്സാക്ഷികള്‍ വിവരിക്കുന്നു. പരിസര പ്രദേശമായ ഹബ്ബാര്‍സിലെ ഒരു ഭക്തയായിരുന്നു ഭാര്യ. ഈ ദാമ്പത്യവല്ലരിയിലാണ് ഇമാം സ്വാവി(റ) ജനിക്കുന്നത്.
ഹിജ്റ 1175-ലാണ് ഇമാമിന്‍റെ ജനനം. ഹിജ്റ 1241 മുഹര്‍റം 7-ന് 66-ാം വയസ്സില്‍ മദീനയില്‍വച്ച് വഫാത്തായി. രണ്ടാമത്തെ ഹജ്ജ് യാത്രയിലായിരുന്നു അപ്പോള്‍ അദ്ദേഹം. ജന്നത്തുല്‍ ബഖീഇലാണ് അന്ത്യവിശ്രമം. അദ്ദേഹത്തിന്‍റെ ജീവിതം വിവിധ വൈജ്ഞാനിക ശാഖകളിലെ ശ്രദ്ധേയമായ സേവനത്തിന്‍റെയും ആത്മീയ ശിക്ഷണത്തിന്‍റെതുമായിരുന്നു. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തുകയും മാതൃകയാക്കുകയും ചെയ്തു മഹാന്‍. അതിനാലാണ് ദര്‍ദീരീ എന്നു വിശേഷിപ്പിക്കപ്പെട്ടത്. പഠന കാര്യങ്ങളിലും പരിചരണ സൗഭാഗ്യത്തിലും സാഹചര്യം അനുകൂലമായത് വൈജ്ഞാനിക-ആത്മീയോന്നതിക്ക് സഹായകമായി. സാത്വികനായ പിതാവിന്‍റെയും ഭക്തയായ മാതാവിന്‍റെയും ശിക്ഷണത്തില്‍ കുട്ടിക്കാലത്ത് തന്നെ ആത്മീയ സരണിയില്‍ മുന്നേറി. പണ്ഡിത കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു മാതാവ്. ഇമാം സ്വാവി(റ) ജ്ഞാനം തേടിത്തുടങ്ങിയപ്പോള്‍ തന്‍റെ മാതാവിനെ അഖീദ പഠിപ്പിക്കാമെന്ന് കരുതി. കാരണം അഖീദ അടിസ്ഥാനമാണല്ലോ. അങ്ങനെ ഇമാം അഖീദ കാര്യങ്ങള്‍ ഉമ്മക്ക് ഓതിക്കൊടുത്തു. ഇത് കേട്ടപ്പോള്‍ ഉമ്മ പറഞ്ഞു: ‘മോനേ, നീ ഈ പറയുന്നതൊക്കെ എന്‍റെ മനസ്സിലും അറിവിലുമുള്ളത് തന്നെ. പക്ഷേ എനിക്ക് നിന്നെ പോലെ അത് പറയാന്‍ കഴിയുന്നില്ലെന്ന് മാത്രം.’ മഹതിക്ക് വിശ്വാസ പഠനശാഖയിലെ സാങ്കേതിക പദങ്ങള്‍ കൂടുതലൊന്നും അറിയില്ലല്ലോ (അന്നൂറുല്‍ വള്ളാഅ്).

ബുദ്ധിസാമര്‍ത്ഥ്യവും പഠനതാല്‍പര്യവും

മാതൃപിതൃ ഗുണം ചെറുപ്പത്തിലേ അദ്ദേഹത്തില്‍ പ്രകടമായി. മൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ചെറിയ സൂറത്തുകള്‍ കേള്‍ക്കുന്നമാത്രയില്‍ തന്നെ ഹിഫ്ളാക്കുമായിരുന്നു. പിതാവ് കുട്ടിയെ ഉസ്താദിന്‍റെ അടുക്കല്‍ കൊണ്ടുപോയ രംഗം ശ്രദ്ധേയം: ഇമാം സ്വാവി(റ)ന് മൂന്നു വയസ്സ് തികച്ചില്ലാത്ത സന്ദര്‍ഭത്തില്‍ പിതാവ് ചുമലിലിരുത്തി പാഠശാലയിലേക്ക് കൊണ്ടുപോയി. കുട്ടിയെ ഗുരുനാഥന്‍റെ മുന്നിലിരുത്തി. പിതാവും കൂടെയിരുന്നു. ഉസ്താദിനോട് ഖുര്‍ആന്‍ ഓതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അല്‍കൗസര്‍ വരെയുള്ള ചെറിയ ഏഴ് സൂറത്തുകള്‍ മൂന്നു പ്രാവശ്യം വീതം ഓതിക്കേള്‍പ്പിച്ചു. ഇതു കേട്ട കുട്ടി അത് ഇങ്ങോട്ടും ഓതിക്കൊടുത്തു. അപ്പോള്‍ ഉസ്താദ് കൗതുകത്തോടെ പിതാവിനോട് ചോദിച്ചു: നിങ്ങള്‍ ഇതെല്ലാം കുട്ടിക്ക് മന:പാഠമാക്കിക്കൊടുത്തിരുന്നുവോ? ഇല്ലെന്ന് പിതാവ് പറഞ്ഞില്ല. പക്ഷേ യാഥാര്‍ത്ഥ്യം അതായിരുന്നു. കേട്ട ഉടന്‍ മന:പാഠമാക്കിയ തന്‍റെ കുഞ്ഞിന് ബുദ്ധിസാമര്‍ത്ഥ്യത്തിന്‍റെ പേരില്‍ കണ്ണ് തട്ടുമോ എന്ന് ഭയന്നാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് (അന്നൂറുല്‍ വള്ളാഅ്).
അന്ന് കുട്ടിയെയുമായി തിരിച്ച് പോന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കുട്ടിയെ പാഠശാലയില്‍ കൊണ്ടുചെന്നാക്കുകയും അല്‍പാല്‍പം പഠിപ്പിക്കാന്‍ ധാരണയുണ്ടാക്കുകയും ചെയ്തു. അങ്ങനെ മൂന്നു ദിവസം കൊണ്ട് സൂറത്തുള്ളുഹാ വരെ ഹൃദിസ്ഥമാക്കി. പിന്നീട് എഴുതാന്‍ നിര്‍ദേശിച്ചപ്പോള്‍ വൃത്തിയായി എഴുതുകയുണ്ടായി. സതീര്‍ത്ഥ്യരില്‍ നിന്നും ഉന്നതമായ പ്രകടനം എഴുത്തിലും കാഴ്ചവെക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പഠനം വേഗത്തില്‍ മുന്നേറിയെങ്കിലും ഖുര്‍ആന്‍ ഖത്മ് ചെയ്യുന്നത് കാണാന്‍ പിതാവിനു ഭാഗ്യമുണ്ടായില്ല. സൂറത്ത് ലുഖ്മാന്‍ വരെ എത്തിയ സമയത്തായിരുന്നു പ്രിയപിതാവിന്‍റെ മരണം.
പിതാവിന്‍റെ വഫാത്ത് ദിനത്തില്‍ സ്വാവി(റ) പാഠശാലയില്‍ നിന്നു വീട്ടിലെത്തി. കയ്യില്‍ എഴുത്ത് പലകയുണ്ടായിരുന്നു. അദ്ദേഹം കുട്ടിയെ അടുത്തുവിളിച്ച് പലകയിലെഴുതിയത് പാരായണം ചെയ്യാന്‍ പറഞ്ഞു. സൂറത്ത് ലുഖ്മാനിലെ 14 മുതല്‍ 22 വരെയുള്ള സൂക്തങ്ങളാണ് അതിലുണ്ടായിരുന്നത്. ഓരോ പ്രാവശ്യവും ഓതിത്തീര്‍ന്നാല്‍ വീണ്ടും ഓതാനാവശ്യപ്പെട്ടു പിതാവ്. അങ്ങനെ അസ്വര്‍ മുതല്‍ മഗ്രിബിനോടടുത്ത സമയം വരെ തുടര്‍ന്നു. പിന്നീട് അദ്ദേഹം പിതാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു. പ്രസ്തുത സൂക്തങ്ങളുടെ ആദ്യ ഭാഗം മാതൃപിതൃ ഗുണത്തെ കുറിച്ചാണ്. അവസാനം കാര്യങ്ങളുടെ അന്ത്യം അല്ലാഹുവിങ്കലാണെന്നും കുറിക്കുന്നു. ഇതിന്‍റെ ആവര്‍ത്തിച്ചുള്ള പാരായണ നിര്‍ദേശം ഇമാമവര്‍കളില്‍ അങ്ങനെയൊരു വിചാരമുണ്ടാക്കി എന്നു മനസ്സിലാക്കാം.
മരണ രംഗം തിരുദര്‍ശനത്തിന്‍റെ അനുഭൂതിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ അനുസ്മരിക്കുന്നുണ്ട്. ദര്‍സ് പോലുള്ള വൈജ്ഞാനിക സേവനമൊന്നും ചെയ്തതായി കാണുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധിക്കും ആത്മീയ നിഷ്ഠക്കുമുള്ള അംഗീകാരമായിരുന്നു ഇതെന്നു വിലയിരുത്താം.
ഗുരുനാഥനും കുടുംബത്തിനും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ പിതാവ് നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മരണത്തോടെ അത് നിലച്ചമട്ടായി. എങ്കിലും ഗുരുനാഥന്‍ കൈവിട്ടില്ല. അതീവ ബുദ്ധിശാലിയും പഠനതല്‍പരനുമായ വിദ്യാര്‍ത്ഥിയെ അദ്ദേഹം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ചെറിയ കുട്ടിയായിരിക്കെ തന്നെ തന്‍റെ തൊട്ടടുത്ത് സ്ഥാനം നല്‍കി ഇരുത്തി. തന്‍റെ ശിഷ്യഗണങ്ങളില്‍ അദ്ദേഹത്തിനുള്ള പ്രത്യേകത ബോധ്യപ്പെട്ടതിനാലായിരുന്നു ഈ പരിഗണന. സൂറത്ത് ലുഖ്മാന്‍ 23-ാം സൂക്തം മുതല്‍ അന്ത്യം വരെ അദ്ദേഹത്തില്‍ നിന്ന് പഠിച്ച് ഖുര്‍ആന്‍ ഖത്മ് ചെയ്തു. ചെറുപ്രായമാണെങ്കിലും ജ്ഞാനദാഹം അദ്ദേഹത്തില്‍ ശക്തമായിരുന്നു. പഠിക്കാനെളുപ്പമുണ്ടാകുമ്പോള്‍ സ്വാഭാവികമായും പഠനത്തില്‍ ആവേശമുണ്ടാകുമല്ലോ.

അടങ്ങാത്ത വിജ്ഞാനദാഹം
നാട്ടില്‍ നിന്ന് ലഭിക്കുന്ന പരിമിത സൗകര്യങ്ങളടിസ്ഥാനപ്പെടുത്തിയുള്ള ജ്ഞാനസമ്പാദനത്തില്‍ തൃപ്തനാകാതെ സ്വാവി(റ) ഈജിപ്തിലെ ജാമിഉല്‍ അസ്ഹറില്‍ ചേരാനാഗ്രഹിച്ചു. കൈറോയിലേക്കയക്കാന്‍ പക്ഷേ സഹോദരങ്ങള്‍ തയ്യാറായില്ല. നിരാശയോടെയും മന:പ്രയാസത്തോടെയും കുറെ കാലം നാട്ടില്‍ തള്ളിനീക്കി. അങ്ങനെയിരിക്കെ ഭൂമിക്കരം നല്‍കാന്‍ താമസിച്ചതിന് സഹോദരങ്ങളിലൊരാളെ പിടികൂടാന്‍ അംശം അധികാരി തീരുമാനിച്ച വിവരമറിഞ്ഞപ്പോള്‍ സഹോദരങ്ങളെല്ലാം ആ ഗ്രാമം വിട്ടുപോയി. സ്വാവി(റ) മാത്രം എങ്ങോട്ടും പോയില്ല. അദ്ദേഹത്തെ അധികാരിയുടെ ശിങ്കിടികള്‍ പിടികൂടി അധികാരിയുടെ മുമ്പില്‍ ഹാജരാക്കി. എന്നാല്‍ കുറ്റക്കാരനല്ലാത്തതിനാല്‍ അദ്ദേഹം സ്വാവി(റ)യോട് സ്നേഹത്തില്‍ പെരുമാറുകയും തന്‍റെ സമീപം ആദരിച്ച് ഇരുത്തുകയുമുണ്ടായി. അവിടെ വച്ച് അദ്ദേഹം അല്‍പം ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു. അതില്‍ ഏറെ സന്തുഷ്ടനായ അധികാരി മഹാന്‍റെ കൈപിടിച്ച് ചുംബിച്ച് ബറകത്തെടുത്തു. മാത്രമല്ല, സഹോദരങ്ങളെ കടബാധ്യതയില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
അധികാരിയോട് യാത്ര പറഞ്ഞ് വിജ്ഞാനദാഹത്തിന് പരിഹാരം തേടി ഇമാം യാത്ര തിരിച്ചു. ഇക്കാര്യം സഹോദരങ്ങളറിഞ്ഞിരുന്നില്ല. അദ്ദേഹം നേരെ പോയത് അല്‍ഖളാബയിലെ സ്വന്തം കുടുംബക്കാരുടെ അടുത്തേക്കാണ്. അവര്‍ അദ്ദേഹത്തെ സ്നേഹാശ്ലേഷങ്ങളോടെ സ്വീകരിച്ചു. നാട് വിട്ടതിന്‍റെ ലക്ഷ്യം അറിയിച്ചപ്പോള്‍ എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അവര്‍ വാക്കുനല്‍കി. ഭക്ഷണവും പണവും വാഗ്ദാനം ചെയ്തു. എട്ട് ദിവസം അവരോടൊപ്പം കഴിഞ്ഞു. ഈ സമയത്തെല്ലാം സഹോദരങ്ങള്‍ നാട്ടിലും പരിസരങ്ങളിലും അദ്ദേഹത്തെ തിരക്കുകയായിരുന്നു. സ്വാവി(റ) ഖളാബയിലുണ്ടെന്നും ജാമിഉല്‍ അസ്ഹറിലേക്ക് പോകാനുദ്ദേശിക്കുന്നുവെന്നും വിവരം ലഭിച്ചപ്പോള്‍ മനമില്ലാ മനസ്സോടെ അവര്‍ സമ്മതം നല്‍കി. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുനല്‍കുകയുമുണ്ടായി. അങ്ങനെയാണ് സ്വാവി(റ) കൈറോയിലെത്തുന്നത്. അന്ന് ഇമാമിന് 12 വയസ്സായിരുന്നു പ്രായം.



ഗുരുസാഗരം
അഹ്മദ് അസ്സ്വാവി(റ)യെ സംബന്ധിച്ചിടത്തോളം അസ്ഹര്‍ മഹാഗുരുക്കന്മാരുടെ സാഗരം തന്നെയായിരുന്നു. ഉന്നത പണ്ഡിതരായ മഹാമനീഷികളില്‍ നിന്ന് ജ്ഞാനം നുകരാനും ആത്മീയ പരിചരണം സ്വീകരിക്കാനും കൈറോ വാസം തുണയായി. എട്ട് പ്രധാന ഗുരുനാഥന്മാരെ മനാഖിബുസ്സ്വാവിയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരെല്ലാം സ്വാവി(റ)യിലെ സവിശേഷ വ്യക്തിപ്രഭാവം തിരിച്ചറിഞ്ഞാണ് സമീപിച്ചിരുന്നത്. അവരില്‍ ചിലരെ പരിചയപ്പെടാം:
ശൈഖ് ഖഫാജി: ശാഫിഈ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് അല്‍ഖഫാജി അക്കാലത്ത് ജാമിഉല്‍ അസ്ഹറിലെ പ്രധാന മുദരിസായിരുന്നു. പ്രായത്തില്‍ ചെറുപ്പമാണെങ്കിലും ഇമാം സ്വാവി(റ)യെന്ന ശിഷ്യന്‍റെ സവിശേഷതകളും മഹത്ത്വവും അദ്ദേഹം മനസ്സിലാക്കി. പ്രായം കുറഞ്ഞ ഈ പുതിയ ശിഷ്യനെ തങ്ങളേക്കാള്‍ ഉസ്താദ് പരിഗണിക്കുന്നതില്‍ സഹപാഠികളില്‍ ചിലര്‍ അസ്വസ്ഥരായി. അവരിലൊരാള്‍ ഉസ്താദിനെ സമീപിച്ച് പരാതി ബോധിപ്പിക്കുകയും ചെയ്തു: ‘അങ്ങ് ഈ കുട്ടിയെ നന്നായി സ്നേഹിക്കുകയും മുതിര്‍ന്ന ഞങ്ങളെക്കാള്‍ പരിഗണിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കാണുന്നു. ഞങ്ങളാകട്ടെ പഠന കാര്യത്തില്‍ നല്ല ആവേശം കാണിക്കാറുള്ളവരാണുതാനും. എന്നാല്‍ അവന്‍ കിതാബുകള്‍ മുതാലഅ(ഓതിപ്പഠിക്കുക) ചെയ്യുകയോ ക്ലാസുകളില്‍ എന്തെങ്കിലും സംശയങ്ങള്‍ ചോദിക്കുകയോ ചെയ്യുന്നില്ല. എന്നിട്ടും…’
ശൈഖവര്‍കള്‍ ഉടനെ സ്വാവി(റ)യെ അങ്ങോട്ട് വിളിപ്പിച്ചു. പരാതിക്കാരന്‍റെ സാന്നിധ്യത്തില്‍ അദ്ദേഹം സ്വാവി(റ)യോട് നിന്‍റെ സഞ്ചി എവിടെ എന്നു ചോദിച്ചു. മഹാന്‍ അതെടുത്ത് കൊണ്ടുവന്നു കാണിച്ചു. ഉസ്താദ് തുറന്നു നോക്കിയപ്പോള്‍, ഇബ്നുമാലിക്(റ)ന്‍റെ അല്‍ഫിയക്ക് ഇബ്നു അഖീല്‍(റ) എഴുതിയ ശറഹും അതിന്‍റെ ഹാശിയയും കിതാബുല്‍ വജീസും അല്‍ഫിയയിലെ 30 ബൈതുകള്‍ എഴുതിയ ഒരു പുസ്തകവും മുഖ്തസ്വറ് ഖലീലില്‍ നിന്നുള്ള രണ്ട് പാഠങ്ങള്‍ രേഖപ്പെടുത്തിയ ഒരു പുസ്തകവുമാണ് അതില്‍ ഉണ്ടായിരുന്നത്. ഉസ്താദ് ചോദിച്ചു: നീ ഇത് മന:പാഠമാക്കിയിട്ടുണ്ടോ? അതേയെന്ന് മറുപടി നല്‍കുകയും അദ്ദേഹത്തെ കേള്‍പ്പിക്കുകയും ചെയ്തു. ശേഷം ഉസ്താദ് പാഠഭാഗങ്ങളിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇമാം കൃത്യമായ മറുപടി നല്‍കി. സഞ്ചി തിരിച്ചു കൊടുത്ത് ഉസ്താദ് പറഞ്ഞു: ‘പോയിക്കൊള്ളൂ, അല്ലാഹു നിനക്ക് വിജയം നല്‍കട്ടെ.’ ആക്ഷേപമുന്നയിച്ച ശിഷ്യനെ ശകാരിക്കുകയുമുണ്ടായി (അന്നൂറുല്‍ വള്ളാഅ്).

സ്വാവിക്കായി കാത്തിരിപ്പ്
ശൈഖ് മുഹമ്മദ് ഉബാദ, ശൈഖ് അഹ്മദ് സജാഈ(റ) എന്നിവര്‍ സ്വാവി(റ) ക്ലാസിലെത്താതെ അധ്യാപനം ആരംഭിക്കുമായിരുന്നില്ല. ചിലപ്പോള്‍ ആളെ പറഞ്ഞയക്കുകയും വരുന്നത് വരെ കാത്തിരിക്കുകയും ചെയ്യും. ശൈഖ് സജാഈ(റ)ന് രോഗം മൂലം ശറഹ്ബ്നു അഖീലിലെ അവസാന പാഠം ഓതിക്കൊടുക്കാന്‍ ശിഷ്യരെ തന്‍റെ വീട്ടിലേക്ക് വിളിപ്പിക്കുകയുണ്ടായി. എന്നാല്‍ സ്വാവി(റ)നെ കൂട്ടത്തില്‍ കണ്ടില്ല. അപ്പോള്‍ ആളയച്ചുവരുത്തിയ ശേഷമാണ് ക്ലാസാരംഭിച്ചത്.
സ്വാവി(റ)നെ പ്രശംസിക്കുന്ന ഒരു പ്രയോഗമുണ്ട് ശൈഖ് ഉബാദ(റ)ന്. ‘കുല്ല യൗമിന്‍ അസ്സ്വാവീ, നഫ്സഹു യുദാവീ’ (എല്ലാ ദിവസങ്ങളിലും സ്വാവി തന്നെ ആത്മചികിത്സ നടത്തുന്നു). അനുദിനം ആത്മവിശുദ്ധിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ് മഹാനെന്ന് ഉദ്ദേശ്യം. ഇങ്ങനെ ശിഷ്യന്‍റെ മഹത്ത്വം തിരിച്ചറിഞ്ഞ ഗുരുനാഥന്മാര്‍ സ്വാവി(റ)നോട് വലിയ സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
സുലൈമാനുല്‍ ജമല്‍(റ): അല്‍ജമല്‍ എന്നറിയപ്പെടുന്ന പ്രസിദ്ധ ശാഫിഈ പണ്ഡിതനും ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് ഇദ്ദേഹം. ഹദീസ്, തഫ്സീര്‍ വിഷയങ്ങളില്‍ ഇദ്ദേഹത്തില്‍ നിന്ന് സ്വാവി(റ) പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. തഫ്സീറുല്‍ ജലാലൈനി(റ)യുടെ പ്രസിദ്ധമായ ഹാശിയയായ അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ മഹാനവര്‍കളുടേതാണ്. സ്വാവി(റ) അദ്ദേഹത്തില്‍ നിന്നാണ് തഫ്സീറുല്‍ ജലാലൈനി സ്വായത്തമാക്കിയത്. ശമാഇലുത്തുര്‍മുദിയും അതിന് സുലൈമാനുല്‍ ജമല്‍(റ) രചിച്ച വ്യാഖ്യാനമായ അല്‍മവാഹിബുല്‍ മുഹമ്മദിയ്യയും അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. ശൈഖ് ജമല്‍(റ)യെ പിന്തുടര്‍ന്നാണ് സ്വാവി(റ) പിന്നീട് ജലാലൈനിയുടെ ഹാശിയയായി ഹാശിയത്തുസ്വാവി അലാ തഫ്സീരില്‍ ജലാലൈനി രചിച്ചത്.
ശൈഖ് മുഹമ്മദ് അല്‍അമീര്‍(റ): അല്‍അമീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് അല്‍അമീര്‍ അല്‍കബീര്‍(റ) സ്വാവി(റ)ന്‍റെ ഗുരുനാഥരില്‍ വേറിട്ട വ്യക്തിത്വമാണ്. ശിഷ്യന്‍റെ മഹത്ത്വം തിരിച്ചറിഞ്ഞ് ഇമാമിനെ ആത്മീയ കാര്യങ്ങളില്‍ അവലംബിക്കാന്‍ വരെ തയ്യാറായി അദ്ദേഹം. സ്വാവി(റ)യോട് യാ വലദീ, ലാ തന്‍സനീ (മോനേ, എന്നെ നീ മറന്നേക്കരുത്) എന്നു പറയാറുണ്ടായിരുന്നു അദ്ദേഹം. ശിഷ്യനില്‍ തന്‍റെ വിജയപ്രതീക്ഷ അദ്ദേഹം അര്‍പ്പിക്കുകയുണ്ടായി.
ഒരിക്കല്‍ സ്വാവി(റ) അന്ത്യനാള്‍ സംഭവിച്ചതായി സ്വപ്നം കണ്ടു. അവിടെ താന്‍ സുരക്ഷിതനായിരുന്നു. ശൈഖ് അമീറിനെയും സുരക്ഷിതനായി കണ്ടു. രണ്ടു പേരും ആലിംഗനബദ്ധരായി. ശൈഖ് പറഞ്ഞു: ‘ഇതാണ് മുബാറകായ ദിനം.’ നേരം പുലര്‍ന്നപ്പോള്‍ ഇക്കാര്യം ശൈഖ് അമീറിനെ എഴുതിയറിയിച്ചു. വിവരമറിഞ്ഞപ്പോള്‍ അദ്ദേഹം സന്തുഷ്ടനായി സന്തോഷാശ്രുക്കള്‍ പൊഴിച്ചു. പിന്നീട് അസ്ഹറില്‍ നിന്ന് വിരമിച്ച ശേഷം മദ്റസതുല്‍ ഇബ്തിഗാവിയ്യയില്‍ പോയി കാണുകയും സ്വപ്ന സംഭവം നേരില്‍ വിവരിച്ചുകൊടുക്കുകയുമുണ്ടായി.
ശൈഖ് മുഹമ്മദ് അദ്ദസൂഖി(റ): വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിത പ്രതിഭയായിരുന്നു ശംസുദ്ദീന്‍ അബൂഅബ്ദില്ലാ മുഹമ്മദ് അദ്ദസൂഖി(റ). സ്വാവി(റ) എന്ന അരുമ ശിഷ്യന്‍ നിര്‍ദേശിച്ച തിരുത്തുകള്‍ തന്‍റെ കൃതിയില്‍ വരുത്താന്‍ തയ്യാറായി അദ്ദേഹം. സ്വാവി(റ)യുടെ ആത്മീയഗുരുവായ ദര്‍ദീര്‍(റ)യുടെ അശ്ശറഹുല്‍ കബീര്‍ അലാ മുഖ്തസ്വരി ഖലീല്‍ എന്ന ഫിഖ്ഹ് ഗ്രന്ഥത്തിന് ദസൂഖി(റ) തയ്യാറാക്കിയ ഹാശിയ ഓതുന്ന സന്ദര്‍ഭത്തിലായിരുന്നു ഇത്. ശിഷ്യനെ തിരിച്ചറിഞ്ഞതിനാല്‍ തിരുത്തി എഴുതുന്നതിന് ഗുരുവിന് യാതൊരു മടിയുമുണ്ടായില്ല.
ശൈഖ് അബ്ദുല്ലാ ശര്‍ഖാവി(റ): ജാമിഉല്‍ അസ്ഹറിന്‍റെ മുഖ്യഗുരുവായിരുന്നു അദ്ദേഹം. പ്രസിദ്ധ ശാഫിഈ പണ്ഡിതന്‍. ഫിഖ്ഹിലും ചരിത്രത്തിലും വ്യക്തിചരിത്ര ശാഖയിലും ഹദീസിലും ഗ്രന്ഥങ്ങളുണ്ട്. ഉസ്താദായിരുന്നതോടൊപ്പം തന്നെ ആത്മിക കാര്യങ്ങളിലും സാധനകളിലും ഒന്നിച്ചുവര്‍ത്തിച്ചു. ശിഷ്യന്‍ ആത്മീയതയില്‍ തന്നെക്കാള്‍ ഉന്നതനാണെന്ന് ഗ്രഹിച്ച് സ്നേഹാദരവുകള്‍ പകര്‍ന്നു.
ശൈഖ് അഹ്മദ് ദര്‍ദീര്‍(റ): ഇമാം സ്വാവി(റ)യെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചയാളും ആത്മീയസരണിയിലെ പ്രധാനഗുരുവുമാണ് ഇദ്ദേഹം. അല്‍അസ്ഹറില്‍ ചേര്‍ന്ന് ആറു മാസമായപ്പോഴാണ് അദ്ദേഹത്തെ കണ്ട്മുട്ടുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. ആത്മീയ ജീവിതത്തിന്‍റെ ഉന്നതിയിലേക്ക് ഇമാം ആനയിക്കപ്പെടുന്നത് അതോടെയാണ്. സാധാരണഗതിയില്‍ ആത്മീയ സരണികളുടെ സാധനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശിക്കാറില്ല. പഠനത്തിന് തടസ്സം വരാതിരിക്കാനാണ് ഈ മുന്‍കരുതല്‍. എന്നാല്‍ ഇമാം സ്വാവി(റ)യെ നന്നായി മനസ്സിലാക്കിയതിനാല്‍ ശൈഖവര്‍കള്‍ ദിക്റുകളും വിര്‍ദുകളും നല്‍കുകയും ചില പരിശീലനങ്ങള്‍ നിര്‍ദേശിക്കുകയുമുണ്ടായി. ശിഷ്യനെക്കുറിച്ചുള്ള മതിപ്പും വിശ്വാസവുമായിരുന്നു ഇതിനാധാരം.
ശൈഖ് ദര്‍ദീര്‍(റ) കേവലം ആത്മീയ സാധനകളില്‍ ഒതുങ്ങിയിരുന്നില്ല. മാലികീ ഫിഖ്ഹില്‍ പരിഗണനീയമായ മൂലകൃതികളും വ്യാഖ്യാനങ്ങളും രചിച്ച മഹാനാണദ്ദേഹം. തഫ്സീര്‍, ഹദീസ്, അഖീദ, തസ്വവ്വുഫ്, മആനി, ആത്മീയ രചനകള്‍ തുടങ്ങി വ്യത്യസ്ത വിജ്ഞാന ശാഖകളില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പലതിനും ഇമാം സ്വാവി(റ) വ്യാഖ്യാനമോ ടിപ്പണിയോ പാര്‍ശ്വക്കുറിപ്പോ നല്‍കിയതു കാണാം. അവ ഇന്നും പ്രചാരത്തിലും ഉപയോഗത്തിലുമുള്ളതാണ്. വിവിധ വിജ്ഞാന ശാഖകളില്‍ ശൈഖ് ദര്‍ദീര്‍(റ) ഇമാം സ്വാവി(റ)ന് ഗുരുവര്യരാണ്. അസ്ഹറില്‍ 14 വര്‍ഷത്തോളം അദ്ദേഹത്തിന്‍റെ ശിഷ്യത്വത്തിനും പരിചരണത്തിനും സ്വാവി(റ)ക്ക് അവസരം ലഭിച്ചു.

അഹ്മദിന് തുല്യരോ?
ഫലപ്രദമായ ചര്‍ച്ചകള്‍ കൊണ്ട് ക്ലാസുകള്‍ സജീവമാകുന്നത് ദര്‍സിലെ സാധാരണ കാഴ്ചയാണ്. ശൈഖ് ദര്‍ദീര്‍(റ)യുടെ ദര്‍സും അതിനപവാദമായിരുന്നില്ല. പക്ഷേ, ഇമാം സ്വാവി(റ) ക്ലാസില്‍ തികഞ്ഞ മൗനിയായിരുന്നു. ഉസ്താദിന്‍റെ മുഖത്തേക്ക് നോക്കാന്‍ ബഹുമാനം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ സ്വാവി(റ) ഉസ്താദിനോട് ഒരു സംശയമുന്നയിക്കാന്‍ അനുമതി തേടി. സമ്മതം വാങ്ങാതെ ചോദിക്കുന്നത് അപമര്യാദയാകുമോ എന്ന ആശങ്ക അലട്ടിയ അദ്ദേഹം ഉസ്താദ് സമ്മതം നല്‍കിയപ്പോഴാണ് സംശയം ചോദിച്ചത്.
ശൈഖ് ദര്‍ദീര്‍(റ)യുടെ ശറഹുമുഖ്തസ്വറില്‍ ഖലീലിലെ ഒരു പരാമര്‍ശം ഒഴിവാക്കേണ്ടതാണെന്നാണ് സ്വാവി(റ) പറഞ്ഞത്. ഇത് പറഞ്ഞതോടെ സഹപാഠികളെല്ലാം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഗുരുവിനോട് അപമര്യാദ കാണിച്ചു എന്ന് തെറ്റിദ്ധരിച്ച് സ്വാവി(റ)യെ കൈകാര്യം ചെയ്യാനായിരുന്നു അവരുടെ പുറപ്പാട്. ഇത് മനസ്സിലാക്കിയ ശൈഖ് ഇതില്‍ നിങ്ങള്‍ക്കൊരു കാര്യവുമില്ലെന്ന് പറഞ്ഞ് അവരെ തടഞ്ഞു. ശൈഖവര്‍കള്‍ സ്വാവി പറഞ്ഞതിനെ കുറിച്ച് ഗഹനമായി ചിന്തിച്ചു. മൂല വാചകങ്ങള്‍ പരിശോധിച്ചു. സ്വാവി(റ) പറഞ്ഞതാണ് കാര്യമെന്ന് അതോടെ ബോധ്യമായി. തുടര്‍ന്ന് ശിഷ്യരെല്ലാം തങ്ങളുടെ കയ്യിലുള്ള കൃതികളില്‍ നിന്ന് ആ പ്രയോഗം മായ്ച്ചുകളഞ്ഞു. പിന്നീട് പരതിയ മസ്അലകളിലെല്ലാം യാഥാര്‍ത്ഥ്യം സ്വാവി(റ) പറഞ്ഞതിനോടൊപ്പമാണെന്ന് വ്യക്തമാവുകയും ചെയ്തു. അതിനാല്‍ തന്നെ സ്വാവി(റ) എന്തെങ്കിലും വിഷയത്തില്‍ തീര്‍പ്പോ വിധിയോ കല്‍പ്പിച്ചാല്‍ മറുത്തൊന്നും ആലോചിക്കാതെ ശൈഖ് ദര്‍ദീര്‍(റ) പിന്തുണക്കുമായിരുന്നു. ശിഷ്യനെക്കുറിച്ചുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ശൈഖ് ദര്‍ദീറി(റ)ന്‍റെ ആത്മീയ സാധനകളുടെ സദസ്സില്‍ സ്വാവി(റ) സ്ഥിരമായി പങ്കെടുത്തിരുന്നു. അനിവാര്യമായ യാത്രകളോ രോഗമോ പ്രതിബന്ധമായാല്‍ മാത്രമേ മുടക്കം വരാറുള്ളൂ. നഷ്ടപ്പെട്ടാല്‍ തന്നെ ഒരു രാത്രി മുഴുവന്‍ ആരാധനകള്‍കൊണ്ട് സജീവമാക്കി പ്രായശ്ചിത്തം ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിലെ സദസ്സില്‍ സ്വാവി(റ)ന് എത്തിച്ചേരാന്‍ സാധിച്ചില്ല. ശൈഖ് ദര്‍ദീര്‍(റ) അന്വേഷിച്ചപ്പോള്‍ ഒരാള്‍ മറുപടി നല്‍കിയതിങ്ങനെ: ‘അവന്‍ വല്ലാതെ വീഴ്ച വരുത്തുന്നയാളാണ്. അത് കൊണ്ടാണ് വരാത്തത്.’ ഉസ്താദിന്‍റെയടുക്കല്‍ സ്വാവി(റ)നുള്ള അംഗീകാരം കുറക്കാന്‍ ലക്ഷ്യമിട്ടാണ് അയാളങ്ങനെ തട്ടിവിട്ടത്. ശൈഖിന് ഈ പരാമര്‍ശം തീരെ പിടിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘അവന്‍ വന്നാലും വന്നില്ലെങ്കിലും അവന് തുല്യമായി മറ്റൊരാളില്ല.’ ഇതു കേട്ട ശിഷ്യര്‍ നേരം പുലര്‍ന്ന ഉടനെ സ്വാവി(റ)യെ കണ്ട് സംഭവം വിവരിക്കുകയും ക്ഷമ ചോദിക്കുകയുമുണ്ടായി.
സ്വാവി എന്ന ചുരുക്കപ്പേരില്‍ പറയപ്പെടുന്ന മഹാനായ പണ്ഡിതന്‍റെ വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ ഏതാനും ചില ഏടുകളാണിത്. ആത്മീയ-വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇമാം സ്വാവി(റ)യുടെ സേവനങ്ങളും സ്വാധീനങ്ങളും വളരെ വിപുലമാണ്. ഒരായുഷ്കാലത്തെ ജ്ഞാനസപര്യകൊണ്ട് സവിശേഷ ചരിത്രം രചിച്ച മഹാന്‍ വിടപറഞ്ഞിട്ട് 1441 മുഹര്‍റം 7-ന് ഇരുന്നൂറാണ്ട് തികയുകയാണ്.

അവലംബം:
ശജറതുന്നൂരിസ്സകിയ്യ ഫീ തബഖാതില്‍ മാലികിയ്യ.
ഹില്‍യതുല്‍ ബശര്‍ ഫീ താരിഖില്‍ ഖര്‍നിസ്സാലിസി അശ്ര്‍.
അന്നൂറുല്‍ വള്ളാഅ് ഫീ മനാഖിബി വകറാമാതി അഹ്മദസ്സ്വാവി.
തിബ്യാനുല്‍ ഹഖാഇഖ് ഫീ ബയാനിസലാസിലിത്ത്വറാഇഖ്.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...